വിജ്ഞാനോത്കണ്ഠയ്ക്ക് ഇടയാക്കുന്നതെന്ത്?
“നാം മനസ്സിലാക്കുന്നതും മനസ്സിലാക്കേണ്ടതുണ്ടെന്ന് വിചാരിക്കുന്നതുമായ കാര്യങ്ങൾക്കിടയിലുള്ള, സദാ വലുതായിക്കൊണ്ടിരിക്കുന്ന ഒരു വിടവാണ് വിജ്ഞാനോത്കണ്ഠയ്ക്കിടയാക്കുന്നത്. വിവരങ്ങൾക്കും അറിവിനും ഇടയ്ക്കുള്ള തമോഗർത്തമാണത്. നാം അറിയാൻ ആഗ്രഹിക്കുന്നത് അല്ലെങ്കിൽ നാം അറിഞ്ഞിരിക്കേണ്ടത് എന്തെന്ന് വിവരങ്ങൾ നമ്മോടു പറയാത്തപ്പോഴാണ് അതു സംഭവിക്കുന്നത്.” റിച്ചാർഡ് എസ്. വർമൻ വിജ്ഞാനോത്കണ്ഠ എന്ന തന്റെ പുസ്തകത്തിൽ എഴുതിയത് അങ്ങനെയാണ്. “തങ്ങൾക്ക് അറിഞ്ഞുകൂടാത്ത എത്രമാത്രം കാര്യങ്ങളുണ്ടെന്ന് ദീർഘകാലം ആളുകൾ തിരിച്ചറിഞ്ഞിരുന്നില്ല—തങ്ങൾക്ക് അറിഞ്ഞുകൂടാത്തതെന്തെന്ന് അവർക്ക് അറിയില്ലായിരുന്നു. എന്നാൽ ഇന്ന്, തങ്ങൾക്ക് അറിയാൻ പാടില്ലാത്ത കാര്യങ്ങൾ ഏതാണെന്ന് അവർക്കറിയാം. അവരെ ഉത്കണ്ഠാകുലരാക്കുന്നത് അതാണ്.” തത്ഫലമായി, നമുക്ക് അറിയാവുന്നതിലധികം കാര്യങ്ങൾ നാം അറിഞ്ഞിരിക്കേണ്ടതുണ്ടെന്ന് നമ്മിൽ മിക്കവരും കരുതിയേക്കാം. വിജ്ഞാന പ്രളയമുണ്ടാകുമ്പോൾ നാം ഏതാനും വിവരങ്ങൾ തിരഞ്ഞെടുക്കുന്നു. എന്നാൽ മിക്കപ്പോഴും ആ വിവരങ്ങൾകൊണ്ട് എന്തു ചെയ്യണമെന്ന് നമുക്കു തിട്ടമില്ല. അതേസമയം, മറ്റുള്ളവരെല്ലാം നമ്മെക്കാൾ കൂടുതൽ കാര്യങ്ങൾ അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെന്നു നാം നിഗമനം ചെയ്തേക്കാം. നാം ഉത്കണ്ഠാകുലരാകുന്നത് അപ്പോഴാണ്!
വിജ്ഞാനത്തിന്റെ അമിതത്വം “വിവരങ്ങളുടെ പുകമഞ്ഞ്” സൃഷ്ടിക്കുന്ന ഒരു മലിനീകാരിയാത്തീർന്നിരിക്കുന്നുവെന്ന് ഡേവിഡ് ഷെങ്ക് വാദിക്കുന്നു. അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “വിവരങ്ങളുടെ പുകമഞ്ഞ് തടസ്സം സൃഷ്ടിക്കുന്നു; അത് സ്വകാര്യ നിമിഷങ്ങൾക്ക് ഇടം നൽകുന്നില്ല, നമുക്ക് അത്യാവശ്യമായ ധ്യാനത്തിനു ഭംഗം വരുത്തുന്നു . . . അത് നമ്മെ ഉത്കണ്ഠാകുലരാക്കുന്നു.”
വിജ്ഞാനാധിക്യം അല്ലെങ്കിൽ വിവരങ്ങളുടെ പ്രളയം ഉത്കണ്ഠ ഉളവാക്കിയേക്കാമെന്നതു ശരിയാണ്. എന്നാൽ വേണ്ടത്ര വിവരങ്ങൾ നമ്മുടെ പക്കലില്ലെങ്കിലോ അതിലും മോശമായി തെറ്റായ വിവരങ്ങളാണ് നമ്മുടെ പക്കലുള്ളതെങ്കിലോ, അപ്പോഴും അവസ്ഥ ഒന്നുതന്നെ. ആൾക്കൂട്ടത്തിൽ തനിയെയാണെന്ന തോന്നൽപോലെയാണത്. മെഗാട്രെൻഡ്സ് എന്ന തന്റെ പുസ്തകത്തിൽ ജോൺ നേസ്ബിറ്റ് പറയുന്നതുപോലെ “വിവരങ്ങളുടെ കയത്തിൽ മുങ്ങിത്താഴുമ്പോഴും നാം അറിവിനായി ദാഹിക്കുന്നു.”
കമ്പ്യൂട്ടർ കുറ്റകൃത്യങ്ങൾ നിങ്ങളെ ബാധിച്ചേക്കാവുന്ന വിധം
കമ്പ്യൂട്ടർ കുറ്റകൃത്യങ്ങളിലുള്ള വർധനവാണ് ഉത്കണ്ഠയ്ക്കിടയാക്കുന്ന മറ്റൊരു കാരണം. വിജ്ഞാന അതിപാതയിൽ സംരക്ഷണവും സുരക്ഷിതത്വവും (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഡോ. ഫ്രെഡ്രിക്ക് ബി. കോഹെൻ തന്റെ ആകുലത പ്രകടമാക്കുന്നു: “ഓരോ വർഷവും കമ്പ്യൂട്ടർ കുറ്റകൃത്യങ്ങളുടെ പേരിൽ 500 കോടി ഡോളർ നഷ്ടമാകുന്നതായി എഫ്ബിഐ [ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ] കണക്കാക്കുന്നു. അതാകട്ടെ ഹിമരാശിയുടെ അഗ്രം മാത്രമാണ്. ഒത്തുതീർപ്പുകളിൽ നേട്ടങ്ങൾ കൈവരിക്കാനും സത്പേരു നശിപ്പിക്കാനും സൈനിക സംഘട്ടനങ്ങളിൽ വിജയിക്കാനും എന്തിന് കൊലപാതകം നടത്താൻപോലും കമ്പ്യൂട്ടർ സംവിധാനങ്ങളിലെ പോരായ്മകളെ ചിലർ മുതലെടുത്തിരിക്കുന്നു.” ഇതിനുപുറമേ കമ്പ്യൂട്ടർ അശ്ലീലം കുട്ടികൾക്ക് പ്രാപ്യമായിരിക്കുന്നതു മൂലമുള്ള ഉത്കണ്ഠയും വർധിച്ചുവരുന്നു—സ്വകാര്യതയിന്മേലുള്ള കടന്നുകയറ്റത്തെക്കുറിച്ചൊട്ടു പറയുകയും വേണ്ട.
തത്ത്വദീക്ഷയില്ലാത്ത കമ്പ്യൂട്ടർ ആസക്തർ കമ്പ്യൂട്ടർ സംവിധാനങ്ങളിലേക്ക് മനപ്പൂർവം വൈറസുകളെ കടത്തിവിട്ട് പരിഭ്രാന്തി സൃഷ്ടിക്കുന്നു. കുറ്റകൃത്യം നടത്താൻ കമ്പ്യൂട്ടർ വൈദഗ്ധ്യം ഉപയോഗിക്കുന്നവർ നിയമവിരുദ്ധമായി ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ രഹസ്യവിവരങ്ങൾ ചോർത്തിയെടുക്കുകയും ചിലപ്പോൾ പണം മോഷ്ടിക്കുകയുംപോലും ചെയ്യുന്നു. അത്തരം പ്രവൃത്തികൾ സ്വകാര്യ കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്ന ആയിരക്കണക്കിനാളുകളുടെമേൽ വിനാശകമായ ഫലങ്ങളായിരിക്കും ഉളവാക്കുക. കമ്പ്യൂട്ടർ കുറ്റകൃത്യം ബിസിനസ്സിനും ഗവൺമെൻറിനും ഒരു ഭീഷണിയാണ്.
വിജ്ഞരായിരിക്കേണ്ടതിന്റെ ആവശ്യം
നാമെല്ലാം വിജ്ഞരായിരിക്കേണ്ടത് ആവശ്യമാണെങ്കിലും വളരെയധികം വിജ്ഞാനം നമ്മെ ശരിയായ അർഥത്തിൽ വിദ്യാസമ്പന്നരാക്കുന്നില്ല. കാരണം വിജ്ഞാനമെന്ന വ്യാജേന അവതരിപ്പിക്കപ്പെടുന്നവയെല്ലാം നമ്മുടെ അനുഭവപരിചയവുമായി ബന്ധമില്ലാത്ത വെറും വസ്തുതകളോ അപൂർണമായ വിവരങ്ങളോ ആണ്. “വിജ്ഞാന സ്ഫോടനം” എന്നതിനു പകരം ഈ പ്രതിഭാസത്തെ ഏറ്റവും മെച്ചമായി “വിവരങ്ങളുടെ സ്ഫോടനം” അല്ലെങ്കിൽ കുറേക്കൂടെ പരിഹാസദ്യോതകമായി “അജ്ഞാന സ്ഫോടനം” എന്ന് പേരിടാമെന്നുപോലും ചിലർ നിർദേശിക്കുന്നു. അതേക്കുറിച്ച്, സാമ്പത്തിക വിശകലനവിദഗ്ധനായ ഹേസൽ ഹെൻഡേർസൻ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: “വിജ്ഞാനം അതിൽത്തന്നെ ആരെയും പ്രബുദ്ധരാക്കുന്നില്ല. മാധ്യമങ്ങൾ തേർവാഴ്ച നടത്തുന്ന ഈ ചുറ്റുപാടിൽ ദുർവിജ്ഞാനം ഏതാണെന്നോ അവിജ്ഞാനം ഏതാണെന്നോ തെറ്റിദ്ധാരണയുണ്ടാക്കുന്ന പൊതുപ്രചരണം ഏതാണെന്നോ നമുക്കു തിരിച്ചറിയാനാവില്ല. കേവലം വിജ്ഞാനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അറിവിന്റെ അർഥവത്തായ പുതിയ തലങ്ങൾ തേടുന്നതിനുപകരം സദാ അർഥശൂന്യമായിക്കൊണ്ടിരിക്കുന്ന, അപൂർണവും അസംഗതവുമായ കോടിക്കണക്കിനു വിവരങ്ങളുടെ പെരുപ്പത്തിനിടയാക്കിയിരിക്കുന്നു.”
എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പ്രസാധക സംഘത്തിന്റെ പ്രസിഡൻറായ ജോസഫ് ജെ. എസ്പോസീറ്റോ തുറന്ന ഒരു വിലയിരുത്തൽ നടത്തുന്നു: “വിജ്ഞാനയുഗത്തിലെ വിജ്ഞാനത്തിലധികവും പാഴായിപ്പോവുകയാണ്; അത് വെറും ആരവം മാത്രമാണ്. വിജ്ഞാന സ്ഫോടനം എന്ന പ്രയോഗം ഉചിതമാണ്; വാസ്തവത്തിൽ കേൾക്കുന്നതുതന്നെ അസാധ്യമാക്കുന്നു. നമുക്ക് കേൾക്കാൻ കഴിയുന്നില്ലെങ്കിൽ അറിയാനും കഴിയില്ല.” ഒറിൻ ഇ. ക്ലാപ്പ് വിശകലനം ചെയ്യുന്നത് ഇങ്ങനെയാണ്: “എന്തെങ്കിലുമൊക്കെ പറയുന്നതായി ഭാവിക്കുന്ന എന്നാൽ വാസ്തവത്തിൽ ഒന്നും പറയുന്നില്ലാത്ത പൊതുവാർത്താവിനിമയത്തിൽ എത്രമാത്രം വ്യാജ അറിവുകൾ ഉൾക്കൊള്ളുന്നുവെന്നത് ആർക്കും അറിയില്ലെന്നാണ് എനിക്കു തോന്നുന്നത്.”
സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഏറിയപങ്കും, പരീക്ഷയിൽ ജയിക്കുന്നതിനുവേണ്ടി വസ്തുതകൾ പഠിക്കുന്നതിൽ കേന്ദ്രീകരിച്ചിരുന്നുവെന്നത് നിങ്ങൾ ഓർക്കുന്നുണ്ടാകും. പലപ്പോഴും പരീക്ഷയ്ക്ക് അൽപ്പം മുമ്പായിരിക്കും നിങ്ങൾ വിവരങ്ങൾ തലയ്ക്കുള്ളിൽ കുത്തിനിറച്ചത്. ചരിത്രപാഠങ്ങളിലെ തീയതികളുടെ ഒരു പട്ടിക മനപ്പാഠമാക്കിയത് നിങ്ങൾ ഓർക്കുന്നുണ്ടോ? ഇവയിൽ എത്ര സംഭവങ്ങളും തീയതികളും നിങ്ങൾക്ക് ഇപ്പോൾ ഓർമയുണ്ട്? ഈ വസ്തുതകൾ, ന്യായവാദം ചെയ്യാനും യുക്തിസഹമായ നിഗമനങ്ങളിൽ എത്തിച്ചേരാനും നിങ്ങളെ പഠിപ്പിച്ചോ?
ഏറെ എന്നാൽ മെച്ചമെന്നോ?
ശ്രദ്ധയോടെ നിയന്ത്രിച്ചില്ലെങ്കിൽ കൂടുതൽ വിവരങ്ങൾ സമ്പാദിക്കാനുള്ള ത്വര സമയം, ഉറക്കം, ആരോഗ്യം, പണം എന്നിവയുടെ രൂപത്തിൽ ഒട്ടേറെ നഷ്ടം വരുത്തിവെച്ചേക്കാം. കൂടുതൽ വിവരങ്ങളുണ്ടെങ്കിൽ കൂടുതൽ തിരഞ്ഞെടുപ്പുകൾ നടത്താമെങ്കിലും ലഭ്യമായിരിക്കുന്ന എല്ലാ വിവരങ്ങളും പരിശോധിക്കുകയോ സ്വായത്തമാക്കുകയോ ചെയ്തിട്ടുണ്ടോയെന്നു ചിന്തിക്കാനിടയാക്കിക്കൊണ്ട് അത് അന്വേഷകനെ ഉത്കണ്ഠാകുലനാക്കിയേക്കാം. ഡോ. ഹ്യൂ മക്കൈ ഇങ്ങനെയൊരു മുന്നറിയിപ്പു നൽകുന്നു: “വാസ്തവത്തിൽ വിജ്ഞാനം പ്രബുദ്ധതയിലേക്കുള്ള പാതയല്ല. നമ്മുടെ ജീവിതത്തിന്റെ അർഥത്തിലേക്കു വെളിച്ചം വീശാൻ വിജ്ഞാനം ഒന്നു മാത്രം മതിയാകുന്നില്ല. വിജ്ഞാനത്തിന് ജ്ഞാനപ്രാപ്തിയുമായി ബന്ധമില്ലെന്നുതന്നെ പറയാം. മറ്റു സമ്പാദ്യങ്ങളുടെ കാര്യത്തിലെന്നപോലെ ഇതും ജ്ഞാനലബ്ധിക്ക് തീർച്ചയായും തടസ്സം സൃഷ്ടിച്ചേക്കാം. ആവശ്യത്തിലേറെ വസ്തുവകകൾ ഉണ്ടായിരിക്കാമെന്നതുപോലെ നമുക്ക് ആവശ്യത്തിലധികം അറിവുണ്ടായിരിക്കാനും കഴിയും.”
ലഭ്യമായ വിവരങ്ങളുടെ ആധിക്യം മാത്രമല്ല ഇന്ന് മിക്കപ്പോഴും ആളുകളെ ഭാരപ്പെടുത്തുന്നത്. വിജ്ഞാനത്തെ മനസ്സിലാക്കാവുന്ന, അർഥവത്തായ, യഥാർഥത്തിൽ അറിവു നേടിത്തരുന്ന ഒന്നാക്കി മാറ്റാൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന നിരാശയും അവരെ ഭാരപ്പെടുത്തുന്നു. “ദാഹിച്ചുവലഞ്ഞിരിക്കുമ്പോൾ വെള്ളം ശക്തിയായി ചീറ്റുന്ന അഗ്നിശമനജലവാഹിയിൽനിന്ന് ഒരു വിരലുറ ഉപയോഗിച്ച് വെള്ളമെടുത്തു കുടിക്കാൻ ശിക്ഷിക്കപ്പെട്ട ഒരു വ്യക്തിയെപ്പോലെ”യായിരിക്കും നമ്മളെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. “ലഭ്യമായ വിജ്ഞാനത്തിന്റെ ആധിക്യവും അവ മിക്കപ്പോഴും അവതരിപ്പിക്കപ്പെടുന്ന വിധവും വിജ്ഞാനത്തിൽ അധികപങ്കും നമുക്ക് ഉപയോഗശൂന്യമാക്കുന്നു.” അതുകൊണ്ട് എത്രമാത്രം വിജ്ഞാനമാണ് ആവശ്യമുള്ളതെന്നു കണക്കാക്കണം, അളവിന്റെ അടിസ്ഥാനത്തിലല്ല മറിച്ച് ഗുണമേന്മയുടെയും വിജ്ഞാനത്തിന്റെ വ്യക്തിപരമായ ഉപയുക്തതയുടെയും അടിസ്ഥാനത്തിൽ.
വിവര കൈമാറ്റത്തിന്റെ കാര്യമോ?
ഇന്ന് സാധാരണമായി കേൾക്കുന്ന മറ്റൊരു പ്രയോഗമാണ് “വിവരം കൈമാറൽ.” വിജ്ഞാനം ഇലക്ട്രോണിക്ക് ഉപകരണങ്ങൾ ഉപയോഗിച്ച് കൈമാറ്റം ചെയ്യുന്നതിനെയാണ് അതു പരാമർശിക്കുന്നത്. അതിന് അതിന്റേതായ സ്ഥാനമുണ്ടെങ്കിലും എല്ലാം തികഞ്ഞ ഒരു ആശയവിനിമയോപാധിയല്ല അത്. കാരണം? നാം ഏറ്റവും നന്നായി പ്രതികരിക്കുന്നത് ആളുകളോടാണ് യന്ത്രങ്ങളോടല്ല. വിവര കൈമാറ്റത്തിന്റെ കാര്യത്തിൽ മിക്കപ്പോഴും, സംഭാഷണത്തെ രൂപപ്പെടുത്തുകയും വികാരങ്ങൾ പരസ്പരം അറിയിക്കുകയും ചെയ്യുന്ന മുഖഭാവമോ നയനസമ്പർക്കമോ ആംഗ്യങ്ങളോ ഒന്നുമില്ല. മുഖാമുഖം നടത്തുന്ന സംഭാഷണങ്ങളിൽ ഈ ഘടകങ്ങൾ, ഉപയോഗിക്കുന്ന വാക്കുകൾക്ക് അർഥമേകുമെന്നു മാത്രമല്ല മിക്കപ്പോഴും അവയെ കൂടുതൽ വ്യക്തമാക്കുകയും ചെയ്യുന്നു. എന്നാൽ ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ വിവരങ്ങൾ കൈമാറുമ്പോൾ ഗ്രാഹ്യത്തിന് ഉതകുന്ന ഈ വിലയേറിയ സഹായങ്ങളൊന്നും ലഭ്യമല്ല, പ്രചാരമേറിവരുന്ന സെല്ലുലാർ ഫോണിലൂടെപോലും. ചിലപ്പോൾ, മുഖാമുഖമുള്ള സംഭാഷണങ്ങളിൽപ്പോലും സംസാരിക്കുന്നയാളിന്റെ മനസ്സിലുള്ളതെന്താണെന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയില്ല. ശ്രോതാവ് വാക്കുകൾ സ്വീകരിച്ച് തനിക്ക് ഇഷ്ടമുള്ള രീതിയിൽ വ്യാഖ്യാനിച്ച് അവയ്ക്കു തെറ്റായ അർഥം കൽപ്പിച്ചേക്കാം. സംസാരിക്കുന്നയാളെ കാണാൻ സാധിക്കാത്തപ്പോൾ ഈ അപകടം എത്ര വലുതായിരിക്കും!
ചിലർ കമ്പ്യൂട്ടറുകൾക്കും ടെലിവിഷനും മുമ്പിൽ അമിതമായി സമയം ചെലവഴിക്കുന്നതുകൊണ്ട് സ്വന്തം കുടുംബാംഗങ്ങൾതന്നെ അപരിചിതരായി മാറുന്നു എന്നുള്ളത് ജീവിതത്തിലെ അപലപനീയമായ ഒരു വസ്തുതയാണ്.
നിങ്ങൾ ടെക്നോഫോബിയയെക്കുറിച്ച് കേട്ടിട്ടുണ്ടോ?
“ടെക്നോഫോബിയ” എന്നതിന് കമ്പ്യൂട്ടറുകളുടെയും സമാനമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉപയോഗമുൾപ്പെടെയുള്ള “സാങ്കേതികവിജ്ഞാനത്തെക്കുറിച്ചുള്ള ഭയം” എന്നേ അർഥമുള്ളൂ. വിജ്ഞാനയുഗം ഉളവാക്കുന്ന സർവസാധാരണമായ ഉത്കണ്ഠകളിലൊന്നാണ് ഇതെന്ന് ചിലർ വിശ്വസിക്കുന്നു. അസോസിയേറ്റഡ് പ്രസ്സ് റിലീസിനെ ആധാരമാക്കിയുള്ള ദ കേൻബറ ടൈംസിലെ ഒരു ലേഖനത്തിന്റെ തലക്കെട്ട് ഇപ്രകാരമായിരുന്നു: “ജാപ്പനീസ് എക്സിക്യൂട്ടീവുകൾക്ക് കമ്പ്യൂട്ടറുകളെ ഭയം.” ഒരു വലിയ ജാപ്പനീസ് കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറെക്കുറിച്ച് ഇങ്ങനെ പറയപ്പെട്ടു: “[അദ്ദേഹം] അധികാരവും പദവിയുമൊക്കെയുള്ള ആളാണ്. എന്നാൽ അദ്ദേഹത്തെ ഒരു കമ്പ്യൂട്ടറിന്റെ മുമ്പിൽ ഇരുത്തിനോക്കൂ. അദ്ദേഹം വിയർത്തുകുളിക്കും.” 880 ജാപ്പനീസ് കമ്പനികളെ ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തിയ ഒരു സർവേ അനുസരിച്ച്, അവരുടെ എക്സിക്യൂട്ടീവുകളിൽ 20 ശതമാനത്തിനു മാത്രമേ കമ്പ്യൂട്ടറുകൾ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നുള്ളുവത്രേ.
1991-ൽ ന്യൂയോർക്ക് നഗരത്തിലെ വിമാനത്താവളങ്ങളെ മണിക്കൂറുകളോളം സ്തംഭിപ്പിച്ച ടെലഫോൺ ഷട്ട്ഡൗൺ പോലുള്ള വലിയ ദുരന്തങ്ങൾ ടെക്നോഫോബിയയ്ക്ക് വളമിടുന്നു. 1979-ൽ ഐക്യനാടുകളിലെ ത്രീ മൈൽ ദ്വീപിലെ ആണവനിലയത്തിൽ സംഭവിച്ച അത്യാഹിതത്തിന്റെ കാര്യമോ? ആണവനിലയത്തിന്റെ ഓപ്പറേറ്റർമാർക്ക് കമ്പ്യൂട്ടർ നിയന്ത്രിത അലാറം നൽകിയ സൂചനകളുടെ അർഥം പിടികിട്ടിയത് നിർണായകമായ ഏതാനും മണിക്കൂറുകൾക്കുശേഷമാണ്.
നമ്മുടെ വിജ്ഞാനയുഗത്തിലെ സാങ്കേതികവിദ്യ മനുഷ്യവർഗത്തെ ഏതുവിധത്തിലാണു ബാധിച്ചിരിക്കുന്നത് എന്നതിനുള്ള ഏതാനും ഉദാഹരണങ്ങളാണിവ. ഡോ. ഫ്രെഡ്രിക്ക് ബി. കോഹെൻ തന്റെ പുസ്തകത്തിൽ ചിന്തോദ്ദീപകങ്ങളായ ഈ ചോദ്യങ്ങൾ ചോദിക്കുന്നു: “ഈയിടെയെങ്ങാനും നിങ്ങൾ ബാങ്കിൽ പോയിരുന്നോ? കമ്പ്യൂട്ടറുകളൊന്നും പ്രവർത്തിക്കാത്തതുകൊണ്ട് നിങ്ങൾക്ക് അവിടെനിന്നു പണം എടുക്കാൻ സാധിക്കാതെ വന്നോ? സൂപ്പർമാർക്കറ്റിന്റെ കാര്യമോ? കമ്പ്യൂട്ടറുകളില്ലാതെ അവർക്ക് നിങ്ങളിൽനിന്നു സാധനങ്ങളുടെ വിലയീടാക്കാൻ സാധിക്കുമോ?”
ഒരുപക്ഷേ പിൻവരുന്ന തരത്തിലുള്ള സാങ്കൽപ്പിക സാഹചര്യങ്ങളിൽ ഒന്നോ അതിലധികമോ നിങ്ങളും നേരിടുന്നുണ്ടായിരിക്കാം:
• നിങ്ങളുടെ പുതിയ വിസിആർ-ന് ഒട്ടേറെ സ്വിച്ചുകളുണ്ട്. നിങ്ങൾക്ക് ഒരു പരിപാടി റെക്കോർഡു ചെയ്യണം. ഒന്നുകിൽ തെല്ലു ജാള്യത്തോടെ നിങ്ങൾ ഒമ്പതു വയസ്സുള്ള നിങ്ങളുടെ കുട്ടിയെ വിളിക്കുന്നു, അല്ലെങ്കിൽ പരിപാടി കാണേണ്ടെന്നു വെക്കുന്നു.
• നിങ്ങൾക്ക് അത്യാവശ്യമായി കുറച്ചു പണം വേണം. നിങ്ങൾ ഒരു ഓട്ടോമാറ്റിക് ടെല്ലർ മെഷീനുള്ളിടത്തേക്കു പോകുന്നു. എന്നാൽ കഴിഞ്ഞ തവണ അത് ഉപയോഗിച്ചപ്പോൾ ആകെ കുഴങ്ങിയതും തെറ്റായ ബട്ടണുകൾ അമർത്തിയതുമെല്ലാം നിങ്ങൾക്ക് പെട്ടെന്ന് ഓർമ വരുന്നു.
• ഓഫീസിലെ ടെലഫോൺ ശബ്ദിക്കുന്നു. അതു നിങ്ങൾക്കുള്ളതായിരുന്നില്ല, മുകളിലത്തെ നിലയിലുള്ള നിങ്ങളുടെ ബോസിനുള്ളതായിരുന്നു. ഫോൺവിളി ബോസിനു തിരിച്ചുവിടാൻ ലളിതമായ മാർഗമുണ്ട്. എങ്കിലും അതു തിട്ടമില്ലാത്തതുകൊണ്ട് ടെലഫോൺ ഓപ്പറേറ്റർതന്നെ അതു ചെയ്തോട്ടെയെന്നു നിങ്ങൾ തീരുമാനിക്കുന്നു.
• അടുത്തയിടെ നിങ്ങൾ വാങ്ങിയ കാറിന്റെ ഡാഷ്ബോർഡ് ആധുനിക ജെറ്റ്വിമാനത്തിന്റെ കോക്ക്പിറ്റ് പോലെ തോന്നിക്കുന്നു. പെട്ടെന്ന് ഒരു ചെമന്ന വെളിച്ചം മിന്നുന്നു. ആ വെളിച്ചം എന്തിനെയാണു സൂചിപ്പിക്കുന്നതെന്ന് അറിഞ്ഞുകൂടാത്തതിനാൽ നിങ്ങൾ ഉത്കണ്ഠാകുലനാകുന്നു. പിന്നെ, സകല വിവരണങ്ങളും അടങ്ങിയിട്ടുള്ള ഒരു മാർഗനിർദേശ പുസ്തകം വായിക്കേണ്ടി വരുന്നു.
ഇവ ടെക്നോഫോബിയയുടെ ഏതാനും ഉദാഹരണങ്ങൾ മാത്രം. നിസ്സംശയമായും മുൻതലമുറക്കാർ “അത്ഭുതം” എന്നു വിശേഷിപ്പിച്ചേക്കാവുന്ന, കൂടുതൽ സങ്കീർണമായ ഉപകരണങ്ങൾ ആധുനിക സാങ്കേതികവിദ്യ തുടർന്നും വികസിപ്പിച്ചെടുക്കുമെന്ന് ഉറപ്പാണ്. വിപണിയിലെത്തുന്ന, ഓരോ മികച്ച ഉത്പന്നവും ഫലപ്രദമായി ഉപയോഗിക്കണമെങ്കിൽ എങ്ങനെ അത് ഉപയോഗിക്കണമെന്നതിനെക്കുറിച്ച് വളരെ അറിവ് ആവശ്യമാണ്. സാങ്കേതിക പദങ്ങൾ ഉപഭോക്താവിനു മനസ്സിലാകുമെന്നും അയാൾക്ക് പ്രത്യേക അറിവും കഴിവുമെല്ലാം ഉണ്ടെന്നും ഊഹിച്ചുകൊണ്ട് വിദഗ്ധർ സാങ്കേതിക ഭാഷയിൽa എഴുതുന്ന മാർഗനിർദേശപുസ്തകങ്ങൾ ഉപഭോക്താവിനു ഭയമുളവാക്കുന്നവയായിത്തീരുന്നു.
വിജ്ഞാന സൈദ്ധാന്തികനായ പോൾ കൗഫ്മാൻ ഈ സാഹചര്യത്തെ ഇപ്രകാരം സംഗ്രഹിച്ചു പറയുന്നു: “നമ്മുടെ സമൂഹത്തിന് വിജ്ഞാനത്തെക്കുറിച്ച് ഒരു ധാരണയുണ്ട്. അത് ആകർഷകമാണെങ്കിലും വിപരീത ഫലമുളവാക്കുന്നതാണ്. . . . കമ്പ്യൂട്ടറുകൾക്കും ഹാർഡ്വെയറിനും ഏറെ ശ്രദ്ധ കൊടുത്തിരിക്കുന്നു, എന്നാൽ ലോകം എന്താണെന്നു മനസ്സിലാക്കാനും പരസ്പരം ഉപയോഗപ്രദമായ കാര്യങ്ങൾ ചെയ്യാനും വേണ്ടി വിജ്ഞാനത്തെ ഉപയുക്തമാക്കുന്ന ആളുകൾക്ക് അത് തീരെ ശ്രദ്ധ കൊടുക്കുന്നില്ല എന്നതാണ് ഒരു കാരണം. . . . നാം കമ്പ്യൂട്ടറുകൾക്ക് വലിയ വില കൽപ്പിക്കുന്നു എന്നതല്ല പ്രശ്നം മറിച്ച്, മനുഷ്യർക്ക് വില കൽപ്പിക്കുന്നില്ല എന്നതാണ്.” അമ്പരപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് പേരെടുക്കുന്നതിൽ ആമഗ്നരായിരിക്കുന്നത്, പലപ്പോഴും അടുത്ത കണ്ടുപിടിത്തം എന്തായിരിക്കും എന്നതിനെക്കുറിച്ച് ആളുകൾ ആകുലപ്പെടാൻ ഇടയാക്കിയിരിക്കുന്നു. എഡ്വേർഡ് മെൻഡൽസൺ പറയുന്നു: “സാങ്കേതികവിദ്യയെ സ്വപ്നം കണ്ടു കഴിയുന്നവർക്ക് സാധ്യമായതും അഭിലഷണീയമായതും തമ്മിൽ വേർതിരിച്ചറിയാൻ ഒരിക്കലും സാധിക്കുകയില്ല. ഒരു യന്ത്രമുപയോഗിച്ച് അതിസങ്കീർണമായ ഏതെങ്കിലും കാര്യം ചെയ്യാൻ സാധിക്കുന്നെങ്കിൽ ആ ശ്രമം തക്ക മൂല്യമുള്ളതാണെന്ന് സ്വപ്നജീവി കരുതുന്നു.”
സാങ്കേതികത്വത്തിൽ മനുഷ്യഘടകത്തോടുള്ള ഈ അവഗണനയാണ് വിജ്ഞാനോത്കണ്ഠയെ ഏറെയും വർധിപ്പിച്ചിരിക്കുന്നത്.
ഉത്പാദനക്ഷമത യഥാർഥത്തിൽ അഭിവൃദ്ധിപ്പെട്ടിരിക്കുന്നുവോ?
പംക്തിയെഴുത്തുകാരനായ പോൾ ഏറ്റ്വെൽ, സമീപ വർഷങ്ങളിൽ കമ്പ്യൂട്ടറുകൾ മൂലം എത്രത്തോളം സമയവും പണവും ലാഭിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നതിനെക്കുറിച്ചു താൻ നടത്തിയ ഗവേഷണത്തിന്റെ ഫലങ്ങൾ ദി ഓസ്ട്രേലിയൻ എന്ന പത്രത്തിൽ പ്രസിദ്ധീകരിച്ചു. അവയിൽ ഏതാനും ചില നല്ല ആശയങ്ങളിതാ: “ഭരണസംബന്ധമായ ദൗത്യങ്ങൾ കൈകാര്യം ചെയ്യാനും ചെലവുകൾ നിയന്ത്രിക്കാനുമായി രൂപകൽപ്പന ചെയ്തിരിക്കുന്ന കമ്പ്യൂട്ടർ സംവിധാനങ്ങൾക്കായി വർഷങ്ങളോളം പണം മുടക്കിയിട്ടും പല സർവകലാശാലകളിലെയും കോളെജുകളിലെയും കാര്യനിർവഹണ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം വർധിക്കുകയാണ്. . . . തങ്ങൾ വിറ്റഴിക്കുന്ന സാങ്കേതിക വിദ്യകൾ ഉത്പാദനക്ഷമതയിൽ വലിയ മുന്നേറ്റങ്ങൾ സൃഷ്ടിക്കുമെന്നും അങ്ങനെ നിശ്ചിത അളവിലുള്ള ഭരണസംബന്ധമായ ജോലികൾ ചുരുങ്ങിയ ചെലവിൽ വളരെ കുറച്ച് ജോലിക്കാരെക്കൊണ്ട് ചെയ്യിക്കാനാകുമെന്നും പതിറ്റാണ്ടുകളായി കമ്പ്യൂട്ടർ നിർമാതാക്കൾ തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. എന്നാൽ നാം മനസ്സിലാക്കുന്നതുപോലെ വിജ്ഞാന സാങ്കേതികത്വം ശ്രമങ്ങൾക്ക് വ്യതിയാനങ്ങൾ വരുത്തിയിരിക്കുന്നു; പഴയ ജോലികൾ ഏതാനും ജോലിക്കാരാൽ ചെയ്തുതീർക്കപ്പെടുന്നതിനു പകരം പല പുതിയ കാര്യങ്ങളും അത്രതന്നെ ജീവനക്കാരോ അതിലും കൂടുതൽ പേരോ ആണ് ചെയ്തുതീർക്കുന്നത്. പലപ്പോഴും പണം ഒട്ടും ലാഭിക്കാനാകുന്നില്ല. ആളുകൾ സാങ്കേതികവിദ്യയെ, പേപ്പർജോലി കൂടുതൽ വേഗത്തിൽ ചെയ്തുതീർക്കാൻ ഉപയോഗിക്കുന്നതിനു പകരം രേഖകളുടെ കെട്ടും മട്ടും കൂടുതൽ ഭംഗിയാക്കാൻ ഉപയോഗിക്കുന്നത് ഈ വ്യതിയാനത്തിനുള്ള ഒരു ഉദാഹരണമാണ്.”
ക്രിസ്ത്യാനികൾക്ക് അപകടഭീഷണി ഉയർത്തുന്ന വിജ്ഞാന അതിപാത ഇപ്പോൾ ജീവിതത്തിന്റെ ഒരു ഭാഗമായിത്തീർന്നതുപോലെ കാണപ്പെടുന്നു. എന്നാൽ വിജ്ഞാനോത്കണ്ഠ, ചുരുങ്ങിയത് ഒരു പരിധിവരെയെങ്കിലും, നമുക്ക് എങ്ങനെ ഒഴിവാക്കാൻ സാധിക്കും? തുടർന്നുള്ള ഹ്രസ്വലേഖനത്തിൽ പ്രായോഗികമായ ഏതാനും നിർദേശങ്ങൾ ഞങ്ങൾ നൽകുന്നുണ്ട്.
[അടിക്കുറിപ്പ്]
a കമ്പ്യൂട്ടർ ഭാഷയ്ക്കുള്ള ഉദാഹരണങ്ങൾ: “സിസ്റ്റവുമായി ബന്ധിപ്പിക്കുക” എന്നർഥമുള്ള ലോഗ് ഓൺ; “പ്രവർത്തിപ്പിച്ചുതുടങ്ങുക അല്ലെങ്കിൽ ചലിപ്പിക്കുക” എന്നർഥമുള്ള ബൂട്ട് അപ്പ്; “ലംബമായി” എന്നതിന് പോർട്രേയിറ്റ് പൊസിഷൻ; “തിരശ്ചീനമായി” എന്നതിന് ലാൻഡ്സ്കെയിപ്പ് പൊസിഷൻ.
[6-ാം പേജിലെ ചതുരം]
വിജ്ഞാന മാലിന്യങ്ങളുടെ കൂമ്പാരം
“നാം അനുഭവത്തിൽനിന്ന് മനസ്സിലാക്കുന്നതുപോലെ സമൂഹം കൂടുതൽ അപരിഹാര്യമാംവിധം വിവേകശൂന്യമായിക്കൊണ്ടിരിക്കുകയാണ്. ടിവി-യിലെ തരംതാണ പരിപാടികളും വിദ്വേഷമുണർത്തുന്ന റേഡിയോ പരിപാടികളും അശ്ലീലസംഭാഷണങ്ങളും കർത്തവ്യലംഘനത്തെപ്രതിയുള്ള കോടതിനടപടികളും പ്രസിദ്ധിക്കുവേണ്ടിയുള്ള പരാക്രമങ്ങളും അങ്ങേയറ്റം അക്രമാസക്തവും നിന്ദ്യവുമായ പരിഹാസങ്ങളും സർവസാധാരണമായ പുതിയ ഒരു കാലത്തിനു സാക്ഷികളാണു നാം. സിനിമകളിലാണെങ്കിലോ മുമ്പെന്നത്തെക്കാളധികം അതിരുകവിഞ്ഞ ലൈംഗികതയും അക്രമവും. പരസ്യങ്ങളാകട്ടെ കൂടുതൽ ശബ്ദായമാനവും കടന്നുകയറുന്നവയുമായിരുന്നു. അവ മിക്കപ്പോഴും ആസ്വാദനത്തിന്റെ സകല അതിർവരമ്പുകളെയും ഭേദിക്കുന്നു. . . വഷളത്വം വർധിച്ചുവരുന്നു, സാമാന്യമര്യാദ കുറഞ്ഞുവരുന്നു. . . . നമ്മുടെ ‘കുടുംബ മൂല്യങ്ങളിലെ പ്രതിസന്ധി’ എന്ന് ആളുകൾ വിളിക്കുന്നതിന് പരമ്പരാഗത കുടുംബ ക്രമീകരണത്തോടുള്ള ഹോളിവുഡിന്റെ അനാദരവിനെക്കാൾ വിജ്ഞാന വിപ്ലവവുമായിട്ടാണ് കൂടുതൽ ബന്ധം.”—ഡേവിഡ് ഷെങ്കിന്റെ വിവരങ്ങളുടെ പുകമഞ്ഞ്—വിജ്ഞാനപ്പെരുപ്പത്തെ അതിജീവിക്കൽ.
[7-ാം പേജിലെ ചതുരം]
ജ്ഞാനസമ്പാദനം പഴയകാല രീതി
“മകനേ ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു എന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ, നീ ബോധത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയർത്തുന്നു എങ്കിൽ, അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ, നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും. യഹോവയല്ലോ ജ്ഞാനം നല്കുന്നതു; അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു. ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന്നു ഇമ്പമായിരിക്കും. വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും.”—സദൃശവാക്യങ്ങൾ 2:1-6, 10, 11.
[9-ാം പേജിലെ ചിത്രം]
വിജ്ഞാനപ്പെരുപ്പത്തെ അഗ്നിശമനജലവാഹിയിൽനിന്ന് ഒരു വിരലുറ ഉപയോഗിച്ച് വെള്ളമെടുക്കാൻ ശ്രമിക്കുന്നതിനോട് ഉപമിച്ചിരിക്കുന്നു