വന്യജീവികൾക്ക് റോഡ് സുരക്ഷിതത്വം
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
ഓരോ വർഷവും ഒരു ലക്ഷം കുറുക്കൻമാരും അത്രയുംതന്നെ മുള്ളൻപന്നികളും മുയലുകളും ബ്രിട്ടനിലെ റോഡുകളിൽ കൊല്ലപ്പെടുന്നു. 40,000 തുരപ്പൻ കരടികളുടെയും 5,000 വെള്ളിമൂങ്ങകളുടെയും പത്തുലക്ഷത്തിലേറെ പേക്കാന്തവളകളുടെയും ഗതിയും അതുതന്നെ. ശൈത്യകാല മൂടൽമഞ്ഞും ഇരുട്ടും ഹൈവേകളിലൂടെ ചീറിപ്പായുന്ന കാറുകൾ മുട്ടി വന്യജീവികൾ കൊല്ലപ്പെടുന്നതിന് ഇടയാക്കുന്നു. ഡ്രൈവർമാർ പലപ്പോഴും ജന്തുക്കളെ കൊല്ലുന്നത് ഒഴിവാക്കാനായി വണ്ടി വെട്ടിക്കുന്നു. അപ്പോൾ വാഹനത്തിനു കേടു സംഭവിക്കുകയോ അവ എതിരേ വരുന്ന വാഹനങ്ങളിൽ ഇടിക്കുകയോ ചെയ്യുന്നു. ഇത് ചിലപ്പോൾ ആളപായത്തിൽ കലാശിക്കുന്നു. ഏതെങ്കിലുമൊരു ജന്തു ഉൾപ്പെട്ട അപകടത്തിനുശേഷം പല ഡ്രൈവർമാരും മാനസികക്ഷതം അനുഭവിക്കുന്നു. പൊലീസ് റിപ്പോർട്ടുകൾ കാണിക്കുന്നതനുസരിച്ച്, നൂറുകണക്കിനുപേർക്ക് യാത്ര തുടരാൻ കഴിയുന്നില്ല.
റോഡിൽനിന്നു മാനുകളെ വിരട്ടി ഓടിക്കുന്നതിനായി ബ്രിട്ടനിലെ ചില ഹൈവേകളിൽ അധികൃതർ പ്രത്യേക പ്രതിഫലനികൾ സ്ഥാപിച്ചിട്ടുണ്ട്. കാറിന്റെ ഹെഡ്ലൈറ്റുകളിൽനിന്നുള്ള പ്രകാശം പ്രതിഫലനികളിൽ പതിക്കുമ്പോൾ അവ ചെന്നായ്ക്കളുടെ കണ്ണുകൾ പോലെ തോന്നിക്കുന്നു! മറ്റുചിലയിടങ്ങളിൽ വൃക്ഷങ്ങൾ റോഡിൽനിന്ന് സാധാരണയിലും അകലത്തിൽ നട്ടിരിക്കുന്നു. മുമ്പിലൂടെ പോകുന്ന വന്യജീവികളെ കൂടുതൽ നന്നായി കാണാൻ ഇത് ഡ്രൈവർമാരെ സഹായിക്കുന്നു. ഐക്യനാടുകളിലെ ചില മോട്ടോർവാഹന ഡ്രൈവർമാർ, വേഗത മണിക്കൂറിൽ 55 കിലോമീറ്ററിലധികമാകുമ്പോൾ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം പുറപ്പെടുവിക്കുന്ന വിസിലുകൾകൊണ്ട് തങ്ങളുടെ വാഹനങ്ങളെ സജ്ജമാക്കിയിരിക്കുന്നു. വിസിലിലൂടെ വായു പ്രവഹിക്കുമ്പോൾ മനുഷ്യനു കേൾക്കാൻ പറ്റാത്തതും എന്നാൽ വന്യജീവികൾക്കു വ്യക്തമായി കേൾക്കാവുന്നതുമായ ആവൃത്തിയിലുള്ള 60 ഡെസിബൽ ശബ്ദം ഉത്പാദിപ്പിക്കപ്പെടുന്നു. മുന്നോട്ടു തള്ളിനിൽക്കുന്ന ചെവികളുള്ള ജന്തുക്കളിൽ ഈ വിദ്യ ഏറ്റവും ഫലപ്രദമാണെന്നു തെളിഞ്ഞിരിക്കുന്നു. ഈ വിസിൽ ഉപയോഗിച്ചുള്ള ഒരു പരീക്ഷണത്തിൽ മാനുകളുമായുള്ള കൂട്ടിയിടികൾ 50 ശതമാനം കുറഞ്ഞതായി പൊലീസ് റിപ്പോർട്ടു ചെയ്തു.
റോഡപകടങ്ങളും റോഡുകളിൽവെച്ചു വന്യജീവികൾ അനാവശ്യമായി കൊല്ലപ്പെടുന്നതും നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാൻ കഴിയും? വാഹനമോടിക്കുമ്പോൾ—പ്രത്യേകിച്ച് ശൈത്യകാലത്തോ രാത്രിയിലോ—വേഗം കുറയ്ക്കുകയും ജന്തുക്കളുടെ സാന്നിധ്യം വിളിച്ചറിയിക്കുന്ന റോഡ് സൂചനകൾക്കു ശ്രദ്ധ കൊടുക്കുകയും ചെയ്യുക.