കിളിമഞ്ചാരോ—ആഫ്രിക്കയുടെ മേൽക്കൂര
കെനിയയിലെ ഉണരുക! ലേഖകൻ
വെറും 150 വർഷം മുമ്പുവരെ ആഫ്രിക്കൻ ഉൾപ്രദേശങ്ങളുടെ വലിയൊരു ഭാഗം ഭൂപടത്തിൽ രേഖപ്പെടുത്തപ്പെട്ടിരുന്നില്ല. പുറംലോകത്തെ സംബന്ധിച്ചിടത്തോളം ഈ വലിയ ഭൂഖണ്ഡം, മനുഷ്യർ എത്തിപ്പെട്ടിട്ടില്ലാത്ത ദുരൂഹത നിറഞ്ഞ ഒരു സ്ഥലമായിരുന്നു. കാലാന്തരത്തിൽ പൂർവ ആഫ്രിക്കയിൽനിന്ന് പല പല കഥകൾ വന്നെത്തി. അവയിലൊന്ന് യൂറോപ്യന്മാർക്ക് പ്രത്യേകിച്ചും വിചിത്രമായി തോന്നിച്ചു. ജർമൻ മിഷനറിമാരായ യോഹാന്നസ് റേപ്മാനും യോഹാൻ എൽ. ക്രേപ്ഫും നൽകിയ ഒരു റിപ്പോർട്ടായിരുന്നു അത്. 1848-ൽ, ഭൂമധ്യരേഖയ്ക്കടുത്തായി ഉച്ചിയിൽ മഞ്ഞുമൂടിക്കിടക്കത്തക്കവിധം അത്ര ഉയരമുള്ള ഒരു പർവതം കണ്ടെന്ന് അവർ അവകാശപ്പെട്ടു.
ഉഷ്ണമേഖലാ ആഫ്രിക്കയിൽ മഞ്ഞുമൂടിക്കിടക്കുന്ന ഒരു പർവതം സ്ഥിതിചെയ്യുന്നുവെന്ന വാർത്തയെ യൂറോപ്യന്മാർ സംശയിക്കുക മാത്രമല്ല, ചിരിച്ചുതള്ളുകയും ചെയ്തു. എന്നിരുന്നാലും, ഒരു കൂറ്റൻ പർവതത്തെക്കുറിച്ചുള്ള വിവരണങ്ങൾ ഭൂമിശാസ്ത്രജ്ഞന്മാരിലും പര്യവേക്ഷകരിലും കൗതുകമുണർത്തി. ഒടുവിൽ അവർ ആ മിഷനറിമാരുടെ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. പൂർവ ആഫ്രിക്കയിൽ, കിളിമഞ്ചാരോ എന്നു വിളിക്കപ്പെടുന്ന മഞ്ഞണിഞ്ഞ ഒരു അഗ്നിപർവതം ഉണ്ടായിരുന്നുവെന്നുള്ളത് സത്യമായിരുന്നു. ചില ആളുകൾ അതിന്റെ അർഥം “മഹത്ത്വത്തിന്റെ പർവതം” എന്നാണെന്നു കരുതി.
ആഫ്രിക്കയുടെ “മേൽക്കൂര”
ഇന്ന്, കിളിമഞ്ചാരോ വശ്യമായ മനോഹാരിതയ്ക്കും മതിപ്പുളവാക്കുന്ന ഉയരത്തിനും പേരുകേട്ടതാണ്. പശ്ചാത്തലത്തിൽ, അങ്ങകലെ ആഢ്യത്വത്തോടെ തലയുയർത്തി നിൽക്കുന്ന “കിളി.” പൊടിപാറുന്ന വരണ്ട ആഫ്രിക്കൻ സമതലത്തിലൂടെ വിഹരിക്കുന്ന ആനക്കൂട്ടം. ഇതിനോളം രമണീയവും ഓർമയിൽ തങ്ങിനിൽക്കുന്നതുമായ ദൃശ്യങ്ങൾ വേറെയില്ലെന്നുതന്നെ പറയാം.
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ വെച്ച് ഏറ്റവും ഉയരം കൂടിയതും ലോകത്തിലെ സുഷുപ്തിയിലാണ്ട ഏറ്റവും വലിയ അഗ്നിപർവതങ്ങളിൽ ഒന്നുമാണ് കിളിമഞ്ചാരോ. ടാൻസാനിയയിൽ, ഭൂമധ്യരേഖയ്ക്കു തെക്ക് കെനിയൻ അതിർത്തിക്കു തൊട്ടടുത്താണ് അതു സ്ഥിതിചെയ്യുന്നത്. ഇവിടെ ഭൂമി 400 കോടി ഘനമീറ്റർ അഗ്നിപർവത പദാർഥങ്ങൾ പുറന്തള്ളിയിട്ടുണ്ട്. മേഘങ്ങളെ ചുംബിക്കുന്ന കൊടുമുടികളോടു കൂടിയ ഈ പർവതം അങ്ങനെ രൂപംകൊണ്ടിരിക്കുന്നു.
ഒറ്റപ്പെട്ടുനിൽക്കുന്നതുകൊണ്ടാണ് ഈ പർവതം കൂടുതൽ ഭീമാകാരമായി തോന്നിക്കുന്നത്. ഒറ്റപ്പെട്ടുനിൽക്കുന്ന അത്, സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് 900 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന, കാടുപിടിച്ച നിർജല പ്രദേശമായ മാസൈയിൽനിന്ന് 5,895 മീറ്റർ ഉയർന്നുനിൽക്കുന്നു! കിളിമഞ്ചാരോയെ ആഫ്രിക്കയുടെ മേൽക്കൂര എന്നു ചിലപ്പോൾ വിളിക്കുന്നതിൽ അതിശയിക്കാനില്ല.
കിളിമഞ്ചാരോയെ “മരുയാത്രികരുടെ പർവതം” എന്നും വിളിച്ചിരുന്നു. കാരണം, തിളങ്ങുന്ന വെൺമയേറിയ ഒരു മാർഗദീപംപോലെ അതിന്റെ വലിയ ഹിമപ്പരപ്പുകളും ഹിമാനികളും നൂറുകണക്കിനു കിലോമീറ്ററുകൾക്കകലെ—ഏതു ദിശയിൽനിന്നും—ദൃശ്യമായിരുന്നു. പോയ നൂറ്റാണ്ടുകളിൽ ആഫ്രിക്കൻ വനാന്തരങ്ങളിൽനിന്ന് അടിമകളെ കൂടാതെ, ആനക്കൊമ്പും സ്വർണവും കൊണ്ടുപോയിരുന്ന മരുയാത്രികരെ മിക്കപ്പോഴും നയിച്ചിരുന്നത് മഞ്ഞുമൂടിക്കിടക്കുന്ന ഈ കൊടുമുടിയാണ്.
അതിന്റെ ആകർഷകമായ ശൃംഗങ്ങൾ
കിളിമഞ്ചാരോയ്ക്ക് രണ്ട് അഗ്നിപർവത ശൃംഗങ്ങളുണ്ട്. പ്രധാന അഗ്നിപർവത കൊടുമുടി കിബോയാണ്. അതിന്റെ മനോഹരമായ കോണാകൃതിയിലുള്ള നെറുകയിൽ സദാ ഹിമവും മഞ്ഞും മൂടിക്കിടക്കുന്നു. കിഴക്കായി മറ്റൊരു കൊടുമുടിയുണ്ട്. അതിന്റെ പേരാണ് മാവെൻസി. അതിന് 5,150 മീറ്റർ ഉയരമുണ്ട്. ആഫ്രിക്കയിലെ ഏറ്റവും ഉയരംകൂടിയ ഗിരിശൃംഗങ്ങളിൽ, കിബോയും കെനിയ പർവതവും കഴിഞ്ഞാൽ അടുത്ത സ്ഥാനം അതിനാണ്. കിബോയുടെ മിനുസമുള്ള, ചെരിവാർന്ന വശങ്ങളിൽനിന്നു വ്യത്യസ്തമായി, എല്ലാ വശങ്ങളിലും ചെങ്കുത്തായ ശിലാഭിത്തികളുള്ള മാവെൻസി പരുപരുത്ത, മനോഹരമായി കൊത്തുപണികൾ ചെയ്യപ്പെട്ടതുപോലെ തോന്നിക്കുന്ന ഒരു കൊടുമുടിയാണ്. കിബോയുടെയും മാവെൻസിയുടെയും കൊടുമുടികൾ 4,600 മീറ്റർ ഉയരത്തിൽവെച്ച്, ചിതറിക്കിടക്കുന്ന ഉരുളൻ പാറക്കല്ലുകളോടുകൂടിയ, ചെരിവാർന്ന ഒരു വിസ്തൃത സമതലത്താൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. കിബോയുടെ പടിഞ്ഞാറാണ് ഷിറ സ്ഥിതിചെയ്യുന്നത്. വളരെക്കാലം മുമ്പ് കാറ്റിന്റെയും ജലത്തിന്റെയും പ്രവർത്തനം മൂലം ദ്രവീകരണം സംഭവിച്ച, തകർന്നടിഞ്ഞ ഒരു പുരാതന അഗ്നിപർവതത്തിന്റെ അവശിഷ്ടങ്ങളാണിത്. ഇപ്പോൾ അത്, സമുദ്രനിരപ്പിൽനിന്ന് 4,000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന, തരിശായ, ഭയജനകമായ ഒരു പീഠഭൂമിയാണ്.
ഒരു പരിസ്ഥിതി വിസ്മയം
കിളിമഞ്ചാരോയുടെ പരിസ്ഥിതിവ്യൂഹത്തിന് ഉയരം, മഴ, സസ്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി വേർതിരിച്ചിരിക്കുന്ന വിവിധ മേഖലകളുണ്ട്. അടിവാരങ്ങളിൽ മനുഷ്യസ്പർശമേൽക്കാത്ത ഉഷ്ണമേഖലാ വനങ്ങളുണ്ട്. ഇവിടെ ആനകളും കാട്ടുപോത്തുകളും കൂട്ടത്തോടെ വിഹരിക്കുന്നു. അങ്ങുയരെ വനത്തിന്റെ മേൽപ്പരപ്പിൽ വിവിധയിനം വാനരന്മാർ വസിക്കുന്നു. ഇടതൂർന്ന് നിൽക്കുന്ന കുറ്റിച്ചെടികൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന നാണംകുണുങ്ങികളായ പർവത ബുഷ്ബക്കുകളെയും ഡ്യൂക്കറുകളെയും ഒരു സന്ദർശകന് ചിലപ്പോൾ കാണാം.
വനത്തിനു മേലെയാണ് ഹെതർ മേഖല. ശക്തമായ കാറ്റേറ്റ് വളഞ്ഞുകുത്തി നിൽക്കുന്ന വയസ്സൻ വൃക്ഷങ്ങൾ. അവയെ പൊതിഞ്ഞിരിക്കുന്ന പായലുകൾ വൃദ്ധന്മാരുടെ നീണ്ടു നരച്ച താടിയെ ഓർമിപ്പിക്കുന്നു. ഇവിടെ മലഞ്ചെരുവിലായി കൂറ്റൻ ഹെതർച്ചെടികൾ തഴച്ചുവളരുന്നു. പുൽപ്പുറങ്ങളും അങ്ങിങ്ങായി കാണുന്ന നിറപ്പകിട്ടാർന്ന പൂക്കളുടെ കൂട്ടങ്ങളും ആ പ്രദേശത്തെ ഒരു മനോഹര ദൃശ്യമാക്കിത്തീർക്കുന്നു.
വൃക്ഷനിരകളിൽനിന്ന് വീണ്ടും ഉയരത്തിലായി പാഴ്നിലങ്ങൾ ദൃശ്യമാകുന്നു. വൃക്ഷങ്ങൾക്കു പകരം നാലു മീറ്ററോളം പൊക്കം വരുന്ന കൂറ്റൻ ഗ്രൗണ്ട്സെല്ലുകൾ എന്നു വിളിക്കപ്പെടുന്ന ചെടികളും വലിയ കാബേജുകൾക്കോ ഐറോവ്യമുൾച്ചെടികൾക്കോ സദൃശമായ ലോബെലിയകൾ എന്ന അസാധാരണ ചെടികളും വളർന്നു നിൽക്കുന്നു. ഉരുളൻ പാറകൾക്കും പാറമടക്കുകൾക്കും ചുറ്റുമായി വൈക്കോലുപോലെയുള്ള, തൊട്ടാവാടികളായ എവർലാസ്റ്റിങ് പൂക്കൾ വളർന്നുനിൽക്കുന്നു. മങ്ങിയ രജതവർണമുള്ള ഭൂവിലാസത്തിന് അൽപ്പം നിറം പകരുന്നത് ഇതു മാത്രമാണ്.
വീണ്ടും ഉയരത്തിലേക്കു പോയാൽ തരിശുനിലങ്ങൾ ആൽപ്സ് മേഖലയ്ക്കു വഴിമാറുന്നു. ആ സ്ഥലത്തിന്, കടുംതവിട്ടും ചാരനിറവും ഇടകലർന്ന മങ്ങിയ നിറമാണുള്ളത്. ഫലഭൂയിഷ്ഠമല്ലാത്ത, ഉണങ്ങി വരണ്ട ഈ പ്രദേശത്ത് വേരുപിടിക്കാൻ കഴിയുന്ന ചെടികൾ ഒന്നുംതന്നെ ഇല്ലെന്നു പറയാം. ഈ സ്ഥലത്ത് കിബോ, മാവെൻസി എന്നീ രണ്ട് പ്രധാന കൊടുമുടികളും ഒരു വലിയ മൺത്തിട്ടയാൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ഇത് ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഉണങ്ങി വരണ്ട, പാറകളുള്ള ഒരു മരുഭൂമിയാണ്. ഇവിടെ അതിരുകടന്ന താപനിലയാണുള്ളത്. പകൽ സമയത്ത് താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. രാത്രിയിലാകട്ടെ അത് ഹിമാങ്കത്തിലും താഴുന്നു.
ഒടുവിൽ നമ്മൾ പർവത തുഞ്ചത്തെത്തുന്നു. ഇവിടെ ശീതളമായ ശുദ്ധവായുവാണുള്ളത്. കടും നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ, പർവതത്തിന്റെ ഇരുണ്ടനിറത്തിൽനിന്നു വ്യത്യസ്തമായി വെളുത്ത് ശുദ്ധമായ വലിയ ഹിമാനികളും ഹിമപ്പരപ്പുകളും നിലകൊള്ളുന്നു. വായു നേർത്തതാണ്, സമുദ്രനിരപ്പിൽ കാണപ്പെടുന്നതിലും ഏതാണ്ട് പകുതി ഓക്സിജനേ അതിൽ അടങ്ങിയിട്ടുള്ളൂ. കിബോയുടെ പരന്ന ഉച്ചിയിലാണ് അഗ്നിപർവതത്തിന്റെ മുഖം. ഇത് ഏതാണ്ട് പൂർണ വൃത്താകൃതിയിലുള്ളതാണ്, ഇതിന്റെ വ്യാസമാകട്ടെ 2.5 കിലോമീറ്ററും. അഗ്നിപർവത മുഖത്തിനകത്ത് പർവതത്തിന്റെ അകക്കാമ്പിൽ ഒരു വലിയ ചാരക്കുഴിയുണ്ട്. അതിന്റെ കുറുകെയുള്ള നീളം 300 മീറ്ററാണ്. താഴ്ചയാകട്ടെ, 120 മീറ്ററും. ചെറിയ ധൂമരന്ധ്രങ്ങളിൽനിന്ന് (പുകദ്വാരങ്ങൾ) ചൂടുള്ള സൾഫ്യൂറിക്ക് പുകപടലങ്ങൾ സാവധാനം, തണുത്ത വായുവിലേക്കുയരുന്നു. സുഷുപ്തിയിലാണ്ട അഗ്നിപർവതത്തിനുള്ളിലെ പ്രക്ഷുബ്ധാവസ്ഥയെയാണ് ഇതു കാണിക്കുന്നത്.
കിളിമഞ്ചാരോയുടെ കൂറ്റൻ ആകാരവും പിണ്ഡവും തനതായ ഒരു കാലാവസ്ഥയ്ക്ക് ഇടയാക്കുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽനിന്ന് അർധ നിർജല നിമ്നപ്രദേശങ്ങളിലേക്ക് വീശിയടിക്കുന്ന ഈർപ്പമുള്ള കാറ്റ് പർവതത്തിന്മേൽ പതിച്ച് മുകളിലേക്ക് വ്യതിചലിച്ചു പോകുന്നു. അവിടെവെച്ച് അത് തണുക്കുമ്പോൾ മഴയുണ്ടാകുന്നു. ഇത് താഴ്ന്ന ചെരിവുകളെ ഫലഭൂയിഷ്ഠമാക്കുന്നു. കാപ്പിയും പർവതാടിവാരത്തിൽ വസിക്കുന്ന ആളുകളെ പോറ്റുന്ന ഭക്ഷ്യവിളകളുമാണ് ഇവിടുത്തെ കൃഷി.
“കിളി”യെ കീഴടക്കൽ
മഞ്ഞുമൂടിക്കിടക്കുന്ന അതിന്റെ കൊടുമുടിയിൽ എത്തിപ്പെടാൻ ശ്രമിക്കുന്നവരെ ഉപദ്രവിച്ചേക്കാവുന്ന ഭൂതപ്രേതാദികൾ അതിന്റെ ചെരിവുകളിൽ കുടിയിരുന്നതായി കിളിമഞ്ചാരോയ്ക്കു സമീപം വസിക്കുന്ന ആളുകൾ അന്ധമായി വിശ്വസിച്ചിരുന്നു. ഇതു നിമിത്തം അവിടുത്തെ താമസക്കാർ അതിന്റെ നെറുകയിൽ കയറാൻ ധൈര്യപ്പെട്ടിരുന്നില്ല. ഒടുവിൽ 1889-ൽ രണ്ട് ജർമൻ പര്യവേക്ഷകർ ആ പർവതം കയറി ആഫ്രിക്കയുടെ ഏറ്റവും പൊക്കമുള്ള സ്ഥാനത്തു കാലുകുത്തി. രണ്ടാമത്തെ കൊടുമുടിയായ മാവെൻസി കയറാൻ കൂടുതൽ സാങ്കേതിക തടസ്സങ്ങളുണ്ടായിരുന്നതിനാൽ 1912-ലാണ് അത് കീഴടക്കിയത്.
ഇന്ന് നല്ല ആരോഗ്യമുള്ള ആർക്കും കിളിമഞ്ചാരോ കയറാൻ സാധിക്കും. പൂർവ ആഫ്രിക്കയിലെ സന്ദർശകർക്കിടയിൽ ഇതു വളരെ പ്രചാരമേറിക്കഴിഞ്ഞിരിക്കുന്നു. പർവതം കയറാൻ ആഗ്രഹിക്കുന്ന ആളുകൾക്കായി ടാൻസാനിയൻ പാർക്ക് അധികാരികൾ വളരെ സുസംഘടിതമായ ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നു. വസ്ത്രങ്ങളും ഉപകരണങ്ങളും വാടകയ്ക്കു ലഭിക്കും. പരിശീലനം നേടിയ ചുമട്ടുകാർക്കും വഴികാട്ടികൾക്കും പുറമേ, പർവതാരോഹണത്തിലുടനീളം താമസിക്കാൻ സുഖസൗകര്യങ്ങളുള്ള ലോഡ്ജുകളും ലഭ്യമാണ്. പർവതത്തിൽ വ്യത്യസ്ത തലങ്ങളിൽ നന്നായി കെട്ടിയുണ്ടാക്കിയ കുടിലുകളുണ്ട്. ഇവ പർവതാരോഹകന് പാർപ്പിടം പ്രദാനം ചെയ്യുന്നു.
കിളിമഞ്ചാരോയുടെ നേരിട്ടുള്ള കാഴ്ച ഹൃദയാവർജകവും ഭാവനയെ തൊട്ടുണർത്തുന്നതുമാണ്. ദൈവത്തെക്കുറിച്ചുള്ള ഈ വാക്കുകൾ ഒരുവന് വൈമുഖ്യമില്ലാതെ സമ്മതിക്കാനാകും: “അവൻ . . . തന്റെ ശക്തിയാൽ പർവ്വതങ്ങളെ ഉറപ്പിക്കുന്നു.” (സങ്കീർത്തനം 65:6) അതേ, ആഫ്രിക്കയ്ക്കുമീതെ അങ്ങുയരത്തിൽ കിളിമഞ്ചാരോ മഹാ സ്രഷ്ടാവിന് പ്രൗഢമായ സാക്ഷ്യം വഹിച്ചുകൊണ്ട് ഒറ്റയ്ക്കു നിലകൊള്ളുന്നു.
[16-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ആഫ്രിക്ക
കെനിയ
കിളിമഞ്ചാരോ
ടാൻസാനിയ