ഭൂപ്രദേശം മരുഭൂമിയായി മാറുമ്പോൾ
തൊണ്ണൂറു കോടിയിലേറെ ജനങ്ങളുടെ ജീവിതത്തെ ബാധിച്ചുകൊണ്ടും ആഗോള വാർഷിക വരുമാനത്തിൽ ഉദ്ദേശം 4,200 കോടിയുടെ നഷ്ടമുണ്ടാക്കിക്കൊണ്ടും 100-ഓളം രാജ്യങ്ങളിൽ, പ്രദേശങ്ങൾ മരുഭൂമികളായിക്കൊണ്ടിരിക്കുന്നതായി പറയപ്പെടുന്നു. ദരിദ്രമായ പ്രദേശങ്ങളെയാണ് ഏറ്റവും ഗുരുതരമായി ബാധിക്കുന്നതെങ്കിലും (അവയിൽ 81 രാജ്യങ്ങൾ വികസ്വര രാജ്യങ്ങളാണ്), മരുഭൂവത്കരണം എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള രാജ്യങ്ങൾക്കും ഭീഷണിയാണ്.
ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടി (യുഎൻഇപി) മരുഭൂവത്കരണത്തെ വിളിക്കുന്നത് “ഏറ്റവും ഗുരുതരമായ ആഗോള പരിസ്ഥിതി പ്രശ്നങ്ങളിലൊന്ന്” എന്നാണ്. അതേ സമയം, ഗവേഷകർ “മരുഭൂമികൾ വ്യാപിക്കുന്നില്ല” എന്നും പറയുന്നു. അതെങ്ങനെ?
മരുഭൂമികൾക്ക് ഏറ്റക്കുറച്ചിലുകൾ, നിർവചനങ്ങളിൽ മാറ്റങ്ങൾ
ആഫ്രിക്കയിലെ സാഹേൽ പ്രദേശത്ത് ഏറെക്കാലം നീണ്ടുനിന്ന വരൾച്ചയ്ക്കുശേഷം (1968-73), കൃഷിയിടങ്ങൾ കയ്യടക്കിക്കൊണ്ടു മുന്നേറുന്ന മരുഭൂമികളുടെ ചിത്രം മായാതവണ്ണം ജനങ്ങളുടെ മനസ്സിൽ പതിപ്പിക്കപ്പെട്ടു. എന്നിരുന്നാലും, നെബ്രാസ്ക സർവകലാശാലയിലെ (യു.എസ്.എ.) അന്തർദേശീയ വരൾച്ചാ വിജ്ഞാന കേന്ദ്രത്തിന്റെ ഡയറക്ടറായ ഡോണൾഡ് എ. വിൽഹൈറ്റ് പറയുന്നത്, ശാസ്ത്രജ്ഞന്മാർ ആ സമയത്തു വർണിച്ചുണ്ടാക്കിയ “വ്യാകുലവും നിർഭാഗ്യകരവുമായ സാങ്കൽപ്പിക സംഭവപരമ്പരകൾ, താരതമ്യേന ചുരുങ്ങിയ ഒരു കാലഘട്ടത്തിലെ പരിമിതമായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു, അവ കൃത്യമല്ലാത്ത വിവരങ്ങളാണു പ്രദാനം ചെയ്തത്.”
വരണ്ട കാലാവസ്ഥകളിലും ഈർപ്പമുള്ള കാലാവസ്ഥകളിലും സസ്യങ്ങളുടെ അളവിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നുവെന്ന്, ജൈവപിണ്ഡം (ജീവനുള്ള പദാർഥങ്ങളുടെ അളവ്) കണ്ടെത്തുന്ന സാങ്കേതിക മേന്മയുള്ള ഉപഗ്രഹ ചിത്രങ്ങൾ ഇപ്പോൾ പ്രകടമാക്കുന്നു. ഈ വ്യതിയാനങ്ങൾ, “മരുഭൂമികൾ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നു എന്ന പ്രതീതിയുളവാക്കുന്നു” എന്നു വിദഗ്ധർ പറയുന്നു. അതുകൊണ്ട് മരുഭൂമികൾക്ക് “ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുകയാണു” ചെയ്യുന്നത്. അല്ലാതെ എപ്പോഴും “വ്യാപിക്കുക”യല്ല. എങ്കിലും, “മരുഭൂവത്കരണം നടക്കുന്നുണ്ട്” എന്ന് ഡോ. വിൽഹൈറ്റ് ഊന്നിപ്പറയുന്നു. എന്നാൽ അതു കൃത്യമായി എന്തർഥമാക്കുന്നു?
മരുഭൂവത്കരണം
“മരുഭൂവത്കരണ”ത്തെ മരുഭൂമികളുടെ വികാസ-സങ്കോചവുമായി മിക്കപ്പോഴും കൂട്ടിക്കുഴയ്ക്കാറുണ്ട്. എന്നിരുന്നാലും, ഒരു സംഘം ഗവേഷകരുടെ വിശദീകരണമനുസരിച്ച് മരുഭൂവത്കരണം വ്യത്യസ്തമായ ഒരു പ്രതിഭാസമാണ്. നിലവിലുള്ള മരുഭൂമികളുടെ അതിരുകളിലാണ് വികാസ-സങ്കോചങ്ങൾ സംഭവിക്കുന്നതെന്നിരിക്കെ, മരുഭൂവത്കരണം ഉണ്ടാകുന്നത് വല്ലാതെ വരണ്ട പ്രദേശങ്ങളിലാണ്, അവയിൽ ചിലതിന്റെ സ്ഥാനം മറ്റു മരുഭൂമികളിൽനിന്നും ഒരുപാട് അകലെയായിരിക്കാം. ഭൂമിയുടെ കരോപരിതലത്തിന്റെ 35 ശതമാനം വരുന്ന അത്തരം വിസ്തൃതമായ വരണ്ട കാർഷിക പ്രദേശങ്ങൾ മെല്ലെ മരുഭൂമികളായി മാറിക്കൊണ്ടിരിക്കുന്നു. ആ പ്രതിഭാസത്തെയാണ് ഇപ്പോൾ മരുഭൂവത്കരണമായി വീക്ഷിക്കുന്നത്.
എങ്കിലും, മരുഭൂവത്കരണമുണ്ടാകുന്നത് എവിടെയാണ് എന്നതിനെക്കുറിച്ചുള്ള വിശാലമായ ഈ വീക്ഷണമുണ്ടായിട്ടും രണ്ടു പ്രതിഭാസങ്ങളെയും സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു. അതിന്റെ കാരണം? വികസനപരമായ പ്രശ്നങ്ങൾക്കു സവിശേഷ ശ്രദ്ധ നൽകുന്ന ഒരു വിജ്ഞാന സംഘടനയാണ് പാനോസ്, ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആ സംഘടന ഒരു കാരണം ചൂണ്ടിക്കാണിക്കുന്നു. ചിലപ്പോഴൊക്കെ, നയരൂപകർത്താക്കൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന മരുഭൂമിയുടെ സുവ്യക്ത ചിത്രം സജീവമാക്കി നിർത്തുന്നു. കാരണം അത് “കുറേക്കൂടെ സങ്കീർണ പ്രക്രിയയായ ‘മരുഭൂവത്കരണ’ത്തെക്കാൾ കൂടുതൽ രാഷ്ട്രീയ പിന്തുണ നേടിക്കൊടുക്കുന്നതാണ്.”
“മാറ്റം വന്നുകൊണ്ടിരിക്കുന്ന അറിവ്, ‘മരുഭൂവത്കരണം’ വാസ്തവത്തിൽ എന്താണെന്നതിനെ സംബന്ധിച്ച് ഏറെ വിവാദങ്ങൾക്കു തിരികൊളുത്തിയിരിക്കുന്നു,” പാനോസ് ചൂണ്ടിക്കാട്ടുന്നു. എന്താണു വാദവിഷയം? മനുഷ്യനാണോ കാലാവസ്ഥയാണോ കാരണം എന്നതാണ്. മരുഭൂവത്കരണത്തിന്റെ നിർവചനമായി യുഎൻ ആദ്യം മുന്നോട്ടുവെച്ച നിർദേശം ഇങ്ങനെയാണ്: “മരുഭൂമികൾ, അർധമരുഭൂമികൾ, വരണ്ടതും എന്നാൽ കുറച്ചൊക്കെ ഈർപ്പമുള്ളതുമായ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ, പ്രത്യേകിച്ചും പ്രതികൂലമായ മനുഷ്യ സ്വാധീനം നിമിത്തമുണ്ടാകുന്ന ഭൂപ്രദേശങ്ങളുടെ അപക്ഷയം.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) മരുഭൂവത്കരണത്തിന് മനുഷ്യനെ ഉത്തരവാദിയാക്കിയതു നിമിത്തം ഈ നിർവചനം ഒട്ടേറെ രാജ്യങ്ങളെ അപ്രീതിപ്പെടുത്തിയെന്ന് അന്തർദേശീയ പരിസ്ഥിതി-വികസന ഇൻസ്റ്റിറ്റ്യൂട്ടിന്റെ വരണ്ടനില പദ്ധതിയുടെ ഡയറക്ടറായ കാമില ടൂൾമിൻ പറയുന്നു. അതുകൊണ്ട്, അടുത്തയിടെ, നിർവചനത്തിന്റെ അവസാനഭാഗം “കാലാവസ്ഥാ വ്യതിയാനങ്ങളും മനുഷ്യ പ്രവർത്തനങ്ങളും നിമിത്തമുണ്ടാകുന്ന” എന്നാക്കി മാറ്റി. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) ഈ പുതിയ നിർവചനം മരുഭൂവത്കരണത്തിന്റെ പഴി മനുഷ്യരുടെയും കാലാവസ്ഥയുടെയും മേൽ ചുമത്തുന്നു, പക്ഷേ അതും വിവാദത്തിനു തിരശ്ശീലവീഴ്ത്തിയില്ല. എന്തുകൊണ്ടില്ല?
“നിർവചനങ്ങളുടെ വർധനവും അതേത്തുടർന്നുള്ള കോലാഹലവും, അപകടഭീഷണിയിലായിരിക്കുന്നതായി കണക്കാക്കപ്പെടുന്ന അനവധി രാജ്യങ്ങൾക്കു കൂടുതലായ സഹായനിധി സ്വരൂപിക്കുന്നതിനുള്ള ഒരു യഥാർഥ ഉദ്യമമാണെന്നു ചില വിദഗ്ധർ വിശ്വസിക്കുന്നു” എന്നു പാനോസ് പറയുന്നു. തുടരുന്ന ഈ വിവാദത്തിന്റെ പരിണതഫലമായി “ആ പദംതന്നെ മിക്കവാറും നിരർഥകമായിരിക്കുന്നു.” “മരുഭൂവത്കരണം” എന്ന പദം അപ്പാടെ വേണ്ടെന്നു വെക്കണമെന്ന അഭിപ്രായക്കാരുമുണ്ട്. എന്നാൽ, പ്രസ്തുത പദത്തിനു പകരം മറ്റൊന്നു സ്വീകരിക്കുന്നതു പ്രശ്നം പരിഹരിക്കുകയോ അതിന്റെ കാരണങ്ങൾ ഇല്ലാതാക്കുകയോ ചെയ്യുന്നില്ല. മരുഭൂവത്കരണത്തിന്റെ കാരണങ്ങളെന്തെല്ലാമാണ്?
അടിസ്ഥാന കാരണങ്ങളും പരിണതഫലങ്ങളും
അലൻ ഗ്രേഞ്ചറിന്റെ മരുഭൂവത്കരണം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നതനുസരിച്ച്, അടിസ്ഥാനപരമായ കാരണങ്ങൾ അമിത കൃഷിയും അമിതമായ കാലിമേയ്ക്കലും വനനശീകരണവും മോശമായ ജലസേചന രീതികളുമാണ്. ഈ കാരണങ്ങളിൽ രണ്ടോ അതിലധികമോ ഒരുമിച്ചു സംഭവിക്കുമ്പോൾ സാധാരണമായി മരുഭൂവത്കരണമാണു ഫലം. അതിനുംപുറമേ, ജനസംഖ്യാ വ്യതിയാനങ്ങൾ, കാലാവസ്ഥ, സാമൂഹിക സാമ്പത്തിക അവസ്ഥകൾ തുടങ്ങിയ പ്രേരക ഘടകങ്ങൾ പ്രശ്നത്തെ കൂടുതൽ രൂക്ഷമാക്കുന്നു.
മരുഭൂവത്കരണത്തിന്റെ പ്രകടമായ ഒരു പരിണതഫലമാണ് വരണ്ട ഭൂമിയുടെ ഭക്ഷ്യോത്പാദന ശേഷി നശിക്കുന്നത്. ലോകമെമ്പാടും അതു സംഭവിക്കുന്നു, പ്രത്യേകിച്ചും ഭൂഖണ്ഡത്തിന്റെ 66 ശതമാനം മരുഭൂമിയോ വരണ്ട നിലമോ ആയിരിക്കുന്ന ആഫ്രിക്കയിൽ. എന്നിരുന്നാലും, മരുഭൂവത്കരണം വേറെയും കയ്പേറിയ ഭവിഷ്യത്തുകൾക്കിടയാക്കുന്നു. അതു യുദ്ധത്തിനിടയാക്കുന്നു. “സാമൂഹികവും രാഷ്ട്രീയവുമായ അസ്ഥിരത, രക്തച്ചൊരിച്ചിൽ, യുദ്ധം എന്നിവയിലേക്കു നയിക്കുന്ന കാരണങ്ങളുടെ സങ്കീർണമായ നൂലാമാലകളിൽ പരിസ്ഥിതിയുടെ അപക്ഷയം വർധിച്ചുവരുന്ന ഒരു പങ്കു വഹിക്കുന്നു” എന്ന് ഹരിതയുദ്ധം—പരിസ്ഥിതിയും പോരാട്ടവും (ഇംഗ്ലീഷ്) എന്ന പുസ്തകം അഭിപ്രായപ്പെടുന്നു.
യുദ്ധം തടയാനുള്ള ശ്രമങ്ങൾപോലും ദാരിദ്ര്യം വർധിപ്പിച്ചുകൊണ്ട് പരിസ്ഥിതിയുടെ നാശത്തിൽ കലാശിക്കുന്നു. എങ്ങനെ? “ഭൂപ്രദേശങ്ങളുടെ അപക്ഷയത്തിന്റെ ഫലമായി ശുഷ്കമായിത്തീരുന്ന വിഭവങ്ങളെച്ചൊല്ലിയുള്ള പോരാട്ടങ്ങൾ നിമിത്തമുണ്ടാകുന്ന രാഷ്ട്രീയ അസ്ഥിരതയെ അഭിമുഖീകരിക്കുമ്പോൾ അക്രമത്തെ അടിച്ചമർത്തുന്നതിനായി ഗവൺമെൻറുകൾ മിക്കപ്പോഴും സൈനികശക്തികൊണ്ടായിരിക്കും പ്രതികരിക്കുന്നത്” എന്നു പാനോസ് വിശദീകരിക്കുന്നു. ഈ വിധത്തിൽ, ഗവൺമെൻറുകൾ ദാരിദ്ര്യ നിവാരണത്തിനുവേണ്ടി വിഭവങ്ങൾ ചെലവഴിക്കുന്നതിനുപകരം സൈനികച്ചെലവുകൾക്കായി അവ തിരിച്ചുവിടുന്നു. എന്നിരുന്നാലും, മരുഭൂവത്കരണത്തിന്റെ പരിണതഫലങ്ങളോടു പൊരുതുന്നതിനുപകരം, അതിന്റെ കാരണങ്ങളോടു പൊരുതുന്നതിന് എന്തു ചെയ്യാൻ കഴിയും?
എളുപ്പ പരിഹാരമൊന്നുമില്ല
ആ ചോദ്യത്തെക്കുറിച്ച് 13 മാസം വിചിന്തനം നടത്തിയതിനുശേഷം, 100-ലേറെ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ, മരുഭൂവത്കരണത്തിന് എതിരായി “മുന്നോട്ടു വെക്കുന്ന ഒരു സുപ്രധാന പടി” എന്ന് യുഎൻ വിശേഷിപ്പിച്ച പദ്ധതിയായ “മരുഭൂവത്കരണം ചെറുക്കുന്നതിനുള്ള യുഎൻ ഉടമ്പടി” സ്വീകരിച്ചു. ഉടമ്പടി മറ്റു സംഗതികളുടെ കൂടെ, മരുഭൂവത്കരണനിവാരണ സാങ്കേതികവിദ്യകൾ വികസിത രാജ്യങ്ങളിൽനിന്നു വികസ്വര രാജ്യങ്ങളിലേക്കു കൈമാറുക, ഗവേഷണ-പരിശീലന പരിപാടികൾ ഏർപ്പെടുത്തുക, വിശിഷ്യ തദ്ദേശവാസികളായ ആളുകളുടെ അറിവ് മെച്ചമായി ഉപയോഗപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു. (യുഎൻ ക്രോണിക്കിൾ) ഈ പുതിയ ഉടമ്പടി വരണ്ട ഭൂമിയുടെ അപക്ഷയം അവസാനിപ്പിക്കുമോ?
ഒരു മാറ്റം ഉണ്ടാകണമെങ്കിൽ, വാക്കുകളും അതോടൊപ്പം നല്ല പിന്തുണയും ആവശ്യമാണ് എന്ന് പാനോസ് പറയുന്നു. 1977-നും 1988-നുമിടയ്ക്കായി ഓരോ വർഷവും ഒരു ശതകോടി ഡോളർ വീതം മരുഭൂവത്കരണനിവാരണ നടപടികൾക്കായി ചെലവഴിച്ചതായി ഉടമ്പടിയുടെ ആസൂത്രകന്മാരിലൊരാളായ ഹാമാ ആർബാ ഡയാലോ പറഞ്ഞു. എങ്കിലും, യുഎൻഇപി-യുടെ അഭിപ്രായപ്രകാരം യഥാർഥ പുരോഗതി ഉണ്ടാകണമെങ്കിൽ, 81 വികസ്വര രാജ്യങ്ങളുംകൂടി ആ പണത്തിന്റെ ഏകദേശം നാലുമുതൽ എട്ടുവരെ ഇരട്ടി ചെലവഴിക്കേണ്ടിവരും.
പക്ഷേ ബില്ല് ആരടയ്ക്കും? “വ്യവസായവത്കൃത രാജ്യങ്ങളിൽനിന്നു മരുഭൂവത്കരണനിവാരണ പ്രവർത്തനങ്ങൾക്കായി പുതുതായി കാര്യമായ ധനസഹായമൊന്നും കിട്ടില്ല” എന്നു പാനോസ് മുന്നറിയിപ്പു നൽകുന്നു. “മരുഭൂവത്കരണത്തിലൂടെ കഷ്ടതയനുഭവിക്കുന്ന ദരിദ്ര രാഷ്ട്രങ്ങൾ ആ ഉടമ്പടി വഴി അനായാസമോ എളുപ്പത്തിലുള്ളതോ ആയ ഒരു പരിഹാരം പ്രതീക്ഷിക്കുന്നത് അവാസ്തവികമാണ്” എന്നും അതു കൂട്ടിച്ചേർത്തു. എന്നുവരികിലും, മരുഭൂവത്കരണത്തെക്കുറിച്ചു ലോകവ്യാപകമായി നടത്തപ്പെടുന്ന ചർച്ചകൾ അതിന്മേലുള്ള പൊതുജനശ്രദ്ധ വർധിപ്പിക്കുന്നു എന്ന വസ്തുതതന്നെ “ഒരു നേട്ടമാണെന്ന്” പാനോസ് പ്രതീക്ഷയോടെ ഉപസംഹരിക്കുന്നു.
‘മരുഭൂമി ആനന്ദിക്കും’
തീർച്ചയായും, തുടർച്ചയായ മരുഭൂവത്കരണം വരുത്തിവെച്ചേക്കാവുന്ന മഹാവിപത്തിനെക്കുറിച്ച് മാനവരാശിയെ ബോധവത്കരിക്കുന്നതിൽ കഴിഞ്ഞ കുറെ ദശകങ്ങളിലായി ഒട്ടേറെ സ്ത്രീപുരുഷന്മാർ വിജയം വരിച്ചിരിക്കുന്നു. “മനുഷ്യനു മുമ്പേ കാട്, പിമ്പേ മരുഭൂമി” തുടങ്ങിയ മുദ്രാവാക്യങ്ങൾ ഇപ്പോഴത്തെ അവസ്ഥയ്ക്കു മാറ്റം വരുത്താൻ ആളുകളെ ആഹ്വാനം ചെയ്യുന്നു.
എന്നുവരികിലും, മരുഭൂവത്കരണം എന്നതു സങ്കീർണമായ ഒരു പ്രശ്നമാണെന്നു വിജ്ഞരായവർക്ക് അറിയാം. എത്ര സദുദ്ദേശ്യമുള്ളവൻ ആയിരുന്നാലും ശരി, ഇന്നത്തെ ആഗോള പ്രശ്നങ്ങളുടെ കാരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മനുഷ്യനു പരിമിതികൾ ഉണ്ടെന്നു തിരിച്ചറിയാൻ മാത്രം യാഥാർഥ്യബോധമുള്ളവരാണ് അവർ.
എന്നാൽ, അതേസമയം, നമ്മുടെ ഗ്രഹത്തിന്റെ ഭാവി സംബന്ധിച്ച് ഉത്കണ്ഠാകുലരായ ആളുകൾക്ക്, ഭൂമിയുടെ സ്രഷ്ടാവ് ഇതും മറ്റു പരിസ്ഥിതി പ്രശ്നങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യുമെന്നു വാഗ്ദത്തം ചെയ്തിരിക്കുന്നുവെന്ന അറിവ് സമാശ്വാസദായകമായ സംഗതിയാണ്. ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എല്ലായ്പോഴും സത്യമെന്നു തെളിഞ്ഞിരിക്കുന്നതിനാൽ, മരുഭൂമികളുടെയും അപക്ഷയം സംഭവിച്ച പ്രദേശങ്ങളുടെയും ഭാവി സംബന്ധിച്ച് യഹോവ നിശ്വസ്തതയിൽ പ്രവാചകനായ യെശയ്യാവിനെ എന്തെഴുതാൻ പ്രേരിപ്പിച്ചുവോ ആ വചനങ്ങളുടെ നിവൃത്തിക്കായി നോക്കിപ്പാർത്തിരിക്കുന്നതു വാസ്തവികമാണ്: “മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പം പോലെ പൂക്കും. . . . മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും. മരീചിക ഒരു പൊയ്കയായും വരണ്ടനിലം നീരുറവുകളായും തീരും.” (യെശയ്യാവു 35:1-7; 42:8, 9; 46:8-10) സമീപ ഭാവിയിൽത്തന്നെ മരുഭൂവത്കരണ പ്രക്രിയ അവസാനിക്കുകയും നേരെ തിരിച്ചുള്ള പ്രക്രിയ ആരംഭിക്കുകയും ചെയ്യുന്നതിനു സാക്ഷ്യം വഹിക്കുന്നത് എത്ര ആനന്ദദായകമായിരിക്കും!
[16-ാം പേജിലെ ചതുരം]
മരുഭൂമിയോ വരണ്ടനിലമോ ആയ ഭൂപ്രദേശങ്ങളുടെ ശതമാനക്കണക്ക്
ആഫ്രിക്ക 66%
ഏഷ്യ 46%
ഓസ്ട്രേലിയ 75%
യൂറോപ്പ് 32%
വടക്കേ അമേരിക്ക 34%
തെക്കേ അമേരിക്ക 31%
ലോകമൊട്ടാകെ 41%
[17-ാം പേജിലെ ചതുരം]
ജലസേചനം ഭൂപ്രദേശത്തെ മരുഭൂമിയാക്കുന്നുവോ?
ജലസേചനത്തിന്—നിലങ്ങൾക്കു വെള്ളമെത്തിക്കുന്നതിന്—ഭൂപ്രദേശത്തെ മരുഭൂമിയാക്കാൻ സാധിക്കുമോ? ഉവ്വ്, മോശമായ ജലസേചനത്തിന് അതു സാധിക്കും. ജലസേചനം നടത്തിയ പ്രദേശത്ത് വെള്ളം ശരിയാംവിധം വാർന്നുപോകാൻ ക്രമീകരണം ചെയ്യാത്തപ്പോഴാണ് അതുണ്ടാകുന്നത്. ആദ്യം മണ്ണ് വെള്ളത്തിൽ വല്ലാതെ കുതിർന്നുപോകുന്നു; അതുകഴിഞ്ഞ് അത് ഉപ്പുരസമുള്ളതാകുന്നു; പിന്നീട് പ്രതലത്തിൽ ഉപ്പുപടലം ഉണ്ടാകുന്നു. “പുതിയ ജലസേചന പദ്ധതികൾ തുറക്കുന്നതിനനുസരിച്ച്, മോശമായ ജലസേചനം സ്ഥലങ്ങളെ അതിവേഗം മരുഭൂമികളാക്കിത്തീർക്കുന്നു” എന്നു പാനോസ് അഭിപ്രായപ്പെടുന്നു.
[16,17 പേജുകളിലെ ഭൂപടങ്ങൾ]
മരുഭൂമി
അപകടത്തിൽ
[കടപ്പാട്]
Mountain High Maps® Copyright © 1995 Digital Wisdom, Inc.
[15-ാം പേജിലെ ചിത്രങ്ങൾ]
സാവധാനം മരുഭൂമികളായിക്കൊണ്ടിരിക്കുന്ന കൃഷിയിടങ്ങൾ