ലോകത്തെ വീക്ഷിക്കൽ
“ചൈനയിലെ വൃദ്ധരുടെ എണ്ണം”
“ചൈനയിലെ വൃദ്ധരുടെ എണ്ണം കുത്തനെ ഉയരുകയാണ്,” ചൈനാ ടുഡേ മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. “1994-ന്റെ അവസാനത്തോടെ ചൈനയിൽ 60 വയസ്സിനു മുകളിലുള്ള 11,69,70,000 വൃദ്ധജനങ്ങൾ ഉണ്ടായിരുന്നു. 1990-ലേതിലും 14.16 ശതമാനം വർധനവാണിത്.” രാജ്യത്തെ ജനസംഖ്യയുടെ 10 ശതമാനത്തോളം 60 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. പ്രായമായവരുടെ എണ്ണം, മൊത്തം ജനസംഖ്യയെക്കാൾ ഏതാണ്ട് മൂന്നിരട്ടി വേഗത്തിൽ വർധിച്ചുകൊണ്ടിരിക്കുന്നു. അവർ പരിപാലിക്കപ്പെടുന്നത് എങ്ങനെയാണ്? തൊഴിലിൽനിന്നുള്ള വരുമാനം, പെൻഷൻ, സാമൂഹിക ഇൻഷ്വറൻസ്, ദുരിതാശ്വാസം എന്നിവ മുഖാന്തരം പലരുടെയും ആവശ്യങ്ങൾ നിറവേറ്റപ്പെടുമ്പോൾ ചൈനയിലെ 57 ശതമാനത്തിലേറെ വൃദ്ധജനങ്ങളെ സഹായിക്കുന്നത് അവരുടെ മക്കളോ മറ്റു ബന്ധുക്കളോ ആണ്. “ചൈനയിലെ കുടുംബബന്ധങ്ങൾ താരതമ്യേന ഉറപ്പുള്ളതുകൊണ്ടും വയസ്സായവരെ ബഹുമാനിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു നല്ല പാരമ്പര്യം ചൈനയിൽ ഉള്ളതുകൊണ്ടും വൃദ്ധജനങ്ങളിൽ മിക്കവരും തങ്ങളുടെ ബന്ധുക്കളുടെകൂടെ കഴിയുന്നു, ബന്ധുക്കൾ അവരെ നന്നായി പരിചരിക്കുകയും ചെയ്യുന്നു,” ചൈനാ ടുഡേ പറയുന്നു. “ചൈനയിലെ വയോജനങ്ങളിൽ 7 ശതമാനം മാത്രമേ പരാശ്രയമില്ലാതെ ജീവിക്കുന്നുള്ളൂ.”
ബാലതൊഴിൽ—വളർന്നുവരുന്ന ഒരു പ്രശ്നം
അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ അടുത്ത കാലത്തെ ഒരു റിപ്പോർട്ടനുസരിച്ച് ലോകത്തിലെ 10-നും 14-നും ഇടയ്ക്കു പ്രായമുള്ള കുട്ടികളിൽ 13 ശതമാനം—ഏതാണ്ട് 7.3 കോടിയോളം കുട്ടികൾ—ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു. പത്തു വയസ്സിനു താഴെയുള്ള കുട്ടികളെയും മുഴുസമയവും വീട്ടുജോലിയിൽ ഏർപ്പെടുന്ന പെൺകുട്ടികളെയും സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാണെങ്കിൽ ലോകത്തിലെ ബാലതൊഴിലാളികളുടെ എണ്ണം ദശകോടികളായിരിക്കുമെന്നു റിപ്പോർട്ടു കൂട്ടിച്ചേർത്തു. ജനീവ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സംഘടന ബാലതൊഴിൽ ഇല്ലാതാക്കാൻ 80 വർഷത്തോളമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെങ്കിലും പ്രശ്നം വിപുലവ്യാപകമായിക്കൊണ്ടിരിക്കുന്നു, പ്രത്യേകിച്ചും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും. അടിമപ്പണിയും അപകടകരമായ തൊഴിൽ സാഹചര്യങ്ങളും ഈ കുട്ടികളുടെ ജീവിതത്തിന്റെ ഭാഗധേയമായിരിക്കുമ്പോൾത്തന്നെ വേശ്യാവൃത്തി മുന്തിനിൽക്കുന്ന ഒരു പ്രശ്നമായി പരാമർശിക്കപ്പെട്ടിരിക്കുന്നു. ചില രാജ്യങ്ങളിൽ “മുതിർന്നവർ, ലൈംഗിക ഉദ്ദേശ്യങ്ങൾക്കായി കുട്ടികളെ ഉപയോഗിക്കുന്നത് [എച്ച്ഐവി] ബാധ തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗമായി കാണുന്നു,” ആ റിപ്പോർട്ടു പറയുന്നു. സംഘടന, ഈ “പ്രശ്നത്തെ അവഗണിച്ച . . . ഗവൺമെൻറ് ഉദ്യോഗസ്ഥന്മാരെ കുറ്റപ്പെടുത്തി”യതായി ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ പറഞ്ഞു.
കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റൽ
യുനിസെഫിന്റെ (ഐക്യരാഷ്ട്ര ശിശുക്ഷേമ നിധിയുടെ) ഒരു റിപ്പോർട്ടായ ലോകത്തിലെ കുട്ടികളുടെ അവസ്ഥ 1995 അനുസരിച്ച്, ലോകത്തിന് അതിന്റെ കുട്ടികളുടെ അത്യന്താപേക്ഷിതമായ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുകയില്ലെന്നു ചിന്തിക്കുന്നതു വിഡ്ഢിത്തമാണ്. തങ്ങളുടെ വാദഗതി ദൃഷ്ടാന്തീകരിക്കാൻ യുനിസെഫ് പിൻവരുന്ന കണക്കു നൽകുന്നു: ലോകവ്യാപകമായി, മതിയായ പോഷകാഹാരത്തിനും അടിസ്ഥാന ആരോഗ്യപരിപാലനത്തിനും വർഷത്തിൽ 1,300 കോടി ഡോളറും പ്രാഥമിക വിദ്യാഭ്യാസത്തിന് 600 കോടി ഡോളറും കുടിവെള്ളത്തിനും ശുചിത്വപരിപാലനത്തിനും 900 കോടി ഡോളറും കുടുംബാസൂത്രണത്തിന് 600 കോടി ഡോളറും കൂടുതലായി ആവശ്യമാണെന്നു കണക്കാക്കിയിരിക്കുന്നു—മൊത്തം 3,400 കോടി ഡോളർ ആവശ്യമാണ്. പിൻവരുന്ന കാര്യങ്ങൾക്കുവേണ്ടി ഇപ്പോൾത്തന്നെ പ്രതിവർഷം ചെലവിടുന്ന തുകയുമായി ഇതു താരതമ്യം ചെയ്യുക: ഗോൾഫ് കളിക്ക് 4,000 കോടി ഡോളറും ബിയറിനും വീഞ്ഞിനും 24,500 കോടി ഡോളറും സിഗരറ്റിന് 40,000 കോടി ഡോളറും സൈന്യത്തിന് 80,000 കോടി ഡോളറും. ഉചിതമായ മുൻഗണനകൾ വെക്കുന്നപക്ഷം, തീർച്ചയായും ലോകത്തിലെ എല്ലാ കുട്ടികളെയും മതിയായ വിധത്തിൽ പരിപാലിക്കാമെന്ന് അവർ പറയുന്നു.
“പുതിയൊരുതരം കറുപ്പുയുദ്ധം”
തങ്ങളുടെ ഉത്പന്നങ്ങൾ ഏഷ്യയിൽ വിറ്റഴിക്കാനുള്ള യു.എസ്. പുകയിലക്കമ്പനികളുടെ ഭഗീരഥപ്രയത്നത്തെ ദ ടൈംസ് ഓഫ് ഇന്ത്യ വർണിച്ചത് അങ്ങനെയാണ്. വർഷംതോറും ഇന്ത്യയിൽ മാത്രം പുകയില സംബന്ധമായ രോഗങ്ങൾമൂലം കുറഞ്ഞതു പത്തുലക്ഷം ആളുകൾ മരണമടയുന്നുണ്ടെങ്കിലും ഇന്ത്യാഗവൺമെൻറ് യാതൊരു പുകയിലവിരുദ്ധ നിയമവും ഇതുവരെ പാസാക്കിയിട്ടില്ല. ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ഇതിന്റെ കാരണം, ദേശീയവും സാർവദേശീയവുമായ പുകയിലക്കമ്പനിക്കാരുടെ ശക്തമായ സ്വാധീനവും അതുപോലെതന്നെ “യു.എസ്. പുകയില ഉത്പന്നങ്ങളുടെ വിൽപ്പന അനുവദിക്കാത്ത രാജ്യങ്ങൾക്കെതിരെ വാണിജ്യ ഉപരോധം കൈക്കൊള്ളുമെന്ന ഭീഷണി മുഴക്കുന്ന യു.എസ്. ഫെഡറൽ നിയമങ്ങളു”മാണ്. ഇന്ത്യയിലെ ഗ്രാമങ്ങളിലുള്ള ആളുകളിൽ 99 ശതമാനം പുകയിലയുടെ ഉപയോഗം മൂലമുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് അജ്ഞരാണ്. വാർത്താ മാധ്യമങ്ങൾ സാധാരണ ഒരു പുകവലിക്കാരനെ ആത്മവിശ്വാസമുള്ളവനും ആശങ്കയില്ലാത്തവനുമായി ചിത്രീകരിക്കുന്നു. ക്രിക്കറ്റ്പോലെ പ്രചാരമേറിയ കായികയിനങ്ങളിലെ പ്രധാന മത്സരങ്ങളുടെ പ്രായോജകർ പുകയിലക്കമ്പനിക്കാരാണ്. നാലു സിഗരറ്റ് കമ്പനികൾക്കു പണം മുടക്കിയിട്ടുള്ള ഗവൺമെൻറിന്റെ ഒരു പ്രധാന വരുമാനമാർഗവും സിഗരറ്റാണ്.
നരകാഗ്നിയിലുള്ള വിശ്വാസം തള്ളിക്കളഞ്ഞു
ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഒരു റിപ്പോർട്ട്, നരകം തീയുള്ള നിത്യ ദണ്ഡനത്തിന്റെ ഒരു സ്ഥലമാണെന്ന പരമ്പരാഗത വീക്ഷണം തള്ളിക്കളഞ്ഞിരിക്കുന്നു. സഭയുടെ പഠിപ്പിക്കൽ കമ്മീഷന്റെ റിപ്പോർട്ടനുസരിച്ച്, “മറ്റുള്ളവരെ പീഡിപ്പിക്കുന്നതിൽ ആനന്ദംകൊള്ളുന്ന ഒരു സത്ത്വമായി ദൈവത്തെ വരച്ചുകാട്ടുകയും പലരെയും മാനസികമായി ക്ഷതമേൽപ്പിക്കുകയും ചെയ്യുന്ന ഭീതിജനകമായ വേദാന്തങ്ങൾ ക്രിസ്ത്യാനികൾ കെട്ടിച്ചമച്ചിരിക്കുന്നു.” അത് ഇങ്ങനെ കൂട്ടിച്ചേർത്തു: “ഈ മാറ്റത്തിനു പല കാരണങ്ങളുമുണ്ട്. എന്നാൽ, ഇവയിൽ ചില കാരണങ്ങൾ, ഭയോന്മുഖമായ ഒരു മതത്തിനെതിരെ ക്രിസ്തീയമതത്തിനുള്ളിലും വെളിയിലുമുള്ള ആളുകൾ പ്രകടിപ്പിച്ച ധാർമിക എതിർപ്പും കോടിക്കണക്കിനാളുകളെ നിത്യദണ്ഡനത്തിൽ തളച്ചിട്ട ഒരു ദൈവത്തെക്കുറിച്ചുള്ള സങ്കൽപ്പം ക്രിസ്തുവിലുള്ള ദൈവസ്നേഹത്തിന്റെ വെളിപ്പെടലിൽനിന്നു തികച്ചും വിഭിന്നമാണ് എന്ന വർധിച്ചുവരുന്ന അവബോധവുമാണ്.” എങ്കിലും, ഓരോ വ്യക്തിയും ഒരു ന്യായവിധി ദിവസത്തെ അഭിമുഖീകരിക്കുന്നുവെന്നും പരിശോധനയിൽ പരാജയപ്പെടുന്നവരെ നാശത്തിന്റെ ഒരു അവസ്ഥയിൽ അഥവാ അസ്തിത്വമില്ലായ്മയിൽ ആക്കുമെന്നും അവർ പറയുന്നു. ന്യൂയോർക്കിലെ ഹെറാൾഡ് ട്രിബ്യൂൺ പറയുന്നു: “എല്ലാ വിശ്വാസത്തിലുംപെട്ട എല്ലാ ആളുകളും സ്വാഭാവികമായി രക്ഷിക്കപ്പെടാനുള്ള സാധ്യതയില്ലെന്നു റിപ്പോർട്ടു വ്യക്തമാക്കി.”
സിമിയൻ നായിക
ചിക്കാഗോയിലെ നഗരപ്രാന്തത്തിലുള്ള ബ്രൂക്ഫീൽഡ് മൃഗശാലയിൽ ഏഴ് ആഫ്രിക്കൻ ഗറില്ലകളെ പ്രദർശിപ്പിച്ചിരുന്ന കൂട്ടിലേക്കു വീണ മൂന്നു വയസ്സുകാരനെ ഒരു പെൺഗറില്ല രക്ഷിച്ചു. അമ്മയുടെ കൈവിട്ടുപോയ കുട്ടി, 1.2 മീറ്റർ ഉയരമുള്ള അഴിവേലിയിൽ പിടിച്ചുകയറി ഗറില്ലകളെ പ്രദർശിപ്പിച്ചിരുന്ന സ്ഥലത്തിന്റെ ഏതാണ്ട് 6 മീറ്റർ താഴെയുള്ള കോൺക്രീറ്റ് തറയിലേക്കു വീണു. കുട്ടിയുടെ തലയ്ക്കു പരിക്കേറ്റിരുന്നു. എട്ടു വയസ്സുള്ള, ബിൻറി ജൂവാ—“സൂര്യപ്രകാശത്തിന്റെ മകൾ” എന്നർഥമുള്ള സ്വാഹിളി പദം—എന്ന ഗറില്ല നടന്നുവന്ന് പരിക്കേറ്റ കുട്ടിയെ പതുക്കെ വാരിയെടുത്തു. സ്വന്തം കുഞ്ഞ് പുറത്ത് അള്ളിപ്പിടിച്ചിരിക്കെത്തന്നെ ബിൻറി കുട്ടിയുടെ ഇളംശരീരം കൈകളിലേന്തി, മൃഗശാലാസൂക്ഷിപ്പുകാർ എടുത്തുകൊണ്ടുപോകുന്നതിനു കുട്ടിയെ ശ്രദ്ധാപൂർവം പ്രദർശനസ്ഥലത്തിന്റെ വാതിൽക്കലായി നിലത്തു കിടത്തി. സ്വന്തം അമ്മയാൽ ഉപേക്ഷിക്കപ്പെട്ട ബിൻറിക്കു സ്വന്തമായി ഒരു കുഞ്ഞു ജനിക്കുന്നതിനുമുമ്പുതന്നെ “പോറ്റിപ്പുലർത്താൻ പാവക്കുട്ടികളെ നൽകിക്കൊണ്ട് മൃഗശാലാസൂക്ഷിപ്പുകാർ അമ്മയുടെ ധർമങ്ങൾ പഠിപ്പിച്ചിരുന്നു”വെന്നു ന്യൂയോർക്കിലെ ഡെയ്ലി ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. കുട്ടിയെ രക്ഷിച്ചതിൽപ്പിന്നെ ആയിരക്കണക്കിനു സന്ദർശകരെ അവൾ ആകർഷിച്ചിട്ടുണ്ട്. അവരൊക്കെ അവൾക്കു പഴങ്ങൾ നൽകുന്നു. മുറിവും ചതവും പറ്റിയ കുട്ടി സുഖം പ്രാപിച്ചു.
ഇഷ്ടമുള്ളതു തിരഞ്ഞെടുക്കൂ
“വർഷാരംഭം മോശമായിരുന്നോ?” ന്യൂ സയൻറിസ്റ്റ് മാഗസിനിലെ ഒരു ലേഖനം ചോദിച്ചു. “വിഷമിക്കേണ്ടതില്ല, ചുരുങ്ങിയതു 14 പുതുവത്സരങ്ങളെങ്കിലും ലോകത്തിലുണ്ട്. അതിൽ ഇഷ്ടമുള്ളതു നിങ്ങൾക്കു തിരഞ്ഞെടുക്കാം.” വാസ്തവത്തിൽ, ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിച്ചിരുന്ന രാജ്യങ്ങൾ മാത്രമേ ജനുവരി 1 വർഷാരംഭദിനമായി കണക്കാക്കുന്നുള്ളൂ. പൊ.യു.മു 46-ൽ ജൂലിയസ് സീസറാണ് കലണ്ടർ വർഷം ജനുവരി 1-ഓടെ ആരംഭിക്കണമെന്നു തീരുമാനിച്ചത്. 1582-ൽ ഗ്രിഗറി മാർപ്പാപ്പാ കലണ്ടറിൽ ഭേദഗതികൾ വരുത്തിയപ്പോൾ ഇതു മാറ്റമില്ലാതെ നിലനിർത്തി. വിവിധ സംസ്കാരത്തിലുള്ളവർ സ്വന്തം കലണ്ടർ രീതികൾ വികസിപ്പിച്ചെടുത്തപ്പോൾ ചുരുങ്ങിയത് 26 വ്യത്യസ്ത പുതുവത്സരദിനങ്ങൾ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടു. ഇന്നുള്ളവയിൽ ഏറ്റവും പഴക്കമുള്ളത് ചൈനീസ് കലണ്ടർ രീതിയാണ്. അവരുടെ പുതുവത്സരം ആരംഭിക്കുന്നത് ഈ വർഷം ഫെബ്രുവരി 7-നാണ്. യഹൂദ പുതുവത്സരം ആരംഭിക്കുന്നത് ഒക്ടോബർ 2-നാണ്. പൂർണമായും ചന്ദ്രന്റെ ഭ്രമണത്തെ അടിസ്ഥാനമാക്കിയുള്ളതായതുകൊണ്ട് മുസ്ലിം കലണ്ടറിനും സ്വന്തമായ തീയതിയുണ്ടായിരിക്കും.—മേയ് 8.
തൊട്ടിൽ മരണങ്ങളെ പുകവലിയുമായി ബന്ധപ്പെടുത്തുന്നു
ഒരു തരത്തിലുള്ള പുകയില ധൂമത്തിനും ശിശുക്കളും ഗർഭിണികളും വിധേയരാകാൻ പാടില്ലെന്ന് ബ്രിട്ടീഷ് ഗവേഷകർ പറയുന്നു. രോഗബാധിതരായ കുട്ടികൾക്കുവേണ്ടിയുള്ള ബ്രിസ്റ്റോളിലെ റോയൽ ആശുപത്രി ദ്വിവത്സര പഠനം നടത്തിയപ്പോൾ, ഇംഗ്ലണ്ടിലെ മൂന്നു മേഖലകളിൽ നടന്ന തൊട്ടിൽ മരണങ്ങൾ എന്ന പേരിലറിയപ്പെടുന്ന ക്ഷിപ്ര ശിശുമൃത്യുവ്യാധിയുടെ (സിഡ്സ്) കേസുകളെല്ലാം പരിശോധിക്കുകയുണ്ടായി. മരണമടഞ്ഞ 195 ശിശുക്കളുടെയും ജീവിച്ചിരുന്ന മറ്റ് 780 ശിശുക്കളുടെയും മാതാപിതാക്കളെ അവർ ചോദ്യം ചെയ്തപ്പോൾ, മരിച്ച കുട്ടികളുടെ അമ്മമാരിൽ 62 ശതമാനം പുകവലിച്ചിരുന്നപ്പോൾ ജീവിച്ചിരുന്ന കുട്ടികളുടെ അമ്മമാരിൽ 25 ശതമാനം മാത്രമേ പുകവലിച്ചിരുന്നുള്ളൂ എന്നു കണ്ടെത്തി. “പുകവലിക്കാരായ പിതാക്കന്മാരും ഒരു പ്രശ്നംതന്നെയാണെന്ന് അടുത്തകാലത്തെ ഗവേഷണങ്ങൾ വ്യക്തമാക്കിയിരിക്കുന്നു,” ഫൗണ്ടേഷൻ ഫോർ ദ സ്റ്റഡി ഓഫ് ഇൻഫൻറ് ഡെത്ത്സിലെ ജോയ്സ് എഫ്സ്റ്റെയ്ൻ പറയുന്നു. “കുട്ടിയുടെ അടുക്കൽവെച്ച് ഒട്ടും പുകവലിക്കാതിരിക്കാമെങ്കിൽ കിടക്ക മരണങ്ങൾ [സിഡ്സിന്റെ കേസുകൾ] 61 ശതമാനത്തോളം കുറയ്ക്കാമെന്നു ഞങ്ങൾ കണക്കാക്കുന്നു.”
രക്തം രഹസ്യം വെളിപ്പെടുത്തുന്നു
ഹീമോഗ്ലോബിനെ 60 വർഷത്തിലേറെ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. ജീവശാസ്ത്രത്തിൽ ഏറ്റവും കൂടുതൽ പഠനവിധേയമാക്കിയിട്ടുള്ള മാംസ്യം ഒരുപക്ഷേ അതായിരിക്കാമെന്നു പറയപ്പെടുന്നു. അത്, ശ്വാസകോശങ്ങളിൽനിന്നു കലകളിലേക്ക് ഓക്സിജൻ വഹിച്ചുകൊണ്ടുപോകുന്നുവെന്നും തിരിച്ച് കാർബൺ ഡൈ ഓക്സൈഡും നൈട്രിക് ഓക്സൈഡും കൊണ്ടുപോകുന്നുവെന്നും വളരെ കാലംമുമ്പേ അറിവുള്ളതാണ്. എങ്കിലും, കൂടുതലായ ഒരു ധർമത്തെ—വ്യത്യസ്ത തരത്തിൽ കൂടിച്ചേർന്നിരിക്കുന്ന, സൂപ്പർ നൈട്രിക് ഓക്സൈഡ് എന്നു പേരുള്ള ഒരുതരം നൈട്രിക് ഓക്സൈഡ് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കുന്ന ധർമത്തെ—സൂചിപ്പിക്കുന്ന അടുത്തകാലത്തെ കണ്ടെത്തലുകളിൽ ഡോക്ടർമാരും ശാസ്ത്രജ്ഞന്മാരും വിസ്മയം കൊള്ളുന്നു. ഓർമശക്തി, പഠനം, ലിംഗത്തിന്റെ ഉത്ഥാനം, രക്തസമ്മർദം എന്നിവയുടെ പരിരക്ഷയുൾപ്പെടെ ആരോഗ്യത്തിന്റെ കാര്യത്തിലും കോശങ്ങളും കലകളും ഓജസ്സോടെ കാത്തുസൂക്ഷിക്കുന്നതിലും സൂപ്പർ നൈട്രിക് ഓക്സൈഡ് വാസ്തവത്തിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. നൈട്രിക് ഓക്സൈഡ് വന്നെത്തുന്ന ശരീരത്തിലെ രക്തക്കുഴലുകളിൽ, അതിന്റെ അളവിനെ നിയന്ത്രിച്ചുകൊണ്ട് ഹീമോഗ്ലോബിൻ രക്തക്കുഴലുകളെ വികസിപ്പിക്കുകയും സങ്കോചിപ്പിക്കുകയും ചെയ്യുന്നു. “ഈ കണ്ടുപിടിത്തം, രക്തസമ്മർദത്തിനുള്ള ചികിത്സയ്ക്കും കൃത്രിമ രക്തോത്പാദനത്തിനും ഗണ്യമായ സഹായം ചെയ്യാനുള്ള സാധ്യതയുണ്ട്,” ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ഇപ്പോൾ, രക്തത്തിനുപകരം ഉപയോഗിക്കുന്ന വസ്തുക്കൾക്കു രക്തസമ്മർദത്തെ ഉയർത്താനുള്ള പ്രവണതയാണുള്ളത്. അവയിൽ സൂപ്പർ നൈട്രിക് ഓക്സൈഡ് ഇല്ലാത്തതായിരിക്കാം ഇതിന്റെ കാരണമെന്നു ഗവേഷകർ പറയുന്നു.