മതത്തിന്റെ പേരിൽ തട്ടിപ്പ്
ഇതുവരെ പ്രതിപാദിച്ച തട്ടിപ്പുകൾ നിങ്ങളിൽ ഞെട്ടലും ദുഃഖവും ഉളവാക്കിയെങ്കിൽ, നിങ്ങൾ തനിച്ചല്ല. ഇതിലും നിന്ദ്യമായതരം തട്ടിപ്പുകളുമുണ്ട്—മതത്തിന്റെ പേരിൽ നടക്കുന്നവ. സർവസാധാരണമായ ഒന്ന്, മരണാനന്തരം ജീവിക്കുന്ന ഒരു ദേഹിയുണ്ടെന്നും ജീവിച്ചിരിക്കുന്നവർക്കു മരിച്ചവരെ സഹായിക്കാൻ കഴിയുമെന്നും ഉള്ള വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. വൻതുക നൽകുകവഴി മരിച്ചുപോയ പ്രിയപ്പെട്ടവരെ സഹായിക്കാമെന്നോ പ്രീതിപ്പെടുത്താമെന്നോ ലോകമെമ്പാടുമുള്ള ആത്മാർഥഹൃദയരായ കോടിക്കണക്കിനാളുകൾ വിശ്വസിക്കാൻ ഇടയായിരിക്കുന്നു.
ഇന്ന്, ചില രാജ്യങ്ങളിൽ ഈ പഴയ തട്ടിപ്പിന് പുതിയ ഒരു മുഖം കൂടെ കൈവന്നിരിക്കുന്നു. ഉദാഹരണത്തിന് ജപ്പാനിൽ, ആത്മീയ ശക്തികളുണ്ടെന്ന് അവകാശപ്പെട്ട ബുദ്ധമതക്കാരായ പുരോഹിതന്മാരെയും പുരോഹിതകളെയും ഇടവകക്കാരിൽനിന്ന് കോടിക്കണക്കിന് യെൻ തട്ടിച്ചെടുത്തതായി സംശയിച്ച് അറസ്റ്റ് ചെയ്യുകയുണ്ടായി. അറസ്റ്റിലായവർ രോഗശാന്തിയെയും ഉപദേശം തേടാനുള്ള സൗകര്യത്തെയും സംബന്ധിച്ച് പരസ്യം നൽകിയിരുന്നു. പരസ്യത്തോടു പ്രതികരിച്ചവരിൽ ഉൾപ്പെട്ടിരുന്ന നാലു വീട്ടമ്മമാരോടും മരിച്ചുപോയ മക്കളുടെ ആത്മാക്കൾ അവരെ വേട്ടയാടുന്നതായി പറഞ്ഞിരുന്നു. “അനുസ്മരണ ശുശ്രൂഷയ്ക്കായി ഒരു കോടി യെൻ [80,000 യു.എസ്. ഡോളർ] നൽകാൻ ആ സ്ത്രീകളോട് ആവശ്യപ്പെട്ടു,” മൈനിച്ചി ഡെയ്ലി ന്യൂസ് റിപ്പോർട്ടു ചെയ്തു. 64 വയസ്സുള്ള ഒരു സ്ത്രീ 66.5 ലക്ഷം യെന്നിലേറെ (ഏതാണ്ട് 53,000 ഡോളർ) നൽകുകയുണ്ടായി. തന്റെ കുട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് ആ സ്ത്രീ പുരോഹിതന്മാരോട് ആലോചന കഴിച്ചിരുന്നു. “പൂർവികരുടെ ആത്മാക്കളുടെ അനുസ്മരണയ്ക്കും പ്രേതങ്ങളെ അകറ്റാനുമായി ഒരു പ്രത്യേക ശുശ്രൂഷ നടത്തിയില്ലെങ്കിൽ ദുരിതങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് അവർ ആ സ്ത്രീയോടു തറപ്പിച്ചു പറഞ്ഞു,” ദ ഡെയ്ലി യോമിയുറി റിപ്പോർട്ടു ചെയ്തു.
ബൈബിളിനെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം, നിസ്സന്ദേഹികളായ ഈ ആളുകളെ തട്ടിപ്പിനിരയാകുന്നതിൽനിന്നു രക്ഷിക്കുമായിരുന്നു. ദേഹി അമർത്യമല്ലെന്ന് ബൈബിൾ വ്യക്തമാക്കുന്നു. (യെഹെസ്കേൽ 18:4) “മരിച്ചവരോ ഒന്നും അറിയുന്നില്ല” എന്ന് സഭാപ്രസംഗി 9:5 പറയുന്നു. അതുകൊണ്ട് മരിച്ചവർക്ക് ജീവിച്ചിരിക്കുന്നവരെ ഉപദ്രവിക്കാൻ കഴിയുകയില്ല. ജീവിച്ചിരിക്കുന്നവർക്ക് മരിച്ചവരെ സഹായിക്കാനും കഴിയുകയില്ല.
മതപരമായ തട്ടിപ്പുകളുടെ വിവിധ മുഖങ്ങൾ
അത്യാഗ്രഹത്തിന്റെ ഫലമായിട്ടായിരിക്കും ചിലർ മതവഞ്ചകരുടെ കെണിയിൽ പെടുന്നത്. ഓസ്ട്രേലിയയിൽ, പണത്തെ ആശീർവദിച്ച് വർധിപ്പിക്കുന്നതുൾപ്പെടെ പല സിദ്ധികളുമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ദമ്പതികൾക്ക് ഒരാൾ 1,00,000 ഡോളർ നൽകുകയുണ്ടായി. തന്റെ പണം വർധിപ്പിക്കണമെന്നതായിരുന്നു അയാളുടെ മോഹം. പണം ഒരു പെട്ടിയിലാക്കി “വിശുദ്ധീ”കരിക്കാൻ നൽകണമെന്ന് അവർ അയാളോടു പറഞ്ഞു. ദമ്പതികൾ പെട്ടി ആശീർവദിക്കുന്നതിനായി അടുത്ത മുറിയിലേക്കു കൊണ്ടുപോയി. അയാൾ കാത്തുനിന്നു. അവർ തിരിച്ചുവന്ന് പെട്ടി അയാൾക്കു കൊടുത്തു. ഒരു കാരണവശാലും 2000-ാം ആണ്ട് ആകാതെ അതു തുറക്കരുതെന്ന് മുന്നറിയിപ്പും നൽകി. അയാൾ അതു തുറന്നാലുള്ള സ്ഥിതി എന്തായിരിക്കും? “പെട്ടിയുടെ മാന്ത്രികശക്തി നഷ്ടമാകും, അയാൾ അന്ധനാകും, തലമുടി കൊഴിയും, കാൻസർ പിടിപെടും, ഹൃദയാഘാതം മൂലം മരിക്കും” എന്നൊക്കെ അയാളോട് അവർ പറഞ്ഞു. എങ്കിലും രണ്ടാഴ്ച കഴിഞ്ഞപ്പോൾ സംശയം തോന്നിയ അയാൾ പെട്ടി തുറന്നുനോക്കി. കഷ്ടം! പെട്ടി നിറയെ കടലാസുതുണ്ടുകളായിരുന്നു. അയാൾ കുറ്റപ്പെടുത്തുന്നത് തന്നെത്തന്നെയാണ്. വിചിത്രമെന്നു പറയട്ടെ, സംഭവം റിപ്പോർട്ടു ചെയ്യവേ ഒരു പത്രം പറഞ്ഞു, “അയാൾക്കു കഷണ്ടി വരാൻ തുടങ്ങിയിരിക്കുന്നു.”
ഇറ്റലിയിൽ മതപരമായ തട്ടിപ്പിന് മറ്റൊരു മുഖമുണ്ട്: കത്തോലിക്കാ ഭക്തരായി നടിച്ച തട്ടിപ്പുവീരന്മാർ ചില പുരോഹിതന്മാരെ പറ്റിച്ചിരിക്കുന്നു. മരിച്ചവർക്കു വേണ്ടിയുള്ള കുർബാനയ്ക്കായി പണം നൽകി വരുന്ന കത്തോലിക്കാ പാരമ്പര്യത്തെ ചില തട്ടിപ്പുകാർ ചൂഷണം ചെയ്യുന്നു. എങ്ങനെ? മരിച്ചവർക്കു വേണ്ടി ഒരു ഡസൻ കുർബാന ചൊല്ലിക്കുന്നതിനായി, ചോദിക്കുന്നതിനെക്കാൾ കൂടുതൽ തുകയ്ക്കുള്ള വണ്ടിച്ചെക്ക് മുൻകൂറായി അവർ നൽകുന്നു. അവർ ശുദ്ധഗതിക്കാരനായ പുരോഹിതനെ പറ്റിച്ച് ബാക്കി തുക വാങ്ങുന്നു. തട്ടിപ്പുകാർക്ക് കിട്ടുന്നത് പണം. പുരോഹിതനാകട്ടെ, വണ്ടിച്ചെക്കും!
ഐക്യനാടുകളിൽ, തങ്ങളുടെ ഭണ്ഡാരപ്പെട്ടികൾ സംഭാവനകൊണ്ടു നിറയ്ക്കാൻ പുതിയ ഇരകളെ നോക്കിയിരിക്കുന്ന ഭക്തിപ്രസ്ഥാനങ്ങൾ പ്രായമായവരെ എല്ലാ തരത്തിലും ഞെരുക്കുന്നു. “രാഷ്ട്രമെമ്പാടും, ഭക്തിപ്രസ്ഥാനങ്ങൾ പിൻപറ്റുന്നത് ഈ സുപ്രധാന നിയമമാണ്: പണമുള്ളവരുടെ പുറകേ കൂടുക,” മോഡേൺ മച്ചൂരിറ്റി മാഗസിൻ എഴുതി. “പകരം അവർ ആരോഗ്യംമുതൽ സ്വർഗരാജ്യത്തിലേക്കുള്ള ഒരു രാഷ്ട്രീയമാറ്റംവരെ വാഗ്ദാനം ചെയ്യുന്നു.” ഭക്തിപ്രസ്ഥാനങ്ങളിലുള്ളവരെ പിന്തിരിപ്പിക്കുന്ന ഒരു വ്യക്തി ഇപ്രകാരം പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടു: “പ്രായമായവരാണ് ഒരു ഭക്തിപ്രസ്ഥാനത്തിന്റെ ഉപജീവനമാർഗം.”
സാമ്പത്തിക നഷ്ടം വലുതായിരുന്നേക്കാം. “ആളുകൾ കുത്തുപാളയെടുത്തിട്ടുള്ള അനേകം കേസുകൾ എനിക്കറിയാം,” ഭക്തിപ്രസ്ഥാന സംബന്ധമായ ഒട്ടേറെ കേസുകൾ കൈകാര്യം ചെയ്തിട്ടുള്ള ന്യൂയോർക്കിലെ ഒരു അഭിഭാഷകൻ പറഞ്ഞു. “ആറക്കമുള്ള തുകമുതൽ തങ്ങളുടെ സാമൂഹിക സുരക്ഷിതത്വ ആനുകൂല്യംവരെ സംഭാവന നൽകേണ്ടിവന്ന പലരെയും എനിക്കറിയാം.” അദ്ദേഹം കൂട്ടിച്ചേർത്തു: “ഇത് വ്യക്തികളെ മാത്രമല്ല അവരുടെ കുടുംബങ്ങളെയും തകർക്കുന്നു.”
അതുകൊണ്ട് സൂക്ഷിക്കുക! തട്ടിപ്പുകാർ പ്രവർത്തനനിരതരാണ്. വീടിന്റെ അറ്റകുറ്റപ്പണികളുടെ പേരിലുള്ള തട്ടിപ്പുകൾ, ടെലഫോണിലൂടെയുള്ള കച്ചവടത്തട്ടിപ്പ്, മതപരമായ തട്ടിപ്പ് എന്നിവ അവരുടെ പ്രവർത്തനത്തിന്റെ ഏതാനും ഉദാഹരണങ്ങൾ മാത്രം. അവരുടെ എല്ലാ വിദ്യകളും പ്രതിപാദിക്കുക സാധ്യമല്ല. കാരണം എപ്പോഴും പുതിയ പുതിയ തന്ത്രങ്ങളുമായിട്ടായിരിക്കും അവരുടെ വരവ്. എന്നാൽ ഇവിടെ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങൾ ജാഗ്രതയുള്ളവരായിരിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് നിങ്ങളെ ബോധവാന്മാരാക്കുമെന്നതിൽ സംശയമില്ല. ഒരുപക്ഷേ നിങ്ങളുടെ ഏറ്റവും നല്ല പ്രതിരോധമാർഗം അതായിരിക്കാം. (8-ാം പേജിലെ “തട്ടിപ്പിനിരയാകുന്നത് ഒഴിവാക്കാവുന്ന വിധം” എന്ന ചതുരം കാണുക.) ഈ പുരാതന ബൈബിൾ പഴമൊഴിയിലെ മുന്നറിയിപ്പ് എത്രയോ ഉചിതം: “അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.”—സദൃശവാക്യങ്ങൾ 14:15.
[10-ാം പേജിലെ ചിത്രം]
പണം നൽകുകവഴി മരിച്ചുപോയ പ്രിയപ്പെട്ടവരെ സഹായിക്കാമെന്നോ പ്രീതിപ്പെടുത്താമെന്നോ കോടിക്കണക്കിനാളുകൾ വിശ്വസിക്കുന്നു