ആഫ്രിക്കൻ ചെണ്ടകൾ—വാസ്തവമായും സംസാരിക്കുന്നുവോ?
നൈജീരിയയിലെ ഉണരുക! ലേഖകൻ
കോംഗോ നദിയിലൂടെ 1876-77-ൽ നടത്തിയ യാത്രക്കിടയിൽ പര്യവേക്ഷകനായ ഹെൻട്രി സ്റ്റാൻലിക്ക് അവിടുത്തെ ചെണ്ടകൊട്ടിന്റെ സവിശേഷതകളെക്കുറിച്ചു ചിന്തിക്കാനൊന്നും സമയം കിട്ടിയില്ല. അദ്ദേഹത്തെയും സഹയാത്രികരെയും സംബന്ധിച്ചിടത്തോളം ചെണ്ടകൊട്ടിലൂടെ അറിയിക്കപ്പെടുന്ന സന്ദേശം പൊതുവേ ഒറ്റവാക്കിൽ സംക്ഷേപിക്കാവുന്നതാണ്: യുദ്ധം. അവർ കേട്ട വിരസമായ ചെണ്ടകൊട്ട്, കുന്തം കൈയിലേന്തിയ ക്രൂര യോദ്ധാക്കളാൽ ആക്രമിക്കപ്പെടാൻ പോകുകയാണെന്നതിന്റെ സൂചനയായിരുന്നു.
പിന്നീട്, കുറെക്കൂടെ ശാന്തമായ കാലഘട്ടത്തിലാണ് യുദ്ധത്തിനുള്ള ആഹ്വാനത്തിനു പുറമേ മറ്റു പല കാര്യങ്ങളും ചെണ്ടകൊട്ടിലൂടെ അറിയിക്കാൻ സാധിക്കുമെന്ന് സ്റ്റാൻലി മനസ്സിലാക്കിയത്. കോംഗോയുടെ തീരത്തു വസിച്ചിരുന്ന ഒരു വർഗത്തെ വർണിച്ചുകൊണ്ട് സ്റ്റാൻലി ഇപ്രകാരമെഴുതി: “[അവർ] ഇതുവരെ വൈദ്യുത സംജ്ഞകളെ അവലംബിച്ചിട്ടില്ല. എന്നാൽ അതിനോളംതന്നെ കാര്യക്ഷമമായ ഒരു വാർത്താവിനിമയവ്യവസ്ഥ അവർക്കുണ്ട്. അവരുടെ കൂറ്റൻ ചെണ്ടയുടെ വിവിധ ഭാഗങ്ങളിൽ കൊട്ടിക്കൊണ്ട് അറിയിക്കുന്ന സന്ദേശം, ചെണ്ടഭാഷയിൽ പ്രാവീണ്യമുള്ള ഒരു വ്യക്തിക്കു സംസാരഭാഷപോലെതന്നെ സുവ്യക്തമാണ്.” ചെണ്ടക്കാർ, കേവലം ഒരു കാഹളനാദത്തിലൂടെയോ സൈറനിലൂടെയോ നൽകുന്ന സൂചനപോലുള്ള ഒന്നല്ല അറിയിക്കുന്നതെന്ന് സ്റ്റാൻലി തിരിച്ചറിഞ്ഞു; ചെണ്ടകൾക്ക് സുനിശ്ചിത സന്ദേശങ്ങൾ അറിയിക്കാൻ കഴിയും.
അത്തരം സന്ദേശങ്ങൾ ഒരു ഗ്രാമത്തിൽനിന്നു മറ്റൊരു ഗ്രാമത്തിലേക്കു കൈമാറാൻ കഴിയും. ചില ചെണ്ടകൊട്ടുകൾ എട്ടുമുതൽ പതിനൊന്നുവരെ കിലോമീറ്റർ അകലെ കേൾക്കാൻ സാധിച്ചിരുന്നു. വിശേഷിച്ചും അവ രാത്രിയിൽ, ഒഴുകിനടക്കുന്ന ഒരു ചങ്ങാടത്തിലോ കുന്നിൻമുകളിലോ നിന്നുകൊണ്ട് കൊട്ടിയിരുന്നെങ്കിൽ. അകലെയുള്ള ചെണ്ടക്കാർ ശ്രദ്ധിച്ചു, അവർക്കതു മനസ്സിലായി, സന്ദേശങ്ങൾ അവർ മറ്റുള്ളവർക്കു കൈമാറി. ഇംഗ്ലീഷുകാരനായ ഒരു സഞ്ചാരി എ. ബി. ലൊയിഡ് 1899-ൽ ഇങ്ങനെ എഴുതി: “ഒരു ഗ്രാമത്തിൽനിന്ന് 160 കിലോമീറ്ററിലേറെ അകലെയുള്ള മറ്റൊരു ഗ്രാമത്തിലേക്ക് രണ്ടു മണിക്കൂറിൽ താഴെ സമയംകൊണ്ട് ഒരു സന്ദേശമയയ്ക്കാൻ സാധിക്കുമെന്ന് എന്നോടു പറയപ്പെട്ടു. അതിലും കുറഞ്ഞ സമയംകൊണ്ട് അതു ചെയ്യാൻ സാധിക്കുമെന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്.”
20-ാം നൂറ്റാണ്ടിലും വിവരങ്ങൾ അറിയിക്കുന്നതിൽ ചെണ്ടകൾ ഒരു സുപ്രധാന പങ്കു വഹിച്ചിരിക്കുന്നു. 1965-ൽ പ്രസിദ്ധീകരിച്ച ആഫ്രിക്കയിലെ സംഗീതോപകരണങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം പറഞ്ഞു: “സംസാരിക്കുന്ന ചെണ്ടകൾ, ടെലഫോണുകളായും ടെലഗ്രാഫുകളായും ഉപയോഗിക്കുന്നു. എല്ലാത്തരം സന്ദേശങ്ങളും ഈ മാർഗത്തിലൂടെ അയയ്ക്കുന്നു—ജനനങ്ങൾ, മരണങ്ങൾ, വിവാഹങ്ങൾ; കായികപരിപാടികൾ, നൃത്തങ്ങൾ, അരങ്ങേറ്റ ചടങ്ങുകൾ, ഗവൺമെൻറ് സന്ദേശങ്ങൾ, യുദ്ധം തുടങ്ങി എല്ലാം. ചിലപ്പോൾ ചെണ്ടകൊട്ടിലൂടെ കുശുകുശുപ്പോ തമാശകളോപോലും കൈമാറുന്നു.”
എന്നാൽ ചെണ്ടകൾ ഉപയോഗിച്ച് ആശയവിനിയമം നടത്തിയത് എങ്ങനെയാണ്? യൂറോപ്പിലും മറ്റിടങ്ങളിലും ടെലഗ്രാഫ് ലൈനുകളിലൂടെ വൈദ്യുത ആവേഗങ്ങൾ ഉപയോഗിച്ചാണ് സന്ദേശമയച്ചിരുന്നത്. അക്ഷരമാലയിലെ ഓരോ അക്ഷരത്തിനും പ്രത്യേകം കോഡുകൾ നൽകിയിരുന്നു. അങ്ങനെ ഓരോ അക്ഷരങ്ങളായി വാക്കുകളും വാചകങ്ങളും വായിക്കാൻ കഴിയുമായിരുന്നു. എന്നാൽ, മധ്യആഫ്രിക്കയിലെ ആളുകൾക്ക് എഴുത്തുഭാഷ ഇല്ലായിരുന്നതുകൊണ്ട് ചെണ്ടകൾ വാക്കുകൾ ഉച്ചരിച്ചിരുന്നില്ല. ആഫ്രിക്കൻ ചെണ്ടക്കാർ വ്യത്യസ്തമായ ഒരു രീതിയാണ് ഉപയോഗിച്ചത്.
ചെണ്ടഭാഷ
ചെണ്ട ഉപയോഗിച്ചുള്ള ആശയവിനിയമം മനസ്സിലാക്കാനുള്ള താക്കോൽ ആഫ്രിക്കൻ ഭാഷകൾ അറിയുന്നതിനെ ആശ്രയിച്ചിരിക്കും. മധ്യആഫ്രിക്കയിലെയും പശ്ചിമാഫ്രിക്കയിലെയും പല ഭാഷകളും തികച്ചും ദ്വിസ്വരങ്ങളാണ്—ഓരോ ഭാഷിതവചനത്തിന്റെയും ഓരോ പദാംഗത്തിനും രണ്ട് അടിസ്ഥാന സ്വരങ്ങളിൽ ഒന്നുണ്ടായിരിക്കും, ഒന്നുകിൽ ഉയർന്നത് അല്ലെങ്കിൽ താഴ്ന്നത്. സ്വരത്തിൽ വരുന്ന മാറ്റം വാക്കിലും മാറ്റം വരുത്തും. ഉദാഹരണത്തിന്, സയറിലെ കെലി ഭാഷയിലെ ലീസാക്കാ എന്ന പദത്തിന്റെ കാര്യമെടുക്കുക. മൂന്നു പദാംഗങ്ങളും താഴ്ന്ന സ്വരത്തിൽ ഉച്ചരിക്കുമ്പോൾ വാക്കിന്റെ അർഥം “ചേറ്റുകുളം അല്ലെങ്കിൽ ചതുപ്പുനിലം” എന്നാണ്. പദാംഗങ്ങളുടെ താഴ്ന്ന-താഴ്ന്ന-ഉയർന്ന ഉച്ചാരണം “വാഗ്ദാനം” എന്ന അർഥം നൽകുന്നു; താഴ്ന്ന-ഉയർന്ന-ഉയർന്ന അനുനാദം “വിഷം” എന്നർഥമാക്കുന്നു.
സന്ദേശമയയ്ക്കാൻ ഉപയോഗിച്ചിരുന്ന, വിടവോടുകൂടിയ ആഫ്രിക്കൻ ചെണ്ടകൾക്കും രണ്ടു സ്വരങ്ങളുണ്ട്, ഉയർന്നതും താഴ്ന്നതും. അതുപോലെതന്നെ, സന്ദേശമയയ്ക്കാൻ തുകൽക്കൊണ്ട് വായ് മൂടിക്കെട്ടിയ ചെണ്ടകളാണ് ഉപയോഗിക്കുന്നതെങ്കിൽ രണ്ടു ചെണ്ടകൾ ഉണ്ടായിരിക്കും. ഉയർന്ന സ്വരമുള്ള ഒന്നും താഴ്ന്ന സ്വരമുള്ള ഒന്നും. അങ്ങനെ, പ്രഗത്ഭനായ ഒരു ചെണ്ടക്കാരൻ, സംസാരഭാഷയിലെ വാക്കുകളുടെ സ്വരമാതൃക അനുകരിച്ചാണ് ആശയവിനിയമം നടത്തുന്നത്. ആഫ്രിക്കയിലെ സംസാരിക്കുന്ന ചെണ്ടകൾ (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം പറയുന്നു: “ചെണ്ടഭാഷ എന്നു വിളിക്കപ്പെടുന്ന ഇത്, ഫലത്തിൽ ഈ ഗോത്രത്തിന്റെ സംസാരഭാഷതന്നെയാണ്.”
സാധാരണഗതിയിൽ, ഒരു ദ്വിസ്വര ഭാഷയ്ക്ക് ഒരേ സ്വരങ്ങളും പദാംഗങ്ങളുമുള്ള പല വാക്കുകൾ ഉണ്ടായിരിക്കും. ഉദാഹരണത്തിന്, ഷാങ്ഗോ (പിതാവ്) എന്നതുപോലെ കെലി ഭാഷയിൽ ഏതാണ്ട് 130 നാമങ്ങൾക്ക് ഒരേ (ഉയർന്ന-ഉയർന്ന) സ്വരമാതൃകയാണുള്ളത്. ന്യാങ്ഗോ (മാതാവ്) എന്നതുപോലെ 200-ലേറെ എണ്ണത്തിന് ഒരേ (താഴ്ന്ന-ഉയർന്ന) മാതൃകയാണുള്ളത്. ആശയക്കുഴപ്പം ഒഴിവാക്കാനായി, പറയുന്നതെന്താണെന്നു കേൾവിക്കാരനു മനസ്സിലാകാൻ തക്കവണ്ണം ചെണ്ടക്കാർ അത്തരം വാക്കുകൾ പരക്കെ അറിയപ്പെടുന്ന ഹ്രസ്വ പദസമൂഹങ്ങളിൽ ഉൾക്കൊള്ളിച്ചുകൊണ്ട് അവയ്ക്കൊരു പശ്ചാത്തലം പ്രദാനം ചെയ്യുന്നു.
വിടവോടുകൂടിയ ചെണ്ടകൾ ഉപയോഗിച്ച് സംസാരിക്കൽ
സംസാരിക്കുന്ന ചെണ്ടകളിൽ ഒന്നാണ് തടികൊണ്ടുള്ള വിടവോടുകൂടിയ ചെണ്ട. (23-ാം പേജിലെ ചിത്രം കാണുക.) ഒരു തടിക്കഷണം തുരന്ന് ഒരു വിള്ളലുണ്ടാക്കിയാണ് അത്തരം ചെണ്ടകൾ നിർമിക്കുന്നത്. ചെണ്ടയുടെ രണ്ടറ്റവും തോൽക്കൊണ്ടു മൂടിയിട്ടില്ല. ചിത്രത്തിൽ കാണിച്ചിരിക്കുന്ന ചെണ്ടയ്ക്ക് രണ്ടു വിടവുകളുണ്ടെങ്കിലും പലതിനും ഒരു നീണ്ട വിടവുമാത്രമേ കാണൂ. വിടവിന്റെ ഒരു വക്കിൽ കൊട്ടുമ്പോൾ അത് ഉയർന്ന സ്വരം പുറപ്പെടുവിക്കുന്നു; മറ്റേ വക്കിൽ കൊട്ടുമ്പോൾ താഴ്ന്ന സ്വരവും. വിടവോടുകൂടിയ ചെണ്ടകൾക്ക് സാധാരണ ഒരു മീറ്ററോളം നീളം കാണും. അര മീറ്റർ നീളമുള്ള ചെറിയ ചെണ്ടകളും രണ്ടു മീറ്റർ നീളമുള്ള വലിയ ചെണ്ടകളുമുണ്ട്. വ്യാസം 20 സെൻറിമീറ്റർമുതൽ ഒരു മീറ്റർവരെ വന്നേക്കാം.
ഒരു ഗ്രാമത്തിൽനിന്നു മറ്റൊരു ഗ്രാമത്തിലേക്കു സന്ദേശമയയ്ക്കാൻ മാത്രമല്ല വിടവോടുകൂടിയ ചെണ്ടകൾ ഉപയോഗിച്ചിരുന്നത്. കാമറൂൺകാരനായ രചയിതാവ് ഫ്രാൻസസ് ബെബേ, മൽപ്പിടിത്ത മത്സരങ്ങളിൽ ഈ ചെണ്ടകൾക്കുള്ള പങ്കിനെക്കുറിച്ചു വിവരിച്ചു. രണ്ട് എതിർ ടീമുകൾ ഒരു ഗ്രാമക്കവലയിൽ പരസ്പരം എതിരിടാൻ തയ്യാറാകുന്നതാണ് സന്ദർഭം. വിടവോടുകൂടിയ ചെണ്ടകൾ യോദ്ധാക്കളുടെ ഗുണഗണങ്ങൾ ആലപിക്കവേ അവർ അവയുടെ താളത്തിനൊത്ത് നൃത്തം ചവിട്ടും. ഒരു വശത്തിന്റെ ചെണ്ട ഇപ്രകാരം ഉദ്ഘോഷിച്ചേക്കാം: “യോദ്ധാവേ, താങ്കൾക്കു തുല്യനായി ആരെയെങ്കിലും കണ്ടെത്തിയിട്ടുണ്ടോ? താങ്കളോടു മത്സരിക്കാൻ ആർക്കു കഴിയും, പറയൂ ആർക്കു കഴിയും? ഈ പാവങ്ങൾ . . . ഇവർ യോദ്ധാവ് എന്നു വിളിക്കുന്ന ഒരു പാവം [മനുഷ്യനെക്കൊണ്ട്] താങ്കളെ തോൽപ്പിക്കാമെന്നു വിചാരിക്കുന്നു . . . പക്ഷേ താങ്കളെ തോൽപ്പിക്കാൻ ആർക്കും ഒരിക്കലും കഴിയില്ല.” എതിർ ചേരിയിൽപ്പെട്ട സംഗീതജ്ഞന്മാർക്ക് സൗഹാർദപൂർവമുള്ള ഈ കളിയാക്കൽ മനസ്സിലാകും, ഉടനടി അവർ മറുപടിയായി ഈ പഴഞ്ചൊല്ലു നൽകും: “കുട്ടിക്കുരങ്ങൻ . . . കുട്ടിക്കുരങ്ങൻ . . . അവനു മരത്തിൽ കയറണം. അവൻ വീഴുമെന്ന് എല്ലാവരും കരുതുന്നു. പക്ഷേ കുട്ടിക്കുരങ്ങൻ വാശിക്കാരനാണ്. അവൻ മരത്തിൽനിന്നു വീഴുകയില്ല, ഈ കുട്ടിക്കുരങ്ങൻ നേരേ മരത്തിനു മുകളിലേക്കു കയറും.” മൽപ്പിടിത്ത മത്സരസമയത്തുടനീളം ചെണ്ടകളുടെ ശബ്ദം ആളുകളെ വിനോദിപ്പിച്ചുകൊണ്ടിരിക്കും.
മറ്റെല്ലാറ്റിനെക്കാളും നന്നായി സംസാരിക്കുന്ന ചെണ്ടകൾ
മർദം ഉപയോഗിച്ചുള്ള ചെണ്ടകൾ ഒരുപടികൂടെ കടക്കുന്നു. വലതുവശത്തുള്ള ചിത്രത്തിൽ നിങ്ങൾ കാണുന്ന ചെണ്ടയാണ് ഡുൺഡുൺ; നൈജീരിയയിൽനിന്നുള്ള പ്രശസ്തമായ, സംസാരിക്കുന്ന യോരൂബ ചെണ്ടയാണത്. ഒരു മണൽഘടികാരത്തിന്റെ ആകൃതിയിലുള്ള ഈ ചെണ്ടയ്ക്ക് രണ്ടറ്റങ്ങളിലും ഊറയ്ക്കിട്ട നേർത്ത ആട്ടിൻതോൽ കൊണ്ടുള്ള ഓരോ മൂടികളുണ്ട്. മൂടികൾ തോൽക്കഷണങ്ങൾ ഉപയോഗിച്ചാണ് പരസ്പരം യോജിപ്പിച്ചിരിക്കുന്നത്. തോൽക്കഷണങ്ങൾ ഞെരിഞ്ഞമരുമ്പോൾ മൂടികളിന്മേലുള്ള മർദം വർധിക്കും. അങ്ങനെ അതിന് അഷ്ടമസ്വരമോ അതിലും ഉയർന്ന സ്വരമോ പുറപ്പെടുവിക്കാൻ സാധിക്കും. ഒരു വളഞ്ഞ ചെണ്ടക്കോൽ ഉപയോഗിച്ച് സ്വരത്തിന്റെ സ്ഥായിയും താളവും മാറ്റിക്കൊണ്ട് പ്രഗത്ഭനായ ഒരു ചെണ്ടക്കാരന് മനുഷ്യശബ്ദത്തിന്റെ വ്യതിയാനങ്ങൾ അനുകരിക്കാൻ സാധിക്കും. അങ്ങനെ ചെണ്ടക്കാർക്ക്, ചെണ്ടഭാഷ ഉപയോഗിക്കാനും വ്യാഖ്യാനിക്കാനും അറിയാവുന്ന മറ്റു ചെണ്ടക്കാരുമായി ‘സംഭാഷിക്കാൻ’ സാധിക്കും.
1976 മേയിൽ, ചെണ്ടകൾ ഉപയോഗിച്ച് ആശയവിനിയമം നടത്താനുള്ള ചെണ്ടക്കാരുടെ അപാരമായ കഴിവ് ഒരു യോരൂബ മുഖ്യന്റെ ആസ്ഥാന സംഗീതജ്ഞന്മാർ പ്രകടിപ്പിക്കുകയുണ്ടായി. സദസ്യരിൽനിന്നു ചിലർ സ്വന്ത ഇഷ്ടമനുസരിച്ച് പ്രധാന ചെണ്ടക്കാരനു നിർദേശങ്ങൾ നൽകി. അയാൾ അവ അങ്കണത്തിൽനിന്നു വളരെയകലെയുള്ള ഒരു സംഗീതജ്ഞനെ കൊട്ടിക്കേൾപ്പിച്ചു. ചെണ്ടയിലൂടെ നൽകിയ ആ നിർദേശങ്ങളുടെ പ്രതികരണമായി സംഗീതജ്ഞൻ ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു നീങ്ങി, ആവശ്യപ്പെട്ടതെല്ലാം അവതരിപ്പിച്ചു.
ചെണ്ടയിലൂടെ സന്ദേശമയയ്ക്കാൻ പഠിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. എഴുത്തുകാരനായ ഐ. ലായോവ്യി ഇപ്രകാരം അഭിപ്രായപ്പെട്ടു: “യോരൂബ ചെണ്ടകൊട്ട് വളരെ സങ്കീർണവും ബുദ്ധിമുട്ടുള്ളതുമാണ്. വളരെ വർഷങ്ങൾക്കൊണ്ടേ അതു പഠിച്ചെടുക്കാൻ സാധിക്കൂ. ചെണ്ടക്കാരന് നല്ല കഴിവും താളബോധവും മാത്രമല്ല, പദ്യത്തെയും പട്ടണത്തിന്റെ ചരിത്രത്തെയുംകുറിച്ചുള്ള നല്ല അറിവും ഉണ്ടായിരിക്കണം.”
സമീപ ദശകങ്ങളിൽ ആഫ്രിക്കൻ ചെണ്ടകൾ പണ്ടത്തെപ്പോലെ സംസാരിച്ചുകേൾക്കുന്നില്ല. എങ്കിലും അവ ഇപ്പോഴും സംഗീതത്തിൽ ഒരു സുപ്രധാന പങ്കു വഹിക്കുന്നു. ആഫ്രിക്കയിലെ സംഗീതോപകരണങ്ങൾ എന്ന പുസ്തകം പറയുന്നു: “ചെണ്ടകളിൽ സന്ദേശങ്ങൾ കൊട്ടി പഠിക്കുന്നത് അത്യന്തം പ്രയാസകരമാണ്; അതിനാൽ ഈ കല ആഫ്രിക്കയിൽനിന്ന് അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.” മാധ്യമ വിദഗ്ധനായ റോബർട്ട് നിക്കൽസ് ഇപ്രകാരം പറയുന്നു: “കിലോമീറ്ററുകൾക്കപ്പുറത്തേക്കു മുഴങ്ങിക്കേട്ടിരുന്ന ശബ്ദത്തോടുകൂടിയ, മുഖ്യമായും സന്ദേശങ്ങൾ അയയ്ക്കാൻ ഉപയോഗിച്ചിരുന്ന, ഗതകാലത്തെ കൂറ്റൻ ചെണ്ടകൾ നാമാവശേഷമാകാൻ പോകുകയാണ്.” ഇക്കാലത്തു മിക്ക ആളുകളും ഫോൺ ഉപയോഗിക്കുന്നതാണ് കൂടുതൽ സൗകര്യപ്രദമെന്നു കണ്ടെത്തിയിരിക്കുന്നു.
[23-ാം പേജിലെ ചിത്രം]
വിടവോടുകൂടിയ ചെണ്ടകൾ
[23-ാം പേജിലെ ചിത്രം]
സംസാരിക്കുന്ന യോരൂബ ചെണ്ടകൾ