ഞങ്ങളുടെ വായനക്കാരിൽ നിന്ന്
തൊട്ടിൽ മരണം “ലോകത്തെ വീക്ഷിക്കൽ” എന്നതിലെ “തൊട്ടിൽ മരണങ്ങളെ പുകവലിയുമായി ബന്ധപ്പെടുത്തുന്നു” (ജനുവരി 22, 1997) എന്ന ഇനത്തിനു നന്ദി. ഏതൊരു മാതാവും അത് ഗൗരവമായെടുക്കുമെന്നാണ് എന്റെ പ്രത്യാശ. സിഡ്സ് (ക്ഷിപ്ര ശിശുമൃത്യുവ്യാധി) നിമിത്തം എനിക്കെന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടേനെ. കാരണം, ഗർഭിണിയായിരുന്നപ്പോൾ ഞാൻ പുകവലിച്ചിരുന്നു. അത്യാസന്നനില തരണം ചെയ്തശേഷം ഒരു വർഷത്തേക്ക്, ഉറങ്ങുമ്പോഴൊക്കെ അവന് ഒരു ഹൃദയനിരീക്ഷണ ഉപകരണം ധരിക്കേണ്ടതുണ്ടായിരുന്നു. ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുന്ന പക്ഷം, ആ ഉപകരണം ശബ്ദം പുറപ്പെടുവിക്കുമായിരുന്നു. യഹോവയെ നേരത്തേ അറിഞ്ഞിരുന്നെങ്കിലെന്ന് ഞാൻ ആശിച്ചുപോകുകയാണ്. എങ്കിൽ ഞാൻ പുകവലി പാടേ ഉപേക്ഷിക്കുമായിരുന്നു, അങ്ങനെ എനിക്കും കുഞ്ഞിനും ഈ പേടിസ്വപ്നം ഒഴിവാക്കാമായിരുന്നു.
എ. സി. എ., ഐക്യനാടുകൾ
സന്ധിവീക്കത്തിന്റെ ഇര “ബലഹീനയായിരിക്കുമ്പോൾത്തന്നെ ഞാൻ ശക്തയാകുന്നു” (ജനുവരി 22, 1997) എന്ന ശീർഷകത്തോടെ വിവരിച്ച ലൂറെറ്റ മാസിന്റെ അനുഭവത്തോടുള്ള കൃതജ്ഞത അറിയിക്കാൻ ഞാനാഗ്രഹിക്കുന്നു. എനിക്ക് 27 വയസ്സുണ്ട്. വർഷങ്ങളായി ഞാനും വാതരോഗസമാന സന്ധിവീക്കത്താൽ വലയുകയാണ്. ചികിത്സ മൂലം വേദനയ്ക്കു കുറവുണ്ടെങ്കിലും ചിലപ്പോൾ എനിക്ക് അൽപ്പമൊക്കെ നിരാശയും നിരുത്സാഹവും തോന്നാറുണ്ട്. കാരണം, രോഗം മൂലം എനിക്ക് ഒരു മുഴുസമയ പ്രസംഗകയായി സേവിക്കുന്നത് നിർത്തേണ്ടിവന്നു. രോഗിയായിരുന്നിട്ടും യഹോവയെ സേവിക്കാനുള്ള ലൂറെറ്റ മാസിന്റെ ദൃഢനിശ്ചയം പ്രചോദനീയമാണ്. നിരുത്സാഹത്തിന് അടിയറവു പറയാൻ ഞാൻ ഒരുക്കമല്ല. പ്രസംഗവേലയിൽ കൂടുതൽ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.
എ. ബി., ഇറ്റലി
എന്റെ അമ്മ 30 വർഷത്തിലധികമായി വാതരോഗസമാന സന്ധിവീക്കം നിമിത്തം യാതന അനുഭവിച്ചിരിക്കുന്നു. ദുഃഖകരമെന്നു പറയട്ടെ, വേദനയ്ക്കൊരു കുറവുമില്ല. എന്നുവരികിലും അമ്മ സഭായോഗങ്ങളൊന്നുംതന്നെ മുടക്കാറില്ലെന്നതിൽ എനിക്ക് അഭിമാനമുണ്ട്. ചക്രക്കസേരയിലിരുന്നാണ് അമ്മ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പങ്കെടുക്കുന്നത്. ഇപ്പോഴും പ്രസംഗവേലയിൽ ഏർപ്പെടാൻ അമ്മയ്ക്കു സാധിക്കുന്നുണ്ട്. വിട്ടുമാറാത്ത രോഗങ്ങളുണ്ടെങ്കിലും അമ്മ ഒരിക്കലും പരാതിപ്പെടാറില്ല.
എസ്. എം., ജർമനി
നോഹയുടെ നാളിലെ പ്രളയം “ബൈബിളിന്റെ വീക്ഷണം: ജലപ്രളയം—യാഥാർഥ്യമോ കെട്ടുകഥയോ?” (ഫെബ്രുവരി 8, 1997) എന്ന ലേഖനം വാസ്തവത്തിൽ ആ ചരിത്രസംഭവത്തെക്കുറിച്ച് ഗൗരവമായി പരിചിന്തിക്കാൻ എന്നെ സഹായിച്ചു. മറ്റു പലരെയും പോലെ, നന്നേ ചെറുപ്പത്തിൽത്തന്നെ പ്രളയത്തെക്കുറിച്ച് എന്നെയും പഠിപ്പിച്ചിരുന്നു. എന്നിരുന്നാലും, കിടക്കാൻനേരം കുട്ടികൾക്കു പറഞ്ഞുകൊടുക്കാറുള്ള വെറുമൊരു കെട്ടുകഥയായിട്ടാണ് അനേകരും പ്രളയവിവരണത്തെ വീക്ഷിക്കുന്നതെന്നു ഞാൻ മനസ്സിലാക്കിയിരുന്നതേയില്ല. യേശു അന്ത്യനാളുകളെ നോഹയുടെ നാളുകളുമായി താരതമ്യം ചെയ്യുന്നുവെന്ന വസ്തുത ആ പ്രളയം വളരെ യഥാർഥമായ ഒന്നായിരുന്നെന്നു പ്രകടമാക്കുന്നു.
എസ്. എം., ഐക്യനാടുകൾ
ദുരന്തത്തെ തരണംചെയ്യൽ അടുത്ത കാലത്ത് ഒന്നൊന്നായി അനേകം പ്രയാസങ്ങളെ ഞാൻ അഭിമുഖീകരിച്ചിട്ടുണ്ട്. ഈ പരിശോധനകളിൽ ചിലത് വിവരിച്ചുകൊണ്ട് ഞാനൊരു സുഹൃത്തിനു കത്തെഴുതി. അതിൽ, “കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും” എന്ന സങ്കീർത്തനം 126:5 ഉദ്ധരിച്ചിരുന്നു. കത്ത് എഴുതിക്കഴിഞ്ഞയുടനെ, അതേ തിരുവെഴുത്ത് അടിസ്ഥാനമാക്കിയുള്ള “കണ്ണുനീരോടെ വിതെച്ച്, ആർപ്പോടെ കൊയ്യുന്നു” എന്ന ലേഖനത്തോടുകൂടിയ 1997 ഫെബ്രുവരി 8 ലക്കം ഉണരുക! ലഭിച്ചപ്പോൾ എനിക്കുണ്ടായ വികാരം ഒന്ന് സങ്കൽപ്പിക്കുക. റേമണ്ട് കർക്കപ്പിന്റെ അനുഭവം തീർച്ചയായും വിശ്വാസത്തെ ബലിഷ്ഠമാക്കുന്ന ഒന്നുതന്നെ ആയിരുന്നു.
പി. ബി., ജമെയ്ക്ക
പരിചരണമേകൽ “പരിചരണം—വെല്ലുവിളിയെ നേരിടൽ” (ഫെബ്രുവരി 8, 1997) എന്ന ലേഖനപരമ്പര അത്യന്തം ക്ലേശകരമായ ഒരു സമയത്ത് എനിക്ക് വളരെ ആശ്വാസം പകർന്നുതന്നു. വർഷങ്ങളോളം യഹോവയുടെ ഒരു വിശ്വസ്ത ദാസിയായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ ദുർബലീകരിക്കുന്ന ഒരു മാനസികരോഗത്തിന്റെ പിടിയിലമർന്നു. അതോടൊപ്പം അമ്മയ്ക്ക് വിറയൽരോഗവും കടുത്ത സന്ധിവീക്കവും ഉണ്ട്. പെട്ടെന്നുണ്ടായ ഈ ദാരുണാവസ്ഥ എന്നെ ദുഃഖത്തിലാഴ്ത്തുകയും ഞെട്ടിക്കുകയും ചെയ്തു. ഏകപുത്രൻ എന്നനിലയിൽ അമ്മയെ പരിചരിക്കുന്നതിന്റെ സമ്മർദം ഞാനനുഭവിച്ചിരിക്കുന്നു. എന്നാൽ ആ ഉത്കൃഷ്ട ലേഖനം എത്ര ഗ്രാഹ്യസമ്പുഷ്ടമായിരുന്നു! അത് യഹോവയിൽ നിന്നുള്ള ഒരു യഥാർഥ സമ്മാനം പോലെയായിരുന്നു. സ്നേഹപുരസ്സരമായ ഈ പിന്തുണയ്ക്കു വളരെ നന്ദി.
ആർ. എച്ച്., ഇംഗ്ലണ്ട്