ലോകത്തെ വീക്ഷിക്കൽ
ബ്രസീലിലെ അടിമക്കച്ചവടം
“ഐക്യനാടുകളെ അപേക്ഷിച്ച് പത്തിരട്ടിയിലധികം അടിമകളെയാണ് ബ്രസീലിലേക്കു കയറ്റിയയച്ചത്—എന്നിട്ടും 1860-ൽ ബ്രസീലിലെ കറുത്ത വർഗക്കാരുടെ സംഖ്യ ഐക്യനാടുകളുടേതിനെ അപേക്ഷിച്ച് പകുതി മാത്രമായിരിക്കത്തക്കവിധം അവിടെയെത്തിപ്പെട്ട അടിമകളുടെ മരണനിരക്ക് അത്ര ഉയർന്നതായിരുന്നു” എന്ന് സഭകളുടെ ലോക ഉപദേശകസമിതിയുടെ (ഡബ്ലിയുസിസി) ഇഎൻഐ ബുള്ളറ്റിൻ റിപ്പോർട്ടു ചെയ്യുന്നു. ആഫ്രിക്കൻ അടിമകളിൽ 40 ശതമാനവും കപ്പലിൽവെച്ചുതന്നെ മരിച്ചു എന്നു കരുതപ്പെടുന്നു. അവരുടെ വില കൂട്ടുന്നതിന് പുരോഹിതന്മാർ “മാമോദീസാ വചനങ്ങൾ” ഉച്ചരിച്ചുകൊണ്ട് ഈ ആഫ്രിക്കൻ അടിമകളുടെമേൽ വെള്ളം തളിച്ച് അവരെ കൂട്ടത്തോടെ മാമോദീസ മുക്കിയിരുന്നു. അതിന്റെ “അനുസ്മരണയ്ക്കും അനുതാപത്തിനും അനുരഞ്ജനത്തിനുമായി” ബ്രസീലിലെ സാൽവഡോറിൽവെച്ചു നടത്തിയ ഒരു കുർബാനയിൽ സംസാരിക്കവേ കാമറൂണിലെ ഒരു ഡബ്ലിയുസിസി നേതാവായ ഏരൻ ടോളൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഈ ദുരന്തത്തിനു കാരണക്കാർ ഞങ്ങളെ ഇവിടെ കൊണ്ടുവന്നവർ മാത്രമായിരുന്നില്ല. ഞങ്ങൾ ആഫ്രിക്കക്കാർക്കും അതിന്റെ ഉത്തരവാദിത്വത്തിൽ പങ്കുണ്ട്. ഞങ്ങളുടെ സഹോദരീസഹോദരന്മാരെ ചരക്കുകളായി വിറ്റുകളഞ്ഞതുവഴി ഞങ്ങൾ ഞങ്ങളെത്തന്നെ താഴ്ത്തിക്കെട്ടി.”
യൂറോപ്പിലെ പുകവലിക്കാർ
ആളോഹരി പുകയില ഉപഭോഗത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് യൂറോപ്പിലെയും ചൈനയിലെയും പൗരന്മാരാണെന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലുള്ള നാസൊയിഷെ നോയിയെ പ്രെസെ റിപ്പോർട്ടു ചെയ്യുന്നു. യൂറോപ്യൻ സമൂഹരാഷ്ട്രങ്ങളിൽ 42 ശതമാനം പുരുഷന്മാരും 28 ശതമാനം സ്ത്രീകളും പുകവലിക്കാരാണ്. എന്നാൽ 25-നും 39-നും ഇടയ്ക്കു പ്രായമുള്ളവരുടെ കാര്യത്തിൽ ഈ നിരക്കുകൾ അത്യന്തം ഉയർന്നതാണ്. പുകവലി ഓരോ വർഷവും ജർമനിയിലെ 1,00,000 പേരുടെയും കൂടാതെ ബ്രിട്ടനിലെ മറ്റൊരു 1,00,000 പേരുടെയും മരണത്തിനിടയാക്കുന്നു. അടുത്തകാലത്ത്, വർഷങ്ങളായി കടുത്ത പുകവലിക്കാരനായ ചെക്ക് റിപ്പബ്ലിക്ക് പ്രസിഡൻറ് വാറ്റ്സ്ലഫ് ഹേവലിനെ ശ്വാസകോശാർബുദത്തിനു ചികിത്സിക്കുകയുണ്ടായി. പുകവലി ശീലം ഉപേക്ഷിക്കാൻ സാധിക്കുന്ന ഏതൊരാളോടും തനിക്കു ബഹുമാനമുണ്ടെന്ന്, ‘പുകവലിയും ആരോഗ്യവും’ എന്നു വിളിക്കപ്പെടുന്ന യൂറോപ്യൻ പ്രസ്ഥാനത്തിന് പ്രസിഡൻറ് എഴുതിയതായി സ്യൂറ്റ്ഡോയിച്ച് റ്റ്സൈറ്റുങ് റിപ്പോർട്ടു ചെയ്യുന്നു.
ഒച്ച നിമിത്തം രോഗമോ?
ബ്രിട്ടനിലെ ന്യൂ സയൻറിസ്റ്റ് മാഗസിനിൽ റിപ്പോർട്ടു ചെയ്ത പഠനങ്ങളനുസരിച്ച് അനാവശ്യ ശബ്ദങ്ങൾക്ക്, താരതമ്യേന കുറഞ്ഞ അളവിലാണെങ്കിൽക്കൂടി, നിങ്ങളെ രോഗിയാക്കിത്തീർക്കാൻ സാധിക്കും. ഇത്തരം കണ്ടുപിടിത്തങ്ങളുടെ വെളിച്ചത്തിൽ, രാത്രിയിൽ അനുവദിക്കാവുന്ന സുരക്ഷിതമായ ശബ്ദ പരിധിയെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ നിർദേശിത നിലവാരങ്ങൾക്കു മാറ്റം വരുത്തിയിരിക്കുന്നു. കുട്ടികൾക്കു കൂടുതൽ അപകടഭീഷണി ഉണ്ടായിരിക്കാമെന്നതു സംബന്ധിച്ച തെളിവുകൾ പ്രത്യേക പരിഗണനയർഹിക്കുന്നു. മ്യൂണിക്കിലെ രാജ്യാന്തര വിമാനത്താവളത്തിനടുത്തു ജീവിക്കുന്ന കുട്ടികളിൽ ഉയർന്ന രക്തസമ്മർദവും ഉയർന്ന അളവിൽ അഡ്രിനാലിനും ഉള്ളതായി ഒരു പഠനം കണ്ടെത്തി. ഈ കുട്ടികളുടെ വായനാ പ്രാപ്തിയും കാര്യങ്ങൾ ദീർഘകാലം ഓർമിക്കാനുള്ള കഴിവും കുറഞ്ഞുപോകുന്നതായും ഗവേഷകർ കണ്ടെത്തി. അനാവശ്യ ശബ്ദങ്ങളുമായി പൊരുത്തപ്പെടുന്നതായി കാണപ്പെടുന്നവർ “എല്ലായ്പോഴും തങ്ങളുടെ ശരീര വ്യവസ്ഥയ്ക്ക് എന്തെങ്കിലും തകരാറു വരുത്തിക്കൊണ്ടാണ്” അങ്ങനെ ചെയ്യുന്നതെന്ന് ശബ്ദഗവേഷകയായ ആർലീൻ ബ്രോൺസാഫ്റ്റ് പറയുന്നു. “അനാവശ്യ ശബ്ദം ആയാസമുളവാക്കുന്നതാണ്, ക്രമേണ അത് ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രശ്നങ്ങൾക്കു കാരണമായിത്തീരുകയും ചെയ്യും.”
കീടനാശിനികൊണ്ടുള്ള അപകടങ്ങൾ
ഫിലിപ്പീൻസിലെ സാർവദേശീയ നെല്ല് ഗവേഷണ സ്ഥാപനം പറയുന്നതനുസരിച്ച്, കൃഷിക്കാർ കീടനാശിനികളൊന്നും ഉപയോഗിച്ചില്ലെങ്കിലും നെല്ലുത്പാദനം ഇപ്പോഴത്തെപോലെതന്നെ തുടരും. ഫിലിപ്പീൻസിൽവെച്ചു നടത്തിയ ലോക ഭക്ഷ്യ ഉച്ചകോടിയിൽ നെല്ല് ഗവേഷണ സ്ഥാപനത്തിലെ ഒരു ശാസ്ത്രജ്ഞൻ, വിളകൾക്കുള്ള വ്യാപകമായ മരുന്നടി അനാവശ്യവും ദുർവ്യയവുമാണെന്ന് അറിയിച്ചു. കർഷകർ മരുന്നടിക്കുന്നത് ഉചിതമായ സമയത്തല്ലെന്നു മാത്രമല്ല, മിക്കപ്പോഴും അവർ കൊന്നുകളയുന്നത് പ്രയോജനകാരികളായ പ്രാണികളെയാണെന്നും ന്യൂ സയൻറിസ്റ്റ് മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. കൂടാതെ രാസവസ്തുക്കൾ ഉപയോഗിക്കുന്നതു സംബന്ധിച്ച സുരക്ഷാനിർദേശങ്ങൾ അവഗണിച്ചുകൊണ്ട് അനേകം കർഷകരും ഇവ ഏറ്റവും നേർത്ത കണങ്ങളായി തളിക്കുന്നതിനുള്ള സ്പ്രേകൾ ഉപയോഗിക്കുന്നു. ശ്വസിക്കുമ്പോൾ ഇവ എളുപ്പത്തിൽ ഉള്ളിലെത്തുന്നു. അല്ലെങ്കിൽ അവർ സസ്യനാശിനികൾ മണ്ണുമായി കലർത്തി കൈകൊണ്ടുതന്നെ വിതറുന്നു. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടു പ്രകാരം, കീടനാശിനികൾ ഇപ്പോൾ ലോകവ്യാപകമായി ഓരോ വർഷവും 2,20,000 മരണങ്ങൾക്കും 30 ലക്ഷം ഗുരുതരമായ വിഷബാധകൾക്കും ഇടയാക്കുന്നു.
കൗമാരപ്രായക്കാർ മാതൃകാ മാതാപിതാക്കളെക്കുറിച്ചു വർണിക്കുന്നു
ഒരു മാതൃകാ മാതാവിനെയോ പിതാവിനെയോ കൗമാരപ്രായക്കാർ എങ്ങനെ വർണിക്കും? ഇതു കണ്ടെത്തുന്നതിന്, സ്കൂൾ കൗൺസിലറും മനശ്ശാസ്ത്രജ്ഞനുമായ സ്കോട്ട് വുഡിങ് 600-ലേറെ കൗമാരപ്രായക്കാരുമായി അഭിമുഖം നടത്തി. അനുവാദാത്മക മനോഭാവത്തെ കുട്ടികൾ പുകഴ്ത്തിപ്പറയും എന്ന് വുഡിങ് പ്രതീക്ഷിച്ചിരുന്നതിനാൽ അവരുടെ പ്രതികരണം അദ്ദേഹത്തെ അത്ഭുതസ്തബ്ധനാക്കി. കൗമാരപ്രായക്കാരെല്ലാവരും ഒരുപോലെ തങ്ങൾക്ക് “പക്ഷപാതമില്ലായ്മയും കരുതലും (‘അവർ “എനിക്കു നിന്നെ ഇഷ്ടമാണ്” എന്ന വാക്കുകൾ കേൾക്കാൻ ആഗ്രഹിച്ചു’) തമാശകളും നല്ല മാതൃകയും” വേണമെന്നു പറഞ്ഞുവെന്ന് ദ ടൊറന്റോ സ്റ്റാർ എന്ന വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നു. ഉത്തരവാദിത്വബോധം വളർത്തിയെടുക്കുന്നതിൽ മാതാപിതാക്കൾ തങ്ങളെ സഹായിക്കാനും കൗമാരപ്രായക്കാർ ആഗ്രഹിക്കുന്നുവെന്ന് വുഡിങ് കണ്ടെത്തി. എന്തെങ്കിലും തെറ്റു ചെയ്യുമ്പോൾ അവർ ശിക്ഷണം പ്രതീക്ഷിക്കുന്നു. ഏറ്റവും പ്രധാനമായി, മാതാപിതാക്കൾ തങ്ങളോടൊത്തു കൂടുതൽ സമയം ചെലവഴിക്കാൻ തങ്ങൾ അതിയായി ആഗ്രഹിക്കുന്നെന്നും യുവജനങ്ങൾ പറഞ്ഞു.
രക്തരഹിത ചികിത്സ
“രക്തജന്യ രോഗങ്ങളോടുള്ള ഭയവും ദാനം ചെയ്യപ്പെടുന്ന രക്തത്തിന്റെ ലഭ്യതയിലുള്ള നിരന്തരമായ കുറവും, സാധ്യമാകുന്നിടത്തൊക്കെ രക്തപ്പകർച്ചകൾ ഒഴിവാക്കാനുള്ള ശ്രമങ്ങൾക്കു തുടക്കംകുറിച്ചിരിക്കുന്നു,” ദ ഗ്ലോബ് ആൻഡ് മെയിൽ വർത്തമാനപത്രം റിപ്പോർട്ടുചെയ്യുന്നു. രക്തരഹിത ചികിത്സയും ശസ്ത്രക്രിയയും ആശ്രയിച്ചിരിക്കുന്നത് രക്തം നഷ്ടപ്പെടുന്നതു നിയന്ത്രിക്കുന്നതിലുള്ള സൂക്ഷ്മതയിലാണ്. “യഹോവയുടെ സാക്ഷികളെ ചികിത്സിക്കുന്നതിനു വേണ്ടിത്തന്നെ അനവധി പുതിയ രീതികൾ വികസിപ്പിച്ചെടുത്തിരിക്കുന്നു” എന്ന് ഗ്ലോബ് പറയുന്നു. രക്തരഹിത ശസ്ത്രക്രിയാ പരിപാടികൾ നടപ്പിലാക്കിയിരിക്കുന്ന നിരവധി ആശുപത്രികളിലൊന്നായ യൂണിവേഴ്സിറ്റി ഓഫ് ഓട്ടവ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു അനസ്തെറ്റിസ്റ്റായ ഡോ. ജെയിംസ് എ. റോബ്ലീ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “അവർ [യഹോവയുടെ സാക്ഷികൾ] ഈ സംഗതിയെ സംബന്ധിച്ച് നമ്മെ വളരെയേറെ ബോധവാന്മാരാക്കിയെന്നു ഞാൻ വാസ്തവത്തിൽ വിചാരിക്കുന്നു.”
“ശിലായുഗ”ത്തിൽനിന്നു തോക്കുകളിലേക്ക്
ബ്രസീലിനും വെനെസ്വേലയ്ക്കും ഇടയ്ക്കുള്ള ഒരു വൻ സംരക്ഷിത മഴവനമാണ് യാനോമാമീ ഇന്ത്യക്കാരുടെ വാസസ്ഥലം. 1960-കളിൽ “കണ്ടെത്തിയ” യാനോമാമീകളെ ചൂണ്ടകൾ, കണ്ണാടികൾ, തീപ്പെട്ടികൾ, റേഡിയോകൾ തുടങ്ങിയവയുമായി ക്രമേണ പരിചയത്തിലാക്കി. എന്നാൽ, അവരുടെ പക്കലെത്തിയിരിക്കുന്ന ആധുനികോപകരണങ്ങളിൽ ഏറ്റവും പുതിയതായ തോക്ക്, “അമേരിക്കകളിലെ ഒടുവിലത്തെ ശിലായുഗ ഗോത്രത്തെ” സംബന്ധിച്ചിടത്തോളം ആപത്കരമായ ഒരവസ്ഥ സംജാതമാക്കിയിരിക്കുകയാണെന്ന് വെനെസ്വേലയിലെ കാരക്കാസിലുള്ള ദ ഡെയ്ലി ജേർണൽ റിപ്പോർട്ടുചെയ്യുന്നു. കൈമാറ്റക്കച്ചവടത്തിലൂടെയും വാണിജ്യത്തിലൂടെയും സ്വർണഖനകരും വനവിഭവ വാണിഭക്കാരും മിഷനറിമാരും യാനോമാമീകളുടെ പ്രാചീന സംസ്കാരത്തിലേക്കു തോക്ക് എത്തിച്ചിരിക്കുന്നു. എന്നാൽ, അപ്രതീക്ഷിതമായി വെടിയേറ്റ് ഒരാഴ്ചതന്നെ മൂന്നു യാനോമാമീകൾ മരിച്ചത് ആധുനിക സംസ്കാരവുമായുള്ള ബന്ധത്തിന് എത്ര വിനാശകമായ പരിണതഫലങ്ങൾ ഉളവാക്കാനാകുമെന്നതിന്റെ ഒരു ഞെട്ടിക്കുന്ന ഓർമിപ്പിക്കലായി. യാനോമാമീ പിന്തുണാ കമ്മീഷന്റെ അധ്യക്ഷയായ ക്ലോഡിയ അൻഡൂജാർ പറയുന്നതനുസരിച്ച്, “വിഷാസ്ത്രങ്ങളും കല്ലുകളും വടികളുംകൊണ്ടു യുദ്ധം ചെയ്യാനുള്ള തങ്ങളുടെ പ്രാപ്തിയിൽ അഭിമാനിക്കുന്ന ഒരു ഗോത്രത്തിന് അതിന്റെ കൂടെ തോക്കുകളും വെടിമരുന്നുംകൂടി കിട്ടിയാൽ എന്തുമാത്രം ആപത്കരമാണ് എന്നതിനെക്കുറിച്ച് ഒന്നാലോചിച്ചുനോക്കൂ.”
നീലത്തിമിംഗലം തിരിച്ചുവരവു നടത്തുന്നു
1946 മുതൽ നീലത്തിമിംഗലത്തെ വേട്ടയാടുന്നതു കർശനമായി നിയന്ത്രിച്ചിരുന്നു. ആ സമയമായപ്പോഴേക്കും, 30 മീറ്റർ നീളവും 150 ടൺ ഭാരവുമുള്ള ഈ അതിഭീമൻ സസ്തനികൾ വേട്ടയാടൽ നിമിത്തം വംശനാശത്തിന്റെ വക്കിലെത്തിയിരുന്നു. പക്ഷേ ഇപ്പോൾ യു.എസ്. നാവികസേനയുടെ ശബ്ദാപഗ്രഥനാധിഷ്ഠിത സംരക്ഷണ സംവിധാനം നിമിത്തം വടക്കേ അറ്റ്ലാൻറിക്കിൽ വാസമാക്കിയ തിമിംഗലങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. ഇതിൽ ഫിൻബാക്കുകളും ഹമ്പ്ബാക്കുകളും മിങ്കുകളും അപൂർവ നീലത്തിമിംഗലങ്ങളും ഉൾപ്പെടുന്നു. “മുമ്പു കരുതിയിരുന്നതിനെക്കാൾ വളരെയധികം തിമിംഗലങ്ങൾ ബ്രിട്ടന്റെ തീരങ്ങളിലുണ്ട്” എന്ന് ലണ്ടനിലെ ദ സൺഡേ ടെലഗ്രാഫ് പറയുന്നു. 3,000 മീറ്റർവരെ ആഴത്തിൽ കടലിന്റെ അടിത്തട്ടിൽ കിടക്കുന്ന ഹൈഡ്രോഫോണുകൾ വാസ്തവത്തിൽ മുങ്ങിക്കപ്പലുകളെ കണ്ടുപിടിക്കുന്നതിനുവേണ്ടിയാണ് ആദ്യം രൂപകൽപ്പന ചെയ്തത്. എന്നിരുന്നാലും, തിമിംഗലങ്ങളുടെ താഴ്ന്ന ആവൃത്തിയിലുള്ള ശബ്ദങ്ങൾ പിടിച്ചെടുക്കുന്നതിലും അവ ഫലപ്രദമാണ് എന്നു കണ്ടെത്തപ്പെട്ടു. നീലത്തിമിംഗലത്തിന്റെ വിളിശബ്ദം വെള്ളത്തിനടിയിൽ 3,000 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നു എന്നു പറയപ്പെടുന്നു.
വിവാഹമോചന ക്ലാസ്സുകളോ?
യു.എസ്.എ.-യിലെ അരിസോണയിലുള്ള പിമ കൗണ്ടിയിൽ വിവാഹമോചനം ആഗ്രഹിക്കുന്ന മാതാപിതാക്കൾ, തങ്ങളുടെ കുട്ടികളുടെമേൽ അതുളവാക്കുന്ന ഫലങ്ങളെക്കുറിച്ചു മനസ്സിലാക്കുന്നതിന് നാലര മണിക്കൂർ ദൈർഘ്യമുള്ള ഒരു സെമിനാറിൽ പങ്കെടുക്കേണ്ടതുണ്ടെന്ന് ദ ഡാള്ളാസ് മോർണിങ് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. “സന്ദർശന പട്ടിക ഉണ്ടാക്കേണ്ടതെങ്ങനെ, പരിപാലകനല്ലാത്ത ഒരു രക്ഷിതാവിനോടൊത്തു വേനലവധി ചെലവഴിക്കാൻ ഒരു കുട്ടിക്ക് എത്ര വയസ്സാകണം” എന്നതിനെക്കുറിച്ചൊക്കെ തീരുമാനിക്കാൻ മാതാപിതാക്കളെ സഹായിക്കുന്നതിനാണ് ആ ക്ലാസ്സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടുതൽ പ്രധാനമായി, ഒരു കുട്ടിയുടെ കണ്ണുകളിലൂടെ വിവാഹമോചനത്തെ വീക്ഷിക്കാൻ മാതാപിതാക്കളെ അതു സഹായിക്കുന്നു എന്ന് ക്ലാസ്സിന്റെ ഡയറക്ടറായ ഫ്രാങ്ക് വില്ല്യംസ് പറയുന്നു. “എങ്കിലും, കാര്യങ്ങളുടെ അവസാന ഘട്ടത്തിൽ എന്തിനാണ് ഇത്തരമൊരു നിർബന്ധിത വിദ്യാഭ്യാസം എന്നതാണ് എനിക്കു മനസ്സിലാകാത്ത സംഗതി” എന്ന് കുടുംബ നിയമകാര്യ അഭിഭാഷകയായ ആലിസ് പെന്നിങ്ടൺ പറയുന്നു. എന്തുകൊണ്ട് “അവർക്കു വിവാഹം കഴിക്കുന്നതിനു മുമ്പുതന്നെ ഇത്തരം ഒരു ക്ലാസ്സിൽ പങ്കെടുത്തുകൂടാ?”
ലോകത്തിലേക്കും ഏറ്റവും വലിയ തടവുപാലകർ
1995-ൽ ഐക്യനാടുകളിലെ ഓരോ 1,00,000 പൗരന്മാരിലും 615 പേർ വീതം ജയിലിലായിരുന്നു എന്ന് യു.എസ്. നീതിന്യായവകുപ്പു പറയുന്നു. ഇത് 1985-ൽ തടവിലായവരുടെ ഇരട്ടിയാണെന്നും ലോകത്തിലേക്കും ഏറ്റവും ഉയർന്ന നിരക്കാണെന്നും ദ വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടു ചെയ്യുന്നു. റഷ്യയാണ് രണ്ടാം സ്ഥാനത്ത്. ഏറ്റവും ഒടുവിൽ കിട്ടിയ (1994-ൽ) വിവരമനുസരിച്ച് 1,00,000-ത്തിന് 590 എന്നതാണ് അവിടുത്തെ നിരക്ക്.
പുനഃസംസ്കരണം നടത്തുന്നതു ബുദ്ധി
വെനെസ്വേലയിലെ കാരക്കാസിലുള്ള വർത്തമാനപത്രമായ എൽ യൂണിവേഴ്സൽ പറയുന്നതനുസരിച്ച് അലൂമിനിയം പാത്രങ്ങൾ പുനഃസംസ്കരണത്തിനു വിധേയമാക്കിയാൽ പുതിയ പാത്രങ്ങൾ ഉണ്ടാക്കാനുപയോഗിക്കുന്ന ഊർജത്തിന്റെ 90 ശതമാനം ലാഭിക്കാൻ സാധിക്കും. കടലാസും പുനഃസംസ്കരണത്തിനു വിധേയമാക്കുന്നത് പാരിസ്ഥിതികമായി നല്ലതാണ്. കടലാസ് പുനഃസംസ്കരണം നടത്തുന്നതിന് പുതിയ കടലാസുണ്ടാക്കാനാവശ്യമായതിലും അമ്പതു ശതമാനം ഊർജം കുറവു മതി, അപ്പോൾ ജലമലിനീകരണം 58 ശതമാനവും വായു മലിനീകരണം 74 ശതമാനവും കുറയുന്നു. സ്ഫടിക വസ്തുക്കൾ കൂടുതൽ പ്രയോജനകരമാണ്. കാരണം അതു പൂർണമായും വീണ്ടും വീണ്ടും പുനഃസംസ്കരണം നടത്താവുന്നതാണ്.