സൂക്ഷിക്കുക! തട്ടിപ്പുകാർ രംഗത്ത്
സങ്കൽപ്പിക്കുക. കൊടുങ്കാറ്റ് കഴിഞ്ഞ് അന്തരീക്ഷം ശാന്തം. കാറ്റ് സംഹാരതാണ്ഡവമാടിക്കഴിഞ്ഞിരിക്കുന്നു. വെള്ളപ്പൊക്കത്തിന്റെ ഭീഷണിയും നിലച്ചിരിക്കുന്നു. ഞെട്ടലിൽനിന്ന് ഇനിയും വിമുക്തി നേടിയിട്ടില്ലാത്ത അതിജീവകർ, അഭയം തേടിയിരുന്ന സ്ഥലങ്ങളിൽനിന്ന് പുറത്തേക്കു വരുന്നു. ദൂരെയെവിടേക്കോ മാറ്റിപ്പാർപ്പിക്കപ്പെട്ടിരുന്നവർ കൊടുങ്കാറ്റു വിതച്ച നാശനഷ്ടങ്ങൾ എത്രയുണ്ടെന്നു കാണാൻ പിരിമുറുക്കത്തോടും പേടിയോടുംകൂടെ മടങ്ങി വരുന്നു. ഭവനങ്ങളുടെ മേൽക്കൂര നഷ്ടപ്പെട്ടിരിക്കുന്നു, കടപുഴകിയ വൃക്ഷങ്ങൾ മഴയിൽ കുതിർന്ന അകത്തളങ്ങളിലേക്കു വീണു കിടക്കുന്നു. ടെലഫോൺ ലൈനുകളും മറ്റും പൊട്ടിവീണതിന്റെ ഫലമായി അടിയന്തിരമായി ഫോൺവിളിക്കാനും സന്ദേശമയയ്ക്കാനും സാധ്യമല്ലാതായിരിക്കുന്നു. ഒരിക്കൽ സന്തോഷം അലതല്ലിയിരുന്ന ചില ഭവനങ്ങൾ ഇപ്പോൾ നശിച്ചിരിക്കുന്നു—നന്നാക്കിയെടുക്കാൻ പറ്റാത്തവിധം അവയ്ക്കു കേടുപാടുകൾ സംഭവിച്ചിരിക്കുന്നു. ഒരിക്കൽ പ്രശാന്തത കളിയാടിയിരുന്ന ഇവിടം ഇപ്പോൾ നാശനഷ്ടങ്ങളുടെയും നൈരാശ്യത്തിന്റെയും കേളീരംഗമായിത്തീർന്നിരിക്കുന്നു.
ആളുകൾ സാഹചര്യത്തിനൊത്ത് ഉയരുന്നു, തകർന്നുവീണതെല്ലാം വീണ്ടും കെട്ടിപ്പടുക്കുമെന്ന ദൃഢനിശ്ചയത്തോടെ. അയൽക്കാർ അന്യോന്യം സഹായിക്കുന്നു; ചിലർക്ക് അതുവരെ പരസ്പരം പേരുപോലും അറിയില്ലായിരുന്നു. പുരുഷന്മാർ തങ്ങളുടെ പണിയായുധങ്ങളും പാടവങ്ങളും പങ്കുവെക്കുന്നു. സ്ത്രീകൾ പണിക്കാർക്കു ഭക്ഷണം തയ്യാറാക്കുന്നു. മുതിർന്ന കുട്ടികൾ ഇളയവരെ നോക്കുന്ന ചുമതലയേറ്റെടുത്തിരിക്കുന്നു. സമുദായത്തിനു പുറത്തുനിന്ന്, സഹായസന്നദ്ധരായ പണിക്കാരുടെ—മേൽപ്പുരപണിക്കാർ, മരംനീക്കൽ വിദഗ്ധർ, ആശാരിമാർ, പെയിൻറടിക്കാർ എന്നിവരടങ്ങിയ—സംഘങ്ങൾ എത്തിച്ചേരുന്നു. കൂട്ടത്തിൽ അതിജീവകരെ ചൂഷണം ചെയ്യാൻ തയ്യാറായി തട്ടിപ്പുകാരും.
അറ്റകുറ്റപ്പണികൾക്ക് വൻതുക മുൻകൂറായി നൽകാൻ അവർ ആവശ്യപ്പെടുന്നു. ഭഗ്നാശരായ വീട്ടുടമസ്ഥർ കൈവശമുള്ള പണം അവർക്കു നൽകുന്നു. പണവുമായി കടന്നുകളഞ്ഞ പണിക്കാരുടെ പൊടിപോലും പിന്നെ കാണാനില്ല. മേൽപ്പുരപണിക്കാർ ഗുണമേന്മയുള്ള പണി “ഉറപ്പുകൊടു”ത്തെങ്കിലും അവർ കേടുപോക്കിയ മേൽപ്പുരകൾ ആദ്യമഴയ്ക്കുതന്നെ ചോർന്നൊലിക്കുന്നു. അടുത്ത ദിവസത്തെ പണിക്കുവേണ്ടി വലിയ ഉപകരണങ്ങൾ വാടകയ്ക്കെടുക്കാനെന്നു പറഞ്ഞ് മരംനീക്കൽ വിദഗ്ധർ ആളുകളിൽനിന്ന് മുൻകൂറായി വൻതുക പിടുങ്ങുന്നു. പിന്നെ ഒരിക്കലും അവർ മടങ്ങിവരുന്നില്ല.
നാശനഷ്ടങ്ങൾക്കുപുറമേ, സംഭവിച്ച നഷ്ടങ്ങൾക്ക് പണം നൽകാൻ സാധിക്കാത്ത പാപ്പരായ ഇൻഷ്വറൻസ് കമ്പനികൾക്കോ ഉടമസ്ഥർ കടന്നുകളഞ്ഞതിന്റെ ഫലമായി ഓഫീസ് അടച്ചുപൂട്ടേണ്ടിവന്ന വ്യാജ ഇൻഷ്വറൻസ് സ്ഥാപനങ്ങൾക്കോ നല്ലൊരു തുക പ്രീമിയമായി നൽകേണ്ടി വന്നതിലുള്ള ഹൃദയവേദനയും വീട്ടുടമസ്ഥർക്ക് അനുഭവിക്കേണ്ടിവരുന്നു. നഷ്ടം നികത്താൻ ഇൻഷ്വറൻസ് തുക ലഭിച്ചവരുടെ കാര്യത്തിലാകട്ടെ, എല്ലാ ജോലിയുംകൂടെ കൈകാര്യം ചെയ്യാൻ യോഗ്യതയുള്ള വേണ്ടത്ര കോൺട്രാക്ടർമാരില്ലാതെ വരുമ്പോൾ അവർക്ക് മനസ്സാക്ഷിയില്ലാത്തവരും യോഗ്യതയില്ലാത്തവരുമായ ആളുകളെ കണ്ടെത്തേണ്ടതായി വരുന്നു. മോശമായ പണിയായിരിക്കും അവർ കാഴ്ച വെക്കുന്നത്. ഇത് പരിഭ്രാന്തരായ വീട്ടുടമസ്ഥരുടെ ദുഃഖം വർധിപ്പിക്കുന്നു.
വിപത്തിനിരയായവർ വീണ്ടും വീണ്ടും ചൂഷണം ചെയ്യപ്പെടുന്നു. പൊതു നന്മയിൽ കലാശിക്കത്തക്കവണ്ണം, തകർന്നുതരിപ്പണമായ ഒരു സമുദായത്തെ വീണ്ടും കെട്ടിപ്പടുക്കാനുള്ള ഉദ്ദേശ്യത്തിൽ തുടങ്ങിയ സംരംഭം അനേകരെയും സംബന്ധിച്ചിടത്തോളം നൊമ്പരപ്പെടുത്തുന്ന മിഥ്യയായി അവശേഷിക്കുന്നു.
ഒരിടത്ത് ചുഴലിക്കാറ്റുണ്ടായതിനെത്തുടർന്ന് കാൻറി ബാറിന്റെ വില 4 ഡോളറായും ഒരു ടിൻ ബേബി ഫുഡ്ഡിന്റെ വില 6 ഡോളറായും അവിശ്വസനീയമാംവിധം കുതിച്ചുയർന്നു. ഒരു കടയിൽ, ടിവി-യോ റേഡിയോയോ വാങ്ങാതെ ബാറ്ററികൾ ലഭിക്കുകയില്ലായിരുന്നു. നിർമാണവസ്തു വിൽപ്പനക്കാർ സാധനങ്ങൾ കൊള്ള വിലയ്ക്കു വിറ്റുകൊണ്ട് കീശ വീർപ്പിച്ചു. മറ്റൊരു സംഭവം. വെള്ളപ്പൊക്ക ഭീഷണി നേരിട്ടപ്പോൾ സഞ്ചരിക്കുന്ന ഭവനങ്ങളുള്ളവർക്ക് അതു വടം കെട്ടി വലിച്ചുകൊണ്ടുവരുന്നതിന് 600 ശതമാനം കൂടുതൽ പണം നൽകേണ്ടിവന്നു. ഭൂകമ്പത്തെത്തുടർന്ന്, വീടിനു കേടുപാടുകൾ സംഭവിച്ച 84 വയസ്സുള്ള ഒരു സ്ത്രീയെ ഗവൺമെൻറ് ജോലിക്കാരനായി നടിച്ച ഒരു അജ്ഞാതൻ സന്ദർശിച്ചു. തുടർന്ന് ഒപ്പുവെച്ച രേഖകളെല്ലാം ഗവൺമെൻറിൽനിന്നുള്ള സഹായത്തിനോ ഭക്ഷണ കൂപ്പണുകൾക്കോ ഉള്ള അപേക്ഷയായിരിക്കുമെന്നാണ് അവർ കരുതിയത്. വാസ്തവത്തിൽ, ഏതാണ്ട് 5,000 ഡോളർ മാത്രം ചെലവു വരുന്ന അറ്റകുറ്റപ്പണികൾക്കായി അവരുടെ ഭവനം 18,000 ഡോളറിന് പണയം വെക്കാനുള്ള രേഖകളായിരുന്നു അവ.
ടെലഫോണിലൂടെയുള്ള കച്ചവടത്തട്ടിപ്പ്
‘അഭിനന്ദനങ്ങൾ, മിസിസ്. സ——! ഇന്ന് നിങ്ങളെ ഭാഗ്യം കടാക്ഷിച്ചിരിക്കുന്നു.’ ഒരു അവിചാരിത ഫോൺസന്ദേശത്തിന്റെ പ്രാരംഭവാക്കുകളായിരിക്കാം ഇവ. ‘ഞങ്ങളുടെ . . . പരിപാടിയിലെ വിജയി നിങ്ങളാണ്.’ “നിങ്ങൾക്കാണ് സമ്മാനം,” നിങ്ങൾക്കു സമ്മാനങ്ങൾ “ഉറപ്പാക്കപ്പെട്ടിരിക്കുന്നു” എന്നൊക്കെയുള്ള ഫോൺകോളുകൾ പല ആളുകൾക്കും ലഭിച്ചിട്ടുണ്ട്. വിജയ “സമ്മാനം” പുതിയൊരു കാറോ ഭവന വിനോദ മാധ്യമങ്ങളോ ഒരുപക്ഷേ ഒരു വജ്രമോതിരം തന്നെയോ ആയിരുന്നേക്കാം.
ഒരു സൗജന്യ സമ്മാനം ലഭിക്കാൻ പോകുകയാണെന്ന് അറിയിച്ചുകൊണ്ടുള്ള അത്തരമൊരു ഫോൺസന്ദേശം നിങ്ങൾക്ക് എപ്പോഴെങ്കിലും ലഭിച്ചിട്ടുണ്ടോ? സന്തോഷംകൊണ്ടു നിങ്ങൾ തുള്ളിച്ചാടിയോ? കേട്ട കാര്യം അവിശ്വസനീയമായി നിങ്ങൾക്കു തോന്നിയോ? അത്തരമൊരു സന്ദേശത്തോടു പ്രതികരിച്ചിരുന്നെങ്കിൽത്തന്നെ ആ സമ്മാനം നിങ്ങൾക്ക് എപ്പോഴെങ്കിലും ലഭിക്കുകയുണ്ടായോ? അതോ നിങ്ങൾ ടെലഫോണിലൂടെയുള്ള കച്ചവടത്തട്ടിപ്പിന് ഇരയായതായിരുന്നോ? അതാണു സംഭവിച്ചതെങ്കിൽ നിങ്ങൾ തനിച്ചല്ല. കൺസ്യൂമേഴ്സ് റിസർച്ച് മാഗസിൻ പറയുന്നതനുസരിച്ച്, ഐക്യനാടുകളിൽ മാത്രമായി ഓരോ മിനിറ്റിലും ഏതാണ്ട് പത്തു പേർ വീതം ടെലഫോണിലൂടെയുള്ള കച്ചവടത്തട്ടിപ്പിന് ഇരയാകുന്നു. വർഷംതോറും, മനസ്സാക്ഷിയില്ലാത്ത തട്ടിപ്പുകാർ ഉപഭോക്താക്കളിൽനിന്ന് 1,000 കോടിമുതൽ 4,000 കോടിവരെ ഡോളർ—അതായത്, ഓരോ മിനിറ്റിലും ഏതാണ്ട് 7,500 ഡോളർ വീതം—തട്ടിയെടുക്കുന്നു.
റീഡേഴ്സ് ഡൈജസ്റ്റ് ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “ഓരോ വർഷവും കാനഡയിലുടനീളം 1,50,000-ത്തിലേറെ ആളുകൾക്ക് ടെലഫോണിലൂടെ കച്ചവടത്തട്ടിപ്പു നടത്തുന്നവരിൽനിന്ന്, അവർ ‘വിജയി’ച്ചിരിക്കുന്നെന്നോ വമ്പിച്ച സമ്മാനത്തിനു ‘തിരഞ്ഞെടുക്കപ്പെട്ടി’രിക്കുന്നെന്നോ പറഞ്ഞുകൊണ്ടുള്ള അറിയിപ്പുകൾ ലഭിക്കുന്നു. കൂടാതെ, ഇത്തരം അറിയിപ്പുകളാൽ കബളിപ്പിക്കപ്പെട്ട് ഓരോ വർഷവും ആയിരക്കണക്കിനു കാനഡക്കാർ സമ്മാനം ലഭിക്കുന്നതിനായി ശരാശരി 2,000 ഡോളർ വീതം ചെലവഴിക്കുന്നു.” ഒൺടേറിയോ പ്രവിശ്യയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പ്രഖ്യാപിച്ചു: “കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിൽപ്പെട്ടതാണ് ടെലഫോണിലൂടെയുള്ള തട്ടിപ്പുകൾ.” അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “ഇതുമൂലം കാനഡക്കാർക്ക് വർഷത്തിൽ കോടിക്കണക്കിനു ഡോളർ നഷ്ടമാകുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം.” മുഖ്യമായും ഇത്, പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ കണക്കാണ്. തട്ടിപ്പിനിരയായവരിൽ 10 ശതമാനം മാത്രമേ തങ്ങളുടെ നഷ്ടം റിപ്പോർട്ടു ചെയ്യുന്നുള്ളു എന്നതുകൊണ്ട് പ്രശ്നത്തിന്റെ പൂർണമായ വ്യാപ്തി നിർണയിക്കുക അസാധ്യമാണ്.
“ഞങ്ങൾ ആളുകളോട് വിജയിച്ചിരിക്കുന്നതായി പറയുന്നതുകൊണ്ട് പിന്നീടവർ അതേക്കുറിച്ച് കൂടുതൽ വ്യക്തമായിട്ടൊന്നും ചിന്തിക്കാൻ മിനക്കെടുന്നില്ല,” ഒരു തട്ടിപ്പുവീരൻ സമ്മതിച്ചുപറഞ്ഞു. അയാൾ കൂട്ടിച്ചേർത്തു: “ആദ്യം അയാൾ വിസമ്മതിച്ചാൽത്തന്നെ പണമയയ്ക്കുന്നതുവരെ ഞങ്ങൾ നിർബന്ധിച്ചുകൊണ്ടേയിരിക്കും.” ഒരു വ്യക്തി ഒരിക്കൽ തട്ടിപ്പിനിരയായിക്കഴിഞ്ഞാൽ അയാളുടെ അല്ലെങ്കിൽ അവളുടെ പേർ ടെലഫോണിലൂടെ കച്ചവടം നടത്തുന്ന മറ്റു സ്ഥാപനങ്ങൾക്കു കൈമാറുന്നു. അങ്ങനെ ആ പേർ “ചൂഷിത”രുടെ പട്ടികയിൽ ചേർക്കപ്പെടുന്നു. അവരുടെ പേരുകൾ മറ്റു തട്ടിപ്പു സ്ഥാപനങ്ങൾക്കും കൈമാറിയേക്കാം. അവർ അവരെ തുടരെത്തുടരെ ഫോണിൽ വിളിക്കുന്നു. ടെലഫോണിലൂടെ ഇടപാടു നടത്തുന്ന ഒരു ടൊറന്റോക്കാരി ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ ചൂഷിതരുടെ പട്ടികയിലുള്ളവരുമായി ഫോണിലൂടെ ബന്ധപ്പെടുമ്പോൾ 75 ശതമാനവും ആദ്യത്തെ വിളിക്കുതന്നെ സാധനം വാങ്ങും. മൂന്നാം തവണ വിളിക്കുമ്പോഴേക്കും അത് 50 ശതമാനമായി കുറയുന്നു. എന്നാൽ ഒരിക്കൽ കുടുങ്ങിക്കഴിഞ്ഞാൽ ചിലർ പണം അയച്ചുകൊണ്ടേയിരിക്കും. പണം വാരിക്കൂട്ടാനുള്ള വ്യാമോഹത്താൽ അവർ മറ്റെല്ലാം മറക്കുന്നു.”
ടെലഫോണിലൂടെയുള്ള തട്ടിപ്പിനിരയാകുന്നവർ വമ്പിച്ച സമ്മാനം കരസ്ഥമാക്കാമെന്ന വ്യാമോഹത്താൽ എത്രമാത്രം പണമാണ് ചെലവാക്കുന്നത്? “ബാങ്കുകാരുടെ സഹായത്തോടെ ഞങ്ങൾക്ക് പ്രായമായ ചിലരുടെ സമ്പാദ്യം മരവിപ്പിക്കേണ്ടിവന്നിട്ടുണ്ട്, അവർ പാപ്പരാകാതിരിക്കാൻ,” ഒരു പൊലീസ് കുറ്റാന്വേഷകൻ പറഞ്ഞു. അടുത്തയിടെ ഭർത്താവ് മരിച്ചുപോയ ഒരു സ്ത്രീ, ടെലഫോണിലൂടെ വ്യാപാര ഇടപാടുകൾ നടത്തുന്ന 16 വ്യത്യസ്ത വ്യക്തികൾക്ക് 36 തവണകളായി 85,000 ഡോളറിലേറെ നൽകിയതായി കണ്ടെത്തപ്പെട്ടു. പകരം അവർക്ക് ലഭിച്ചതോ, “വിലയില്ലാത്ത കുറെ ആഭരണങ്ങളും.”
ബുദ്ധിശാലികളെ കുടുക്കാൻ വൻ തട്ടിപ്പുവിദ്യകൾ
ഇത്തരം തട്ടിപ്പുകൾ പതിവാക്കിയിരിക്കുന്നവർക്ക് വ്യക്തിഭേദമില്ല. സമൂഹത്തിന്റെ എല്ലാ സാമ്പത്തിക തലങ്ങളിലുള്ളവരും അവർക്ക് ഇരകളാകുന്നു. ബുദ്ധിശാലികളെന്നു വിളിക്കപ്പെടുന്ന, ഏറ്റവും മുന്തിയ വിദ്യാഭ്യാസം ലഭിച്ചവർപോലും കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും ജാഗരൂകനായ ഉപഭോക്താവിനെപോലും കുടുക്കുംവിധം അത്രയ്ക്കു തന്ത്രപൂർവമാണ് അവർ കെണിയൊരുക്കുന്നത്. ബുദ്ധിശാലികളായ ക്രേതാക്കളെ ലക്ഷ്യംവെച്ചുകൊണ്ടുള്ള വൻതുകയുടെ തട്ടിപ്പുകൾ ടെലിവിഷനിലോ തപാൽവഴി അയയ്ക്കുന്ന നിറപ്പകിട്ടാർന്ന ലഘുപത്രികകളിലോ പരസ്യപ്പെടുത്തിയേക്കാം. വമ്പിച്ച ലാഭം കിട്ടുന്ന നിക്ഷേപങ്ങൾ—ചലച്ചിത്ര സ്റ്റുഡിയോകൾ, സ്വർണം, സ്വർണഖനികൾ, എണ്ണക്കിണറുകൾ എന്നിവയിലുള്ള നിക്ഷേപങ്ങൾ—അവർ ഇവയിലുൾപ്പെടുത്തിയേക്കാം. പട്ടിക അങ്ങനെ നീണ്ടുപോകുന്നു. എങ്കിലും ഫലം ഒന്നുതന്നെ—സമ്പൂർണ നഷ്ടം.
“അവരുടെ ചതിപ്രയോഗങ്ങൾക്കു കൈയും കണക്കുമില്ല,” തട്ടിപ്പിനിരയായ അഭ്യസ്തവിദ്യയായ ഒരു സ്ത്രീ പറഞ്ഞു. “ഒരു സ്കൂൾ അധ്യാപികയെന്ന നിലയിൽ എനിക്ക് അൽപ്പം അറിവും പരിചയവുമൊക്കെയുണ്ടെന്നാണു ഞാൻ കരുതിയത്. . . . വാഗ്ദാനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമായിരുന്നു,” ഒരു ചലച്ചിത്ര നിർമാണ കമ്പനി തട്ടിപ്പിൽ അവർക്ക് 20,000 ഡോളർ നഷ്ടമായി.
ടെലഫോണിലൂടെയുള്ള കച്ചവടത്തട്ടിപ്പ് ഒരു രാജ്യാന്തര പ്രശ്നമാണ്. അത് “ഈ ദശകത്തിൽ കൂടുതൽ വഷളാകു”മെന്ന് അന്വേഷകർ പ്രവചിക്കുന്നു.” എന്നാൽ, സൂക്ഷിക്കുക! മറ്റു തരത്തിലുള്ള തട്ടിപ്പുകളുമുണ്ട്. ചില തട്ടിപ്പുവീരന്മാരുടെ പ്രിയപ്പെട്ട ഇരകളാണ് പ്രായമായവർ.
[4-ാം പേജിലെ ചിത്രം]
ഒരു കൊടുങ്കാറ്റിനുശേഷം വരുന്ന തട്ടിപ്പുകാരെ സൂക്ഷിക്കുക!
[5-ാം പേജിലെ ചിത്രം]
“നിങ്ങൾ ഒരു സൗജന്യ സമ്മാനത്തിന് അർഹനാണ്!”—ആണോ?