രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞു നടപടി സ്വീകരിക്കൽ
ഹൃദയാഘാതത്തിനു ശേഷമുള്ള ആദ്യമണിക്കൂറിൽ മരണസാധ്യത ഏറ്റവും അധികമായതിനാൽ, ആഘാതത്തിന്റെ ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ ഉടനടി വൈദ്യസഹായം തേടുന്നതു മർമപ്രധാനമാണ്. സത്വര ചികിത്സയ്ക്ക്, ഹൃദയപേശിയെ പരിഹരിക്കാനാവാത്ത കേടുപാടിൽനിന്നു രക്ഷിക്കാനാവും. ആഘാത വിധേയമാകാത്ത ഹൃദയപേശി എത്രകൂടുതലാണോ, അത്രയധികം ഫലപ്രദമായിട്ടായിരിക്കും ആഘാതാനന്തരം ഹൃദയം പമ്പുചെയ്യുന്നത്.
എന്നാൽ, ചില ഹൃദയാഘാതങ്ങൾ യാതൊരു ബാഹ്യലക്ഷണങ്ങളും കാണിക്കാതെ നിശബ്ദം ഉണ്ടാകുന്നു. ഹൃദയധമനീരോഗം (സിഎഡി) ഉണ്ടെന്നുള്ള കാര്യം ഇത്തരം കേസുകളിൽ വ്യക്തിക്ക് അജ്ഞാതമായിരുന്നേക്കാം. ദുഃഖകരമെന്നു പറയട്ടെ, ചിലരെ സംബന്ധിച്ചിടത്തോളം കടുത്ത ആഘാതംതന്നെയായിരിക്കാം ഹൃദ്രോഗത്തിന്റെ ആദ്യസൂചന. ഹൃദയസ്തംഭനം സംഭവിക്കുമ്പോൾ (ഹൃദയത്തിന്റെ പമ്പിങ് നിലയ്ക്കുമ്പോൾ), ഒരു രക്ഷാപ്രവർത്തക സംഘത്തെ ഉടനടി വിളിക്കുകയും അടുത്തുനിൽക്കുന്നയാൾ ഹൃദയപുനർജീവന നടപടികൾ (cardiopulmonary resuscitation, സിപിആർ) സത്വരം സ്വീകരിക്കുകയും ചെയ്യുന്നില്ലെങ്കിൽ അതിജീവനത്തിന് ഒട്ടുംതന്നെ സാധ്യതയില്ല.
സിഎഡി-യുടെ ലക്ഷണങ്ങളുള്ള ഭൂരിഭാഗം ആളുകളിൽ ഏതാണ്ടു പകുതിയും സത്വര വൈദ്യസഹായം തേടുന്നതിൽ കാലവിളമ്പം കാണിക്കുമെന്ന് ഹാർവാർഡ് ഹെൽത്ത് ലെറ്റർ റിപ്പോർട്ടു ചെയ്യുന്നു. എന്തുകൊണ്ട്? “എന്തുകൊണ്ടെന്നാൽ, തങ്ങളുടെ രോഗലക്ഷണങ്ങൾ എന്തർഥമാക്കുന്നുവെന്ന് അവർ സാധാരണമായി തിരിച്ചറിയുന്നില്ല, അല്ലെങ്കിൽ അവയെ ഗൗരവമായെടുക്കുന്നില്ല.”
ഹൃദയാഘാതത്തിന് ഇരയായ, യഹോവയുടെ സാക്ഷികളിൽ ഒരുവനായ ജോൺa ഇങ്ങനെ അപേക്ഷിക്കുന്നു: “എന്തോ കുഴപ്പമുണ്ടെന്നു നിങ്ങൾക്കു തോന്നുമ്പോൾ വൈദ്യസഹായം സ്വീകരിക്കുന്നതിൽ താമസം വരുത്തരുത്, സംഗതി വേണ്ടതിലും ഗൗരവമായി എടുക്കുന്നുവെന്നൊന്നും വിചാരിക്കേണ്ടതില്ല. ഞാൻ വേണ്ടത്ര വേഗത്തിൽ പ്രതികരിക്കാതിരുന്നതിനാൽ എനിക്കു ജീവൻ ഏതാണ്ടു നഷ്ടമായതുപോലെയായി.”
സംഭവിച്ചത്
ജോൺ വിശദീകരിക്കുന്നു: “എന്റെ ഹൃദയാഘാതത്തിന് ഒന്നര വർഷം മുമ്പ്, എനിക്കുള്ള—സിഎഡിയിലെ പ്രധാന അപകട ഘടകമായ—ഉയർന്ന കൊളസ്ട്രോൾ സംബന്ധിച്ചു ഡോക്ടർ മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ, ചെറുപ്പമാണെന്നും—40 വയസ്സിനുതാഴെ—നല്ല ആരോഗ്യമുണ്ടെന്നും എനിക്കു തോന്നിയതുകൊണ്ട് ഞാൻ ആ വിഷയം അവഗണിച്ചു. അപ്പോൾ നടപടി സ്വീകരിക്കാഞ്ഞതിൽ ഞാൻ അതിയായി പരിതപിക്കുന്നു. ശാരീരിക അധ്വാനസമയത്തു ശ്വാസതടസ്സം, ദഹനക്കേടുമൂലമാണെന്നു ഞാൻ വിചാരിച്ച വേദനകൾ, ആഘാതത്തിനുമുമ്പു പല മാസങ്ങളോളം ഉണ്ടായിരുന്ന അതിയായ ക്ഷീണം തുടങ്ങിയ മറ്റു മുന്നറിയിപ്പിൻ അടയാളങ്ങളും എനിക്കുണ്ടായിരുന്നു. ഇവയിൽ മിക്കതിനും, വർധിച്ച ഉറക്കിളപ്പിനെയും വളരെ ഉയർന്ന ജോലിസമ്മർദത്തെയും ഞാൻ കുറ്റപ്പെടുത്തി. എന്റെ ഹൃദയാഘാതത്തിനു മൂന്നു ദിവസം മുമ്പ്, പേശീസങ്കോചമാണെന്നു ഞാൻ വിചാരിച്ച ഒരു കോച്ചിപ്പിടുത്തം നെഞ്ചിൽ അനുഭവപ്പെട്ടു. മൂന്നു ദിവസം കഴിഞ്ഞുണ്ടായ വലിയ ആഘാതത്തിനു മുമ്പുള്ള ചെറിയൊരു ആഘാതമായിരുന്നു അത്.”
ഹൃദയാഘാതം അനുഭവിക്കുന്ന ഏതാണ്ടു പകുതിയോളം ആളുകൾക്ക്, അൻജൈന എന്നു വിളിക്കപ്പെടുന്ന നെഞ്ചുവേദന അല്ലെങ്കിൽ സമ്മർദം മുന്നറിയിപ്പായി ഉണ്ടാകുന്നു. ധമനീതടസ്സം നിമിത്തം ഹൃദയത്തിനു വേണ്ടത്ര ഓക്സിജൻ ലഭിക്കുന്നില്ലെന്നു സൂചിപ്പിച്ചുകൊണ്ട്, രോഗലക്ഷണങ്ങൾ എന്നനിലയിൽ ശ്വാസതടസ്സം അല്ലെങ്കിൽ ക്ഷീണവും ബലക്ഷയവും ചിലർക്ക് അനുഭവപ്പെടുന്നു. ഹൃദയ പരിശോധനയ്ക്കായി ഒരു ഡോക്ടറെ സമീപിക്കാൻ ഈ മുന്നറിയിപ്പിൻ അടയാളങ്ങൾ ഒരുവനെ പ്രേരിപ്പിക്കണം. ഡോക്ടർ പീറ്റർ കൊഹ്ൻ പ്രസ്താവിക്കുന്നു: “അൻജൈനയ്ക്കു ചികിത്സിച്ചശേഷം ഹൃദയാഘാതം ഉണ്ടാകുകയില്ലെന്ന് യാതൊരു ഉറപ്പുമില്ല. എന്നാൽ ഉടനെയുള്ള ഒരാഘാതത്തിന്റെ സാധ്യതകൾ കുറയുകയെങ്കിലും ചെയ്യുന്നു.”
ആഘാതം
ജോൺ തുടരുന്നു: “അന്നു ഞങ്ങൾ സോഫ്റ്റുബോൾ കളിക്കാൻ പ്ലാനിട്ടിരുന്നു. ഹാംബർഗറും വറുത്ത ഉരുളക്കിഴങ്ങും ഉച്ചഭക്ഷണമായി ഞാൻ വെട്ടിവിഴുങ്ങവേ അനുഭവപ്പെട്ട തെല്ലൊരു അസ്വാസ്ഥ്യവും ഓക്കാനവും നെഞ്ചിലെ മുറുക്കവും ഞാൻ നിസ്സാരമായി തള്ളിക്കളഞ്ഞു. എന്നാൽ ഞങ്ങൾ മൈതാനത്തു ചെന്നു കളിക്കാൻ തുടങ്ങിയപ്പോൾ എന്തോ കുഴപ്പമുണ്ടെന്ന് എനിക്കു മനസ്സിലായി. ഉച്ചകഴിഞ്ഞുള്ള സമയത്ത് അവസ്ഥ ക്രമാനുഗതമായി വഷളാകുന്നതായി എനിക്കു തോന്നി.
“അനേകം പ്രാവശ്യം ഞാൻ കളിക്കാരുടെ ബെഞ്ചിൽ മലർന്നുകിടന്നിട്ട് നെഞ്ചിലെ മാംസപേശികളെ വികസിപ്പിക്കുവാൻ ശ്രമിച്ചു. എന്നാൽ അവ കൂടുതൽ കൂടുതൽ മുറുകിക്കൊണ്ടിരുന്നു. കളിച്ചുകൊണ്ടിരുന്നപ്പോൾ കുളിരും ബലക്ഷയവും അനുഭവപ്പെട്ടതിനാൽ ‘എനിക്കു ഫ്ളൂ ബാധിച്ചിരിക്കാമെന്നു’ ഞാൻ എന്നോടുതന്നെ പറഞ്ഞു. ഓടിയപ്പോൾ എനിക്കു വലിയ ശ്വാസംമുട്ടലുണ്ടായി. ഞാൻ ബെഞ്ചിൽ വീണ്ടും കിടന്നു. ഞാൻ എണീറ്റിരുന്നപ്പോൾ, എനിക്കു ഗുരുതരമായ പ്രശ്നമുണ്ടായിരുന്നുവെന്നതിനു യാതൊരു സംശയവും ഉണ്ടായിരുന്നില്ല. എന്റെ മകനായ ജെയിംസിനോട് ഞാൻ ഉച്ചത്തിൽ പറഞ്ഞു: ‘എനിക്ക് ഇപ്പോൾതന്നെ ആശുപത്രിയിൽ പോകണം!’ എന്റെ നെഞ്ച് അകമേ തകർന്നടിഞ്ഞതുപോലെ തോന്നി. എനിക്ക് എഴുന്നേൽക്കാനാവാത്തവിധം വേദന അത്ര വലുതായിരുന്നു. ‘ഇതൊരു ഹൃദയാഘാതമായിരിക്കാൻ വഴിയില്ല, ഉണ്ടോ? എനിക്കു 38 വയസ്സല്ലേ ഉള്ളൂ!’ എന്ന് ഞാൻ ചിന്തിച്ചു.”
അന്ന് 15 വയസ്സുണ്ടായിരുന്ന ജോണിന്റെ പുത്രൻ വിവരിക്കുന്നു: “ഡാഡിയുടെ ശക്തി നഷ്ടമാകാൻ മിനിറ്റുകളെ എടുത്തുള്ളൂ, അതുകൊണ്ട് കാറിലേക്ക് അദ്ദേഹത്തെ എടുത്തുകൊണ്ടു പോകേണ്ടിവന്നു. ഡാഡിയുടെ നിലവിലുള്ള അവസ്ഥ അറിഞ്ഞുകൊണ്ടിരിക്കാൻ അദ്ദേഹത്തോടു ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് എന്റെ സുഹൃത്തു കാറോടിച്ചു. ഒടുവിൽ ഡാഡി ഉത്തരം പറയാതെയായി. ‘ജോൺ!’ എന്റെ സുഹൃത്ത് ഉച്ചത്തിൽ വിളിച്ചു. എന്റെ പിതാവ് അപ്പോഴും പ്രതികരിച്ചില്ല. എന്നിട്ട് വിറയ്ക്കാനും ഛർദിക്കാനും തുടങ്ങിക്കൊണ്ട് ഡാഡി തന്റെ സീറ്റിലേക്കു കോച്ചിവീണു. ഞാൻ വീണ്ടും വീണ്ടും അലറിവിളിച്ചു: ‘ഡാഡീ! ഞാൻ അങ്ങയെ സ്നേഹിക്കുന്നു! ദയവായി മരിക്കരുതേ!’ പെട്ടെന്നുള്ള രോഗമൂർച്ഛയെത്തുടർന്ന് വാടിക്കുഴഞ്ഞ് അദ്ദേഹം സീറ്റിൽ വീണു. അദ്ദേഹം മരിച്ചെന്നു ഞാൻ വിചാരിച്ചു.”
ആശുപത്രിയിൽ
“സഹായത്തിനായി ഞങ്ങൾ ആശുപത്രിയിലേക്കു പാഞ്ഞു. ഡാഡി മരിച്ചെന്നു ഞാൻ വിചാരിച്ചിട്ട് രണ്ടുമൂന്നു മിനിറ്റു കഴിഞ്ഞിരുന്നു, എന്നാൽ അദ്ദേഹത്തെ പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞേക്കുമെന്നു ഞാൻ പ്രത്യാശിച്ചു. മൈതാനത്തുണ്ടായിരുന്ന 20-ഓളം യഹോവയുടെ സാക്ഷികൾ കാത്തിരുപ്പുമുറിയിലുണ്ടായിരുന്നത് എന്നെ അതിശയിപ്പിച്ചു. അവർ എനിക്ക് ആശ്വാസവും സ്നേഹവും പകർന്നു. അത്തരമൊരു ദുരിത സമയത്ത് അതു വലിയ സഹായമായിരുന്നു. ‘നിന്റെ പിതാവിനെ പുനരുജ്ജീവിപ്പിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു, എന്നാൽ അദ്ദേഹത്തിന് ശക്തമായൊരു ഹൃദയാഘാതം സംഭവിച്ചിരുന്നു. അദ്ദേഹം ജീവിക്കുമെന്നു ഞങ്ങൾക്ക് ഉറപ്പില്ല,’ എന്ന് ഏകദേശം 15 മിനിറ്റു കഴിഞ്ഞ് ഒരു ഡോക്ടർ വന്നു വിശദീകരിച്ചു.
“എന്നിട്ട്, ഹ്രസ്വനേരത്തേക്കു ഡാഡിയെ കാണാൻ അദ്ദേഹം എന്നെ അനുവദിച്ചു. കുടുംബത്തോടുള്ള ഡാഡിയുടെ സ്നേഹവായ്പ് എന്നെ വികാരാധീനനാക്കി. അതിയായ വേദനയോടെ അദ്ദേഹം പറഞ്ഞു: ‘മോനേ, നിന്നെ ഞാൻ സ്നേഹിക്കുന്നു. നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി യഹോവയാണെന്ന് എല്ലായ്പോഴും ഓർമിക്കുക. അവനെ സേവിക്കുന്നത് ഒരിക്കലും നിർത്തിക്കളയരുത്. അവനെ സേവിക്കുന്നത് ഒരിക്കലും നിർത്തിക്കളയാതിരിക്കാൻ നിന്റെ അമ്മയെയും സഹോദൻമാരെയും സഹായിക്കുക. നമുക്കു പുനരുത്ഥാനത്തിൽ ശക്തമായ വിശ്വാസമുണ്ട്, ഞാൻ മരിക്കുന്നുവെങ്കിൽ, മടങ്ങിവരുമ്പോൾ നിങ്ങളെ എല്ലാവരെയും കാണ്മാൻ ആഗ്രഹിക്കുന്നു.’ സ്നേഹത്തിന്റെയും ഭയത്തിന്റെയും പ്രത്യാശയുടെയും കണ്ണീർ തൂകിക്കൊണ്ട് ഞങ്ങൾ ഇരുവരും കരയുകയായിരുന്നു.”
ഒരു മണിക്കൂർ കഴിഞ്ഞ് ജോണിന്റെ ഭാര്യ മേരി എത്തിച്ചേർന്നു. “ഞാൻ എമർജെൻസി റൂമിലേക്കു നടന്നുപോയപ്പോൾ ഡോക്ടർ പറഞ്ഞു: ‘നിങ്ങളുടെ ഭർത്താവിന് ഒരു കടുത്ത ഹൃദയാഘാതമുണ്ടായി.’ ഞാൻ സ്തബ്ധയായി. ജോണിന്റെ ഹൃദയത്തെ എട്ടുതവണ ഡിഫൈബ്രിലേറ്റു ചെയ്തെന്ന് അദ്ദേഹം വിശദീകരിച്ചു. ഹൃദയത്തിന്റെ താറുമാറായ സ്പന്ദനം നിർത്തിയിട്ട് സ്വാഭാവിക താളക്രമം പുനഃസ്ഥാപിക്കാൻ വൈദ്യുത വോൾട്ടേജ് ഉപയോഗിക്കുന്നത് ഈ അടിയന്തര നടപടിയിൽ ഉൾപ്പെടുന്നു. സിപിആർ-നോടൊപ്പം ഓക്സിജൻ കൊടുക്കുന്നതും രക്തക്കുഴലിലേക്കു മരുന്നുകൾ കുത്തിവെക്കുന്നതും ഉൾപ്പെടുന്ന ഡിഫൈബ്രിലേഷൻ പുരോഗമിച്ച ഒരു ജീവരക്ഷാസംവിധാനമാണ്.
“ജോണിനെ കണ്ടപ്പോൾ എന്റെ ഹൃദയം പിടഞ്ഞു. അദ്ദേഹം വളരെ വിളറിയിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തെ മോണിറ്ററുമായി ബന്ധിപ്പിക്കുന്ന അനേകം കുഴലുകളും വയറുകളും ഉണ്ടായിരുന്നു. ഞങ്ങളുടെ മൂന്നു പുത്രൻമാരെപ്രതി ഈ പരിശോധന സഹിക്കാൻ എനിക്കു ശക്തി തരേണമേയെന്നു ഞാൻ യഹോവയോടു നിശബ്ദം പ്രാർഥിച്ചു. മുന്നിൽ ഉണ്ടായിരുന്നേക്കാവുന്നതു സംബന്ധിച്ചു ജ്ഞാനപൂർവകമായ തീരുമാനങ്ങളെടുക്കാനുള്ള മാർഗനിർദേശത്തിനായും ഞാൻ പ്രാർഥിച്ചു. ഞാൻ ജോണിന്റെ കിടക്കയെ സമീപിക്കവേ, ‘ഇതുപോലൊരു അവസരത്തിൽ ഞാൻ എന്റെ പ്രിയനോട് എന്തുപറയും? ജീവനു ഭീഷണിയായിരുന്ന അത്തരമൊരു സാഹചര്യത്തെ നേരിടാൻ ഞങ്ങൾ വാസ്തവത്തിൽ ഒരുങ്ങിയിട്ടുണ്ടോ?’ എന്നിങ്ങനെ ഞാൻ ചിന്തിച്ചു.
“ജോൺ പറഞ്ഞു: ‘പ്രിയേ, ഒരുപക്ഷേ ഞാൻ ഇതിനെ അതിജീവിച്ചെന്നുവരില്ല. എന്നാൽ നീയും കുട്ടികളും യഹോവയോടു വിശ്വസ്തരായി തുടരേണ്ടതു പ്രധാനമാണ്, കാരണം പെട്ടെന്നുതന്നെ ഈ വ്യവസ്ഥിതി അവസാനിക്കും, പിന്നീട് രോഗവും മരണവും ഉണ്ടായിരിക്കുകയില്ല. ആ പുതിയ വ്യവസ്ഥിതിയിൽ ഉയർത്തെഴുന്നേൽക്കാനും നിന്നെയും നമ്മുടെ കുട്ടികളെയും അവിടെവെച്ചു കാണാനും ഞാൻ ആഗ്രഹിക്കുന്നു.’ ഞങ്ങളുടെ മുഖത്തുകൂടെ കണ്ണുനീർ വാർന്നൊഴുകി.”
ഡോക്ടർ വിശദീകരിക്കുന്നു
“ഇടതുവശത്ത് താഴേക്കുള്ള ധമനിയുടെ അഗ്രഭാഗത്തിനടുത്തായി പൂർണമായ തടസ്സമുണ്ടായതാണ് ജോണിന്റെ ഹൃദയാഘാതത്തിനു കാരണമെന്ന് പരിശോധന വ്യക്തമാക്കിയതായി പിന്നീട് എന്നെ അടുത്തുവിളിച്ചു ഡോക്ടർ വിശദീകരിച്ചു. അദ്ദേഹത്തിനു മറ്റൊരു ധമനിയിലും തടസ്സമുണ്ടായിരുന്നു. ജോണിന്റെ ചികിത്സ സംബന്ധിച്ചു ഞാൻ ഒരു തീരുമാനമെടുക്കണമെന്നു ഡോക്ടർ എന്നോടു പറഞ്ഞു. ലഭ്യമായിരുന്ന ഐച്ഛിക ഘടകങ്ങളിൽ രണ്ടെണ്ണം ഔഷധങ്ങളും ആൻജിയോപ്ലാസ്റ്റിയും ആയിരുന്നു. രണ്ടാമത്തെതായിരിക്കും മെച്ചമെന്ന് അദ്ദേഹം കരുതിയതുകൊണ്ട് ഞങ്ങൾ ആൻജിയോപ്ലാസ്റ്റി തിരഞ്ഞെടുത്തു. ഇത്തരം ഹൃദയാഘാതത്തെ മിക്കവരും അതിജീവിക്കാറില്ലാത്തതിനാൽ ഡോക്ടർമാർ എനിക്കു യാതൊരു ഉറപ്പും നൽകിയില്ല.”
അറ്റത്തു ബലൂൺകെട്ടിയ ട്യൂബ്പോലുള്ള ഒരു ഉപകരണം ഹൃദയധമനിയിൽ കടത്തി തടസ്സം നീക്കംചെയ്യുന്നതിനായി അതു വികസിപ്പിക്കുന്ന ശസ്ത്രക്രിയാവിദ്യയാണ് ആൻജിയോപ്ലാസ്റ്റി. രക്തപ്രവാഹം പുനഃസ്ഥാപിക്കുന്നതിൽ പ്രസ്തുത നടപടിക്രമത്തിന് ഉയർന്ന വിജയ നിരക്കുണ്ട്. അനേകം ധമനികൾ ഗുരുതരമായി തടസ്സപ്പെട്ടിരിക്കുമ്പോൾ, സാധാരണമായി ബൈപാസ് സർജറിയാണ് ശുപാർശ ചെയ്യുന്നത്.
ദുഃഖകരമായ പൂർവാനുമാനം
ആൻജിയോപ്ലാസ്റ്റിക്കു ശേഷം ജോണിന്റെ ജീവൻ 72 മണിക്കൂറുകൂടെ അപകടനിലയിൽ തുടർന്നു. ഒടുവിൽ അദ്ദേഹത്തിന്റെ ഹൃദയം, ക്ഷതത്തിൽനിന്നു സൗഖ്യമാകാൻ തുടങ്ങി. എന്നാൽ ജോണിന്റെ ഹൃദയം നേരത്തെയുണ്ടായിരുന്ന പ്രാപ്തിയുടെ വെറും പകുതി ശക്തിയിൽ മാത്രമാണ് രക്തം പമ്പുചെയ്തിരുന്നത്, വലിയൊരു ഭാഗം സന്ധാനകലകളായിരുന്നതുകൊണ്ട് അദ്ദേഹം ഒരു ഹൃദയ വൈകല്യമുള്ളവനായിരിക്കാനുള്ള സാധ്യത ഏതാണ്ട് ഒഴിച്ചുകൂടാനാവാത്തതായിരുന്നു.
പൂർവകാല സംഭവങ്ങളെ ഓർത്തുകൊണ്ട് ജോൺ ഉദ്ബോധിപ്പിക്കുന്നു: “മുന്നറിയിപ്പുകൾക്കു ശ്രദ്ധനൽകി നമ്മുടെ ആരോഗ്യം പരിപാലിക്കാൻ നമ്മുടെ സ്രഷ്ടാവിനോടും കുടുംബത്തോടും ആത്മീയ സഹോദരീസഹോദരൻമാരോടും നമ്മോടുതന്നെയും നാം കടപ്പെട്ടിരിക്കുന്നു, നാം അപകട സാധ്യതയിലാണെങ്കിൽ വിശേഷിച്ചും. ഒരു ഗണ്യമായ അളവോളം, നമുക്കു സന്തുഷ്ടിയുടെയോ സന്താപത്തിന്റെയോ നിദാനമായിരിക്കാൻ കഴിയും. അതു നമ്മെ ആശ്രയിച്ചിരിക്കുന്നു.”
ജോണിന്റെ കേസ് ഗുരുതരവും സത്വരശ്രദ്ധ ആവശ്യമുള്ളതും ആയിരുന്നു. എന്നാൽ നെഞ്ചെരിച്ചിൽ പോലെയുള്ള അസ്വാസ്ഥ്യമുണ്ടാകുന്ന എല്ലാവരും ഡോക്ടറുടെ അടുത്തേക്ക് ഓടേണ്ടയാവശ്യമില്ല. എന്നിരുന്നാലും അദ്ദേഹത്തിന്റെ അനുഭവം ഒരു മുന്നറിയിപ്പാണ്. തങ്ങൾക്കു രോഗലക്ഷണങ്ങൾ ഉണ്ടെന്നു വചാരിക്കുന്നവർ പരിശോധനയ്ക്കു തീർച്ചയായും വിധേയരാകണം.
ഹൃദയാഘാത സാധ്യത കുറയ്ക്കാൻ എന്തു ചെയ്യാവുന്നതാണ്? അടുത്ത ലേഖനം ഇതു ചർച്ചചെയ്യും.
[അടിക്കുറിപ്പ്]
a ഈ ലേഖനങ്ങളിലെ പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്.
[6-ാം പേജിലെ ചതുരം]
ഹൃദയാഘാത ലക്ഷണങ്ങൾ
• ഏതാനും മിനിറ്റിലധികം നീണ്ടുനിൽക്കുന്ന, നെഞ്ചിലെ അസുഖകരമായ സമ്മർദം, അമർത്തുന്നതായുള്ള തോന്നൽ അല്ലെങ്കിൽ വേദന. ഇതു കടുത്ത നെഞ്ചെരിച്ചിലാണെന്നു തെറ്റിധരിക്കപ്പെടാവുന്നതാണ്
• താടിയെല്ല്, കഴുത്ത്, തോൾ, കൈകൾ, കൈമുട്ടുകൾ, ഇടതുകൈ തുടങ്ങിയ ഭാഗങ്ങളിലേക്കു വ്യാപിക്കുന്ന—അല്ലെങ്കിൽ അവിടെ മാത്രം ഉണ്ടായിരിക്കുന്ന—വേദന
• മേൽവയറിലെ നീണ്ടുനിൽക്കുന്ന വേദന
• ശ്വാസതടസ്സം, തലചുറ്റൽ, ബോധക്ഷയം, വിയർക്കൽ, സ്പർശനത്തോടുള്ള വിരക്തി
• വല്ലാത്ത ക്ഷീണം—ആഘാതത്തിന് ആഴ്ചകൾക്കു മുമ്പ് അനുഭവപ്പെട്ടേക്കാം
• ഓക്കാനം അല്ലെങ്കിൽ ഛർദി
• അധ്വാനത്താലുള്ളതല്ലാത്ത, കൂടെക്കൂടെയുള്ള കഠിനമായ നെഞ്ചുവേദന
മൃദുവായതുമുതൽ കഠിനമായതുവരെ ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കാം. എല്ലാ ലക്ഷണങ്ങളും എല്ലാ ഹൃദയാഘാത സമയത്തും ഉണ്ടാകുകയുമില്ല. എന്നാൽ ഇവയിൽ പലത് ഒന്നിച്ചുചേർന്നുണ്ടാകുന്നുവെങ്കിൽ വേഗം സഹായം തേടുക. പക്ഷേ ചില കേസുകളിൽ ലക്ഷണങ്ങൾ ഉണ്ടായിരിക്കുകയില്ല; ഇവയെ നിശബ്ദ ഹൃദയാഘാതങ്ങൾ എന്നു വിളിക്കുന്നു.
[7-ാം പേജിലെ ചതുരം]
അതിജീവന നടപടികൾ
നിങ്ങൾക്കോ നിങ്ങൾക്കറിയാവുന്ന ആർക്കെങ്കിലുമോ ഹൃദയാഘാത ലക്ഷണങ്ങൾ ഉണ്ടാകുന്നെങ്കിൽ:
• ലക്ഷണങ്ങൾ തിരിച്ചറിയുക.
• നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് എന്തായിരുന്നാലും അതു നിർത്തിയിട്ട് ഇരിക്കുകയോ കിടക്കുകയോ ചെയ്യുക.
• ലക്ഷണങ്ങൾ ഏതാനും മിനിറ്റുകൾക്കപ്പുറം നീണ്ടുനിൽക്കുന്നെങ്കിൽ പ്രാദേശികമായ അടിയന്തിര ടെലഫോൺ നമ്പരിൽ വിളിച്ച്, ഹൃദയാഘാതം ഉള്ളതായി സംശയിക്കുന്നുവെന്നു പറഞ്ഞിട്ട് നിങ്ങളെ കണ്ടെത്തുന്നതിനാവശ്യമായ വിവരങ്ങൾ നൽകുക.
• വാഹനമോടിച്ച് നിങ്ങൾക്കു രോഗിയെ പെട്ടെന്ന് ആശുപത്രിയിലെ എമർജെൻസി റൂമിൽ എത്തിക്കാൻ കഴിയുമെങ്കിൽ, അങ്ങനെ ചെയ്യുക. ഹൃദയാഘാതം നിങ്ങൾക്കാണെങ്കിൽ, നിങ്ങളെ അവിടെ എത്തിക്കാൻ ആരോടെങ്കിലും പറയുക.
അടിയന്തിര വൈദ്യസംഘമെത്താൻ നിങ്ങൾ കാത്തിരിക്കുന്നെങ്കിൽ:
• ബെൽറ്റോ ടൈയോ ഉൾപ്പെടെയുള്ള ഇറുകിയ വസ്ത്രങ്ങൾ അയയ്ക്കുക. അത്യാവശ്യമെങ്കിൽ തലയിണകൾ അടിയിൽ വെച്ച് താങ്ങുനൽകികൊണ്ട് സ്വാസ്ഥ്യമനുഭവിക്കാൻ രോഗിയെ സഹായിക്കുക.
• നിങ്ങൾ രോഗിയായിരുന്നാലും സഹായിയായിരുന്നാലും ശാന്തനായിരിക്കുക. അസ്വസ്ഥത ജീവനു ഭീഷണിയായിരിക്കുന്ന ഹൃദയസ്പന്ദനമാന്ദ്യത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. ശാന്തമായി തുടരുന്നതിൽ പ്രാർഥനയ്ക്ക് ഒരു ശക്തീകരിക്കുന്ന സഹായമായിരിക്കാൻ കഴിയും.
രോഗിയുടെ ശ്വാസോച്ഛ്വാസം നിലച്ചതായി തോന്നുന്നെങ്കിൽ:
• “നിങ്ങൾക്കു ഞാൻ പറയുന്നതു കേൾക്കാൻ സാധിക്കുന്നുണ്ടോ?” എന്ന് ഉച്ചത്തിൽ ചോദിക്കുക. യാതൊരു പ്രതികരണവുമില്ലാതെവരുകയും രോഗി ശ്വാസമെടുക്കാതിരിക്കുകയുമാണെങ്കിൽ, ഹൃദയപുനർജീവന നടപടികൾ (സിപിആർ) ആരംഭിക്കുക.
• സിപിആർ-ന്റെ മൂന്ന് അടിസ്ഥാന പടികൾ ഓർത്തിരിക്കുക:
1. ശ്വാസമാർഗം തുറക്കാനായി രോഗിയുടെ താടി ഉയർത്തുക.
2. ശ്വാസമാർഗം തുറന്നിരിക്കെ രോഗിയുടെ നാസാരന്ധ്രം അടച്ചുപിടിച്ചുകൊണ്ട് നെഞ്ചു വികസിക്കുന്നതുവരെ രണ്ടു പ്രാവശ്യം വായിലേക്കു സാവധാനം ഊതുക.
3. ഹൃദയത്തിൽനിന്നും നെഞ്ചിൽനിന്നും രക്തം തള്ളി പുറത്തുകളയാൻ നെഞ്ചിൽ മുലക്കണ്ണുകൾക്കിടയിലായി 10 മുതൽ 15 വരെ പ്രാവശ്യം അമർത്തുക. നാഡിമിടിപ്പും ശ്വാസോച്ഛ്വാസവും വീണ്ടുകിട്ടുന്നതുവരെ, അല്ലെങ്കിൽ അടിയന്തിര സംഘം എത്തുന്നതുവരെ ഓരോ 15 സെക്കൻറിലും രണ്ടുതവണവീതം ശ്വാസം നൽകിയിട്ട് 15 തവണ മർദം പ്രയോഗിക്കുക.
പരിശീലനം സിദ്ധിച്ച ഒരുവനായിരിക്കണം സിപിആർ ചെയ്യുന്നത്. എന്നാൽ പരിശീലനം ലഭിച്ച ആരെയും ലഭ്യമല്ലെങ്കിൽ, “എന്തെങ്കിലുമൊരു സിപിആർ ഒന്നുമില്ലാത്തതിനെക്കാൾ മെച്ചമാണെ”ന്ന് അടിയന്തിര ഹൃദയ പരിപാലനത്തിന്റെ ഒരു ഡയറക്ടറായ ഡോക്ടർ ആർ. കെമിൻസ് പറയുന്നു. ആരെങ്കിലും ഈ പടികൾ ആരംഭിക്കുന്നില്ലെങ്കിൽ അതിജീവനത്തിനുള്ള സാധ്യതകൾ വളരെ കുറവാണ്. സഹായം എത്തുന്നതുവരെ സിപിആർ വ്യക്തിയുടെ ജീവൻ നിലനിർത്തുന്നു.
[5-ാം പേജിലെ ചിത്രം]
സത്വര ചികിത്സ ജീവൻ രക്ഷിക്കുകയും ഹൃദയത്തിന്റെ കേടുപാടു കുറയ്ക്കുകയും ചെയ്തേക്കാം