ലോകത്തെ വീക്ഷിക്കൽ
കുറ്റകൃത്യം നിമിത്തം വമ്പിച്ച നഷ്ടം
ഐക്യനാടുകളിൽ ദിവസംതോറും ഏതാണ്ട് 94,000 കുറ്റകൃത്യങ്ങൾ നടക്കുന്നതായി നീതിന്യായ വകുപ്പ് കണക്കാക്കുന്നു. ഈ കുറ്റകൃത്യങ്ങൾ നിമിത്തം യു.എസ്. പൗരന്മാർക്കു വരുന്ന നഷ്ടം എത്രയാണ്? സാമ്പത്തിക വിശകലനവിദഗ്ധനായ എഡ് റ്യൂബെൻസ്റ്റൈൻ പറയുന്നതനുസരിച്ച്, നേരിട്ടുള്ള നഷ്ടം—കാറുകൾ, പണം, ആഭരണങ്ങൾ എന്നിങ്ങനെ വ്യക്തിപരമായ വസ്തുനഷ്ടം ഉൾപ്പെടെ—വർഷത്തിൽ 2,000 കോടി ഡോളറിനടത്തു വരും. നിയമപാലന വകുപ്പുകൾ, കോടതികൾ, തടവറകൾ, പരോൾ സംവിധാനങ്ങൾ എന്നിവയോടു ബന്ധപ്പെട്ട നഷ്ടങ്ങൾ വേറെയും. ഇതു നിമിത്തം, തുക 10,000 കോടി ഡോളറിനടുത്തു വരുന്നു. കൂടാതെ, കുറ്റകൃത്യത്തിന് ഇരയായവർ മിക്കപ്പോഴും പേടി, വൈകാരിക ക്ഷതം അല്ലെങ്കിൽ വിഷാദം എന്നിവ അനുഭവിക്കുന്നതുകൊണ്ട് പലരും ഇത്തരത്തിലുള്ള നിഷേധാത്മക വികാരങ്ങളെ നേരിടുന്നതു ജോലിക്കു പോകാതെ വീട്ടിൽതന്നെ കഴിച്ചുകൂട്ടിക്കൊണ്ടാണ്. അതുകൊണ്ട്, ഉത്പാദനനഷ്ടത്തിന് “കുറ്റകൃത്യത്തിന് ഇരയായവർക്കുണ്ടാകുന്ന മൊത്തം നഷ്ടത്തെ വർഷംതോറും 25,000 കോടി ഡോളർ മുതൽ 50,000 കോടി ഡോളർ വരെ എത്തി”ക്കാൻ കഴിയും എന്ന് റ്യൂബെൻസ്റ്റൈൻ പറയുന്നു.
കുടില സന്ന്യാസിമാർ
തായ്ലൻഡിൽ, ആംഫറ്റമിനുകൾക്ക് അടിമയായ കന്നിക്കാരനായ ഒരു ബുദ്ധമത സന്ന്യാസി, 23 വയസ്സുകാരിയായ ഒരു ബ്രിട്ടീഷ് വിനോദസഞ്ചാരിയുടെ ബലാൽസംഗത്തോടും കൊലപാതകത്തോടും ബന്ധപ്പെട്ട കുറ്റം ഏറ്റു പറഞ്ഞതായി വേൾഡ് പ്രസ് റിവ്യൂ റിപ്പോർട്ടു ചെയ്യുന്നു. എങ്കിലും, ബുദ്ധമത വൈദികരെ സമീപകാലത്തു ഗ്രസിച്ചിരിക്കുന്ന “അപവാദ പരമ്പരയിലെ” ഒന്നുമാത്രമാണിത്. “കുറ്റകൃത്യങ്ങളുടെ വർധനവിനുപുറമേ ഭൗതികവസ്തുക്കളോടുള്ള അത്യാഗ്രഹവും ബുദ്ധമതത്തെ ദുഷിപ്പിച്ചുകൊണ്ടിരിക്കുന്നു.” ഏതു വിധത്തിൽ? “സ്വകാര്യ ഡ്രൈവർമാർ ഓടിക്കുന്ന ലീമോസുകളിൽ യാത്ര ചെയ്യുന്ന ചില ബുദ്ധമത സന്ന്യാസിമാരെ സംബന്ധിച്ചിടത്തോളം, ഭാഗ്യം വരുത്തുന്ന മന്ത്രത്തകിടു വിറ്റഴിക്കുന്നത് ലാഭം കൊയ്യുന്ന ഒരു ബിസിനസാണ്.” തത്ഫലമായി, “ഒരിക്കൽ ആദരിക്കപ്പെട്ടിരുന്ന ബുദ്ധമത വൈദികരിലുള്ള ജനങ്ങളുടെ വിശ്വാസം ഇപ്പോൾ വെല്ലുവിളിക്കപ്പെടുന്നു.” സന്ന്യാസിമാർക്കിടയിലുള്ള “മയക്കുമരുന്നു ദുരുപയോഗ”ത്തിനു കടിഞ്ഞാണിടാനുള്ള ശ്രമത്തിൽ, “സന്ന്യാസി മഠങ്ങൾ മയക്കുമരുന്നു ചികിത്സാകേന്ദ്രങ്ങൾ തുറന്നിട്ടു”ണ്ടെന്നും മാഗസിൻ അഭിപ്രായപ്പെടുന്നു.
ചോരുന്ന കൈയുറകൾ
എച്ച്ഐവി-യിൽനിന്നോ ഹെപ്പറ്റൈറ്റിസിൽനിന്നോ സംരക്ഷണമേകാൻ ഒരു ജോഡി കൈയുറകൾ മതിയാകാതെ വന്നേക്കാമെന്നു ന്യൂ സയൻറിസ്റ്റ് മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. “കൈയുറകളിൽ മൂന്നിൽ ഒരെണ്ണം വീതം എച്ച്ഐവി അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസ് വൈറസിന്റെ വലുപ്പത്തിലുള്ള വൈറസുകളെ കടത്തിവിടു”ന്നതായി കണ്ടെത്തിയപ്പോൾ, വിസ്കോൺസിൻ മെഡിക്കൽ കോളെജിലെ ഗവേഷകർ നിഗമനം ചെയ്തത് അപ്രകാരമാണ്. 1992-ൽ, ഡോക്ടർമാരും നഴ്സുമാരും അലർജിനിമിത്തം ശരീരത്തിലുണ്ടാകുന്ന പ്രതികരണത്തെക്കുറിച്ചു പരാതിപ്പെട്ടപ്പോഴാണ് സർവകലാശാലയിലെ അലർജി വിഭാഗത്തിന്റെ തലവനായ ജോർദാൻ ഫിങ്ക് ലാറ്റക്സ് കൈയുറകൾ പരിശോധിക്കാൻ ആരംഭിച്ചത്. രോഗിയുടെ രക്തമോ ശരീരദ്രാവകങ്ങളോ തൊടാൻ സാധ്യതയുണ്ടെങ്കിൽ റബർ കൈയുറകൾ ധരിക്കണമെന്നു യു.എസ്. ഗവൺമെൻറ് ചികിത്സകരോട് ആവശ്യപ്പെട്ടു തുടങ്ങിയത് ആ വർഷം മുതലാണ്. ഫിങ്കിന്റെ അഭിപ്രായപ്രകാരം, മുറിവുകളോ തൊലിപ്പുറത്തു പൊട്ടലുകളോ ഉള്ള ആരോഗ്യപരിപാലകർ ഒരു ജോഡിയിൽ കൂടുതൽ കൈയുറകൾ ധരിക്കാൻ ശ്രദ്ധിക്കേണ്ടതാണെന്നു മാഗസിൻ പറയുന്നു. എങ്കിലും, തൊലിപ്പുറത്തു പൊട്ടലില്ലാത്ത ചികിത്സകർ അമിതമായി പരിഭ്രമിക്കേണ്ട കാര്യമില്ല. “പൊട്ടലില്ലാത്ത ത്വക്ക് ഒരു നല്ല പ്രതിരോധമാണ്,” ഫിങ്ക് പറയുന്നു.
തട്ടിപ്പുവീരന്മാരെ എതിരിടൽ
ബോസ്റ്റനിലെ മസാച്ചുസെറ്റ്സിലുള്ള ഒരു പ്രാദേശിക ടിവി സ്റ്റേഷനിൽ ഉപഭോക്തൃ റിപ്പോർട്ടറായി 17 വർഷം ചെലവഴിച്ചതിനുശേഷം പൗള ലൈയൻസ്, “തട്ടിപ്പുവീരന്മാരുടെ സൂത്രവിദ്യകളോടും ക്രൂരതയോടും” എതിർത്തു ജയിക്കാനുള്ള മാർഗങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുകയുണ്ടായി. ലേഡീസ് ഹോം ജേണലിലെ ഒരു ലേഖനം പറയുന്നതനുസരിച്ച്, ലൈയൻസിന്റെ നിർദേശങ്ങളിൽ ഇവ ഉൾപ്പെടുന്നു: നിങ്ങളുമായി ഫോണിലൂടെ ബന്ധപ്പെടുന്ന ഒരപരിചിതനുമായി ടെലഫോണിലൂടെ ബിസിനസ് ഇടപാടുകൾ നടത്താൻ വിസമ്മതിക്കുക. നിങ്ങൾക്കു മനസ്സിലാകാത്ത കാര്യങ്ങൾക്കായി ഒരിക്കലും പണം നിക്ഷേപിക്കാതിരിക്കുക. ഒരു “സൗജന്യ” സമ്മാനത്തിനായി ഒരിക്കലും പണം നൽകാതിരിക്കുക. പണം തിരികെ നൽകാമെന്ന വാഗ്ദാനങ്ങളിൽ അമിതമായ വിശ്വാസം അർപ്പിക്കാതിരിക്കുക. നിങ്ങൾക്ക് അറിവില്ലാത്ത ധർമസ്ഥാപനങ്ങൾക്കു സംഭാവന നൽകുന്നത് ഒഴിവാക്കുക. ഉപയോഗിച്ച കാർ വാങ്ങുമ്പോൾ ആദ്യം ഒരു മെക്കാനിക്കിന്റെ പരിശോധനയ്ക്കു ശേഷമല്ലാതെ ഒരിക്കലും വാങ്ങാതിരിക്കുക. “ഈ ചട്ടങ്ങൾ ഏറെക്കുറെ പഴഞ്ചനായി തോന്നിയേക്കാം,” പക്ഷേ, “വിപണിയിലെ ഏറ്റവും നീചമായ ചില ദുഷ്പെരുമാറ്റങ്ങളിൽനിന്ന് അവ നിങ്ങളെ സംരക്ഷിക്കും,” ലൈയൻസ് പറയുന്നു.
ബ്രസീലിലെ ആരോഗ്യപ്രശ്നങ്ങൾ
ബ്രസീലിന്റെ നാഷണൽ സെന്റർ ഓഫ് എപ്പിഡെമിയോളജിയുടെ ഡയറക്ടറായ ഡോ. എഡ്വാർഡൂ ലെവ്കോവിറ്റ്സ് ഇങ്ങനെ വിലപിച്ചു: “വ്യവസായവത്കൃത കമ്മ്യുണിസ്റ്റ് ഇതര രാഷ്ട്രങ്ങളുടെ ആരോഗ്യപ്രശ്നങ്ങളും അവികസിത രാഷ്ട്രങ്ങളുടെ തടയാൻ കഴിയുന്ന അസുഖങ്ങളും നിമിത്തം ദുരിതമനുഭവിക്കാനാണു ഞങ്ങളുടെ ജനങ്ങളുടെ വിധി.” മെഡിക്കൽ പോസ്റ്റിൽ ഉദ്ധരിക്കപ്പെട്ടതനുസരിച്ച്, ഡോ. ലെവ്കോവിറ്റ്സ് ബ്രസീൽകാർക്കിടയിലെ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള മുഖ്യകാരണങ്ങൾ പരാമർശിക്കുന്നു. പട്ടികയിൽ എറ്റവും ആദ്യത്തേത് ഹൃദയ-രക്തധമനി സംബന്ധമായ രോഗങ്ങൾ, കാൻസർ, ശ്വാസകോശരോഗങ്ങൾ എന്നിവയാണ്. അടുത്തതായി കൊടും കുറ്റകൃത്യങ്ങളും അപകടങ്ങളും നിമിത്തമുണ്ടാകുന്ന മരണങ്ങളാണ്. “വ്യവസായവത്കൃത കമ്മ്യുണിസ്റ്റ് ഇതര രാഷ്ട്രങ്ങ”ളിലെ രോഗങ്ങൾ കഴിഞ്ഞാൽ അടുത്തത്, മോശമായ ജീവിതസാഹചര്യങ്ങൾ നിമിത്തമുണ്ടാകുന്ന സാംക്രമിക രോഗങ്ങളാണ്. “ബ്രസീലിലെ ജനസംഖ്യയുടെ പകുതി ഏതെങ്കിലും തരത്തിലുള്ള പരാദരോഗബാധമൂലം ദുരിതമനുഭവിക്കുന്നതായി കണക്കാക്കപ്പെടുന്നു,” ദ മെഡിക്കൽ പോസ്റ്റ് പറയുന്നു. വർഷംതോറും മലമ്പനി മാത്രം ഏതാണ്ട് 5,00,000 ബ്രസീൽകാരെ പിടികൂടുന്നു. ബ്രസീലിൽ കാണപ്പെടുന്ന മറ്റു പരാദരോഗങ്ങൾ ഷാഗസ് രോഗം, ഷിസ്റ്റോസോമൈയാസസ്, കൊക്കപ്പുഴു, ലിഷ്മനൈയാസിസ്, മന്തുരോഗം എന്നിവയാണ്.
അവയവക്ഷാമം
1994-ൽ, ഐക്യനാടുകളിൽ “അവയവം മാറ്റിവെക്കൽ ആവശ്യമായ ആളുകളുടെ എണ്ണം, അവയവം ദാനം ചെയ്യുന്നവരുടെ എണ്ണത്തെക്കാൾ ഏതാണ്ടു 33 ശതമാനം വർധിച്ചു,” ദ ജേണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പറയുന്നു. 1988 മുതൽ 1994 വരെ അവയവം സ്വീകരിക്കുന്നവരുടെ എണ്ണം 49 ശതമാനം വർധിച്ചു. അതേസമയം, അവയവം ദാനം ചെയ്യുന്നവരുടെ എണ്ണം 37 ശതമാനം മാത്രമേ വർധിച്ചുള്ളൂ. അവയവങ്ങളുടെ ആവശ്യം വിതരണത്തെ മറികടക്കവേ അവയവം ലഭ്യമാകാൻ കാത്തിരുന്ന് അത്യാസന്ന നിലയിലായ ചില രോഗികൾ മരണമടഞ്ഞിട്ടുണ്ട്. ഈ വിഷമസ്ഥിതി സംബന്ധിച്ചു ന്യൂ സയൻറിസ്റ്റ് മാഗസിൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയ സർവസാധാരണമായിത്തീരവേ കൂടുതൽ ആളുകൾ അത് ആഗ്രഹിക്കുന്നു. ഇത് പട്ടികയുടെ നീളം കൂട്ടുന്നു. അങ്ങനെ, “അവയവം മാറ്റിവെക്കൽ അവയുടെതന്നെ വിജയങ്ങൾക്ക് ഇരയായിത്തീർന്നിരിക്കുന്നു” എന്ന് ആ റിപ്പോർട്ട് പരാമർശിക്കുന്നു.
ചെലവേറിയ അയൽക്കാരൻ
ബ്രിട്ടനിൽ, വീട്ടുടമസ്ഥർ തങ്ങളുടെ വീടു വിൽക്കുമ്പോൾ, അയൽക്കാരുമായി തങ്ങൾക്കുണ്ടായിട്ടുള്ള തർക്കങ്ങളെല്ലാം വെളിപ്പെടുത്താനുള്ള നിയമപരമായ ഒരു ബാധ്യത അവർക്കുള്ളതായി ലണ്ടനിലെ ദ സൺഡേ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. കലഹക്കാരനായ അയൽക്കാരനെതിരെ സ്ഥലത്തെ അധികാരികളോടു രണ്ടു പ്രാവശ്യം പരാതി ബോധിപ്പിച്ചിട്ടുണ്ടെന്നു വീടു വാങ്ങിച്ചവരോടു പറയാതിരുന്നതിന് 80 വയസ്സുകാരിയായ വിധവയുടെ പേരിൽ വഞ്ചന നടത്തിയതിനു ഹർജി നൽകി, അതിൽ വിജയിച്ചു. 45,000 ഡോളർ നൽകാനുള്ള വിധിയെത്തുടർന്ന് അവർ പാപ്പരാകാറായിരിക്കുന്നു. പുതിയ ഉടമസ്ഥർ ആറു വർഷത്തോളം ആ വീട്ടിൽ താമസിച്ചു. പക്ഷേ അയൽക്കാരനോടടുത്തുള്ള താമസം അസഹനീയമായപ്പോൾ വീടു വിൽക്കുകയല്ലാതെ തങ്ങൾക്കു വേറെ മാർഗമില്ലായിരുന്നുവെന്ന് അവർ കോടതിയോടു പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി വീടുകൾ വാങ്ങുന്നവരിൽ ചിലർ, തങ്ങളുടെ ഭാവി അയൽക്കാരുടെ സ്വഭാവം അന്വേഷിച്ചറിയാനായി സ്വകാര്യ കുറ്റാന്വേഷകരെ കൂലിക്കെടുക്കുകയെന്ന മാർഗം അവലംബിച്ചിരിക്കുന്നു. ഉപരിപ്ലവമായ ഒരന്വേഷണത്തിന് 75 ഡോളർ നൽകേണ്ടിവന്നേക്കാം. എന്നാൽ, കൂടുതൽ സമഗ്രമായ ഒരന്വേഷണത്തിനായി 1,500 ഡോളർ പോലും നൽകാൻ വീടുകൾ വാങ്ങുന്ന ചിലർ തയ്യാറാണ്.
വിശ്വസ്തനായ കടൽക്കുതിര
ഓക്സ്ഫോർഡ് ജന്തുശാസ്ത്രജ്ഞയായ ആമാൻഡ വിൻസൻറ്, കടൽക്കുതിരകൾ പ്രത്യക്ഷത്തിൽ ജീവിതകാലം മുഴുവൻ തങ്ങളുടെ ഇണകളോടു വിശ്വസ്തത പുലർത്തുന്നുവെന്നു കണ്ടെത്തിയിരിക്കുന്നു. ഓസ്ട്രേലിയയിലെ തെക്കുകിഴക്കൻ തീരത്തിനകലെ വസിക്കുന്ന പത്തു സെൻറിമീറ്റർ നീളമുള്ള ഹിപ്പൊകേമ്പസ് വൈറ്റീ എന്ന വർഗത്തെക്കുറിച്ചു പഠനം നടത്തവേ, മത്സ്യങ്ങൾക്കിടയിൽ ഇത്തരം വിശ്വസ്തത കണ്ടെത്തിയതിൽ ഡോ. വിൻസൻറ് വിസ്മയം കൊണ്ടതായി ലണ്ടനിലെ ദ ടൈംസ് അഭിപ്രായപ്പെട്ടു. രാവിലെതോറും മുൻകൂട്ടി ക്രമീകരണം ചെയ്ത ഒരു സ്ഥലത്ത് ആൺകടൽക്കുതിര തന്റെ ഇണയെ കാത്തുനിൽക്കുന്നതായി നിരീക്ഷിക്കപ്പെട്ടു. പരസ്പരം കണ്ടുമുട്ടുമ്പോൾ കടൽക്കുതിരകൾ തങ്ങളുടെ നിറം മാറ്റുന്നു, എന്നിട്ട് അവ നൃത്തം ചെയ്യുന്നു. സന്താനോത്പാദനം പങ്കിടപ്പെടുന്ന ഒരനുഭവമാണ്. പെൺകടൽക്കുതിര ഇടുന്ന മുട്ടകൾ ആൺകടൽക്കുതിരയുടെ വാലിലുള്ള ഒരു പ്രത്യേക സഞ്ചിയിൽ അതു നിക്ഷേപിക്കുന്നു. പിന്നീട്, ആൺകടൽക്കുതിര അവയെ ബീജസങ്കലനം നടത്തുന്നു. മുട്ടകൾ വിരിയുന്നതുവരെ അവ അതിനുള്ളിൽ തന്നെയായിരിക്കും. ഇണ ചത്തുപോയാൽ അതിജീവിക്കുന്ന കടൽക്കുതിര, ഇണയില്ലാത്ത ഒരു കടൽക്കുതിരയുമായി മാത്രമേ കൂട്ടുകൂടുകയുള്ളൂ. ദുഃഖകരമെന്നു പറയട്ടെ, ഭംഗിയേറിയ ഈ ജീവികളുടെ അതിജീവനം അപകടത്തിലാണ്. വർഷംതോറും അക്വേറിയങ്ങളിലേക്കും പരമ്പരാഗത ഏഷ്യൻ ഔഷധങ്ങളിലെ ഉപയോഗത്തിനുമായി ലക്ഷക്കണക്കിനു കടൽക്കുതിരകളെ പിടികൂടുന്നതുതന്നെ കാരണം.
ഘനലോഹങ്ങൾക്കായുള്ള വിശപ്പ്
നിക്കൽ, ഈയം, സിങ്ക്, കാഡ്മിയം എന്നിവ പോലുള്ള ഘനലോഹങ്ങൾ മണ്ണിനെ ദുഷിപ്പിക്കുമ്പോൾ നിലം അപകടകരവും ഉപയോഗശൂന്യവുമാകുന്നു. മേൽമണ്ണു കോരിയെടുത്തു ചപ്പുചവറുകൾ മൂടാൻ ഉപയോഗിക്കുന്നതോ ദുഷിച്ച മണ്ണു നീക്കം ചെയ്തു മണ്ണിൽ കലർന്നിരിക്കുന്ന ലോഹങ്ങളെ വേർതിരിക്കുന്ന ശക്തിയേറിയ ആസിഡുകൾക്കു വിധേയമാക്കുന്നതോ ആണ് നിലവിലുള്ള ശുചീകരണ പ്രക്രിയകൾ. എന്നാൽ, ഈ ശുചീകരണ പ്രക്രിയകൾ വളരെ പണച്ചെലവുള്ളതാണ്. പ്രശ്നം പരിഹരിക്കുന്നതിനു ശാസ്ത്രജ്ഞന്മാർ ഇപ്പോൾ ഏറെ ചെലവുകുറഞ്ഞതും വൃത്തി വരുത്തുന്നതുമായ ഒരു മാർഗത്തെക്കുറിച്ചു പഠിക്കുകയാണ്. അതിനെ സസ്യപ്രതിവിധി എന്നു വിളിക്കുന്നു. മണ്ണിൽനിന്നും ഘനലോഹങ്ങളെ വലിച്ചെടുത്തു ലോഹങ്ങളെ ഇലകളിലേക്കും തണ്ടുകളിലേക്കും നിലത്തിനു മുകളിലുള്ള മറ്റു ഭാഗങ്ങളിലേക്കും എത്തിച്ചുകൊടുക്കുന്നതരം സസ്യങ്ങളെ ഉപയോഗിക്കുന്നത് ഈ പ്രക്രിയയിൽ ഉൾപ്പെടുന്നു. ഒരിക്കൽ നിലത്തുനിന്നും ഘനലോഹങ്ങളെ വലിച്ചെടുത്തുകഴിഞ്ഞാൽ സസ്യങ്ങളിൽനിന്നും വിലയേറിയ ലോഹങ്ങൾ പരിവൃത്തി ചെയ്യാനാകുമെന്നു സയൻസ് മാഗസിൻ പറയുന്നു.
“വാതകം കൊണ്ടുള്ള പാചകവും അതുളവാക്കുന്ന ശ്വാസതടസ്സവും”
ഈ ശീർഷകത്തിൻകീഴിൽ, “വൈദ്യുത സ്റ്റൗവുകളും അവനുകളും ഉപയോഗിച്ചു ഭക്ഷണം തയ്യാറാക്കുന്നവരെ അപേക്ഷിച്ച്, വാതകം ഉപയോഗിച്ചു പാചകം ചെയ്യുന്ന സ്ത്രീകൾക്ക്, കുറുകുറുപ്പും ശ്വാസതടസ്സവും ആസ്തമയുടെ മറ്റു ലക്ഷണങ്ങളും അനുഭവപ്പെടാൻ ഇരട്ടിയെങ്കിലും സാധ്യത”യുള്ളതായി ഗവേഷകർ കണ്ടെത്തിയിരിക്കുന്നുവെന്നു സയൻസ് ന്യൂസ് റിപ്പോർട്ടു ചെയ്തു. ഇഗ്സോസ്റ്റ് ഫാനുകൾ ഉപയോഗിച്ചിരുന്നപ്പോൾപോലും ലക്ഷണങ്ങൾ കണ്ടിരുന്നതായി സെൻറ് തോമസ് ആശുപത്രിയിൽ നടത്തിയ പഠനം അഭിപ്രായപ്പെടുന്നു. പുരുഷന്മാരും സ്ത്രീകളും സർവേയിൽ പങ്കെടുത്തെങ്കിൽതന്നെയും “ഒരുപക്ഷേ കൂടുതൽ സമയം അടുക്കളയിൽ ചെലവഴിക്കുന്നതുകൊണ്ടായിരിക്കാം, ലക്ഷണങ്ങൾ സ്ത്രീകളിൽ മാത്രമാണ് കണ്ടെത്തിയത്.”