ലക്ഷ്യം പ്രായമായവർ
കബളിപ്പിക്കപ്പെടരുത്. വിവരങ്ങളെല്ലാം ശേഖരിച്ചുകൊണ്ടാണ് തട്ടിപ്പുകാരുടെ വരവ്. വൃദ്ധജനങ്ങളെ ഏറ്റവും നല്ല ഇരകളാക്കിത്തീർക്കുന്ന വസ്തുതകൾ ഏതൊക്കെയാണെന്ന് അവർക്കറിയാം. ഉദാഹരണത്തിന്, ഐക്യനാടുകളിൽ 65 വയസ്സിനു മുകളിലുള്ളവർ 12 ശതമാനം മാത്രമാണ്. എങ്കിലും അവരുടെ ആകെ വാർഷിക വരുമാനം യു.എസ്.-ലെ കുടുംബങ്ങളുടെ മൊത്തം സമ്പത്തിന്റെ 70 ശതമാനത്തോളം വരും. അതായത്, 80,000 കോടി ഡോളർ. തട്ടിപ്പിനിരയാകുന്നവരിൽ 30 ശതമാനവും അത്തരം പ്രായംചെന്നവരാണെന്നതിൽ അത്ഭുതപ്പെടാനില്ല.
പ്രായമായവർ എളുപ്പം തട്ടിപ്പിനിരയാകുന്നത് എന്തുകൊണ്ടാണ്? “അവർ പ്രകൃത്യാ ആരെയും വിശ്വസിക്കുന്നവരാണ്, തന്നെയുമല്ല പണം നിക്ഷേപിക്കുന്നതു സംബന്ധിച്ച ഇന്നത്തെ രീതികളെക്കുറിച്ച് അവർക്ക് അറിവില്ലായിരിക്കാം,” കൺസ്യൂമേഴ്സ് റിസർച്ച് മാഗസിൻ വിവരിക്കുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇങ്ങനെ വിലപിച്ചു: ടെലഫോണിലൂടെയുള്ള കച്ചവടത്തട്ടിപ്പ് “വിശേഷിച്ചും, ഏകരും ദുർബലരുമായ വൃദ്ധജനങ്ങളെ ലക്ഷ്യംവെച്ചുള്ളതാണ്. തട്ടിപ്പിനിരയാകുന്നവരിൽ ഭൂരിഭാഗവും ഇവർതന്നെ. കേവലം കൈകൊടുക്കുന്നത് ഒരു കരാറിൽ ഒപ്പുവെക്കുന്നതിനു തുല്യമാണെന്നു കരുതപ്പെട്ടിരുന്ന ഒരു കാലത്ത് വളർന്നുവന്നവരാണ് ഇവർ.” ജോലിയിൽനിന്നു വിരമിച്ച വ്യക്തികളുടെ അമേരിക്കൻ സംഘടനയുടെ ഒരു പ്രതിനിധി ഇപ്രകാരം പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടു: “അത്യാഗ്രഹമാണ് ഒരുവനെ കുഴപ്പത്തിൽ ചാടിക്കുന്നതെന്നു പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാൽ പ്രായമായവരെ സംബന്ധിച്ചിടത്തോളം കാരണം അതല്ല. പണം തീർന്നുപോയേക്കുമോ എന്ന ഭയമാണ് അവർക്ക്. മക്കൾക്ക് ഒരു ഭാരമായിത്തീരാൻ അവർ ആഗ്രഹിക്കുന്നില്ല. [തട്ടിപ്പിനിരയായാൽ] അതു റിപ്പോർട്ടു ചെയ്യാനും അവർക്കു ഭയമാണ്. കാരണം, സ്വന്തം കാര്യങ്ങൾ നോക്കാൻ പ്രാപ്തിയില്ലെന്നു മക്കൾ കരുതുമോ എന്ന് അവർ ഭയക്കുന്നു.”
തട്ടിപ്പിനിരയാകുന്ന വൃദ്ധജനങ്ങൾ എല്ലായ്പോഴും കബളിപ്പിക്കപ്പെടുന്നതോ വഴിതെറ്റിക്കപ്പെടുന്നതോ അല്ല. ചിലർക്ക് ഏകാന്തത അനുഭവപ്പെട്ടേക്കാം. ഒരുപക്ഷേ, സൗഹൃദം “സമ്പാദിക്കാൻ” അവർ ആഗ്രഹിച്ചേക്കാം. ഒരു സമുദായത്തിൽ, “ആയുഷ്കാലം മുഴുവൻ നൃത്തം പഠിപ്പിക്കാം” എന്നു പറഞ്ഞ് ഏകാകിനികളായ ചില വിധവകളിൽനിന്ന് അഡ്വാൻസിന്റെ രൂപത്തിൽ 20,000 ഡോളർ തട്ടിച്ചതായി ഒരു പത്രറിപ്പോർട്ടർ എഴുതി. “ചിലർ നടക്കാൻ സാധിക്കാത്തവിധം ദുർബലരായിരുന്നു. അവർ ലോകപരിചയമില്ലാത്തവരല്ലായിരുന്നു, പിന്നെയോ, ഭഗ്നാശരായിരുന്നു.” നൃത്തശാലയിൽ പേർചാർത്തുന്നതു മൂലം ഇപ്പോൾ അവർക്കു പോകാൻ ഒരിടമുണ്ട്, പുതിയ സുഹൃത്തുക്കളുമായി—മിക്കവരും സമപ്രായക്കാരായ—കൂടിവരാനുള്ള അവസരവുമുണ്ട്. മുഖസ്തുതി പറയുകയും മധുരമായി സംസാരിക്കുകയും ചെയ്യുന്ന മാന്യനായ ഒരു നൃത്താധ്യാപകനെ തള്ളിക്കളയാൻ അത്ര എളുപ്പമല്ല.
ജപ്പാനിലെ തട്ടിപ്പുകാരെ പരിചയപ്പെടുക
ചില തട്ടിപ്പുകാർ ഏകാകികളായ വൃദ്ധജനങ്ങളെ മറ്റു രീതികളിലാണു മുതലെടുക്കുന്നത്. ജപ്പാനിലെ മനസ്സാക്ഷിയില്ലാത്ത തട്ടിപ്പുകാർ, ആളുകളെക്കുറിച്ചു കരുതലുള്ളവരായി നടിച്ചുകൊണ്ട് പ്രായമായവരോട് കുശലം പറയുകയും അവർ പറയുന്നത് ശ്രദ്ധിക്കുകയുമൊക്കെ ചെയ്യുന്നു. ക്രമേണ അവർ കൂടെക്കൂടെ സന്ദർശിക്കാൻ തുടങ്ങുന്നു. ഇരയുടെ വിശ്വാസം പൂർണമായും പിടിച്ചുപറ്റിക്കഴിഞ്ഞാൽ അവർ തങ്ങളുടെ അടവുകൾ പ്രയോഗിക്കുകയായി. അത്തരം തട്ടിപ്പു പദ്ധതികളുടെ നല്ലൊരു ഉദാഹരണമാണ്, പെൻഷൻ പറ്റിയ പലരുമുൾപ്പെടെ 30,000 ആളുകളിൽനിന്നായി 20,000 കോടി യെൻ (150 കോടി ഡോളർ) തട്ടിച്ചെടുത്തതായി റിപ്പോർട്ടു ചെയ്യപ്പെട്ട മുക്കുപണ്ട തട്ടിപ്പ്. “തട്ടിപ്പിനിരയായവരുടെ നഷ്ടം നികത്തപ്പെടാനുള്ള സാധ്യതയില്ല,” ജപ്പാനിലെ ആസാഹി ഈവനിങ് ന്യൂസിലെ തലക്കെട്ടായിരുന്നു അത്.
ടോക്കിയോയിലെ ആസാഹി ഷിമ്പൂൻ ഈ കേസിനെക്കുറിച്ച് ഇങ്ങനെ റിപ്പോർട്ടു ചെയ്തു: മധ്യവയസ്കയായ ഒരു വിൽപ്പനക്കാരി പ്രായമായ ഒരാളെ സന്ദർശിച്ചുകൊണ്ട് പറഞ്ഞു: “എന്റെ തൊഴിലിനെക്കാൾ ഞാൻ ഉത്കണ്ഠപ്പെടുന്നത് താങ്കളെക്കുറിച്ചാണ് മി. കെ., താങ്കൾ തനിച്ചാണല്ലോ താമസിക്കുന്നത്.” അയാൾ പറഞ്ഞ പഴംപുരാണമെല്ലാം അവർ ശ്രദ്ധിച്ചുകേട്ടു. അവരുടെ ആ ഇടപെടലിൽ അയാൾ മയങ്ങിപ്പോയി. വീട്ടിൽനിന്നിറങ്ങവേ, അടുത്ത ദിവസവും വരാൻ അവർ അനുമതി ചോദിച്ചു. “തീർച്ചയായും” എന്നായിരുന്നു അയാളുടെ മറുപടി.
അവർ മുടങ്ങാതെ തന്റെ സന്ദർശനം തുടർന്നു; അവർ ഒരുമിച്ച് അത്താഴം കഴിക്കുമായിരുന്നു. അവർ മി. കെ.-ക്ക് ഭക്ഷണം കൊണ്ടുവന്നുകൊടുക്കുകപോലും ചെയ്തു. “താങ്കൾ മരിക്കുവോളം ഞാൻ പരിചരിച്ചുകൊള്ളാം,” അവർ വാക്കുകൊടുത്തു. തുടർന്ന് അവർ അടവ് പുറത്തെടുത്തു: “സ്വത്തെല്ലാം താങ്കൾക്കുവേണ്ടി ഞാൻ നോക്കിനടത്തിക്കോളാം. ഒരുവന്റെ വസ്തുവകകൾ ലാഭകരമായി വ്യവഹാരം ചെയ്യാനുള്ള ഒരു പദ്ധതി ഞാൻ ജോലി ചെയ്യുന്ന കമ്പനി ഈയിടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്.” അയാളുടെ വീടും വസ്തുവകകളും പണയംവെച്ച് സ്വർണക്കട്ടികൾ വാങ്ങി അവരുടെ കമ്പനിയിൽ നിക്ഷേപിക്കുക, ഇതായിരുന്നു പദ്ധതി. അവർ കെണി ഒരുക്കിക്കഴിഞ്ഞിരുന്നു. അങ്ങനെ, മി. കെ. തട്ടിപ്പിന്റെ നീണ്ട പട്ടികയിലെ മറ്റൊരു ഇരയായിത്തീർന്നു. ഇടപാടുകൾ നടത്തിക്കഴിഞ്ഞശേഷം ആ സ്ത്രീയുടെ പൊടിപോലും കണ്ടില്ല.
“ഒരു പട്ടാളക്കാരനായിരുന്നപ്പോൾ മരണത്തെ മുഖാമുഖം കണ്ടുകൊണ്ടാണ് ഞാൻ ജീവിച്ചത്,” മി. കെ. പറഞ്ഞു. “എന്നാൽ, ആശ്രയിക്കാൻ ആരോരുമില്ലാതെ ഒറ്റയ്ക്കു കഴിയുന്ന ഞങ്ങളെപ്പോലുള്ള വൃദ്ധരുടെ ദൗർബല്യങ്ങളെ മുതലെടുക്കുന്ന ഒരാൾ എന്റെ സ്വത്തെല്ലാം തട്ടിയെടുത്തല്ലോ എന്നാലോചിക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല. തട്ടിപ്പിലൂടെപോലും പണം പിടുങ്ങാൻ ആളുകൾ മടിക്കാത്ത ഒരു യുഗത്തിലാണ് ലോകം വന്നെത്തിയിരിക്കുന്നതെന്നു തോന്നുന്നു.”
ഇറ്റലിയിൽ വൃദ്ധരെ തട്ടിപ്പിനിരയാക്കുന്നു
ലീറ്റാൽയാ കേ ട്രൂഫാ (പണം തട്ടിയെടുക്കുന്ന ഇറ്റലി) എന്ന പുസ്തകം, പ്രായമായവരുടെ വിലപ്പെട്ട സമ്പാദ്യം തട്ടിയെടുക്കാൻ ഇറ്റലിയിലെ തട്ടിപ്പുകാർ ഒരുക്കിയ ബൃഹത്തായ ഒരു പദ്ധതിയെക്കുറിച്ചു റിപ്പോർട്ടു ചെയ്തു. 1993-ൽ, ബാങ്ക് ഓഫ് ഇറ്റലിയിലെ മുൻഗവർണറുടെ നേതൃത്വത്തിൽ ഒരു ഗവൺമെൻറ് രൂപംകൊള്ളുകയുണ്ടായി. അദ്ദേഹം ഗവർണറായിരുന്ന കാലത്ത് പുറത്തിറക്കിയ ബാങ്ക് നോട്ടുകളിൽ അദ്ദേഹത്തിന്റെ ഒപ്പ് (അപ്പോഴും നിയമസാധുതയുള്ളതായിരുന്ന) ഉണ്ടായിരുന്നു. ബാങ്ക് ഓഫ് ഇറ്റലിയുടെ ഉദ്യോഗസ്ഥരായി ചമഞ്ഞ് കുറെപ്പേർ വ്യാജ തിരിച്ചറിയിക്കൽ കാർഡുകളുമായി പ്രായമായവരെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: “ബാങ്ക് ഓഫ് ഇറ്റലിയുടെ ഗവർണർ ഇപ്പോൾ കാബിനറ്റ് മന്ത്രിമാരുടെ പ്രസിഡൻറായ വിവരം നിങ്ങൾ അറിഞ്ഞുകാണുമല്ലോ; അതുകൊണ്ട് ബാങ്ക് നോട്ടുകളിലുള്ള അദ്ദേഹത്തിന്റെ ഒപ്പിന് ഇനിമേൽ യാതൊരു വിലയുമില്ല. ഓരോ കുടുംബത്തിൽനിന്നും പഴയ ബാങ്ക് നോട്ടുകൾ ശേഖരിച്ച് പകരം പുതിയ ഗവർണറുടെ ഒപ്പുള്ള പുതിയ നോട്ടുകൾ നൽകാനുള്ള ചുമതല ഞങ്ങൾക്കാണ് . . . രസീത് ഇതാ. മറ്റന്നാൾ ഈ രേഖയുമായി നിങ്ങളുടെ ബാങ്കിൽ ചെല്ലുക. നിങ്ങൾ ഇപ്പോൾ ഞങ്ങൾക്കു കൈമാറിയ തുക തിരികെ ലഭിക്കുന്നതായിരിക്കും.” ഈ തന്ത്രം ഉപയോഗിച്ച് തട്ടിപ്പുകാർ ഒറ്റ ദിവസംകൊണ്ട് 1.5 കോടി ലയർ (9,000 ഡോളറോളം) കൈക്കലാക്കി!
ഇറ്റലിയിലെ ചില തട്ടിപ്പുകാർ തെരുവുകളിൽവെച്ച് പ്രായമായവരുൾപ്പെടെ ജാഗ്രതയില്ലാത്തവരെ സമീപിക്കുന്നു. എന്നിട്ട് അവരോട് ഒരു സർവേയിൽ പങ്കെടുക്കാൻ ആവശ്യപ്പെടുന്നു. സർവേയിൽ പങ്കെടുത്തെന്ന് ഉറപ്പു വരുത്താനാണെന്നു പറഞ്ഞ് ഒപ്പിടാൻ അവർക്ക് കടലാസുകൾ നൽകുന്നു. വാസ്തവത്തിൽ എന്തെങ്കിലും ചെയ്യാനോ വാങ്ങാനോ തങ്ങളെ ബാധ്യസ്ഥരാക്കുന്ന ഒരു കരാറിലായിരിക്കും അവർ ഒപ്പിടുന്നത്.
കുറച്ചു ദിവസങ്ങൾക്കുശേഷം തട്ടിപ്പിനിരയായ വ്യക്തിക്ക് തപാൽവഴി ഒരു പാഴ്സൽ ലഭിക്കുന്നു. പാഴ്സൽ പൊതിഞ്ഞിരിക്കുന്ന കടലാസിൽ, അത് നിരസിക്കുന്നപക്ഷം അയാൾ ഏതെങ്കിലും തരത്തിലുള്ള ശിക്ഷാനടപടികൾക്കു വിധേയനായിത്തീരുമെന്ന വ്യക്തമായ മുന്നറിയിപ്പും ഒരുപക്ഷേ ഉണ്ടായിരിക്കും. ചിലർ, വിശേഷിച്ചും പ്രായമായവർ, ഭയാക്രാന്തരാകുന്നു. കോടതിയിൽ ഹാജരാകേണ്ടിവരുന്നതിനെക്കാൾ ഭേദം ചെറിയ ഒരു തുക നൽകി മൂല്യമില്ലാത്തതാണെങ്കിലും ആ വസ്തു വാങ്ങുന്നതായിരിക്കുമെന്ന് അവർ വിചാരിക്കുന്നു.
ഇറ്റലിയിൽ തട്ടിപ്പ് എത്ര വിപുലമാണ്? ലീറ്റാൽയാ കേ ട്രൂഫാ പറയുന്നതനുസരിച്ച്, ഓരോ വർഷവും ഏതാണ്ട് 5,00,000 തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. കുറഞ്ഞത് അതിന്റെ മൂന്നിരട്ടിയെങ്കിലും സംഭവങ്ങൾ റിപ്പോർട്ടു ചെയ്യപ്പെടാതെ പോകുന്നു. ഒരു ടിവി ജേർണലിസ്റ്റ് ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഓരോ വർഷവും, വിവിധ തരത്തിലുള്ള ഏതാണ്ട് 20 ലക്ഷം—അതായത്, ദിവസം ഏതാണ്ട് അയ്യായിരംമുതൽ ആറായിരംവരെ—തട്ടിപ്പുകൾ നടക്കുന്നു.”
അങ്ങനെ പോകുന്നു കാര്യങ്ങൾ. ആളുകളിൽനിന്ന് പണം—മിക്കപ്പോഴും അവരുടെ ജീവിതസമ്പാദ്യംതന്നെ—തട്ടിയെടുക്കുന്നവർക്ക് പ്രായമൊന്നും (വർഗമോ ദേശമോ വംശമോ ഒന്നും) നോട്ടമില്ല. സൂക്ഷിക്കുക! അതു നിങ്ങൾക്കും സംഭവിക്കാം.
[8-ാം പേജിലെ ചതുരം]
തട്ടിപ്പിനിരയാകുന്നത് ഒഴിവാക്കാവുന്ന വിധം
ടെലഫോണിലൂടെ കച്ചവടം നടത്തുന്ന എല്ലാ സ്ഥാപനങ്ങളും വ്യാജമല്ല. ഉദാഹരണത്തിന്, ജോലിയിൽനിന്നു വിരമിച്ച വ്യക്തികളുടെ അമേരിക്കൻ സംഘടന (എഎആർപി) പറയുന്നതനുസരിച്ച്, 1994-ൽ ഐക്യനാടുകളിൽ ടെലഫോണിലൂടെ കച്ചവടം നടത്തുന്ന ഏതാണ്ട് 1,40,000 സ്ഥാപനങ്ങൾ ഉണ്ടായിരുന്നു. അവയിൽ 10 ശതമാനം, അതായത് 14,000 എണ്ണം, വ്യാജമായിരുന്നതായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട്, പ്രതീക്ഷിക്കാവുന്നതിനെക്കാൾ മെച്ചമായ എന്തെങ്കിലും വാഗ്ദാനങ്ങൾ ലഭിക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്. ടെലഫോണിലൂടെ കച്ചവടം നടത്തുന്നവരുടെ തട്ടിപ്പിനിരയാകുന്നത് ഒഴിവാക്കാൻ നിങ്ങളെ സഹായിക്കുന്ന ഏതാനും നിർദേശങ്ങളിതാ.
◆ നിങ്ങൾക്ക് ഒരു സൗജന്യ സമ്മാനം ലഭിച്ചിരിക്കുന്നതായി ആരെങ്കിലും ഫോണിലൂടെ പറയുകയാണെങ്കിൽ ഒരുപക്ഷേ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല സംഗതി റിസീവർ താഴെ വെക്കുകയാണ്.
◆ ടെലഫോണിലൂടെ കച്ചവടം നടത്തുന്ന ഒരാൾ, നിങ്ങളോട് സാധനം അന്നുതന്നെ വാങ്ങാൻ പറഞ്ഞ് നിർബന്ധം പിടിക്കുകയാണെങ്കിൽ അത് പൊതുവേ തട്ടിപ്പിന്റെ സൂചനയായിരിക്കും.
◆ നിങ്ങളുടെ ക്രെഡിറ്റ് കാർഡിന്റെ നമ്പർ സൂക്ഷിച്ചുവെക്കുക. ഫണ്ട് ശേഖരണത്തിനു വരുന്ന അപരിചിതർക്ക് അതു നൽകരുത്.
◆ നിങ്ങൾ മുൻകൈയെടുത്ത് വിളിക്കുകയോ തപാൽവഴി ഇടപാടുകൾ നടത്തുന്ന ആ സ്ഥാപനം സത്കീർത്തിയുള്ളതാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കുകയോ ചെയ്യാത്തപക്ഷം ആ സ്ഥാപനവുമായി ഇടപാടു നടത്തരുത്.
വീട്ടുടമസ്ഥർ, വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ സൂക്ഷിക്കണം. എഎആർപി കൺസ്യൂമർ അഫയേഴ്സ് നിർദേശിക്കുന്ന ഏതാനും മുൻകരുതലുകളിതാ:
◆ അപരിചിതരെ പണിക്കു വിളിക്കുന്നതിനുമുമ്പ് അവരെപ്പറ്റി നന്നായി അന്വേഷിക്കണം; അവരുടെ സേവനം ലഭിച്ചിട്ടുള്ള മറ്റ് ഉപഭോക്താക്കളുടെ പേരും ടെലഫോൺ നമ്പരും ചോദിച്ചുവാങ്ങുക.
◆ സൂക്ഷ്മമായി പരിശോധിക്കാതെ ഒന്നിലും ഒപ്പിടരുത്. ഏതെങ്കിലും കോൺട്രാക്റ്റോ കരാറോ ആണെങ്കിൽ അതു നിങ്ങൾക്കു മനസ്സിലായെന്നും അതിലെ എല്ലാ നിബന്ധനകളോടും നിങ്ങൾ യോജിക്കുന്നെന്നും ഉറപ്പുവരുത്തുക.
◆ ഒരു കരാർ വിവരിച്ചുതരാൻ, നിങ്ങൾക്ക് അറിയാവുന്നവരെയോ നിങ്ങൾ വിശ്വസിക്കുന്നവരെയോ അല്ലാതെ ആരെയും ഒരിക്കലും ആശ്രയിക്കരുത്. ചെറിയ അക്ഷരത്തിൽ അച്ചടിച്ചിരിക്കുന്ന വിവരങ്ങൾ തന്നെത്താൻ വായിച്ചുനോക്കുക.
◆ അറ്റകുറ്റപ്പണികൾക്കായി ഒരിക്കലും മുൻകൂർ പണം നൽകരുത്. പണിക്കുശേഷം പണം നൽകുമ്പോൾ നിങ്ങൾക്ക് തൃപ്തികരമായ വിധത്തിൽ പണി പൂർത്തിയാക്കിയിരിക്കുന്നെന്ന് ഉറപ്പുവരുത്തുക.
ജാഗ്രതയുള്ളവരായിരിക്കുക. സാമാന്യബുദ്ധി ഉപയോഗിക്കുക. നിങ്ങൾക്കു വാങ്ങാൻ താത്പര്യമില്ലെങ്കിൽ വേണ്ട എന്നുതന്നെ പറയുക. ഓർമിക്കുക: പ്രതീക്ഷിക്കാവുന്നതിനെക്കാൾ മെച്ചമായ വാഗ്ദാനമാണെങ്കിൽ അത് സാധ്യതയനുസരിച്ച് ഒരു തട്ടിപ്പായിരിക്കും.
[7-ാം പേജിലെ ചിത്രം]
പ്രായമായവരെ ഇരയാക്കാൻ തട്ടിപ്പുകാർ ആളുകളെക്കുറിച്ചു കരുതലുള്ളവരായി നടിച്ചേക്കാം