ലോകത്തെ വീക്ഷിക്കൽ
കോളറ തിരിച്ചുവരുന്നു
നൂറിലധികം വർഷത്തെ തിരോധാനത്തിനു ശേഷം, തെക്കേ അമേരിക്കയിൽ കോളറ നാടകീയമായ തിരിച്ചുവരവു നടത്തിയിരിക്കുന്നു. “1991 മുതൽ 14 ലക്ഷം കേസുകൾ അവിടെ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ 10,000 പേർ മരണമടഞ്ഞു” എന്ന് ലണ്ടനിലെ ദ ടൈംസ് പ്രസ്താവിക്കുന്നു. ഇന്ത്യയിലും ബംഗ്ലാദേശിലും അവയുടെ അയൽ രാജ്യങ്ങളിലും കോളറ ബാക്ടീരിയയുടെ ഒരു പുതിയ വകഭേദം 1992-ൽ രംഗപ്രവേശംചെയ്തു. അത് ആരോഗ്യ അധികൃതരുടെ ഉത്കണ്ഠ വർധിപ്പിച്ചു. ഇതിനോടകം ആ ബാക്ടീരിയ 2,00,000 ആളുകളെ ബാധിച്ചിരിക്കുന്നു. അത്യന്തം മൂർച്ഛിച്ച അതിസാരമാണ് കോളറ. മതിയായ ചികിത്സ ലഭ്യമല്ലാത്തപക്ഷം, 70 ശതമാനം കേസുകളും മരണത്തിൽ കലാശിക്കുന്നു. എന്നാൽ പ്രതിരോധം പ്രതിവിധിയെക്കാൾ ഉത്തമമാണ്. കുടിവെള്ളവും പാലും തിളപ്പിക്കൽ, ഈച്ചകളെ അകറ്റിനിർത്തൽ, വേവിക്കാത്ത ഭക്ഷ്യവസ്തുക്കൾ ക്ലോറിൻ ചേർത്ത വെള്ളത്തിൽ കഴുകൽ എന്നിവ അടിസ്ഥാന സുരക്ഷാ മാർഗങ്ങളാണ്.
ലോകസമാധാനത്തെക്കുറിച്ച് പ്രസംഗിക്കൽ
സ്റ്റോക്ക്ഹോം അന്താരാഷ്ട്ര സമാധാന ഗവേഷണ സ്ഥാപനത്തിന്റെ വാർഷിക പുസ്തകം-1997 പറയുന്നതനുസരിച്ച്, ശീതസമരത്തിൽ പ്രമുഖ പങ്കുവഹിച്ചിരുന്ന പ്രാദേശിക യുദ്ധങ്ങൾ അസ്തമിച്ചിരിക്കുന്നെന്നു തോന്നുന്നു. ശീതസമരത്തിന്റെ അവസാന വർഷമായ 1989-ൽ 36 “പ്രമുഖ സായുധ പോരാട്ടങ്ങൾ” നടക്കുകയുണ്ടായി. 1996-ൽ ഇത് 27 ആയി കുറഞ്ഞു. അതിൽത്തന്നെ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായതൊഴികെ ബാക്കിയെല്ലാം ആഭ്യന്തര, അന്തർരാഷ്ട്രീയ പോരാട്ടങ്ങളായിരുന്നു. മാത്രമല്ല, കണക്കാക്കപ്പെട്ട മരണസംഖ്യ അനുസരിച്ച്, അവയിൽ മിക്ക പോരാട്ടത്തിനും മുമ്പത്തെ അപേക്ഷിച്ച് തീവ്രത കുറഞ്ഞതായി കാണപ്പെട്ടു, അല്ലെങ്കിൽ അവ മന്ദഗതിയിലാണു തുടർന്നത്. “മറ്റൊരു തലമുറയും ലോകസമാധാനത്തോട് ഇത്രയധികം അടുത്തുവന്നിട്ടില്ല” എന്ന് ദക്ഷിണാഫ്രിക്കയിലെ ഒരു വർത്തമാന പത്രമായ ദ സ്റ്റാർ നിഗമനം ചെയ്തു. ടൈം മാഗസിൻ പറയുന്നു: “അമേരിക്കൻ അധീശത്വം . . . ലോകത്തിനു സമ്മാനിച്ചിരിക്കുന്നത് അമേരിക്കൻ കൊടിക്കൂറയിൻ കീഴിലുള്ള ഒരു സമാധാനമാണ്. ഈ നൂറ്റാണ്ടു ദർശിച്ചിട്ടില്ലാത്ത, മാനവചരിത്രത്തിൽ വിരളമായ സാർവദേശീയ സമാധാനത്തിന്റെയും പ്രശാന്തതയുടെയും ഒരു യുഗം.”
ഇപ്പോഴും ഒന്നാമതുതന്നെ
“മറ്റേതൊരു പുസ്തകത്തെക്കാളും കൂടുതലായി ബൈബിളിന്റെ പ്രതികൾ ഇപ്പോഴും അച്ചടിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്” എന്ന് ഇഎൻഐ ബുള്ളറ്റിൻ റിപ്പോർട്ടു ചെയ്യുന്നു. ബൈബിളിന്റെ ഏറ്റവും കൂടുതൽ പ്രതികൾ വിതരണം ചെയ്യപ്പെടുന്നത് ചൈന, ഐക്യനാടുകൾ, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ്. യുണൈറ്റഡ് ബൈബിൾ സൊസൈറ്റികളിൽനിന്നുള്ള (യുബിഎസ്) ഒരു റിപ്പോർട്ട് അനുസരിച്ച്, 1996-ൽ സമ്പൂർണ ബൈബിളിന്റെ 1.94 കോടി പ്രതികൾ വിതരണം ചെയ്യപ്പെട്ടു. അതൊരു പുതിയ റെക്കോർഡായിരുന്നു, 1995-നെക്കാൾ 9.1 ശതമാനം വർധനവ്. “ലോകത്തിന്റെ ചില ഭാഗങ്ങളിൽ വിതരണത്തിൽ വമ്പിച്ച വർധനവു”ണ്ടെങ്കിലും “തിരുവെഴുത്തുകൾ എല്ലാവർക്കും അനായാസം ലഭ്യമാകണമെങ്കിൽ ഇനിയും വളരെ ചെയ്യേണ്ടതായുണ്ട്” എന്ന് യുബിഎസ്-ന്റെ പ്രസിദ്ധീകരണ വിഭാഗം കോ-ഓർഡിനേറ്ററായ ജോൺ ബോൾ പറയുകയുണ്ടായി.
“മരണവാഹകർ”
സമ്പന്ന പാശ്ചാത്യ രാജ്യങ്ങൾ, വികസ്വര രാജ്യങ്ങൾക്കു രോഗങ്ങളുടെ ഒരു “ഇരട്ടി ഭാരം” സൃഷ്ടിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ലിയുഎച്ച്ഒ) 1997-ലെ റിപ്പോർട്ടു പറയുന്നു. ലണ്ടനിലെ ദ ഡെയ്ലി ടെലഗ്രാഫ് റിപ്പോർട്ടു ചെയ്തപ്രകാരം, വികസ്വര രാഷ്ട്രങ്ങൾ പുകവലി, കലോറി കൂടിയതും സമൃദ്ധമായി കൊഴുപ്പടങ്ങിയതുമായ ഭക്ഷണക്രമം, കുറഞ്ഞ കായിക പ്രവർത്തനം എന്നീ പാശ്ചാത്യ ജീവിതരീതികൾ അവലംബിക്കുന്നതിനാൽ അവിടെ ഹൃദ്രോഗം, മസ്തിഷ്കാഘാതം, പ്രമേഹം, ചിലതരം അർബുദം തുടങ്ങിയവ അത്യധികം വർധിക്കുകയാണ്. ഇപ്പോൾ ലോകവ്യാപകമായി ആളുകളുടെ ആയുർദൈർഘ്യം വർധിച്ചിട്ടുണ്ടെങ്കിലും ‘ഗുണമേൻമയില്ലാത്ത ആ ജീവിതം പൊള്ളയായ ഒരു സമ്മാനമാണെന്ന്’ ഡബ്ലിയുഎച്ച്ഒ-യുടെ ഒരു ഡയറക്ടറായ ഡോ. പോൾ ക്ലൈയൂസ് പറയുന്നു. അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “വാസ്തവത്തിൽ, ഞങ്ങൾ മരണവാഹകരാണെന്നു പറയുന്നതു ശരിതന്നെ.” ആരോഗ്യാവഹമായ ജീവിതരീതികൾ പ്രോത്സാഹിപ്പിക്കാനായി ഡബ്ലിയുഎച്ച്ഒ ശക്തമായ ഒരു ലോകവ്യാപക പ്രചാരണപരിപാടി ഉന്നമിപ്പിക്കുകയാണ്. അല്ലാത്തപക്ഷം, “ഗോളവ്യാപകമായ അളവിൽ കഷ്ടപ്പാടിന്റേതായ ഒരു പ്രതിസന്ധിഘട്ടം” സംജാതമാകുമെന്ന് അത് പറയുന്നു.
ബുദ്ധമതത്തലവൻ സത്യം തേടാൻ ഉപദേശിക്കുന്നു
മതത്തിന്റെ കാര്യത്തിൽ “പിടിവാശി നല്ലതല്ല” എന്ന് ജപ്പാനിലെ ഏറ്റവും പുരാതന ബുദ്ധമതവിഭാഗങ്ങളിലൊന്നിന്റെ പരമോന്നത പുരോഹിതനും തലവനുമായ ഇഷിൻ വാറ്റാനാബേ പറയുന്നു. വിശ്വാസങ്ങളോടുള്ള കൂറ് നല്ലതാണെന്നും എന്നാൽ വഴക്കമില്ലാത്ത വിശ്വാസങ്ങൾ ഉത്തമമല്ലെന്നുമാണോ അർഥമാക്കിയതെന്നു ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ വിശദീകരണം മെയിനിച്ചി ഡെയ്ലി ന്യൂസ് ഉദ്ധരിച്ചു: “നിങ്ങളുടെ വിശ്വാസം ശരിയോ തെറ്റോയെന്നു വിചിന്തനം ചെയ്യേണ്ടതുണ്ട്. മറ്റു വിശ്വാസങ്ങളുമായി അവയ്ക്കുള്ള ബന്ധം പുനരവലോകനം ചെയ്യുന്നതു പ്രധാനമാണ്. അവ സത്യത്തെ പ്രതിനിധാനം ചെയ്യുന്നുണ്ടോ ഇല്ലയോ എന്നു നിങ്ങൾ നിർണയിക്കേണ്ടതുമുണ്ട്. നാം ഈ സംഗതികളെ പുനഃപരിശോധിക്കേണ്ടതുണ്ട്.” 1,200 വർഷം മുമ്പു ചൈനയിൽനിന്നു ജപ്പാനിൽ എത്തിയ റ്റെൻഡൈ എന്ന ബുദ്ധമതവിഭാഗത്തിന്റെ തലവനാണു വാറ്റാനാബേ.
പ്രകൃതിദത്തമായ അണുനാശിനി
ശരീരത്തിൽ മുറിവുണ്ടാകുമ്പോൾ ചിലയാളുകൾ മൃഗങ്ങളെപ്പോലെ സഹജമായി അതു നക്കുന്നു. രസകരമെന്നുപറയട്ടെ, വാസ്തവത്തിൽ ഉമിനീർ പ്രകൃതിദത്തമായ ഒരു അണുനാശിനിയാണെന്നു ലണ്ടനിലെ സെൻറ് ബാർത്തലോമ്യൂ ആശുപത്രിയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. വർത്തമാനപ്പത്രമായ ദി ഇൻഡിപെൻഡന്റിൽ റിപ്പോർട്ടു ചെയ്തപ്രകാരം, ഔഷധശാസ്ത്രജ്ഞർ 14 സന്നദ്ധസേവകരോടു സ്വന്തം കൈയുടെ ഇരുവശവും നക്കാൻ ആവശ്യപ്പെട്ടു. അതേത്തുടർന്ന് അവരുടെ തൊലിപ്പുറമേയുള്ള നൈട്രിക് ഓക്സൈഡിന്റെ അളവു വളരെ വർധിച്ചതായി കണ്ടെത്തി. ഉമിനീരിൽ അടങ്ങിയിരിക്കുന്ന നൈട്രൈറ്റ് തൊലിയിലെ അമ്ല പ്രതലവുമായി സമ്പർക്കത്തിലാകുമ്പോൾ അണുനാശനത്തിനു കഴിവുള്ള ശക്തിയേറിയ ഒരു രാസവസ്തുവായ നൈട്രിക് ഓക്സൈഡ് ഉണ്ടാകുന്നു. ഉമിനീരിൽ കാണപ്പെടുന്ന മറ്റൊരു രാസവസ്തുവായ അസ്കോർബേറ്റ് ഈ പ്രവർത്തനത്തെ സഹായിക്കുന്നു.
മരിജ്വാന—നാശകാരിയായ മയക്കുമരുന്നോ?
മരിജ്വാന താരതമ്യേന ഉപദ്രവകാരിയല്ലെന്ന് അതിന്റെ ഉപഭോക്താക്കൾ ദീർഘകാലമായി വാദിച്ചിരിക്കുന്നു. എന്നാൽ, “[മരിജ്വാനയ്ക്ക്] തലച്ചോറിലുള്ള സ്വാധീനം ഹെറോയിൻ പോലുള്ള ‘നാശകാരികളായ’ മയക്കുമരുന്നുകളുടേതിനു സമാനമാണെന്ന് പുതിയ തെളിവുകൾ സൂചിപ്പിക്കുന്ന”തായി സയൻസ് എന്ന പത്രിക റിപ്പോർട്ടു ചെയ്യുന്നു. ഐക്യനാടുകൾ, സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞൻമാരാണു പഠനങ്ങൾ നടത്തിയത്. “മരിജ്വാനയിലെ സജീവ ഘടകം—റ്റിഎച്ച്സി എന്നറിയപ്പെടുന്ന ഒരു രാസവസ്തു—നിക്കോട്ടിൻ മുതൽ ഹെറോയിൻ വരെയുള്ള ഇതര മയക്കുമരുന്നുകളിലുള്ള ആസക്തിയെ ബലപ്പെടുത്തുന്നതെന്നു തോന്നുന്ന ജീവരസതന്ത്രപരമായ മുഖ്യ പ്രവർത്തനങ്ങൾക്കു കാരണമാകുന്നു” എന്നത് അവരുടെ കണ്ടുപിടിത്തങ്ങളിൽ ഉൾപ്പെട്ടിരുന്നു. എങ്ങനെയെന്നാൽ, ‘മസ്തിഷ്കത്തിന്റെ ‘റിവാർഡ്’ പാത്വേയിൽനിന്ന്, മയക്കുമരുന്ന് ഉപഭോക്താക്കൾ തുടർന്നും അത് ഉപയോഗിക്കാൻ ഇടയാക്കുന്ന ഡോപാമിൻ സ്രവിപ്പിച്ചുകൊണ്ട്.’ മരിജ്വാനയുടെ ദീർഘകാലമായുള്ള ഉപഭോഗം അവസാനിപ്പിക്കുമ്പോൾ മസ്തിഷ്കത്തിൽ മറ്റൊരു രാസവസ്തുവിന്റെ, കോർട്ടികോട്രോപിൻ-റിലീസിങ് ഫാക്ടർ (സിആർഎഫ്) എന്നു വിളിക്കപ്പെടുന്ന ഒരു പെപ്റ്റൈഡിന്റെ അളവുയരുന്നു. കറുപ്പിന്റെ വകഭേദങ്ങൾ, മദ്യം, കൊക്കെയ്ൻ എന്നിവ ഉപയോഗിക്കുന്നതു നിർത്തുമ്പോൾ ഉണ്ടാകുന്ന വൈകാരികമായ പിരിമുറുക്കവും പരിഭ്രാന്തിയും സിആർഎഫ്-മായി ബന്ധപ്പെട്ടിരിക്കുന്നു. തന്നിമിത്തം ഒരു ഗവേഷകൻ ഇങ്ങനെ പറഞ്ഞു: “ഈ തെളിവുകളുടെയെല്ലാം അടിസ്ഥാനത്തിൽ ആളുകൾ മേലാൽ റ്റിഎച്ച്സി-യെ ഒരു ‘ഉപദ്രവരഹിത’ മയക്കുമരുന്നായി കണക്കാക്കാതിരിക്കുന്നെങ്കിൽ, ഞാൻ സംതൃപ്തനാകുമായിരുന്നു.” ഐക്യനാടുകളിൽ, ഓരോവർഷവും 1,00,000-ത്തോളം ആളുകൾ മരിജ്വാന ആസക്തിക്കു ചികിത്സ തേടുന്നു.
പുരാതന ഈജിപ്തിൽ ഐസ്
“കൃത്രിമ ശീതീകരണസംവിധാനം ഇല്ലായിരുന്നിട്ടും വരണ്ടതും മിതവുമായ കാലാവസ്ഥയിൽ സംഭവിക്കുന്ന പ്രകൃതിയിലെ ഒരു പ്രതിഭാസത്തിലൂടെ ഐസ് ഉണ്ടാക്കാൻ പുരാതന ഈജിപ്തുകാർക്കു സാധിച്ചിരുന്നു,” ഒഹായോയിലെ ബ്രൈയനിൽനിന്നുള്ള ദ കൗണ്ടിലൈൻ എന്ന വർത്തമാനപ്പത്രം റിപ്പോർട്ടുചെയ്യുന്നു. എന്നാൽ എങ്ങനെയാണ് അവരത് ഉണ്ടാക്കിയത്? സൂര്യാസ്തമയത്തോടടുത്ത് ഈജിപ്തുകാരായ സ്ത്രീകൾ വൈക്കോൽ നിരത്തിയിട്ടിട്ട് അതിന്റെ പുറത്ത് ആഴംകുറഞ്ഞ മൺതളികയിൽ വെള്ളം വെക്കുമായിരുന്നു. ജലോപരിതലത്തിൽനിന്നും തളികയുടെ ജലമയമുള്ള വശങ്ങളിൽനിന്നും പെട്ടെന്നുള്ള ബാഷ്പീകരണവും രാത്രിയിൽ ഊഷ്മാവിലുണ്ടാകുന്ന താഴ്ചയും നിമിത്തം—അന്തരീക്ഷോഷ്മാവ് ഖരാങ്കത്തിലേക്കു താഴുന്നില്ലെങ്കിൽപ്പോലും—ജലം ഉറയുന്നു.”
വെയിൽകൊള്ളൽ
“വടക്കേ അമേരിക്കയിൽ ചർമാർബുദം സാംക്രമിക പരിണാമത്തിലെത്തിയിരിക്കുന്നു,” എന്ന് ദ വാൻകൂവർ സൺ എന്ന വർത്തമാനപ്പത്രം പറയുന്നു. കൂടാതെ കാനഡക്കാരിൽ ‘ഏഴിൽ ഒരാൾക്കു വീതം ജീവിതത്തിലെപ്പോഴെങ്കിലും അത് പിടിപെടാൻ സാധ്യതയുണ്ട്.’ “മെലനോമയുടെ 90 ശതമാനം കേസുകൾക്കും കാരണം വെയിൽകൊള്ളുന്നതാണെന്നു കരുതപ്പെടുന്നു” എന്ന് ആ വർത്തമാനപ്പത്രം കൂട്ടിച്ചേർക്കുന്നു. വെയിൽകൊണ്ടു തവിട്ടുനിറമാകുന്ന ചർമത്തിനു ക്ഷതമേൽക്കുന്നതായി, ആ റിപ്പോർട്ടു പറയുന്നു. ചർമത്തിന്റെ അകാലജരയ്ക്കും പ്രതിരോധവ്യവസ്ഥയുടെ ക്ഷയിക്കലിനും അത് കാരണമാകുന്നു. 4,000-ത്തിലധികം കാനഡക്കാരിൽ നടത്തിയ ഒരു ദേശീയ സർവേയിൽ, 80 ശതമാനം പേർക്കും തങ്ങളുടെ ചർമത്തിൽ വെയിലേൽക്കുന്നതിന്റെ ആപത്ത് അറിയാമെങ്കിലും ഏതാണ്ട് പകുതിപ്പേരും യാതൊരു പ്രതിരോധ നടപടിയും കൈക്കൊണ്ടിട്ടില്ലെന്നു വെളിപ്പെടുത്തി. “വെയിലിൽനിന്നു സംരക്ഷണം തേടുന്നതു നാം ഒരു ശീലമാക്കേണ്ടതു”ണ്ടെന്നും “വെയിൽകൊള്ളുന്നതിനുള്ള അർഥവത്തും സുരക്ഷിതവുമായ മാർഗങ്ങൾ” അവലംബിക്കേണ്ടതുണ്ടെന്നും ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ സഹപ്രൊഫസറും സർവേയിലെ പ്രമുഖ നിരൂപകരിലൊരുവനുമായ ഡോ. ക്രിസ് ലോവറ്റോ മുന്നറിയിപ്പുനൽകുന്നു.
ചെലവേറിയ ശീലം
പുകവലി ചെലവേറിയതാണ്. എത്രത്തോളം? കാലിഫോർണിയ ബെർക്ലേ വെല്ലൻസ് ലെറ്റർ യൂണിവേഴ്സിറ്റി സൂചിപ്പിക്കുന്നതനുസരിച്ച്, ദിവസേന നിങ്ങൾ വലിക്കുന്നത് ഒരു പായ്ക്കറ്റു സിഗരറ്റാണോ അതോ രണ്ടു പായ്ക്കറ്റു സിഗരറ്റാണോ എന്നതിനെ ആശ്രയിച്ച് ഒടുവിലത് യഥാക്രമം 2,30,000-ഓ 4,00,000-ഓ ഡോളർ ആയിരിക്കും. “നിങ്ങൾ ഒരു യുവാവാണെന്നും ഇന്നു തുടങ്ങി ഒരു 50 വർഷത്തേക്കു പുകവലിക്കുന്നെന്നുമിരിക്കട്ടെ. അത് നിങ്ങളെ ആദ്യമേതന്നെ കൊല്ലുന്നില്ലെന്നും സങ്കൽപ്പിക്കുക,” വെല്ലൻസ് ലെറ്റർ പറയുന്നു. ഓരോ ദിവസവും 2.50 ഡോളർ വിലയുള്ള (കാര്യാദികൾ ലളിതമാക്കാനായി വിലവർധനവ് നാം പരിഗണിക്കുന്നില്ല) ഒരു പായ്ക്കറ്റ് വീതം വലിക്കുകയാണെങ്കിൽ ഒരു വർഷമാകുമ്പോഴേക്കും അത് 900 ഡോളറിൽ കവിയും, അഥവാ ഏതാണ്ട് 50 വർഷമാകുമ്പോഴേക്കും അത് 45,000 ഡോളറാകും. 5% പലിശനിരക്കിൽ ആ പണം ബാങ്കിൽ നിക്ഷേപിക്കുകയാണെങ്കിൽ അതു ഈ കാലയളവുകൊണ്ട് നാലിരട്ടിയാകും.” ലൈഫ് ഇൻഷ്വറൻസുമായി ബന്ധപ്പെട്ട കൂടുതലായ ചെലവും (വീട്, വസ്ത്രം, പല്ല് എന്നിവയുടെ) ശുചീകരണ ചെലവും കൂട്ടുമ്പോൾ ആദ്യം സൂചിപ്പിച്ച സംഖ്യയുടെ അത്രയും വരും. പ്രസ്തുത കത്ത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഹെൽത്ത് ഇൻഷ്വറൻസ് ചെലവു വഹിക്കുകയില്ലാത്തപക്ഷം, പുകവലിയോടുള്ള ബന്ധത്തിൽ നിങ്ങൾ മുടക്കേണ്ടിവരുന്ന ചികിത്സാ ചെലവ് ഇതിൽ ഉൾപ്പെടുന്നില്ല.”