വിജ്ഞാനയുഗത്തെ നിങ്ങൾക്കു നേരിടാനാകുന്ന വിധം
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറുകളുടെ വിജ്ഞാനയുഗത്തിന്, നമ്മെ തുടർന്നും ഉത്കണ്ഠപ്പെടുത്താൻ പോന്ന പല വശങ്ങളുമുണ്ടെന്ന വസ്തുതയെ നാം അഭിമുഖീകരിച്ചേ പറ്റൂ. ഇവയിൽ ചിലതിന്മേൽ നമുക്ക് വളരെ കുറച്ചു മാത്രം നിയന്ത്രണമേയുള്ളൂ, അല്ലെങ്കിൽ ഒട്ടുംതന്നെയില്ല. എന്നാൽ അത്തരം ഉത്കണ്ഠകൾ അപ്പാടെയല്ലെങ്കിലും ഏറിയ പങ്കും ഇല്ലാതാക്കാനുള്ള ചില മാർഗങ്ങളുണ്ട്. വിജ്ഞാനയുഗത്തെ നേരിടുന്നത് വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും പ്രതിഫലദായകമായ ഒരു കാര്യമാണെന്ന് നാം പറഞ്ഞേക്കാം.
വിജ്ഞാനത്തിന്റെ സ്വീകർത്താക്കളും ദാതാക്കളും
ഇവരിലൊരാളായി സ്വയം തരംതിരിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ജീവിതത്തിലുടനീളം നാമെല്ലാവരും ഒരു പരിധിവരെ സ്വീകർത്താക്കളും ദാതാക്കളുമാണ്. എന്നിരുന്നാലും നമ്മുടെ മസ്തിഷ്കം വിവരങ്ങൾ സ്വീകരിച്ച് അപഗ്രഥിക്കുന്നത് പല വിധങ്ങളിലാണ്. ഉപബോധ തലത്തിൽ വിവരങ്ങൾ അപഗ്രഥിക്കാനുള്ള മസ്തിഷ്കത്തിന്റെ വിസ്മയാവഹമായ കഴിവ് ഉൾപ്പെടുന്നതാണ് ഒന്ന്.
മറ്റൊന്ന്, സംഭാഷണത്തിലെന്നപോലെ, വിവരങ്ങൾ ബോധ തലത്തിൽ അപഗ്രഥിക്കപ്പെടുന്ന രീതിയാണ്. ഇത്തരത്തിൽ വിവരങ്ങൾ അപഗ്രഥിക്കുന്നതിൽ നമുക്ക് വളരെയധികം നിയന്ത്രണമുണ്ട്—ദാതാക്കളെന്നനിലയിലും സ്വീകർത്താക്കളെന്നനിലയിലും. പൊള്ളയായ സംഭാഷണങ്ങളുടെ കാര്യത്തിൽ “മിനക്കെടുക മാത്രമല്ല വായാടികളും പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കു”കയും ചെയ്യുന്നവരെക്കുറിച്ച് ബൈബിൾ മുന്നറിയിപ്പു നൽകുന്നു. (1 തിമൊഥെയൊസ് 5:13) മറ്റു വിധത്തിൽ പറഞ്ഞാൽ, പൊള്ളയായ കാര്യങ്ങളെയോ ഉപദ്രവകരമായ വിവരങ്ങളെയോ കുറിച്ച് സംസാരിച്ചുകൊണ്ട് വളരെയധികം സമയം ചെലവഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കുശുകുശുപ്പ് തൊഴിലാക്കിയ ഒരു വ്യക്തിയാകാതിരിക്കുക. വിലയേറിയ സമയവും ഊർജവും പാഴാകുമെന്നു മാത്രമല്ല അത് നമ്മെയും മറ്റുള്ളവരെയും ഉത്കണ്ഠാകുലരാക്കുകയും ചെയ്യും. ഈ പ്രക്ഷുബ്ധ ലോകത്ത് ജീവിച്ചുപോകുന്നതിന് അനിവാര്യവും കെട്ടുപണിചെയ്യുന്നതുമായ കാര്യങ്ങളിൽ മുഴുകിയിരിക്കാനോ അത്തരം വിവരങ്ങൾ പങ്കിടാനോ ഉള്ള സന്ദർഭങ്ങൾ നിങ്ങൾക്കു നഷ്ടമായേക്കാം.
വായനയിലൂടെ ശേഖരിക്കപ്പെടുന്ന വിവരങ്ങൾ ബോധ തലത്തിലാണ് അപഗ്രഥിക്കപ്പെടുന്നത്. അതുകൊണ്ട് അതിനു കൂടുതൽ സമയമെടുക്കും. “എനിക്ക് എന്റെ വായന ക്രമമായി മുമ്പോട്ടു കൊണ്ടുപോകാൻ സാധിക്കുന്നില്ല” എന്ന് ഉത്കണ്ഠാകുലനായ ഒരു വ്യക്തി വിലപിക്കുന്നതു സാധാരണമാണ്. നിങ്ങൾക്ക് വളരെ കാര്യങ്ങൾ വായിക്കാനുണ്ടെന്നും വായിക്കാൻ അൽപ്പ സമയമേ ലഭിക്കുന്നുള്ളൂവെന്നും തോന്നാറുണ്ടോ? വായന വളരെയധികം സമയം അപഹരിക്കുമെന്നതിനാൽ നൊടിയിടകൊണ്ട് വിജ്ഞാനം സമ്പാദിക്കാനാകുന്ന ഈ യുഗത്തിൽ വായനയുടെ കലയും ആനന്ദവും മിക്കപ്പോഴും നഷ്ടപ്പെടുന്നു. ഒട്ടനവധി ആളുകൾ തങ്ങളുടെ സമയം ടിവി-ക്ക് അടിയറ വെച്ചിരിക്കുന്നു. എങ്കിലും ഭാവനയെ തൊട്ടുണർത്താനും വിവരങ്ങളും ആശയങ്ങളും അഭിപ്രായങ്ങളും കൈമാറാനുമുള്ള ഏറ്റവും ശക്തമായ മാർഗം എഴുതപ്പെട്ട വിവരങ്ങളാണ്.
ഇത്രയേറെ വായനാ സാമഗ്രികൾ നമ്മുടെ ശ്രദ്ധയ്ക്കായി മുറവിളികൂട്ടുകയും ടിവി, കമ്പ്യൂട്ടർ കളികൾ, മറ്റു വിനോദപ്രവർത്തനങ്ങൾ എന്നിവയുമായി മത്സരിക്കുകയും ചെയ്യുമ്പോൾ നാം എങ്ങനെ അതിനെ കൈകാര്യം ചെയ്യും? ആവശ്യമുള്ളതു തിരഞ്ഞെടുക്കുക എന്നതാണ് ഉത്തരം. അതായത് നാം എന്തു കേൾക്കണം, കാണണം അല്ലെങ്കിൽ വായിക്കണം എന്നുള്ളതെല്ലാം നിശ്ചയിക്കുകയോ അവയ്ക്കു മുൻഗണന കൽപ്പിക്കുകയോ ചെയ്യുന്നത്, വിജ്ഞാനോത്കണ്ഠ വലിയൊരളവോളം ഇല്ലാതാക്കും. രണ്ടു വിധങ്ങളിൽ ഇതു ഫലപ്രദമായി ചെയ്യാവുന്നതാണ്.
അപ്രധാനമായ ഇത്രയധികം വിവരങ്ങൾ നമുക്ക് ആവശ്യമുണ്ടോ?
മിക്കപ്പോഴും നമ്മുടെ ആവശ്യങ്ങളെക്കുറിച്ചുള്ള ഗ്രാഹ്യം, നമുക്ക് ആവശ്യമുള്ളതെന്ന് മറ്റുള്ളവർ കരുതുന്നതോ നമുക്ക് ആവശ്യമുണ്ടെന്ന് മാധ്യമങ്ങളിലെ ആകർഷകമായ പരസ്യങ്ങൾ നമ്മെ വിശ്വസിപ്പിക്കുന്നതോ ആയ കാര്യങ്ങളാൽ വികലമാകുന്നു. ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഈ വിജ്ഞാന സങ്കീർണതയിൽനിന്നു പുറത്തുകടക്കാൻ ഈ അടിസ്ഥാന നിയമം ബാധകമാക്കുക: അത് ലളിതമാക്കുക! റിച്ചാർഡ് എസ്. വർമൻ അതിനെക്കുറിച്ചു പറയുന്നത് ഇങ്ങനെയാണ്: “വിവരങ്ങൾ അപഗ്രഥിക്കുന്നതിനുള്ള രഹസ്യം നിങ്ങളുടെ വിജ്ഞാന മേഖലയെ നിങ്ങളുടെ ജീവിതത്തിന് അനുയോജ്യമായ ഒന്നാക്കി പരിമിതപ്പെടുത്തുന്നതാണ് . . . തിരഞ്ഞെടുപ്പു കൂടുന്തോറും കൂടുതൽ ഉചിതമായ നടപടികൾ കൈക്കൊള്ളാനാകുമെന്നും കൂടുതൽ സ്വാതന്ത്ര്യം ആസ്വദിക്കാനാകുമെന്നും പറയുന്നത് ഒരു കെട്ടുകഥയാണെന്നാണ് എന്റെ വിശ്വാസം. പകരം തിരഞ്ഞെടുപ്പുകൾ കൂടുന്തോറും ഉത്കണ്ഠയും കൂടുന്നതായി കാണപ്പെടുന്നു.”
അതുകൊണ്ട് വായനയുടെയോ ടിവി കാണലിന്റെയോ കാര്യത്തിൽ നിങ്ങളുടെ ശീലങ്ങൾ പരിശോധിക്കുന്നത് ഉചിതമായിരിക്കും. സ്വയം ചോദിക്കുക: ‘ഇത് എന്റെ ജോലിക്കോ ജീവിതത്തിനോ അനിവാര്യമായ സംഗതിയാണോ? ലോകത്തിലെ പ്രശസ്തരും സൗന്ദര്യമുള്ളവരെന്നു പറയപ്പെടുന്നവരുമായ ആളുകളെക്കുറിച്ചുള്ള അപ്രധാനമായ കാര്യങ്ങളും വിവരങ്ങളും ഞാൻ വാസ്തവമായും അറിയേണ്ടതുണ്ടോ? ഈ ടിവി പരിപാടി കണ്ടില്ലെങ്കിലോ ഈ പുസ്തകമോ മാസികയോ വായിച്ചില്ലെങ്കിലോ പത്രവായനയ്ക്ക് ഇത്ര സമയം ചെലവഴിച്ചില്ലെങ്കിലോ എന്റെ ജീവിതത്തിന് എന്തു മാറ്റമായിരിക്കും സംഭവിക്കുക?’ തങ്ങളുടെ വായനയും ടിവി കാണലും വിശകലനം ചെയ്ത് മനസ്സിനെയും കുടുംബത്തെയും അലങ്കോലപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ഒഴിവാക്കാൻ ചിലർക്കു കഴിഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു ദിനപ്പത്രത്തിനു മാത്രം വരിസംഖ്യയെടുത്താൽ മതിയെന്ന് അവർ തീരുമാനിച്ചിരിക്കുന്നു. മിക്ക പത്രങ്ങളിലും ഏറെക്കുറേ ഒരേ അടിസ്ഥാന വാർത്തകളാണ് അടങ്ങിയിരിക്കുന്നത്. തങ്ങളുടെ തപാൽപ്പെട്ടികളിൽ അനാവശ്യ തപാൽ ഉരുപ്പടികൾ കൊണ്ടുവന്നിടരുതെന്ന് ചിലർ പ്രത്യേകം അഭ്യർഥിച്ചിട്ടുണ്ട്.
ജീവിതം ലളിതമായും സങ്കീർണരഹിതമായും സൂക്ഷിക്കാൻ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യനായ യേശുക്രിസ്തു ഉപദേശിച്ചിരുന്നു. (മത്തായി 6:25-34) പല ഏഷ്യൻ സംസ്കാരങ്ങളിലും ലാളിത്യം ശുപാർശ ചെയ്യപ്പെടുകയും പരക്കെ അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. പാശ്ചാത്യ സംസ്കാരങ്ങളിൽപ്പോലും അത് ഒരു ഉയർന്ന ജീവിതരീതിയായി പലരും കണക്കാക്കുന്നു. എഴുത്തുകാരനായ ഡ്വേൻ എൽഗിൻ പറഞ്ഞു: “കൂടുതൽ ലാളിത്യത്തോടെ ജീവിക്കുക എന്നാൽ കൂടുതൽ ഉദ്ദേശ്യപൂർണമായി, അനാവശ്യ ശ്രദ്ധാശൈഥല്യങ്ങൾ പരമാവധി ഒഴിവാക്കി ജീവിക്കുകയെന്നാണർഥം.”
വിജ്ഞാനം സ്വീകരിക്കുന്ന നിങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണനകൾ ഏർപ്പെടുത്തിക്കഴിഞ്ഞാൽ താത്പര്യത്തിന്റെ കാര്യത്തിലും അതുതന്നെ ചെയ്യുക. കാരണം താത്പര്യമാണ് പഠനത്തിനുള്ള പ്രേരകശക്തി. എന്നാൽ, വാസ്തവത്തിൽ നിങ്ങൾക്ക് ഇഷ്ടമുള്ളതും മറ്റുള്ളവരെ—ഒരുപക്ഷേ നിങ്ങളുടെ ജോലിസ്ഥലത്തുള്ളവരെ—പ്രീതിപ്പെടുത്താൻ തക്കവണ്ണം നിങ്ങൾക്ക് അവശ്യമുണ്ടായിരിക്കേണ്ടതെന്നു കരുതപ്പെടുന്നതും തമ്മിൽ വേർതിരിച്ചറിയുക എന്നതാണു പ്രശ്നം. മറ്റേതൊരു പ്രവർത്തനത്തെയുംപോലെ വായനയും ടിവി അല്ലെങ്കിൽ കമ്പ്യൂട്ടർ ഉപയോഗവും ആസൂത്രണം ചെയ്യുകയാണെങ്കിൽ യഥാർഥ താത്പര്യത്തെ ചുറ്റിപ്പറ്റി അത് പടുത്തുയർത്തുന്നതു നിങ്ങളുടെ ജീവിതത്തെ അനാവശ്യ ഉത്കണ്ഠയില്ലാതെ കൂടുതൽ ആനന്ദപ്രദമായ ഒന്നാക്കി മാറ്റുന്നതായി നിങ്ങൾ കണ്ടെത്തും.
അതുകൊണ്ട് വിജ്ഞാനോത്കണ്ഠയെ നിങ്ങൾക്ക് എങ്ങനെ തരണം ചെയ്യാം? നിങ്ങൾക്ക് അത് ഒരിക്കലും അപ്പാടെ ഇല്ലാതാക്കാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ ഞങ്ങൾ വിവരിച്ച ലളിതമായ ചില നിയമങ്ങൾ പിൻപറ്റുന്നതു വളരെ സഹായകമായിരിക്കും. വിജ്ഞാന സമ്പാദനവും അതിനായുള്ള താത്പര്യവും ലളിതമായി സൂക്ഷിക്കുക. വ്യക്തിപരമായ ആവശ്യങ്ങൾക്കും താത്പര്യങ്ങൾക്കും അനുസൃതമായി വിജ്ഞാനത്തെ തരംതിരിക്കുക. വിജ്ഞാനോത്കണ്ഠ ഉൾപ്പെടെ ജീവിതത്തിലെ സങ്കീർണതകളെല്ലാം പൊയ്പോയ സംഗതികളാകുന്ന കാലം വരുന്നു. എന്നാൽ ഇപ്പോൾ ആധുനിക സാങ്കേതികവിദ്യയുടെ വിസ്മയങ്ങൾക്ക് അവയുടേതായ സ്ഥാനം മാത്രം നൽകുക. ലക്ഷ്യപ്രാപ്തിക്കുള്ള ഒരു മാർഗമായി അവയെ കാണുക. അവയ്ക്ക് അടിമകളാകാതിരിക്കുക, അവയ്ക്കു മുമ്പിൽ പകച്ചു നിൽക്കാതിരിക്കുക. അങ്ങനെ ഉപയോഗപ്രദമായ വിജ്ഞാനം നിങ്ങളെ ഉത്കണ്ഠപ്പെടുത്തുന്നതിനുപകരം കെട്ടുപണി ചെയ്യുന്നതും പ്രോത്സാഹജനകവും പ്രയോജനപ്രദവുമായ ഒന്നായിരിക്കും.
[11-ാം പേജിലെ ചതുരം]
ഒരു മാറ്റം പരീക്ഷിച്ചു നോക്കുക
“നിങ്ങളുടെ കേബിൾ ടിവി സർവീസ് വേണ്ടെന്നുവെച്ച് മാസംതോറും അതിനായി നൽകുന്ന [പണം] ഒന്നോ അതിലധികമോ നല്ല പുസ്തകങ്ങൾ വാങ്ങാൻ വിനിയോഗിക്കുക. പുസ്തകങ്ങൾ ടെലിവിഷനിൽനിന്നു തികച്ചും വിഭിന്നമാണ്: അവ സാവധാനം വായിക്കാം, നമുക്കതിൽ മുഴുകാം, അവ ഉത്തേജനാത്മകമാണ്, ധൈഷണികതയെയും ഭാവനയെയും തൊട്ടുണർത്തുന്നതുമാണ്.”
“ഓരോ ആഴ്ചയും ഏതാനും മണിക്കൂർ മാത്രം ഇന്റർനെറ്റിനു മുമ്പിൽ ചെലവിടുകയോ ചുരുങ്ങിയപക്ഷം അതിനായി ചെലവിടുന്ന സമയം പുസ്തകങ്ങൾ വായിക്കുന്നതിനു തുല്യമാക്കുകയോ ചെയ്യാവുന്നതാണ്.”—വിവരങ്ങളുടെ പുകമഞ്ഞ്—വിജ്ഞാനപ്പെരുപ്പത്തെ അതിജീവിക്കൽ.
[12-ാം പേജിലെ ചതുരം]
അടിമയല്ല, യജമാനനായിരിക്കുക
“ടെലിവിഷൻ ഓഫാക്കുക. ജീവിതഗതി, കുടുംബ സമാധാനം, ചിന്താപ്രാപ്തി എന്നിവയിന്മേലുള്ള പൂർണ നിയന്ത്രണം ഏറ്റെടുക്കാൻ നമ്മുടെ ജീവിതാന്തരീക്ഷത്തെ ചൂഴ്ന്നു നിൽക്കുന്ന ആ ഉപകരണം ഓഫ് ചെയ്യുന്നതിനോളം എളുപ്പമുള്ള വേറൊരു മാർഗവുമില്ല. സ്വിച്ച് ഓഫ് ചെയ്യുന്നതിലൂടെ കൈവരുന്ന പ്രശാന്തതയും ആത്മവിശ്വാസവും ലക്ഷക്കണക്കിന് അമേരിക്കക്കാർ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കാലങ്ങളിൽ ഒരിക്കലും ചെയ്യാൻ സമയം കണ്ടെത്താനാകാഞ്ഞ കാര്യങ്ങൾ ചെയ്യത്തക്കവിധം ധാരാളം സമയം അവർക്കിപ്പോൾ ലഭിച്ചിരിക്കുന്നു.”—വിവരങ്ങളുടെ പുകമഞ്ഞ്—വിജ്ഞാനപ്പെരുപ്പത്തെ അതിജീവിക്കൽ.
[12-ാം പേജിലെ ചതുരം]
ഇന്റർനെറ്റിനെതിരെ ജാഗ്രത പുലർത്തുക
അധാർമിക വ്യക്തികൾ തങ്ങളുടെ വികടമായ ലൈംഗികമോഹങ്ങൾ ശമിപ്പിക്കാനും ശാരീരികബന്ധം പുലർത്താൻ ആഗ്രഹിക്കുന്നവരുമായി അല്ലെങ്കിൽ നിഷ്കളങ്കരായ വ്യക്തികളുമായി സമ്പർക്കം പുലർത്താനും ഇന്റർനെറ്റ് ഉപയോഗിക്കുന്നു. മറ്റുചിലരാകട്ടെ വ്യക്തിപരമായ വീക്ഷണങ്ങൾ ഉന്നമിപ്പിക്കാനാണ് അത് ഉപയോഗിക്കുന്നത്. എട്ടുംപൊട്ടും തിരിയാത്തവരെ കെണിയിലകപ്പെടുത്താൻ വിശ്വാസത്യാഗികളും വെബ് സൈറ്റുകൾ ഉണ്ടാക്കുന്നു.
ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടത് ആവശ്യമാണ്. കുട്ടികളാരെങ്കിലും അത് ഉപയോഗിക്കുന്നപക്ഷം മാതാപിതാക്കൾ തീർച്ചയായും അടുത്ത ശ്രദ്ധ നൽകേണ്ടതുണ്ട്. ഉപയോഗപ്രദമായ, വിവരങ്ങളുടെ അനേകം ഉറവിടങ്ങൾ അതിൽ കണ്ടെത്താമെന്നതു ശരിതന്നെ. ഗവേഷണത്തിനുള്ള ലൈബ്രറികൾ, ഗ്രന്ഥശേഖരങ്ങൾ, പുതിയ ചാനലുകൾ എന്നിവ അവയിൽ ചിലതാണ്. ഉദാഹരണത്തിന്, ഈയിടെ വാച്ച് ടവർ സൊസൈറ്റി അതിന്റെ സ്വന്തം വെബ് സൈറ്റ് പ്രസിദ്ധപ്പെടുത്തുകയുണ്ടായി (http://www.watchtower.org). യഹോവയുടെ സാക്ഷികളെക്കുറിച്ചു ശരിയായ വിവരങ്ങൾ പ്രദാനം ചെയ്യുകയാണ് അതിന്റെ ഉദ്ദേശ്യം. എങ്കിലും, അശ്ലീലപരമോ വിശ്വാസത്യാഗപരമോ ആയവ ഉൾപ്പെടെ തികച്ചും ദോഷകരമായ ചില കാര്യങ്ങൾ ഇന്റർനെറ്റിൽ പതിയിരിപ്പുണ്ടെന്നത് തിരിച്ചറിയണം.
ഒരു ക്രിസ്ത്യാനി അപ്പോസ്തലനായ പൗലൊസിന്റെ പിൻവരുന്ന ബുദ്ധ്യുപദേശം ഓർത്തിരിക്കണം: “ആകയാൽ ഞാൻ കർത്താവിൽ സാക്ഷീകരിച്ചു പറയുന്നതു എന്തെന്നാൽ: ജാതികൾ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുതു. അവർ അന്ധബുദ്ധികളായി . . . അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിപ്പാൻ ദുഷ്കാമത്തിന്നു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു. നിങ്ങളോ . . . ക്രിസ്തുവിനെക്കുറിച്ചു ഇങ്ങനെയല്ല പഠിച്ചതു.” (എഫെസ്യർ 4:17, 20) കൂടാതെ, “ദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുതു; അങ്ങനെ ആകുന്നു വിശുദ്ധന്മാർക്കു ഉചിതം. ചീത്തത്തരം, പൊട്ടച്ചൊൽ, കളിവാക്കു ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുതു; സ്തോത്രമത്രേ വേണ്ടതു.” (എഫെസ്യർ 5:3, 4) ഒട്ടേറെ വെബ് സൈറ്റുകളും അധാർമികമോ വഞ്ചനാത്മകമോ ആയ ലക്ഷ്യത്തോടെയാണു നിർമിച്ചിരിക്കുന്നതെന്നു നാം മനസ്സിൽപ്പിടിക്കണം. ചാറ്റ് ഗ്രൂപ്പുകളുടേതുപോലുള്ള വെബ് സൈറ്റുകൾ അധാർമികമോ വഞ്ചനാത്മകമോ ആയിരിക്കില്ല. എങ്കിലും അവ സമയം പാഴാക്കലാണ്. അവയിൽനിന്നെല്ലാം ഒഴിഞ്ഞുനിൽക്കുക!