എല്ലാവർക്കും ആഹാരം—വെറുമൊരു സ്വപ്നമോ?
ഇറ്റലിയിലെ ഉണരുക! ലേഖകൻ
“ദാരിദ്ര്യത്തിന്റെയും വികലപോഷണത്തിന്റെയും പിടിയിൽനിന്നു വിമുക്തരാകാനുള്ള അവകാശം ഓരോ പുരുഷനും സ്ത്രീക്കും കുട്ടിക്കും ഉണ്ട്” എന്ന് 1974-ൽ, ഐക്യരാഷ്ട്ര ഭക്ഷ്യകാർഷിക സംഘടന (എഫ്എഒ) പ്രായോജനം ചെയ്ത ലോകഭക്ഷ്യ സമ്മേളനം പ്രഖ്യാപിച്ചു. അന്ന്, “ഒരു ദശകത്തിനുള്ളിൽ” ലോകത്തിൽനിന്നു ദാരിദ്ര്യം നിർമാർജനം ചെയ്യാനുള്ള ആഹ്വാനം നൽകുകയുണ്ടായി.
എന്നാൽ കഴിഞ്ഞ വർഷാവസാനം റോമിലെ എഫ്എഒ ആസ്ഥാനത്തുവെച്ചു നടത്തപ്പെട്ട, അഞ്ച് ദിവസം നീണ്ടുനിന്ന ലോകഭക്ഷ്യ ഉച്ചകോടി സമ്മേളനത്തിൽ 173 രാഷ്ട്രങ്ങളിലെ പ്രതിനിധികൾ ഒത്തുകൂടിയതിന്റെ ഉദ്ദേശ്യം, “എവിടെയാണ് പാളിച്ച പറ്റിയത്?” എന്ന് ചർച്ചചെയ്യുകയായിരുന്നു. എല്ലാവർക്കും ആഹാരം പ്രദാനം ചെയ്യാനുള്ള സംരംഭം പൊളിഞ്ഞുപോയെന്നു മാത്രമല്ല, ഇപ്പോൾ രണ്ടിലേറെ ദശകങ്ങൾക്കുശേഷം അവസ്ഥ ഏറെ വഷളാകുകയും ചെയ്തിരിക്കുന്നു.
ആഹാരം, ജനസംഖ്യ, ദാരിദ്ര്യം എന്നിവ സംബന്ധിച്ച മുഖ്യ പ്രശ്നങ്ങൾ അടിയന്തിര സംഗതികളാണ്. ആ ഉച്ചകോടിയിൽ പുറത്തിറക്കിയ ഒരു വിജ്ഞാപനത്തിൽ സമ്മതിച്ചുപറഞ്ഞിരുന്നപ്രകാരം, ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തപക്ഷം അവ “പല രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും സാമൂഹിക സുസ്ഥിരതയെ ഗുരുതരമായി ബാധിച്ചേക്കാം. ഒരുപക്ഷേ ലോകസമാധാനംതന്നെ അപകടത്തിലായെന്നും വരാം.” ഒരു നിരീക്ഷകൻ കുറേക്കൂടെ സ്പഷ്ടമായി ഇങ്ങനെ പറഞ്ഞു: “നാഗരികതയുടെയും ദേശീയ സംസ്കാരത്തിന്റെയും തകർച്ചയ്ക്കു നാം സാക്ഷ്യം വഹിക്കും.”
എഫ്എഒ ഡയറക്ടർ ജനറലായ ഷാക്ക് ജൂഫിന്റെ അഭിപ്രായപ്രകാരം “ഇന്ന് 80 കോടിയിലധികം ആളുകൾക്ക് വേണ്ടത്ര ആഹാരം ലഭിക്കുന്നില്ല; ഇവരിൽ 20 കോടിയും കുട്ടികളാണ്.” 2025-ാം ആണ്ടോടെ 580 കോടി എന്ന ഇന്നത്തെ ലോക ജനസംഖ്യ 830 കോടിയായി ഉയർന്നിരിക്കും. വർധനവ് ഏറെയും വികസ്വര രാജ്യങ്ങളിലായിരിക്കും. ജൂഫ് വിലപിക്കുന്നു: “ജീവിക്കാനും ആദരിക്കപ്പെടാനുമുള്ള അനന്യാധീനമായ അവകാശം നിഷേധിക്കപ്പെട്ട സ്ത്രീപുരുഷന്മാരുടെയും കുട്ടികളുടെയും എണ്ണം അതിഭീമമാണ്. വിശന്നുപൊരിയുന്നവരുടെ രോദനത്തോടൊപ്പം അപക്ഷയം സംഭവിച്ച മണ്ണിന്റെയും വെട്ടിത്തെളിക്കപ്പെട്ട കാടുകളുടെയും ശൂന്യമായ മത്സ്യബന്ധനകേന്ദ്രങ്ങളുടെയും മൗനനൊമ്പരവുമുണ്ട്.”
നിർദേശിക്കപ്പെട്ടിരിക്കുന്ന പരിഹാരമെന്താണ്? പരിഹാരം “ധീരമായ നടപടി” കൈക്കൊള്ളുന്നതിലാണെന്ന് ജൂഫ് പറയുന്നു. അതായത് ഭക്ഷ്യ ദൗർലഭ്യമുള്ള രാജ്യങ്ങൾക്ക് “ഭക്ഷ്യ സുരക്ഷിതത്വ”വും സ്വയം പോറ്റാൻ അവയെ പ്രാപ്തമാക്കുന്ന തരം വൈദഗ്ധ്യങ്ങൾ, നിക്ഷേപങ്ങൾ, സാങ്കേതികത്വം എന്നിവയും പ്രദാനം ചെയ്യുക.
“ഭക്ഷ്യ സുരക്ഷിതത്വം”—വഴുതിമാറുന്നത് എന്തുകൊണ്ട്?
ഉച്ചകോടി പുറപ്പെടുവിച്ച ഒരു വിജ്ഞാപനം പറയുന്നതനുസരിച്ച്, “എല്ലാ ആളുകൾക്കും എല്ലാ കാലത്തും, ഊർജസ്വലവും ആരോഗ്യകരവുമായ ജീവിതം നയിക്കേണ്ടതിനു തങ്ങളുടെ ഭക്ഷ്യസംബന്ധമായ ആവശ്യങ്ങളും അഭിരുചികളും തൃപ്തിപ്പെടുത്താൻ മതിയായ, പോഷകസമ്പന്നവും അപകടമില്ലാത്തതുമായ ആഹാരം ലഭിക്കാൻ ശാരീരികവും സാമ്പത്തികവുമായി പര്യാപ്തതയുണ്ടെങ്കിൽ ഭക്ഷ്യ സുരക്ഷിതത്വം ഉണ്ടെന്നു പറയാം.”
ഭക്ഷ്യ സുരക്ഷിതത്വം അപകടത്തിലായേക്കാവുന്ന വിധം സയറിലെ അഭയാർഥിപ്രതിസന്ധിയാൽ ദൃഷ്ടാന്തീകരിക്കപ്പെട്ടു. റുവാണ്ടക്കാരായ പത്തുലക്ഷം അഭയാർഥികൾ പട്ടിണിയിലായിരിക്കെ യുഎൻ ഏജൻസികളുടെ കൈവശം അവരെ പോറ്റാൻ വേണ്ട ഭക്ഷണമുണ്ടായിരുന്നു. എന്നാൽ ഗതാഗത-വിതരണ ക്രമീകരണങ്ങൾക്ക് ഗവൺമെൻറ് അധികാരികളിൽനിന്നുള്ള സമ്മതപത്രവും പ്രാദേശിക അധികൃതരുടെ—അല്ലെങ്കിൽ അഭയാർഥി ക്യാമ്പുകൾ അധീനതയിലാക്കിവെച്ചിരുന്ന പ്രാദേശിക യുദ്ധപ്രഭുക്കന്മാരുടെ—സഹകരണവും വേണമായിരുന്നു. ആഹാരം ലഭ്യമാണെങ്കിൽപ്പോലും വിശപ്പുള്ളവരെ പോറ്റുക രാജ്യാന്തര സമുദായത്തിന് എത്ര ബുദ്ധിമുട്ടാണെന്നു സയറിലെ അടിയന്തിര സാഹചര്യം ഒരിക്കൽക്കൂടെ കാട്ടിത്തരുന്നു. ഒരു നിരീക്ഷകൻ അഭിപ്രായപ്പെട്ടു: “ഒട്ടേറെ സ്ഥാപനങ്ങളോടും വ്യക്തികളോടും കൂടിയാലോചിക്കുകയും കേണപേക്ഷിക്കുകയുമൊക്കെ ചെയ്താലേ എന്തെങ്കിലുമൊന്നു ചെയ്യാനൊക്കൂ.”
യു.എസ്. കാർഷികവിഭാഗത്തിന്റെ ഒരു വിജ്ഞാപനം പറയുന്നതനുസരിച്ച്, മൂലകാരണങ്ങൾ—അവ എത്രതന്നെയായിക്കൊള്ളട്ടെ—ഭക്ഷ്യ സുരക്ഷിതത്വത്തിനു തുരങ്കം വെച്ചേക്കാം. പ്രകൃതി വിപത്തുകൾക്കു പുറമേ യുദ്ധം, ആഭ്യന്തര കലഹം, അനുചിതമായ ദേശീയ നയങ്ങൾ, ഗവേഷണത്തിന്റെയും സാങ്കേതികത്വത്തിന്റെയും അപര്യാപ്തത, പരിസ്ഥിതിയുടെ അപക്ഷയം, ദാരിദ്ര്യം, ജനസംഖ്യാവർധനവ്, സ്ത്രീപുരുഷ അസമത്വം, മോശമായ ആരോഗ്യം എന്നിവയും ഇവയിലുൾപ്പെടുന്നു.
ചില നേട്ടങ്ങൾ കൈവരിക്കപ്പെട്ടിട്ടുണ്ട്. വികസ്വര രാഷ്ട്രങ്ങളിൽ, 1970-കൾ മുതൽ ആഹാര ഉപഭോഗത്തിന്റെ ഒരു സൂചകമായ ശരാശരി ആഹാരക്രമ ഊർജ വിതരണം, ഒരാൾക്കു ദിവസത്തിൽ 2,140 കലോറി ആയിരുന്നതിൽനിന്ന് 2,520 കലോറിയായി ഉയർന്നിരിക്കുന്നു. എന്നാൽ എഫ്എഒ പറയുന്നതനുസരിച്ച്, 2030-ാം ആണ്ടോടെ ജനസംഖ്യ ശതകോടികളായി വർധിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നതുകൊണ്ട് “ഭക്ഷ്യ ലഭ്യതയുടെ ഇന്നത്തെ നിരക്കു നിലനിർത്താൻപോലും, നാമെല്ലാം ആശ്രയിക്കുന്ന പ്രകൃതി വിഭവങ്ങളെ നശിപ്പിക്കാതെതന്നെ ഭക്ഷ്യശേഖരങ്ങൾ 75 ശതമാനത്തിലധികം വർധിപ്പിക്കാൻ തക്കവണ്ണം ത്വരിതഗതിയിലുള്ളതും നിലനിൽക്കുന്നതുമായ ഉത്പാദന നേട്ടങ്ങൾ കൈവരിക്കേണ്ടത് ആവശ്യമാണ്.” അതുകൊണ്ട്, വിശന്നുപൊരിയുന്ന ജനതതികൾക്കു ഭക്ഷണം പ്രദാനം ചെയ്യാനുള്ള ശ്രമം ആശാവഹമല്ല.
‘നമുക്കാവശ്യം നടപടികളാണ്, കൂടുതൽ കൂടുതൽ ഉച്ചകോടികളല്ല’
ലോകഭക്ഷ്യ ഉച്ചകോടി സമ്മേളനത്തിൽ കൈക്കൊണ്ട നടപടികളെയും അതു നൽകിയ വാഗ്ദാനങ്ങളെയും കുറിച്ച് അനേകം വിമർശനങ്ങൾ ഉയർന്നുവന്നു. ഒരു ലാറ്റിൻ അമേരിക്കൻ പ്രതിനിധി, പോഷണക്കുറവുള്ള ആളുകളുടെ എണ്ണം ഇന്നുള്ളതിന്റെ പകുതിയായി മാത്രം കുറയ്ക്കാനുള്ള സത്യപ്രതിജ്ഞയുടെ “മിതത്വത്തെ” “നാണക്കേട്” എന്ന് കുറ്റപ്പെടുത്തി. പതിനഞ്ച് രാഷ്ട്രങ്ങൾ, ഉച്ചകോടിയിൽ അംഗീകരിക്കപ്പെട്ട നിർദേശങ്ങൾ വ്യത്യസ്ത രീതികളിലാണു വ്യാഖ്യാനിച്ചത്. ഇറ്റാലിയൻ വർത്തമാനപത്രമായ ലാ റേപ്പൂബ്ലിക്ക പറഞ്ഞു: ലളിതമായ ഒരു പ്രഖ്യാപനവും കർമപരിപാടിയും തയ്യാറാക്കുന്നതുതന്നെ “രണ്ടുവർഷത്തെ എതിർപ്പുകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ്. സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാൻ അവർ ഓരോ വള്ളിയും പുള്ളിയും പരിശോധിച്ചു.”
ഉച്ചകോടി വിജ്ഞാപനം തയ്യാറാക്കുന്നതിൽ സഹായിച്ച പലരും അതിന്റെ ഫലങ്ങളിൽ സന്തുഷ്ടരായിരുന്നില്ല. “പ്രഖ്യാപിക്കപ്പെട്ട ആ നല്ല നിർദേശങ്ങൾ സാക്ഷാത്കരിക്കപ്പെടുമോ എന്നതിൽ ഞങ്ങൾക്ക് അങ്ങേയറ്റം ആശങ്കയുണ്ട്,” ഒരാൾ പറഞ്ഞു. ഭക്ഷ്യ ലഭ്യത “സാർവദേശീയമായി അംഗീകരിക്കപ്പെടേണ്ട അവകാശ”മായി നിർവചിക്കപ്പെടണമോ എന്നതായിരുന്നു ഒരു തർക്കവിഷയം. കാരണം “അവകാശം” എന്നത് നിയമകോടതികളിൽ പ്രതിവാദിക്കാവുന്ന ഒന്നാണ്. ഒരു കാനഡക്കാരൻ വിശദമാക്കി: “സഹായം നൽകാൻ തങ്ങൾ നിർബന്ധിതരായിത്തീരുമോ എന്നു സമ്പന്ന രാഷ്ട്രങ്ങൾ ഭയന്നു. അതുകൊണ്ടാണു പ്രസ്താവനയിൽ വെള്ളം ചേർക്കാൻ അവർ ശഠിച്ചത്.”
യുഎൻ-പ്രായോജന ഉച്ചകോടികളിലെ ചർച്ചകൾ നീണ്ടുപോകുന്നതുകൊണ്ട് യൂറോപ്പിലെ ഒരു മന്ത്രി ഇങ്ങനെ പറഞ്ഞു: “[ജനസംഖ്യയെയും വികസനത്തെയും കുറിച്ച് 1994-ൽ നടത്തിയ] കെയ്റോ സമ്മേളനത്തിൽ അനേകം പ്രമേയങ്ങൾ പാസാക്കിയശേഷവും ഓരോ സമ്മേളനത്തിലും നാം വീണ്ടും വീണ്ടും ഒരേ കാര്യംതന്നെയാണു ചർച്ചചെയ്യുന്നത്.” അവർ ഇപ്രകാരം ശുപാർശ ചെയ്തു: “സഹമനുഷ്യരുടെ പ്രയോജനത്തിനുവേണ്ട നടപടികൾ കൈക്കൊള്ളുന്നതിനായിരിക്കണം നമ്മുടെ കാര്യപരിപാടികളിൽ പ്രഥമ സ്ഥാനം നൽകേണ്ടത്, അല്ലാതെ വെറും ഉച്ചകോടികൾക്കല്ല.”
ഉച്ചകോടി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുള്ള കനത്ത ചെലവ് ചില രാജ്യങ്ങൾക്കു താങ്ങാനാവാത്തതായിരുന്നുവെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടി. ഒരു കൊച്ച് ആഫ്രിക്കൻ രാജ്യം 14 പ്രതിനിധികളെയും 2 മന്ത്രിമാരെയും അയച്ചു. അവരെല്ലാവരും രണ്ടാഴ്ചയിലേറെ റോമിൽ തങ്ങിയിരുന്നു. ഒരു ആഫ്രിക്കൻ പ്രസിഡൻറിന്റെ ഭാര്യ റോമിലെ ഏറ്റവും പരിഷ്കൃതമായ ഒരു ഷോപ്പിങ് കേന്ദ്രത്തിൽ 23,000 ഡോളർ ധൂർത്തടിച്ചെന്ന് ഒരു ഇറ്റാലിയൻ വർത്തമാനപത്രമായ കോറീയെറേ ദേല്ല സേറ റിപ്പോർട്ടു ചെയ്തു. ഒരു വ്യക്തിയുടെ ശരാശരി വാർഷിക വരുമാനം 3,300 ഡോളറിനുമേൽ വരാത്ത ഒരു രാജ്യമാണ് ഇവരുടേത് എന്നോർക്കണം.
ഉച്ചകോടിയിൽ സ്വീകരിക്കപ്പെട്ട കർമപരിപാടി വിജയം കാണുമെന്നു വിശ്വസിക്കാൻ കാരണമുണ്ടോ? ഒരു പത്രപ്രവർത്തകൻ ഇപ്രകാരം മറുപടി നൽകുന്നു: “ഗവൺമെൻറുകൾ ഇതു ഗൗരവമായിട്ടെടുത്ത് അതിന്റെ നിർദേശങ്ങൾ നടപ്പിലാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളുമെന്നു മാത്രമേ നമുക്കിപ്പോൾ പ്രത്യാശിക്കാനാകൂ. അവരതു ചെയ്യുമോ? . . . ശുഭാപ്തി വിശ്വാസമുണ്ടായിരിക്കാൻ യാതൊന്നും നാം ചരിത്രത്തിൽ കാണുന്നില്ല.” 1992-ലെ റിയോ ദെ ജെനിറോ ഭൗമ ഉച്ചകോടി സമ്മേളനത്തിൽവെച്ച്, വികസന പിന്തുണയ്ക്കായുള്ള സംഭാവന, മൊത്തം ദേശീയ ഉത്പാദനത്തിന്റെ 0.7 ശതമാനമായി ഉയർത്താമെന്നു സമ്മതിച്ചിട്ട് “വിരലിലെണ്ണാവുന്ന രാജ്യങ്ങൾ മാത്രമേ നിർബന്ധിതമല്ലാത്ത ഈ ലക്ഷ്യങ്ങളിലെത്തിച്ചേർന്നുള്ളൂ” എന്ന് ഇതേ പത്രപ്രവർത്തകൻ ചൂണ്ടിക്കാട്ടുന്നു.
വിശന്നുപൊരിയുന്നവരെ ആർ പോറ്റും?
മനുഷ്യവർഗത്തിനു നല്ല ഉദ്ദേശ്യങ്ങളുണ്ടായിരുന്നിട്ടും “മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല” എന്ന് ചരിത്രം നന്നായി തെളിയിച്ചിരിക്കുന്നു. (യിരെമ്യാവു 10:23) അതുകൊണ്ട്, എല്ലാവർക്കും ആഹാരം പ്രദാനം ചെയ്യാൻ മനുഷ്യനു സ്വയം കഴിഞ്ഞെന്നു വരില്ല. അത്യാഗ്രഹം, ദുർവ്യയം, അഹങ്കാരം എന്നിവ മനുഷ്യവർഗത്തെ നാശത്തിന്റെ വക്കത്തെത്തിച്ചിരിക്കുന്നു. എഫ്എഒ ഡയറക്ടർ ജനറലായ ജൂഫ് അഭിപ്രായപ്പെട്ടതുപോലെ, “ഏറ്റവും ഒടുവിലത്തെ വിശകലനത്തിൽ ആവശ്യമായിരിക്കുന്നതു ഹൃദയങ്ങളിലും മനസ്സുകളിലും അഭിലാഷങ്ങളിലുമുള്ള ഒരു മാറ്റമാണ്.”
അതു ദൈവരാജ്യത്തിനു മാത്രം ചെയ്യാൻ കഴിയുന്ന ഒന്നാണ്. വാസ്തവത്തിൽ, നൂറ്റാണ്ടുകൾക്കുമുമ്പ് തന്റെ ജനത്തെക്കുറിച്ചു യഹോവ ഇപ്രകാരം പ്രവചിച്ചു: “ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും.”—യിരെമ്യാവു 31:33.
യഹോവയാം ദൈവം മനുഷ്യവർഗത്തിനായി ആദ്യത്തെ ഉദ്യാനഭവനം ഒരുക്കിയപ്പോൾ അവൻ മനുഷ്യന് ‘വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായ്ക്കുന്ന സകലവൃക്ഷങ്ങളും’ ആഹാരമായി നൽകി. (ഉല്പത്തി 1:29) ആഹാരസാധനങ്ങൾ യഥേഷ്ടമുണ്ടായിരുന്നു, അവ പോഷകസമ്പന്നമായിരുന്നു, എപ്പോഴും ലഭ്യമായിരുന്നു. തങ്ങളുടെ ആഹാരസംബന്ധമായ ആവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ മുഴുമനുഷ്യവർഗത്തിനും അതുമാത്രം മതിയായിരുന്നു.
ദൈവോദ്ദേശ്യത്തിനു മാറ്റം വന്നിട്ടില്ല. (യെശയ്യാവു 55:10, 11) എല്ലാവർക്കും ആഹാരം പ്രദാനം ചെയ്തും ദാരിദ്ര്യം നിർമാർജനം ചെയ്തും പ്രകൃതിവിപത്തുകൾ നിയന്ത്രിച്ചും ഏറ്റുമുട്ടലുകൾ ഇല്ലാതാക്കിയും ക്രിസ്തുവിലൂടെയുള്ള രാജ്യം മുഖാന്തരം മനുഷ്യവർഗത്തിന്റെ സകല ആവശ്യങ്ങളും താൻ തൃപ്തിപ്പെടുത്തുമെന്ന് അവൻ വളരെക്കാലം മുമ്പേ ഉറപ്പുനൽകിയിരിക്കുന്നു. (സങ്കീർത്തനം 46:8, 9; യെശയ്യാവു 11:9; മർക്കൊസ് 4:37-41-ഉം; 6:37-44-ഉം താരതമ്യം ചെയ്യുക.) ആ കാലത്ത് ‘ഭൂമി അതിന്റെ അനുഭവം നൽകും. ദൈവം, നമ്മുടെ ദൈവംതന്നേ, നമ്മെ അനുഗ്രഹിക്കും.’ “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും.”—സങ്കീർത്തനം 67:6; 72:16.
[12-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Dorothea Lange, FSA Collection, Library of Congress