അപകടസാധ്യത എങ്ങനെ കുറയ്ക്കാം?
ഹൃദയധമനീരോഗം (സിഎഡി) ജനിതകവും പാരിസ്ഥിതികവും ജീവിതരീതിപരവുമായ നിരവധി ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയിൽ ഒന്നോ അതിലധികമോ ഘടകങ്ങളുമായി ബന്ധപ്പെട്ട്, ദശകങ്ങളല്ലെങ്കിൽ, വർഷങ്ങളായി ഉണ്ടായിരുന്ന അപകടങ്ങളിൽനിന്ന് സിഎഡി-യും ഹൃദയാഘാതവും ഉളവാകാവുന്നതാണ്.
പ്രായം, ലിംഗഭേദം, പാരമ്പര്യം
പ്രായം വർധിക്കുന്നതോടെ ഹൃദയാഘാത സാധ്യതയും വർധിക്കുന്നു. ഹൃദയാഘാതങ്ങളുടെ ഏകദേശം 55 ശതമാനവും ഉണ്ടാകുന്നത് 65-ലധികം വയസ്സുള്ളവരിലാണ്. ഹൃദയാഘാതം നിമിത്തം മരിക്കുന്നവരുടെ ഏതാണ്ട് 80 ശതമാനം 65-ഓ അതിലധികമോ വയസ്സുള്ളവരാണ്.
50 വയസ്സിനു താഴെയുള്ള പുരുഷൻമാർക്ക് അതേ പ്രായപരിധിയിലുള്ള സ്ത്രീകളെ അപേക്ഷിച്ച് വർധിച്ച അപകടസാധ്യതയുണ്ട്. സംരക്ഷണ ഹോർമോണായ ഈസ്ട്രജനിൽ പെട്ടെന്നുണ്ടാകുന്ന കുറവു നിമിത്തം ആർത്തവവിരാമത്തിനു ശേഷം സ്ത്രീയുടെ അപകടസാധ്യത വർധിക്കുന്നു. ചില സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച്, ഈസ്ട്രജൻ പകര ചികിത്സ നടത്തുകവഴി 40 ശതമാനമോ അതിലധികമോ സ്ത്രീകളിൽ ഹൃദ്രോഗസാധ്യത കുറയ്ക്കാനായേക്കാം, എന്നാൽ ചിലതരം കാൻസറുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
പാരമ്പര്യത്തിന് ഒരു പ്രധാന പങ്കുവഹിക്കാൻ കഴിയും. 50 വയസ്സിനു മുമ്പ് ഹൃദയാഘാതമുണ്ടായവരുടെ മക്കൾക്ക് ആഘാതം സംഭവിക്കാൻ സാധ്യത കൂടുതലാണ്. മാതാപിതാക്കൾക്ക് ആഘാതം ഉണ്ടായത് 50 വയസ്സിനു ശേഷമാണെങ്കിൽ പോലും അപകടസാധ്യത കൂടുതലാണ്. കുടുംബത്തിൽ ഹൃദ്രോഗത്തിന്റെ ഒരു ചരിത്രമുണ്ടെങ്കിൽ സന്താനങ്ങളിൽ സമാനമായ പ്രശ്നങ്ങൾ വികാസം പ്രാപിക്കാനുള്ള സാധ്യത കൂടുതലാണ്.
കൊളസ്ട്രോൾ ഘടകം
കോശങ്ങളിലെ ഒരു പ്രധാന ഘടകമായ കൊളസ്ട്രോൾ ജീവസന്ധാരണത്തിന് അത്യന്താപേക്ഷിതമാണ്. കരൾ അത് ഉത്പാദിപ്പിക്കുന്നു, ലൈപോപ്രോട്ടീൻ എന്നു വിളിക്കപ്പെടുന്ന തന്മാത്രാരൂപത്തിൽ, രക്തം അതിനെ കോശങ്ങളിൽ എത്തിക്കുന്നു. സാന്ദ്രത കുറഞ്ഞ ലൈപോപ്രോട്ടീൻ (എൽഡിഎൽ കൊളസ്ട്രോൾ), സാന്ദ്രത കൂടിയ ലൈപോപ്രോട്ടീൻ (എച്ച്ഡിഎൽ കൊളസ്ട്രോൾ) എന്നിങ്ങനെ ഇവ രണ്ടുതരമുണ്ട്. വളരെയധികം എൽഡിഎൽ കൊളസ്ട്രോൾ രക്തത്തിൽ ഉണ്ടെങ്കിൽ കൊളസ്ട്രോൾ സിഎഡി-ക്കിടയാക്കുന്ന ഒരു അപകടഘടകമായിത്തീരുന്നു.
കലകളിൽനിന്നു കൊളസ്ട്രോളിനെ നീക്കംചെയ്തു കരളിലേക്കു തിരിച്ചുകൊണ്ടുപോകുകവഴി എച്ച്ഡിഎൽ ഒരു സംരക്ഷണ ധർമം നിർവഹിക്കുന്നതായി കരുതപ്പെടുന്നു. അവിടെവെച്ചു കൊളസ്ട്രോളിനു രൂപാന്തരം സംഭവിച്ചു ശരീരത്തിൽനിന്നു നീക്കംചെയ്യപ്പെടുന്നു. പരിശോധനയിൽ എൽഡിഎൽ കൂടുതലും എച്ച്ഡിഎൽ കുറവുമാണെങ്കിൽ ഹൃദ്രോഗത്തിനുള്ള സാധ്യത കൂടുതലാണ്. എൽഡിഎൽ-ന്റെ അളവു കുറയ്ക്കുന്നത് അപകടസാധ്യത ഗണ്യമായി കുറയുവാൻ സഹായിക്കും. പഥ്യം നോക്കുന്നതു ചികിത്സയിലെ ഒരു അടിസ്ഥാന ഘടകമാണ്. വ്യായാമം സഹായകമായിരിക്കാവുന്നതാണ്. നിരവധി ഔഷധങ്ങൾക്കു ഫലം ഉത്പാദിപ്പിക്കാൻ കഴിയും, എന്നാൽ ചിലതിന് അസുഖകരമായ പാർശ്വഫലങ്ങളുണ്ട്.a
കൊളസ്ട്രോളും പൂരിത കൊഴുപ്പും കുറഞ്ഞ ഭക്ഷണക്രമം ശുപാർശചെയ്യപ്പെടുന്നു. പൂരിത കൊഴുപ്പു കൂടുതൽ അടങ്ങിയ നെയ് പോലുള്ള ഭക്ഷണത്തിന്റെ സ്ഥാനത്ത്, പൂരിത കൊഴുപ്പു കുറഞ്ഞ കനോളാ എണ്ണയോ ഒലിവെണ്ണയോ പോലുള്ള ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുന്നതിനാൽ എൽഡിഎൽ കുറയ്ക്കാനും എച്ച്ഡിഎൽ നിലനിർത്താനും കഴിയും. നേരേമറിച്ച്, മൃഗക്കൊഴുപ്പോ സസ്യക്കൊഴുപ്പോ ഉപയോഗിച്ചുള്ള മിക്ക ഉത്പന്നങ്ങളിലും കാണുന്ന പൂർണമായോ ഭാഗികമായോ ഹൈഡ്രോജനീകരിച്ച സസ്യഎണ്ണ എൽഡിഎൽ വർധിപ്പിക്കുകയും എച്ച്ഡിഎൽ കുറയ്ക്കുകയും ചെയ്യുന്നതായി അമേരിക്കൻ ജേണൽ ഓഫ് പബ്ലിക് ഹെൽത്ത് പറയുന്നു. കൊഴുപ്പുകൂടിയ മാംസം വെട്ടിക്കുറച്ചിട്ട് അതിനു പകരം കോഴിയുടെയോ ടർക്കിക്കോഴിയുടെയോ കൊഴുപ്പുകുറഞ്ഞ മാംസം ഉപയോഗിക്കാനും ശുപാർശചെയ്യപ്പെടുന്നു.
വിറ്റാമിൻ ഇ, ബീറ്റാ-കാരോട്ടിൻ, വിറ്റാമിൻ സി തുടങ്ങിയവ മൃഗങ്ങളിൽ ആതെറോസ്ക്ലെറോസിസ് കുറയ്ക്കുന്നതായി പഠനങ്ങൾ പ്രകടമാക്കിയിരിക്കുന്നു. ഇവ മനുഷ്യരിലെ ഹൃദയാഘാത നിരക്കു കുറച്ചേക്കാമെന്ന് ഒരു പഠനം നിഗമനം ചെയ്തു. തക്കാളിക്ക, നല്ല പച്ചപ്പുള്ള ഇലക്കറികൾ, വ്യത്യസ്ത തരം ക്യാപ്സിക്കം, കാരറ്റ്, മധുരക്കിഴങ്ങ്, വിവിധ ഇനം മത്തങ്ങ തുടങ്ങി ബീറ്റാ-കാരോട്ടിനും മറ്റു കരോട്ടിനോയ്ഡുകളും വിറ്റാമിൻ സി-യും സമൃദ്ധമായുള്ള പച്ചക്കറികളും പഴങ്ങളും ദിവസേന ആഹരിക്കുന്നത് സിഎഡി-യിൽനിന്ന് കുറെ സംരക്ഷണം നൽകിയേക്കാം.
വിറ്റാമിൻ ബി6-ഉം മഗ്നീഷ്യവും പ്രയോജനപ്രദമാണെന്നു പറയപ്പെടുന്നു. ബാർലിയും ഓഡ്സും പോലുള്ള പൊടിക്കാത്ത ധാന്യങ്ങൾ, ബീൻസുകൾ, പയറുകൾ, ചില വിത്തുകൾ, അണ്ടിപ്പരിപ്പുകൾ തുടങ്ങിയവയും സഹായകമായിരിക്കാവുന്നതാണ്. കൂടാതെ, ആഴ്ചയിൽ ഏറ്റവും കുറഞ്ഞതു രണ്ടുതവണയെങ്കിലും സാൽമണോ അയലയോ മത്തിയോ അല്ലെങ്കിൽ ചൂരയോ പോലുള്ള മത്സ്യം ഭക്ഷിക്കുന്നത് സിഎഡി-യുടെ സാധ്യത കുറയ്ക്കുമെന്നു കരുതുന്നു, കാരണം അവയിൽ ഒമേഗ-3 ബഹു അപൂരിത കൊഴുപ്പ് അമ്ലങ്ങൾ സമൃദ്ധമായുണ്ട്.
വ്യായാമമില്ലാത്ത ജീവിതരീതി
കൂടുതൽ സമയവും ഇരുന്നു കഴിഞ്ഞുകൂടുന്ന ആളുകൾക്കു ഹൃദയാഘാതത്തിനുള്ള വർധിച്ച സാധ്യതയുണ്ട്. അവർ ദിവസത്തിന്റെ ഭൂരിഭാഗവും ശാരീരികമായി നിഷ്ക്രിയരായി കഴിഞ്ഞുകൂടുകയും പതിവായി വ്യായാമം ചെയ്യാതിരിക്കുകയും ചെയ്യുന്നു. കഠിനമായ ഉദ്യാനവേല, വ്യായാമ ഓട്ടം, വർധിച്ച ഭാരം എടുക്കൽ, ഹിമം തള്ളിമാറ്റൽ തുടങ്ങിയ അതിപ്രയത്ന പ്രവർത്തനങ്ങൾക്കു ശേഷം ഇവർക്കു മിക്കപ്പോഴും ഹൃദയാഘാതമുണ്ടാകുന്നു. എന്നാൽ പതിവായി വ്യായാമം ചെയ്യുന്നവർക്കിടയിൽ അപകടസാധ്യത കുറവാണ്.
ഒരാഴ്ചയിൽ മൂന്നോ നാലോ തവണ 20 മുതൽ 30 വരെ മിനിറ്റുനേരം വേഗത്തിൽ നടക്കുന്നത് ആഘാതസാധ്യത കുറച്ചേക്കാം. പതിവായ വ്യായാമം രക്തം പമ്പുചെയ്യാനുള്ള ഹൃദയത്തിന്റെ പ്രാപ്തി മെച്ചപ്പെടുത്തുകയും ഭാരം കുറയാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ അതു കൊളസ്ട്രോളിന്റെ അളവും രക്തസമ്മർദവും കുറയ്ക്കുകയും ചെയ്തേക്കാം.
ഉയർന്ന രക്തസമ്മർദം, അമിത ഭാരം, പ്രമേഹം
ഉയർന്ന രക്തസമ്മർദം (ഹൈപ്പർടെൻഷൻ) ധമനീഭിത്തിയെ ക്ഷതപ്പെടുത്താവുന്നതാണ്. ഇത്, ധമനിയുടെ അകവശത്തെ പാളിയിൽ പ്രവേശിക്കാൻ എൽഡിഎൽ കൊളസ്ട്രോളിനെ പ്രാപ്തമാക്കുകയും കൊഴുപ്പുപാളിയുടെ വർധനവിനു കാരണമാകുകയും ചെയ്യുന്നു. അടിഞ്ഞുകൂടുന്ന കൊഴുപ്പു വർധിക്കവേ, രക്തപ്രവാഹത്തിനു കൂടുതൽ തടസ്സമുണ്ടാകുകയും അങ്ങനെ രക്തസമ്മർദം കൂടുകയും ചെയ്യുന്നു.
പ്രശ്നത്തിന്റെ ബാഹ്യലക്ഷണങ്ങൾ ഒന്നുമില്ലെങ്കിലും രക്തസമ്മർദം പതിവായി പരിശോധിക്കണം. ഡയസ്റ്റോളിക് സമ്മർദത്തിൽ (താഴത്തെ സംഖ്യ) ഓരോ പോയിൻറും കുറയുമ്പോൾ ഹൃദയാഘാത സാധ്യത 2 മുതൽ 3 വരെ ശതമാനം കുറഞ്ഞേക്കാം. രക്തസമ്മർദം കുറയ്ക്കാനുള്ള മരുന്നു കഴിക്കുന്നത് ഫലപ്രദമായിരുന്നേക്കാം. ഭാരം കുറയ്ക്കാനുള്ള പതിവായ വ്യായാമത്തോടൊപ്പം പഥ്യം നോക്കുന്നതും ചില കേസുകളിൽ ഉപ്പിന്റെ ഉപഭോഗം പരിമിതപ്പെടുത്തുന്നതും ഉയർന്ന രക്തസമ്മർദത്തെ നിയന്ത്രിക്കാൻ സഹായിച്ചേക്കാവുന്നതാണ്.
അമിത ഭാരം ഉയർന്ന രക്തസമ്മർദത്തെയും കൊഴുപ്പു സംബന്ധമായ ക്രമക്കേടുകളെയും ഉന്നമിപ്പിക്കുന്നു. അമിതഭാരം ഒഴിവാക്കുകയോ അതിനു ചികിത്സിക്കുകയോ ചെയ്യുന്നത് പ്രമേഹം തടയുന്നതിനുള്ള പ്രാഥമിക മാർഗമാണ്. പ്രമേഹം സിഎഡി-യെ ത്വരിതപ്പെടുത്തുകയും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
പുകവലി
സിഎഡി വികാസം പ്രാപിക്കുന്നതിലെ ഒരു ശക്തമായ ഘടകമാണ് സിഗരറ്റുവലി. ഐക്യനാടുകളിലെ 55 വയസ്സിനു താഴെയുള്ള സ്ത്രീകളിൽ, എല്ലാ ഹൃദ്രോഗമരണങ്ങളുടെയും ഏകദേശം 20 ശതമാനത്തിന്റെയും ഹൃദയാഘാതത്തിന്റെ ഏതാണ്ടു 50 ശതമാനത്തിന്റെയും നേരിട്ടുള്ള കാരണം അതാണ്. സിഗരറ്റുവലി രക്തസമ്മർദം വർധിപ്പിക്കുകയും നിക്കോട്ടിനും കാർബൺമോണോക്സൈഡും പോലുള്ള വിഷലിപ്ത രാസവസ്തുക്കളെ രക്തധാരയിലേക്കു കൊണ്ടുവരുകയും ചെയ്യുന്നു. തുടർന്ന് ഈ രാസവസ്തുക്കൾ ധമനികൾക്കു ക്ഷതമേൽപ്പിക്കുന്നു.
തങ്ങൾ വലിച്ചുവിടുന്ന പുക ശ്വസിക്കുന്നവരെയും പുകവലിക്കാർ അപകടത്തിലാക്കുന്നു. പുകവലിക്കുന്നവരോടൊപ്പം ജീവിക്കുന്ന പുകവലിക്കാത്തവർക്കു ഹൃദയാഘാതത്തിനുള്ള വർധിച്ച സാധ്യതയുണ്ടെന്നു നിരവധി പഠനങ്ങൾ വെളിപ്പെടുത്തുന്നു. അതുകൊണ്ട് പുകവലി നിർത്തുന്നതിനാൽ ഒരുവന് തനിക്കുതന്നെയുള്ള അപകടസാധ്യത കുറയ്ക്കാനും പുകവലിക്കാത്ത പ്രിയപ്പെട്ടവരുടെ ജീവനെ രക്ഷിക്കാനും പോലും കഴിഞ്ഞേക്കാം.
സമ്മർദം
വൈകാരികമോ മാനസികമോ ആയ കടുത്ത സമ്മർദത്തിൻ കീഴിലായിരിക്കുമ്പോൾ, സിഎഡി ഉള്ളവർക്കു ഹൃദയാഘാതത്തിന്റെയും പെട്ടെന്നുള്ള ഹൃദയാഘാത മരണത്തിന്റെയും സാധ്യത ആരോഗ്യമുള്ള ധമനികളുള്ള ആളുകളെ അപേക്ഷിച്ചു വളരെ കൂടുതലാണ്. ഒരു പഠനം അനുസരിച്ച്, കൊഴുപ്പുപാളികൊണ്ട് ഭാരംവെച്ച ധമനികൾ ഇടുങ്ങിയതായിത്തീരാൻ സമ്മർദം കാരണമാകാവുന്നതാണ്. ഇതു രക്തപ്രവാഹത്തെ 27 ശതമാനം വരെ കുറയ്ക്കുന്നു. രോഗബാധ നിസ്സാരമായ ധമനികളിൽ പോലും ശ്രദ്ധേയമായ സങ്കോചം പ്രകടമായി. ഹൃദയാഘാതത്തിനു വഴിമരുന്നിട്ടുകൊണ്ട്, കടുത്ത സമ്മർദം ധമനീഭിത്തിയിലെ കൊഴുപ്പുപാളിയിൽ പൊട്ടലുളവാക്കാവുന്ന സാഹചര്യം സൃഷ്ടിക്കാമെന്ന് മറ്റൊരു പഠനം സൂചിപ്പിച്ചു.
കൺസ്യൂമർ റിപ്പോർട്ട്സ് ഓൺ ഹെൽത്ത് പ്രസ്താവിക്കുന്നു: “ചില ആളുകൾ ഒരു മോശമായ മനോഭാവത്തോടെ ജീവിക്കുന്നതായി തോന്നുന്നു. അവർ ദോഷൈകദൃക്കുകളും കോപിഷ്ഠരും അനായാസം പ്രകോപിതരാകുന്നവരുമാണ്. മിക്കയാളുകളും നിസ്സാര പ്രകോപനങ്ങളെ അവഗണിക്കുമ്പോൾ ശത്രുതാസ്വഭാവമുള്ള ആളുകൾ അമിതമായി വികാരംകൊള്ളുന്നു.” നീണ്ടുനിൽക്കുന്ന ദേഷ്യവും ശത്രുതയും, രക്തസമ്മർദവും ഹൃദയസ്പന്ദന നിരക്കും വർധിപ്പിക്കുകയും കൊളസ്ട്രോളിനെ രക്തധാരയിലേക്കു തള്ളാൻ കരളിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇത് ഹൃദയധമനികൾക്കു ക്ഷതമേൽപ്പിക്കുകയും സിഎഡി-യിക്ക് ആക്കംകൂട്ടുകയും ചെയ്യുന്നു. കോപം ഹൃദയാഘാതസാധ്യതയെ ഇരട്ടിപ്പിക്കുന്നതായി കരുതപ്പെടുന്നു, ഏറ്റവും കുറഞ്ഞതു രണ്ടു മണിക്കൂറെങ്കിലും ഇത് സത്വര അപകടമായി തുടരുകയും ചെയ്യുന്നു. സഹായമായിരിക്കാൻ എന്തിനു കഴിയും?
ദ ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, വൈകാരിക സംഘട്ടനങ്ങളിൽ ശാന്തരായിത്തുടരാൻ പരിശ്രമിക്കുന്നവർ തങ്ങളുടെ ഹൃദയാഘാതസാധ്യത കുറയ്ക്കാൻ പ്രാപ്തരായിരിക്കാമെന്ന് ഡോക്ടർ മുറെ മിറ്റൽമാൻ പറഞ്ഞു. നൂറ്റാണ്ടുകൾക്കു മുമ്പ് ബൈബിളിൽ രേഖപ്പെടുത്തിയ വാക്കുകളുടെ ധ്വനിയാണ് ഇതിന് ഏറെയുമുള്ളത്: “ശാന്തമനസ്സു ദേഹത്തിന്നു ജീവൻ.”—സദൃശവാക്യങ്ങൾ 14:30.
സമ്മർദത്തിൻകീഴിലായിരിക്കുന്നത് എന്തുപോലെയായിരിക്കുമെന്ന് അപ്പോസ്തലനായ പൗലൊസ് തിരിച്ചറിഞ്ഞു. തന്റെമേൽ അനുദിനം വർധിച്ചുവന്ന ഉത്കണ്ഠകളെക്കുറിച്ച് അവൻ സംസാരിച്ചു. (2 കൊരിന്ത്യർ 11:24-28) എന്നാൽ ദൈവത്തിൽനിന്നുള്ള സഹായം അനുഭവിച്ച അവൻ എഴുതി: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.”—ഫിലിപ്പിയർ 4:6, 7.
ഹൃദയപ്രശ്നങ്ങളോടു ബന്ധപ്പെട്ട മറ്റു ഘടകങ്ങൾ ഉണ്ടെന്നിരിക്കെ, ഇവിടെ ചർച്ചചെയ്തിരിക്കുന്നവ, ഒരു വ്യക്തിക്ക് ഉചിതമായ നടപടികൾ സ്വീകരിക്കാൻ കഴിയേണ്ടതിന് അപകടസാധ്യതയെ തിരിച്ചറിയുന്നതിന് സഹായകമായിരിക്കാവുന്നതാണ്. എന്നാൽ ഹൃദയാഘാതത്തിന്റെ അനന്തരഫലങ്ങളുമായി കഴിയേണ്ടിവരുന്നവർക്ക് അതെങ്ങനെ അനുഭവപ്പെടുമെന്ന് ചിലർ അതിശയിച്ചിട്ടുണ്ട്. എത്രമാത്രം രോഗവിമുക്തി സാധ്യമാണ്?
[അടിക്കുറിപ്പ്]
a വൈദ്യശാസ്ത്രപരമോ വ്യായാമപരമോ പഥ്യത്തിലധിഷ്ഠിതമോ ആയ ചികിത്സ ഉണരുക! ശുപാർശ ചെയ്യുന്നില്ല. മറിച്ച്, നന്നായി ഗവേഷണം ചെയ്തു ലഭിച്ച വിവരങ്ങൾ അവതരിപ്പിക്കുന്നു. താൻ എന്തു ചെയ്യുമെന്ന് ഓരോ വ്യക്തിയും തീരുമാനിക്കണം.
[9-ാം പേജിലെ ചിത്രങ്ങൾ]
പുകവലി, എളുപ്പം കോപിക്കൽ, കൊഴുപ്പുനിറഞ്ഞ ആഹാരം കഴിക്കൽ, വ്യായാമമില്ലാത്ത ജീവിതം നയിക്കൽ എന്നിവയ്ക്കു ഹൃദയാഘാതസാധ്യത വർധിപ്പിക്കാനാകും