ലോകത്തെ വീക്ഷിക്കൽ
മിച്ചംവരുന്ന പാൽ ഒഴിച്ചുകളഞ്ഞു
കഠിനമായ ഭക്ഷ്യദൗർലഭ്യങ്ങളുണ്ടായിരുന്നിട്ടും, ദക്ഷിണാഫ്രിക്കയിലെ ക്ഷീരോത്പാദന കേന്ദ്രങ്ങൾ കഴിഞ്ഞ അഞ്ചുവർഷങ്ങളിലായി ലക്ഷക്കണക്കിനു ലിററർ പാൽ ഒഴിച്ചുകളഞ്ഞിരിക്കുന്നു. മിച്ചംവരുന്ന പാൽ വിതരണം ചെയ്യാൻ ഏർപ്പാടു ചെയ്യേണ്ടിയിരുന്ന ക്ഷീരോത്പാദനബോർഡ്, പാലുൽപാദനകേന്ദ്രങ്ങളുടെമേൽ ഒരു കരം ഈടാക്കിയിരുന്നു. ബോർഡ് അങ്ങനെ ചെയ്യാതിരുന്നതിനാൽ ദേശീയ പാൽ വിതരണ അസോസിയേഷന്റെ ഒരുന്നതാധികാരി പറഞ്ഞു: “ഞങ്ങൾക്ക് എന്തുചെയ്യാൻ കഴിയും? ഞങ്ങൾ ഒഴിച്ചുകളഞ്ഞേ പററൂ. പാൽ സൗജന്യമായി കൊടുക്കുകയോ നീക്കാൻ പണം ചെലവാക്കുകയോ ചെയ്തുകൊണ്ടു ഞങ്ങളുടെതന്നെ സാമ്പത്തിക അവസ്ഥയെ തുരങ്കംവയ്ക്കുന്നതു സാമ്പത്തികവിവേകമല്ല.” നേരെമറിച്ച്, മററു സ്ഥാപനങ്ങൾ പാഴാക്കലിനെപ്പററി പരിതപിച്ചു. “ദക്ഷിണ ആഫ്രിക്കയിലെ ലക്ഷക്കണക്കിനു വൃദ്ധർ അവശ്യസാധനങ്ങൾ വാങ്ങിക്കുന്നതിനുപോലും മല്ലിടുന്ന സമയത്ത്” പാൽ ഒഴിച്ചുകളഞ്ഞിരിക്കുന്നുവെന്നു വൃദ്ധർക്കുവേണ്ടിയുള്ള സമിതി പ്രസ്താവിച്ചു. (g92 11/22)
മേഘങ്ങളെ കൊയ്തെടുക്കുന്നു
ചിലിയിലെ ചുംഗുങ്ങ്ഗൊ എന്ന ചെറു ദരിദ്ര മത്സ്യബന്ധന ഗ്രാമത്തിൽ വർഷങ്ങളോളം കുടിക്കാനുള്ള ശുദ്ധജലം ഇല്ലായിരുന്നു. എന്നാൽ, വെള്ളം ശേഖരിക്കാനുള്ള ഒരു അപൂർവ്വമായ രീതിനിമിത്തം ഈയിടെ അതു മാറി. ഈ പ്രദേശത്തു മഴ വിരളമാണ്, എങ്കിലും പസഫിക്ക് സമുദ്രത്തിൽനിന്നു മൂടൽമഞ്ഞ് പതിവായി ഉരുണ്ടുകൂടി വന്നിരുന്നു. ഗ്രാമത്തിനു മുകളിലായി 800 മീററർ ഉയരമുള്ള പർവ്വതത്തിനു മുകളിലൂടെ കടന്നുപോകുമ്പോൾ മൂടൽമഞ്ഞു പ്രത്യേകിച്ചും സാന്ദ്രമായിരിക്കും. ഇവിടെ കാനഡയിലെയും ചിലിയിലെയും ശാസ്ത്രജ്ഞൻമാരുടെ ഒരു സംഘം, ഈ മേഘങ്ങളിൽനിന്നു വെള്ളം കൊയ്തെടുക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള, ചെറു സുഷിരങ്ങളോടുകൂടിയ 50 വലിയ പ്ലാസ്ററിക്ക് വലകൾ വിരിച്ചു. വലയിൽ തുള്ളികൾ കുടുങ്ങുന്നതനുസരിച്ച് അവ ഒത്തുചേരുകയും വലയുടെ കടയ്ക്കലുള്ള കുഴലിലേക്ക് ഇററിററു താഴോട്ടു വീഴുകയും ചെയ്യുന്നു. കുഴലുകൾ ഒത്തുചേരുകയും താഴെ ഗ്രാമത്തിലേക്കു വെള്ളം കൊണ്ടുപോവുകയും ചെയ്യുന്നു. യാതൊരു ഊർജ്ജവും ഉപയോഗിക്കാതെ എളുപ്പത്തിൽ സാധിക്കുന്ന ഈ ഏർപ്പാട് ചുംഗുങ്ങ്ഗൊയിലെ 350 നിവാസികളിൽ ഓരോരുത്തർക്കും ദിവസം ഏകദേശം 25 ലിററർ കുടിക്കാനുള്ള ശുദ്ധജലം നൽകുന്നു. ആറു ഭൂഖണ്ഡങ്ങളിലായി ഏതാണ്ട് 22 രാജ്യങ്ങൾക്ക് ഇതുപോലൊരു പദ്ധതിയിൽനിന്നു പ്രയോജനം നേടാൻ കഴിയുമെന്നു പദ്ധതിയുമായി ബന്ധപ്പെട്ട ഗവേഷകർ വിശ്വസിക്കുന്നു. എന്നാൽ ഇതു പുതിയ ഒരാശയമേയല്ല; വൃക്ഷങ്ങൾ ആയിരക്കണക്കിനു വർഷങ്ങളായി മൂടൽമഞ്ഞിൽനിന്നു വെള്ളം കൊയ്തുകൊണ്ടാണിരിക്കുന്നത്. (g92 12/8)
പായസനദി
തീരത്തുള്ള നൂറുകണക്കിന് ഗ്രാമീണരുടെ ഭക്ഷണത്തിന്റെ നിർണ്ണായക ഉറവായിരുന്ന തായ്ലണ്ടിലെ നോം പോങ്ങ് നദി, ഈയിടെ പെട്ടെന്ന് കൊഴുത്തതും ഒട്ടുന്നതുമായിത്തീർന്നു. ഏഷ്യാവീക്ക് മാസിക പറയുന്ന പ്രകാരം, പ്രാദേശിക പഞ്ചസാരമില്ലിലെ ഒരു സംഭരണിക്കു പെട്ടെന്നു ചോർച്ചവരുകയും, 9,000 ടൺ വെല്ലം നദിയിലേക്കു തള്ളപ്പെടുകയും ചെയ്തു. ചെകിടിപ്പുണ്ടാക്കുംവിധം മധുരമുള്ള ചോർച്ച നദിയിലെ ഓക്സിജൻ ഇല്ലാതാക്കിയപ്പോൾ, അതു താഴോട്ടുസഞ്ചരിച്ച് ഓരോ കിലോമീറററിനും കണക്കനുസരിച്ച് 872 കിലോ മത്സ്യത്തെവീതം കൊന്നു. “നാശനിയന്ത്രണത്തിനുള്ള വഴിതെററിയ ശ്രമം” എന്ന് ഏഷ്യാവീക്ക് വിളിച്ച സംരംഭത്തിൽ 840 ക്യുബിക്ക് മീററർ വെള്ളം സമീപത്തുള്ള ഒരു ഡാമിൽനിന്നു തുറന്നുവിട്ടുകൊണ്ട് അധികൃതർ ഈ പായസം തള്ളിക്കളയാൻ ശ്രമിച്ചു. വെല്ലത്തെ 600 കിലോമീററർ താഴോട്ടും മററു രണ്ടു നദികളിലുംകൂടെ പരത്തുന്നതിനും മാത്രമേ പദ്ധതി വിജയിച്ചുള്ളു. മൂന്നു നദികളും പുനഃസ്ഥിതീകരിക്കുന്നതിനു കുറഞ്ഞപക്ഷം 12 വർഷമെങ്കിലുമെടുക്കും എന്നാണ് ഒരു പരിസ്ഥിതി വിദഗ്ദ്ധൻ കണക്കാക്കുന്നത്. (g92 12/8)
വിദേശസഹായം—ആർക്ക് എന്തുകിട്ടുന്നു?
വിദേശസഹായം ദരിദ്രർക്കു വളരെയധികം പ്രയോജനപ്പെടുന്നുവോ? ഐക്യരാഷ്ട്ര സംഘടനയുടെ മാനവ വികസന റിപ്പോർട്ട് 1992 പ്രകാരം വിദേശസഹായത്തിന്റെ വെറും 27 ശതമാനം മാത്രമേ ലോകത്തിലെ 72 ശതമാനം ദരിദ്രർ പാർക്കുന്ന പത്തു രാജ്യങ്ങളിലേക്കു പോകുന്നുള്ളു. ലോകത്തിലെ വികസ്വര രാജ്യങ്ങളിലെ ഏററവും ധനികരായ 40 ശതമാനത്തിന്, ഏററവും ദരിദ്രരായ 40 ശതമാനത്തിനു കിട്ടുന്നതിനേക്കാൾ രണ്ടരയിരട്ടി സഹായം ലഭിക്കുന്നു. ലോകത്തിലെ ഏകദേശം പകുതി പരമദരിദ്രർ വസിക്കുന്ന ദക്ഷിണേഷ്യൻ രാഷ്ട്രങ്ങൾക്ക് ആളൊന്നുക്ക് 5 ഡോളർ ലഭിക്കുന്നു. ദക്ഷിണേഷ്യയുടെ ആളോഹരി വരുമാനത്തിന്റെ മൂന്നിരട്ടിയുള്ള മദ്ധ്യപൂർവ്വരാജ്യങ്ങൾക്ക്, ആളൊന്നുക്ക് 55 ഡോളർ ലഭിക്കുന്നു. ആയുധങ്ങളിൽ കൂടുതൽ മിതമായി ചെലവിടുന്ന രാജ്യങ്ങളെക്കാൾ രണ്ടിരട്ടിയോളം ആളോഹരി സഹായം, ആയുധങ്ങളിൽ ഭീമമായി ചെലവിടുന്ന രാഷ്ട്രങ്ങൾക്കു ലഭിക്കുന്നുവെന്നും റിപ്പോർട്ടു കൂട്ടിച്ചേർക്കുന്നു. അടിസ്ഥാന മാനുഷികാവശ്യങ്ങൾക്ക്—വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, നല്ല കുടിവെള്ളം, ശുചീകരണം, കുടുംബാസൂത്രണം, പോഷകാഹാരപരിപാടി എന്നിവക്ക് ധനസഹായത്തിന്റെ ഏററവും ചെറിയപങ്ക് (ദ്വിപക്ഷീയ സഹായത്തിന്റെ 7 ശതമാനവും കൂട്ടായ സഹായത്തിന്റെ 10 ശതമാനവും) ആണ് ആകെപ്പാടെ ലഭിക്കുന്നത്. (g92 11/22)
നീണ്ടകാലം ജീവിക്കുന്ന ജപ്പാൻകാർ
ലോകാരോഗ്യ സംഘടനയുടെ സ്ഥിതിവിവരക്കണക്കനുസരിച്ച് ഭൂമിയിലെ ഏതൊരു രാഷ്ട്രത്തിലുള്ളവരെക്കാളും ആയുർദൈർഘ്യമുള്ളവർ ജപ്പാൻകാരാണ്. ജപ്പാനിൽ സ്ത്രീകളുടെ ആയുർദൈർഘ്യം ശരാശരി 82.5 വർഷവും പുരുഷൻമാരുടേത് 76.2 വർഷവുമാണ്. സ്ത്രീകളുടെ ആയുർദൈർഘ്യത്തിന്റെ കാര്യത്തിൽ രണ്ടാംസ്ഥാനം ഫ്രാൻസിനാണ്, 81.5 വർഷം, തൊട്ടുപിന്നാലെ സ്വിററ്സർലണ്ടുമുണ്ട് 81.0 വർഷം. പുരുഷൻമാരുടെ കാര്യത്തിൽ രണ്ടാംസ്ഥാനം ഐസ്ലണ്ടിനാണ് 75.4 വർഷം, പിറകെ ഗ്രീസും 74.3 വർഷം. 350 പേജുള്ള സ്ഥിതിവിവരവാർഷികപ്പതിപ്പ് മററു രസകരമായ വസ്തുതകളും പ്രദാനം ചെയ്യുന്നു. ഓരോ സ്ത്രീക്കും ശരാശരി 8.3 കുട്ടികളുള്ള റുവാണ്ടയിലാണ് ലോകത്തിലെ ഏററവും ഉയർന്ന ഉത്പാദകനിരക്കുള്ളത്. ഒരു ലക്ഷം പേർക്ക് 1.3 എന്ന ഏററവും താഴ്ന്ന ആത്മഹത്യാനിരക്കുള്ളത് ബഹാമാസിലും ഏററവും ഉയർന്ന ആത്മഹത്യാനിരക്ക് ഹംഗറിയിലുമാണ്, 1,00,000 പേർക്ക് 38.2 പേർ വീതം. മോട്ടോർവാഹനാപകടമരണങ്ങളുടെ ഏററവും ഉയർന്നനിരക്ക്, ദക്ഷിണ അമേരിക്കയിലെ ചെറിയ രാഷ്ട്രമായ സുറിനാമിലാണ്, 1,00,000-ൽ 33.5 വീതം. ഏററവും താഴ്ന്നതോ? ഓരോ 1,00,000 ആളുകൾക്കും വെറും 1.6 മാരകമായ വാഹനാപകടങ്ങൾ മാത്രമുള്ള മാൾട്ട. (g92 11/22)
ചിലന്തിഭയം വേണ്ട
ചിലന്തിഭയത്തിനു “കാരണം, പലപ്പോഴും അജ്ഞതയാണ്” എന്നു സൗത്താഫ്രിക്കൻ പനോരമ എന്ന മാസിക പറയുന്നു. ആഫ്രിക്കയിലെ ചിലന്തികളെ സംബന്ധിച്ചു മുന്തിയ ആധികാരികതയുള്ള ഡോക്ടർ ഓൻസി ഡിപ്പനോറുടെ വേലയെപ്പററി റിപ്പോർട്ടു ചെയ്യവേ, ലോകത്തിലെ അറിയപ്പെടുന്ന തരം ചിലന്തികളിൽ 0.2 ശതമാനത്തിൽ കുറവേ മനുഷ്യന് അപകടകാരികളായിട്ടുള്ളുവെന്നു മാസിക ചൂണ്ടിക്കാട്ടുന്നു. അവയുടെ ഉചിതമായ സ്ഥാനത്ത്, ഈ ചെറുജീവികളെ ശത്രുക്കളായല്ല, സുഹൃത്തുക്കളായി പരിഗണിക്കണം. വിളകൾ നശിപ്പിക്കുന്ന പ്രാണികളെ നിയന്ത്രിക്കുന്നതിൽ അവ അമൂല്യമാണ്. ചില തരത്തിലുള്ളവയിൽ, ഒരേയൊരു ചിലന്തിക്ക് പ്രതിദിനം 200 കീടക്കുഞ്ഞുങ്ങളെ കൊല്ലാൻ കഴിയും. ഞാവൽ വയലിൽ ചിലന്തികൾ ഉണ്ടായിരിക്കാൻ അനുവദിക്കുകയാണെങ്കിൽ, ഉദാഹരണത്തിന്, ചിലന്തികൾ കൊല്ലപ്പെടുന്ന വയലുകളേക്കാൾ ഏക്കറിന് 2.4 ടൺ അധികവിളവുണ്ടായിരിക്കും. “കൃഷിക്കാർ ചിലന്തിക്കൂട്ടങ്ങളെ സംരക്ഷിക്കണം, അതുവഴി പരിസ്ഥിതി മലിനീകരണത്തിനിടയാക്കുന്ന ചെലവേറിയ കീടനാശിനികളുടെ ഉപയോഗം കുറക്കുകയും ചെയ്യാം” എന്നു ലേഖനം കൂട്ടിച്ചേർത്തു. (g92 11/22)
കുടിയേററപ്രശ്നം
കടുത്ത വരൾച്ചമൂലം ദക്ഷിണാഫ്രിക്കയിൽ ആയിരക്കണക്കിനാളുകൾ തങ്ങളുടെ ഗ്രാമീണഭവനങ്ങൾ ഉപേക്ഷിച്ച് ജോലിതേടി പട്ടണങ്ങളിലേക്ക് ചേക്കേറുകയാണ്. സാമ്പത്തിക മാന്ദ്യം ഉള്ളതിനാൽ, പട്ടണങ്ങളിൽ ജോലി കണ്ടെത്താനുള്ള സാദ്ധ്യത വാസ്തവത്തിൽ ശോഭനമല്ല. കുടിയേററത്താമസക്കാരുടെ താൽക്കാലിക കുടിലുകൾ വ്യാപകമായിത്തീർന്നിരിക്കയാണ്. വസ്തുവകകളുടെ വിലയിടിച്ചിലിനെയും മോഷണങ്ങളുടെ നാടകീയമായ വർദ്ധനവിനെയും കുറിച്ചു സമീപവാസികളായ വീട്ടുടമസ്ഥർ പരാതിപ്പെടുന്നു. കുടിയേററക്കാർക്കു ചെലവു കുറഞ്ഞ താമസ സൗകര്യം ഗവൺമെൻറ് ലഭ്യമാക്കണമെന്നു ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ സൊവേതൻ എന്ന വർത്തമാനപ്പത്രം പറഞ്ഞപ്രകാരം അത്തരമൊരു പദ്ധതി “ചെലവു കുറഞ്ഞ”തോ എളുപ്പമോ ആയിരിക്കില്ല. കുടിയേററ ക്യാമ്പുകളിലായി രാജ്യത്തുടനീളം എഴുപതു ലക്ഷം ആളുകൾ ഉണ്ടെന്നാണ് ഒരു ഗവേഷണസംഘം കണക്കാക്കുന്നത്. (g92 12/8)
മയക്കുമരുന്ന് എന്നനിലയിൽ കാപ്പി?
കായികതാരങ്ങൾക്കു പ്രകടനം മെച്ചപ്പെടുത്താനായി, അവർ മയക്കുമരുന്ന് ഉപയോഗിക്കുന്നതുപോലെ, കാപ്പി ഉപയോഗിക്കാൻ സാധിക്കും—ചിലപ്പോൾ ഉപയോഗിക്കുകയും ചെയ്യുന്നു എന്നു ബ്രസ്സീലിലെ ഒരു പ്രൊഫസ്സർ പറഞ്ഞു. ഓ എസ്താദോ ദേ എസ്സ്. പാവ്ലോ എന്ന പത്രം റിപ്പോർട്ടു ചെയ്യുന്നതനുസരിച്ചു സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ഓഫ് ദ ഫെഡറൽ യൂണിവേഴ്സിററി ഓഫ് മീനാസ് ജറായ്സിലെ പ്രൊഫസ്സറായ ലുയീഷ് ഒഷ്വോൾഡു റുത്രിഗിസ് പറയുന്നു: “എന്റെ ഗവേഷണത്തിൽ ഞാൻ നിരീക്ഷിച്ചിട്ടുള്ള കായികതാരങ്ങൾ, അവർ കഴിച്ചിരുന്ന കാപ്പി നിയമവിരുദ്ധമെന്നു കരുതപ്പെടുന്ന അളവിനേക്കാൾ കുറവായിരുന്നെങ്കിൽപ്പോലും ലഹരിക്കടിമകളായിരുന്നു എന്നതിൽ എനിക്കു യാതൊരു സംശയവുമില്ല.” അന്താരാഷ്ട്ര ഒളിമ്പിക്ക് കമ്മിററി 750 മില്ലിഗ്രാം കോഫീൻ ആണ് പരിധിയായി നിശ്ചയിച്ചിരിക്കുന്നത്. അത് ഏകദേശം 11 കപ്പ് കടുപ്പമുള്ള കാപ്പിയോളംവരും. ഡോക്ടർമാർ പറയുന്നതനുസരിച്ച്, ദീർഘദൂര ഓട്ടക്കാർക്ക് അവരുടെ പ്രകടനത്തിൽ 20 ശതമാനത്തോളം വർദ്ധനവ് കാപ്പിയിലെ കോഫീൻമുഖാന്തരം ലഭിക്കയുണ്ടായി. (g92 12/8)
ഡോക്ടർമാരെ സമാനുഭാവം പഠിപ്പിക്കുന്നു
ഡോക്ടർമാർ കൂടുതൽ സമാനുഭാവമുള്ളവരായിരിക്കാൻവേണ്ടി അവരെ പരിശീലിപ്പിക്കുന്നതിനുള്ള അസാധാരണമായ കാര്യപരിപാടികൾ ഐക്യനാടുകളിൽ ചില ആശുപത്രികളിലും മെഡിക്കൽ സ്കൂളുകളിലും പ്രയോഗത്തിൽ വരുത്തുകയാണ്. രോഗികളുടെ ഭാഗം അഭിനയിക്കുന്നതിനുവേണ്ടി ന്യൂയോർക്കു സിററിയിലെ ഒരു ആശുപത്രി അഭിനേതാക്കളെ വാടകയ്ക്ക് എടുക്കുകയാണ്. പരിശീലനത്തിനിടയിൽ, ഡോക്ടർ രോഗികളുടെ പരാതികൾ ശ്രദ്ധിക്കുന്നതു വീഡിയോ ടേപ്പിൽ പകർത്തിയെടുക്കുകയും അദ്ദേഹം പിന്നീടതു വീക്ഷിക്കുകയും ചെയ്യുന്നു. “ടേപ്പിൽ അതു കാണുന്നതിന്റെ ഫലമായി അവർ താഴ്മയുള്ളവരും ആശ്ചര്യചകിതരുമായി തീരുന്നു”വെന്ന് ആശുപത്രി ഡയറക്ടറായ ഡോ. മാർക്ക് ഷ്വാർട്ട്സ് ദ ന്യൂയോർക്ക് ടൈംസ് പത്രത്തിൽ പറഞ്ഞു. “‘എന്റെ മുഖത്ത് എല്ലായ്പ്പോഴും ഇതേ ഭാവം ആണോ?’ ‘ഞാൻ വാസ്തവത്തിൽ ഇത്രയും കർക്കശനാണോ?’ അവർ അതിശയിക്കുന്നു.” ചികിത്സ സ്വീകരിക്കുമ്പോഴുണ്ടാകുന്ന അനുഭവം എപ്രകാരമാണെന്ന് അറിയുന്നതിനുവേണ്ടി ഡോക്ടർമാർ രോഗികളെന്നു നടിച്ചു ആശുപത്രികളിൽ പ്രവേശിക്കുന്ന ക്രമീകരണം ചില ആശുപത്രികളിൽ നിലവിലുണ്ട്. പ്രത്യേക വിഷയത്തിൽ ഉപരിപഠനം നടത്തുന്ന ഡോക്ടർമാരുടെ ഇന്ദ്രിയങ്ങളെ തൽക്കാലത്തേക്കു മന്ദീഭവിപ്പിച്ചും കാഴ്ചമങ്ങിയ കോണ്ടാക്ട് ലെൻസും ചെവിയിൽ ഘടിപ്പിക്കുന്ന പ്ലഗ്ഗും റബർ കയ്യുറകളും ധരിപ്പിച്ചും മുതിർന്നവരോടു സഹാനുഭൂതിയുണ്ടാകാൻ പഠിപ്പിക്കുന്നു. ഇതിനു വിധേയരാകുന്നവർ അസ്ഥിസന്ധികളെ മരവിപ്പിക്കുന്നതിനു തടിച്ചീൾ വച്ചുകെട്ടുകയും കാലിൽ ആണിരോഗവും മുഴകളും ഉണ്ടെന്നു നടിക്കുന്നതിന് അവരുടെ ഷൂസിനുള്ളിൽ കട്ടിയായ പട്ടാണിക്കടല ഇടുകയും വേണം. അവർ ഇൻഷുറൻസിനുള്ള ഫാറം പൂരിപ്പിച്ചുകൊടുക്കുക, കുട്ടികളുടെ പാൽകുപ്പിയുടെ അടപ്പു തുറക്കുക തുടങ്ങിയ “ലഘു”വായ വേലകളും അനുഷ്ഠിക്കേണ്ടതുണ്ട്. “ഇതിനു ശേഷമുള്ള ചർച്ചാവേളകളിൽ തങ്ങൾക്കു കഴിഞ്ഞകാലങ്ങളിൽ പ്രായമേറിയ രോഗികളുടെമേൽ ഉണ്ടായ രോഷത്തിൽ അവർ മിക്കവാറും കുണ്ഠിതം പ്രകടിപ്പിക്കാറുണ്ട്” എന്നു ടൈംസ് കുറിക്കൊള്ളുന്നു. (g92 12/8)
പാപ്പാ കുററം സമ്മതിക്കുന്നു
ജോൺ പോൾ രണ്ടാമൻ പാപ്പാ അടിമക്കച്ചവടത്തിന്റെ പേരിൽ ആഫ്രിക്കൻ ജനതയോട് രണ്ടു പ്രാവശ്യം ക്ഷമാപണം നടത്തി. സെനഗലിലേക്കുള്ള പാപ്പായുടെ യാത്രക്കിടയിൽ ഫെബ്രുവരിയിലായിരുന്നു ആദ്യത്തേത്. ആ സമയത്ത് ഇററാലിയൻ പത്രമായ കൊറീയെരെ ദെല്ല സേര റിപ്പോർട്ടു ചെയ്തത് “‘ദൈവത്തിന്റെ ക്ഷമ’യ്ക്കും ക്രിസ്ത്യാനികൾ പോലും . . . കളങ്കമാക്കപ്പെട്ട അടിമക്കച്ചവടമെന്ന ചരിത്രപരമായ കുററത്തിന് ആഫ്രിക്കക്കാരുടെ മാപ്പി”നും വേണ്ടി പാപ്പാ യാചിച്ചു എന്നാണ്. മൂന്നു മാസം കഴിഞ്ഞപ്പോൾ സാവോ തോമേയിലെ സന്ദർശനത്തിനിടയിൽ രണ്ടാമത്തെ ക്ഷമാപണവും നടത്തി. വത്തിക്കാനിൽവച്ച് പാപ്പാ ഇങ്ങനെ വിശദീകരിച്ചു: “സഭ പാപികളാൽ ഉണ്ടാക്കപ്പെട്ടിരിക്കുന്നതിനാൽ നൂററാണ്ടുകളിലായി സ്നേഹത്തിന്റെ തത്ത്വത്തിൽ ലംഘനങ്ങൾ ഉണ്ടായിട്ടുണ്ട് . . . ക്രിസ്ത്യാനികൾ എന്ന പേരിനാൽ തങ്ങളെത്തന്നെ അലങ്കരിച്ച സംഘങ്ങളുടെയും വ്യക്തികളുടെയും ഭാഗത്തുനിന്നുള്ള പരാജയങ്ങളാണവ.” “പാപ്പായുടെ ക്ഷമാപണ”ത്തെപ്പററി അഭിപ്രായം പറഞ്ഞുകൊണ്ട് ലാ റിപ്പബ്ലിക്ക എന്ന ദിനപത്രം ഇങ്ങനെ പറഞ്ഞു: പാപ്പാ “പൊതുവെ ക്രിസ്ത്യാനികളുടെ ഭാഗത്തുള്ള പാപത്തെപ്പററി സംസാരിച്ചു, എന്നാൽ പാപ്പാമാർ, റോമൻ സഭകൾ, ബിഷപ്പുമാർ, പുരോഹിതൻമാർ എന്നിവരുടെതിനെക്കുറിച്ചും പറയേണ്ടതായിരുന്നു. അടിമത്തത്തിന്റെ ഈ ചരിത്രം വാസ്തവത്തിൽ കത്തോലിക്കാ പുരോഹിതമേധാവിത്വത്തിന്റെ ഭാഗത്തുനിന്നുള്ള ഉത്തരവാദിത്വവുമായി ബന്ധപ്പെട്ടുകിടക്കുകയാണ്.” (g92 11/22)