ലോകത്തെ വീക്ഷിക്കൽ
ഒരു അപൂർവ ഗ്രഹം
മററു ഗ്രഹങ്ങളിൽ ജീവൻ ഉണ്ടായിരിക്കാനുള്ള സാധ്യതയെക്കുറിച്ചു ദീർഘനാളായി ശാസ്ത്രജ്ഞർ ഊഹാപോഹങ്ങൾ നടത്തിയിട്ടുണ്ട്. ഭൂമിയിൽ ജീവൻ ഉണ്ടായിരിക്കാൻ സാധ്യമാക്കുന്ന അതേ അവസ്ഥകൾ പ്രപഞ്ചത്തിലെ ആയിരക്കണക്കിനു കോടി നക്ഷത്രവ്യൂഹങ്ങളിൽ എവിടെയെങ്കിലും കണ്ടേക്കാമെന്നു കരുതപ്പെട്ടിരുന്നു. എന്നിരുന്നാലും, “ഭൂമിയിൽ മമനുഷ്യന്റെ ആവിർഭാവത്തിനു മുമ്പ് അത്ഭുതകരമായ അനേകം യാദൃച്ഛിക കാര്യങ്ങൾ സംഭവിച്ചു”വെന്നും പ്രപഞ്ചത്തെയും ഭൂമിയെക്കുറിച്ചുതന്നെയും നടത്തിയ ഏററവും പുതിയ കണ്ടുപിടിത്തങ്ങൾ “അതേ പ്രക്രിയ മറെറവിടെങ്കിലും നടന്നിരിക്കാനുള്ള, ഇപ്പോൾത്തന്നെ കുറവായ, സാധ്യതയെ വളരെയധികം കുറച്ചുകളഞ്ഞിരിക്കുന്നു”വെന്നും ഇപ്പോൾ കൂടുതൽക്കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണെന്നു ഫ്രഞ്ച് മാസികയായ ല നുവേൽ ഒപ്സെർവേറെറർ പറയുന്നു. താദാത്മ്യ അവസ്ഥകൾ മറേറതെങ്കിലും ഗ്രഹത്തിൽ ഉണ്ടായിരിക്കാനുള്ള ഗണിതശാസ്ത്രപരമായ അസംഭവ്യതയെക്കുറിച്ചു പറയവേ, ചുരുങ്ങിയപക്ഷം ഒരു ഗ്രഹത്തിൽ—നമ്മുടേതിൽ—ജീവനുണ്ടെന്നു ശാസ്ത്രജ്ഞർക്ക് ഉറപ്പ് ഉണ്ട് എന്ന് ആ മാസിക അഭിപ്രായപ്പെടുന്നു.
കൃത്യമായ വാർത്ത ടെലിവിഷനിലോ പത്രത്തിലോ?
ഓസ്ട്രേലിയയിൽ ടെലിവിഷൻ വാർത്തകൾക്കു വിശ്വാസ്യത കുറഞ്ഞുവരുമ്പോൾ പത്രങ്ങൾക്കു വിശ്വാസ്യത കൂടിവരികയാണ്. ദി ഓസ്ട്രേലിയനിൽ പ്രസിദ്ധീകരിച്ച ഒരു മാധ്യമപഠനമനുസരിച്ച്, “‘നല്ല കഥ’യുടെ പിന്നാലെ പോകുന്നതുകൊണ്ട് ടെലിവിഷൻ വിവരങ്ങളുടെ കൃത്യതയും ആശ്രയയോഗ്യതയും അവ സംബന്ധിച്ച നിഷ്പക്ഷതയും വളരെയധികം കാററിൽ പറത്തിയിരിക്കുന്നു.” ഉദാഹരണത്തിന്, മനസ്സിനെ അലിയിക്കുന്ന കഥ ഉണ്ടാക്കാൻ വേണ്ടി ചില ടിവി വാർത്തകളുടെ കൂട്ടത്തിൽ മേമ്പൊടിയായി പഴയ ഫയൽ ടേപ്പുകൾ ചേർക്കുന്നു. അവലോകനം ചെയ്യപ്പെട്ട 500 വാർത്താകഥകളിൽ 260 എണ്ണവും പഴയ ഫിലിമുകൾ ഉപയോഗിച്ചതായി ആ പഠനം കണ്ടെത്തി. ടിവി ന്യൂസ് റിപ്പോർട്ടുകളിൽ ഫയൽ ടേപ്പുകൾ ഉൾപ്പെടുത്തുന്നുവെങ്കിൽ അതു സമ്മതിക്കാൻ ജനങ്ങൾ സാധാരണമായി പ്രതീക്ഷിക്കുന്നു, എന്നാൽ എല്ലായ്പോഴും അങ്ങനെ ചെയ്യുന്നില്ല. ആ റിപ്പോർട്ട് ഇങ്ങനെ പ്രസ്താവിക്കുന്നു: “‘കൃത്യവും ആശ്രയയോഗ്യവുമായ വാർത്ത’യ്ക്ക് ടെലിവിഷനാണ് ഏററവും നല്ല മാധ്യമം എന്നു വിശ്വസിച്ചിരുന്നവരുടെ എണ്ണം 1986-ലെ 53.7 ശതമാനത്തിൽനിന്ന് 12 ശതമാനം കുറഞ്ഞ്” 1993-ൽ “41.5 ശതമാനമായെന്ന് . . . റേയ് മോർഗൺ ഗവേഷണകേന്ദ്രം നടത്തിയ പഠനം കാണിക്കുന്നു.”
മാതാ⁄പിതാ–ശിശു ബന്ധം?
മാതാപിതാക്കൾ കുട്ടികളോടു സമപ്രായക്കാരോടെന്നപോലെ ഇടപെടണമോ? സാവൊ പൗലോ യൂണിവേഴ്സിററിയിലെ അധ്യാപികയായ ലിസാൻഡ്ര മാരിയ ക്യാസ്റെറലോ ബ്രാങ്കോ ഓ എസ്ററാഡോ ഡെ എസ്. പൗലൂ എന്ന ബ്രസീലിയൻ പത്രത്തിൽ ഇങ്ങനെ പറയുന്നു: “മാതാപിതാക്കൾ ഒരിക്കലും തങ്ങളുടെ കുട്ടികൾക്കു തുല്യരല്ല, അതു വ്യക്തമാക്കേണ്ടതുണ്ട്. . . . അധികാരസ്ഥാനം ശൂന്യമാകുമ്പോൾ ഒരു അനാഥനെപ്പോലെ കുട്ടി ഉപേക്ഷിക്കപ്പെടുന്നു. ഒരു വ്യക്തിയെ പഠിപ്പിക്കാനാഗ്രഹിക്കുന്ന ഒരു മുതിർന്ന വ്യക്തിയുടെ ഉത്തരവാദിത്വമാണ് കുട്ടി എപ്പോഴും തന്റെ മാതാപിതാക്കളിൽനിന്നു പ്രതീക്ഷിക്കുന്നത്.”
സിസേറിയൻ ഓപ്പറേഷൻ പെരുകുന്നു
“ഒട്ടനവധി സിസേറിയൻ ഓപ്പറേഷനുകൾക്കു പതിനായിരം ഗൈനക്കോളജിസ്ററുകൾ ഇററലിയെ കുററപ്പെടുത്തുന്നു,” റോമിലെ ഒരു പത്രമായ എൽ മെസ്സാജേറോ റിപ്പോർട്ടു ചെയ്യുന്നു. സിസേറിയൻ ഓപ്പറേഷനിലൂടെയുള്ള ജനനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ യൂറോപ്പിൽ ഇററലിക്കാണ് ഒന്നാം സ്ഥാനം, ഐക്യനാടുകളും ബ്രസീലും കഴിഞ്ഞാൽ ലോകത്തിൽ അതിനു മൂന്നാം സ്ഥാനവും. 1980 മുതൽ ഇററലിയിൽ സിസേറിയൻ ഓപ്പറേഷനുകൾ ഇരട്ടിയായി വർധിച്ചിട്ടുണ്ട്; ഇപ്പോൾ മിക്കവാറും 4 കുട്ടികളിൽ 1 വീതം ജനിക്കുന്നത് സിസേറിയൻ ഓപ്പറേഷനിലൂടെയാണ്. ഈ വർധനവിന് എന്താണു കാരണം? എൽ മെസ്സാജേറോ പറയുന്നതനുസരിച്ച്, ചികിത്സാപരമായ കാരണങ്ങൾ കൂടാതെ രണ്ടു കാരണങ്ങൾ കൂടിയുണ്ട്: വേദനാകരമായ പ്രസവം ഒഴിവാക്കാൻ സ്ത്രീകൾ ആഗ്രഹിക്കുന്നു, ഡോക്ടർമാരാണെങ്കിൽ കോടതി നടപടിയെ ഭയന്ന് അപകടം കുറഞ്ഞ രീതി കൂടുതൽ ഇഷ്ടപ്പെടുന്നു. എന്നാൽ, ദീർഘകാലമായി സിസേറിയൻ ഓപ്പറേഷൻ സുരക്ഷിതമെന്നു കരുതപ്പെടുന്നുണ്ടെങ്കിലും കൂടെക്കൂടെ അവ ഉപയോഗിക്കുന്നുവെന്നും നല്ല കാരണങ്ങൾകൊണ്ടല്ല എല്ലായ്പോഴും ഉപയോഗിക്കുന്നതെന്നും പല ഡോക്ടർമാരും വിശ്വസിക്കുന്നു. റോമിലുള്ള ലാ സാപ്പിയെൻസാ യൂണിവേഴ്സിററിയിലെ കാർലോ സിഗ്നോറെല്ലി ഇങ്ങനെ പറഞ്ഞു: “സിസേറിയൻ ഓപ്പറേഷനുകളും പ്രസവസമയത്തെ മരണവും തമ്മിൽ എന്തെങ്കിലും പരസ്പരബന്ധം ഉള്ളതായി തോന്നുന്നില്ല.” ബോലോന്യയിലെ എസ്. ഓർസോലാ ആശുപത്രിയിലെ ലൂസിയാനോ മോവിസെല്ലി ഇങ്ങനെ അഭിപ്രായപ്പെട്ടു: “സിസേറിയൻ കൂടുതൽ സുരക്ഷിതമാണെന്നുള്ള ചിന്താഗതി ഉപേക്ഷിക്കേണ്ടതുണ്ട്, കാരണം അതു തികച്ചും തെററാണ്.”
നല്ല മതിപ്പുളവാക്കാനുള്ള ശ്രമങ്ങൾ
വിവാഹവേളകളിലോ ശവസംസ്കാരവേളകളിലോ മററുള്ളവരിൽ നല്ല മതിപ്പുളവാക്കാൻ വേണ്ടത്ര ബന്ധുക്കളോ സ്നേഹിതരോ ഇല്ലെങ്കിൽ ഒരു ജപ്പാൻകാരൻ എന്തു ചെയ്യും? അവരെ വാടകയ്ക്കെടുക്കും എന്നതാണ് ഉത്തരം. മണവാളനും മണവാട്ടിയും തുല്യ എണ്ണം അതിഥികളെ ക്ഷണിക്കാനാണു സാധാരണ ശ്രമിക്കുന്നത്. എന്നാൽ, ഇരുകൂട്ടരും തുല്യ എണ്ണമല്ല ഉള്ളതെങ്കിൽ അഥവാ ഏതെങ്കിലും ഒരു കൂട്ടം നല്ലൊരു മതിപ്പുളവാക്കാൻ കഴിയാത്തവിധം വളരെ ചെറുതാണെങ്കിൽ മണവാട്ടിയോ മണവാളനോ ബെൻ-റിയയുടെ, “ഉപയോഗമുള്ള വ്യക്തിക”ളുടെ, സേവനങ്ങൾ രഹസ്യമായി ആവശ്യപ്പെട്ടേക്കാം. ബെൻ-റിയ ഏതു ജോലി വേണമെങ്കിലും ചെയ്യും, ബന്ധുക്കൾക്കോ സ്നേഹിതർക്കോ വേണ്ടി പകരം നിൽക്കുന്നതു പോലും. ശവസംസ്കാരത്തിന്റെ കാര്യത്തിലാണെങ്കിൽ, കൂലിക്കു വേണ്ടി കരയുന്നവർ എന്ന നിലയിലല്ല അവരെ വാടകയ്ക്കെടുക്കുന്നത്, പിന്നെയോ പകരക്കാർ എന്നനിലയിലാണ്. തത്ഫലമായി, ഉദാഹരണത്തിന്, മരിച്ച വ്യക്തിയുടെ സഹജോലിക്കാർ വന്നിരുന്നില്ലെന്ന് അയൽക്കാർ കണ്ടുപിടിക്കുകയില്ല. താൻ പങ്കെടുത്ത ഒരു കമ്പനി എക്സിക്യുട്ടിവിന്റെ ശവസംസ്കാരചടങ്ങിൽ സംബന്ധിച്ച 100 പേരിൽ ഏതാണ്ട് 60 പേരും ബെൻ-റിയ ആയിരുന്നുവെന്ന് ഒരു ബെൻ-റിയ കമ്പനിയുടെ ഉടമ പറഞ്ഞതായി മൈനിച്ചി ഡെയ്ലി ന്യൂസ് റിപ്പോർട്ടു ചെയ്തു. “3-ഓ 4-ഓ ബെൻ-റിയ കമ്പനികളെ ആ കുടുംബം വിളിച്ചിരുന്നിരിക്കണം,” അദ്ദേഹം പറഞ്ഞു.
അധ്യാപകരെ പ്രസിദ്ധരാക്കുന്നത് എന്ത്?
“തങ്ങളുടെ സ്കൂളിനെക്കുറിച്ചു പല വിദ്യാർഥികളും വളരെ കൂടെക്കൂടെ വിലപിക്കുന്നുവെങ്കിലും അവരിൽ മിക്കവർക്കും ഒരു ഇഷ്ടപ്പെട്ട അധ്യാപകനുണ്ട്,” ജർമൻ പത്രമായ നാസോയിഷെ നോയി പ്രെസെ റിപ്പോർട്ടു ചെയ്യുന്നു. തീർച്ചയായും, 91 ശതമാനം പെൺകുട്ടികൾക്കും 83 ശതമാനം ആൺകുട്ടികൾക്കും ഒരു പ്രിയപ്പെട്ട അധ്യാപകനുണ്ട്. 7-നും 16-നും ഇടയ്ക്കു പ്രായമുള്ള 2,080 വിദ്യാർഥികളെക്കുറിച്ചു നടത്തിയ ഒരു സർവേ, അധ്യാപകരെ വിദ്യാർഥികളുടെ ഇടയിൽ പ്രിയപ്പെട്ടവരാക്കുന്ന ഗുണങ്ങൾ എന്താണെന്നു കണ്ടുപിടിക്കാൻ യത്നിച്ചു. “ഗൃഹപാഠം അധികമൊന്നും കൊടുക്കാത്ത ഒരധ്യാപകൻ അവശ്യം ഏററവും പ്രിയപ്പെട്ടവൻ ആയിരിക്കണമെന്നില്ല” എന്നത് പലരെയും അമ്പരപ്പിച്ചേക്കാം. അധ്യാപകൻ മുഖപക്ഷമില്ലാത്തവനും നർമബോധമുള്ളവനും പാഠങ്ങൾ രസകരമാക്കിത്തീർക്കുന്നവനും ആയിരിക്കണമെന്നതാണു കൂടുതൽ പ്രധാനം. കൂടുതലായി, കാര്യങ്ങൾ നന്നായി വിശദീകരിക്കാൻ പ്രാപ്തരും ശാന്തത പാലിക്കുന്നവരും ധാരണാപ്രാപ്തിയുള്ളവരുമായ അധ്യാപകരെ വിദ്യാർഥികൾ വിലമതിക്കുന്നു.
ശ്രദ്ധ ലഭിക്കാത്ത കുട്ടികൾ
ഓസ്ട്രേലിയയിലെ കൂടുതൽക്കൂടുതൽ മാതാപിതാക്കൾ കൊച്ചുകുട്ടികളെ വീട്ടിൽ തന്നെയാക്കിയിട്ട് ജോലിക്കു പോകുകയോ മററു പ്രവർത്തനങ്ങളിൽ വ്യാപൃതരാകുകയോ ചെയ്യുന്നു. കുട്ടികൾക്കു വേണ്ടിയുള്ള ദേശീയ ടെലഫോൺ ഹോട്ട് ലൈൻ സ്ഥാപിച്ചതിനെത്തുടർന്ന് ഉത്കണ്ഠാജനകമായ ഈ പ്രവണത പ്രത്യേകിച്ചും വെളിച്ചത്തു വന്നിരിക്കുകയാണ്. ആകുലതയനുഭവിക്കുന്ന കുട്ടികളിൽനിന്ന് ഓരോ ആഴ്ചയും ഏകദേശം 35,000 ഫോൺകോളുകൾ ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നു. സിഡ്നിയിലെ ദ സൺഡേ ടെലഗ്രാഫ് പറയുന്നതനുസരിച്ച്, സഹായം നൽകാനുള്ള ഫോൺ സിസ്ററത്തിന്റെ ഡയറക്ടർ ഇങ്ങനെ പറയുന്നു: “ഈ പ്രശ്നത്തിന്റെ അങ്ങേയററത്ത് എത്തിയ, എണ്ണത്തിൽ അനുക്രമം വർധിച്ചുവരുന്ന, കുട്ടികൾ—ഭക്ഷണമോ മാതാപിതാക്കളുടെ പരിപാലനമോ ഇല്ലാതെ വിട്ടിട്ടുപോകുന്ന കുട്ടികൾ—നമുക്കുണ്ട്.” ആ പത്രം ഇങ്ങനെ അഭിപ്രായപ്പെട്ടു: “നാം അറിയുന്നതിൻപ്രകാരമുള്ള ആധുനിക കുടുംബജീവിതത്തിൻമേലുള്ള ഒരു നാണക്കേടാണ് [ഇത്].” വാസ്തവത്തിൽ, ഈ കുട്ടികളിൽ ചിലർക്കു പിച്ചവെച്ചുനടക്കുന്നവരെക്കാൾ അൽപ്പം കൂടി പ്രായമേയുള്ളൂ; ഒരു അടിയന്തിര നമ്പരിൽ വിളിച്ച ഒരു കുട്ടി പേടിച്ചരണ്ട നാലുവയസ്സുകാരിയായിരുന്നു.
നമ്മുടെ മാലിന്യങ്ങൾ സംസാരിക്കുന്നു
നമ്മുടെ മാലിന്യങ്ങൾ എന്താണു പറയുന്നത്? നാം ഏതുതരം മനുഷ്യ പെരുമാററരീതിയാണു പിൻപററുന്നതെന്ന് അതു നമ്മോടു പറയുന്നു. നാം എന്ത് ഉപയോഗിക്കുന്നുവെന്നും എന്തു പാഴാക്കുന്നുവെന്നും മാലിന്യങ്ങൾ വെളിപ്പെടുത്തുന്നു. “സ്ഥിരമായ, ചിട്ടപ്രകാരമുള്ള ഒരു ജീവിതരീതി നയിക്കുന്നവർ കുറച്ചു മാത്രമേ പാഴാക്കിക്കളയുന്നുള്ളൂ, കാരണം തങ്ങൾക്ക് ആവശ്യമുള്ളതു മാത്രം വാങ്ങാനും വാങ്ങുന്നത് ഉപയോഗിക്കാനും അവർ പ്രവണതയുള്ളവരാണ്,” ദ ടൊറന്റോ സ്ററാർ പറഞ്ഞു. അതിശയകരമെന്നു പറയട്ടെ, എന്തിനെങ്കിലും ക്ഷാമമുള്ളപ്പോൾ “വിരോധാഭാസമെന്നോണം, അതു സമൃദ്ധമായുള്ളപ്പോഴത്തേതിനെക്കാൾ ആളുകൾ കൂടുതൽ പാഴാക്കുന്നു,” സ്ററാർ കൂട്ടിച്ചേർത്തു. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? ആളുകൾ പൂഴ്ത്തിവെക്കുന്നു. തങ്ങൾക്ക് ആവശ്യമുള്ളതിനെക്കാൾ കൂടുതൽ സാധനങ്ങൾ വാങ്ങിയിട്ട് ഉപയോഗിക്കാത്തവ പാഴാക്കിക്കളയുന്നു. പാഴാക്കിക്കളഞ്ഞ വസ്തുക്കളുടെ കൂട്ടത്തിൽ ഏററവും സാധാരണമായി കാണുന്ന ഭക്ഷ്യസാധനം സോസേജ് വെച്ച റൊട്ടിയാണ്—അത്തരം ധാരാളം റൊട്ടികൾ. മണ്ണിട്ടു പൊക്കിയെടുക്കുന്നിടത്തു ധാരാളം പേപ്പറുകൾ, പ്രത്യേകിച്ച് പത്രങ്ങൾ കാണപ്പെടുന്നു. കമ്പ്യൂട്ടർ യുഗം കുറച്ചൊന്നുമല്ല, പിന്നെയോ ധാരാളം പേപ്പറുകളാണ് ഉണങ്ങിയ മാലിന്യങ്ങളുടെ കൂടെ കൂട്ടിയിരിക്കുന്നത്. നമ്മുടെ മാലിന്യങ്ങൾ പുറത്തുവിടുന്ന മൊത്തത്തിലുള്ള സന്ദേശം വസ്തുക്കൾ വളരെയധികം പാഴാക്കിക്കളയുന്ന ഒരു സമൂഹത്തിലാണു നാം ജീവിക്കുന്നത് എന്നാണ്.
എയ്ഡ്സ് വാക്സിൻ “ലാഭകരമല്ല”
എയ്ഡ്സ് രോഗികളെ ചികിത്സിക്കുന്നതിനു മരുന്നുകൾ കണ്ടുപിടിക്കുന്നതിന്, വാക്സിനു വേണ്ടിയുള്ള അന്വേഷണം ചില ഫാർമസ്യൂട്ടിക്കൽ പരീക്ഷണശാലകൾ ഉപേക്ഷിക്കാൻ സാമ്പത്തിക പരിഗണനകൾ ഇടയാക്കിയിരിക്കുന്നതായി ലോകാരോഗ്യസംഘടനയുടെ ഗവേഷണവും പുരോഗതിയും എന്ന വിഭാഗത്തിന്റെ ഡയറക്ടറായ ഡോ. പ്ജോ അറിയിച്ചു. ഫലപ്രദമായ ഒരു എയ്ഡ്സ് വാക്സിൻ വികസിപ്പിച്ചെടുത്താൽത്തന്നെ ആ ഉത്പന്നം പൊതുജനത്തിനു നൽകാൻ ഗവൺമെൻറ് സമ്മർദം ചെലുത്തുമെന്നു പരീക്ഷണശാലകൾ ഭയപ്പെടുന്നതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു, അപ്പോൾ ലാഭമുണ്ടാക്കാൻ പഴുതില്ലല്ലോ.
മാതാപിതാക്കളുടെ മാർഗനിർദേശം ആവശ്യം
കമ്പ്യൂട്ടറുകൾവഴി ആശയവിനിയമം നടത്തുന്നതുകൊണ്ട് മിക്കപ്പോഴും തികച്ചും ലൈംഗികധ്വനി കലർന്ന വിവരങ്ങളോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നേരിട്ടുള്ള അഭ്യർഥനയോ ഒക്കെയാണു കുട്ടികൾക്കു ലഭിക്കുന്നത്. അവർക്ക് എതിർലിംഗത്തിൽപ്പെട്ടവരുടെ വസ്ത്രധാരണരീതി അവലംബിക്കുന്നവരും സ്വവർഗസംഭോഗികളുമായി ആശയവിനിയമം നടത്താം. എങ്ങനെ ബോംബ് ഉണ്ടാക്കാമെന്നും ക്രെഡിററ്-കാർഡ് നമ്പരുകൾ മോഷ്ടിക്കാമെന്നും മററു കമ്പ്യൂട്ടർ സിസ്ററങ്ങളിൽ അതിക്രമിച്ചുകടക്കാമെന്നും കുററകൃത്യപരമായ പ്രവൃത്തികൾ ചെയ്യാമെന്നും അവർക്കു പഠിക്കാം. ചില കമ്പ്യൂട്ടർ കളികൾ യാഥാർഥ്യത്തിൽനിന്ന് അങ്ങേയററം അകന്നിരിക്കാൻ കുട്ടികളെ വശീകരിക്കുന്നു, പലരും അവയോട് ആസക്തിയുള്ളവരായിത്തീരുകയും ചെയ്യുന്നു. “മൂല്യങ്ങൾ പഠിപ്പിക്കുക എന്ന ഏററവും ധീരമായ ചുവടുവയ്പിലാണ് പരിഹാരമുള്ളത്” എന്നു ചിലർ പറയുന്നതായി ദ വാഷിങ്ടൺ പോസ്ററ് നാഷണൽ വീക്ക്ലി എഡിഷൻ അഭിപ്രായപ്പെടുന്നു.
62-ാം വയസ്സിൽ അമ്മ
ഇററലിയിലെ ഒരു സ്ത്രീ 62-ാം വയസ്സിൽ ഒരു കുട്ടിയെ പ്രസവിച്ചു. കുട്ടിക്ക് 3 കിലോ 270 ഗ്രാം തൂക്കമുണ്ട്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഈ സന്തോഷകരമായ സംഭവത്തോടുള്ള അഭിനന്ദനങ്ങളോടൊപ്പം ഈ കേസ് ധാർമികസംഹിതകളുടെ മണ്ഡലത്തിൽ ഒരു ബഹളവും ഉയർത്തിവിട്ടു. എന്തുകൊണ്ട്? ആ മാതാവു ഗർഭിണിയായത് കൃത്രിമ ബീജസങ്കലനത്തിലൂടെയാണ്. “ഈ കേസ് കോളിളക്കം സൃഷ്ടിക്കുമെന്ന് എനിക്കറിയാം. എന്നാൽ അത് അങ്ങേയററത്തെ ഒരു നടപടിയായി മാത്രമേ കാണാവൂ” എന്നു പ്രസവമെടുത്ത ഗൈനക്കോളജിസ്ററായ പ്രൊഫസർ സെവിറിനോ ആൻറിനോറി അഭിപ്രായപ്പെട്ടു.