ഹൃദ്രോഗം ജീവനൊരു ഭീഷണി
ലോകവ്യാപകമായി ഓരോ വർഷവും ലക്ഷക്കണക്കിനു സ്ത്രീപുരുഷൻമാർക്കു ഹൃദയാഘാതമുണ്ടാകുന്നു. അനേകർ നിസ്സാരമായ പരിണതഫലങ്ങളോടെ അതിജീവിക്കുന്നു. മറ്റുചിലർ അതിജീവിക്കുന്നില്ല. ഇനിയും മറ്റു ചിലർക്ക്, “പ്രയോജനപ്രദമായ പ്രവർത്തനങ്ങളിലേക്കുള്ള മടങ്ങിവരവു സംശയാസ്പദം” ആയിരിക്കത്തക്കവിധം ഹൃദയത്തിനു വളരെയേറെ ക്ഷതമേൽക്കുന്നു. “അതുകൊണ്ട്, സാധ്യമാകുമ്പോഴെല്ലാം ഹൃദയാഘാതം മുളയിലെ നുള്ളിക്കളയേണ്ടത് അനിവാര്യമാ”ണെന്നു ഹൃദ്രോഗചികിത്സാവിദഗ്ധനായ പീറ്റർ കൊഹ്ൻ കൂട്ടിച്ചേർക്കുന്നു.
ശരീരത്തിലുടനീളം രക്തം പമ്പുചെയ്യുന്ന ഒരു മാംസപേശിയാണ് ഹൃദയം. ഒരു ഹൃദയാഘാതമേൽക്കുമ്പോൾ (മയോകാർഡിയൽ ഇൻഫാർക്ഷൻ), രക്തം ലഭിക്കാതെ ഹൃദയപേശിയുടെ ഒരു ഭാഗം നിർജീവമാകുന്നു. ആരോഗ്യമുള്ളതായി നിലനിൽക്കുന്നതിന്, രക്തം വഹിച്ചുകൊണ്ടുവരുന്ന ഓക്സിജനും മറ്റു പോഷകങ്ങളും ഹൃദയത്തിന് ആവശ്യമാണ്. ഹൃദയത്തെ ചുറ്റിയുള്ള ധമനികളിലൂടെയാണ് അതിന് ഇവ ലഭിക്കുന്നത്.
ഹൃദയത്തിന്റെ ഏതു ഭാഗത്തെയും രോഗം ബാധിക്കാവുന്നതാണ്. എന്നാൽ ഏറ്റവും സാധാരണമായത് ആതെറോസ്ക്ലെറോസിസ് എന്നു വിളിക്കപ്പെടുന്ന ക്രമേണ ഉണ്ടാകുന്ന ഹൃദയധമനീരോഗമാണ്. അതുണ്ടാകുമ്പോൾ ധമനീഭിത്തികളിൽ കൊഴുപ്പുപാളി (plaque) രൂപംകൊള്ളുന്നു. കുറെക്കാലംകൊണ്ട്, കൊഴുപ്പു വർധിച്ച് കട്ടിയായി ധമനികളെ ഇടുങ്ങിയതാക്കുകയും ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തിനു തടസ്സമുണ്ടാക്കുകയും ചെയ്തേക്കാവുന്നതാണ്. മിക്ക ഹൃദയാഘാതങ്ങൾക്കും വേദിയൊരുക്കുന്നത് ഈ അടിസ്ഥാന ഹൃദയധമനീരോഗം (സിഎഡി) ആണ്.
ഹൃദയത്തിന് ആവശ്യമായത്ര ഓക്സിജൻ ലഭിക്കാതെവരുമ്പോൾ ഒന്നോ അതിലധികമോ ധമനികളിലെ തടസ്സം പെട്ടെന്നൊരു ആഘാതത്തിനിടയാക്കുന്നു. അത്ര ഗുരുതരമായി ഇടുങ്ങാത്ത ധമനികളിൽപോലും ഒരു കൊഴുപ്പുപാളി വിള്ളലുണ്ടാക്കുകയും രക്തം കട്ടപിടിക്കുന്നതിലേക്ക് (ത്രോമ്പസ്) നയിക്കുകയും ചെയ്യാവുന്നതാണ്. രോഗം ബാധിച്ച ധമനികൾക്കു പേശീസങ്കോചവും ഉണ്ടാകാനുള്ള വർധിച്ച സാധ്യതയുണ്ട്. പേശി സങ്കോചിക്കുന്നിടത്ത്, ധമനീഭിത്തിയെ കൂടുതലായി ഇടുങ്ങിയതാക്കുന്ന ഒരു രാസവസ്തു പുറപ്പെടുവിച്ചുകൊണ്ട് രക്തം കട്ടപിടിക്കാവുന്നതാണ്, ഇത് ഒരു ആഘാതത്തിനു വഴിമരുന്നിടുന്നു.
ഹൃദയപേശികൾക്കു വേണ്ടത്ര സമയം ഓക്സിജൻ ലഭിക്കാതെവരുമ്പോൾ സമീപസ്ഥ കലകൾക്കു തകരാറു സംഭവിച്ചേക്കാം. ചില കലകളിൽനിന്നു വ്യത്യസ്തമായി, ഹൃദയപേശി വീണ്ടും ഉത്പാദിപ്പിക്കപ്പെടുന്നില്ല. ആഘാതം എത്ര ദീർഘമാണോ, അത്രയും കൂടുതലാണ് ഹൃദയത്തിനുണ്ടാകുന്ന തകരാറും മരണ സാധ്യതയും. ഹൃദയത്തിന്റെ വൈദ്യുത സംവിധാനം തകരാറിലായാൽ, ഹൃദയത്തിന്റെ സാധാരണ താളക്രമം താറുമാറായി ഹൃദയം വന്യമായി വിറയ്ക്കാൻ (fibrillate) തുടങ്ങിയേക്കാം. അത്തരമൊരു ഹൃദയസ്പന്ദനവ്യതിയാനം ഉണ്ടാകുമ്പോൾ മസ്തിഷ്കത്തിലേക്കു ഫലപ്രദമായി രക്തം പമ്പുചെയ്യാനുള്ള ഹൃദയത്തിന്റെ ശേഷി കുറയുന്നു. പത്തു മിനിറ്റിനുള്ളിൽ മസ്തിഷ്കം നിർജീവമായി മരണം സംഭവിക്കുന്നു.
അതുകൊണ്ട്, പരിശീലനം സിദ്ധിച്ച ഒരു മെഡിക്കൽ സ്റ്റാഫ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നതു മർമപ്രധാനമാണ്. വർധിച്ചുകൊണ്ടിരിക്കുന്ന കേടുപാടുകളിൽനിന്നു ഹൃദയത്തെ രക്ഷിക്കുന്നതിനും സ്പന്ദനവ്യതിയാനം തടയുകയോ ചികിത്സിക്കുയോ ചെയ്യുന്നതിനും വ്യക്തിയുടെ ജീവൻ രക്ഷിക്കുന്നതിനുപോലും അതു സഹായിച്ചേക്കാവുന്നതാണ്.