അമ്പിളിയുടെ ശൈലങ്ങൾ
കെനിയയിലെ ഉണരുക! ലേഖകൻ
അത് നൂറ്റാണ്ടുകളായി കേട്ടുപോന്നിരുന്ന ഒരു ശ്രുതിയായിരുന്നു: മധ്യ ആഫ്രിക്കയിലെങ്ങോ നൈൽനദിയുടെ യഥാർഥ പ്രഭവസ്ഥാനമായ മഞ്ഞുമൂടിക്കിടക്കുന്ന പർവതങ്ങളുണ്ടത്രേ. എന്നാൽ, ആഫ്രിക്കയിൽ ഭൂമധ്യരേഖയ്ക്കു സമീപം മഞ്ഞുണ്ടായിരിക്കുകയെന്നത് അസാധ്യമായി തോന്നി. എങ്കിലും, പൊ.യു. രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ഗ്രീക്ക് ഭൂമിശാസ്ത്രജ്ഞനായ ടോളമി ഈ പർവതങ്ങളുടെ അസ്തിത്വത്തെക്കുറിച്ചു സൂചിപ്പിച്ചിരുന്നു. അദ്ദേഹം അവയെ ലൂണൈ മൊണ്ടെസ്—അമ്പിളിയുടെ ശൈലങ്ങൾ—എന്നു വിളിച്ചു.a
ഈ പർവതങ്ങൾ കണ്ടുപിടിക്കുന്നതിന് നൂറ്റാണ്ടുകളോളം ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അങ്ങനെയിരിക്കെ, 1800-കളുടെ ഒടുവിൽ ഒരു ദിവസം ഹെന്റി സ്റ്റാൻലി എന്ന പര്യവേക്ഷകൻ—ഡോ. ഡേവിഡ് ലിവിങ്സ്റ്റണിനെ കണ്ടെത്തിയതിനു വിഖ്യാതനായ ആൾ—ആകസ്മികമായ ഒരു സംഭവത്തിനു സാക്ഷിയായി. മുൻ പര്യവേക്ഷകരുടെ ദൃഷ്ടിയിൽനിന്നു പർവതങ്ങളെ മറച്ചിരുന്ന മേഘപടലം അൽപ്പനേരത്തേക്കു ചിതറിപ്പോയി. അങ്ങനെ മഞ്ഞണിഞ്ഞ ഒരു കൂട്ടം കൊടുമുടികൾ സ്റ്റാൻലിക്കു ക്ഷണനേരത്തേക്കു കാണാൻ കഴിഞ്ഞു, അത് അമ്പരപ്പിക്കുന്ന ഒരു കാഴ്ചതന്നെയായിരുന്നു. അദ്ദേഹം അമ്പിളിയുടെ ശൈലങ്ങൾ കണ്ടെത്തിയിരുന്നു. സ്ഥലവാസികൾ അന്ന് ഉപയോഗിച്ചിരുന്ന പേരിലാണ് അദ്ദേഹം അവയെ വിളിച്ചത്: റൂവെൻസോറി, “മഴ തരുന്നവൾ” എന്നർഥം.
നൈൽനദിക്കു ജലം നൽകുന്നതിൽ റൂവെൻസോറികൾ ചെറിയൊരു പങ്കേ വഹിക്കുന്നുള്ളുവെന്നതിനോട് ഇന്ന് പൊതുവേ ആളുകൾ യോജിക്കുന്നു. എങ്കിലും അമ്പിളിയുടെ ശൈലങ്ങൾ എന്ന പേരിലാണ് അവ ഇപ്പോഴും പരക്കെ അറിയപ്പെടുന്നത്. അനവധി പര്യവേക്ഷണ പര്യടനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഭയഗംഭീരമായ ഈ ഗിരിനിരയെ ഇപ്പോഴും ദുരൂഹത വലയം ചെയ്യുന്നുണ്ട്. ഭൂമധ്യരേഖയ്ക്കു തൊട്ടു വടക്കു സ്ഥിതിചെയ്യുന്ന റൂവെൻസോറികൾ ഉഗാണ്ടയ്ക്കും കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിനും ഇടയിൽ പ്രകൃതിതന്നെ തീർത്തിരിക്കുന്ന അതിർത്തിയാണ്. അവ ഏകദേശം 130 കിലോമീറ്റർ നീളത്തിലും 50 കിലോമീറ്റർ വീതിയിലും വ്യാപിച്ചുകിടക്കുന്നു.
അഗ്നിപർവത സ്ഫോടനത്തിന്റെ ഫലമായി ഉളവായിട്ടുള്ള പൂർവാഫ്രിക്കയിലെ മിക്ക പർവതങ്ങളിൽനിന്നും വ്യത്യസ്തമായി സഹസ്രാബ്ദങ്ങൾക്കു മുമ്പ് വൻ ഭൂഗർഭ സമ്മർദത്തിന്റെ ഫലമായി ഭൂവൽക്കത്തിന്റെ വളരെ വലിയ ഒരു കഷണം മുകളിലേക്കു തള്ളി ഉണ്ടായതാണു റൂവെൻസോറി ഗിരിനിര. റൂവെൻസോറികൾക്ക് 5,109 മീറ്റർ ഉയരമുണ്ടെങ്കിലും കാഴ്ചക്കാർക്ക് അവ വല്ലപ്പോഴുമേ കാണാൻ സാധിക്കൂ. മൂടൽമഞ്ഞും മേഘങ്ങളും മിക്കപ്പോഴും ഈ ഗിരിനിരയെ കാഴ്ചയിൽനിന്നു മറയ്ക്കുന്നു.
പേര് അർഥമാക്കുന്നതുപോലെതന്നെ മഴയും മഞ്ഞും വളരെ സമൃദ്ധമായി ലഭിക്കുന്ന ഇടങ്ങളാണ് റൂവെൻസോറികൾ. അവിടുത്തെ “വേനൽക്കാല”മെന്നു പറയുന്നത് “മഴ”പെയ്തു തോരുന്നതിനെയാണ്. അതുകൊണ്ട് അവിടെക്കൂടെയുള്ള നടത്തം അപകടകരമായിരുന്നേക്കാം; ചില ഭാഗങ്ങളിൽ അരയറ്റം ചെളിയുണ്ട്! പേമാരികൾ മനോഹരങ്ങളായ അനേകം കൊച്ചു തടാകങ്ങൾ തീർത്തിരിക്കുന്നു. ഗിരിനിതംബങ്ങളിൽ ഇടതൂർന്നു വളരുന്ന സസ്യലതാദികൾക്കാവശ്യമായ ഈർപ്പം പ്രദാനം ചെയ്യുന്നത് ഈ തടാകങ്ങളാണ്. അസാധാരണമാംവിധം ഹരിതഭാസുരമാണ് ഈ ഭൂവിലാസം. വാസ്തവത്തിൽ അനേകം അപൂർവ സസ്യങ്ങളുടെ കേദാരഭൂമിയാണ് റൂവെൻസോറികൾ. അവയിൽ ചിലത് വളരെയധികം വലുപ്പം വെക്കുന്നവയാണ്.
ഉദാഹരണത്തിന്, ലോബിലിയകൾ എന്നു വിളിക്കപ്പെടുന്ന, രോമാവൃതമായ വൻ വിരലുകൾ പോലുള്ള സസ്യങ്ങൾ മറ്റു സ്ഥലങ്ങളിൽ സാധാരണഗതിയിൽ 30 സെൻറിമീറ്റർപോലും ഉയരത്തിൽ വളരാറില്ല, എന്നാൽ റൂവെൻസോറികളിൽ അവ ആറു മീറ്റർവരെ പൊങ്ങിയേക്കാം. സിനിഷിയോസ് അഥവാ വളരെ വലിയ ഗ്രൗണ്ട്സെലുകൾ ശിഖരിത തായ്ത്തടിയുടെ മുകളിലിരിക്കുന്ന വലിയ കാബേജുകൾ പോലെ തോന്നിക്കുന്നു. 12 മീറ്റർ ഉയരത്തിൽ വളരുന്ന പായൽ പൊതിഞ്ഞ ഹെത് മരങ്ങളും അവിടെയുണ്ട്. നാനാവർണങ്ങളിൽ നീരാടി നിൽക്കുന്ന സുഗന്ധസൂനങ്ങൾ ഭൂവിലാസത്തിനു മിഴിവേകുന്നു. അഴകാർന്ന വിവിധയിനം പക്ഷികളും റൂവെൻസോറികളുടെ മടിത്തട്ടിലുണ്ട്. അവയിൽ ചിലത് അവിടങ്ങളിൽ മാത്രം കാണുന്നവയാണ്. താഴ്ന്ന ചെരിവുകളിൽ ആനകളും ചിമ്പാൻസികളും ബുഷ്ബക്കുകളും പുള്ളിപ്പുലികളും കോളബസ് കുരങ്ങൻമാരും വിഹരിക്കുന്നു.
വിസ്മയംകൊള്ളിക്കുന്ന ഒരു ദൃശ്യം
മലമ്പാതകളിലൂടെ നടന്നുനീങ്ങുന്ന സഞ്ചാരികൾ ഒരു ഉഷ്ണമേഖലാ മഴവനത്തിലൂടെയാണു കടന്നുപോകുന്നത്, അവർ ബൂജൂക്കൂ നദി അനേകം തവണ മുറിച്ചുകടക്കുന്നു. 3,000 മീറ്റർ ഉയരത്തിലെത്തി തിരിഞ്ഞു നോക്കുമ്പോൾ അങ്ങു താഴെ ഭ്രംശതാഴ്വര ദൃശ്യമാകുന്നു—മനസ്സിനെ പുളകച്ചാർത്തണിയിക്കുന്ന ഒരു ദൃശ്യമാണത്!
കുറെക്കൂടെ മുകളിലേക്കു കയറുമ്പോൾ ചുവട്ടിൽ തിങ്ങിവളരുന്ന പുല്ലുകളും ഹെത് മരങ്ങളും നിറഞ്ഞ ലോവർ ബിഗോ ബോഗിലെത്തുന്നു. ഇവിടെ മിക്കപ്പോഴും മുട്ടറ്റം ചെളിയുണ്ട്. ബൂജൂക്കൂ താഴ്വരയ്ക്കു മുകളിൽ അപ്പർ ബിഗോ ബോഗിലേക്കും ബൂജൂക്കൂ തടാകത്തിലേക്കുമുള്ള കുത്തനെയുള്ള കയറ്റത്തിൽനിന്ന്—ഇത് 4,000 മീറ്റർ ഉയരത്തിലാണ്—നോക്കിയാൽ ഗിരിനിരയിലെ ഏറ്റവും പ്രശസ്തമായ കൊടുമുടികളായ മൗണ്ട് ബേക്കർ, മൗണ്ട് ലൂയിജി ഡി സാവോയാ, മൗണ്ട് സ്റ്റാൻലി, മൗണ്ട് സ്പിക്ക് എന്നിവ കാണാം. വിസ്മയംകൊള്ളിക്കുന്ന ഒരു ദൃശ്യം തന്നെ.
അതിനും മുകളിലാണ് എലേന എന്ന സ്ഥിരമായ ഹിമപ്പരപ്പ്. പാദരക്ഷകളിൽ ഉറപ്പിക്കാവുന്ന മുനയുള്ള ലോഹോപകരണങ്ങളായ ക്രാമ്പോണുകളുടെയും കയറിന്റെയും മഞ്ഞുകോടാലികളുടെയും സഹായത്തോടെ വേണം ഈ ഹിമപ്പരപ്പിൽ കയറിപ്പറ്റാൻ. അടുത്തതായി സ്റ്റാൻലി പീഠഭൂമി കുറുകെ കടന്ന് മൗണ്ട് സ്റ്റാൻലിയുടെ മുകളിലുള്ള മാർഗേരിറ്റാ കൊടുമുടിയിൽ കയറിപ്പറ്റണം. റൂവെൻസോറി ഗിരിവൃന്ദത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയാണ് അത്. അത്രയും ഉയരത്തിൽനിന്നു താഴേക്കു നോക്കുമ്പോൾ കാണുന്ന കൊടുമുടികളുടെയും താഴ്വരയുടെയും വനങ്ങളുടെയും അരുവികളുടെയും തടാകങ്ങളുടെയും വിശാലദൃശ്യം വാസ്തവത്തിൽ ഭയഗംഭീരമായ ഒന്നുതന്നെയാണ്.
എങ്കിലും, ഈ ഗിരിനിരയെ കീഴടക്കിയെന്ന് ഒരുപ്രകാരത്തിലും പറയാൻ കഴിയില്ല. റൂവെൻസോറികൾ അവയുടെ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ തുടങ്ങിയിട്ടേ ഉള്ളൂ. ഈ ഗിരിനിരയുടെ ഭൂഘടനയെയും സസ്യജന്തുജാലങ്ങളെയും കുറിച്ച് ഇനിയും വളരെയധികം കാര്യങ്ങൾ മനസ്സിലാക്കാനുണ്ട്. അതുകൊണ്ട് റൂവെൻസോറികൾ ഇപ്പോഴും നിഗൂഢതയുടെ മാറാലയ്ക്കുള്ളിലാണ്. അവയെ രൂപകൽപ്പന ചെയ്ത ജ്ഞാനിയും സർവശക്തനുമായ സ്രഷ്ടാവിനുമാത്രമേ ആ രഹസ്യങ്ങളെക്കുറിച്ചു പൂർണ അറിവുള്ളൂ. അതേ, തീർച്ചയായും ‘പർവ്വതശൃംഗങ്ങൾ അവിടുത്തേതാണ്.’—സങ്കീർത്തനം 95:4, പി.ഒ.സി. ബൈബിൾ.
[അടിക്കുറിപ്പ്]
a ഏമിൽ ലൂട്ട്വിച്ച് എഴുതിയ ദ നൈൽ എന്ന പുസ്തകം പറയുന്നതനുസരിച്ച് പർവതങ്ങളിലെ മഞ്ഞിനെക്കുറിച്ച് പുരാതന സ്ഥലവാസികൾക്കു കൂടുതലൊന്നും വിശദീകരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട്, “ആ പർവതങ്ങൾ നിലാവിനെ പുണർന്ന”തായി അവർ വിശ്വസിച്ചു.
[17-ാം പേജിലെ ചിത്രങ്ങൾ]
1. സാധാരണഗതിയിൽ കനത്ത മേഘപ്പുതപ്പ് റൂവെൻസോറിയെ കാഴ്ചയിൽനിന്നു മറയ്ക്കുന്നു
2. ‘മഴ തരുന്നവളു’ടെ പേമാരി അവളുടെ പായൽ മൂടിയ ചെരിവുകളെ നനയ്ക്കുന്നു
3. അസംഖ്യം സുഗന്ധസൂനങ്ങൾ വഴിത്താരയ്ക്കു മിഴിവേകുന്നു