ഞങ്ങളുടെ വായനക്കാരിൽ നിന്ന്
വാക്കുകൾകൊണ്ട് ദ്രോഹിക്കൽ “വ്രണപ്പെടുത്തുന്ന വാക്കുകളിൽനിന്ന് സുഖപ്പെടുത്തുന്ന വാക്കുകളിലേക്ക്” (ഒക്ടോബർ 22, 1996) എന്ന ലേഖനപരമ്പര യഹോവ നമുക്കുവേണ്ടി എത്രമാത്രം കരുതുന്നുവെന്നു കാണിച്ചുതരുന്ന ലേഖനങ്ങളുടെ നീണ്ട നിരയിലെ ഒരു കണ്ണി മാത്രമാണ്. “മദ്യാസക്തർക്കും അവരുടെ കുടുംബങ്ങൾക്കും സഹായം” (മേയ് 22, 1992, ഇംഗ്ലീഷ്), “സ്ത്രീകൾ—ബഹുമാനം അർഹിക്കുന്നവർ” (ജൂലൈ 8, 1992, ഇംഗ്ലീഷ്), “വിവാഹമോചനത്തിന്റെ ക്ഷതമേറ്റ കുട്ടികൾക്കു സഹായം” (ഏപ്രിൽ 22, 1991, ഇംഗ്ലീഷ്), “വീടുകളിലെ അക്രമം എന്നെങ്കിലും അവസാനിക്കുമോ?” (മേയ് 8, 1993) തുടങ്ങിയ ലേഖനങ്ങളെല്ലാം മദ്യപനായ ഭർത്താവ് വർഷങ്ങളായി ഏൽപ്പിച്ചുകൊണ്ടിരുന്ന വൈകാരിക ദ്രോഹങ്ങൾ സഹിച്ചു ജീവിക്കാൻ എന്നെ സഹായിച്ചു. സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും കണ്ണുനീരോടെ ഞാൻ ഈ ലേഖനങ്ങൾ വായിച്ചു. നമ്മുടെ ഏറ്റവും സ്വകാര്യ ഭയങ്ങളെയും വേദനകളെയും വൈകാരികക്ഷതങ്ങളെയും അറിയാവുന്ന ദൈവത്തെക്കുറിച്ചുള്ള വിലമതിപ്പിനാൽ എന്റെ ഹൃദയം വഴിഞ്ഞൊഴുകുന്നു.
ജെ. സി., കാനഡ
ലേഖനങ്ങൾ എന്നെ ആഴത്തിൽ സ്പർശിച്ചു. ഭർത്താവിനോടൊത്തുള്ള എന്റെ ജീവിതത്തെ അതു ശരിക്കും വർണിച്ചു. അതിലെ ഓരോ വാചകത്തോടും എനിക്കു പൂർണമായി യോജിക്കാൻ സാധിക്കും. നിങ്ങൾ സ്ത്രീകളോടു വളരെ സ്നേഹപൂർവം ഇടപെടുന്നു. ഈ വസ്തുത യഹോവ ഉപയോഗിക്കുന്ന സ്ഥാപനം ഇതുതന്നെയാണെന്ന ബോധ്യം എന്നിലുളവാക്കുന്നു.
പി. എസ്., ജർമനി
നാവിനെ നിയന്ത്രിച്ചുകൊണ്ട് എന്റെ ദൗർബല്യത്തോടു പോരാടുന്നതിൽ തുടരാൻ ആ ലേഖനങ്ങൾ എനിക്കു പ്രോത്സാഹനമേകി. ഭർത്താവിനോട് എങ്ങനെ പെരുമാറണമെന്ന് ഇപ്പോൾ എനിക്കറിയാം. ആ ലേഖനങ്ങൾ കണ്ണുനീരോടെയാണു ഞാൻ വായിച്ചത്.
ജി. ഐ., ഓസ്ട്രിയ
വർഷങ്ങളോളം ഞാൻ ഭർത്താവിന്റെ ഭർത്സനങ്ങൾക്കിരയായി. ദൈവാത്മാവിന്റെ ഫലങ്ങൾ നട്ടുവളർത്തിക്കൊണ്ടും മുഴുസമയ പ്രസംഗവേലയിൽ ഏർപ്പെട്ടുകൊണ്ടും നിരാശയിലേക്കു വഴുതിവീഴുന്നത് ഒഴിവാക്കാൻ എനിക്കു സാധിച്ചു. നിങ്ങളുടെ ലേഖനങ്ങൾ ഞാൻ ഒറ്റയ്ക്കല്ല, പ്രശ്നം മനസ്സിലാക്കുന്ന ഒരുവനുണ്ട് എന്ന തോന്നൽ എന്നിലുളവാക്കി.
എം. എൻ., ഇറ്റലി
നിങ്ങളുടെ പല ലേഖനങ്ങളും ഞാൻ മുമ്പു വായിച്ചിട്ടുണ്ട്. പക്ഷേ ഇവയെന്നെ ആഴത്തിൽ സ്പർശിച്ചു. പേജ് 9-ൽ കൊടുത്തിരുന്ന ഫോട്ടോ, വളരെ വർഷങ്ങളായി തങ്ങളുടെ ഭർത്താക്കന്മാരിൽനിന്നു യാതന നേരിടേണ്ടിവന്ന എന്റെ അമ്മയെയോ സഹോദരിയെയോ കാണുന്നതുപോലുണ്ടായിരുന്നു. ഞാൻ ഈ ലേഖനങ്ങളുടെ പകർപ്പുകൾ ഉണ്ടാക്കി അതേ വിധത്തിലുള്ള ദുരിതങ്ങളനുഭവിക്കുന്നവരെന്ന് എനിക്കറിയാവുന്നവർക്ക് അയച്ചു കൊടുത്തു. എല്ലാ തരത്തിലുള്ള അധിക്ഷേപങ്ങളും ഇല്ലാതാകുന്ന ദൈവത്തിന്റെ പുതിയലോകം വരാൻ ഞങ്ങൾ നോക്കിപ്പാർക്കുന്നു.
ബി. പി., കെനിയ
ഭാര്യയെ എപ്പോഴും അധിക്ഷേപിച്ചു സംസാരിക്കാറുണ്ടായിരുന്ന അമ്മാവനു ഞാൻ ആ മാസിക കൊടുത്തു. അതു പലയാവർത്തി വായിച്ചശേഷം, അദ്ദേഹം മേലാൽ തന്റെ ഭാര്യയെ അധിക്ഷേപിക്കാറില്ലെന്നും അവരുടെ വീട്ടിൽ കലഹങ്ങളില്ലെന്നും ഞങ്ങൾ ശ്രദ്ധിച്ചു. അന്യോന്യം മനസ്സിലാക്കാൻ അവരെ സഹായിച്ചതിന് അദ്ദേഹവും ഭാര്യയും എന്നോടു കൂടെക്കൂടെ നന്ദിപറയാറുണ്ട്. ആ നന്ദി ഉണരുക!യ്ക്കു കൈമാറാൻ ഞാൻ ആഗ്രഹിക്കുന്നു.
എഫ്. എഫ്., നൈജീരിയ
മുൻ മയക്കുമരുന്നാസക്ത “സത്യം എനിക്കു ജീവൻ തിരിച്ചുനൽകി” (ഒക്ടോബർ 22, 1996) എന്ന ലേഖനത്തിനു ഞാൻ വളരെയധികം നന്ദിയുള്ളവനാണ്. 19 വയസ്സുള്ള ഞാനൊരു നിരന്തര പയനിയർ അഥവാ മുഴുസമയ ശുശ്രൂഷകൻ ആണെങ്കിൽപ്പോലും ചിലപ്പോഴൊക്കെ എനിക്കെന്തൊക്കെയോ നഷ്ടമാകുന്നതുപോലെ തോന്നാറുണ്ടായിരുന്നു. ഡോളി ഹോറിയുടെ അനുഭവം, ലോകത്തിന്റെ ആകർഷകത്വം വെറും മിഥ്യയാണെന്നു മനസ്സിലാക്കാൻ എന്നെ സഹായിച്ചു.
ആർ. എം. എ., ബൊളീവിയ
ഈ ലേഖനം എന്നെ വളരെ ആഴത്തിൽ സ്പർശിച്ചുവെന്നു നിങ്ങളോടു പറയാൻ ഞാനാഗ്രഹിക്കുന്നു. ഡോളി ഹോറിയുടെ ജീവചരിത്രം വായിക്കവേ എന്റെ കവിളിലൂടെ കണ്ണുനീർ കുടുകുടാ ഒഴുകി. ഡോളിയുടെ മുൻ ജീവിതരീതി പിന്തുടരുന്നവരെ ഇപ്പോൾ അർഥപൂർണമായ ഒരു ജീവിതത്തിലേക്കു തിരിയാൻ ഈ ലേഖനം പ്രേരിപ്പിക്കട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു.
ഒ. എസ്. ഒ., നൈജീരിയ
ഒരു യഹോവയുടെ സാക്ഷിയെന്ന നിലയിൽ, ഡോളി ഹോറിയെ ഒരു ക്രിസ്തീയ സഹോദരിയായി ലഭിച്ചതിൽ ഞാൻ അഭിമാനംകൊള്ളുന്നു. കൗമാരപ്രായത്തിൽ ഞാൻ യഹോവയ്ക്ക് എന്റെ ജീവിതത്തിൽ രണ്ടാം സ്ഥാനമേ കൊടുത്തിരുന്നുള്ളൂ. എങ്കിലും, എന്റെ അമ്മ ഒരിക്കലും എന്നെ കൈവെടിഞ്ഞില്ല. കഴിഞ്ഞ വർഷം ഞാൻ സ്നാപനമേറ്റപ്പോൾ അമ്മയ്ക്കുണ്ടായ സന്തോഷം വാക്കുകൾക്കതീതമായിരുന്നു.
ബി. ബി., ഓസ്ട്രേലിയ