ലോകത്തെ വീക്ഷിക്കൽ
വ്യായാമവും ഉറക്കവും
“പ്രായമുള്ളവർക്ക് ഉറക്കക്കുറവിനുള്ള പരിഹാരം വ്യായാമമായിരുന്നേക്കാം” എന്ന് ആർത്രൈററിസ് ററുഡേ എന്ന മാസിക പ്രസ്താവിക്കുന്നു. യു.എസ്.എ., നോർത്ത് കരോളിനയിലെ അടുത്തകാലത്തെ ഒരു പഠനത്തിൽ 60 വയസ്സുമുതൽ 72 വയസ്സുവരെ പ്രായമുള്ള 24 ആളുകളുടെ ഒരു സമൂഹത്തെ രണ്ടു വിഭാഗങ്ങളായി തിരിച്ചു. കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും, ഒരു കൂട്ടർ ആഴ്ചയിൽ മൂന്നോ അതിൽക്കൂടുതലോ പ്രാവശ്യം നന്നായി വ്യായാമം ചെയ്തു; മറേറ വിഭാഗം ഏററവും കുറഞ്ഞ അളവിലും ക്രമരഹിതമായും വ്യായാമം ചെയ്തു. ക്രമമായും ഊർജസ്വലമായും വ്യായാമം ചെയ്തവർ, തങ്ങളുടെ കുത്തിയിരിപ്പുകാരായ ചങ്ങാതിമാരുടെ ശരാശരി ഇരുമടങ്ങു വേഗത്തിൽ ഉറങ്ങിയതായി കണ്ടെത്തപ്പെട്ടു. അവരെ പരിശോധിച്ചത് അവർ വ്യായാമം ചെയ്തിട്ടുണ്ടായിരുന്ന ദിവസമായാലും മറെറാരു ദിവസമായാലും ശരി, ഇതു സത്യമായിരുന്നു. മാസിക ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “അവർ രാത്രിയിൽ കുറച്ചു സമയം മാത്രമേ ഉണർന്നിരുന്നു ചെലവഴിച്ചുമുള്ളു.”
യുവ മദ്യപാനികൾ
“ബ്രിട്ടനിലെ ഏകദേശം 90,000 കുട്ടികൾ അമിത മദ്യപാനികളായി കണക്കാക്കപ്പെടുന്നു” എന്ന് ദ സൺഡേ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ബ്രിട്ടീഷ് ഗവൺമെൻറ്, പുരുഷൻമാർക്ക് ഏററവും കൂടിയത് ആഴ്ചതോറും 21 യൂണിററും സ്ത്രീകൾക്ക് 14 യൂണിററും എന്ന തോതിൽ മദ്യത്തിന്റെ ഒരു പരിധി നിർണയിക്കുന്നു. ഒരു യൂണിററ്, ഒരു ഗ്ലാസു വീഞ്ഞോ വീര്യംകൂടിയ മദ്യത്തിന്റെ ഒരു അളവോ അരക്കുപ്പി ബിയറോ ആണ്. ബ്രിട്ടനിലെ 18,000 സ്കൂൾ കുട്ടികളുടെ അടുത്തകാലത്തെ ഒരു പഠനം, 15 വയസ്സുള്ള ആൺകുട്ടികളുടെ 11.5 ശതമാനം പ്രായപൂർത്തിയായ ആളുകൾക്ക് ആഴ്ചതോറും നിശ്ചയിച്ചിരുന്ന പരിധിയിൽ കൂടുതൽ മദ്യപിച്ചിരുന്നതായി കണ്ടെത്തി. പെൺകുട്ടികളുടെ ഇടയിൽ, 14-ഉം 15-ഉം വയസ്സുള്ള 20 പേരിൽ ഒരാൾവീതം മുതിർന്ന സ്ത്രീകൾക്കു നിശ്ചയിച്ചിട്ടുള്ള പരിധിയിൽ അധികം കുടിക്കുന്നതായി സമ്മതിച്ചു. ഉത്ക്കണ്ഠയുളവാക്കുന്ന ഈ സ്ഥിതിവിവരക്കണക്കുകൾ പ്രശ്നത്തിന്റെ യഥാർഥ തോതിനെ കുറച്ചുകാണിക്കുകയാണെന്നു ഗവേഷകർ വിശ്വസിക്കുന്നു.
അപകടകരമായ ഡ്രൈവിംഗ്
റോഡ്മാപ്പുകൾ വായിക്കൽ, ടേപ്പ്റെക്കാർഡുകളിൽ ശബ്ദലേഖനം ചെയ്യൽ, കൊണ്ടുനടക്കാവുന്ന ടെലിഫോണുകൾ ഉപയോഗിക്കൽ, സ്ത്രീകൾ തങ്ങളുടെ കാലുറകൾ മാറൽ, ഒരു ദക്ഷിണാഫ്രിക്കൻ പത്രമായ ദ സ്ററാർ പറയുന്നതനുസരിച്ച്, ഇവയൊക്കെ വണ്ടിയോടിക്കുമ്പോൾ, ചിലപ്പോൾ അമിതമായ വേഗതയായ മണിക്കൂറിൽ 100 കിലോമീറററിൽ വണ്ടിയോടിക്കുമ്പോൾ ആളുകൾ ചെയ്യുന്ന കാര്യങ്ങളിൽ ചിലതാണ്. ആളുകൾ വണ്ടിയോടിക്കുമ്പോൾ രണ്ടു കയ്യും ഉപയോഗിച്ചു പല്ലിട വൃത്തിയാക്കുന്നതു താൻ പലപ്പോഴും കാണാറുണ്ടെന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ സൂചിപ്പിക്കുന്നു! ഡ്രൈവർമാർ പല്ലുതേക്കുന്നതായും കഴുകുന്നതായും കാണപ്പെട്ടിട്ടുണ്ട്. ഒരു സ്ത്രീ തന്റെ പുത്രനെ സ്കൂളിൽ കൊണ്ടുപോകുന്നവഴി അവന്റെ മുടിവെട്ടിക്കൊടുത്തു. മണിക്കൂറിൽ തൊണ്ണൂറു കിലോമീറററിൽ വണ്ടിയോടിക്കവേ ഒരു അമ്മ തന്റെ കുഞ്ഞിന്റെ നാപ്കിൻ മാററുന്നതായി കാണപ്പെട്ടു. വണ്ടിയോടിക്കുന്നവർ ഇത്തരത്തിലുള്ള അപകടസാധ്യതകൾ എന്തിനു വഹിക്കണം? ദീർഘദൂരയാത്രകളും വാഹനതടസ്സങ്ങളും കാറിൽ ചെലവഴിക്കുന്ന സമയത്തിന്റെ “നല്ല” ഉപയോഗം നടത്താൻ ഡ്രൈവർമാരെ പ്രേരിപ്പിച്ചേക്കാം എന്ന് ഒരു ഉദ്യോഗസ്ഥൻ പറയുകയുണ്ടായി. എന്നിരുന്നാലും, ഗുരുതരമായ അപകടങ്ങളിൽ കൊണ്ടെത്തിക്കാൻ ഈ ശ്രദ്ധാശൈഥില്യങ്ങൾക്കു കഴിയും എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സിസേറിയൻ ജനനങ്ങൾ ഏറെ സുരക്ഷിതമാണോ?
ശസ്ത്രക്രിയ ഏറെ സുരക്ഷിതവും വേദന കുറഞ്ഞതുമായിരിക്കും എന്ന വിശ്വാസത്തിൽ സിസേറിയൻ വഴി ജൻമമേകുന്നത് അനേകം സ്ത്രീകൾ ഇഷ്ടപ്പെടുന്നു. ഷോർനൽ ഡോ ബ്രാസീൽ പറയുന്നതനുസരിച്ച്, സാധാരണരീതിയിലുള്ള ഒരു “ജനനം സാധാരണഗതിയിൽ ശരാശരി 8 മുതൽ 12 വരെ മണിക്കൂറുകൾ എടുക്കുകയും അതു സംഭവിക്കുന്നതിന് ഒരു നിശ്ചിത തീയതി ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ, ശസ്ത്രക്രിയ മുൻകൂട്ടി നിശ്ചയിക്കാൻ കഴിയുന്നു, കൂടിവന്നാൽ ഒരു മണിക്കൂറെ എടുക്കുകയും ഉള്ളു.” എന്നിരുന്നാലും, പ്രസവചികിത്സാവിദഗ്ധനായ ഫെർനാൻഡോ എസ്റെറലീററാ ലീൻസ് ഇപ്രകാരം പറയുന്നതായി ഉദ്ധരിക്കപ്പെട്ടു: “ശസ്ത്രക്രിയമൂലമുണ്ടാകുന്ന അണുബാധയും രക്തസ്രാവവും നിമിത്തമുള്ള അത്യാഹിതങ്ങളുടെ എണ്ണം ഒരു സിസേറിയൻ നടത്തപ്പെട്ടിട്ടുള്ള സ്ത്രീകളുടെ ഇടയിൽ വളരെ കൂടുതലാണ്.” “സിസേറിയൻ നിമിത്തമുള്ള മാതൃമരണം ലക്ഷത്തിന് 95 ആയിരുന്നപ്പോൾ, യോനിയിലൂടെയുള്ള ശിശുജനനം നിമിത്തമുള്ളത് ലക്ഷത്തിന് 43 ആയിരുന്നു” എന്ന് ബ്രസീലിയൻ ഗവേഷണം പ്രകടമാക്കി. (g93 6/22)
കൗമാരപ്രായക്കാർ സംഘടിത മതത്തെ നിരാകരിക്കുന്നു
കനേഡിയൻ കൗമാരപ്രായക്കാർ മതനേതാക്കൻമാരുടെ ബോധമുണർത്തുമാറ് ഗുരുതരമായ ഒരു സന്ദേശം അവരെ അറിയിക്കുന്നു: ദൈവവചനത്തിന്റെ ഗുരുക്കൻമാർ എന്നനിലയിൽ പുരോഹിതവർഗം പരാജയപ്പെട്ടിരിക്കുന്നു. മുമ്പെന്നത്തെക്കാളും വളരെക്കുറച്ചു കൗമാരപ്രായക്കാർ മാത്രമേ സംഘടിത മതത്തെ പിന്തുണക്കുന്നുള്ളു എന്ന് അടുത്തകാലത്തെ ഒരു ദേശീയ സർവേ വെളിപ്പെടുത്തുന്നു. ഒരു മതവിഭാഗവുമായുള്ള ബന്ധം തങ്ങളുടെ ജീവിതത്തിൽ പ്രധാനമാണെന്നു വെറും 10 ശതമാനമേ വിശ്വസിക്കുന്നുള്ളു. എങ്കിലും “80 ശതമാനത്തിലധികംപേർ ജനനം, വിവാഹം, മരണം എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കായി സംഘടിത മതത്തിലേക്കു തിരിയുന്നു” എന്ന് ദ റെറാറൊന്റോ സ്ററാർ റിപ്പോർട്ടു ചെയ്യുന്നു. രസാവഹമായി, 80 ശതമാനം ദൈവത്തിന്റെ അസ്തിത്വത്തിൽ വിശ്വസിക്കുകകൂടെ ചെയ്യുമ്പോൾ, മരണാനന്തരജീവിതത്തിൽ വിശ്വസിക്കുന്നവർ 60 ശതമാനം മാത്രം. “വൈദികരെക്കാളധികം ചെറുപ്പക്കാരെ സ്വാധീനിക്കാൻ ഏറെ സാധ്യതയുള്ളതു സമപ്രായക്കാർ, വാർത്താമാധ്യമങ്ങൾ, ചലച്ചിത്രങ്ങൾ, ജനപ്രീതിനേടിയ സംഗീതം എന്നിവയാണ്” എന്നു സ്ററാർ കൂട്ടിച്ചേർക്കുന്നു. സുപ്രധാന ജീവിതപ്രശ്നങ്ങൾക്കുള്ള മാർഗനിർദേശത്തിനായി കൗമാരപ്രായക്കാരുടെ ഒരു ചെറിയ വിഭാഗം മാത്രമേ സഭാനേതാക്കൻമാരിലേക്കു നോക്കുകയുള്ളു.
മരണമുറികൾ
“ചുററുപാടുകളിൽനിന്നുള്ള പുകയിലപ്പുക മറേറതൊരു മനുഷ്യ-നിർമിത മാലിന്യകാരികളെക്കാളും കൂടുതൽ മരണങ്ങൾക്കു കാരണമാകുന്നു” എന്നു ദക്ഷിണാഫ്രിക്കയിൽ കേപ്പ് ടൗണിലെ ആരോഗ്യ-മെഡിക്കൽ ഓഫീസറായ ഡോ. മൈക്കിൾ പോപ്പ്ക്കിസ് പ്രസ്താവിക്കുന്നു. വായുസഞ്ചാരം വേണ്ടത്ര ഇല്ലാത്തതായിരുന്നു പ്രശ്നമെന്ന് അവകാശപ്പെട്ട തെക്കൻ ആഫ്രിക്കയിലെ പുകയില ഇൻസ്ററിററ്യൂട്ട് വിതരണം ചെയ്ത ഒരു ലഘുലേഖയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “കെട്ടിടങ്ങളിൽ തങ്ങിനിൽക്കുന്ന പുകയിലപ്പുക വായുവിന്റെ സാമാന്യശുദ്ധിയുടെ ഗുണനിലവാരങ്ങളെ സാധാരണമായി അതിലംഘിക്കുന്നു”വെന്നും അതു കുട്ടികളിലെ മുരടിച്ച ശ്വാസകോശവളർച്ചക്കെന്നപോലെ ശ്വാസകോശാർബുദത്തിനും ഹൃദയസ്തംഭനത്തിനും വഴിതെളിച്ചേക്കാമെന്നും ഡോ. പോപ്പ്ക്കിസ് വിശദീകരിച്ചു. പുകയിലയുടെ പുകയിൽനിന്നും പൂർണമായി വിമുക്തമാകത്തക്കവണ്ണം വായുസഞ്ചാരം വർധിപ്പിക്കുന്നതിനോ വായു ശുദ്ധീകരിക്കുന്നതിനോ മാർഗമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർത്തു: “വായുവിനെ ശുദ്ധമാക്കി നിലനിർത്തുന്നതിനുള്ള ഏററവും ഫലപ്രദമായ വിദ്യ വായു മാലിന്യകാരികളെ അവയുടെ ഉറവിടത്തിൽ വച്ചുതന്നെ നിയന്ത്രിക്കുകയാണ്.”
നിദ്രാ രോഗവും രക്തപ്പകർച്ചയും
വർഷംതോറും, 20,000 ബ്രസീൽകാർക്കു നിദ്രാരോഗം പിടിപെടുന്നു. എന്നിരുന്നാലും, നാഷണൽ ഹെൽത്ത് ഫൗണ്ടേഷന്റെ പ്രസിഡൻറായ ജോ കാർലസ് ഡയസ്, ഗ്ലോബോ സിയൻഷ്യായിൽ ഇപ്രകാരം പ്രസ്താവിക്കുന്നു: “വൻ നഗരങ്ങളിലേക്കുള്ള ഗ്രാമീണ ജനങ്ങളുടെ വമ്പിച്ച കുടിയേററത്തോടൊപ്പം രോഗവും നഗരപ്രാന്തങ്ങളിലേക്കു വ്യാപിക്കാൻ ഇടയുള്ളതുകൊണ്ട് അവസ്ഥ ഇതിലും മോശമായിത്തീരും.” ഈ രോഗത്തിനിടയാക്കുന്ന പരാദം ‘ഹൃദയം ഉൾപ്പെടെ ഏതവയവത്തിലും തങ്ങാൻ ഇടയുള്ളതിനാൽ രോഗി അവസാനം ഹൃദയസംബന്ധമായ ശേഷിക്കുറവു നിമിത്തം മരിച്ചേക്കാം.’ അതു വിശദീകരിക്കവേ, 8,000 പേർ മാത്രമേ മൂട്ടകടിവഴി രോഗബാധിതരായിത്തീരുന്നുള്ളു എന്നു മാസിക കൂട്ടിച്ചേർക്കുന്നു. “രോഗപ്പകർച്ചയുടെ വളരെ സാധാരണമായ മറെറാരു രീതി രക്തപ്പകർച്ചയിലൂടെയുള്ളതാണ്. മാതാവു വഴി അല്ലെങ്കിൽ രക്തപ്പകർച്ച വഴി വർഷംതോറും 12,000 പുതിയ കേസുകൾ ഉണ്ടായതായി കണക്കാക്കപ്പെടുന്നു.”
ദൈവത്തിനു ഫാക്സ് സന്ദേശങ്ങളോ?
ദൈവത്തോടു ഫാക്സുവഴി സമ്പർക്കം പുലർത്താൻ കഴിയുമോ? ഇസ്രയേലി ടെലിഫോൺ കമ്പനിയായ ബെസിക്ക് അങ്ങനെ വിചാരിക്കുന്നു എന്നുവേണം കരുതാൻ. ജനുവരിയിൽ ബെസിക്ക്, യെരൂശലേമിൽ ഒരു ഫാക്സ് നമ്പർ വഴി ദൈവത്തിനു സന്ദേശങ്ങളയയ്ക്കുന്നതിന് ആളുകളെ അനുവദിക്കുന്ന ഒരു സേവനപദ്ധതി ഏർപ്പെടുത്തി എന്ന് ഇൻറർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ പ്രസ്താവിക്കുന്നു. ഫാക്സ് ലഭിച്ചുകഴിയുമ്പോൾ, ഒരു ഉദ്യോഗസ്ഥൻ ആ സന്ദേശം മടക്കിയൊതുക്കി കൊണ്ടുപോയി പൊ.യു. 70-ൽ റോമൻ സൈന്യം നശിപ്പിച്ച യഹോവയുടെ ആലയത്തിന്റെ അവശിഷ്ടങ്ങളെന്നു വിശ്വസിക്കപ്പെടുന്ന വെസ്റേറൺ വാളിന്റെ വിടവുകളിലൊന്നിൽ തിരുകിവയ്ക്കും. ട്രിബ്യൂൺ പറയുന്നതനുസരിച്ച്, പ്രാർഥനകൾ എഴുതി ഭിത്തിയുടെ വിള്ളലുകളിൽ വയ്ക്കുന്ന പതിവ ഒരു വിവാഹ പങ്കാളിയെ കണ്ടെത്താനോ, മെച്ചമായ ആരോഗ്യത്തിനോ, മററു ലക്ഷ്യങ്ങൾക്കോ ആയി ദിവ്യ സഹായം തേടുന്ന ആരാധകർ പ്രയോഗിച്ചുവരുന്ന “ഒരു ഭാഗ്യപരീക്ഷണ നടപടി”യാണ്. ഫാക്സ് സേവനപദ്ധതിയുടെ ആദ്യ ദിവസം 60 സന്ദേശങ്ങൾ എത്തിച്ചേരുകയുണ്ടായി.
ജ്യോതിശാസ്ത്രജ്ഞർക്കു വീണ്ടും തെററി
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂററിരണ്ടിന്റെ പ്രാരംഭത്തിൽ ജർമനിയിലെ പ്രകൃത്യാതീത വിഷയങ്ങൾ സംബന്ധിച്ചു ശാസ്ത്രീയ ഗവേഷണം നടത്തുന്ന സംഘം ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞരുടെ ഏകദേശം 50 പ്രവചനങ്ങൾ സമാഹരിക്കുകയും വർഷാവസാനം ഫലങ്ങൾ വിലയിരുത്തുകയും ചെയ്തു. ഇതുപോലൊരു ഉദ്യമം 1991-ൽ ആ സംഘം നടത്തിയിരുന്നു. ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂററിരണ്ടിലെ നിർണയങ്ങൾ 1991-ലേതിനെക്കാൾ കൂടുതൽ കൃത്യതയുള്ളതായിരുന്നോ? നിശ്ശേഷം അല്ല. “അതേസമയം 1991-ലെ അവ്യക്ത നിർണയങ്ങൾക്കു കുറഞ്ഞതു ഭാഗികമായ വിജയങ്ങൾ എങ്കിലും രേഖപ്പെടുത്താൻ കഴിഞ്ഞു” എന്നു സുഡെച്ച് സീററങ്ങ് റിപ്പോർട്ടു ചെയ്യുന്നു. “ഇത്തവണ, ദീർഘദർശനങ്ങളിൽ കൃത്യമായി ഭവിച്ച കാതലായ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.” ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂററിരണ്ടിലേക്കുള്ള പ്രവചനങ്ങളിൽ ജോർജ് ബുഷ് വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നും വൈററ്ഹൗസ് വെന്തുനശിക്കുമെന്നും ഉള്ള പ്രവചനങ്ങൾ ഉൾപ്പെട്ടിരുന്നു. ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂററിമൂന്നിലേക്ക് ഉററുനോക്കിക്കൊണ്ടു സംഘം പിന്നെയും ഒരു പ്രവചനം നടത്താൻ തുനിഞ്ഞു: “ജ്യോതിശാസ്ത്രജ്ഞൻമാർ വീണ്ടും അടുത്തവർഷവും വലിയ പിഴവുകൾ വരുത്തും.”
ഹാനികരമായ വിധത്തിലുള്ള ശ്വസിക്കൽ
ബ്യൂണോസ് എയേഴ്സ്മുതൽ ബെയ്ജിങ്ങ്വരെയും സിയോൾമുതൽ കൽക്കട്ടായും കെയ്റോയും വരെയും, ലോകത്തിലെ വൻ നഗരങ്ങളിലെ വായു ശ്വസിക്കാൻ പററാത്തവിധം കൂടുതൽ കൂടുതൽ അപകടകാരിയായിക്കൊണ്ടിരിക്കുന്നു. യുഎൻ പരിസ്ഥിതി പരിപാടിയുടെയും ലോകാരോഗ്യ സംഘടനയുടെയും ഒരു റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട്, ഫ്രഞ്ച് വർത്തമാനപത്രമായ ലി ഫിഗാറോ, കാർബൺ മോണോക്സൈഡ്, സൾഫർ ഡയോക്സൈഡ്, ഓസോൺ, ലെഡ് തുടങ്ങിയ വായുസഹജ മാലിന്യകാരികളുടെ സ്ഥിരം വർധിച്ചുകൊണ്ടിരിക്കുന്ന വിഷനിരപ്പു വൻ നഗരപ്രാന്തങ്ങളിൽ പാർക്കുന്ന ജനങ്ങളുടെ ആരോഗ്യത്തെ വ്യക്തമായും ഹനിക്കുന്നുവെന്നും ചില പട്ടണവാസികളുടെ അകാല മരണത്തോടുപോലും അതു ബന്ധപ്പെടുത്താമെന്നും പ്രസ്താവിക്കുന്നു. മലിനീകരണം കുറയ്ക്കുന്നതിനും ലോകത്തിലെ നഗരവാസികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും അടിയന്തിര നടപടികൾ എടുക്കണമെന്ന് 20 നഗരങ്ങളുടെ ഒരു 15-വർഷ പഠനത്തിന്റെ അടിസ്ഥാനത്തിൽ, സംയുക്ത പ്രസ്താവന മുന്നറിയിപ്പു നൽകുന്നു. രണ്ടായിരാമാണ്ടാകുന്നതോടെ മനുഷ്യവർഗത്തിന്റെ മിക്കവാറും പകുതി നഗരപ്രാന്തങ്ങളിലായിരിക്കും പാർക്കുക എന്ന് ഐക്യരാഷ്ട്രങ്ങൾ കണക്കാക്കുന്നു.
യൂറോപ്യൻമാർ സമയം ചെലവഴിക്കുന്നതെങ്ങനെ?
യൂറോപ്പിലെ ദൈനംദിന ജീവിതം സംബന്ധിച്ച വിവരം ലഭിക്കുന്നതിനായി 1991-ന്റെ അവസാനത്തിൽ 20 രാജ്യങ്ങളിലെ 9,700-ൽ അധികം ആളുകളെ എൻഫോർമാസിയോൻ എ പൂബ്ളീസീറെറ എന്ന ബഹുമാധ്യമ സംഘം ചോദ്യംചെയ്തു. ദിനചര്യകൾ രാജ്യംതോറും വ്യത്യാസപ്പെട്ടിരിക്കുന്നതെങ്ങനെ? സുഡെച്ച് സീററങ്ങ് ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു. “ഗ്രീക്കുകാർ ഏററവും താമസിച്ച് (12:40 a.m.) ഉറങ്ങുന്നു. എന്നാൽ ഹംഗറിക്കാർ ഏററവും നേരത്തെ ഉണരുന്നവരുടെ കൂട്ടത്തിലാണ് (5:45 a.m.). അയർലണ്ടുകാരും ലക്സംബർഗുകാരും മിക്കവരെക്കാളും കൂടുതൽ ഉറങ്ങുന്നു. ചെക്കുകാരും സ്ലോവാക്യക്കാരും സ്വിസ്സുകാരും ടിവിക്ക് ഒരു താണ സ്ഥാനം കൊടുക്കുന്നു, അതായത് ഒരു ദിവസം രണ്ടു മണിക്കൂർ മാത്രം പ്രവർത്തിപ്പിക്കുന്നു. അതേസമയം ബ്രിട്ടനിൽ “അത് ഒരു ദിവസം മിക്കവാറും നാലു മണിക്കൂർ ഓടുന്നു.” സ്വീഡനിൽ വായിച്ചും റേഡിയോ ശ്രദ്ധിച്ചും കൊണ്ട് അഞ്ചിലധികം മണിക്കൂർ ചെലവഴിക്കപ്പെടുമ്പോൾ ഡെയ്ൻകാർ ചലച്ചിത്രങ്ങളോ തീയററർ പരിപാടികളോ അതുപോലുള്ള മറെറന്തെങ്കിലുമോ ആസ്വദിച്ചുകൊണ്ട് ഒഴിവുസമയത്തിൽ ഒന്നര മണിക്കൂർ ചെലവഴിക്കുന്നു. (g93 7/8)