ലോകത്തെ വീക്ഷിക്കൽ
അവധിക്കാലസമ്മർദ്ദം
ചില ശീലങ്ങൾ മാററുന്നതു സമ്മർദ്ദമനുഭവിക്കുന്ന വ്യക്തിക്ക് അവധിയ്ക്കു പോകുന്നതിനേക്കാൾ പ്രയോജനം ചെയ്തേക്കാം. ബ്രസ്സീലിലെ സാവോ പോളോ വൈദ്യശാസ്ത്രസ്കൂളിലെ പ്രൊഫസ്സറായ ഡോ. സർജിയോ ടഫിക് ഇങ്ങനെ പറയുന്നതായി വാഷാ ഉദ്ധരിച്ചു: “നമ്മുടെ ജീവശ്ശാസ്ത്ര താളം ഒരു ക്ലോക്കുപോലെ പ്രവർത്തിക്കാൻ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. ഏതു മാററവും, കരീബിയനിലെ സുഖലോലുപതയിലുള്ള ഒരാഴ്ച്ചപോലും, ജൈവഘടനയെ ക്ഷീണിപ്പിക്കുന്നതാണ്.” ഒരു തൊഴിൽ വെല്ലുവിളിപരമോ അല്ലാത്തതോ ആയാലും ദോഷകരമായ സമ്മർദ്ദം ഒഴിവാക്കുന്നതിന് അദ്ദേഹം ഇപ്രകാരം ശുപാർശ ചെയ്യുന്നു: “(നിങ്ങൾ) ചെയ്യുന്നതുകൊണ്ട് തൃപ്തരായിരിക്കുക.” ദൈനംദിന പരിപാടിയേക്കാൾ കൂടുതൽ സമ്മർദ്ദമേറിയതെന്തെങ്കിലും ചെയ്യുന്നതിനുപകരം, “ഒരുപക്ഷേ ദിവസവും ‘അവധിയെടുത്തു പോകുന്നതാണു’ രഹസ്യം. അതായത്, ജോലിയെ കൂടാതെ സംതൃപ്തി വർദ്ധിപ്പിക്കുന്ന വ്യത്യസ്ത പ്രവർത്തനങ്ങളിൽ ഏർപ്പെടുകയെന്നതാണ്,” എന്ന് ആ ഡോക്ടർ നിർദ്ദേശിക്കുന്നു. (g92 10⁄8)
മാതാപിതാക്കളെ ശാരീരികമായി ദ്രോഹിക്കുന്നു
മാതാപിതാക്കളുടെമേൽ ഏൽപ്പിക്കപ്പെടുന്ന “കൗമാരകോപത്തിന്റെ ഗുപ്തമായ കൊടുംഭീതി” എന്നു വിളിക്കപ്പെടുന്നത് ആസ്ട്രേലിയായിൽ കുതിച്ചുയരുകയാണ്. ഈ രാജ്യത്തു തങ്ങളുടെ മാതാപിതാക്കളെ തല്ലുന്ന കൗമാര പ്രായക്കാരുടെ എണ്ണം അത്യധികം വർദ്ധിച്ചുവരികയാണെന്നു പോലീസും ക്ഷേമകാര്യവിഭാഗങ്ങളും റിപ്പോർട്ടു ചെയ്യുന്നു. മിക്കപ്പോഴും ആക്രമണ ഇരകൾ അമ്മമാരാണെങ്കിലും അപ്പൻമാരും വല്ല്യമ്മവല്ല്യപ്പൻമാർ പോലും ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഒരു ക്ഷേമകാര്യ സ്ഥാപനത്തിന്റെ ഡയറക്ടർ ഇങ്ങനെ പറയുന്നതായി സിഡ്നി സൺഡേ ടെലഗ്രാഫ് എന്ന വർത്തമാനപത്രം ഉദ്ധരിക്കുന്നു: “പത്തു വയസ്സോളം പ്രായമുള്ള ചെറിയ കുട്ടികൾ ശാരീരിക അക്രമത്തിനു—തങ്ങളുടെ അമ്മയെയും മററു കുട്ടികളെയും ഭീഷണിപ്പെടുത്തിക്കൊണ്ട്—പ്രാപ്തരാണെന്നു കേൾക്കുമ്പോൾ ആളുകൾ ആശ്ചര്യപ്പെടുന്നു.” ഇരകൾക്കും കുററവാളികൾക്കും വേണ്ടി ഒരു പ്രത്യേക പരിപാടി ആസൂത്രണം ചെയ്യാൻ ഇടയാക്കത്തക്കവണ്ണം, ദ്രോഹിക്കപ്പെട്ട മാതാപിതാക്കളിൽനിന്ന് ഒരു സാമുദായിക ക്ഷേമകാര്യവിഭാഗത്തിനു തുരുതുരാ ഫോൺകോളുകൾ ലഭിക്കുന്നു. (g92 10⁄8)
പട്ടാള ബലാത്സംഗം
രണ്ടാം ലോകമഹായുദ്ധകാലത്ത്, യുദ്ധനിരകളിലുള്ള പട്ടാളക്കാരുടെ ലൈംഗികോപയോഗത്തിനായി ജപ്പാൻ സൈനികർ പൂർവ്വേഷ്യൻ രാജ്യങ്ങളിൽനിന്ന് ആയിരക്കണക്കിനു പെൺകുട്ടികളെയും ചെറുപ്പക്കാരികളെയും പിടിച്ചു. പ്രിയോക്തിപരമായി അവരെ “ആശ്വാസസ്ത്രീകൾ” എന്നു വിളിച്ചിരുന്നു. പട്ടാളക്കാർ മടങ്ങിപ്പോയപ്പോൾ ഗുഹ്യരോഗങ്ങളാൽ മരിക്കാത്ത സ്ത്രീകൾ മരിക്കാനായി ഉപേക്ഷിക്കപ്പെട്ടു. അൻപതു വർഷങ്ങൾക്കുശേഷം തന്റെ ഉൾപ്പെടൽ പരസ്യമായി സമ്മതിക്കാനും മാപ്പു ചോദിക്കാനും ഒരു മനുഷ്യൻ മുമ്പോട്ടു വന്നു. “ജപ്പാനിലെ സാമ്രാജ്യത്വ സൈന്യത്തിന്റെ ലൈംഗിക അടിമകളായിത്തീരാൻ തങ്ങളുടെ അമ്മമാരെ അയാളുടെ ആൾക്കാർ പററമായി ട്രക്കുകളിലേക്കു നടത്തിയപ്പോൾ, നിലവിളിക്കുകയും ഇറുകെ പുണരുകയും ചെയ്യുന്ന കുട്ടികളെ തൊഴിച്ചുമാററുന്ന ഓർമ്മകൾ” 78 വയസ്സുള്ള സാഷീ യോഷീഡായ്ക്കു തുടച്ചുനീക്കാൻ കഴിയുന്നില്ല എന്നു മൈനീച്ചി ഡെയ്ലി ന്യൂസ് പറയുന്നു. ആ സമയത്ത് എന്തു വികാരം അനുഭവപ്പെട്ടുവെന്നു ചോദിച്ചപ്പോൾ, “ഞങ്ങൾ കേവലം ആജ്ഞകൾ നിറവേററി. ഞങ്ങൾ മനഃശാസ്ത്രപരമായി ഏററവും താഴ്ന്ന നിലവാരത്തിൽ ആയിരുന്നു. അതു കേവലം തൊഴിൽ ആയിരുന്നു. ഒരു വ്യത്യസ്ത പ്രത്യയശാസ്ത്രം സാധ്യമായിരുന്നില്ല. എനിക്കൊന്നും തോന്നിയില്ല. ഞാൻ തിരക്കുള്ളവനായിരുന്നു, ഞാൻ നിരാശനായിരുന്നു, ഞാൻ വികാരഗ്രസ്തനായിരുന്നു”, എന്നു യോഷീഡ പറഞ്ഞതായി ആ വർത്തമാനപത്രം റിപ്പോർട്ടു ചെയ്തു. സ്ത്രീകളെ അപഹരിച്ചോ ശമ്പളം പററുന്ന വേശ്യകളെ ഉപയോഗിച്ചോ തങ്ങളുടെ സൈന്യങ്ങൾക്കു സ്ത്രീകൾ പ്രദാനം ചെയ്യപ്പെടുന്നുവെന്ന് അനേകരാജ്യങ്ങളിലെ പട്ടാള ഉദ്യോഗസ്ഥൻമാർ ഉറപ്പുവരുത്തിയിരുന്നു. (g92 10⁄8)
നല്ല ഭൂമി—അപ്രത്യക്ഷപ്പെടുന്നു
സയൻസ് എന്ന പ്രസിദ്ധീകരണത്തിലെ ഒരു റിപ്പോർട്ടനുസരിച്ചു ലോകത്തിലെ കൃഷിയോഗ്യമായ മണ്ണ്, “അതിവേഗം ഒഴുക്കിക്കൊണ്ടുപോകുകയോ കാററിൽ പൊടിയായിത്തീരുകയോ” ചെയ്യുന്നതു നിമിത്തം ക്ഷയിച്ചുകൊണ്ടിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മണ്ണിന്റെ അവസ്ഥകൾ എത്രത്തോളം മാറിയിരിക്കുന്നുവെന്നു പുനരവലോകനം ചെയ്ത, നൂറുകണക്കിനു വിദഗ്ദ്ധൻമാർ ഉൾപ്പെട്ട ഒരു ത്രിവത്സര പഠനത്തിന്റെ ഫലങ്ങൾ വാഷിംഗ്ടൺ ഡി. സിയിലെ ഡബ്ലിയു. ആർ. ഐ (ലോക വിഭവ സ്ഥാപനം) മാർച്ചിൽ വെളിപ്പെടുത്തി. ഫലങ്ങളെന്തൊക്കെയാണ്? മനുഷ്യവർഗ്ഗം മണ്ണിനെ ദുരുപയോഗം ചെയ്യുന്നതുകൊണ്ട്—അധികവും വനനശീകരണത്തിലൂടെയും അമിത കാലിമേയലിലൂടെയും ദോഷകരമായ കൃഷിസമ്പ്രദായങ്ങളിലൂടെയും—മുൻപു ഫലഭൂയിഷ്ടമായിരുന്ന, ചൈനയും ഇന്ത്യയും ചേരുന്നത്ര സ്ഥലം ഇപ്പോൾ ഗൗരവാവഹമായി നശിച്ചുകൊണ്ടിരിക്കുകയാണ്. പെരുകിവരുന്ന ജനസംഖ്യയെ പോററുന്നതിന്, വരുന്ന അൻപതു വർഷങ്ങളിൽ ലോകം അതിന്റെ ഭക്ഷ്യോത്പാദനം മൂന്നുമടങ്ങായി വർദ്ധിപ്പിക്കേണ്ടിവരുമെന്നു ഡബ്ലിയു. ആർ. ഐ പ്രസിഡൻറ് കണക്കാക്കുന്നതിനാൽ ഈ പ്രവണത അശുഭസൂചകമായി തോന്നുന്നു. (g92 10⁄8)
“കുട്ടികളേ ഞങ്ങൾ നിങ്ങളെ തെററിച്ചു”
ശിശുദ്രോഹമോ? സാധാരണ അർത്ഥത്തിൽ അല്ല. ചെങ്കുത്തായ പർവ്വതശിഖരത്തിൽനിന്നു തൂങ്ങിക്കിടക്കവേ സിഗരററു വലിക്കുന്ന ഒരു പർവ്വതാരോഹകനായി വിൻസ്ററൺ സിഗരററിന്റെ പരസ്യങ്ങൾക്കുവേണ്ടി പോസുചെയ്ത ഒരു നടനായ ഡേവിഡ് ഗർലിഡ്സിന്റെ വാക്കുകളാണു മേലുദ്ധരിച്ചത്. ഗർലിഡ്സും വെയ്നി മാക്ലാരനും (മാൾബറോ സിഗരററിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടയാൾ) പുകവലി പാടില്ല എന്നു സ്കൂൾകുട്ടികളെ ബോധ്യപ്പെടുത്തുന്നതിന് അവരുടെ മുമ്പാകെ പ്രത്യക്ഷപ്പെടുകയാണെന്നു ദ ബോസ്ററൺ ഗ്ലോബ് റിപ്പോർട്ടു ചെയ്യുന്നു. “ആൺകുട്ടികളായ നിങ്ങൾ പുകവലിക്കുകയാണെങ്കിൽ നിങ്ങൾ അതിശക്തർ ആയിത്തീരുമെന്നു ഞങ്ങൾ നിങ്ങളെ വിശ്വസിപ്പിച്ചു,” ഗർലിഡ്സ് വിശദീകരിച്ചു. “ഞാൻ പുകവലിക്കാൻ ഇഷ്ടപ്പെട്ടതുകൊണ്ട് എന്റെ ജീവിതം വളരെ ഹ്രസ്വമായിത്തീർന്നിരിക്കുന്നു,” എന്നു ക്യാൻസർ ബാധയാൽ ഒരു ശ്വാസകോശം നഷ്ടപ്പെട്ടശേഷം മാക്ലാറെൻ ദുഃഖപൂർവ്വം ഏററു പറഞ്ഞു. (g92 10⁄8)
ഉൻമത്തമായ ആകർഷണം
യരുശലേമിലെ പഴയ നഗരം ആയിരക്കണക്കിനു വിനോദസഞ്ചാരികളെ മാത്രമല്ല തങ്ങൾ ബൈബിളിലെ കഥാപാത്രങ്ങളാണെന്നു വിശ്വസിക്കുകയും അല്ലെങ്കിൽ ലോകസമാധാനത്തിന്റെ താക്കോൽ തങ്ങൾക്കുണ്ടെന്നും അതു യരുശലേം മതിലിങ്കൽ വെളിപ്പെടുത്തണമെന്നും ഉറച്ചുവിശ്വസിക്കുന്ന മാനസികമായി ക്രമം തെററിയ ആളുകളെയും ആകർഷിക്കുന്നു. “ക്രിസ്ത്യാനികൾ യേശുവോ കന്യാമറിയമോ ഏററവും സാധാരണയായി യോഹന്നാൻ സ്നാപകനോ ആയി തങ്ങളേത്തന്നെ തിരിച്ചറിയിക്കാൻ പ്രവണത കാട്ടുന്നു. വീയ ഡോളോറോസ, ഗാർഡൻ ററൂം എന്നിവ പോലുള്ള യേശുവിനോടു ബന്ധപ്പെട്ട സ്ഥലങ്ങളിൽ അവർ മിക്കപ്പോഴും വികാരാധീനരായിത്തീരുന്നു”, എന്ന് ദ ന്യൂയോർക്ക് ടൈംസ് പറയുന്നു. “യഹൂദൻമാർ തങ്ങളെ മോശയോ ദാവീദുരാജാവോ മററു പഴയനിയമകഥാപാത്രങ്ങളോ ആയി തിരിച്ചറിയിക്കാൻ പ്രവണത കാട്ടുകയും ഒലിവു മലയിലോ പശ്ചിമ മതിലിങ്കലോ വികാരാധീനരായിത്തീരുകയും ചെയ്യുന്നു.” ഒരു തീർത്ഥാടകൻ ഈയിടെ ഹോളി സെപ്പുൽക്കെർ പള്ളിയിലേക്കു കോപാക്രാന്തനായി ഓടിക്കയറി, ഒരു കുരിശ് മറിച്ചിട്ടും വിളക്കുകൾ തകർത്തും ഒരു പ്രതിമയെ തകർക്കാൻ ശ്രമിച്ചുംകൊണ്ടു വിഗ്രഹങ്ങളെ ആരാധിക്കരുതെന്നു വിളിച്ചുപറഞ്ഞു. മനോരോഗവിദഗ്ദ്ധർ യരുശലേം സിൻഡ്രോം എന്നു വിളിക്കുന്ന രോഗത്താൽ ദുരിതമനുഭവിക്കുന്ന 50 മുതൽ 200 വരെ രോഗികൾ ഓരോ വർഷവും ക്ഫർ ഷൽ മനോരോഗാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നു. മാനസിക രോഗത്തിന്റെ ഒരു ചരിത്രമുണ്ടായിരുന്നവർക്കും അതില്ലാതിരുന്നവർക്കുമിടയിലെ രോഗബാധ ഒരാൾക്കു നാലു പേർ എന്ന അനുപാതത്തിലും പുരുഷൻമാർക്കും സ്ത്രീകൾക്കുമിടയിൽ ഒന്നിനു രണ്ട് എന്ന അനുപാതത്തിലുമാണ്. (g92 9⁄22)
ഏകദൈവം “യാഹ്വെ”യാണെന്നു പാപ്പാ പ്രഖ്യാപിക്കുന്നു
“ദൈവം തന്റെ നാമം മനുഷ്യവർഗ്ഗത്തിനു വെളിപ്പെടുത്തുന്നു.” ലൊസർവാറേറാറേ റോമാനോ എന്ന വത്തിക്കാൻ വാർത്താപ്രസിദ്ധീകരണത്തിന്റെ മുകളിലെ തടിച്ച അക്ഷരത്തിലുള്ള തലക്കെട്ട് അപ്രകാരം വായിക്കപ്പെട്ടു. അതിനുകീഴിൽ റോമിലെ സെൻറ് ലിയോണാഡ് മൂരിയൽഡോ ഇടവക സന്ദർശിക്കുമ്പോൾ പോപ്പ് നടത്തിയ ഒരു മതപ്രഭാഷണത്തിന്റെ മുഖ്യഭാഗം കൊടുത്തിരുന്നു. “പുറപ്പാടിലെ ഒരു ഭാഗത്തു ദൈവം തന്റെ നാമം നമ്മെ അറിയിക്കുന്നു”, പോപ്പ് പ്രസംഗിച്ചുതുടങ്ങി. ഇസ്രയേല്യരോടു പറയാൻ ദൈവം മോശയോട് ആവശ്യപ്പെട്ട “ഞാൻ ആകുന്നവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു,” എന്നു കാണുന്ന പുറപ്പാട് 3-ാം അദ്ധ്യായത്തിലെ 13-ഉം 14-ഉം വാക്യങ്ങൾ ഉദ്ധരിച്ചശേഷം പാപ്പ ഇങ്ങനെ കൂട്ടിച്ചേർത്തു: “യാഹ്വെ എന്ന പദത്തിലും സൂചിപ്പിക്കപ്പെടുന്ന ‘ഞാൻ ആകുന്നവൻ’ എന്ന ഈ പദം, ദൈവം സ്ഥിതിചെയ്യുന്നവനും സർവാതിശായിയായ ഒരുവൻ ആണെന്നും പറയുന്നു. . . യാഹ്വെ ഏകസത്യദൈവമല്ലാതെ മററാരുമല്ല എന്ന് ഇതിൽനിന്നു നാം മനസ്സിലാക്കാൻ ഇടയാകുന്നു.” (g92 9⁄22)
കുപ്പയിൽ സ്വർണ്ണം
ആധുനിക സാങ്കേതികവിദ്യയ്ക്കു നന്ദി, ഇററലിയിലെ ഒരു സ്ഥാപനം വ്യാവസായിക അവശിഷ്ടങ്ങളിൽനിന്നു വിലപ്പെട്ട ലോഹങ്ങൾ വേർതിരിച്ചെടുക്കുന്നു. ഈൽ മെസ്സജേറോ പറയുന്നതനുസരിച്ച് ഇററലിയിലെ അരെസ്സോ നഗത്തിലെ ഒരു ഫാക്ടറി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ലഭിക്കുന്ന അവശിഷ്ടങ്ങളിൽനിന്നു സ്വർണ്ണവും വെള്ളിയും മററു വിലപ്പെട്ട മൂലകങ്ങളും വേർതിരിച്ചെടുക്കുന്നു. വിലപ്പെട്ട മൂലകങ്ങൾ നൽകുന്ന ഈ വസ്തുക്കളിൽ ഫോട്ടോഗ്രാഫിക് പേപ്പർ, കനം കുറഞ്ഞ ലോഹപാളികൾ, മൈക്രോചിപ്പുകൾ, ഉപേക്ഷിക്കപ്പെട്ട ക്യാമറകൾ, കമ്പ്യൂട്ടറുകൾ, മററ് ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. അരെസ്സൊയിലെ ഈ ഒരു ഫാക്ടറി മാത്രം ഒരു വർഷം 120 ടൺ സ്വർണ്ണവും 200 ടൺ വെള്ളിയും 4 ടൺ പല്ലേഡിയവും ഒരു ടൺ പ്ലാററിനവും 100 കിലോഗ്രാം റോഡിയവും ഇറിഡിയത്തിന്റെയും റുഥേനിയത്തിന്റെയും ചെറിയ അളവുകളും വീണ്ടെടുക്കുന്നു. (g92 9⁄22)
വർഗ്ഗീയവാദത്തിന് അടിസ്ഥാനമില്ല
ജനിതകശാസ്ത്രത്തിലെ നൂതനനേട്ടങ്ങളുടെ സഹായത്തോടെ, ദീർഘനാളായി മമനുഷ്യന്റെ ജനിതകസംഹിതയിൽ ഒളിഞ്ഞുകിടന്നിരുന്ന വിവരങ്ങളെ ശാസ്ത്രജ്ഞൻമാർ അനാവരണം ചെയ്തുതുടങ്ങിയിരിക്കുന്നു. അവർ കണ്ടുപിടിച്ചിരിക്കുന്നതു വർഗ്ഗത്തെ സംബന്ധിച്ച പരമ്പരാഗതമായ ആശയഗതികളെ തുടച്ചുനീക്കിയിരിക്കുന്നു എന്ന് ഫ്രെഞ്ച് വർത്തമാനപത്രമായ ലാ ഫീഗൊറോ എഴുതുന്നു. ഉയരം, തൊലിയുടെ നിറം, മററു സവിശേഷതകൾ തുടങ്ങിയ ദൃശ്യവ്യത്യാസങ്ങളോടൊപ്പം മനുഷ്യവർഗ്ഗത്തിനിടയിൽ അസംഖ്യം വൈവിധ്യങ്ങൾ ഉണ്ടെങ്കിലും, ഭൂമിയിലെ സകല ആളുകളും നിസ്സംശയമായും ഒരു അനതിവിദൂര പൂർവ്വകാലത്തു പൊതുമാതാപിതാക്കൻമാരിൽനിന്നും ഒരു പൊതുസ്ഥാനത്തുനിന്നും ഉത്ഭവിച്ചതാണെന്ന് ഇപ്പോൾ ജനിതകശാസ്ത്രജ്ഞൻമാർ സമ്മതിക്കുന്നു. “വർഗ്ഗീയവാദത്തെ ന്യായീകരിക്കുന്നതിനുള്ള കൃത്രിമ വിശദീകരണങ്ങളെല്ലാം ഇല്ലാതാക്കപ്പെട്ടിരിക്കുന്നു” എന്ന് ലാ ഫീഗൊറോ പറയുന്നു. (g92 9⁄22)
സൗന്ദര്യവും പോഷണവും
“പോഷണവും ചർമ്മത്തിന്റെ മാർദ്ദവവും ആളുകൾ കഴിക്കുന്ന ആഹാരത്തിന്റെ ഗുണത്തെ ആശ്രയിച്ചിരിക്കുന്നു. ഇപ്പോഴും പ്രധാന സൗന്ദര്യവർദ്ധകവസ്തു ശരിയായി ആഹാരം കഴിക്കുന്നതാണ്,” എന്നു ബ്രസ്സീലിലെ സവോ പോളോ സർവ്വകലാശാലയിലെ ഔഷധശാസ്ത്ര വിഭാഗം പ്രൊഫസ്സർ ഇഡ കരമിക്കോ അവകാശപ്പെടുന്നു. ഗ്ലോബു സ്യെൻസി എന്ന ബ്രസ്സീലിയൻ മാസിക പറയുന്നപ്രകാരം മലിനീകരണം, വിഷലിപ്ത ഭക്ഷണം, വൈകാരിക പ്രശ്നങ്ങൾ, അമിത സൂര്യപ്രകാശം, വിരോധാഭാസമായി, സൗന്ദര്യവർദ്ധകവസ്തുക്കളുടെ അനുചിത ഉപയോഗവും ചർമ്മം ജീർണ്ണിക്കാൻ ഇടയാക്കും. ചർമ്മത്തെ പുതുക്കുന്നതിനും മൃദുവാക്കുന്നതിനും പഴങ്ങളുടെയും പച്ചക്കറികളുടെയും ധാന്യങ്ങളുടെയും മതിയായ അളവ് ഉൾപ്പെട്ട ഒരു ഭക്ഷണക്രമത്തോടൊപ്പം ദിവസവും ചുരുങ്ങിയത് എട്ടു ഗ്ലാസ്സു വെള്ളം കുടിക്കാൻ ആ മാസിക നിർദ്ദേശിക്കുന്നു. അത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഏതു ബാഹ്യപരിചരണവും ആകാരസൗഷ്ടവത്തെ മെച്ചപ്പെടുത്താൻ ഉതകിയേക്കാം, എന്നാൽ യാതൊരു ഉത്പന്നവും—സ്വാഭാവികമോ കൃത്രിമമോ ആയാലും—നല്ല പോഷകാഹാരത്തിന്റെ ഫലങ്ങളെ കവച്ചുവയ്ക്കുന്നില്ല.” (g92 9⁄22)
“കണ്ണിനു പകരം കണ്ണ്”
സാധാരണയായി കഠിനരായ കുററവാളികൾക്കു ജയിൽ ശിക്ഷകൾ ഒരു പ്രശ്നമേയല്ലാത്തതിനാൽ റെറനസിയിലെ മെംഫിസിലുള്ള ജഡ്ജി ജോസ് ബി. ബ്രൗൺ തന്റെ മുൻപിൽ വിചാരണക്കായി മോഷ്ടാക്കൾ വരുമ്പോൾ ഒരു വ്യത്യസ്ത നയം സ്വീകരിച്ചിരിക്കുന്നു. ദ വാൾ സ്ട്രീററ് ജേർണൽ റിപ്പോർട്ടു ചെയ്തതുപോലെ, “കള്ളന്റെ വീടു സന്ദർശിച്ചു തിരികെ എന്തെങ്കിലും ‘മോഷ്ടിക്കാൻ’, നഷ്ടം നേരിട്ടവരെ അദ്ദേഹം ക്ഷണിക്കുന്നു. സമീപകാലത്തെ അനേകം കേസുകളിൽ കണ്ണിനു പകരം കണ്ണ് എന്ന ബൈബിൾ വാക്യത്തെ, ഒരു സ്വർണ്ണറോളക്സ് വാച്ചിനു പകരം രണ്ടു ശീതകുപ്പായങ്ങൾ എന്നും ഒരു ജോടി സൈക്കിളിനു പകരം സ്ററീരിയോ സ്പീക്കറുകൾ എന്നും ക്രിമിനൽ കോടതിയിലെ ഈ ജഡ്ജി ഭാഷാന്തരം ചെയ്തിരിക്കുന്നു. ഒരു മോഷ്ടാവു രക്ഷപെടാനായി തന്റെ സ്വന്തം കാർ ഉപയോഗിക്കുന്നുവെങ്കിൽ വസ്ത്രങ്ങളോടും ആഭരണങ്ങളോടും മററു വിലപ്പെട്ട വസ്തുക്കളോടും കൂടെ അതും ലഭ്യമാണ്.” നഷ്ടം പരിഹരിക്കപ്പെടുന്നതുവരെ രാത്രിയിലോ പകലോ, ഏതു സമയത്തും കൂടെക്കൂടെ മോഷ്ടാവിന്റെ വീട്ടിൽ പോകാൻ അദ്ദേഹത്തിന്റെ നിയമങ്ങൾ കുററകൃത്യത്തിന്റെ ഇരകളെ അനുവദിക്കുന്നു. എന്നാൽ, വ്യക്തമായ മാർഗ്ഗനിർദ്ദേശക തത്ത്വങ്ങളുണ്ട്. തിരികെ എടുക്കുന്ന വസ്തുക്കൾ മററുള്ളവരിൽനിന്നു മോഷ്ടിച്ചവയല്ല എന്ന് ഉറപ്പുവരുത്താൻ ഒരു പോലീസ് പ്രതിനിധി കൂടെപ്പോകുന്നു. (g92 9⁄22)