Pawel Gluza/500Px Plus/Getty Images
ഉണർന്നിരിക്കുക!
50 വർഷംകൊണ്ട് വന്യജീവിസമ്പത്ത് നാലിലൊന്നായി ചുരുങ്ങിയിരിക്കുന്നു—ബൈബിളിനു പറയാനുള്ളത്
മനുഷ്യരുടെ പ്രവർത്തനങ്ങൾ എങ്ങനെയാണ് വന്യജീവി സമ്പത്തിനെ ബാധിക്കുന്നത് എന്നതിനെക്കുറിച്ച് 2024 ഒക്ടോബർ 9-ന് വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ഒരു റിപ്പോർട്ട് പുറത്തുവിട്ടു. ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് അതിൽ ഉണ്ടായിരുന്നത്. “1970 മുതൽ 2020 വരെയുള്ള 50 വർഷംകൊണ്ട് വന്യജീവികളുടെ എണ്ണം നാലിലൊന്നായി കുറഞ്ഞിരിക്കുന്നു” എന്ന് ആ റിപ്പോർട്ട് വെളിപ്പെടുത്തി. അതിൽ ഇങ്ങനെയൊരു മുന്നറിയിപ്പും ഉണ്ടായിരുന്നു: “അടുത്ത അഞ്ചു വർഷത്തിനുള്ളിൽ എന്തു സംഭവിക്കും എന്നുള്ളത് ഭൂമിയിലെ ജീവന്റെ ഭാവിതന്നെ നിർണയിക്കും എന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തി ഇല്ല.”
ഇങ്ങനെയുള്ള വാർത്തകൾ കേൾക്കുമ്പോൾ നമ്മളിൽ പലർക്കും ഞെട്ടലും വിഷമവും ഒക്കെ തോന്നുന്നു. എന്തുകൊണ്ട്? കാരണം നമ്മുടെ മനോഹരമായ ഭൗമഗ്രഹത്തെ നമ്മൾ സ്നേഹിക്കുന്നു, അതിലെ വന്യജീവി സമ്പത്ത് നശിച്ചുകാണാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. നമുക്ക് അങ്ങനെ തോന്നാനുള്ള കാരണം ദൈവം നമ്മളെ അങ്ങനെയാണ് സൃഷ്ടിച്ചത്; മനുഷ്യൻ മൃഗങ്ങളെ പരിപാലിക്കണം എന്നതായിരുന്നു ദൈവത്തിന്റെ ഉദ്ദേശ്യം.—ഉൽപത്തി 1:27, 28; സുഭാഷിതങ്ങൾ 12:10.
അതുകൊണ്ട് നമ്മൾ ഇങ്ങനെ ചിന്തിച്ചുപോയേക്കാം, ‘ഭൂമിയിലെ വന്യജീവികളെ സംരക്ഷിക്കാൻ നമുക്കാകുമോ? ബൈബിൾ എന്താണു പറയുന്നത്?’
ഭാവിയിലേക്ക് പ്രതീക്ഷയോടെ നോക്കാം
നമ്മൾ എത്രയൊക്കെ ശ്രമിച്ചാലും ഭൂമിയിലെ വന്യജീവികൾ നശിച്ചുപോകാതിരിക്കണമെങ്കിൽ ദൈവം ഇടപെടണം, ദൈവം ഇടപെടുകയും ചെയ്യും. ബൈബിൾ ഭാവിയെക്കുറിച്ച് വെളിപാട് 11:18-ൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്: ‘ദൈവം ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കും.’ ഈ വാക്യം രണ്ടു കാര്യങ്ങൾ പഠിപ്പിക്കുന്നു:
1. ഭൂമിയെ പൂർണമായി നശിപ്പിച്ചുകളയാൻ ദൈവം ആളുകളെ സമ്മതിക്കില്ല.
2. ദൈവം പെട്ടെന്നു പ്രവർത്തിക്കും. നമുക്ക് അത് എങ്ങനെ അറിയാം? കാരണം ദൈവം പെട്ടെന്നു പ്രവർത്തിച്ചില്ലെങ്കിൽ, മനുഷ്യന് ഈ ഭൂമിയിലെ മൃഗസമ്പത്ത് പൂർണമായി ഇല്ലാതാക്കാനാകും. മുമ്പെന്നത്തെക്കാളുമധികം, അതിനുള്ള ശേഷി ഇന്നു മനുഷ്യനുണ്ട്.
ഈ പ്രശ്നം പരിഹരിക്കാൻ ദൈവം എന്താണ് ചെയ്യാൻ പോകുന്നത്? ദൈവം തന്റെ സ്വർഗീയഗവൺമെന്റിനെ, ദൈവരാജ്യത്തെ, ഭൂമി മുഴുവൻ ഭരിക്കാനായി ഉപയോഗിക്കും. (മത്തായി 6:10) ഭൂമിയിലെ മൃഗസമ്പത്തിനെ പരിപാലിക്കാനും സംരക്ഷിക്കാനും വേണ്ട അറിവും പരിശീലനവും ഈ ഗവൺമെന്റ് അനുസരണമുള്ള മനുഷ്യർക്കു കൊടുക്കും.—യശയ്യ 11:9.