യുവജനങ്ങൾ ചോദിക്കുന്നു . . .
ഞാൻ രോഗത്താൽ ഇത്ര കഷ്ടപ്പെടേണ്ടിവരുന്നത് എന്തുകൊണ്ട്?
ജെയ്സനു 13 വയസ്സുണ്ടായിരുന്നപ്പോൾ, അവൻ ഒരുനാൾ യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനമായ ന്യൂയോർക്കിലെ ബ്രുക്ലിൻ ബെഥേലിൽ ഒരു മുഴുസമയ ശുശ്രൂഷകനാകുമെന്നു നിശ്ചയം ചെയ്തു. അവൻ തനിക്കുവേണ്ടി ഒരു തടിപ്പെട്ടി ഉണ്ടാക്കി അതിനെ ബെഥേൽ പെട്ടി എന്നു വിളിച്ചു. ബെഥേൽ ജീവിതവൃത്തി സ്വീകരിക്കുമ്പോൾ തനിക്ക് ആവശ്യം വന്നേക്കുമെന്നു തോന്നിയതെല്ലാം അതിൽ ശേഖരിച്ചുവെക്കാൻ തുടങ്ങി.
എങ്കിലും, ജെയ്സനു 18 വയസ്സു തികഞ്ഞ്, വെറും മൂന്നു മാസത്തിനു ശേഷം, അവനു ക്രോൻസ് രോഗമുണ്ടെന്നു പരിശോധനകൾ വെളിപ്പെടുത്തി—കടുത്ത, വേദനാജനകമായ കുടൽ വീക്കം. “അതെന്നെ തകർത്തുകളഞ്ഞു,” അവൻ ഓർമിക്കുന്നു. “എനിക്കു ചെയ്യാൻ കഴിഞ്ഞ ഒരേയൊരു സംഗതി ജോലിക്കു പോയിരുന്ന ഡാഡിയെ വിളിച്ചു കരയുക എന്നതായിരുന്നു. ബെഥേലിൽ പോകാനുള്ള എന്റെ ആഗ്രഹത്തിന് അത് എന്തായാലും ഒരു വിലങ്ങുതടിയാണെന്ന് എനിക്കറിയാമായിരുന്നു.”
“സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈററുനോവോടിരിക്കുന്ന”തിന്റെ ഒരു അടിസ്ഥാന കാരണമാണ് രോഗം. (റോമർ 8:22) അസംഖ്യം യുവജനങ്ങൾ രോഗം ബാധിച്ചവരുടെ കൂട്ടത്തിലുണ്ട്. അനേകം യുവജനങ്ങളും ക്രമേണ സുഖം പ്രാപിക്കുന്നു. എങ്കിലും, മറ്റനേകർക്ക് ദീർഘകാലം നീണ്ടുനിൽക്കുന്നതോ ചില കേസുകളിൽ ഒരുപക്ഷേ മാരകമായിരിക്കുന്നതോ ആയ രോഗങ്ങളോടു പൊരുതേണ്ടതുണ്ടായിരിക്കാം. ആസ്തമ, പ്രമേഹം, സിക്കിൾസെൽ അനീമിയ, പകർച്ചവ്യാധികൾ, അപസ്മാരം, മാനസികരോഗങ്ങൾ, കാൻസർ തുടങ്ങിയവ യുവജനങ്ങളുടെ ഇടയിൽ സാധാരണ കണ്ടുവരുന്ന രോഗങ്ങളാണ്. ചില യുവജനങ്ങൾ ഒരേസമയത്ത് പല രോഗങ്ങൾ അനുഭവിച്ചുകൊണ്ടായിരിക്കും ജീവിതം നയിക്കുന്നത്.
‘ഇതെനിക്കു സംഭവിക്കുന്നത് എന്തുകൊണ്ടാണ്?’
രോഗം മിക്കപ്പോഴും മാനസികവും വൈകാരികവുമായ സമ്മർദത്തിനു വഴിവെച്ചേക്കാം. ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചു പറയുകയും വേണ്ട. ഉദാഹരണത്തിന്, രോഗം നിമിത്തം നിങ്ങൾക്കു മാസങ്ങളോളം സ്കൂളിൽ പോകാൻ സാധിക്കുന്നില്ലെങ്കിൽ, നിങ്ങൾ പഠിത്തത്തിൽ പുറകോട്ടായിപ്പോകുമെന്നു മാത്രമല്ല സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടതുപോലെയും അനുഭവപ്പെട്ടേക്കാം. ഇടവിട്ടിടവിട്ടുള്ള ആശുപത്രി വാസം നിമിത്തം 12 വയസ്സുകാരൻ സണ്ണിക്കു ക്ലാസ്സുകൾ നഷ്ടപ്പെടുമ്പോൾ, അവൻ വേവലാതിപ്പെടുന്നു: ‘എന്റെ സഹപാഠികൾ എന്തായിരിക്കും ചെയ്തുകൊണ്ടിരിക്കുന്നത്? ഇന്നെനിക്ക് എന്തൊക്കെയാണോ നഷ്ടപ്പെട്ടത്?’
അതുപോലെ, നിങ്ങൾക്കു തീരെ സുഖമില്ലാതായി ക്രിസ്തീയ യോഗങ്ങളിൽ പങ്കുപറ്റാനോ ബൈബിൾ വായിക്കാൻപോലുമോ സാധിക്കാതെ വന്നാൽ ആത്മീയ വളർച്ചയ്ക്കും കോട്ടംതട്ടുന്നതായി തോന്നാം. ഇങ്ങനെയുള്ള അവസരങ്ങളിൽ നിങ്ങൾക്ക് കൂടുതൽ വൈകാരികവും ആത്മീയവുമായ പിന്തുണയുടെ ആവശ്യം വന്നേക്കാം. ആദ്യമൊക്കെ രോഗനിർണയം വിശ്വസിക്കാൻപോലും നിങ്ങൾക്കു സാധിച്ചെന്നുവരില്ല. പിന്നീട്, എങ്ങനെയെങ്കിലും രോഗം വരാതെ നോക്കാമായിരുന്നു എന്ന ചിന്ത നിമിത്തം നിങ്ങൾക്ക് ഒരുപക്ഷേ നിങ്ങളോടുതന്നെ വളരെയേറെ കോപം തോന്നിയേക്കാം. ‘എനിക്കിങ്ങനെ സംഭവിക്കാൻ ദൈവം അനുവദിച്ചതെന്തുകൊണ്ട്?’ എന്ന് ഉറക്കെ നിലവിളിക്കാൻ നിങ്ങൾക്കു തോന്നിയേക്കാം. (മത്തായി 27:46 താരതമ്യം ചെയ്യുക.) വാസ്തവത്തിൽ, കുറച്ചെങ്കിലും വിഷാദം അനുഭവപ്പെടുന്നതു സാധാരണമാണ്.
മാത്രമല്ല, വളരെ നല്ലയാളാകാൻ ശ്രമിക്കുന്നതുപോലുള്ള ചില പ്രത്യേക പ്രയത്നങ്ങൾ നടത്തുകയാണങ്കിൽ, ദൈവം തന്റെ രോഗം മാറ്റിത്തരുമെന്നും ഒരു യുവവ്യക്തി സങ്കൽപ്പിച്ചേക്കാം. എന്നിരുന്നാലും, ദൈവം ഈ നാളുകളിൽ അത്ഭുത രോഗശാന്തി വാഗ്ദത്തം ചെയ്യുന്നില്ല എന്നതിനാൽ അത്തരം ചിന്തകൾ നിരാശയിലേക്കു നയിച്ചേക്കാം.—1 കൊരിന്ത്യർ 12:30; 13:8, 13.
ഒരുപക്ഷേ ഒരിക്കലും മരിക്കേണ്ടിവരുകയില്ലായിരിക്കുമെന്ന്—ദൈവം “മഹോപദ്രവം” കൊണ്ടുവരുന്ന നാളുകൾ കാണാൻ സാധിക്കുമെന്ന്, നിങ്ങൾ പ്രതീക്ഷിച്ചിരിക്കാം. (വെളിപ്പാടു 7:14, 15 NW; യോഹന്നാൻ 11:26) അങ്ങനെയെങ്കിൽ, നിങ്ങൾക്ക് ഒരു മാരക രോഗമുണ്ടെന്ന അറിവ് ഇരട്ടി ആഘാതമേൽപ്പിക്കുന്നതായിരിക്കും. നിങ്ങൾ യഹോവയെ അപ്രീതിപ്പെടുത്തുന്ന എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് അമ്പരന്നേക്കാം. അല്ലെങ്കിൽ, നിർമലതയുടെ ചില പ്രത്യേക പരിശോധനകൾക്കുവേണ്ടി നിങ്ങളെ തിരഞ്ഞെടുത്തതായിരിക്കാം എന്നു വിചാരിച്ചേക്കാം. എന്നുവരികിലും, ഇവയൊന്നും ശരിയായ നിഗമനങ്ങളല്ല. “ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല” എന്നു ദൈവവചനമായ ബൈബിൾ പറയുന്നു. (യാക്കോബ് 1:13) രോഗവും മരണവും ഇപ്പോഴത്തെ മനുഷ്യാവസ്ഥയുടെ ദുഃഖകരമായ ഭാഗങ്ങളാണ്. മാത്രമല്ല, നാമെല്ലാം ‘കാലത്തിനും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങൾക്കും’ വിധേയരുമാണല്ലോ—സഭാപ്രസംഗി 9:11, NW.
ഭയത്തെ തരണംചെയ്യൽ
ഗുരുതരമായ ഒരു രോഗം പിടിപെടുന്നതു നിങ്ങളെ ജീവിതത്തിലാദ്യമായി വല്ലാതെ ഭയാകുലരാക്കുകയും ചെയ്തേക്കാം. നിങ്ങളുടെ ജീവനുവേണ്ടി പോരാടുമ്പോൾ അനുഭവപ്പെടുന്നത് (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഗുരുതരമായ രോഗങ്ങളുള്ള 14 യുവജനങ്ങളുടെ വീക്ഷണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണമായി, പത്തു വയസ്സുകാരനായ ആന്റൺ കടുത്ത ആസ്തമയെ തുടർന്നു താൻ മരിച്ചുപോകുമെന്നു ഭയന്നു. അസ്ഥിയർബുദത്തോടു പോരാടിക്കൊണ്ടിരുന്ന 16-കാരിയായ എലിസെബെത്ത്, രാത്രി ഉറങ്ങിയിട്ട് പിന്നീട് ഒരിക്കലും ഉണരാതിരുന്നേക്കുമോ എന്നു ഭയന്നിരുന്നു.
എങ്കിലും, ചില യുവജനങ്ങൾക്കു മറ്റു തരത്തിലുള്ള ഭയമാണുള്ളത്—തങ്ങളെ വിവാഹം കഴിക്കാൻ ആരും ഒരിക്കലും തയ്യാറാകുകയില്ലെന്നോ അല്ലെങ്കിൽ തങ്ങൾക്കു ഭാവിജീവിതത്തിൽ ആരോഗ്യമുള്ള മക്കളുണ്ടാകുകയില്ലെന്നോ ഉള്ള ഭയം. മറ്റു യുവജനങ്ങൾ, രോഗം പകരുന്നതോ അല്ലാത്തതോ ആയിരുന്നാലും, കുടുംബാംഗങ്ങൾക്കു പിടിപെടുമോയെന്നു ഭയക്കുന്നു.
ഒരു രോഗം ഏറ്റക്കുറച്ചിലുകളില്ലാതെ തുടരുകയോ കുറഞ്ഞുവരികയോ ചെയ്താൽപ്പോലും, പെട്ടെന്നൊന്നു കൂടിയാൽ ഭയം വീണ്ടും നാമ്പിടാൻ തുടങ്ങുന്നു. അത്തരം ഭീതികൾ നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ ഇതു യാഥാർഥ്യമാണെന്നു നിങ്ങൾക്കു മനസ്സിലാകും. ഭാഗ്യത്തിന് നിഷേധാത്മക വികാരങ്ങളുടെ ഇത്തരം തിരത്തള്ളൽ കാലക്രമേണ ശമിക്കാനാണു സാധ്യത. അപ്പോൾ നിങ്ങൾക്കു നിങ്ങളുടെ സാഹചര്യങ്ങളെ കുറെക്കൂടെ യാഥാർഥ്യബോധത്തോടെ വിശകലനം ചെയ്തു തുടങ്ങാൻ സാധിക്കും.
രോഗിയായിരിക്കുന്നതിലെ വെല്ലുവിളിയെ നേരിടൽ
“ചെറുപ്പമായിരിക്കുമ്പോൾ നിങ്ങൾക്ക് എന്തും ചെയ്യാൻ കഴിയുമെന്നു തോന്നും,” തുടക്കത്തിൽ പരാമർശിച്ച ജെയ്സൻ നിരീക്ഷിക്കുന്നു. “പിന്നെ, പെട്ടെന്നൊരുനാൾ, ഗുരുതരമായ രോഗം നിങ്ങളെ ആ ധാരണയിൽനിന്നു കുലുക്കിയുണർത്തുന്നു. പ്രവർത്തനങ്ങൾ കുറയ്ക്കേണ്ടിവരുന്നതിനാൽ ഒറ്റ രാത്രികൊണ്ട് വയസ്സായിപ്പോയതുപോലെ തോന്നും.” അതേ, പുതിയ തരത്തിലുള്ള പരിമിതികളെ അഭിമുഖീകരിക്കുന്നതു വെല്ലുവിളിപരമാണ്.
മറ്റുള്ളവർ നിങ്ങളുടെ സാഹചര്യം മനസ്സിലാക്കാത്തപ്പോൾ മറ്റൊരു വലിയ വെല്ലുവിളിയെ അഭിമുഖീകരിക്കേണ്ടിവരുന്നു എന്നു ജെയ്സൻ തിരിച്ചറിഞ്ഞു. ജെയ്സന് “അദൃശ്യ രോഗം” എന്നു വിളിക്കാവുന്ന ഒന്നാണുള്ളത്. അവനെ പുറമേ കണ്ടാൽ അസുഖമുണ്ടെന്നേ തോന്നുകയില്ല. “എന്റെ ശരീരം വേണ്ടതുപോലെ ഭക്ഷണം ദഹിപ്പിക്കുന്നില്ല,” ജെയ്സൻ വിശദീകരിക്കുന്നു, “അതിനാൽ ഞാൻ കൂടെക്കൂടെ ഭക്ഷണം കഴിക്കേണ്ടതുണ്ട്, അതും മറ്റുപലരും കഴിക്കുന്നതിനെക്കാൾ കൂടുതൽ. എന്നിട്ടും ഞാൻ മെലിഞ്ഞാണിരിക്കുന്നത്. മാത്രമല്ല, ചിലപ്പോഴൊക്കെ വല്ലാത്ത തളർച്ചയനുഭവപ്പെടുന്നതു നിമിത്തം ഉച്ചസമയങ്ങളിൽ എനിക്കു കണ്ണുതുറന്നു പിടിക്കാൻകൂടി പറ്റാറില്ല. പക്ഷേ ആളുകൾ, ലൗകിക കാര്യങ്ങളിൽ അമിതമായി താത്പര്യമുള്ളതുകൊണ്ടോ മടിയനായതുകൊണ്ടോ ഒക്കെയാണ് എനിക്കിങ്ങനെ സംഭവിക്കുന്നതെന്നു ദ്യോതിപ്പിക്കുംവിധത്തിലുള്ള അഭിപ്രായങ്ങളാണു പറയുന്നത്. ‘നിനക്കു വേണമെന്നുവെച്ചാൽ കുറെക്കൂടെ നന്നായി ചെയ്യാൻ കഴിയും. പക്ഷേ നീ അതിനുവേണ്ടി ശ്രമിക്കുന്നുപോലുമില്ല!’ എന്നതുപോലുള്ള അഭിപ്രായ പ്രകടനങ്ങൾ അവർ നടത്തുന്നു.”
ജെയ്സന് ഇളയ സഹോദരന്മാരും സഹോദരികളുമുണ്ട്. അവൻ മുമ്പു ചെയ്തിരുന്ന സംഗതികൾ, ഉദാഹരണത്തിന് അവരെ പന്തു കളിക്കാൻ കൊണ്ടുപോകുന്നതുപോലുള്ളവ, ഇപ്പോൾ ചെയ്യാത്തതെന്തുകൊണ്ടാണെന്നു മിക്കപ്പോഴും അവർക്കു മനസ്സിലാകുന്നില്ല. ജെയ്സൻ പറയുന്നു, “പക്ഷേ എനിക്കു മുറിവേൽക്കുകയാണെങ്കിൽ അതു കരിയാൻ ആഴ്ചകളെടുക്കും എന്നെനിക്കറിയാം. അവർ എന്റെ വേദന അവരുടേതിനോടു താരതമ്യപ്പെടുത്താൻ ചായ്വു കാട്ടുകയും, ‘അവൻ ശ്രദ്ധപിടിച്ചുപറ്റാൻ വേണ്ടി വെറുതേ ഞരങ്ങുന്നതാണ്’ എന്നു പറയുകയും ചെയ്യുന്നു. അവരുടെ ഏറ്റവും കടുത്ത വേദന, വല്ല കാലുളുക്കലോ മറ്റോ ഉണ്ടാകുമ്പോഴത്തേതായിരിക്കും. അതുകൊണ്ട് എന്റെ വേദന എങ്ങനെയിരിക്കുമെന്ന് അവർക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല.”
നിങ്ങളുടെ രോഗം കുടുംബത്തിനു ഭാരമായിത്തീരുകയാണെങ്കിൽ, നിങ്ങൾക്കു വല്ലാത്ത കുറ്റബോധം അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ മാതാപിതാക്കൾക്കും കുറ്റബോധം തോന്നിയേക്കാം. “എന്റെ മാതാപിതാക്കളിരുവരും അവരിലൂടെയായിരിക്കാം എനിക്ക് ഈ അസുഖം കിട്ടിയതെന്നു വിശ്വസിക്കുന്നു,” ജെയ്സൻ പറയുന്നു. “യാഥാർഥ്യത്തെ അഭിമുഖീകരിക്കാനുള്ള ശക്തി സംഭരിച്ചുകഴിയുമ്പോൾ കുട്ടികൾ സാധാരണഗതിയിൽ അതിനോടു പൊരുത്തപ്പെട്ടുപോകുന്നു. പക്ഷേ മാതാപിതാക്കൾക്ക് മാനസികമായി കൂടുതൽ ബുദ്ധിമുട്ടു തോന്നുന്നു. അവരെന്നോടു കൂടെക്കൂടെ മാപ്പു ചോദിക്കുന്നു. അവരുടെ കുറ്റബോധം മാറ്റുന്നതിന് ഞാൻ തുടർച്ചയായി എന്റെ കഴിവിന്റെ പരമാവധി പരിശ്രമിക്കേണ്ടിയിരിക്കുന്നു.”
പരിശോധനയ്ക്കു പോകൽ—തമാശയല്ല
ഡോക്ടറെ കാണാൻവേണ്ടിയുള്ള കൂടെക്കൂടെയുള്ള സന്ദർശനങ്ങൾ ഉത്കണ്ഠയ്ക്കു വക നൽകുന്നു. അവ നിങ്ങൾ നിസ്സാരരോ നിസ്സഹായരോ ആണെന്നുള്ള തോന്നലുളവാക്കിയേക്കാം. ആശുപത്രിയിലെ പരിശോധനാ മുറിയിൽ നിങ്ങളുടെ ഊഴവും കാത്തുള്ള ആ ഇരിപ്പുതന്നെ ഭയമുളവാക്കുന്നതായിരിക്കാൻ കഴിയും. “നിങ്ങൾക്കു . . . വല്ലാത്ത ഏകാന്തത തോന്നുമെന്നതിനാൽ ആരെങ്കിലും നിങ്ങളോടൊപ്പമുള്ളതു നല്ലതായിരിക്കും,” ഹൃദ്രോഗിയായ 14-കാരൻ ജോസഫ് പറയുന്നു. സങ്കടകരമെന്നു പറയട്ടെ, ചില ചെറുപ്പക്കാർക്ക് തങ്ങളുടെ മാതാപിതാക്കളിൽനിന്നുപോലും അത്തരം പിന്തുണ ലഭിക്കുന്നില്ല.
വൈദ്യപരിശോധനകൾക്കും അതുപോലെ ഉത്കണ്ഠാജനകമായിരിക്കാൻ കഴിയും. തുറന്നുപറയുകയാണെങ്കിൽ, ചില പരിശോധനകൾ തികച്ചും അസുഖകരമായിരിക്കും. അതിനുശേഷം, ഫലമറിയുന്നതുവരെ ഉത്കണ്ഠാകുലമായ ദിവസങ്ങളോ ആഴ്ചകളോ നിങ്ങൾ തള്ളിനീക്കേണ്ടതുണ്ടായിരിക്കാം. എന്നാൽ ഇതു മനസ്സിൽ പിടിക്കുക: ഒരു വൈദ്യപരിശോധന സ്കൂളിൽ പരീക്ഷയെഴുതുന്നതു പോലെയല്ല; എന്തെങ്കിലും വൈദ്യശാസ്ത്രപരമായ പ്രശ്നമുണ്ടെന്നതിനു നിങ്ങൾ തോറ്റുപോയെന്നർഥവുമില്ല.
വാസ്തവത്തിൽ, ഒരു വൈദ്യപരിശോധനയ്ക്കു വളരെയേറെ പ്രയോജനപ്രദമായ വിവരങ്ങൾ പ്രദാനം ചെയ്യാൻ കഴിയും. അതിനു നിങ്ങൾക്ക് എളുപ്പം ചികിത്സിച്ചു മാറ്റാവുന്ന ഒരു വൈദ്യശാസ്ത്രപരമായ പ്രശ്നമുണ്ടെന്നു കാണിക്കാൻ കഴിയും. ഇനി അങ്ങനെയല്ലെങ്കിൽപ്പോലും, ഒരു പരിശോധനയ്ക്ക് ആ തകരാറിനെ എങ്ങനെ കൈകാര്യം ചെയ്യാമെന്നു കാണിച്ചുതരാൻ കഴിയും. നിങ്ങൾക്കുണ്ടെന്നു കരുതപ്പെടുന്ന അസുഖം വാസ്തവത്തിൽ ഇല്ലെന്നുപോലും കാണിച്ചുതരാൻ അതിനു സാധിച്ചേക്കാം. അതുകൊണ്ട് നിങ്ങളുടെ അവസ്ഥയെപ്പറ്റി എടുത്തുചാടി ഓരോ നിഗമനങ്ങളിലെത്താതിരിക്കാൻ ശ്രമിക്കുക.
വല്ലാതെ ആശങ്കാകുലരാകുന്നതു നിങ്ങളെ തളർത്തിക്കളയുകയേ ഉള്ളൂ. ബൈബിൾ പറയുന്നു: “മനോവ്യസനം ഹേതുവായി മമനുഷ്യന്റെ മനസ്സിടിയുന്നു.” (സദൃശവാക്യങ്ങൾ 12:25) പകരം, ദൈവത്തോടു നമ്മുടെ ആകുലതകളെക്കുറിച്ചു പറയാൻ അവൻ ക്ഷണിക്കുന്നു. അവൻ നമുക്കുവേണ്ടി കരുതുന്നുണ്ടെന്നും പ്രശ്നം ഏറ്റവും നന്നായി കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ മാർഗനിർദേശവും ജ്ഞാനവും അവൻ നമുക്കു പ്രദാനം ചെയ്യുമെന്നും നാം വിശ്വസിക്കേണ്ടതുണ്ട്.—സങ്കീർത്തനം 41:3; സദൃശവാക്യങ്ങൾ 3:5, 6; ഫിലിപ്പിയർ 4:6, 7; യാക്കോബ് 1:5.
നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവം, നീതിയുള്ള ഒരു പുതിയ ലോകത്തിലേക്കു നമ്മെ ആനയിക്കുന്നതിനു വേണ്ട ഏർപ്പാടുകൾ ചെയ്തിരിക്കുന്നു എന്നതിൽ നമുക്കു സന്തോഷിക്കാം. ആ പുതിയ ലോകത്തിൽ ജീവിതം ആസ്വദിക്കാൻ ഒരവസരം പ്രദാനം ചെയ്തുകൊണ്ട് അവൻ മരിച്ചുപോയവരെ പുനരുത്ഥാനപ്പെടുത്തുകപോലും ചെയ്യും. ആ സമയത്ത്, “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല” എന്നു ബൈബിൾ നമുക്കുറപ്പു തരുന്നു.—യെശയ്യാവു 33:24.
അതുവരെ നിങ്ങൾക്ക് ഗുരുതരമായ രോഗങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കേണ്ടതുണ്ടായിരിക്കാം. എങ്കിലും, നിങ്ങളുടെ സാഹചര്യത്തെ ഏറ്റവും നന്നായി പ്രയോജനപ്പെടുത്തിക്കൊണ്ടു നിങ്ങൾക്കു ചെയ്യാവുന്ന അനേകം സംഗതികളുണ്ട്. ഇവയെപ്പറ്റി നമ്മൾ ഒരു ഭാവി ലേഖനത്തിൽ ചർച്ചചെയ്യുന്നതായിരിക്കും.
[18-ാം പേജിലെ ചിത്രം]
‘എനിക്കിങ്ങനെ സംഭവിക്കാൻ ദൈവം അനുവദിച്ചതെന്തുകൊണ്ട്?’ എന്നു നിങ്ങൾ ചോദിച്ചേക്കാം