ഞങ്ങളുടെ വായനക്കാരിൽ നിന്ന്
ഉല്ലസിക്കൽ “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്കെങ്ങനെ ഉല്ലസിക്കാൻ കഴിയും?” (സെപ്റ്റംബർ 22, 1996) എന്ന ലേഖനത്തിൽ പ്രസ്താവിച്ചതുപോലെ യുവജനങ്ങൾക്ക് ഉല്ലസിക്കാൻ സുരക്ഷിതമായ ധാരാളം വഴികളുണ്ടെന്നതിനോടു ഞാൻ യോജിക്കുന്നു. നമുക്ക് കാഴ്ചബംഗ്ലാവോ മൃഗശാലയോ സന്ദർശിക്കുകയോ വിനോദയാത്രയ്ക്കു പോകുകയോ സാമൂഹിക കൂടിവരവു നടത്തുകയോപോലും ചെയ്യാൻ സാധിക്കും. നമ്മിൽ, പരിമിത സാമ്പത്തിക സ്ഥിതിയുള്ളവർക്കുപോലും കളിക്കാനോ ഒരു നേരത്തെ ഭക്ഷണത്തിനോ വേണ്ടി സുഹൃത്തുക്കളെ വീട്ടിലേക്കു ക്ഷണിച്ചുകൊണ്ട് ഉല്ലസിക്കാൻ കഴിയും.
വി. എ., ബ്രസീൽ
ധീരയായ മാർജാരി 1996, സെപ്റ്റംബർ 22 ലക്കത്തിൽ വന്ന “ഒരു അമ്മയ്ക്കു തന്റെ കുഞ്ഞുങ്ങളുമായുള്ള ഉറ്റബന്ധം” എന്ന ലേഖനം ഞാൻ എന്തുമാത്രം വിലമതിച്ചു എന്നു നിങ്ങളെ അറിയിക്കേണ്ടതുണ്ട്. ലൈംഗികതയ്ക്കു വിലക്കുകളൊന്നുമില്ലാത്ത ഒരു രാജ്യത്താണു ഞാൻ ജീവിക്കുന്നത്. ഇവിടെ മിക്ക ചെറുപ്പക്കാരികൾക്കും ഗർഭച്ഛിദ്രത്തിനു വിധേയരാകാൻ യാതൊരു മടിയുമില്ല. മനസ്സാക്ഷിയുള്ള ഒരു അമ്മയുടെ മികച്ച ഉദാഹരണമാണ് സ്കാർലെറ്റ് എന്നു പേരുള്ള തള്ളപ്പൂച്ച എന്നു ഞാൻ വിശ്വസിക്കുന്നു.
ഇ. ബി., മാലി
തന്റെ കുഞ്ഞുങ്ങളെ കത്തുന്ന ഗരാജിൽനിന്നു രക്ഷിക്കുന്നതിൽ അങ്ങേയറ്റം നിർഭയത്വം കാട്ടിയ സ്കാർലെറ്റിന്റെ കഥ എന്നെ പുളകംകൊള്ളിച്ചു. മനുഷ്യരിൽ പലർക്കും വളരെയേറെ കാര്യങ്ങൾ കണ്ടുപഠിക്കാൻ കഴിയുന്ന ഒരു പൂച്ചയെന്ന നിലയിൽ അവളെന്നിൽ മതിപ്പുളവാക്കി. നിങ്ങൾ ഇത്തരം ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതു വളരെ ഉത്കൃഷ്ടമാണെന്ന് ഞാൻ വിചാരിക്കുന്നു.
ഡി. ഡബ്ലിയു., ജർമനി
ഗർഭച്ഛിദ്രത്തെ പ്രതികൂലിക്കുന്ന ലേഖനങ്ങളിൽ ഞാനിന്നേവരെ വായിച്ചിട്ടുള്ള എല്ലാറ്റിനെക്കാളും ശക്തമായിരുന്നു സ്കാർലെറ്റിനെയും കുഞ്ഞുങ്ങളെയും കുറിച്ചുള്ള നിങ്ങളുടെ ഹൃദയോഷ്മളമായ കഥ.
ജെ. ജി., ഐക്യനാടുകൾ
ലേഖനം വായിച്ചപ്പോൾ എനിക്കു കരച്ചിലടക്കാനായില്ല. ഞാൻ എല്ലായ്പോഴും മൃഗങ്ങളെ, അവ ഏതു തരത്തിലുമുള്ളതായിക്കൊള്ളട്ടെ, സ്നേഹിക്കുകയും അവയിലൂടെ യഹോവ നമ്മെ പഠിപ്പിക്കുന്ന പാഠങ്ങളെ വിലമതിക്കുകയും ചെയ്യുന്നു. “ബുദ്ധിശക്തിയുള്ള” മനുഷ്യർ തങ്ങളുടെ കുഞ്ഞുങ്ങളോട് അത്തരം കരുതലും ശ്രദ്ധയും കാണിക്കുന്നില്ലല്ലോ എന്നതു വേദനാജനകമാണ്.
സി. സി., ഐക്യനാടുകൾ
ടിന്നിറ്റസ് “ടിന്നിറ്റസ്—സഹിച്ചു കഴിയേണ്ട ഒരു ശബ്ദമോ?” (സെപ്റ്റംബർ 22, 1996) എന്ന ലേഖനത്തിനു വളരെയധികം നന്ദി. ആറു വർഷമായി ഞാനതു നിമിത്തം കഷ്ടപ്പെടുകയാണ്. എന്റെ രോഗത്തെ വാസ്തവത്തിൽ എന്താണു വിളിക്കുന്നതെന്ന് എന്നോടു പറയാൻ ഡോക്ടർമാർക്കൊന്നും സാധിക്കാഞ്ഞതിനാൽ എനിക്കു പ്രതിവിധിയില്ലാത്ത ഒരു രോഗം പിടിപെട്ടിരിക്കുകയാണെന്നു ഞാൻ ഭയന്നു. നിങ്ങളുടെ ലേഖനം എനിക്ക് ആശ്വാസം പകർന്നു. ആർക്കും രോഗം ബാധിക്കുകയില്ലാത്ത, ദൈവത്തിന്റെ പുതിയ ലോകത്തിനുവേണ്ടി പ്രതീക്ഷിച്ചുകൊണ്ട് ഇതും സഹിച്ചുകഴിയാൻ ഞാനിപ്പോൾ ശ്രമിക്കുകയാണ്.—യെശയ്യാവു 33:24.
സി. എഫ്., ഇറ്റലി
ഏകദേശം പത്തുവർഷം മുമ്പാണ് എനിക്കീ ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങിയത്. ഇടതടവില്ലാതെ ഈ ശബ്ദം കേൾക്കേണ്ടിവരും എന്ന ചിന്തതന്നെ ഭയങ്കരമായിരുന്നു! പക്ഷേ ഇന്ന്, ഞാനെന്റെ ശബ്ദമുഖരിതമായ ചെവിയുമായി ജീവിക്കാൻ പഠിക്കുകയാണ്. യഹോവയുടെ സഹായത്താൽ വീണ്ടും നിശ്ശബ്ദത കേൾക്കാൻ സാധിക്കുന്ന ആ സമയത്തിനുവേണ്ടി ഞാൻ നോക്കിപ്പാർത്തിരിക്കുകയാണ്!
ജെ. എസ്., ചെക്ക് റിപ്പബ്ലിക്ക്
കഴിഞ്ഞ രണ്ടര വർഷമായി ഞാൻ ടിന്നിറ്റസ് നിമിത്തം ദുരിതമനുഭവിക്കുന്നു. മസ്തിഷ്കത്തിന്റെ സിറ്റി സ്കാൻ ഉൾപ്പെടെ എല്ലാത്തരം വൈദ്യ പരിശോധനകൾക്കും ഞാൻ വിധേയനായി. ഉത്കണ്ഠയും സമ്മർദവും എന്റെ ജീവിതത്തിലെ നിരാശാജനകമായ പ്രശ്നങ്ങളാണ്. നിങ്ങളുടെ ലേഖനം വായിച്ചതിനുശേഷം ഞാൻ എന്റെ രോഗവും സഹിച്ചുകഴിയാൻ പഠിക്കുകയാണ്.
എം. ജി. റ്റി. എഫ്., ശ്രീലങ്ക
എന്റെ ഭർത്താവിന് ടിന്നിറ്റസ് ഉണ്ട്. കടുത്ത വിഷാദം നിമിത്തവും അദ്ദേഹം കഷ്ടപ്പെടുന്നു. ഈ വിവരങ്ങൾ അദ്ദേഹത്തോടു കൂടുതൽ സമാനുഭാവമുള്ളവളായിരിക്കാൻ എന്നെ സഹായിച്ചു. ചിലപ്പോഴൊക്കെ ആ ശബ്ദം അദ്ദേഹത്തിനു വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുന്നു. ഞാനും വേണ്ടത്ര സഹാനുഭൂതി കാട്ടിയില്ല എന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. ഈ ലേഖനം എഴുതപ്പെട്ട യുക്തിസഹമായ രീതിയെ ഞാൻ ആത്മാർഥമായി അഭിനന്ദിക്കുന്നു. ടിന്നിറ്റസ് ബാധിതരായ വിവാഹ ഇണകളോടു കൂടുതൽ സഹാനുഭൂതിയുള്ളവരായിരിക്കാൻ ഇത് അനേകരെയും സഹായിക്കുമെന്ന് എനിക്കുറപ്പുണ്ട്.
എൽ. എഫ്., ഐക്യനാടുകൾ