കുട്ടികളെ സഹായിക്കാൻ ദൃഢനിശ്ചിതർ
അഞ്ചു വയസ്സിനു താഴെയുള്ള 40,000 കുട്ടികൾ ഇന്നലെ വികസ്വര രാജ്യങ്ങളിൽ മരണമടഞ്ഞു. മറെറാരു 40,000 ഇന്നു മരണമടയും. മറെറാരു 40,000 നാളെയും. ഇതിലനേകം മരണങ്ങളും തടയാൻ കഴിയുമായിരുന്നു.
ലോകശ്രദ്ധയിൽ ഒട്ടുംതന്നെ പെടാതെ പൂർണ്ണമായും ഒഴിഞ്ഞുപോയിരിക്കുന്നുവെന്ന അർത്ഥത്തിൽ വർഷങ്ങളായി ഈ അവസ്ഥയെ “നിശ്ശബ്ദമായ അടിയന്തരഘട്ടം” അഥവാ “ശാന്തമായ വിപത്ത്” എന്നു വിളിച്ചിരിക്കുന്നു. “പുള്ളിയുള്ള 40,000 മൂങ്ങകൾ ദിവസേന ചത്തിരുന്നെങ്കിൽ ഇവിടെ കലാപമുണ്ടായേനെ. എന്നാൽ 40,000 കുട്ടികൾ മരിക്കുന്നു, അതു ശ്രദ്ധിക്കപ്പെടുന്നേയില്ല” എന്ന് 1990-ൽ ന്യൂയോർക്കിലെ യു.എൻ-ന്റെ ആസ്ഥാനത്തു നടന്ന കുട്ടികൾക്കുവേണ്ടിയുള്ള ഐക്യരാഷ്ട്രങ്ങളുടെ ലോക ഉച്ചകോടിയിൽ അമേരിക്കയുടെ വക്താവായ പീററർ ററീലീ സങ്കടപൂർവം പറഞ്ഞു.
ഒടുവിൽ ഉച്ചകോടി അതെല്ലാം മാററും എന്നു ചിലർ വിചാരിക്കുന്നു. എഴുപത്തൊന്നു രാഷ്ട്രത്തലവൻമാർ ഉൾപ്പെടെ 159 രാജ്യങ്ങളിൽനിന്നുള്ള ഉന്നതാധികാരികൾ പങ്കെടുത്തു. മൊത്തത്തിൽ അവർ ലോകത്തിന്റെ ജനസംഖ്യയുടെ 99 ശതമാനത്തെ പ്രതിനിധാനം ചെയ്തു. അവരുടെ മനോഭാവത്തെ മിഖായേൽ ഗോർബച്ചേവ് ചുരുക്കിപ്പറഞ്ഞത് ഇങ്ങനെയാണ്: “ദിവസവും ലക്ഷക്കണക്കിനു കുട്ടികൾ മരിക്കുന്നുവെന്ന വസ്തുത മനുഷ്യവർഗ്ഗത്തിനു മേലാൽ പൊറുക്കാൻ കഴിയില്ല.”
ഉച്ചകോടിക്കു മുമ്പുള്ള ദിവസങ്ങളിൽ ലോകം അതിന്റെ പിന്തുണ പ്രകടമാക്കി. അക്ഷരാർത്ഥത്തിൽ ദേശീയവും സാമുദായികവുമായ നൂറുകണക്കിനു യോഗങ്ങളും സെമിനാറുകളും ചർച്ചാക്ലാസ്സുകളും വാഗ്വാദങ്ങളും കുട്ടികളുടെ കഷ്ടാവസ്ഥയെ കേന്ദ്രീകരിച്ചിരുന്നു. മുമ്പിൽ പ്രശ്നങ്ങളും അപകടങ്ങളും ഉണ്ടായിട്ടും ലോകം മെച്ചപ്പെട്ട ഒരു സ്ഥലമാക്കിത്തീർക്കാൻ കഴിയുമെന്ന തങ്ങളുടെ പ്രത്യാശയെ പ്രതീകപ്പെടുത്താൻ 80 രാജ്യങ്ങളിൽ പത്തു ലക്ഷത്തിലധികം പേർ മെഴുകുതിരികൾ കത്തിച്ചു.
“ലോകത്തിനു ചുററുമുള്ള കുട്ടികൾക്ക് ഒരുപക്ഷേ എന്നത്തേക്കാളും സുപ്രധാനമായ ദിവസം” എന്നാണു യുണിസെഫ് (കുട്ടികൾക്കായുള്ള ഐക്യരാഷ്ട്രങ്ങളുടെ ഫണ്ട്) ഉച്ചകോടിയുടെ അവസാന ദിവസത്തെ പുകഴ്ത്തിയത്. എന്തുകൊണ്ട് ഇത്ര ഉത്സാഹം? എന്തുകൊണ്ടെന്നാൽ ഭൂമിയിലെല്ലാടവുമുള്ള ചെറുപ്പക്കാരുടെ യാതനയും മരണവും കുറയ്ക്കാൻ ലോകനേതാക്കൾ ഒരു പ്രത്യേക “കർമ്മപരിപാടി” ആവിഷ്കരിച്ചിരുന്നു.
നയതന്ത്രസമ്മേളനങ്ങളുടെ ചരിത്രം, ലംഘിക്കപ്പെട്ട വാഗ്ദാനങ്ങൾകൊണ്ടു നിറഞ്ഞതാണെന്നു സമ്മതിക്കുന്നു. എന്നിരുന്നാലും, ശീതസമരാന്തത്തിന്റെ ഫലമായി ആത്മാർത്ഥതയുടെയും സഹകരണത്തിന്റെയും ഒരു പുതിയ ഉത്സാഹം അനേകർക്ക് അനുഭവപ്പെട്ടു. യുണിസെഫിന്റെ എക്സിക്കുട്ടീവ് ഡയറക്ടറായ ജയിംസ് ഗ്രാൻറ് ആവേശപൂർവ്വം ഇങ്ങനെ പ്രസ്താവിച്ചു: “രാഷ്ട്രത്തിന്റെയും ഗവൺമെൻറിന്റെയും തലവൻമാർ പുതിയ ലോകക്രമത്തിന്റെ വികാസത്തിന്റെ മുഖ്യ ഉദ്ദേശ്യമെന്നനിലയിൽ, ഫലത്തിൽ, സകല മനുഷ്യരുടെയും—‘വളർന്ന കുട്ടികളു’ടെയും അല്ലാത്ത കുട്ടികളുടെയും—ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ഒന്നാമത്തെ പടി സ്വീകരിച്ചു.”
തീർച്ചയായും ഉച്ചകോടിക്കുശേഷം ഒരു വർഷത്തിനകം മിക്ക രാഷ്ട്രങ്ങളും ഉച്ചകോടിയിലെ തീരുമാനങ്ങൾ നടപ്പാക്കാനുള്ള ദേശീയ പദ്ധതികൾ ആവിഷ്കരിച്ചുകഴിഞ്ഞിരുന്നു. ഇതു “2000-ാമാണ്ടോടെ സകല കുട്ടികളും ആരോഗ്യം നേടുക എന്ന വളരെ വാസ്തവികമായ ഒരു പ്രതീക്ഷ നാം കാണുന്നു” എന്നു പറയാൻ ഡയറക്ടർ ഗ്രാൻറിനെ പ്രേരിപ്പിച്ചു.
എന്നാൽ കുട്ടികളുടെ ഗതി, സാർവദേശീയ മാദ്ധ്യമങ്ങൾ വെളിപ്പെടുത്തിയ ലോകത്തിന്റെ ലജ്ജാകരമായ കുടുംബരഹസ്യം എന്താണ്? ഇപ്പോൾ, ശീതസമരാനന്തര അന്താരാഷ്ട്ര സഹകരണത്തിന്റെ അന്തരീക്ഷത്തിൽ ഒരത്ഭുതകരമായ പുതിയ ലോകക്രമം സ്ഥാപിക്കുന്നതിന് ഐക്യരാഷ്ട്രങ്ങൾ മുന്നണിയിൽ പ്രവർത്തിക്കുമെന്നു വിശ്വസിക്കാൻ ഈടുററ കാരണമുണ്ടോ? നമ്മുടെ കുട്ടികൾക്കുവേണ്ടി ശോഭനമായ ഒരു ഭാവിയെക്കുറിച്ച് വാസ്തവികമായി നമുക്കു പ്രതീക്ഷിക്കാൻ കഴിയുമോ? അടുത്ത രണ്ടു ലേഖനങ്ങൾ ഈ ചോദ്യങ്ങൾ പരിചിന്തിക്കും. (g92 12⁄8)