എതിർപ്പുകളുണ്ടായിരുന്നിട്ടും നടത്തപ്പെട്ട റൊമേനിയൻ കൺവെൻഷനുകൾ
യഹോവയുടെ സാക്ഷികളുടെ ഒരു സാർവദേശീയ “ദൈവസമാധാന സന്ദേശവാഹകർ” കൺവെൻഷൻ 1996 ജൂലൈ 19 മുതൽ 21 വരെ റൊമേനിയയിലെ ബൂക്കറെഷ്റ്റിൽ നടത്താൻ പട്ടികപ്പെടുത്തിയിരുന്നു. വിദേശരാജ്യങ്ങളിൽനിന്നുള്ളവർ ഉൾപ്പെടെ ഏതാണ്ട് 40,000 പേർ 20 ലക്ഷം ജനങ്ങളുള്ള ഈ യൂറോപ്യൻ തലസ്ഥാനം സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നു. 60,000 പേർക്ക് ഇരിക്കാവുന്ന നാഷണൽ സ്റ്റേഡിയം ഈ പരിപാടിക്കായി ബുക്കു ചെയ്തിരുന്നു. എന്നാൽ പിന്നീട് ജൂൺ 24-ന് തെറ്റിദ്ധരിപ്പിക്കപ്പെട്ട റൊമേനിയൻ ഉദ്യോഗസ്ഥർ കൺവെൻഷൻ നടത്താനുള്ള അനുവാദം പിൻവലിച്ചു.
കൺവെൻഷൻ റദ്ദാക്കാനുള്ള ഉത്തരവു പിൻവലിപ്പിക്കാൻ യഹോവയുടെ സാക്ഷികൾ കഠിനമായി പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അതുകൊണ്ട് നിരവധി യൂറോപ്യൻ രാജ്യങ്ങളിൽനിന്നും വടക്കേ അമേരിക്കയിൽനിന്നും ജപ്പാനിൽനിന്നും ക്ഷണിക്കപ്പെട്ട ആയിരക്കണക്കിനു വരുന്ന വിദേശ പ്രതിനിധികൾക്ക് ജൂലൈ 12 മുതൽ 14 വരെ ഹംഗറിയിലെ ബുഡാപെസ്റ്റിൽ ഒരു കൺവെൻഷനിൽ സംബന്ധിക്കാൻ തക്കവണ്ണം ക്രമീകരണങ്ങളിൽ മാറ്റം വരുത്തേണ്ടതായി വന്നു. അവസാനനിമിഷത്തെ മാറ്റങ്ങൾ നിമിത്തം പലർക്കും വളരെ പണം ചെലവായെന്നു മാത്രമല്ല, അസൗകര്യവും നിരാശയും അനുഭവപ്പെടുകയും ചെയ്തു.
എന്നാൽ പ്രദേശത്തെ റൊമേനിയൻ പ്രതിനിധികൾക്കുവേണ്ടി എന്തു ക്രമീകരണങ്ങൾ ഏർപ്പെടുത്തും? ക്ലൂഷ്നാപോക, ബ്രാഷൊവ് എന്നീ നഗരങ്ങളിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു, ഒടുവിൽ ജൂലൈ 19-നും 21-നും ഇടയ്ക്ക് അവിടെ കൺവെൻഷൻ നടത്താമെന്നായി. എങ്കിലും, പല റൊമേനിയക്കാർക്കും ക്ലൂഷ്നാപോകയിലോ ബ്രാഷൊവിലോ എത്തിപ്പെടാൻ സാധിച്ചില്ല. അതുകൊണ്ട് സെപ്റ്റംബർ 13 മുതൽ 15 വരെ രണ്ട് കൺവെൻഷനുകൾക്കൂടെ നടത്തി. ഒന്ന് ബായമാറയിലും മറ്റേത് ബൂക്കറെഷ്റ്റിലും.
ബൂക്കറെഷ്റ്റിലെ ആദ്യം നടത്താനിരുന്ന കൺവെൻഷൻ റദ്ദാക്കിയത് എന്തുകൊണ്ടായിരുന്നു? റൊമേനിയയിൽ കൺവെൻഷനുകൾ നടത്താൻ സാധിക്കത്തക്കവിധം—ബൂക്കറെഷ്റ്റിലേത് ഉൾപ്പെടെ—തങ്ങളുടെ വീക്ഷണഗതി മാറ്റാൻ ചില ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത് എന്തായിരുന്നു?
എതിർപ്പിനു പിന്നിൽ ആരായിരുന്നു?
ബുഡാപെസ്റ്റിലെ സാർവദേശീയ കൺവെൻഷൻ നടന്ന സമയത്ത് ഹംഗേറിയൻ വർത്തമാനപത്രമായ സീനെഷ് വാസർനാപ് യഹോവയുടെ സാക്ഷികളെക്കുറിച്ച് ഇപ്രകാരം അഭിപ്രായപ്പെട്ടു: “തങ്ങളുടെ വാർഷിക സാർവദേശീയ യോഗം ബൂക്കറെഷ്റ്റിൽ നടത്താനാണ് അവർ ആദ്യം ആസൂത്രണം ചെയ്തത്. എന്നാൽ ഓർത്തഡോക്സ് ക്രിസ്ത്യാനികളിൽനിന്നുള്ള എതിർപ്പുമൂലം റൊമേനിയൻ ഉദ്യോഗസ്ഥർ അതു നടത്താനുള്ള അനുവാദം യഹോവയുടെ സാക്ഷികൾക്കു നൽകിയില്ല.” എതിർപ്പിനു പുറകിൽ സഭയുടെ കൈകളുണ്ടെന്ന വാർത്ത എല്ലായിടത്തും പരന്നു. ഉദാഹരണത്തിന്, യു.എസ്.എ.-യിലെ ന്യൂയോർക്കിലുള്ള ഒരു അൽബേനി വർത്തമാനപത്രമായ ടൈംസ് യൂണിയൻ ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “ഓർത്തഡോക്സ് പാത്രിയാർക്കീസ് ടേയോക്ടിസ്റ്റ്, ഓർത്തഡോക്സ് വിശ്വാസികൾക്ക് യഹോവയുടെ സാക്ഷികളുടെ ‘പാഷണ്ഡ’ വിശ്വാസങ്ങൾ എന്ന് അദ്ദേഹം വിളിച്ചതിനെതിരെ ജാഗ്രത പുലർത്താനുള്ള മുന്നറിയിപ്പു നൽകി.”
കൺവെൻഷനോടനുബന്ധിച്ചു വൈദികരിൽനിന്നുണ്ടായ എതിർപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സത്യമായിരുന്നോ? ജൂണിൽ, ബൂക്കറെഷ്റ്റിലെ നിവാസികൾ യഹോവയുടെ സാക്ഷികളെ കരിതേച്ചു കാണിക്കുന്ന പോസ്റ്ററുകൾ നഗരത്തിലുടനീളം—സഭയുടെ സ്ഥലത്തും മതിലുകളിലും കെട്ടിടങ്ങളുടെ ഭിത്തികളിലും ഭൂഗർഭ പാതകളിലും—കണ്ടു. “എല്ലാ റൊമേനിയക്കാരോടും!” എന്നു ശീർഷകമുള്ള ഒരു പോസ്റ്റർ ഇങ്ങനെ ചോദിച്ചു: “ജൂലൈ 19-21-യുള്ള . . . ഒരു സാർവദേശീയ ജെഹോവൈറ്റ് കൺവെൻഷൻ റൊമേനിയയ്ക്കിപ്പോൾ ആവശ്യമുണ്ടോ? ക്രിസ്ത്യാനികളേ—നമുക്ക് ഈ സാത്താന്യ കൺവെൻഷനെ എതിർക്കാം!”
“സൂക്ഷിക്കുക, ജെഹോവൈറ്റ് വിപത്ത്!” എന്ന തലക്കെട്ടോടുകൂടിയ മറ്റൊരു പോസ്റ്റർ ഉറപ്പിച്ചു പറഞ്ഞു: “യഹോവയുടെ സാക്ഷികൾ ക്രിസ്ത്യാനിത്വത്തിനെതിരെ പൊരുതുന്നു . . . നമ്മുടെ ആളുകൾക്കിടയിൽ വിഭജനം ഉളവാക്കാനും മതപരമായ വഴക്കുകൾ സൃഷ്ടിക്കാനുമാണ് അവർ ശ്രമിക്കുന്നത്. . . . എല്ലാ റൊമേനിയക്കാരുമായുള്ളവരേ, ഈ കൺവെൻഷനെതിരെ പൊരുതുക!”
“പ്രവർത്തിക്കാനുള്ള ആഹ്വാനം.” മറ്റൊരു പോസ്റ്ററിന്റെ തലക്കെട്ട് അതായിരുന്നു. “റൊമേനിയൻ ഓർത്തഡോക്സ് സഹോദരവർഗം . . . ജൂൺ 30 ഞായറാഴ്ച നടക്കാനിരിക്കുന്ന ഒരു പ്രതിഷേധ യോഗത്തിൽ സംബന്ധിക്കാൻ എല്ലാ ഓർത്തഡോക്സ് വിശ്വാസികളെയും ആഹ്വാനം ചെയ്യുന്നു.” പോസ്റ്റർ ഇപ്രകാരം ഉപസംഹരിച്ചു: “ഈ കൺവെൻഷൻ റദ്ദാക്കാൻ നമ്മൾ അധികാരികളോട് ആവശ്യപ്പെടും. നമ്മുടെ പൂർവപിതാക്കന്മാരുടെ വിശ്വാസത്തെ സംരക്ഷിക്കാനായി വരുവിൻ. ദൈവം നമ്മെ സഹായിക്കട്ടെ!”
യഹോവയുടെ സാക്ഷികൾ “കമ്മ്യുണിസ്റ്റ് പക്ഷക്കാരായ ഒരു രാഷ്ട്രീയ സംഘടനയാണ്” എന്ന് അവകാശപ്പെടുന്ന ഒരു ലഘുലേഖ വൈദികർ അച്ചടിച്ച് വിതരണം ചെയ്യുകപോലുമുണ്ടായി. എന്നാൽ ഇതും ഒരു കടുത്ത നുണയാണ്. ഒരുപക്ഷേ മിക്ക റൊമേനിയക്കാർക്കും അതു നുണയാണെന്ന ബോധ്യമുണ്ടായിരിക്കും. അടുത്ത കാലത്ത് യഹോവയുടെ സാക്ഷികൾ കമ്മ്യുണിസ്റ്റുകാരുടെ കരങ്ങളാൽ പീഡിപ്പിക്കപ്പെട്ടതും പലപ്പോഴും തടവിലാക്കപ്പെട്ടതും അവർക്കറിയാം.
മനോഭാവങ്ങൾ സ്വാധീനിക്കപ്പെട്ട വിധം
സഭ തൊടുത്തുവിട്ട ആക്രമണങ്ങളെ എതിർക്കാൻ റൊമേനിയയുടെ അകത്തും പുറത്തുമുള്ള ആളുകൾ ശബ്ദമുയർത്തി. മറ്റുള്ളവർക്കു നൽകിയിട്ടുള്ള പദവികൾ യഹോവയുടെ സാക്ഷികൾക്കും നൽകുന്നതു നീതി മാത്രമാണെന്ന് ഗവൺമെൻറ് ഉദ്യോഗസ്ഥന്മാർക്കു കാണാൻ കഴിഞ്ഞു. ഫ്ളാഗ്രൻറ് എന്ന ഒരു ബൂക്കറെഷ്റ്റ് വർത്തമാനപത്രം ഇപ്രകാരം പ്രവചിച്ചു: “ഈ ആദ്യത്തെ സാർവദേശീയ കൺവെൻഷനെതിരെ നിലവിലുള്ള പ്രതികൂലങ്ങളും വിദ്വേഷവും അമർഷവും ഒരു വിരോധാഭാസപരമായ ഫലമായിരിക്കും ഉളവാക്കുന്നത്. സാക്ഷികളിൽനിന്ന് ആളുകളെ അകറ്റുന്നതിനുപകരം ഈ നടപടി അവരിൽ താത്പര്യവും ജിജ്ഞാസയും സഹിഷ്ണുതയും അനുകമ്പയും ഉണർത്തും.”
ഈ പ്രവചനം എത്ര സത്യമായി ഭവിച്ചെന്നോ! ഓർത്തഡോക്സ് സഭയിലെ അംഗങ്ങളിൽ പലരും ബൂക്കറെഷ്റ്റിലുള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിലേക്ക് എഴുതിയോ ഫോൺചെയ്തോ തങ്ങളുടെ വൈദികരുടെ നടപടികൾക്കെതിരെ അമർഷം പ്രകടിപ്പിച്ചു. യഹോവയുടെ സാക്ഷികളെക്കുറിച്ച് അറിവുള്ള ആളുകൾക്ക്, റൊമേനിയയിലെ ഓർത്തഡോക്സ് സഭ വരച്ചുകാട്ടിയതു പോലെയുള്ള ആളുകളല്ല അവരെന്ന് അറിയാം.
ടീമിഷോവാറാ എന്ന റൊമേനിയൻ വർത്തമാനപത്രത്തിൽ എഴുതുന്ന മാറിയൂസ് മീല 1996 ജൂലൈ 6-ന് ഇങ്ങനെ അഭിപ്രായപ്പെട്ടു: “ജെഹോവൈറ്റുകാരെ ഇത്ര ശക്തിയോടെ കുറ്റപ്പെടുത്തിയവരിൽ 99 ശതമാനവും അവരോടു സംസാരിക്കാനോ അവരുടെ യോഗങ്ങളിൽ സംബന്ധിക്കാനോ താത്പര്യം കാട്ടാത്തവരാണെന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു: “ഓർത്തഡോക്സ് വിശ്വാസികളായ നമ്മൾ മറ്റുള്ളവരുടെ കണ്ണിലെ കരടിനെ ദൈവത്തിന്റെ മെച്ചമായ ന്യായവിധിക്കു വിട്ടുകൊടുത്തുകൊണ്ട് സ്വന്തം കണ്ണിലെ കോലിനെക്കുറിച്ചു വേവലാതിപ്പെടുന്നതായിരിക്കും കൂടുതൽ കെട്ടുപണി ചെയ്യുന്നത്.”—മത്തായി 7:3-5.
എന്നിട്ട് ശ്രീ. മീല ആദിമ നൂറ്റാണ്ടിലെ അഭിഭാഷകനായ ഗമാലിയേൽ യേശുവിന്റെ അനുഗാമികളെ എതിർത്തിരുന്ന മതനേതാക്കന്മാരോടു നടത്തിയ പ്രസംഗം ഉദ്ധരിച്ചു: ‘ആകയാൽ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞു കൊൾവിൻ; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും; ദൈവികം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ.’ (പ്രവൃത്തികൾ 5:38, 39) ഉപസംഹരിച്ചുകൊണ്ട് മീല എഴുതി: “നമ്മുടെ ഈ മനോഭാവം ജനാധിപത്യവിരുദ്ധവും ബൈബിൾവിരുദ്ധവും സാമൂഹികവിരുദ്ധവുമാണ്.”
താമസിയാതെ, കൺവെൻഷൻ റദ്ദാക്കിയതിനെക്കുറിച്ചുള്ള വിമർശനങ്ങൾ യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിൽനിന്നും ഐക്യനാടുകളിൽനിന്നും ഒഴുകാൻ തുടങ്ങി. “യഹോവയുടെ സാക്ഷികൾക്കെതിരെ റൊമേനിയൻ ഓർത്തഡോക്സ് സഭയുടെ പ്രതിനിധിയായ ടെയോക്ടിസ്റ്റ് പാത്രിയാർക്കീസ് കൈക്കൊണ്ട നിലപാടിനെ” അപലപിച്ചുകൊണ്ടുള്ള ഒരു വാർത്താറിപ്പോർട്ട്, റൊമേനിയൻ ഹെൽസിങ്കി സമിതി പുറപ്പെടുവിച്ചു.
യു.എസ്. പ്രസിഡൻറിന്റെ ഭാര്യയായ ഹിലാരി ക്ലിൻറൻ ആ സമയത്ത് റൊമേനിയ സന്ദർശിക്കാൻ ഇടയായി. 18-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ക്രെറ്റ്സൂലെസ്കൂ പള്ളിയിൽ പോകാൻ പദ്ധതിയിട്ടിരുന്നെങ്കിലും അവർ പള്ളിയിൽ പ്രവേശിക്കാഞ്ഞത് എന്തുകൊണ്ടായിരുന്നെന്നു റൊമേനിയയിലെ യു.എസ്. സ്ഥാനപതിയായ ആൽഫ്രഡ് മോസസ് വിവരിച്ചു: “അമേരിക്കൻ ഐക്യനാടുകളുടെ ഭരണഘടനയും അതുപോലെതന്നെ റൊമേനിയൻ ഭരണഘടനയും അനുമതി നൽകുന്ന ഒരു തത്ത്വമാണ് മതസ്വാതന്ത്ര്യം. മതസഹിഷ്ണുതയുടെ അഭാവത്തെ സൂചിപ്പിക്കുന്ന, പള്ളിസ്ഥലത്തു കാണാവുന്ന പോസ്റ്ററുകൾ, ഭിന്നസമൂഹ പങ്കാളിത്തം അംഗീകരിക്കുന്ന ജനാധിപത്യ മനോഭാവത്തോടും ശ്രീമതി ക്ലിന്റന്റെ റൊമേനിയൻ സന്ദർശനത്തിന്റെ ഉദ്ദേശ്യങ്ങളോടും യോജിപ്പിലല്ലായിരുന്നു.”
ദൈവിക പിന്തുണയുടെ തെളിവ്
യഹോവയുടെ സാക്ഷികൾ ക്ലൂഷ്നാപോക നഗരത്തിൽ മുമ്പ് കൺവെൻഷനുകൾ നടത്തിയിട്ടുണ്ട്. ബൂക്കറെഷ്റ്റിലെ നാഷണൽ സ്റ്റേഡിയം ഉപയോഗിക്കാനുള്ള അനുവാദം സാക്ഷികൾക്കു ലഭിക്കാതെ വന്നപ്പോൾ ക്ലൂഷ്നാപോകയിലെ ഉദ്യോഗസ്ഥർ അവരെ വീണ്ടും സ്വാഗതം ചെയ്തു. എന്നാൽ കൺവെൻഷൻ ആരംഭിക്കാൻ പട്ടികപ്പെടുത്തിയിരുന്നതിന് വെറും ഒരാഴ്ച മുമ്പാണ് ക്ലൂഷ്നാപോകയിലെ സ്റ്റേഡിയത്തിനുള്ള കരാറിൽ ഒപ്പിട്ടത്. “ഇത്ര വലിയൊരു കൺവെൻഷൻ ഇത്ര കുറച്ചു സമയംകൊണ്ട് സംഘടിപ്പിക്കാൻ എങ്ങനെ സാധിക്കും?” ഒരു റിപ്പോർട്ടർക്ക് അറിയണമായിരുന്നു.
“ഏകീകൃതമായ ഒരു സംഘടനയാണു ഞങ്ങളുടേത്.” അദ്ദേഹത്തോടു പറഞ്ഞു. “ഞങ്ങൾക്കു കൺവെൻഷൻ നടത്തി നല്ല പരിചയമുണ്ട്. എന്നാൽ എല്ലാറ്റിലും ഉപരിയായി, ഞങ്ങളുടെ ദൈവമായ യഹോവയാണു ഞങ്ങളെ പിന്തുണയ്ക്കുന്നത്.”
വാസ്തവമായും, യഹോവയുടെ സഹായത്താലും പിന്തുണയാലുമാണ് ഇത്ര കുറച്ചു സമയംകൊണ്ട് ഇത്രയേറെ കാര്യങ്ങൾ നിവർത്തിക്കാൻ സാധിച്ചത്. ഇത്ര വൈകിയുള്ള അറിയിപ്പു ലഭിച്ചിട്ടുപോലും 20,000-ത്തിലേറെ ആളുകൾ മൂന്നു ദിവസത്തേക്കു കൂടിവരുന്നതു സങ്കൽപ്പിച്ചുനോക്കൂ! അത്യുച്ച ഹാജർ 22,004 ആയിരുന്നു, 799 പേർ സ്നാപനമേറ്റു. കൺവെൻഷനുശേഷം ആഡിവേരൂൾ ഡേ കൂഷ് എന്ന വർത്തമാനപത്രം ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “ഈ ആളുകളുടെ മുഖത്ത് എപ്പോഴും പുഞ്ചിരിയുണ്ടെന്നു മാത്രമല്ല, ചെയ്യുന്ന ഏതു കാര്യവും മുഴുദേഹിയോടെ ചെയ്യുന്നു എന്ന മതിപ്പാണ് അവർ അവശേഷിപ്പിച്ചത്. അവരുടെ ഐക്യദാർഢ്യം മതിപ്പുളവാക്കുന്നതായിരുന്നു . . . പെരുമാറ്റത്തിൽ അവർ മാതൃകായോഗ്യമായ അച്ചടക്കം പ്രകടമാക്കിയിരുന്നു. അവർ അസാധാരണമായ ശുചിത്വമുള്ളവരായിരുന്നു.”
ബ്രാഷൊവിൽ സംഭവിച്ചത് പ്രത്യേകിച്ചും മതിപ്പുളവാക്കുന്ന ഒന്നായിരുന്നു. കാരണം, കൺവെൻഷൻ നടത്താൻ പട്ടികപ്പെടുത്തിയിരുന്ന തീയതിക്ക് ഏതാനും ദിവസം മുമ്പുമാത്രമാണ് കൺവെൻഷൻ നടത്താനുള്ള അനുമതി ലഭിച്ചത്! എങ്കിലും സ്വകാര്യ ഭവനങ്ങളിൽ 7,500 പേർക്കു വേണ്ട താമസസൗകര്യം ലഭിച്ചു. ഒരു സാക്ഷി തന്റെ അയൽക്കാരോടു സംസാരിച്ചപ്പോൾ അവർ 30 സ്നാപനാർഥികളെ താമസിപ്പിച്ചു. ബ്രാഷൊവിലുള്ള സഭയിലെ സാക്ഷികൾ തങ്ങളോടൊപ്പം 500 പ്രതിനിധികളെ താമസിപ്പിച്ചു. ചില പ്രതിനിധികളെ കൺവെൻഷൻ പ്രദേശത്തിനരികെ കൂടാരങ്ങളിൽ താമസിപ്പിച്ചു. മഴ പെയ്തപ്പോൾ അടുത്തുള്ള അപ്പാർട്ടുമെൻറുകളിൽ താമസിക്കുന്ന ആതിഥ്യമര്യാദയുള്ള ആളുകൾ ഇറങ്ങിവന്ന് അവരെ തങ്ങളുടെ അപ്പാർട്ടുമെൻറുകളിലേക്കു ക്ഷണിച്ചു.—പ്രവൃത്തികൾ 28:2 താരതമ്യം ചെയ്യുക.
റൊമേനിയയുടെ തെക്കുഭാഗത്തുള്ള അയൽരാജ്യമായ, കൂടുതലായി ഓർത്തഡോക്സുകാർ പാർക്കുന്ന, ബൾഗേറിയയിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിരോധിച്ചിരിക്കുകയാണ്. ബൾഗേറിയക്കാരായ സാക്ഷികളെ കൊണ്ടുപോകുന്ന ബസ്സുകൾ ബൂക്കറെഷ്റ്റിലേക്കു തിരിച്ചപ്പോൾ, പ്രത്യക്ഷത്തിൽ ചില കസ്റ്റംസ് ഉദ്യോഗസ്ഥന്മാർക്ക് കൺവെൻഷൻ സ്ഥാനങ്ങളിലുള്ള മാറ്റങ്ങളെക്കുറിച്ച് അറിയാമായിരുന്നു. ബ്രാഷൊവിൽ മൊത്തം 1,056 ബൾഗേറിയക്കാർ മുഴു പരിപാടിയും സ്വന്തം ഭാഷയിൽ ആസ്വദിച്ചു. ബ്രാഷൊവ് കൺവെൻഷനിൽ മൊത്തം 12,862 പേർ സംബന്ധിച്ചു, 832 പേർ സ്നാപനമേറ്റു. ഇവരിൽ 66 പേർ ബൾഗേറിയക്കാരായിരുന്നു.
ക്ലൂഷ്നാപോകയിലും ബ്രാഷൊവിലും എത്തിപ്പെടാൻ സാധിക്കാഞ്ഞവർക്കായി ബായമാറയിലും ബൂക്കറെഷ്റ്റിലും സെപ്റ്റംബറിൽ ചെറിയ കൺവെൻഷനുകൾ സംഘടിപ്പിക്കാൻ സാധിച്ചു. ഈ രണ്ടു കൺവെൻഷനുകളിലുമായി മൊത്തം 5,340 പേർ സംബന്ധിച്ചു, 48 പേർ സ്നാപനമേറ്റു. അങ്ങനെ, റൊമേനിയയിലെ കഴിഞ്ഞ വേനൽക്കാല “ദൈവസമാധാന സന്ദേശവാഹകർ” കൺവെൻഷനുകളിൽ മൊത്തം 40,206 പേർ ഹാജരാകുകയും 1,679 പേർ സ്നാപനമേൽക്കുകയും ചെയ്തു. റൊമേനിയയിൽ യഹോവയെ സേവിക്കാൻ ശ്രമിക്കുന്നവരുടെമേൽ അവന്റെ അനുഗ്രഹമുണ്ടെന്നുള്ളതു തീർച്ച!
ബൂക്കറെഷ്റ്റിലെ യഹോവയുടെ സാക്ഷികളുടെ ഒരു പ്രതിനിധി അഭിപ്രായപ്പെട്ടു: “വർഷങ്ങളോളം സാക്ഷീകരിക്കുന്നതിന്റെ ഫലമായി ലഭിക്കുമായിരുന്നതിനു തുല്യമായ പ്രസിദ്ധി മൂന്ന് ആഴ്ചകൊണ്ട് രാജ്യത്തുടനീളം ഞങ്ങൾക്കു ലഭിച്ചു. ഞങ്ങളെ തടയുമെന്ന് റൊമേനിയൻ ഓർത്തഡോക്സ് സഭ വിചാരിച്ച തന്ത്രം വാസ്തവത്തിൽ സുവാർത്തയുടെ പുരോഗമനത്തിൽ കലാശിച്ചു.”
[24-ാം പേജിലെ ചിത്രം]
ബൂക്കറെഷ്റ്റ് മനോഹരമായ ഒരു ആധുനിക നഗരമാണ്
[25-ാം പേജിലെ ചിത്രങ്ങൾ]
യഹോവയുടെ സാക്ഷികളെ കരിതേച്ചു കാട്ടിയ പോസ്റ്ററുകൾ
[26-ാം പേജിലെ ചിത്രം]
ബൂക്കറെഷ്റ്റിലെ സ്നാപനാർഥികൾ
[26-ാം പേജിലെ ചിത്രം]
കൺവെൻഷൻ നടത്താനുള്ള അനുമതി ഏതാനും ദിവസംമുമ്പു മാത്രം ലഭിച്ച ബ്രാഷൊവിൽ
[26-ാം പേജിലെ ചിത്രം]
ക്ലൂഷ്നാപോകയിലെ കൺവെൻഷനിൽ 22,004 പേരുടെ അത്യുച്ച ഹാജർ