വിജ്ഞാനപ്പെരുപ്പം
അഭൂതപൂർവമായ വിജ്ഞാനപ്പെരുപ്പത്തിന് 20-ാം നൂറ്റാണ്ട് സാക്ഷ്യം വഹിച്ചിരിക്കുന്നു. അച്ചടിക്കപ്പെട്ട വിവരങ്ങളിലൂടെയോ റേഡിയോ, ടെലിവിഷൻ പ്രക്ഷേപണങ്ങളിലൂടെയോ ഇന്റർനെറ്റിലൂടെയോ മറ്റു ചില മാർഗങ്ങളിലൂടെയോ ഒക്കെയായി ലോകം വിജ്ഞാനംകൊണ്ടു നിറഞ്ഞിരിക്കുന്നു. വിവരങ്ങളുടെ പുകമഞ്ഞ്—വിജ്ഞാനപ്പെരുപ്പത്തെ അതിജീവിക്കൽ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഡേവിഡ് ഷെങ്ക് എഴുതുന്നു: “വിജ്ഞാനപ്പെരുപ്പം ഒരു യഥാർഥ ഭീഷണിയായിത്തീർന്നിരിക്കുന്നു. . . . വിജ്ഞാനച്ചീർപ്പിന്റെ ഒരവസ്ഥയെ നാം അഭിമുഖീകരിക്കാൻ പോകുകയാണ്.”
ഉദാഹരണമായി, പരക്കെ അറിയപ്പെടുന്ന ഒരു വർത്തമാനപത്രത്തിന്റെ കാര്യംതന്നെ എടുക്കാം. ദ ന്യൂയോർക്ക് ടൈംസിന്റെ ഒരു ഇടദിവസ പതിപ്പിൽ, 17-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന ഒരു സാധാരണ വ്യക്തി ആയുഷ്കാലംകൊണ്ടു നേടിയെടുത്തതിനെക്കാൾ വിവരങ്ങൾ അടങ്ങിയിരിക്കുന്നതായി പറയപ്പെടുന്നു. എന്നാൽ ദിനപ്പത്രങ്ങൾക്കു പുറമേ ഒട്ടേറെ വിഷയങ്ങളെക്കുറിച്ച് അവയുടെ ഓരോ വിശദാംശങ്ങളും സഹിതം വിവരിക്കുന്ന മാസികകളും പുസ്തകങ്ങളും വിജ്ഞാന കുത്തൊഴുക്കിനു ശക്തി കൂട്ടുന്നു. വർഷംതോറും പതിനായിരക്കണക്കിനു പുസ്തകങ്ങളാണു പ്രസിദ്ധീകരിക്കപ്പെടുന്നത്. കൂടാതെ, ഓരോ ആറു വർഷത്തിലും ശാസ്ത്ര വിജ്ഞാനം ഇരട്ടിക്കുന്നതിനാൽ ലോകമെമ്പാടും സാങ്കേതിക പത്രികകൾ മാത്രമായി 1,00,000-ത്തിലധികം ഉണ്ടെന്നുള്ളതിൽ അത്ഭുതപ്പെടാനില്ല. ഇന്റർനെറ്റാകട്ടെ കമ്പ്യൂട്ടർ ഉപഭോക്താക്കൾക്ക് വിജ്ഞാനത്തിന്റെ വൻ ശേഖരങ്ങൾ ലഭ്യമാക്കുന്നു.
മാസികകളുടെ കാര്യമോ? ബിസിനസ് മാസികകൾ, വനിതകൾക്കു വേണ്ടിയുള്ള മാസികകൾ, കൗമാരപ്രായക്കാർക്കു വേണ്ടിയുള്ള മാസികകൾ, സ്പോർട്സ് മാസികകൾ, വിനോദ മാസികകൾ എന്നിങ്ങനെ ഏതാണ്ട് എല്ലാ വിഷയങ്ങളെയുംകുറിച്ച്, മനുഷ്യർക്കു താത്പര്യമുള്ള എല്ലാ കാര്യങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്ന മാസികകൾകൊണ്ട് ലോകം നിറഞ്ഞിരിക്കുന്നു. ഇവയെല്ലാം നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി മുറവിളി കൂട്ടുന്നു. “പൊള്ളയായ കാര്യങ്ങളുടെ ഘോഷകൻ” എന്ന് ഉചിതമായിത്തന്നെ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന പരസ്യക്കാരന്റെ കാര്യമോ? വിജ്ഞാനോത്കണ്ഠ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഗ്രന്ഥകാരനായ റിച്ചാർഡ് എസ്. വർമൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “കണ്ടുനോക്കൂ, കേട്ടുനോക്കൂ, മണത്തുനോക്കൂ, അനുഭവിച്ചറിയൂ എന്നിങ്ങനെ മുറവിളി കൂട്ടുന്ന പരസ്യങ്ങൾ ഒന്നിനു പിറകേ ഒന്നായി പ്രദർശിപ്പിച്ചുകൊണ്ട് പരസ്യ ഏജൻസികൾ നമ്മുടെ ഇന്ദ്രിയങ്ങളെ ആക്രമിക്കുന്നു.” “അയൽക്കാരനോടു കിടപിടിക്കാൻ” ഏറ്റവും പുതിയ, ഏറ്റവും മുന്തിയ ഉത്പന്നം നിങ്ങൾക്ക് ആവശ്യമാണെന്ന് അവർ ഊന്നിയൂന്നി പറയുന്നു.
‘വിജ്ഞാനം ലോകത്തെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്, വിജ്ഞാന അതിപാതയിൽ നൊടിയിടകൊണ്ട് ലഭ്യമാകുന്ന വിജ്ഞാനം ഉപയുക്തമാക്കാനുള്ള ക്ഷണം ആളുകൾക്കു ലഭിച്ചുകൊണ്ടിരിക്കുകയാണ്’ എന്ന് ഓസ്ട്രേലിയയിലെ ഒരു മനശ്ശാസ്ത്രജ്ഞനും സാമൂഹിക ഗവേഷകനുമായ ഡോ. ഹ്യൂ മക്കൈ പറഞ്ഞു. ഡോ. മക്കൈയുടെ അഭിപ്രായപ്രകാരം, റേഡിയോയും ടെലിവിഷനും പ്രക്ഷേപണം ചെയ്യുന്ന വാർത്തകളുടെയും ആനുകാലിക സംഭവങ്ങളുടെയും ആധിക്യവും ഇന്നത്തെ കമ്പ്യൂട്ടർ അധിഷ്ഠിത വിജ്ഞാന ശൃംഖലകളുടെ പെരുപ്പവും നിമിത്തം, പലപ്പോഴും വസ്തുതകളെയും സംഭവങ്ങളെയും കുറിച്ച് വാസ്തവത്തിൽ ഭാഗികമായ ചിത്രം മാത്രം നൽകുന്ന മാധ്യമ വിവരങ്ങളോട് പ്രതികരിക്കുന്ന ആളുകളെക്കൊണ്ട് ലോകം നിറഞ്ഞിരിക്കുന്നു.
വിജ്ഞാനം എന്നാൽ എന്താണ്?
വിജ്ഞാനം എന്നതിനുള്ള ഇംഗ്ലീഷ് വാക്കിന്റെ ലത്തീൻ മൂലപദമായ ഇൻഫോർമറേ എന്നതിന് ഒരു വസ്തുവിനു രൂപംനൽകുക എന്ന അർഥമുണ്ട്, ഏറെയും ഒരു കുശവൻ കളിമണ്ണുകൊണ്ട് വസ്തുക്കൾക്കു രൂപംനൽകുന്നതുപോലെ. അതുകൊണ്ട് “ഇൻഫോം” എന്ന ഇംഗ്ലീഷ് വാക്കിന്റെ നിർവചനങ്ങളായി ചിലപ്പോഴൊക്കെ “മനസ്സിനെ വാർത്തെടുക്കുക,” “മനസ്സിനെ രൂപപ്പെടുത്തുക അല്ലെങ്കിൽ പ്രബോധിപ്പിക്കുക” എന്നൊക്കെയുള്ള അർഥമാണു നൽകുന്നത്. അൽപ്പകാലം മുമ്പുവരെ വിജ്ഞാനമെന്നത് ആര്, എവിടെ, എന്ത്, എപ്പോൾ, എങ്ങനെ തുടങ്ങിയ വിശദാംശങ്ങളെക്കുറിച്ചുള്ള വസ്തുതകളുടെ അല്ലെങ്കിൽ വിവരങ്ങളുടെ ഒരു പട്ടിക മാത്രമായിരുന്നെന്ന് മിക്ക വായനക്കാരും വ്യക്തമായി ഓർക്കുന്നുണ്ടാകും. വിജ്ഞാന സംബന്ധമായ പ്രത്യേക ഭാഷയോ പദസഞ്ചയമോ ഒന്നും ഉണ്ടായിരുന്നില്ല. നാം ആകെ ചെയ്യേണ്ടിയിരുന്നത് അത് ചോദിച്ചറിയുകയോ വായിച്ചു മനസ്സിലാക്കുകയോ ആയിരുന്നു.
എന്നാൽ നാം ജീവിക്കുന്നത് 1990-കളിലാണ്. വിജ്ഞാന സംബന്ധമായ ഒട്ടേറെ വാക്കുകൾക്ക് ആളുകൾ ഇന്ന് രൂപംനൽകിയിരിക്കുന്നു. ഇവതന്നെ ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാം. ഇവയിൽ, “വിജ്ഞാനാസക്തി,” “സാങ്കേതികവിജ്ഞാനഭ്രമം,” “വിജ്ഞാനയുഗം” എന്നിവപോലുള്ള വാക്കുകൾ അല്ലെങ്കിൽ പദപ്രയോഗങ്ങൾ താരതമ്യേന ലളിതവും മനസ്സിലാക്കാൻ എളുപ്പവുമാണെങ്കിലും മറ്റു ചിലവ ശരിക്കും പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ലോകത്തിൽ ഇന്ന് വിജ്ഞാനാസക്തി വ്യാപകമാണ്. ഏറ്റവുമധികം വിജ്ഞാനം സമ്പാദിച്ചിട്ടുള്ള ഒരുവൻ വിജ്ഞാന പ്രാപ്യത കുറഞ്ഞവരെ അപേക്ഷിച്ച് കൂടുതൽ പ്രയോജനമനുഭവിക്കുന്നുവെന്നും വിജ്ഞാനം എന്തെങ്കിലും ഉദ്ദേശ്യപ്രാപ്തിക്കുള്ള ഉപാധിയല്ല മറിച്ച് വിജ്ഞാനസമ്പാദനംതന്നെയാണ് ആത്യന്തിക ലക്ഷ്യം എന്നുമുള്ള വിശ്വാസമാണ് ഇതിനു നിദാനം.
വിജ്ഞാനയുഗത്തിന്റെ പ്രതീകവും ഭാഗ്യചിഹ്നവുമായി ചിലർ കണക്കാക്കുന്ന ഫാക്സ് മെഷീൻ, സെല്ലുലാർ ഫോൺ, സ്വകാര്യ കമ്പ്യൂട്ടർ എന്നിങ്ങനെയുള്ള വാർത്താവിനിമയ സംവിധാനങ്ങളുടെ ആധിക്യമാണ് വിജ്ഞാനാസക്തിക്ക് ഇന്ധനമേകുന്നത്. കമ്പ്യൂട്ടർ മൂലമുള്ള സൗകര്യവും അതിന്റെ വേഗതയും കഴിവും നിമിത്തം വിജ്ഞാനം ഇന്ന് മുമ്പെന്നത്തെക്കാളധികം പ്രാപ്യമാണെന്നതു ശരിതന്നെ. തന്നിമിത്തം മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ നിക്കോളസ് നെഗ്രോപൊണ്ട ഇങ്ങനെ പറയാൻ പ്രേരിതനായി: “കമ്പ്യൂട്ടറുകൾ മേലാൽ വെറും ഉപകരണങ്ങളായല്ല, മറിച്ച് ജീവിതത്തിന്റെ ഒരു അവിഭാജ്യഘടകമായാണു വീക്ഷിക്കപ്പെടുന്നത്.” തന്നിമിത്തം വിജ്ഞാനത്തിനും വിജ്ഞാനം ലഭ്യമാക്കുന്ന സാങ്കേതികവിദ്യകൾക്കും ഇന്ന് ആളുകൾ അമിതമായി വിലകൽപ്പിക്കുന്നു. ചില സന്ദർഭങ്ങളിൽ ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള അസംഖ്യം ആളുകൾ അവയ്ക്കായി തങ്ങളെത്തന്നെ അർപ്പിക്കുകപോലും ചെയ്യുന്നു. ടെലിവിഷനിലൂടെ പ്രക്ഷേപണം ചെയ്യുന്ന വാർത്തകളും ഏതൽക്കാല സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഏതാണ്ട് കറയറ്റ സത്യമാണെന്ന് അവർ കരുതുന്നു. ടിവി-യിലെ ചർച്ചാവേദിയിലൂടെ പ്രവഹിക്കുന്ന പൊള്ളയായ കാര്യങ്ങൾ, പൊതുവേ വിവേചനാരഹിതരും എളുപ്പം കബളിപ്പിക്കപ്പെടാവുന്നവരുമായ പൊതുജനം കണ്ണുമടച്ചു വിശ്വസിക്കുന്നു.
നമ്മുടെ ജീവിതരീതിക്കും ജോലി ചെയ്യുന്ന വിധത്തിനും വിജ്ഞാനയുഗം മാറ്റം വരുത്തിയിരിക്കുന്നതുകൊണ്ടാണ് ഇന്ന് പലരും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ “വിജ്ഞാനോത്കണ്ഠ” അനുഭവിക്കുന്നത്. വിജ്ഞാനോത്കണ്ഠ വാസ്തവത്തിൽ എന്താണ്? അതു നിങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന് എങ്ങനെ പറയാൻ സാധിക്കും? അതു സംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ?
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
3, 5, 10 എന്നീ പേജുകളിലെ ഭൂഗോളം: Mountain High Maps® Copyright © 1997 Digital Wisdom, Inc.