ടിന്നിറ്റസ്—സഹിച്ചു കഴിയേണ്ട ഒരു ശബ്ദമോ?
ബേഥോവെൻ, ജർമൻ എഴുത്തുകാരനായ ഗോഥെ, ഇറ്റാലിയൻ ശില്പിയായ മൈക്കെലാഞ്ചെലോ ഇവർക്കെല്ലാം അതുണ്ടായിരുന്നിരിക്കാൻ സാധ്യതയുണ്ട്. അതുപോലെതന്നെ, പ്രത്യക്ഷത്തിൽ, “ഭൂതബാധയേറ്റ ചെവി” എന്ന് ആ രോഗത്തെ പരാമർശിച്ച പുരാതന ഈജിപ്തുകാർ അതിനെക്കുറിച്ചു ബോധവാൻമാരായിരുന്നിരിക്കാം. ഇന്ന് അത് ടിന്നിറ്റസ് എന്നാണു വിളിക്കപ്പെടുന്നത്. പാശ്ചാത്യ ലോകത്തിലെ ജനങ്ങളുടെ 15 ശതമാനത്തിന് കൂടെക്കൂടെയോ സ്ഥിരമായോ ഇത് ഉണ്ടാകുന്നതായി കണക്കാക്കപ്പെടുന്നു. 1,000-ൽ ഏതാണ്ട് 5 പേരെ ഇതു ഗുരുതരമായി ബാധിക്കുന്നുണ്ട്.
ഈ അസഹ്യപ്പെടുത്തുന്ന രോഗമെന്താണ്? “ടിന്നിറ്റസ്” എന്ന പദം വരുന്നത് ലാറ്റിനിലെ “കിലുക്കുക” എന്നർഥമുള്ള ടിനിറിൽ നിന്നാണ്. “ഏതെങ്കിലും ബാഹ്യചോദനയുടെ ഫലമായുളവാകാത്ത കർണശബ്ദം” എന്ന് അത് വർണിക്കപ്പെടുന്നു. ദ മെർക്ക് മാനുവൽ ഓഫ് ഡയഗ്നോസിസ് ആൻഡ് തെറാപ്പി പറയുന്നതനുസരിച്ച് അത് “ഇരമ്പൽ, മൂളൽ, മുഴങ്ങൽ, ചൂളംവിളി, അല്ലെങ്കിൽ സീത്കാരം എന്നീ ശബ്ദങ്ങളോടുകൂടിയ ഒരു സവിശേഷതയോ സമയമനുസരിച്ചു വ്യത്യാസപ്പെടുന്ന കൂടുതൽ സങ്കീർണമായ ശബ്ദങ്ങൾ ഉൾപ്പെട്ട ഒന്നോ” ആയിരിക്കാം. അത് ഇടവിട്ടുള്ളതോ തുടർച്ചയായതോ സ്പന്ദിച്ചുകൊണ്ടിരിക്കുന്നതോ ആയിരിക്കാം. ഈ ശബ്ദത്തിന്റെ വ്യാപ്തി കഷ്ടിച്ചു കേൾക്കാവുന്നതുമുതൽ ശല്യപ്പെടുത്തുംവിധം ഉച്ചത്തിൽവരെയാകാം. രോഗികൾക്കു നിർത്താൻ കഴിയാത്ത ഒരു ശബ്ദമാണ് അത്. അങ്ങനെ വിട്ടുമാറാത്ത ഈ ശബ്ദത്തിന് ഒരുകൂട്ടം പാർശ്വഫലങ്ങൾ ഉളവാക്കാൻ കഴിയും: വൈകാരിക ദുഃഖം, ഉറക്ക പ്രശ്നങ്ങൾ, വേദന, ശ്രദ്ധാ വൈഷമ്യങ്ങൾ, തളർച്ച, ആശയവിനിമയ പ്രശ്നങ്ങൾ, വിഷാദം.
രോഗത്തിന്റെ കാരണമെന്ത്?
ടിന്നിറ്റസ് ആരംഭിച്ചുകഴിയുമ്പോൾ എന്തു കുഴപ്പമാണു സംഭവിച്ചതെന്ന് ഒരു രോഗി പരിഭ്രാന്തിയോടെ അതിശയിച്ചേക്കാം. തനിക്കു മസ്തിഷ്ക രക്തസ്രാവമോ മാനസിക തകരാറോ ട്യൂമറോ ആണെന്ന് അയാൾ ഭയപ്പെട്ടേക്കാം. അനുഗ്രഹമെന്നു പറയട്ടെ, ഗുരുതരമായ രോഗങ്ങൾ നിമിത്തം ടിന്നിറ്റസ് ഉണ്ടാകുന്നതു വിരളമാണ്. തലയ്ക്കു പരിക്കേറ്റു കഴിഞ്ഞ് ചിലർക്കു ടിന്നിറ്റസ് ഉണ്ടായിട്ടുണ്ട്. ടിന്നിറ്റസ് എന്ന വിഷയത്തിൽ ഒരു ഗവേഷകനും വിദഗ്ധനുമായ സ്വീഡനിലെ യോറ്റെബൊറിയിലുള്ള പ്രൊഫസർ ഓൾഫ് ആക്സെൽസോൺ ഉണരുക!യോട് ഇങ്ങനെ പറഞ്ഞു: “ഉയർന്ന ഡോസിലുള്ള ആസ്പിരിൻ പോലെയുള്ള ചില മരുന്നുകൾക്ക്, ഒരു താത്കാലിക പാർശ്വഫലം എന്ന നിലയിൽ ടിന്നിറ്റസ് ഉളവാക്കാൻ കഴിയും.”
എന്നിരുന്നാലും, ടിന്നിറ്റസ് പൊതുവേ ചെവിക്കുണ്ടാകുന്ന ഒരു തകരാറിന്റെ ഫലമാണ്. പ്രൊഫസർ ആക്സെൽസോൺ ഇപ്രകാരം വിശദീകരിച്ചു: “15,000-മോ അതിലേറെയോവരുന്ന സംവേദനക്ഷമതയുള്ള സൂക്ഷ്മ രോമകോശങ്ങളടങ്ങിയ കോക്ളിയ എന്നു വിളിക്കപ്പെടുന്ന ആന്തര കർണത്തിന്റെ ഭാഗത്താണു സാധാരണഗതിയിൽ പ്രശ്നമുണ്ടാകുന്നത്. ആ കോശങ്ങളിൽ ചിലതിനു കേടുസംഭവിച്ചാൽ അവയ്ക്ക് നാഡീ സംജ്ഞകളുടെ ഒരു അസന്തുലിത പ്രവാഹത്തെ അയയ്ക്കാനും സ്വീകരിക്കാനും കഴിയും. ഇതു ശബ്ദമായി രോഗി മനസ്സിലാക്കുന്നു.”
ചെവിക്ക് അത്തരം തകരാറുണ്ടാകുന്നതിന്റെ കാരണമോ? പ്രൊഫസർ ആക്സെൽസോൺ പറയുന്നത് ടിന്നിറ്റസിന്റെ ഒരു കാരണം ഉച്ചത്തിലുള്ള ശബ്ദങ്ങൾക്കു വിധേയമാകുന്നതാണെന്നാണ്. ഉദാഹരണത്തിന്, സ്റ്റീരിയോ ഹെഡ്ഫോണുകൾ ധരിക്കുന്നവർ ഉയർന്ന ഡെസിബെൽ നിരക്കുകളിൽ സംഗീതം കേട്ടുകൊണ്ടു പലപ്പോഴും തങ്ങൾക്കുതന്നെ ഹാനിവരുത്തുന്നു. ഇതു ടിന്നിറ്റസിന് ഇടയാക്കാൻ സാധ്യതയുണ്ട്.
ടിന്നിറ്റസ് സഹിച്ചു കഴിയൽ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ റിച്ചാർഡ് ഹല്ലാം പറഞ്ഞ ഈ അഭിപ്രായം മനസ്സിൽ പിടിക്കുന്നതു തീർച്ചയായും നല്ലതാണ്: “ശരീരം തീർത്തും നിശ്ശബ്ദമായ ഒരു സ്ഥലമല്ല, അതുകൊണ്ട് ഒരു നിശ്ചിത അളവിൽ ‘ടിന്നിറ്റസ്’ സാധാരണമാണ്. പേശികൾ, അസ്ഥികൾ, രക്തം, വായു എന്നിവയുടെ യാന്ത്രിക ചലനം മൂലം ശബ്ദം ഉളവാകുന്നു. . . . ദൈനംദിന പരിതഃസ്ഥിതികളിൽ ഈ പശ്ചാത്തല ശബ്ദങ്ങളെ ചുറ്റുപാടുമുള്ള ഒച്ചകൂടിയ ശബ്ദങ്ങൾ മറയ്ക്കുന്നതായി കരുതപ്പെടുന്നു—അങ്ങനെ അവ കേൾക്കുന്നില്ല.” ഈ ലേഖനത്തിന്റെ വായന ആ പശ്ചാത്തല ശബ്ദങ്ങളെക്കുറിച്ചു നിങ്ങളെ കൂടുതൽ ബോധവാൻമാരാക്കിയിരിക്കും. എന്നാൽ അവ മിക്കയാളുകളെ സംബന്ധിച്ചും ഒരു പ്രശ്നമല്ല.
അതിനെ ചികിത്സിക്കുന്നതെങ്ങനെ?
നിങ്ങളെ ഈ രോഗം ഗുരുതരമായി ബാധിച്ചിരിക്കുന്നെങ്കിലെന്ത്? നിങ്ങൾ ചെയ്യേണ്ട ആദ്യ സംഗതി നിങ്ങളുടെ ഡോക്ടറെ കാണുക എന്നതാണ്. രോഗലക്ഷണങ്ങൾക്കു പിന്നിൽ ചികിത്സിച്ചുമാറ്റാവുന്ന ഒരു തകരാറുണ്ടെങ്കിൽ അതു കണ്ടെത്താൻ അദ്ദേഹം നിങ്ങളെ സഹായിക്കും. ഖേദകരമെന്നു പറയട്ടെ, മിക്ക സന്ദർഭങ്ങളിലും ഈ ശബ്ദത്തിനു യാതൊരു പ്രതിവിധിയുമില്ല. അതു സഹിച്ചു കഴിയാൻ നിങ്ങളെ സഹായിക്കത്തക്കവിധത്തിൽ ചെയ്യാൻ കഴിയുന്ന അനേകം കാര്യങ്ങളുണ്ട്.
▪ ശസ്ത്രക്രിയ: ബ്രിട്ടീഷ് ടിന്നിറ്റസ് അസോസിയേഷൻ പ്രസിദ്ധീകരിച്ച ടിന്നിറ്റസ് എന്ന ലഘുപത്രിക ഇപ്രകാരം പ്രസ്താവിക്കുന്നു: “ചിലപ്പോൾ ടിന്നിറ്റസ് ഉണ്ടാകുന്നതു മധ്യ കർണത്തിലെ ഒരു തകരാറു മൂലമാണ്, ചെവിക്കകത്തോ സമീപത്തോ ഉള്ള രക്തക്കുഴലുകളിലോ പേശികളിലോ ഉള്ള വൈകല്യത്തിന്റെ ഫലമായും ഇടയ്ക്ക് ടിന്നിറ്റസ് ഉണ്ടാകാറുണ്ട്. വളരെ വിരളമായ ഇത്തരം സന്ദർഭങ്ങളിൽ ശസ്ത്രക്രിയ മുഖാന്തരം ടിന്നിറ്റസ് പൂർണമായി നീക്കംചെയ്യുന്നതിനുള്ള സാധ്യതയുണ്ട്.”
▪ മരുന്ന്: രോഗിക്ക് ഉറങ്ങാൻ വിഷമമുണ്ടായിരിക്കുകയോ ഉത്കണ്ഠ, പിരിമുറുക്കം, വിഷാദം എന്നിവ അനുഭവപ്പെടുകയോ ചെയ്താൽ ഈ രോഗലക്ഷണങ്ങൾ ശമിപ്പിക്കാൻ ഒരു ഡോക്ടർ ശമനൗഷധങ്ങളോ വിഷാദപ്രതിരോധക ഔഷധങ്ങളോ നിർദേശിച്ചേക്കാം.
▪ ശ്രവണസഹായികളും “മാസ്കറുകളും”: ചെറിയ തോതിൽ കേൾവിക്കുറവുണ്ടെങ്കിൽ ഒരു ശ്രവണസഹായി വലിയ സഹായമായിരിക്കും. ശ്രവണസഹായിപോലെയിരിക്കുന്ന മാസ്കർ എന്നു വിളിക്കപ്പെടുന്ന ഒരു ഉപകരണവുമുണ്ട്. അതു ടിന്നിറ്റസിന്റെ ശബ്ദങ്ങളെ മറയ്ക്കുന്നതിനുള്ള ഒരു പശ്ചാത്തല ശബ്ദം പുറപ്പെടുവിക്കുന്നു. എന്നാൽ, ചിലപ്പോൾ കേവലം റേഡിയോ വെക്കുന്നതോ ഫാനിടുന്നതോ സമാനമായ ഫലംചെയ്യും.
▪ മറ്റു ചികിത്സകൾ: പ്രൊഫസർ ആക്സെൽസോൺ ഉണരുക!യോട് ഇപ്രകാരം പറഞ്ഞു: “ഉയർന്നമർദത്തിലുള്ള ഓക്സിജൻ ഉപയോഗിച്ചുള്ള ചികിത്സ ചില രോഗികൾക്കു സഹായകമായിരുന്നേക്കാം. രോഗിയെ ശുദ്ധമായ ഓക്സിജൻ അടങ്ങിയ ഒരു മർദ അറയിലാക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. ഇത് ആന്തര കർണത്തിന്റെ സുഖപ്പെടലിനെ മെച്ചപ്പെടുത്തുന്നു.” പിരിമുറുക്കമുള്ളവരോ ഉത്കണ്ഠയുള്ളവരോ ആയിരിക്കുമ്പോൾ ചില രോഗികളിൽ ടിന്നിറ്റസ് രോഗലക്ഷണങ്ങൾ വഷളാകുന്നതായി തോന്നുന്നതിനാൽ പിരിമുറുക്കം കുറയ്ക്കുന്നതിനു പരിശീലനം നൽകുന്ന വ്യത്യസ്ത ചികിത്സകൾ ചില ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.a എന്നാൽ, പിരിമുറുക്കം കുറയ്ക്കാനും ശാരീരികവും മാനസികവുമായ സമ്മർദം കഴിയുന്നിടത്തോളം ഒഴിവാക്കാനും പഠിക്കുന്നതു സഹായകമായിരുന്നേക്കാം.
രോഗം സഹിച്ചു കഴിയൽ
ഇതുവരെ, ടിന്നിറ്റസിനുള്ള യഥാർഥമായ യാതൊരു പ്രതിവിധിയും കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് നിങ്ങൾക്കു ടിന്നിറ്റസ് എന്ന ശബ്ദവുമായി സഹിച്ചു കഴിയാൻ പഠിക്കേണ്ടതുണ്ടായിരിക്കാം. ടിന്നിറ്റസ് സഹിച്ചു കഴിയൽ എന്ന പുസ്തകം ഇപ്രകാരം പറയുന്നു: “ടിന്നിറ്റസിനോടുള്ള സ്വാഭാവിക പ്രതികരണം സഹനശക്തി സാവധാനം വളർത്തിക്കൊണ്ടുവരുന്നതാണെന്ന് ഇപ്പോൾ ഞാനും എന്റെ സഹകാരികളും ദൃഢമായി വിശ്വസിക്കുന്നു.”
അതേ, ആ ശബ്ദത്തെ അവഗണിക്കാൻ, ശ്രദ്ധിക്കാൻ തക്ക പ്രാധാന്യമില്ലാത്ത ഒന്നായി അതിനെ വീക്ഷിക്കാൻ നിങ്ങൾക്കു നിങ്ങളുടെ മസ്തിഷ്കത്തെ പഠിപ്പിക്കാൻ കഴിയും. നിങ്ങൾ ശബ്ദമുഖരിതമായ ഒരു അയൽപക്കത്താണോ താമസിക്കുന്നത്? അല്ലെങ്കിൽ നിങ്ങൾ ഫാനോ എയർ കണ്ടീഷണറോ ഉപയോഗിക്കുന്നുണ്ടോ? തുടക്കത്തിൽ ആ ശബ്ദങ്ങൾ നിങ്ങളെ അലോസരപ്പെടുത്തിയിരിക്കും. എന്നാൽ കുറെ കഴിഞ്ഞപ്പോൾ നിങ്ങൾ കേവലം അവ അവഗണിച്ചു. വാസ്തവത്തിൽ, ആ ശബ്ദങ്ങൾ സഹിച്ചു കിടന്നുറങ്ങാൻപോലും നിങ്ങൾ പഠിച്ചിരിക്കാം! സമാനമായി, ടിന്നിറ്റസിനും വളരെയധികം ശ്രദ്ധ കൊടുക്കാതിരിക്കാൻ നിങ്ങൾക്കു പഠിക്കാൻ കഴിയും.
“എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയി”ല്ലാത്ത ദൈവത്തിന്റെ വരാൻപോകുന്ന പുതിയ ലോകം എത്തുന്നതുവരെ സഹിക്കേണ്ട അനേകം രോഗങ്ങളിലൊന്നാണു ടിന്നിറ്റസ്. (യെശയ്യാവു 33:24) അതുവരെ, ടിന്നിറ്റസ് നിരാശാജനകമായ ഒരു പ്രശ്നമായിരുന്നേക്കാം. എന്നാൽ അതു നിങ്ങളുടെ ജീവിതത്തെ നശിപ്പിക്കുകയോ ജീവിതത്തിൽ ആധിപത്യം പുലർത്തുകയോ ചെയ്യേണ്ടതില്ല. ഈ ശബ്ദം സഹിച്ചു കഴിയാൻ നിങ്ങൾക്കു പഠിക്കാൻ സാധിക്കുമെന്ന് ഉറപ്പുണ്ടായിരിക്കുക!
[അടിക്കുറിപ്പ്]
a അത്തരം ചികിത്സ ബൈബിൾ തത്ത്വങ്ങളെ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഒരു ക്രിസ്ത്യാനി ആഗ്രഹിക്കും. ഉദാഹരണത്തിന്, 1985 ജൂൺ 8 ലക്കം ഉണരുക!യിലെ ഓട്ടോജെനിക് ട്രെയിനിംഗിനെ കുറിച്ചുള്ള ലേഖനങ്ങൾ കാണുക.
[26-ാം പേജിലെ ചിത്രം]
യോഗ്യതയുള്ള ഒരു ചികിത്സകനാലുള്ള പരിശോധന ടിന്നിറ്റസ് സഹിച്ചു കഴിയാൻ പഠിക്കുന്നതിലെ ആദ്യ പടി ആയിരിക്കാൻ കഴിയും