കുരിശുയുദ്ധങ്ങൾ—ഒരു ‘ദാരുണ മിഥ്യാസങ്കൽപ്പം’
ഇറ്റലിയിലെ ഉണരുക! ലേഖകൻ
ഏതാണ്ട് തൊള്ളായിരം വർഷം മുമ്പ്, അതായത് 1096-ൽ, ആദ്യത്തെ കുരിശുയുദ്ധം തുടങ്ങാറായ സമയത്ത് നിങ്ങൾ പശ്ചിമ യൂറോപ്പിലായിരുന്നു ജീവിച്ചിരുന്നതെങ്കിൽ, ആളുകളും വണ്ടികളും കുതിരകളും കപ്പലുകളും കൂട്ടമായി നീങ്ങുന്നത് ഒരുപക്ഷേ കാണുമായിരുന്നു. പൊ.യു. ഏഴാം നൂറ്റാണ്ടുമുതൽ മുസ്ലീങ്ങളുടെ നിയന്ത്രണത്തിൻ കീഴിലായിരുന്ന വിശുദ്ധ നഗരമായ യെരൂശലേമിലേക്കായിരുന്നു അവരുടെ പുറപ്പാട്.
അതായിരുന്നു ആദ്യത്തെ കുരിശുയുദ്ധം. പല ചരിത്രകാരന്മാരും എട്ടു പ്രധാന കുരിശുയുദ്ധങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. അവ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ബന്ധങ്ങളുടെ ചരിത്രത്തിനു കളങ്കമേൽപ്പിച്ചു. അവയെത്തുടർന്ന് ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പേരിലുള്ള കൂട്ടക്കൊലകളും ക്രൂരതകളും അരങ്ങേറി. അവസാനത്തെ പ്രധാന കുരിശുയുദ്ധം അരങ്ങേറിയത് ആദ്യത്തേത് നടന്ന് 174 വർഷത്തിനു ശേഷമായിരുന്നു, അതായത് 1270-ൽ.
“കുരിശ്” എന്നർഥമുള്ള ക്രൂക്സ് എന്ന ലത്തീൻ പദത്തിൽനിന്നാണ് “കുരിശുയുദ്ധം” എന്ന വാക്ക് ഉത്ഭവിച്ചിരിക്കുന്നത്. കുരിശുയുദ്ധങ്ങളിൽ പങ്കെടുത്ത പലരും കുരിശടയാളം തങ്ങളുടെ വസ്ത്രത്തിൽ തുന്നിച്ചേർത്തിരുന്നു.
കാരണങ്ങൾ
മുസ്ലീങ്ങളുടെ അധീനതയിൽനിന്നു യെരൂശലേമും വിശുദ്ധമെന്നു വിളിക്കപ്പെടുന്ന ശവകുടീരവും പിടിച്ചെടുക്കുക എന്നതായിരുന്നു കുരിശുയുദ്ധങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം. എന്നാൽ കാരണങ്ങൾ അതു മാത്രമായിരുന്നില്ല. ഏതാനും ചില സംഭവങ്ങളൊഴിച്ചാൽ, മധ്യപൂർവദേശത്തു ജീവിച്ചിരുന്ന ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരും മുസ്ലീങ്ങളും തമ്മിലുള്ള ബന്ധങ്ങൾ താരതമ്യേന സമാധാനപരമായിരുന്നു. കുരിശുയുദ്ധങ്ങൾക്കു കാരണമായ ഒരു പ്രധാന ഘടകം, അന്നു യൂറോപ്പിൽ നിലവിലിരുന്ന രാഷ്ട്രീയവും സാമ്പത്തികവും മതപരവുമായ പ്രക്ഷുബ്ധ അന്തരീക്ഷമായിരുന്നു.
ഭക്ഷ്യോത്പാദനം വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 11-ാം നൂറ്റാണ്ടിൽ പുതിയ ഗ്രാമപ്രദേശങ്ങൾ കൃഷിക്കായി നീക്കിവെച്ചു. നഗരപ്രദേശങ്ങൾക്ക് ഒരു പുതുമ കൈവന്നു. ജനസംഖ്യ വർധിച്ചുകൊണ്ടിരുന്നു. എന്നാൽ, ഭക്ഷ്യക്ഷാമം അനേകം കർഷകരെ ദാരിദ്ര്യത്തിലാഴ്ത്തിയപ്പോൾ അവരിൽ പലരും നഗരങ്ങളിലേക്കു പ്രവഹിച്ചു. അവിടെ അവരെ കാത്തിരുന്നതോ, തൊഴിലില്ലായ്മയും ദുരിതവും. അവ മിക്കപ്പോഴും പ്രതിഷേധപ്രകടനങ്ങൾക്കു വഴിതെളിച്ചു.
സമൂഹത്തിൽ തലപ്പത്ത് വിരാജിച്ചിരുന്നത് ജന്മികളായ നിരവധി ഫ്യൂഡൽ പ്രഭുക്കന്മാരായിരുന്നു. ഷാർലമാന്റെ സാമ്രാജ്യത്തിന്റെ വിഭജനം മൂലമുണ്ടായ രാഷ്ട്രീയ ശൂന്യതയെ മുതലെടുത്തുകൊണ്ട് പുതിയ പ്രദേശങ്ങൾ ജയിച്ചടക്കുക എന്നതായിരുന്നു വിദഗ്ധരായ ഈ സേനാനായകരുടെ മോഹം.
കത്തോലിക്കാസഭയും പ്രക്ഷുബ്ധതയുടെ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുകയായിരുന്നു. 1054-ൽ അതിനു പൗരസ്ത്യസഭയുടെമേലുള്ള നിയന്ത്രണം നഷ്ടമായി. തന്നെയുമല്ല, പുരോഹിതന്മാർ പലരും അധാർമികരും രാഷ്ട്രീയത്തിൽ കൈകടത്തുന്നവരുമാണെന്ന ആക്ഷേപവും ഉയർന്നുവന്നു.
ക്ലെർമോണിലെ ആഹ്വാനം
ഇങ്ങനെയൊരു അന്തരീക്ഷത്തിലാണ് ഒന്നാമത്തെ കുരിശുയുദ്ധത്തിന് അർബൻ രണ്ടാമൻ പാപ്പാ ആഹ്വാനം ചെയ്തത്. അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ, യെരൂശലേമും പാലസ്തീനും പിടിച്ചടക്കാനുള്ള സൈനികനടപടി അനേകം ഉദ്ദേശ്യങ്ങൾ നിവർത്തിക്കുമായിരുന്നു. അതു പൗരസ്ത്യ ക്രൈസ്തവലോകത്തിന്റെ ഐക്യത്തെ ബലപ്പെടുത്തുകയും റോമൻ കത്തോലിക്കാസഭയുടെ പ്രാമുഖ്യതയെ ഒന്നുകൂടി സ്ഥിരീകരിക്കുകയും ചെയ്യുമായിരുന്നു. സമൂഹത്തിലെ ഉന്നതർക്കിടയിൽ കലഹങ്ങൾ അഴിച്ചുവിടുന്നതിനുള്ള ഒരു മാർഗമായും അത് ഉതകുമായിരുന്നു. ഇവർ മതപരവും, സർവോപരി, സാമ്പത്തികവുമായ നേട്ടങ്ങൾക്കു വേണ്ടി സഭയുടെ സായുധവിഭാഗത്തിന്റെ ഭാഗമായിത്തീർന്നുകൊണ്ട് തങ്ങളുടെ സൈനിക വൈദഗ്ധ്യം ഒരു “ഉത്കൃഷ്ട” ഉദ്ദേശ്യത്തിനായി ഉപയോഗിക്കുമായിരുന്നു.
ഫ്രാൻസിലുള്ള ക്ലെർമോണിലെ വൈദികസഭയ്ക്കു മുമ്പാകെ 1095 നവംബർ 27-ന് അർബൻ തന്റെ ആഹ്വാനം നടത്തി. തങ്ങളുടെ ശത്രുക്കൾ ദിവ്യപ്രതികാരം അർഹിക്കുന്ന ദുഷ്ടരാണെന്ന ചിത്രമാണ് സഭ അവരെക്കുറിച്ചു നൽകിയത്. മുസ്ലീങ്ങളിൽനിന്നു പൗരസ്ത്യ “ക്രിസ്ത്യാനിക”ളെ സംരക്ഷിക്കാൻ യുദ്ധം അനിവാര്യമാണെന്ന് ഒന്നാമത്തെ കുരിശുയുദ്ധത്തിൽ പങ്കെടുത്ത ഒരു പുരോഹിതനായ ഫുഷേ ഡഷർട്ര പറയുകയുണ്ടായി. വഴിയിൽവെച്ചോ യുദ്ധത്തിൽവെച്ചോ മരിക്കുന്നവർക്ക് പാപങ്ങളുടെ സത്വരമോചനം വാഗ്ദാനം ചെയ്യപ്പെട്ടു. ജന്മികൾക്കു തങ്ങളുടെ ഭ്രാതൃഹത്യാപരമായ തർക്കങ്ങളെ “ക്രിസ്തീയ വൈരികൾ”ക്കെതിരെയുള്ള “വിശുദ്ധ” യുദ്ധമാക്കി മാറ്റാൻ കഴിഞ്ഞു. പിൽക്കാലത്ത് ആദ്യ കുരിശുയുദ്ധത്തിന്റെ ആദർശവാക്യമായിത്തീർന്ന “അതു ദൈവഹിതമാണ്!” എന്ന വാക്കുകൾ വൈദികസഭയിൽ മുഴങ്ങിക്കേട്ടു.
രണ്ടു പുറപ്പെടലുകൾ
പുറപ്പെടാനുള്ള തീയതിയായി 1096 ആഗസ്റ്റ് 15 നിശ്ചയിച്ച ഉടനേ, സൈനിക പ്രവർത്തനങ്ങളുടെ ചുമതല ഭരമേൽപ്പിക്കപ്പെട്ടിരുന്ന അൽമായ പ്രഭുക്കന്മാരുടെ പിന്തുണ പാപ്പാ ഉറപ്പു വരുത്തി. ഈ ദൗത്യകാലത്ത് അവരുടെ സ്വത്തുക്കൾ സംരക്ഷിക്കാമെന്നു സഭ ഉറപ്പു നൽകി. സംഭാവനകൾ നൽകി ആ ദൗത്യത്തിനു പിന്തുണയേകാൻ അത്ര ധനികരല്ലാത്തവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
എന്നിരുന്നാലും, നിശ്ചയിച്ചിരുന്ന തീയതിക്കു മുമ്പേ ചിലർ പുറപ്പെട്ടു. പരിശീലനമോ ശിക്ഷണമോ ലഭിക്കാത്ത ഈ കൂട്ടത്തിൽ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. പാപ്പരെസ് ക്രിസ്റ്റി (ക്രിസ്തുവിന്റെ ദരിദ്രർ) എന്നാണ് അവർ വിളിക്കപ്പെട്ടത്. അവരുടെ ലക്ഷ്യസ്ഥാനം യെരൂശലേമായിരുന്നു. പ്രക്ഷോഭകാരികളായിരുന്നു അവർക്കു നേതൃത്വം കൊടുത്തിരുന്നത്. ഒരുപക്ഷേ അവരിൽ ഏറ്റവും പ്രസിദ്ധൻ പീറ്റർ ദ ഹെർമിറ്റ് ആയിരുന്നു. 1095-ന്റെ അവസാനത്തോടടുത്ത് ആളുകളുടെയിടയിൽ മതപ്രസംഗം നടത്താൻ തുടങ്ങിയ ഒരു സന്ന്യാസിയായിരുന്നു അദ്ദേഹം.
മധ്യയുഗത്തിലെ ഒരു വൃത്താന്തകാരനായ എക്സിലെ ആൽബെർട്ട് പറയുന്നപ്രകാരം, പീറ്റർ നേരത്തേ യെരൂശലേമിലേക്കു യാത്ര ചെയ്തിട്ടുണ്ടായിരുന്നു. ഒരു രാത്രിയിൽ അദ്ദേഹത്തിനൊരു ദർശനമുണ്ടായെന്നും അതിൽ, യെരൂശലേമിലെ പാത്രിയാർക്കീസിന്റെ അടുക്കൽ പോകണമെന്നും പാശ്ചാത്യദേശത്തേക്കു തിരിച്ചു കൊണ്ടുപോകാനുള്ള അധികാരപത്രങ്ങൾ അദ്ദേഹം നൽകുമെന്നും ക്രിസ്തു പറഞ്ഞതായി പറയപ്പെടുന്നു. ആ സ്വപ്നം സത്യമായി ഭവിച്ചെന്നും കത്തു കിട്ടിയശേഷം റോമിലേക്കു പുറപ്പെട്ട പീറ്റർ അവിടെവെച്ച് പാപ്പായെ കണ്ടെന്നും ആൽബെർട്ട് പറഞ്ഞു. ആൽബെർട്ടിന്റെ വിവരണം സത്യവും മിഥ്യയും കൂടിക്കലർന്നതാണ്. എന്നാൽ, ഉണ്ടായെന്നു പറയപ്പെടുന്ന ഈ സ്വപ്നങ്ങളും ദർശനങ്ങളും കത്തുകളും ആളുകളെ പ്രചോദിപ്പിക്കുന്നതിൽ ശക്തമായ പ്രഭാവം ചെലുത്തി.
പീറ്റർ ദ ഹെർമിറ്റിന്റെ കൂടെക്കൂടിയ സംഘം 1096 ഏപ്രിൽ 20-ന് കൊളോണിൽനിന്നു പുറപ്പെട്ടു. സമുദ്രയാത്രയ്ക്കു വകയില്ലാതിരുന്ന പാപ്പരെസിന് വിശുദ്ധ നാട്ടിലേക്കുള്ള ദീർഘദൂരം കാൽനടയായോ കേടുപറ്റിയ വണ്ടികളിലോ യാത്ര ചെയ്യേണ്ടിവന്നു. പെട്ടെന്നുതന്നെ ഭക്ഷണവും ആയുധങ്ങളും തീർന്നുപോയ അവർ വഴിക്കുവെച്ചു തദ്ദേശീയരെ കൊള്ളയടിക്കാൻ തുടങ്ങി. അശിക്ഷിതരായ ഈ “ക്രിസ്തുയോദ്ധാക്ക”ളുടെ വരവിൽ ആ നാട്ടുകാർ അമ്പരന്നുപോയി.
കുരിശുയോദ്ധാക്കളോട് ആദ്യം എതിരിട്ടവർ യൂറോപ്പിലെ യഹൂദരായിരുന്നു, ദുഷിച്ച ബിഷപ്പുമാർക്കു പണം കടം കൊടുത്തു എന്നായിരുന്നു അവരെക്കുറിച്ച് ഉന്നയിച്ച ആരോപണം. പീറ്റർ ദ ഹെർമിറ്റിന്റെ അനുഗാമികൾ അവർ പുറപ്പെട്ട നഗരങ്ങളായ റൂയാനിലും കൊളോണിലും യഹൂദന്മാർക്കെതിരെ അക്രമങ്ങൾ അഴിച്ചുവിട്ടു. “ക്രിസ്ത്യാനികൾ തങ്ങളുടെ കുഞ്ഞുങ്ങളെപോലും വെറുതെ വിടുകയോ ഒരുത്തരോടും ദയ കാണിക്കുകയോ ചെയ്യുന്നില്ലെന്ന്” മെയിൻസിലെ യഹൂദന്മാർ കണ്ടപ്പോൾ “അവർതന്നെ തങ്ങളുടെ സഹോദരന്മാരെയും ഭാര്യമാരെയും അമ്മമാരെയും സഹോദരിമാരെയും ആക്രമിക്കുകയും പരസ്പരം കൊല്ലുകയും ചെയ്തു”വെന്ന് എക്സിലെ ആൽബെർട്ട് പ്രസ്താവിക്കുന്നു. “ഏറ്റവും ഹൃദയഭേദകമായ സംഗതി, അമ്മമാർതന്നെ തങ്ങളുടെ മുലകുടിമാറാത്ത കുഞ്ഞുങ്ങളുടെ കഴുത്തറക്കുകയോ അവരെ കുത്തിക്കൊല്ലുകയോ ചെയ്തുവെന്നതായിരുന്നു. അഗ്രചർമികളുടെ കയ്യാലുള്ള മരണത്തെക്കാൾ സ്വന്തകരങ്ങളാൽ മരിക്കാനായിരുന്നു അവർക്കിഷ്ടം.”
ഏഷ്യാമൈനറിലേക്കുള്ള വഴിമധ്യേ ബാൾക്കനിലും സമാനമായ സംഗതികൾ ആവർത്തിക്കപ്പെട്ടു. ജനക്കൂട്ടം കോൺസ്റ്റാൻറിനോപ്പിളിൽ എത്തിയ ഉടനെ, അത്തരം കുഴപ്പങ്ങൾ ഒഴിവാക്കാൻ ചക്രവർത്തിയായ അലെക്സിയസ് ഒന്നാമൻ ഏഷ്യൻ തീരത്തേക്കു യാത്ര ചെയ്യാൻ പാപ്പരെസിനെ സഹായിച്ചു. അവിടെ, അനവധി സ്ത്രീകളും കുട്ടികളും രോഗികളും വൃദ്ധരും മുസ്ലീം സൈന്യങ്ങളാൽ വധിക്കപ്പെട്ടു. കോൺസ്റ്റാൻറിനോപ്പിളിലേക്കു മടങ്ങുന്നതിൽ ഏതാനും അതിജീവകരേ വിജയിച്ചുള്ളൂ.
അതിനിടയിൽ, 1096-ലെ വേനൽക്കാലത്ത്, പരിശീലിത സൈന്യങ്ങൾ പുറപ്പെട്ടു. അന്നത്തെ പ്രമുഖ നേതാക്കന്മാരായിരുന്നു അവർക്കു നേതൃത്വം കൊടുത്തത്. പാപ്പരെസിന്റെ നേരത്തേയുള്ള വിക്ഷുബ്ധമായ പുറപ്പാട് അർബൻ പാപ്പായെ ആകുലപ്പെടുത്തിയിരുന്നു. പൂർവദേശത്തേക്കുള്ള കുരിശുയോദ്ധാക്കളുടെ പ്രവാഹം തടയുന്നതിനായി അദ്ദേഹം ക്രമീകരണങ്ങൾ ചെയ്തു. ഇപ്പോൾ പുറപ്പെടുന്നവർ തങ്ങൾക്കു വേണ്ടത്ര ഭക്ഷ്യശേഖരം ഉണ്ടെന്നു കാണിക്കണമായിരുന്നു. സ്ത്രീകളും കുട്ടികളും വൃദ്ധരും ദരിദ്രരും ഇതിൽ പങ്കെടുക്കുന്നതു നിയന്ത്രിക്കുക എന്നതായിരുന്നു ലക്ഷ്യം.
ജയിച്ചടക്കലുകളും മറ്റു കൂട്ടക്കൊലകളും
കോൺസ്റ്റാൻറിനോപ്പിളിൽവെച്ച് ഒന്നിച്ചുകൂടിയശേഷം സൈന്യങ്ങളും പ്രഭുക്കളും അതിജീവിച്ച പാപ്പരെസുകളും തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കു നീങ്ങി. വീണ്ടും ദൈവത്തിന്റെ പേരിൽ അക്രമങ്ങൾ അരങ്ങേറി. അന്ത്യോക്ക്യയെ ഉപരോധിച്ച സമയത്ത് ശത്രുക്കളെ വധിച്ചശേഷം കുരിശുയോദ്ധാക്കൾ “ശവശരീരങ്ങൾ കൂട്ടമായി ശവക്കുഴിയിലെറിഞ്ഞിട്ട് അവയുടെ എണ്ണം തിട്ടപ്പെടുത്താൻ ഛേദിച്ചെടുത്ത ശിരസ്സുകൾ തങ്ങളുടെ പാളയത്തിലേക്കു കൊണ്ടുപോയി. എന്നാൽ, നാലു ലോഡ് തലകൾ കുതിരപ്പുറത്തേറ്റി തീരപ്രദേശത്തേക്ക്, അതായത് ബാബിലോൻ അധിപന്റെ അംബാസഡർമാരുടെ പക്കലേക്ക് അയയ്ക്കുകയുണ്ടായി” എന്നു വൃത്താന്തകാരനായ പെട്രൂസ് ട്യൂഡെബോഡൂസ് വിവരിക്കുന്നു.
1099 ജൂലൈ 15-ന് യെരൂശലേം കുരിശുയോദ്ധാക്കൾക്കു കീഴടങ്ങി. അജിലേയിലെ റെയ്മണ്ട് ഇങ്ങനെ വിവരിക്കുന്നു: “ഭീകരമായ ഒരു ദൃശ്യമായിരുന്നു അത്. ശത്രുക്കളിൽ ചിലർ ശിരച്ഛേദം ചെയ്യപ്പെട്ടു, അവർ ഭാഗ്യവാന്മാർ; മറ്റു ചിലർ മതിലുകളിൽനിന്നു വീണു, അവരുടെ ശരീരത്തിൽ അമ്പുകൾ തറച്ചുകയറി; മറ്റു പലരും തീയിൽ വെന്തുമരിച്ചു. ഛേദിക്കപ്പെട്ട ശിരസ്സുകളും കൈകാലുകളും തെരുക്കളിലും നഗരചത്വരങ്ങളിലും ചിതറിക്കിടന്നിരുന്നു.” എന്നാൽ, കുരിശുയോദ്ധാക്കൾ അപ്പോഴും മതത്തിന്റെ പേരിൽ അക്രമത്തെ ന്യായീകരിക്കാനാണു ശ്രമിച്ചത്.
മിഥ്യാസങ്കൽപ്പത്തിനു തിരശ്ശീല
ആ ജയം യെരൂശലേം എന്ന ലത്തീൻ രാജ്യത്തിന്റെ പിറവിക്കു കാരണമായി. പൂർവദേശത്ത് ഓരോരോ സ്ഥാനങ്ങളിലേറിയ ജന്മിമാരുടെ ഇടയിൽ കിടമത്സരം പൊട്ടിപ്പുറപ്പെട്ടു. അതിനാൽ ആ രാജ്യത്തിന്റെ നിലനിൽപ്പ് അപകടത്തിലായിരുന്നു. അതിനിടയ്ക്ക്, മുസ്ലീങ്ങൾ സൈന്യത്തെ പുനഃസംഘടിപ്പിച്ചു. പാലസ്തീനിലെ പ്രദേശം നഷ്ടപ്പെടുത്താൻ തീർച്ചയായും അവർക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല.
ക്രമേണ, മറ്റു കുരിശുയുദ്ധങ്ങളും സംഘടിപ്പിക്കപ്പെട്ടു, അവസാനത്തേത് 1270-ലായിരുന്നു. എന്നിരുന്നാലും, പരാജയങ്ങൾ നിമിത്തം മതത്തിന്റെ പേരിലുള്ള അത്തരം നടപടികളുടെ സാധുതയെ പലരും സംശയിക്കാൻ തുടങ്ങി. ദൈവം “വിശുദ്ധ” യുദ്ധങ്ങളെ വാസ്തവത്തിൽ അംഗീകരിച്ചുവെങ്കിൽ, അവന്റെ അനുഗ്രഹത്തോടെ പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെട്ടിരുന്നവരെ അവൻ തീർച്ചയായും സഹായിക്കുമായിരുന്നു. എന്നാൽ 13-ാം നൂറ്റാണ്ടു മുതൽ, അത്തരം മതയുദ്ധങ്ങളെയും അവയിൽ പുരോഹിതവർഗത്തിനുള്ള പങ്കിനെയും നീതീകരിക്കാനാണു സഭാനിയമജ്ഞർ ശ്രമിച്ചത്.
ആദ്യത്തെ കുരിശുയോദ്ധാക്കളെ കർമോജ്വലരാക്കിയ തീക്ഷ്ണതയ്ക്കു മങ്ങലേറ്റു. അതിലും പ്രധാനമായി, യുദ്ധങ്ങൾ തുടർന്നാൽ അത് പാശ്ചാത്യനാടിന്റെ സാമ്പത്തിക താത്പര്യങ്ങളുടെ അടിത്തറയിളക്കുമായിരുന്നു. അങ്ങനെ യൂറോപ്യൻ ക്രൈസ്തവലോകത്തിന്റെ തദ്ദേശ ശത്രുക്കൾക്ക്—അതായത്, സ്പെയിനിലെ മുസ്ലീങ്ങൾക്കും “മതവിരോധികൾ”ക്കും ഉത്തര യൂറോപ്പിലെ വിജാതീയർക്കും—നേർക്കായി ആക്രമണം.
1291-ൽ കുരിശുയുദ്ധക്കാരുടെ അവസാനത്തെ ശക്തികേന്ദ്രമായിരുന്ന അക്ര മുസ്ലീങ്ങൾക്കു കീഴടങ്ങി. യെരൂശലേമും ‘വിശുദ്ധ കുടീര’വും മുസ്ലീങ്ങളുടെ അധീനതയിൽ തുടർന്നു. രണ്ടു നൂറ്റാണ്ടുകാലത്തെ പോരാട്ടത്തിൽ, മതപരമായ പ്രശ്നങ്ങളെ ഭരിച്ചിരുന്നത് സാമ്പത്തിക-രാഷ്ട്രീയ താത്പര്യങ്ങളായിരുന്നു. ഇറ്റാലിയൻ ചരിത്രകാരനായ ഫ്രാങ്കോ കാർഡിനി ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഈ സമയമായപ്പോഴേക്കും കുരിശുയുദ്ധങ്ങൾ സങ്കീർണമായ ഒരു രാഷ്ട്രീയ-സാമ്പത്തിക കരുനീക്കമായി മാറിക്കഴിഞ്ഞിരുന്നു. ബിഷപ്പുമാരും സന്ന്യാസിമാരും രാജാക്കന്മാരും പിരിവുകാരും പണമിടപാടുകാരും ഉൾപ്പെട്ട ഒരു അധികാരക്കളിയായിരുന്നു അത്. ഈ കളിയിൽ . . . സകല പ്രാധാന്യവും നഷ്ടപ്പെട്ടത് യേശുവിന്റെ കുടീരത്തിനായിരുന്നു.” കാർഡിനി ഇങ്ങനെയും പറയുന്നു: “കുരിശുയുദ്ധങ്ങളുടെ ചരിത്രം, ഏറ്റവും വലിയ അബദ്ധത്തിന്റെയും ഏറ്റവും സങ്കീർണമായ വഞ്ചനയുടെയും അതിദാരുണവും ചില വിധങ്ങളിൽ അതിപരിഹാസ്യവുമായ ക്രൈസ്തവലോകത്തിന്റെ മൂഢവിശ്വാസത്തിന്റെയും ചരിത്രമാണ്.”
അവഗണിക്കപ്പെടുന്ന പാഠം
ദ്രവ്യാഗ്രഹത്തിനും രാഷ്ട്രീയ പ്രാമുഖ്യതയ്ക്കുള്ള മോഹത്തിനും മതഭ്രാന്തിലേക്കും കൂട്ടക്കൊലയിലേക്കും നയിക്കാനാകുമെന്നു കുരിശുയുദ്ധങ്ങളും അവയുടെ പരാജയവും പഠിപ്പിക്കേണ്ടതായിരുന്നു. എന്നാൽ ആ പാഠം അവഗണിക്കപ്പെടുകയാണ് ചെയ്തിട്ടുള്ളത്. നമ്മുടെ ഗ്രഹത്തിന്റെ പല ഭാഗങ്ങളെയും രക്തപങ്കിലമാക്കിയിരിക്കുന്ന അനേകം പോരാട്ടങ്ങൾ അതിന്റെ തെളിവാണ്. ഈ പോരാട്ടങ്ങളിൽ, മതം മിക്കപ്പോഴും മ്ലേച്ഛതകൾക്കുള്ള ഒരു മറയായി നിലകൊള്ളുന്നു.
എന്നാൽ അത് അധിക നാളത്തേക്കുണ്ടാവില്ല. കുരിശുയുദ്ധങ്ങളെ ഊട്ടിവളർത്തിയിട്ടുള്ളതും ആധുനികകാല “വിശുദ്ധ” യുദ്ധങ്ങളെ ഊട്ടിവളർത്തിക്കൊണ്ടിരിക്കുന്നതുമായ മനോഭാവം പെട്ടെന്നുതന്നെ ഇല്ലാതാകും, ഒപ്പം വ്യാജമതവും സാത്താന്റെ ഭരണത്തിനു കീഴ്പെട്ടിരിക്കുന്ന മുഴു വ്യവസ്ഥിതിയും.—സങ്കീർത്തനം 46:8, 9: 1 യോഹന്നാൻ 5:19; വെളിപ്പാടു 18:4, 5, 24.
[12-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
The Complete Encyclopedia of Illustration/J. G. Heck
[15-ാം പേജിലെ ചിത്രം]
മുകളിൽ: ജർമനിയിലെ വേംസിലുള്ള യഹൂദ ശ്മശാനം—ഒന്നാമത്തെ കുരിശുയുദ്ധത്തിൽ നടന്ന കൂട്ടക്കൊലയുടെ സ്മാരകം
ഇടത്ത്: ഒരു കുരിശുയോദ്ധാവിന്റെ ശിലാശിൽപ്പം
ഏറ്റവും ഇടത്ത്: കുരിശുയുദ്ധം നടത്തിയ ഒരു പ്രശസ്ത കുടുംബത്തിന്റെ പദവിചിഹ്നം
[കടപ്പാട്]
പദവിചിഹ്നവും ശിരസ്സും: Israel Antiquities Authority; ചിത്രങ്ങൾ: ഇസ്രായേൽ മ്യൂസിയം, യെരൂശലേം