കിരീടധാരികളായ കൊക്കുകൾ—വർണഭംഗിയാർന്ന ചൂഡയുള്ള നർത്തകർ
കെനിയയിലെ ഉണരുക! ലേഖകൻ
കിരീടധാരിയായ കൊക്ക് ലോകത്തിലെ ഏറ്റവും മനോഹരമായ പക്ഷികളിലൊന്നാണ്. മൃദുവർണങ്ങളും രൂപഭംഗിയുമുള്ള പ്രൗഢിയാർന്ന ഒരു പക്ഷിയാണത്. ഒരു മീറ്ററിലധികം നീളം, നല്ല ചിറകുവിരിവ്, മൃദുലമെങ്കിലും മറ്റു കൊക്കുകൾക്കുള്ളതുപോലെ നീണ്ട കഴുത്തും.
കിരീടധാരിയായ ആൺകൊക്കിനെയും പെൺകൊക്കിനെയും കണ്ടാൽ ഒരുപോലിരിക്കും. ഈ പക്ഷിയുടെ ഇരുവശങ്ങളിലും കാണുന്ന തൂവെള്ള ചിറകിൻതൂവലുകൾക്കു വാൽഭാഗത്തേക്കു ചെല്ലുമ്പോൾ തങ്കവർണം കൈവരുന്നു. മുതുകിലെ കറുത്ത തൂവലുകൾ അവയ്ക്ക് ആകർഷകമായ ഒരു ചട്ടക്കൂടുപോലെ വർത്തിക്കുന്നു. ചിറകിലെ മറ്റു തൂവലുകൾക്കു ചുവപ്പുകലർന്ന തവിട്ടുനിറമാണ്.
കിരീടധാരിയായ കൊക്കിന്റെ മുഖം കാഴ്ചയ്ക്കു വളരെ ഹൃദ്യമാണ്. അതിന്റെ കവിളുകൾക്ക് ആനക്കൊമ്പിന്റെ നിറമാണ്. ഉച്ചിയിലും തൊണ്ടയിലുമുള്ള തൂവലുകൾക്കു കരിന്താളിയുടെ നിറവും. കണ്ണുകളുടെ നിറം ഇളംനീലയാണ്. കരിന്തൂവലുകളുള്ള തൊണ്ടയിൽനിന്ന് നീണ്ട, കടുംചുവപ്പു നിറത്തിലുള്ള താട തൂങ്ങിക്കിടക്കുന്നു. കൊക്ക് കഴുത്ത് തിരശ്ചീനമായി നീട്ടുമ്പോൾ കടുംവർണത്തിലുള്ള ഒരു ആഭരണംപോലെ അതു തൂങ്ങിയാടും. എല്ലാറ്റിലും ശ്രദ്ധേയമായത് നേർത്ത, തങ്കവർണത്തിലുള്ള ശിരോതൂവലുകളിലെ പകിട്ടാർന്ന പപ്പുകളാണ്. അവയെല്ലാം ചേർന്ന് മനോഹരമായ ഒരു ഉജ്ജ്വല കിരീടം കണക്കെ തോന്നിക്കുന്നു. ഉജ്ജ്വലമായ, നേർത്ത ഈ തൂവലുകൾ സൂര്യകിരണങ്ങളേൽക്കുമ്പോൾ തങ്കവർണത്തിൽ തിളങ്ങുന്നു. പകിട്ടേറിയ ഈ വിരുദ്ധവർണങ്ങളെല്ലാം നീണ്ട് വണ്ണം കുറഞ്ഞ രണ്ടു കറുത്ത കാലുകൾക്കുമീതെ നന്നായി സമീകരിക്കപ്പെട്ടിരിക്കുന്നു.
കിരീടധാരിയായ കൊക്കിന്റെ കാഹളധ്വനി ആഫ്രിക്കയിലെ അവിസ്മരണീയമായ ശബ്ദങ്ങളിലൊന്നാണ്: ഓവാങ്! ഓവാങ്! ഓവാങ്! ഉച്ചത്തിലുള്ള ഈ വിളി വളരെ അകലെപ്പോലും കേൾക്കാം. ചേക്കേറുന്ന വൃക്ഷങ്ങളിലേക്കോ അവയിൽനിന്നോ പറക്കുമ്പോൾ ഇണക്കൊക്കുകൾ മിക്കപ്പോഴും ഒന്നിച്ച് ഈ ശബ്ദം പുറപ്പെടുവിക്കാറുണ്ട്. വർഷത്തിലെ ചില സമയങ്ങളിൽ കിരീടധാരികളായ കൊക്കുകൾ ഒന്നിച്ചുകൂടുന്നു, 30-ഓളം കണ്ടേക്കാം അവയുടെ എണ്ണം. അപ്പോഴവ കാതുകൾക്ക് ഇമ്പമേകുന്ന ലയരഹിത ശബ്ദം പുറപ്പെടുവിക്കാറുണ്ട്.
മാതൃ-പിതൃ പരിപാലനം
കിരീടധാരികളായ കൊക്കുകൾ ആജീവനാന്ത ഇണബന്ധം നിലനിർത്തുന്നവയാണ്. ആഫ്രിക്കയുടെ കിഴക്കൻ ഭാഗങ്ങളിൽ പലയിടത്തും, പ്രത്യേകിച്ച് ചതുപ്പുനിലങ്ങളിലും ചെളിപ്രദേശങ്ങളിലും, അവയെ കാണാം. അവിടെ അവ കൂടുകെട്ടി കുഞ്ഞുങ്ങളെ വളർത്തുന്നു. പുല്ലും ഞാങ്ങണയും കൊണ്ടുണ്ടാക്കിയ കോണാകൃതിയിലുള്ള ഒരു വലിയ കൂനയാണ് അതിന്റെ കൂട്. അങ്ങനെയുണ്ടാക്കുന്ന കൂടിന്റെ തട്ടിൽ പെൺകൊക്ക് രണ്ടോ മൂന്നോ വലിയ മുട്ടകളിടുന്നു. അവയുടെ നിറം പച്ച കലർന്ന നീലയായിരിക്കും. ആൺകൊക്കും പെൺകൊക്കും മാറിമാറി അടയിരിക്കും. ഒരു മാസത്തിനുള്ളിൽ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളുണ്ടാകുന്നു. പിഞ്ചുകുഞ്ഞുങ്ങളെ പോറ്റാനും പരിപാലിക്കാനുമായി ഇരുപക്ഷികളും കൂട്ടായി പ്രവർത്തിക്കുന്നു. പറക്കമുറ്റാത്ത ഈ പിഞ്ചുകുഞ്ഞുങ്ങളെ അവ നിർഭയം സംരക്ഷിക്കുന്നു.
പ്രാണികൾ, തവളകൾ, ചെറിയ പാമ്പുകൾ, വിത്തുകൾ തുടങ്ങിയവയൊക്കെയാണ് കിരീടധാരിയായ കൊക്കിന്റെ പ്രധാന ഭക്ഷണം. നീണ്ട് വണ്ണം കുറഞ്ഞ കാലുകളും വലിയ പാദങ്ങളുമുപയോഗിച്ച് അവ നിലത്ത് അമർത്തിച്ചവിട്ടും. അപ്പോൾ പുല്ലുകൾക്കിടയിൽനിന്ന് ഓടിപ്പോകുന്ന കൊച്ചുപ്രാണികളെ അവ അകത്താക്കുന്നു.
പക്ഷിനടനം
കിരീടധാരികളായ കൊക്കുകൾ ആനന്ദം പകരുന്ന ഊർജസ്വലരായ നർത്തകരാണ്. വർണഭംഗിയാർന്ന അതിന്റെ വലിയ ചിറകുകൾ അടിച്ചുകൊണ്ട് അതു വായുവിൽ കുത്തനെ പറന്നുപൊങ്ങിയിട്ട്, ഒരു പാരച്ചൂട്ടിലെന്നപോലെ മെല്ലെ നിലത്തേക്കു താഴ്ന്നിറങ്ങുന്നു. മനോജ്ഞമായി ചാടിനടക്കുന്ന അത് ഒന്നോടിയിട്ട് വായുവിലേക്ക് കുതിച്ചുചാടി, ഝടുതിയിലുള്ള രസികൻ ചലനങ്ങളോടെ തല വെട്ടിച്ചുകൊണ്ട് ഇണയ്ക്കു ചുറ്റും നടക്കുന്നു. അവ വലിയ ചിറകുകൾ വിരിച്ചുപിടിച്ച് നിവർന്നു നിൽക്കുകയും ചിറകിലെ തൂവലുകളുടെ സുന്ദരവർണങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.
ചിലപ്പോൾ ഇണകൾ അഴകാർന്ന രീതിയിൽ കഴുത്തുകൾ വളച്ചുപിടിച്ച് പരസ്പരം കണ്ണിൽക്കണ്ണിൽ നോക്കിനിൽക്കും. കൊക്കോടുകൊക്കുരുമ്മി ഇരുകിളികളും താഴ്ന്ന ശബ്ദത്തിൽ തുടർച്ചയായി അന്യോന്യം പ്രേമഗാനം ആലപിക്കുന്നതുപോലെ തോന്നും. നിവർന്നുനിന്ന് അവ വീണ്ടും തങ്ങളുടെ നടനം തുടരുകയായി.
അതിജീവിക്കാനുള്ള പോരാട്ടം
കിരീടധാരികളായ കൊക്കുകൾ മനുഷ്യരെ ഭയമുള്ളവയല്ല, അവയെ മെരുക്കിയെടുക്കാനും എളുപ്പമാണ്. അവയുടെ വർണഭംഗിയും ആകാരസൗഷ്ഠവവും മനംമയക്കുന്ന നടനപ്രാപ്തികളും നിമിത്തം മൃഗശാലകളിൽ അവയ്ക്കു പ്രിയമുണ്ടെന്നു മാത്രമല്ല, സ്വകാര്യ സ്ഥലങ്ങളിലും പൂന്തോട്ടങ്ങളിലും അഴകിനായി അവയെ വളർത്താറുമുണ്ട്. ഇത്രയധികം പ്രിയമുള്ളതുകൊണ്ട് അവയുടെ എണ്ണം കുറഞ്ഞുവരുന്നതിൽ അതിശയിക്കാനില്ല. ചതുപ്പുനിലങ്ങൾ വറ്റിക്കുന്നതും തടാകങ്ങളെയും അരുവികളെയും മലീമസമാക്കുന്ന വിഷപദാർഥങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നതും കിരീടധാരികളായ കൊക്കുകളെ അപകടത്തിലാക്കുന്നു.
കിരീടധാരിയായ കൊക്കിനെ കാണാനില്ലാത്ത, അതിന്റെ നാദം കേൾക്കാനില്ലാത്ത ഒരു നാൾ വന്നാൽ അതു സങ്കടകരമായിരിക്കും. എന്നിരുന്നാലും, മുഴുഭൂമിയും പുതുക്കപ്പെടുമെന്നു ബൈബിൾ വാഗ്ദാനം ചെയ്യുന്നു. (2 പത്രൊസ് 3:13 താരതമ്യം ചെയ്യുക.) അപ്പോൾ ഭൂമിയിലെ സകല നിവാസികളും, ദിവ്യനിർമാതാവായ യഹോവയാം ദൈവത്തിന്റെ സൃഷ്ടിപാടവത്തിലും അവന്റെ വർണഭംഗിയാർന്ന, ചൂഡയുള്ള ഈ നർത്തകരിലും എന്നെന്നും ആനന്ദിക്കും.