ബ്രോൾഗ, കാസോവരി, എമു, ഷാബിരൂ—ഓസ്ട്രേലിയയിലെ ചില അസാധാരണ പക്ഷികൾ
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
ഭയജനകമായ നഖങ്ങൾ ആയുധമായുള്ള ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷിയെന്നറിയപ്പെടുന്ന, പറക്കാൻ കഴിവില്ലാത്ത കാസോവരിക്ക്, ഉഗ്രമായ ശക്തിയോടെ കുതിക്കാനും തൊഴിക്കാനും കീറിപ്പൊളിക്കാനും സാധിക്കും. സമാനമായ വിശേഷതകളുള്ളതും അതുപോലെതന്നെ ആയുധധാരിയുമായ അതിന്റെ ബന്ധു എമുവിനു ചിറകുകളുടെ ആവശ്യമേയില്ല—അതു പായുന്നതു കാറ്റുപോലെയാണ്. നൃത്തം ചെയ്യവേ ബ്രോൾഗ അതിന്റെ സ്രഷ്ടാവും നൃത്തസംവിധായകനുമായവന്റെ പ്രതിഭാവിലാസത്തെ പ്രഘോഷിക്കുന്നു. നീണ്ടു മെലിഞ്ഞ ഷാബിരൂ, വെള്ളത്തിലൂടെ ആയാസപ്പെട്ടു നടക്കുമ്പോൾ പക്ഷികളുടെ പ്രൗഢിക്കും എടുപ്പിനും ഒരു മാതൃകയാണ്. പറക്കുമ്പോഴായാലും ഒരു ഇരയ്ക്കു കാവലിരിക്കുമ്പോഴായാലും ആപ്പിന്റെ ആകൃതിയിൽ വാലുള്ള കഴുകൻ ഒരു തികഞ്ഞ വായുചരനായ വേട്ടക്കാരന്റെ സവിശേഷത കാട്ടുന്നു. അതേ, വിശിഷ്ടങ്ങളായ ഈ പക്ഷികളോരോന്നും വാസ്തവമായും സൃഷ്ടിയിലെ ഓരോ അത്ഭുതങ്ങളാണ്. അപ്പോൾ, സന്തോഷത്തോടെ ഞങ്ങൾ പരിചയപ്പെടുത്തട്ടെ . . .
നിറപ്പകിട്ടാർന്ന കാസോവരി—മഴവനങ്ങളുടെ ചങ്ങാതി
വടക്കുകിഴക്കൻ ഓസ്ട്രേലിയയിലെയും ന്യൂ ഗിനിയയിലെയും തഴച്ചുവളരുന്ന മഴവനങ്ങളിലുള്ള, 30 കിലോഗ്രാമിനും 60 കിലോഗ്രാമിനും ഇടയിൽ തൂക്കമുള്ള തെക്കൻ അല്ലെങ്കിൽ ഇരട്ടത്താടയുള്ള കാസോവരി ഒറ്റതിരിഞ്ഞു നടക്കുന്ന മനോഹരമായ പക്ഷിയാണ്. നിൽക്കുമ്പോൾ ഏകദേശം രണ്ടു മീറ്റർ ഉയരമുള്ള പെൺപക്ഷിക്കാണ് ആണിനെക്കാൾ വലുപ്പം. മാത്രമല്ല, ഇണചേരും കാലമല്ലാത്തപ്പോൾ ബുദ്ധിപൂർവം അവളുടെ വഴിയിൽനിന്ന് അകന്നുനിൽക്കുന്ന ആണിനെക്കാൾ—പക്ഷികളുടെയിടയിൽ അസാധാരണമായി—അൽപ്പം കൂടുതൽ നിറപ്പകിട്ടും അതിനുണ്ട്. ഇണചേരലിനുശേഷം പെൺപക്ഷി തിളങ്ങുന്ന പച്ചനിറമുള്ള ഏതാനും മുട്ടകളിടുന്നു. എന്നാൽ അതുകഴിഞ്ഞ്, അടയിരിക്കലും കുഞ്ഞുങ്ങളുടെ പരിപാലനവും ആണിനെ ഏൽപ്പിച്ചുകൊണ്ട് അവൾ വെറുതെ അലഞ്ഞുതിരിഞ്ഞു നടക്കുന്നു. പിന്നീടു മറ്റ് ആൺപക്ഷികളുമായി അവൾ ഇണചേരുകയും ഓരോരുത്തർക്കും പരിപാലനത്തിനായി ഏതാനും മുട്ടകൾ ഏൽപ്പിക്കുകയും ചെയ്യുന്നു!
എന്നിരുന്നാലും, വനനശീകരണം കാസോവരികൾക്കു വിപത്തായിത്തീരുന്നു. അവയുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമത്തിൽ ക്വീൻസ്ലാൻഡിലെ, ടൗൺസ്വില്ലിക്കടുത്തുള്ള ബില്ലബോൺ വന്യമൃഗസംരക്ഷണകേന്ദ്രം പക്ഷികളെ പാകത്തിനു വളർച്ചയെത്തിക്കഴിയുമ്പോൾ തിരിച്ചു വനത്തിലേക്കു വിടണമെന്ന ഉദ്ദേശ്യത്തിൽ കൂട്ടിലാക്കി പ്രജനനം നടത്തുന്ന ഒരു പരിപാടി ആവിഷ്കരിച്ചു. മിശ്രഭുക്കാണെങ്കിലും, കാസോവരികൾ പ്രധാനമായും ഭക്ഷിക്കുന്നതു പഴങ്ങളാണ്, അവ അതു മുഴുവനോടെ വിഴുങ്ങുന്നു. അങ്ങനെ ഏകദേശം ഒരു നൂറു തരം ചെടികളുടെ വിത്തുകളെങ്കിലും പക്ഷികളുടെ കുടലിലൂടെ ദഹിക്കാതെ കടന്നുപോകുന്നു. അവ, ഒരു സംരക്ഷണമായി വർത്തിക്കുന്ന പോഷകപ്രദമായ വളത്തിന്റെ പിണ്ഡത്തോടൊപ്പം കാട്ടിൽ മുഴുവൻ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നു. ഇതു കാസോവരിയെ ആശ്രിത വർഗമാക്കിയേക്കാം, കാരണം അവയുടെ തിരോധാനത്തെ തുടർന്നു ഗണ്യമായ ദ്വിതീയ വംശനാശം ഉണ്ടായേക്കാമെന്നു സംരക്ഷണകേന്ദ്രത്തിലെ വിദഗ്ധർ പറയുന്നു. എന്നാൽ ഈ പക്ഷി മനുഷ്യർക്ക് അപകടകാരിയാണോ?
കൂടുതൽ അടുത്തുചെല്ലുന്ന ബുദ്ധിഹീനർക്കു മാത്രം. യഥാർഥത്തിൽ, കാസോവരി എപ്പോഴെങ്കിലും മനുഷ്യന് ഭീഷണി ആയിരുന്നതിനെക്കാൾ ഏറെ മനുഷ്യർ കാസോവരിക്കാണ് ഭീഷണിയായിരിക്കുന്നത്. നിങ്ങൾക്ക് അത് അടുത്തെത്തി എന്ന മുന്നറിയിപ്പുതരാനായി ഈ പക്ഷി മഴവനങ്ങളുടെ ഇരുണ്ട നിഴലുകളിൽ മുഴങ്ങുന്ന കർക്കശമായ മൂളൽ ശബ്ദമുണ്ടാക്കുന്നു. ആ സൂചന സ്വീകരിക്കുക, കൂടുതൽ അടുത്തു പോകാതിരിക്കുക. ഏറ്റവും സാധ്യതയനുസരിച്ച് അത് അതിന്റെ ശിരസ്സിനെ സംരക്ഷിക്കാനുള്ള കടുപ്പമേറിയ ശിരോഫലകം അല്ലെങ്കിൽ ശിരോകവചം ഉപയോഗിച്ചുകൊണ്ട് പൊന്തകൾക്കിടയിലൂടെ നിഷ്ക്രമിച്ചുകൊള്ളും. പക്ഷേ, നിങ്ങൾ അധികം അടുത്തുചെന്നാൽ രക്ഷാമാർഗമില്ലാതവണ്ണം ഒരു കോണിലകപ്പെടുമ്പോഴോ, മുറിവേൽക്കുമ്പോഴോ, അല്ലെങ്കിൽ കുഞ്ഞുങ്ങളെ സംരക്ഷിക്കുമ്പോഴോ അവ ആക്രമിക്കാനിടയുണ്ട്.
എമു—നാടോടിയും ദേശീയചിഹ്നവും
കാസോവരിയുടെ അടുത്ത ബന്ധുവും അൽപ്പം ഉയരക്കൂടുതലുമുള്ള എമുവിനെ ഒറ്റപ്പെട്ട ഓസ്ട്രേലിയൻ ഗ്രാമപ്രദേശങ്ങളുടെ മിക്കവാറുമെല്ലാ ഭാഗങ്ങളിലും കാണാം. പക്ഷികളിൽ ഒട്ടകപ്പക്ഷിക്കു മാത്രമേ ഇതിനെക്കാൾ വലുപ്പമുള്ളൂ. ഭീരുവായ എമുവിനു മണിക്കൂറിൽ ഏകദേശം 50 കിലോമീറ്റർ വേഗതയിൽ പൊടുന്നനവെയുള്ള കുതിപ്പുകൾക്കു പര്യാപ്തമായ നീണ്ട ബലമുള്ള കാലുകളും കാസോവരിയെപ്പോലെ ഓരോ പാദത്തിലും മൂന്നു വീതം മാരകമായ നഖങ്ങളും ഉണ്ട്. എന്നിരുന്നാലും, അതിന്റെ പ്രാദേശിക ബന്ധുവിൽനിന്നും വ്യത്യസ്തമായി എമു ഒരു അലഞ്ഞുതിരിഞ്ഞുനടക്കുന്ന നാടോടിയും അപൂർവമായി മാത്രം ആക്രമണ സ്വഭാവമുള്ളതുമാണ്. അത് ഫലത്തിൽ കിട്ടുന്നതെന്തും തിന്നും—ചിത്രശലഭപ്പുഴുക്കൾ, കാബേജുകൾ തുടങ്ങി പഴയ ബൂട്ടുകൾ പോലും! ഒരിക്കൽ പെൺ എമു കടുംപച്ച നിറത്തിലുള്ള മുട്ടകളിട്ടുകഴിഞ്ഞാൽ—സാധാരണമായി 7-നും 10-നും ഇടയ്ക്ക്, പക്ഷേ ചിലപ്പോൾ 20 വരെയാകാം—അവളും, കാസോവരിയെപ്പോലെ അടയിരിക്കലും പരിപാലനവും ആൺപക്ഷിയെ ഏൽപ്പിക്കുന്നു.
യൂറോപ്യന്മാരുമായി സന്ധിച്ചതാണ് എമുവിനെ കഷ്ടത്തിലാക്കിയത്. കുടിയേറ്റക്കാർ വളരെവേഗംതന്നെ ടാസ്മാനിയയിൽനിന്നും അതിനെ നിർമൂലമാക്കി. വൻകരയിൽ ഗോതമ്പിനോടുള്ള പ്രിയം അതിനു ക്ഷുദ്രജീവി എന്ന പേരു നേടിക്കൊടുക്കുകയും അതിനെ ഉപദ്രവകാരികളായ മൃഗങ്ങളെ പ്രതിഫലംപറ്റി വേട്ടയാടുന്നവരുടെ ഇരയാക്കുകയും ചെയ്തു. ഈ അനിയന്ത്രിതമായ കശാപ്പെല്ലാം നടന്നിട്ടും, എമുകളുടെ എണ്ണം ആശ്ചര്യജനകമാംവിധം പൂർവസ്ഥിതിപ്രാപിച്ചുകൊണ്ടിരുന്നു, അത് അത്രയധികമായിരുന്നതിനാൽ പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ 1932-ൽ ആ പക്ഷിയുടെ നേരെ ഒരു സമ്പൂർണ യുദ്ധപ്രഖ്യാപനം നടന്നു. ഗവൺമെൻറ് സൈന്യത്തെയും രണ്ടു ലൂയിസ് യന്ത്രത്തോക്കുകളെയും രംഗത്തുകൊണ്ടുവരുകതന്നെ ചെയ്തു! എന്നാൽ, ബുദ്ധിക്കു പ്രസിദ്ധമല്ലെങ്കിൽപോലും എമുവാണ് ഈ യുദ്ധത്തിൽ ജയിച്ചത്. “യുദ്ധം” ഒരു പൊതുപ്രഹസനവും ഒരു രാഷ്ട്രീയ നാണക്കേടും ആയിരുന്നു; പതിനായിരം റൗണ്ടുവെടിവെപ്പിൽ, കൂടിവന്നാൽ, ഏതാനും ശതം പക്ഷികൾ കൊല്ലപ്പെട്ടിട്ടുണ്ടാവും. പക്ഷേ, പിന്നത്തെ തുടർച്ചയായ, ഉപദ്രവവും ദുരുപയോഗവുംകൊണ്ടുള്ള ക്ഷയിപ്പിക്കൽയുദ്ധത്തിൽ—ഒരു വശത്ത് എമുവും മറുവശത്ത് പ്രതിഫലത്തിനുവേണ്ടി പക്ഷിയെ വേട്ടയാടുന്നവരുടെ ഇരട്ടക്കുഴൽ ആക്രമണവും ഗവൺമെൻറ് പിന്തുണയോടെ കൃഷിക്കാർക്കു വിതരണം ചെയ്ത സൗജന്യ വെടിക്കോപ്പുകളും കൂടിയായപ്പോൾ—എമുകൾക്കു മേലാൽ ചെറുത്തുനിൽക്കാനായില്ല.
എങ്കിലും, ഇപ്പോൾ എമു ഒരു ദേശീയചിഹ്നമാണ്. അത് ഓസ്ട്രേലിയയുടെ കുലചിഹ്നത്തിൽ കങ്കാരുവിനെ അഭിമാനത്തോടെ അഭിമുഖീകരിക്കുന്നതായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു, അതു സുരക്ഷിതത്വബോധത്തോടെ കുറ്റിക്കാട്ടിൽ അലഞ്ഞുതിരിയുന്നു. വരൾച്ചയാണ് അതിന്റെ ഇപ്പോഴത്തെ മുഖ്യശത്രു. എമുകളെ, പൂർണമായി കൊഴുപ്പുവിമുക്തമായ മാംസം, ബലമേറിയതും ഈടുനിൽക്കുന്നതുമായ തുകൽ, തൂവലുകൾ, പക്ഷിയുടെ നെഞ്ചിലുള്ള മൃദുവായ കൊഴുപ്പുകലകളിൽനിന്നും ഉത്പാദിപ്പിക്കപ്പെടുന്ന എണ്ണ തുടങ്ങി പലതരം ഉത്പന്നങ്ങൾക്കായി പരീക്ഷണാർഥം പ്രജനനം നടത്തുകയോ വളർത്തുകയോ പോലും ചെയ്യുന്നു. ഈ കൊഴുപ്പുശേഖരമാണു മാംസം പൂർണമായി കൊഴുപ്പുവിമുക്തമാകാൻ കാരണം.
നിങ്ങൾക്കു നൃത്തംചെയ്യാൻ ഇഷ്ടമാണോ?
ഒരുപക്ഷേ അല്ലായിരിക്കാം, എന്നാൽ ബ്രോൾഗകൾക്കു നിശ്ചയമായും ഇഷ്ടമാണ്. അവയുടെ നദീതീര “നൃത്തശാല”യിൽ, ഓസ്ട്രേലിയയുടെ ജലപക്ഷികൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു, “[ചാരനിറമുള്ള ഈ കൊക്കുകളിൽ], ഒരു ജോടിമുതൽ ഒരു ഡസൻവരെയോ അത്രത്തോളമോ പക്ഷികൾ, ഒന്നിനെതിരെ ഒന്നായി ഏതാണ്ടു വരിയൊപ്പിച്ചുനിൽക്കുകയും നൃത്തം തുടങ്ങുകയും ചെയ്യുന്നു. അവ ചിറകുകൾ പാതി തുറന്നുപിടിച്ചും ഇളക്കിയും തങ്ങളുടെ കമ്പുപോലുള്ള കാലുകളിൽ മുമ്പോട്ടു തത്തുന്നു. തങ്ങളുടെ തല കുനിക്കുകയും കുലുക്കുകയും, മെല്ലെ കളകളാരവം പൊഴിക്കുകയും ചൂളമടിക്കുകയും ചെയ്തുകൊണ്ട്, അവ മുമ്പോട്ടും പിമ്പോട്ടും നീങ്ങുന്നു. ഇടക്കിടയ്ക്ക്, ഒരു പക്ഷി ഒന്നു നിന്ന്, അതിന്റെ തല പുറകോട്ടിട്ടു വന്യമായി കാഹളം മുഴക്കുന്നു. ആ പക്ഷികൾ ഏകദേശം ഒരു മീറ്റർ ഉയരത്തിൽ വായുവിലേക്കു കുതിക്കുകയും കറുപ്പും ചാരനിറവുമാർന്ന ചിറകുകൾ കുടപോലെയാക്കി നിലത്തേക്കു താണിറങ്ങുകയും ചെയ്തേക്കാം. ബ്രോൾഗകൾ ചുള്ളിക്കമ്പുകളോ പുല്ലോ തട്ടിത്തെറിപ്പിക്കുകയും അവ വീഴുമ്പോൾ പിടിക്കാനോ അല്ലെങ്കിൽ തങ്ങളുടെ ചുണ്ടുകൾകൊണ്ട് പിളർക്കാനോ ശ്രമിക്കുകയും ചെയ്യുന്നു.” ഒരു ആവേശജനകമായ പ്രകടനം തന്നെ, പ്രത്യേകിച്ച്, നിൽക്കുമ്പോൾ ഒരു മീറ്ററിലധികം ഉയരവും ചിറകുവിരിക്കുമ്പോൾ ഏകദേശം രണ്ടു മീറ്റർ വ്യാപ്തിമുള്ള അവയുടെ വലുപ്പം കണക്കിലെടുക്കുമ്പോൾ!
പ്രജനനകാലത്ത് പല വർഗത്തിൽപ്പെട്ട പക്ഷികൾ വിപുലമായ ഇണചേരൽ പ്രകടനങ്ങൾ കാഴ്ചവെക്കാറുണ്ടെങ്കിലും, കൊക്കുകളിൽ വെച്ച് ഏറ്റവും വലുപ്പമുള്ളവയിലൊന്നായ ബ്രോൾഗ, ഒരു ഉത്സുകനായ മുഴുവർഷ നർത്തകനാണ്. വാസ്തവത്തിൽ, അതിന്റെ പേരു വരുന്നതുതന്നെ ബൂറുൾഗ എന്നു പേരുള്ള ഒരു പ്രസിദ്ധയായ നർത്തകിയെ സംബന്ധിച്ച ആദിവാസി ഐതിഹ്യത്തിൽനിന്നാണ്. അവൾ ഒരു ദുഷ്ടമാന്ത്രികന്റെ താത്പര്യങ്ങൾക്കു വഴങ്ങിയില്ല. പ്രതികരണമായി അയാൾ അവളെ മനോഹരമായ ഒരു കൊക്കാക്കിമാറ്റിയത്രേ.
ഷാബിരൂ—ഓസ്ട്രേലിയയുടെ ഒരേയൊരു ഞാറപ്പക്ഷി
ചതുപ്പുനിലങ്ങളിലെ ഒരു പക്ഷിയായ ഷാബിരൂ, അല്ലെങ്കിൽ കറുത്ത കഴുത്തുള്ള ഞാറപ്പക്ഷി ചൂടും ഈർപ്പവും നിറഞ്ഞ ഓസ്ട്രേലിയയുടെ വടക്കും കിഴക്കുമുള്ള തീരപ്രദേശങ്ങളിൽ സാധാരണമായി കാണപ്പെടുന്നു. (തെക്കേ അമേരിക്കൻ ഷാബിരൂ മറ്റൊരു തരം ഞാറപ്പക്ഷിയാണ്.) മെലിഞ്ഞ്, 130 സെൻറിമീറ്റർ നീളവും നിറപ്പകിട്ടുമുള്ള ഷാബിരൂവിനെ, ചതുപ്പുനിലങ്ങളിലുള്ള മറ്റ് അസംഖ്യം പക്ഷികളുടെയിടയിൽനിന്ന് ഒറ്റ നോട്ടത്തിൽ തിരിച്ചറിയാനാവും. ജലാശയങ്ങളുടെ ആഴമില്ലാത്ത ഭാഗങ്ങളിലൂടെയുള്ള പ്രൗഢമായ നടത്തത്തിനിടയിൽ അതിന്റെ ബലമേറിയ കൊക്കുകളുപയോഗിച്ചു വെള്ളത്തിൽ പെട്ടെന്നു ശക്തമായി കുത്തുന്നതിനാൽ ആ ശക്തിയെ പ്രതിരോധിക്കാനായി അതിനു തന്റെ ചിറകുകൾ ഭാഗികമായി തുറക്കേണ്ടിവരുന്നു.
ആ ചിറകുകൾ എത്ര ബലവത്താണ്! ഷാബിരൂ, അറ്റത്തോടറ്റം ഏകദേശം രണ്ടു മീറ്റർ നീളമുള്ളതും വിരലുകൾ പോലെ വിടർന്നു നിൽക്കുന്ന പൊള്ളത്തൂവലുകളോടു കൂടിയതുമായ ചിറകുകൾ വിരിച്ചുപിടിച്ച്, ആകാശത്തിൽ അതൊരു ചെറിയ കുരിശടയാളം മാത്രമായിത്തീരുന്നതുവരെ സാവധാനം വട്ടമിട്ടു മുകളിലേക്ക് ഉയരുന്നു. നീളമേറിയ ചിറകുകളും കഴുത്തും കാലുകളുമുള്ള, ഭൂമധ്യരേഖയോടടുത്തായി അസ്തമിച്ചുകൊണ്ടിരിക്കുന്ന വലിയ സൂര്യഗോളത്തിൽ രൂപരേഖ സൃഷ്ടിക്കുന്ന വായുവാഹക ഷാബിരൂ വടക്കൻ ഓസ്ട്രേലിയയിലെ ചതുപ്പുനിലങ്ങളുടെ പ്രിയങ്കരമായ പ്രതീകമാണ്.
ആപ്പിന്റെ ആകൃതിയിൽ വാലുള്ള കഴുകൻ—ആകാശ രാജൻ
വിക്ടോറിയയിലെ ഒരു പർവത ശിഖരത്തിൽനിന്ന് ഒരു കല്ലേറുദൂരം മാറി, മറ്റെല്ലാ പക്ഷികളെയും ആകാശത്തുനിന്നു തുരത്തിയ ഒരു അതിശക്തമായ കാറ്റിനെ ചെറുത്തുകൊണ്ട്, ആപ്പിന്റെ ആകൃതിയിൽ വാലുള്ള ഒരു കഴുകൻ അനായാസമായി പാറിനടന്നു. എഴുത്തുകാരനായ ഡേവിഡ് ഹോളെൻഡ്സ് കണ്ടിട്ടുള്ളതിലേക്കുംവെച്ച് ഏറ്റവും വലിയ ഈ ആകാശിക അഭ്യാസപ്രകടനത്തെപ്പറ്റി ഇങ്ങനെ സാക്ഷീകരിച്ചു: “ഈ ക്ഷുഭിതമായ മാധ്യമത്തിലും ഫലത്തിൽ ഇളക്കമില്ലാതെ, സുഖകരമായി കഴുകൻ അവിടെ തങ്ങിനിന്നു. . . . ഞാൻ നോക്കിക്കൊണ്ടിരുന്നപ്പോൾ, അത് അതിന്റെ ചിറകുകൾ ചുരുക്കി കുത്തനെ താഴേക്കു വീണു. നൂറു മീറ്ററോളം താഴേക്കു പതിച്ചുകഴിഞ്ഞപ്പോൾ വീണ്ടും ഏതാണ്ട് അതേ ഉയരത്തിൽ എത്തത്തക്കവിധം റോക്കറ്റുപോലെ അതിനെ മുകളിലേക്കു കൊണ്ടുപോകാനിടയാക്കിക്കൊണ്ട് ചിറകുകൾ അത്രവളരെക്കുറച്ചുമാത്രം തുറന്ന്. . . . അതു തിരശ്ചീനതലത്തിൽ അർധവൃത്താകൃതിയിൽ തിരിഞ്ഞുകൊണ്ടു പൂർവസ്ഥിതി പ്രാപിച്ചു. പിന്നീടു കൂടുതൽ ഉയരത്തിലേക്കു പോയി വീണ്ടുംവീണ്ടും ചാട്ടം ആവർത്തിച്ചു, ഒരു സമനിലയുള്ളതും രോമാഞ്ചജനകവുമായ പ്രകടനത്തിൽ നാടകീയമായി താഴ്വാരനിലത്തേക്കും വീണ്ടും മുകളിലേക്കും കുതിച്ചുചെന്നുകൊണ്ട് ഇതാവർത്തിച്ചു.”
രണ്ടരമീറ്റർ ചിറകുവിരിവും വ്യതിരിക്തമായ ആപ്പിന്റെ ആകൃതിയിൽ വാലുമുള്ള, ഈ അഭികാമ്യനും ശക്തനുമായ ചക്രവർത്തിയെ ഓസ്ട്രേലിയൻ ആകാശങ്ങളിലെ മറ്റൊരു പക്ഷിയായി സംശയിക്കുക അസാധ്യമാണ്. അതിന്റെ നഖങ്ങൾക്കു മൂന്നു ടൺ വരുന്ന ശക്തിയോടെ മുറുക്കിപ്പിടിക്കാനാകും! പക്ഷേ, ഒരുകാലത്ത് ആപ്പിന്റെ ആകൃതിയിൽ വാലുള്ള കഴുകനെ കാണുന്നതിനുള്ള ഒരേയൊരു “ശരിയായ” വഴി തോക്കിൻകുഴലിലൂടെ കാണുക മാത്രമായിരുന്നു. സാൽമൺ മത്സ്യത്തിന്റെയും രോമചർമത്തിന്റെയും വ്യവസായങ്ങളെ സംരക്ഷിക്കാനായി ദയയില്ലാതെ വെടിവെച്ചിട്ട അതിന്റെ ബന്ധുവായ അമേരിക്കയിലെ വെള്ളത്തലയൻ കടൽക്കഴുകനെപ്പോലെ ഈ ഓസ്ട്രേലിയൻ കഴുകനും വല്ലപ്പോഴും ഒരു ആട്ടിൻകുട്ടിയെ കൊണ്ടുപോകുന്നതിന്റെപേരിൽ പീഡിപ്പിക്കപ്പെട്ടു. “ആപ്പിന്റെ ആകൃതിയിൽ വാലുള്ള കഴുകൻ പീഡിപ്പിക്കപ്പെട്ടതുപോലെ അത്ര തീവ്രമായി പീഡിപ്പിക്കപ്പെട്ട ഇരപിടിയൻ പക്ഷികൾ ലോകത്തിൽ അധികമുണ്ടാകുകയില്ല . . . ഏകദേശം നൂറുവർഷക്കാലത്തോളം അവ ഉപദ്രവകാരികളായാണു കണക്കാക്കപ്പെട്ടിരുന്നത് . . . , കൊന്നതിന്റെ തെളിവു ഹാജരാക്കുന്നവർക്കു പണപരമായ ബോണസുകൾ പോലും കൊടുത്തിരുന്നു” എന്ന് ഇര പിടിയൻ പക്ഷികൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു.
എന്നിരുന്നാലും, വർഷങ്ങൾ പിന്നിട്ടപ്പോൾ ആരോപണങ്ങൾ പിൻവലിക്കപ്പെട്ടു. അതിന്റെ പ്രധാന ആഹാരം കാട്ടുമുയലുകളും സ്വന്തം തൂക്കത്തിന്റെ ഇരട്ടിവരുന്ന കംഗാരുകൾ ഉൾപ്പെടെയുള്ള മറ്റു സ്വദേശ മൃഗങ്ങളുമാണെന്നു തെളിഞ്ഞു. ഈ വെളിപ്പെടുത്തൽ ഒടുക്കം, കഴുകനു മനുഷ്യരുമായി മൈത്രിയും നിയമപരമായ സംരക്ഷണവും നേടിക്കൊടുത്തു.
സത്യത്തിൽ, ഭൂമിയിലെ ജീവന്റെ സന്തുലിതാവസ്ഥയുടെ ഇഴകളിൽ എത്ര വിസ്മയാവഹമായ വിധത്തിൽ സങ്കീർണവും മനോഹരവും സുപ്രധാനവുമായ ഭാഗമാണു പക്ഷികൾ! നമ്മൾ കാലക്രമത്തിൽ ഇതു പഠിച്ചേക്കാം, പക്ഷേ അത്യാഗ്രഹവും അറിവില്ലായ്മയും ഹാനി വരുത്തിയശേഷം വളരെ വൈകിയാണു മിക്കപ്പോഴും ജ്ഞാനം വരാറുള്ളത്. എങ്കിലും, നാം ശ്രദ്ധ കൊടുക്കുന്നുവെങ്കിൽ, ഈ മനോജ്ഞ ഗ്രഹത്തിലെ ആകാശങ്ങളിലും കാടുകളിലും ചതുപ്പുകളിലുമുള്ള കളകളശബ്ദങ്ങളാലും ചിലപ്പുകളാലും ചൂളമടികളാലും കൂജനങ്ങളാലും കുഴൽവിളികളാലും ക്വാക്ക്ശബ്ദങ്ങളാലും കൂവലുകളാലും നമ്മുടെ കാതുകൾക്ക് ഇപ്പോൾപോലും കോൾമയിർ കൊള്ളാനാവും എന്നറിയുന്നത് എത്ര ആശ്വാസദായകമാണ്!
[16-ാം പേജിലെ ചിത്രങ്ങൾ]
കാസോവരി
ബ്രോൾഗ
[കടപ്പാട്]
Left and bottom: Australian Tourist Commission (ATC); top middle and right: Billabong Sanctuary, Townsville, Australia
[17-ാം പേജിലെ ചിത്രങ്ങൾ]
കഴുകൻ
എമു
ഷാബിരൂ
[കടപ്പാട്]
Eagle chicks and emu head: Graham Robertson/NSW National Parks and Wildlife Service, Australia; flying eagle: NSW National Parks and Wildlife Service, Australia; emu with young and jabiru: Australian Tourist Commission (ATC)
[15-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Left: Graham Robertson/NSW National Parks and Wildlife Service, Australia; right: Australian Tourist Commission (ATC); top: Billabong Sanctuary, Townsville, Australia