യുവജനങ്ങൾ ചോദിക്കുന്നു . . .
ഇത്ര ഗുരുതരമായ രോഗവുമായി ഞാൻ എങ്ങനെ കഴിഞ്ഞുകൂടും?
ജെയ്സന് 18 വയസ്സേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അവന്റെ ജീവിതലക്ഷ്യങ്ങളെല്ലാം ഇപ്പോൾ എത്തിപ്പിടിക്കാൻ സാധിക്കാത്തവയായി കാണപ്പെട്ടു. ഒരു മുഴുസമയ ക്രിസ്തീയ ശുശ്രൂഷകനായി സേവിക്കാൻ അവൻ പ്രത്യാശിച്ചിരുന്നു. എന്നാൽ തനിക്ക് ക്രോൺസ് രോഗം—ശക്തിക്ഷയം വരുത്തുന്ന വേദനാജനകമായ ഒരു കുടൽ വൈകല്യം—ഉള്ളതായി അവൻ മനസ്സിലാക്കി. എങ്കിലും ജെയ്സൻ ഇന്ന് അവന്റെ സാഹചര്യങ്ങളെ വിജയകരമായി കൈകാര്യം ചെയ്യുന്നു.
ഒരുപക്ഷേ നിങ്ങളും ഗുരുതരമായ ഒരു രോഗവുമായി മല്ലിടുകയായിരിക്കും. ഉണരുക!യുടെ ഒരു മുൻ ലക്കത്തിൽ നിങ്ങളെപ്പോലുള്ള യുവജനങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പരാമർശിച്ചിരുന്നു.a നിങ്ങളുടെ സാഹചര്യത്തെ എങ്ങനെ വിജയകരമായി കൈകാര്യം ചെയ്യാമെന്ന് നമുക്കു നോക്കാം.
ഒരു ക്രിയാത്മക മനോഭാവം
ഏത് അസുഖത്തെയും വിജയകരമായി നേരിടാൻ ഒരു ക്രിയാത്മക മനോഭാവം ആവശ്യമാണ്. ബൈബിൾ പറയുന്നു: “പുരുഷന്റെ ധീരത അവന്റെ ദീനത്തെ സഹിക്കും; തകർന്ന മനസ്സിനെയോ ആർക്കു സഹിക്കാം? (സദൃശവാക്യങ്ങൾ 18:14) ഇരുളടഞ്ഞ, ശുഭാപ്തിവിശ്വാസമില്ലാത്ത ചിന്തകളും തോന്നലുകളും സുഖം പ്രാപിക്കുന്നത് കൂടുതൽ വിഷമകരമാക്കിത്തീർക്കും. ഇതു സത്യമാണെന്നു ജെയ്സൻ കണ്ടെത്തി.
ആദ്യംതന്നെ, ജെയ്സന് ദേഷ്യം പോലെയുള്ള നിഷേധാത്മക ചിന്തകളുമായി മല്ലിടേണ്ടതുണ്ടായിരുന്നു. അത്തരം ചിന്തകൾ അവനെ വിഷാദത്തിലാഴ്ത്തിയിരുന്നു. അവനെ സഹായിച്ചത് എന്തായിരുന്നു? അവൻ വിവരിക്കുന്നു: “വീക്ഷാഗോപുരത്തിലെയും ഉണരുക!യിലെയും വിഷാദത്തെക്കുറിച്ചുള്ള ലേഖനങ്ങൾ ക്രിയാത്മകമായ ഒരു മനോഭാവം നിലനിർത്താൻ എന്നെ സഹായിച്ചു. ഇപ്പോൾ ഞാൻ അന്നന്നത്തെ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനാണു ശ്രമിക്കുന്നത്.”b
പതിനേഴു വയസ്സുള്ള കാർമനും ഇതുപോലെ കാര്യങ്ങളുടെ നല്ല വശങ്ങളെക്കുറിച്ചു ചിന്തിക്കാൻ പഠിച്ചു. സിക്കിൾ സെൽ അനീമിയ എന്ന രോഗം ഉണ്ടെങ്കിലും അവൾ തനിക്കു ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചു ചിന്തിക്കുന്നു. “എന്നെക്കാൾ മോശമായ സാഹചര്യങ്ങളിലായിരിക്കുന്നവരെയും എനിക്കു ചെയ്യാൻ സാധിക്കുന്നത്രയും കാര്യങ്ങൾ ചെയ്യാൻ സാധിക്കാത്തവരെയും കുറിച്ചൊക്കെയാണു ഞാൻ ചിന്തിക്കുന്നത്,” അവൾ പറയുന്നു. “അപ്പോൾ എന്നെക്കുറിച്ച് എനിക്ക് ദുഃഖം തോന്നുന്നില്ല. പകരം എനിക്ക് കൃതജ്ഞതയാണു തോന്നുന്നത്.”
സദൃശവാക്യങ്ങൾ 17:22 പറയുന്നു: “സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു.” ഗുരുതരമായ രോഗം പിടിപെട്ടിരിക്കുന്ന അവസ്ഥയിൽ ചിരിക്കുന്നത് ഉചിതമല്ലെന്നു ചിലർക്കു തോന്നിയേക്കാം. എന്നാൽ നർമരസവും ഉല്ലാസപ്രദമായ സഹവാസവും നിങ്ങളുടെ മനസ്സിനു നവോന്മേഷം പകരുന്നു, ജീവിക്കാനുള്ള നിങ്ങളുടെ ആഗ്രഹത്തെ വർധിപ്പിക്കുന്നു. വാസ്തവത്തിൽ, ആനന്ദം ഒരു ദൈവിക ഗുണമാണ്, ദൈവാത്മാവിന്റെ ഫലങ്ങളിൽ ഒന്നാണത്. (ഗലാത്യർ 5:22) നിങ്ങൾ ഒരു രോഗവുമായി മല്ലിടുകയാണെങ്കിൽപ്പോലും സന്തോഷം തോന്നത്തക്കവണ്ണം നിങ്ങളെ സഹായിക്കാൻ ആ ആത്മാവിനു കഴിയും.—സങ്കീർത്തനം 41:3.
നിങ്ങളെ മനസ്സിലാക്കുന്ന ഒരു ഡോക്ടറെ കണ്ടെത്തൽ
യുവജനങ്ങളെ മനസ്സിലാക്കാൻ കഴിവുള്ള ഒരു ഡോക്ടറുണ്ടായിരിക്കുന്നത് വളരെ സഹായകമാണ്. സാധാരണഗതിയിൽ, ഒരു യുവവ്യക്തിയുടെ മാനസികവും വൈകാരികവുമായ ആവശ്യങ്ങൾ മുതിർന്ന വ്യക്തിയുടേതിൽനിന്നു വ്യത്യസ്തമായിരിക്കും. മാരകമായ ഒരു മസ്തിഷ്ക ട്യൂമറിന്റെ ചികിത്സയ്ക്കായി ആശുപത്രിയിലേക്കു പോകുമ്പോൾ അഷ്ലിക്ക് പത്തു വയസ്സേ ഉണ്ടായിരുന്നുള്ളൂ. അഷ്ലിയുടെ ഡോക്ടർ അനുകമ്പാപൂർവം അവളോട് ഇടപെട്ടു, അവൾക്കു മനസ്സിലാകുന്ന തരത്തിൽ കാര്യങ്ങൾ പറഞ്ഞുകൊടുത്തു. ബാല്യകാലത്തുണ്ടായിരുന്ന അസുഖം ഒരു ഡോക്ടറാകാൻ തക്കവണ്ണം തന്നെ പ്രചോദിപ്പിച്ചതെങ്ങനെയെന്ന് അദ്ദേഹം അവളോടു പറഞ്ഞു. അവൾക്കു നൽകാൻ ഉദ്ദേശിക്കുന്ന ചികിത്സയെക്കുറിച്ചു സൗമ്യമായി, എന്നാൽ വ്യക്തമായി, അദ്ദേഹം വിവരിച്ചുകൊടുത്തു. അതുകൊണ്ട് പ്രതീക്ഷിക്കേണ്ടത് എന്താണെന്ന് അവൾക്കറിയാമായിരുന്നു.
നിങ്ങളെ ആദരിക്കുകയും നിങ്ങളുടെ ആവശ്യങ്ങളെ മനസ്സിലാക്കുകയും ചെയ്യുന്ന ഒരു ചികിത്സകനെ തേടിപ്പിടിക്കാനായിരിക്കും നിങ്ങളും മാതാപിതാക്കളും ആഗ്രഹിക്കുന്നത്. ഏതെങ്കിലും കാരണത്താൽ, നിങ്ങൾക്കു ലഭിക്കുന്ന പരിചരണത്തിൽ അസംതൃപ്തി തോന്നുന്നുവെങ്കിൽ നിങ്ങളുടെ അസ്വസ്ഥതകളെക്കുറിച്ച് മാതാപിതാക്കളോട് പറയാൻ മടിക്കരുത്.
നിങ്ങളുടെ ആരോഗ്യത്തിനുവേണ്ടി പൊരുതുക!
രോഗത്തെ നിങ്ങൾക്കു സാധിക്കുന്ന രീതിയിലൊക്കെ ചെറുക്കുന്നതും അത്യന്താപേക്ഷിതമാണ്. ഉദാഹരണത്തിന്, നിങ്ങളുടെ അവസ്ഥയെക്കുറിച്ചു സാധിക്കുന്നത്ര കാര്യങ്ങൾ മനസ്സിലാക്കുക. “ജ്ഞാനിയായ പുരുഷൻ ബലവാനാകുന്നു” എന്ന് ഒരു ബൈബിൾ സദൃശവാക്യം പറയുന്നു. (സദൃശവാക്യങ്ങൾ 24:5) അറിവ് അജ്ഞാതമായതിനെക്കുറിച്ചുള്ള ഭയം നീക്കിക്കളയുന്നു.
കൂടാതെ, അറിവുള്ള ഒരു യുവവ്യക്തിക്കു തന്റെ ചികിത്സയിൽ കൂടുതൽ ഉൾപ്പെടാൻ കഴിയും. ചികിത്സയോടു മെച്ചമായി സഹകരിക്കാനും അയാൾക്കു കഴിയും. ഉദാഹരണത്തിന്, ഡോക്ടർ കുറിച്ചുതന്ന മരുന്ന് അദ്ദേഹത്തിന്റെ നിർദേശപ്രകാരമല്ലാതെ നിർത്താൻ പാടില്ലെന്ന് അയാൾ മനസ്സിലാക്കിയേക്കാം. മുമ്പ് പരാമർശിച്ച കാർമനും അവളുടെ മാതാപിതാക്കളും സിക്കിൾ സെൽ അനീമിയയെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ചു. അവർ മനസ്സിലാക്കിയ കാര്യങ്ങൾ, കാർമന് ഏറ്റവും സഹായകമായ വൈദ്യചികിത്സ ലഭിക്കാൻ ഉതകി.
ഏതെങ്കിലും കാര്യം വ്യക്തമായി മനസ്സിലായില്ലെങ്കിൽ നിങ്ങളുടെ ഡോക്ടറോട് അതേക്കുറിച്ചുള്ള കൃത്യമായ ചോദ്യങ്ങൾ—ആവശ്യമെങ്കിൽ ഒന്നിലധികം തവണ—ചോദിക്കുക. ഡോക്ടർ കേൾക്കാൻ ആഗ്രഹിക്കുന്നതെന്ന് നിങ്ങൾ കരുതുന്ന കാര്യങ്ങൾ പറയുന്നതിനു പകരം നിങ്ങൾ ചിന്തിക്കുന്നതും നിങ്ങൾക്കു തോന്നുന്നതും എന്തെന്നു സത്യസന്ധമായി വിശദമാക്കുക. ബൈബിൾ പറയുന്നതുപോലെ, “ആലോചന [“സ്വകാര്യ സംഭാഷണം,” NW] ഇല്ലാഞ്ഞാൽ ഉദ്ദേശങ്ങൾ സാധിക്കാതെപോകുന്നു.”—സദൃശവാക്യങ്ങൾ 15:22.
ഒരിടയ്ക്ക് അഷ്ലി തന്റെ അസുഖത്തെക്കുറിച്ച് ആരോടും ഒന്നും പറയാത്തതായി കാണപ്പെട്ടു. തന്റെ അമ്മയോടു മാത്രമേ അവൾ രോഗത്തെക്കുറിച്ചു പറയുമായിരുന്നുള്ളൂ. ബുദ്ധിയുള്ള ഒരു സാമൂഹിക പ്രവർത്തക അവളോടു സ്വകാര്യമായി ചോദിച്ചു: “നിന്നോട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടില്ലെന്നു നിനക്കു തോന്നുന്നുണ്ടോ?” തോന്നുന്നുണ്ടെന്ന് അഷ്ലി അറിയിച്ചു. അതുകൊണ്ട് അവളുടെ വൈദ്യപരിശോധനയുടെ രേഖകൾ കാണിച്ചുകൊണ്ട് ആ സ്ത്രീ അഷ്ലിക്ക് അവ വിവരിച്ചുകൊടുത്തു. അഷ്ലിയെക്കുറിച്ച് മാതാപിതാക്കളോടു മാത്രം പറയുന്നതിനുപകരം അവളോടു നേരിട്ടു സംസാരിക്കാൻ കൂടുതൽ സമയം ചെലവഴിക്കണമെന്ന് അവർ ഡോക്ടർമാരോടും പറഞ്ഞു. ഒടുവിൽ തന്റെ തോന്നലുകൾ പുറത്തുപറഞ്ഞപ്പോൾ അഷ്ലിക്ക് ആവശ്യമായ സഹായം ലഭിച്ചു.
നിങ്ങൾക്കു ചുറ്റുമുള്ളവരിൽനിന്നുള്ള പിന്തുണ
കുടുംബത്തിലെ ഏതെങ്കിലുമൊരംഗത്തിന് ഗുരുതരമായ അസുഖമുണ്ടായാൽ അത് മുഴുകുടുംബത്തിന്റെയും പ്രശ്നമായി മാറുന്നു, ഏകീകൃതമായ സഹായം ആവശ്യമായിത്തീരുന്നു. അഷ്ലിയുടെ കുടുംബവും ക്രിസ്തീയ സഭയും അവൾക്കു പിന്തുണ നൽകാൻ മുമ്പോട്ടുവന്നു. അവൾ ആശുപത്രിയിലാണെന്ന കാര്യം സഭയെ കൂടെക്കൂടെ ഓർമിപ്പിച്ചു. സഭാംഗങ്ങൾ അവളെ ക്രമമായി സന്ദർശിച്ചുകൊണ്ടിരുന്നു. കാര്യങ്ങൾ ചിട്ടയായി ചെയ്യാൻ സാധിക്കുന്നതുവരെ വീട്ടുജോലിയിലും ഭക്ഷണം തയ്യാറാക്കുന്നതിലും സഭാംഗങ്ങൾ ആ കുടുംബത്തെ സഹായിച്ചു. സഹവാസം ആസ്വദിക്കാനുള്ള ആരോഗ്യസ്ഥിതിയിലായിരുന്നപ്പോഴൊക്കെ സഭയിലെ കുട്ടികൾ അഷ്ലിയെ ആശുപത്രിയിൽ ചെന്നുകണ്ടു. അത് അഷ്ലിക്കും അവളുടെ യുവ സുഹൃത്തുക്കൾക്കും ഗുണകരമായി ഭവിച്ചു.
എങ്കിലും, മറ്റുള്ളവർക്കു നിങ്ങളെ സഹായിക്കാൻ കഴിയേണ്ടതിന് നിങ്ങൾക്കു സഹായം ആവശ്യമുണ്ടെന്ന് അവർ അറിയണം. വൈകാരികവും ആത്മീയവുമായ പിന്തുണയ്ക്കായി കാർമൻ തന്റെ മാതാപിതാക്കളിലേക്കും സഭാമൂപ്പന്മാരിലേക്കും നോക്കുന്നു. സ്കൂളിൽ തന്റെ ക്രിസ്തീയ വിശ്വാസങ്ങൾ പങ്കുവെക്കുന്നവരിൽനിന്നും അവൾ പിന്തുണ പ്രതീക്ഷിക്കുന്നു. “അവർ എന്നിൽ താത്പര്യമെടുക്കുന്നു, നല്ല പരിപാലനം ലഭിക്കുന്നതായി എനിക്കു തോന്നുന്നു,” കാർമൻ പറയുന്നു.
വൈദ്യശാസ്ത്രപരവും സാമ്പത്തികവുമായ, സഹായകമായ ബുദ്ധ്യുപദേശം പ്രദാനം ചെയ്യാൻ നിങ്ങളുടെ വിദ്യാലയത്തിനു സാധിച്ചേക്കാം. ഒരുപക്ഷേ വ്യക്തിപരമായ സഹായംപോലും നൽകാൻ അതിനു കഴിഞ്ഞേക്കും. ഉദാഹരണത്തിന് അഷ്ലിക്കു കത്തെഴുതാനും അവളെ സന്ദർശിക്കാനും അഷ്ലിയുടെ അധ്യാപിക ക്ലാസ്സിലുള്ള കുട്ടികളെ പ്രോത്സാഹിപ്പിച്ചു. നിങ്ങൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ അധ്യാപകർക്കു മനസ്സിലാകുന്നില്ലെങ്കിൽ നിങ്ങളുടെ സാഹചര്യത്തെക്കുറിച്ചു മാതാപിതാക്കൾ സ്കൂൾ അധികൃതരുമായി സംസാരിക്കേണ്ടത് ആവശ്യമായിരുന്നേക്കാം.
മനസ്സും ശരീരവും ബുദ്ധിപൂർവം ഉപയോഗിക്കുക
നിങ്ങൾക്കു തീരെ വയ്യെങ്കിൽ, ഉള്ള ഊർജമെല്ലാം സൗഖ്യം പ്രാപിക്കുന്നതിൽ കേന്ദ്രീകരിക്കുകയല്ലാതെ ഗത്യന്തരമില്ലാതിരുന്നേക്കാം. തീരെ അവശനല്ലെങ്കിൽ, കെട്ടുപണി ചെയ്യുന്ന അനേകം കാര്യങ്ങൾ നിങ്ങൾക്കു ചെയ്യാനാകും. നിങ്ങളുടെ ജീവനുവേണ്ടി പോരാടുമ്പോൾ അനുഭവപ്പെടുന്നത് (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിനായി ഗവേഷണം ചെയ്യുന്നതിനിടയ്ക്ക് ശ്രദ്ധയിൽപ്പെട്ട കാര്യത്തെക്കുറിച്ച് എഴുത്തുകാരിയായ ജിൽ ക്രെമെൻറ്സ് ഇപ്രകാരം അഭിപ്രായപ്പെട്ടു: “ആശുപത്രിയിലെ ഇടനാഴിയിലൂടെ നടന്ന രണ്ടു വർഷം, അനേകം കുട്ടികൾ ടിവി സെറ്റുകളിലേക്ക് തുറിച്ചുനോക്കിയിരിക്കുന്നതു കണ്ടതിൽ ഞാൻ ദുഃഖിക്കുന്നു. വായന വർധിപ്പിക്കാൻ നാം ഈ കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. ഒരുവന്റെ മസ്തിഷ്കത്തെ പ്രയോജനപ്പെടുത്താൻ പറ്റിയ സ്ഥലമാണ് ആശുപത്രി കിടക്ക.”
വീട്ടിലോ ആശുപത്രിയിലോ എവിടെയുമാകട്ടെ, നിങ്ങളുടെ മാനസിക പ്രാപ്തികളെ ഉപയോഗപ്പെടുത്തുന്നത് സുഖം തോന്നാൻ നിങ്ങളെ സഹായിക്കും. കത്തെഴുതാനോ കവിതയെഴുതാനോ നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ? ചിത്രരചനയോ പെയിൻറിങ്ങോ പരീക്ഷിച്ചുനോക്കിയിട്ടുണ്ടോ? സാഹചര്യം അനുവദിക്കുന്നപക്ഷം ഒരു സംഗീതോപകരണം വായിക്കാൻ പഠിക്കുന്നതിന്റെ കാര്യമോ? ആരോഗ്യപരമായ പരിമിതികൾക്കിടയിലും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകും. തീർച്ചയായും നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല സംഗതി ദൈവത്തോടു പ്രാർഥിക്കുന്നതിനും അവന്റെ വചനമായ ബൈബിൾ വായിക്കുന്നതിനുമുള്ള ശീലം വളർത്തിയെടുക്കുന്നതാണ്.—സങ്കീർത്തനം 63:6.
സാഹചര്യം അനുവദിക്കുന്നപക്ഷം ഉചിതമായ കായിക പ്രവർത്തനങ്ങളും സുഖം തോന്നാൻ തക്കവണ്ണം നിങ്ങളെ സഹായിക്കും. ഇക്കാരണത്താൽ, മിക്കപ്പോഴും യുവരോഗികൾക്കുവേണ്ടിയുള്ള ശാരീരിക ചികിത്സാപരിപാടികളും മിക്കവാറും ആശുപത്രികളിൽ ഉണ്ട്. പല കേസുകളിലും ഉചിതമായ കായികാഭ്യാസങ്ങൾ ശാരീരിക സൗഖ്യമാക്കലിന് ഉതകുമെന്നു മാത്രമല്ല നിങ്ങളുടെ മാനസികനിലയെ ഉന്നമിപ്പിക്കുകയും ചെയ്യും.
തളർന്നു പിന്മാറരുത്!
കൊടിയ കഷ്ടപ്പാടിൻമധ്യേയും യേശു ദൈവത്തോടു പ്രാർഥിച്ചു, അവനിൽ വിശ്വസിച്ചു, വേദനയ്ക്കു പകരം തന്റെ സന്തോഷകരമായ ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. (എബ്രായർ 12:2) തന്റെ വേദനാജനകമായ അനുഭവങ്ങളിൽനിന്ന് അവൻ പഠിച്ചു. (എബ്രായർ 4:15, 16; 5:7-9) അവൻ സഹായവും പ്രോത്സാഹനവും സ്വീകരിച്ചു. (ലൂക്കൊസ് 22:43) തന്റെ അസൗകര്യങ്ങൾക്കുപകരം അവൻ മറ്റുള്ളവരുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.—ലൂക്കൊസ് 23:39-43; യോഹന്നാൻ 19:26, 27.
നിങ്ങൾക്ക് തീരെ സുഖമില്ലെങ്കിലും മറ്റുള്ളവർക്ക് ഒരു പ്രചോദനമായിരിക്കാൻ നിങ്ങൾക്കു സാധിക്കും. ഒരു സ്കൂൾ റിപ്പോർട്ടിനുവേണ്ടി അഷ്ലിയുടെ ജ്യേഷ്ഠത്തി അബിഗയിൽ ഇപ്രകാരം എഴുതി: “ഞാൻ ഏറ്റവും ആദരിക്കുന്ന വ്യക്തി എന്റെ അനുജത്തിയാണ്. ആശുപത്രിയിൽ പോയി ഡ്രിപ്പുകളും കുത്തിവെപ്പുകളും സ്വീകരിക്കേണ്ടിവരുമ്പോഴും പുഞ്ചിരിച്ചുകൊണ്ടാണ് അവൾ പുറത്തേക്കു വരുന്നത്!”c
ജെയ്സൻ തന്റെ ലക്ഷ്യങ്ങൾ ഉപേക്ഷിച്ചിട്ടില്ല. അതിന് അൽപ്പസ്വൽപ്പം മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നു മാത്രം. ദൈവരാജ്യത്തിന്റെ പ്രസംഗകരെ കൂടുതലായി ആവശ്യമുള്ള സ്ഥലങ്ങളിൽ സേവിക്കുകയെന്നതാണ് അവന്റെ ഇപ്പോഴത്തെ ലക്ഷ്യം. ജെയ്സന്റെ കാര്യത്തിലെന്നപോലെ ചെയ്യാൻ ആഗ്രഹിക്കുന്ന എന്തും നിങ്ങൾക്കു ചെയ്യാൻ സാധിച്ചെന്നുവരില്ല. അമിത സംരക്ഷണബോധമുള്ളവരോ തീരെ അലസരോ ആകാതെ സ്വന്തം പരിമിതികൾക്കനുസൃതമായി ജീവിക്കാൻ പഠിക്കുക എന്നതാണ് പ്രധാനപ്പെട്ട സംഗതി. നിങ്ങൾക്ക് സാധിക്കാവുന്നതിന്റെ പരമാവധി ചെയ്യാനുള്ള ജ്ഞാനവും ശക്തിയും ലഭിക്കാൻ യഹോവയിൽ ആശ്രയിക്കുക. (2 കൊരിന്ത്യർ 4:16; യാക്കോബ് 1:5) കൂടാതെ, ‘എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ലാത്ത’ ഒരു പറുദീസയായി ഈ ഭൂമി മാറുമെന്നും ഓർക്കുക. (യെശയ്യാവു 33:24) അതേ, ഒരിക്കൽ നിങ്ങൾ വീണ്ടും ആരോഗ്യവാനാകും!
[അടിക്കുറിപ്പുകൾ]
b വീക്ഷാഗോപുരത്തിന്റെ 1992 ജനുവരി 1 ലക്കത്തിന്റെ 14-15 പേജുകളും 1990 മാർച്ച് 1 (ഇംഗ്ലീഷ്) ലക്കത്തിന്റെ 3-9 പേജുകളും ഉണരുക!യുടെ 1988 നവംബർ 8 ലക്കത്തിന്റെ 11-24 പേജുകളും 1987 നവംബർ 8 (ഇംഗ്ലീഷ്) ലക്കത്തിന്റെ 12-16 പേജുകളും കാണുക.
c വാച്ച്ടവർ ബൈബിൾ ആൻറ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തിന്റെ 116-27 പേജുകളും കാണുക.
[26-ാം പേജിലെ ചിത്രം]
ജ്യേഷ്ഠത്തി അബിഗയിൽ അഷ്ലിയുടെ ധൈര്യത്തെ വിലമതിക്കുന്നു