അപ്പാച്ചിക്ക് എന്തൊക്കെ സംഭവിച്ചെന്നോ?
“ക്രൂരതയുടെ ആൾരൂപം” എന്ന് ആരെക്കുറിച്ചാണു പറഞ്ഞിട്ടുള്ളത്? എങ്കിലും, ശ്രദ്ധേയമായ ധീരതയ്ക്കും നിശ്ചയദാർഢ്യത്തിനും പേരുകേട്ട ആ വ്യക്തി ആരായിരുന്നു? യു.എസ്. സൈന്യത്തിന് കീഴടങ്ങിയ അവസാനത്തെ അപ്പാച്ചി നേതാവായിരുന്നു അദ്ദേഹം. 80 വർഷത്തോളം ജീവിച്ചിരുന്ന് 1909-ൽ ഓക്ലഹോമയിൽവെച്ച് മരിച്ച അദ്ദേഹം ഡച്ച് നവോത്ഥാന സഭയിലെ ഒരംഗമായിരുന്നുവെന്ന് കരുതപ്പെടുന്നു. അദ്ദേഹമായിരുന്നു ഗോയാഹ്ക്ലേ. അധികവും ജെറോനിമോ എന്നറിയപ്പെടുന്ന അദ്ദേഹം അവസാനത്തെ മഹാനായ അപ്പാച്ചി നേതാവായിരുന്നു.
ഗോയാഹ്ക്ലേ, മെക്സിക്കൻ പട്ടാളക്കാരെ ആക്രമിച്ചപ്പോൾ അവർ ഭയപ്പെട്ട് ജെറോം “പുണ്യവാള”നോട് (ചേറോനിമോ) നിലവിളിച്ചതിൽപ്പിന്നെയാണ് അദ്ദേഹത്തിന് ജെറോനിമോ എന്ന പേര് കിട്ടിയതെന്നു പറയപ്പെടുന്നു. മെക്സിക്കോയിലെ ചേനോസിന്റെ പ്രാന്തപ്രദേശങ്ങളിൽ താവളമടിച്ചിരുന്ന 25 അപ്പാച്ചി സ്ത്രീകളെയും കുട്ടികളെയും മെക്സിക്കൻ സേനകൾ 1850 എന്ന വർഷത്തോടടുത്ത് കൊലപ്പെടുത്തുകയുണ്ടായി. ജെറോനിമോയുടെ മാതാവും യുവഭാര്യയും മൂന്നു കുട്ടികളും അക്കൂട്ടത്തിലുണ്ടായിരുന്നു. “തന്റെ ശിഷ്ട ജീവിതകാലം മുഴുവൻ ജെറോനിമോ മെക്സിക്കോക്കാരെ ഒന്നടങ്കം വെറുത്ത”തായി പറയപ്പെടുന്നു. പ്രതികാരമോഹിയായിത്തീർന്ന അദ്ദേഹം, ആളുകൾ ഏറ്റവും ഭയപ്പെട്ടിരുന്ന അപ്പാച്ചി മുഖ്യന്മാരിൽ ഒരാളായിത്തീർന്നു.
ഹോളിവുഡ് സിനിമകളിൽ മിക്കപ്പോഴും വില്ലന്മാരായി ചിത്രീകരിക്കപ്പെടാറുള്ള അപ്പാച്ചി ഇന്ത്യക്കാരെക്കുറിച്ച് നമുക്കെന്തറിയാം? അവർ ഇപ്പോഴുമുണ്ടോ? എങ്കിൽ, അവരുടെ ജീവിതം എങ്ങനെയാണ്, അവർക്ക് എങ്ങനെയുള്ള ഒരു ഭാവിയാണുള്ളത്?
“നരവംശത്തിലെ പുലികൾ”
നിർഭയരും സമർഥരുമായ യോദ്ധാക്കളെന്നു പേരുകേട്ടവരാണ് അപ്പാച്ചി.a (വ്യക്തമായും അവരുടെ ഈ പേര് വന്നിരിക്കുന്നത് “ശത്രു” എന്നർഥമുള്ള ആപ്പാച്ചൂ എന്ന സുനി പദത്തിൽനിന്നാണ്.) 19-ാം ശതകത്തിൽ അമേരിക്കൻ ഇന്ത്യക്കാർക്കെതിരെ പോരാട്ടം നടത്തിയ വിഖ്യാതനായ ജനറൽ ജോർജ് ക്രുക്ക് അവരെ വിളിച്ചത് “നരവംശത്തിലെ പുലികൾ” എന്നാണ്. എന്നാൽ, “1500-ന് ശേഷം ഒരിക്കലും അപ്പാച്ചി ഗോത്രക്കാരെ മൊത്തമെടുത്താലും അവരുടെ സംഖ്യ ആറായിരത്തിൽ കവിഞ്ഞിട്ടില്ല” എന്ന് ഒരു പ്രാമാണിക ഉറവിടം പറയുന്നു. എങ്കിലും, അവരുടെ ഏതാനും ഡസ്സൻ യോദ്ധാക്കൾക്ക് ഗറില്ലായുദ്ധമുറയുപയോഗിച്ച് ഒരു ശത്രുസൈന്യത്തെ ഒന്നടങ്കം ഉപരോധിക്കാൻ കഴിഞ്ഞിരുന്നുവത്രേ!
എന്നാൽ ഒരു അപ്പാച്ചി ഉറവിടം ഇങ്ങനെ പ്രസ്താവിക്കുന്നു: “സ്പെയിൻകാരും മെക്സിക്കോക്കാരും അമേരിക്കക്കാരും പടച്ചുവിട്ട പൊതു ധാരണകൾക്കു വിരുദ്ധമായി, അപ്പാച്ചികൾ യുദ്ധപ്രിയരും രക്തക്കൊതിപൂണ്ടവരുമായ കാട്ടാളന്മാരായിരുന്നില്ല. ഞങ്ങൾ കൊള്ള നടത്തിയിരുന്നത് ക്ഷാമകാലത്തു മാത്രമാണ്. യുദ്ധങ്ങൾ നടത്തിയിരുന്നത് തോന്നിയതുപോലെ ആയിരുന്നില്ല, ഞങ്ങളോടു കാണിക്കുന്ന അനീതികൾക്ക് പ്രതികാരമായി പൊതുവെ ശരിക്കും ആസൂത്രിതമായ പോരാട്ടങ്ങളായിരുന്നു അവ.” അത്തരം അനീതികൾ അനവധിയായിരുന്നുതാനും!
അരിസോണയിലെ പെരിഡോട്ടിലുള്ള സാൻ കാർലോസ് അപ്പാച്ചി സാംസ്കാരിക കേന്ദ്രത്തിലെ ഒരു പ്രദർശനം അപ്പാച്ചിയുടെ വീക്ഷണപ്രകാരമുള്ള അവരുടെ ചരിത്രം വ്യക്തമാക്കുന്നു: “പുറത്തുള്ളവരുടെ വരവോടെ ഈ പ്രദേശത്ത് വിദ്വേഷങ്ങളും മാറ്റങ്ങളും എത്തി. നവാഗതർ, ആദിവാസികളായ ഞങ്ങൾക്ക് ഈ ദേശവുമായുള്ള ബന്ധത്തെ ഒട്ടും മാനിച്ചില്ല. ഞങ്ങളുടെ പാരമ്പര്യങ്ങളും സംസ്കാരവും കാത്തുസൂക്ഷിക്കാനുള്ള ശ്രമത്തിൽ ഞങ്ങളുടെ പൂർവികർ സ്പെയിനിലെയും മെക്സിക്കോയിലെയും ഐക്യനാടുകളിലെയും പട്ടാളക്കാരോടും പൗരന്മാരോടും പോരാടി അനേക യുദ്ധങ്ങൾ ജയിച്ചു. സംഖ്യാബലത്താലും ആധുനിക സാങ്കേതികവിദ്യയാലും ഭയന്നുപോയ ഞങ്ങളുടെ പൂർവപിതാമഹന്മാർ യു.എസ്. ഗവൺമെൻറിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ ഒടുവിൽ നിർബന്ധിതരായി. സ്വതന്ത്രമായ ജീവിതം ഉപേക്ഷിച്ച് സംവരണമേഖലകളിൽ പാർക്കാൻ ഞങ്ങൾ നിർബന്ധിതരായി.” ‘സംവരണമേഖലകളിൽ പാർക്കാൻ നിർബന്ധിതരായി’ എന്ന പ്രയോഗം ഐക്യനാടുകളിലെ 554 ഗോത്രങ്ങളിലും കാനഡയിലെമ്പാടുമായുള്ള 633 സംഘങ്ങളിലുമുള്ള ഏതാണ്ട് അഞ്ചു ലക്ഷം സംവരണമേഖലാ നിവാസികളിൽ (ഇരുപതു ലക്ഷത്തിലധികം അമേരിക്കൻ ഇന്ത്യക്കാരാണുള്ളത്) തീവ്രവികാരങ്ങൾ ഉണർത്തിവിടുന്നു. അപ്പാച്ചിയുടെ എണ്ണം 50,000-ത്തോളം വരും.b
ആദ്യകാല അതിജീവനം
ആദിമ ഗോത്രങ്ങൾ വന്നത് ഏഷ്യയിൽനിന്ന് ബെറിങ് കടലിടുക്കുവഴിയാണെന്നും അവർ ക്രമേണ തെക്കോട്ടും കിഴക്കോട്ടും വ്യാപിച്ചുവെന്നുമുള്ള സിദ്ധാന്തം മിക്ക പ്രാചീന അമേരിക്കൻ ചരിത്രവിദഗ്ധരും അംഗീകരിക്കുന്നുണ്ട്. ഭാഷാവിദഗ്ധർ അപ്പാച്ചി ഭാഷയെ അലാസ്കയിലെയും കാനഡയിലെയും അതാപാസ്കൻകാരുടെ ഭാഷയുമായി ബന്ധപ്പെടുത്തുന്നു. തോമസ് മെയ്ൽസ് ഇങ്ങനെ എഴുതുന്നു: “ഇപ്പോഴത്തെ കണക്കുകൂട്ടലുകളനുസരിച്ച് അമേരിക്കയുടെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ അവരെത്തിയത് എ.ഡി. 1000-ത്തിനും 1500-നും ഇടയ്ക്കാണ്. അവർ വന്ന കൃത്യമായ വഴിയും അവരുടെ കുടിയേറ്റവേഗതയും സംബന്ധിച്ച് നരവംശശാസ്ത്രജ്ഞർക്കിടയിൽ ഇപ്പോഴും യോജിപ്പില്ല.”—അപ്പാച്ചി എന്നു വിളിക്കപ്പെടുന്ന ജനത (ഇംഗ്ലീഷ്).
ആദിമ നൂറ്റാണ്ടുകളിൽ അപ്പാച്ചി ജീവിച്ചുപോന്നത് സ്പാനിഷുകാരും മെക്സിക്കോക്കാരുമായ അയൽക്കാർക്കെതിരെ കൊള്ളസംഘങ്ങളെ സംഘടിപ്പിച്ചുകൊണ്ടാണ്. തോമസ് മെയിൽസ് ഇപ്രകാരം എഴുതുന്നു: “അത്തരം കൊള്ള 1690-നോടടുത്ത കാലത്ത് ആരംഭിച്ച് 1870-നോടടുത്ത കാലംവരെയുള്ള രണ്ടു നൂറ്റാണ്ടോളം തുടർന്നു. അത്തരം കൊള്ള അതിശയിപ്പിക്കുന്നതല്ല. കാരണം, മെക്സിക്കോ അവശ്യ സാധനങ്ങളുടെ ഒരു കലവറ തന്നെയായിരുന്നു.”
ഉച്ചിത്തൊലി ചെത്തൽരീതി ആദ്യം പ്രയോഗിച്ചതാര്?
മെക്സിക്കോയും അപ്പാച്ചി ജനതയും തമ്മിലുള്ള നിരന്തര പോരാട്ടങ്ങളുടെ ഫലമായി മെക്സിക്കോയിലെ സോനോര ഗവൺമെൻറ് ഉച്ചിത്തൊലിക്കു പ്രതിഫലം കൊടുക്കുന്ന “പഴയ സ്പാനിഷ് സമ്പ്രദായം സ്വീകരിച്ചു.” ഈ രീതി ആദ്യമവലംബിച്ചത് സ്പെയിൻകാരായിരുന്നില്ല—അതിനും മുമ്പുള്ള കാലങ്ങളിൽ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ആ രീതി ഉപയോഗിച്ചിരുന്നു.
മെക്സിക്കോക്കാർ ഉച്ചിത്തൊലി ചെത്തിയെടുത്തിരുന്നത് പ്രതിഫലത്തുക നേടുന്നതിനു വേണ്ടിയായിരുന്നു. ചിലപ്പോൾ, ഉച്ചിത്തൊലി അപ്പാച്ചിയുടേതാണോ അല്ലയോ എന്നതൊന്നും അവർക്കു പ്രശ്നമല്ലായിരുന്നു. 1835-ലാണ് ഉച്ചിത്തൊലി പ്രതിഫല നിയമം മെക്സിക്കോയിൽ പാസ്സാക്കിയത്. ഓരോ യോദ്ധാവിന്റെയും ഉച്ചിത്തൊലിക്കു നൽകിയിരുന്നത് 100 പെസോസ് ആയിരുന്നു. രണ്ടു വർഷത്തിനുശേഷം, ഒരു സ്ത്രീയുടെ ഉച്ചിത്തൊലിക്കുള്ള 50 പെസോസും ഒരു കുട്ടിയുടെ ഉച്ചിത്തൊലിക്കുള്ള 25 പെസോസും അതിന്റെ കൂടെ കൂട്ടി! അപ്പാച്ചിദേശം കീഴടക്കൽ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഡാൻ ത്രാപ്പ് എഴുതുന്നു: “സത്യത്തിൽ ഉന്മൂലനത്തെ ഉദ്ദേശിച്ചുള്ള ആ നയം, നരഹത്യയ്ക്ക് വ്യാപകമായ വേരുകളാണുള്ളതെന്നും അത് ഏതെങ്കിലും ഒരൊറ്റ രാജ്യത്തിന്റെ ആധുനിക കണ്ടുപിടിത്തമല്ലെന്നുമുള്ളതിന്റെ തെളിവാണ്.” അദ്ദേഹം തുടരുന്നു: “അപ്പാച്ചികൾ ഉച്ചിത്തൊലി ചെത്തിയിരുന്നില്ല.” എന്നിരുന്നാലും, ചിരിക്കാവ ചിലപ്പോഴൊക്കെ ഉച്ചിത്തൊലി ചെത്തിയെടുത്തിരുന്നു. എന്നാൽ എപ്പോഴുമൊന്നും അങ്ങനെ ചെയ്തിരുന്നില്ല. “കാരണം, മരണത്തെയും ഭൂതങ്ങളെയും അവർ ഭയപ്പെട്ടിരുന്നു” എന്ന് മെയ്ൽസ് പറയുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “മെക്സിക്കോക്കാർ ഈ തന്ത്രം ആവിഷ്കരിച്ചതിനുശേഷം അതിനോടുള്ള പ്രതികാരമെന്നനിലയിലാണ് [അവർ] ഉച്ചിത്തൊലി ചെത്തിയിരുന്നത്.”
ഖനിജോലിക്കാർ “മിക്കപ്പോഴും കൂട്ടം ചേർന്ന് . . . അമേരിക്കൻ ഇന്ത്യാക്കാരെ തേടി പുറപ്പെട്ടിരുന്നു. അവർക്ക് അവരെ കെണിയിൽപ്പെടുത്താൻ കഴിഞ്ഞപ്പോഴൊക്കെ അവർ പുരുഷന്മാരെ ഒന്നടങ്കം കൊന്നുകളഞ്ഞു. ചിലപ്പോൾ സ്ത്രീകളെയും കുട്ടികളെയും പോലും ബാക്കി വെച്ചിരുന്നില്ല. സ്വഭാവികമായും അമേരിക്കൻ ഇന്ത്യക്കാർ വെള്ളക്കാരോടും മറ്റു ഗോത്രക്കാരോടും അതുതന്നെ ചെയ്തു” എന്ന് ത്രാപ്പ് പറയുന്നു.
അപ്പാച്ചിയുമായുള്ള യുദ്ധം അരിസോണ സംസ്ഥാനത്തിനു ലാഭകരമായ ഒരു ഘട്ടത്തിലെത്തിച്ചേർന്നു എന്ന് ചാൾസ് ലുമ്മിസ് പറയുന്നു. കാരണം, “യുദ്ധം തുടരുന്നത് യുദ്ധവിഭാഗം അരിസോണയുടെ അതിർത്തികൾക്കുള്ളിൽ പ്രതിവർഷം 20 ലക്ഷം ഡോളറിലധികം വിതരണം ചെയ്യുന്നതിനെ [അർഥമാക്കി].” ത്രാപ്പ് പ്രസ്താവിക്കുന്നു: “പ്രബലരും തത്ത്വദീക്ഷയില്ലാത്തവരുമായ ആളുകൾ അപ്പാച്ചികളുമായുള്ള സമാധാനം കാംക്ഷിച്ചില്ല. കാരണം, സമാധാനമുള്ളപ്പോൾ സൈന്യത്തിൽനിന്നു ലഭിച്ചിരുന്ന പണത്തിന്റെ ഒഴുക്ക് നിലയ്ക്കുമായിരുന്നു.”
സംവരണമേഖലകളായിരുന്നോ പരിഹാരം?
ആക്രമണം നടത്തിയ വെള്ളക്കാരായ കുടിയേറ്റക്കാരും തദ്ദേശ അപ്പാച്ചിയും തമ്മിലുള്ള നിരന്തര പോരാട്ടം അമേരിക്കൻ ഇന്ത്യക്കാർ സംവരണമേഖലകളിൽ ഒതുങ്ങിക്കഴിയുകയെന്ന കേന്ദ്രഗവൺമെൻറിന്റെ പരിഹാരമാർഗത്തിലേക്കു നയിച്ചു. ഈ സംവരണമേഖലകൾ, അവർ അതിജീവിക്കാൻ പ്രതീക്ഷിക്കപ്പെട്ടിരുന്ന വാസയോഗ്യമല്ലാത്ത ഭൂപ്രദേശങ്ങളായിരുന്നു. 1871-72-ൽ അപ്പാച്ചിക്കായി സംവരണമേഖലകൾ സ്ഥാപിക്കുകയുണ്ടായി.
1872 മുതൽ 1876 വരെ ചിരിക്കാവ അപ്പാച്ചിക്ക് സ്വന്തമായ സംവരണമേഖല ഉണ്ടായിരുന്നു. സ്വതന്ത്രമായി വിഹരിച്ചുനടന്നിരുന്ന ഈ നാടോടികൾക്ക് കൂച്ചുവിലങ്ങിടപ്പെട്ടതുപോലെ തോന്നി. 400-നും 600-നും ഇടയ്ക്കു വരുന്ന അവർക്ക് 27,36,000 ഏക്കർ സ്ഥലമുണ്ടായിരുന്നെങ്കിലും, അധികവും ഊഷരമായ ഈ പ്രദേശം വേട്ടയാടിയും കായ്കനികൾ പെറുക്കിയും ജീവിക്കുന്നതിനു തികയാതായി. പട്ടിണിയകറ്റാൻ ഗവൺമെൻറിന് 15 ദിവസത്തിലൊരിക്കൽ റേഷൻ നൽകേണ്ടിവന്നു.
അപ്പോൾ പോലും, പ്രത്യേകമായ ചിരിക്കാവ സംവരണമേഖല പാഴാണെന്നും അപ്പാച്ചിയെ ഒരു സംവരണമേഖലയിൽ ആക്കണമെന്നും വെള്ളക്കാരായ നിവാസികൾ കരുതി. ആദരണീയ ഗോത്രമുഖ്യൻ കോച്ചിസ് 1874-ൽ മരിച്ചതോടെ വെള്ളക്കാരായ നിവാസികളുടെ വിദ്വേഷം നുരഞ്ഞുപൊന്തി. സംവരണമേഖലയിൽനിന്ന് ചിരിക്കാവ അപ്പാച്ചിയെ തുരത്തുന്നതിന് അവർക്ക് ഒരു ഒഴികഴിവ് വേണമായിരുന്നു. എന്താണ് സംഭവിച്ചത്? “1876-ൽ അതിനുള്ള ഒരു മറ ലഭിച്ചു. കൂടുതൽ വിസ്കി കൊടുക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് രണ്ട് നിയമവിരുദ്ധ വിസ്കിവ്യാപാരികളെ രണ്ടു ചിരിക്കാവ ഗോത്രക്കാർ കൊലപ്പെടുത്തി. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുപകരം, സാൻ കാർലോസ് സംവരണമേഖലയുടെ [ഗവൺമെൻറ്] പ്രതിനിധി സായുധരായ ആളുകൾക്കൊപ്പമെത്തി ചിരിക്കാവ [ഗോത്രത്തെ] സാൻ കാർലോസിലേക്കു കൊണ്ടുപോയി. എന്നിട്ട് ചിരിക്കാവ സംവരണമേഖല അടച്ചിട്ടു.”
എന്നിരുന്നാലും, തങ്ങളുടെ സംവരണപരിധികൾക്കപ്പുറം സ്വതന്ത്രമായി വിഹരിക്കാൻ അമേരിക്കൻ ഇന്ത്യക്കാർക്ക് അനുമതിയുണ്ടായിരുന്നു. വെള്ളക്കാരായ നിവാസികൾക്ക് ആ നയം ഇഷ്ടമായില്ല. “ആ നിവാസികളുടെ ആവശ്യപ്രകാരം സാൻ കാർലോസ്, വൈറ്റ് മൗണ്ടൻ, സിബെക്വെ, ടൊറ്റോ അപ്പാച്ചി, ചിരിക്കാവ അപ്പാച്ചിയുടെ അനവധി കൂട്ടങ്ങൾ എന്നിവയെയെല്ലാം ഗവൺമെൻറ്, സാൻ കാർലോസ് ഭരണവിഭാഗത്തിലേക്കു മാറ്റി.”—സൃഷ്ടിയുടെ യാത്ര—അമേരിക്കൻ ഇന്ത്യാക്കാരുടെ താദാത്മ്യവും വിശ്വാസവും (ഇംഗ്ലീഷ്).
ഒരുകാലത്ത് യാവാപൈ, ചിരിക്കാവ, പശ്ചിമ അപ്പാച്ചി എന്നിവയിലെ ആയിരക്കണക്കിനാളുകളെ സംവരണമേഖലകളിൽ ഒതുക്കിനിർത്തുകയുണ്ടായി. ഇതു പിരിമുറുക്കത്തിനും സംശയത്തിനും വഴിതെളിച്ചു. കാരണം, ഈ ഗോത്രങ്ങളിൽ ചിലത് ചിരകാല ശത്രുക്കളായിരുന്നു. സംവരണത്തിന്റെ വിലക്കുകളോട് അവർ എങ്ങനെയാണ് പ്രതികരിച്ചത്? “പരമ്പരാഗത ജീവിതരീതികളിൽനിന്നു പറിച്ചെറിയപ്പെട്ട ഞങ്ങൾ ശാരീരികമായും വൈകാരികമായും ആത്മീയമായും വിശന്നുപൊരിഞ്ഞു. ഞങ്ങൾക്കു സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു.” അതായിരുന്നു അപ്പാച്ചിയുടെ മറുപടി.
എന്നിരുന്നാലും, 1885-ൽ പ്രസിദ്ധ യുദ്ധത്തലവനായ ജെറോനിമോയുടെ നേതൃത്വത്തിൽ ചിരിക്കാവയിലെ ഒരു കൂട്ടമാളുകൾ സംവരണമേഖലയിൽനിന്ന് മെക്സിക്കോയിലേക്ക് ഓടിരക്ഷപ്പെട്ടു. ജനറൽ നെൽസൺ മൈൽസും 5,000 പട്ടാളക്കാരും 400 അപ്പാച്ചി സ്കൗട്ടുകളും ചേർന്ന് അവരെ പിന്തുടർന്നു—ആ സമയമായപ്പോഴേക്കും 16 പുരുഷന്മാരും 12 സ്ത്രീകളും 6 കുട്ടികളും മാത്രം വരുന്ന അവരെ കണ്ടെത്താനായിരുന്നു അവർ ശ്രമിച്ചത്!
ഒടുവിൽ, 1886 സെപ്റ്റംബർ 4-ന് ജെറോനിമോ കീഴടങ്ങി. സാൻ കാർലോസ് സംവരണമേഖലയിലേക്കു മടങ്ങാൻ അദ്ദേഹത്തിനു സമ്മതമായിരുന്നു. എന്നാൽ സംഭവിച്ചത് അതായിരുന്നില്ല. അവിടെയുള്ള എല്ലാ അപ്പാച്ചിയേയും തടവുകാരായി കിഴക്കുള്ള ഫ്ളോറിഡയിലേക്കു കൊണ്ടുപോയെന്നും അദ്ദേഹത്തിനും അവിടേക്കുതന്നെ പോകേണ്ടിവരുമെന്നും അദ്ദേഹത്തോടു പറയപ്പെട്ടു. “ഒരിക്കൽ ഞങ്ങൾ സ്വതന്ത്രമായി വിഹരിച്ചുനടന്നിരുന്നു” എന്ന് അദ്ദേഹം അപ്പാച്ചി ഭാഷയിൽ പറഞ്ഞു. ഇപ്പോൾ തടവുകാരനായിത്തീർന്ന അഭിമാനിയും തന്ത്രശാലിയുമായ ജെറോനിമോയ്ക്കു മേലാൽ സ്വതന്ത്രമായി വിഹരിച്ചുനടക്കാൻ കഴിയാതായി.
പിന്നീട് പടിഞ്ഞാറോട്ട്, ഒക്ലഹോമയിലെ ഫോർട്ട് സിൽ വരെ, പോകാൻ അദ്ദേഹത്തിന് അനുമതി ലഭിച്ചു. അവിടെവെച്ച് 1909-ൽ അദ്ദേഹം നിര്യാതനായി. അമേരിക്കൻ ഇന്ത്യക്കാരുടെ മറ്റനേകം നേതാക്കന്മാരെപ്പോലെ ഈ അപ്പാച്ചി മുഖ്യനും തടവറകളിലെയും സംവരണമേഖലകളിലെയും പരുക്കൻ ജീവിതസാഹചര്യങ്ങൾക്കു മുന്നിൽ മുട്ടുമടക്കാൻ നിർബന്ധിതനായി.
അവർ ഇന്ന് നേരിടുന്ന പ്രശ്നങ്ങളേവ?
അപ്പാച്ചിക്ക് അരിസോണയിലും ന്യൂ മെക്സിക്കോയിലും അനവധി സംവരണമേഖലകളുണ്ട്. ഉണരുക!യുടെ പ്രതിനിധികൾ സാൻ കാർലോസ് സംവരണമേഖല സന്ദർശിച്ച് അനവധി അപ്പാച്ചി നേതാക്കന്മാരുമായി അഭിമുഖം നടത്തി. ഇനി പറയുന്നത് അതിന്റെ ഒരു വിവരണമാണ്.
ചൂടുള്ളതും വരണ്ടതുമായ ഒരു മേയ്ദിനത്തിൽ ആ സംവരണമേഖലയിൽ കടന്നയുടനെ ഹാരിസൺ താൽഗോയും ഭാര്യയും ഞങ്ങളെ ഹൃദ്യമായി വരവേറ്റു. സംഭാഷണസ്ഫുടതയും ആറടി ഉയരവുമുള്ള, കട്ടിമീശ വെച്ച ഹാരിസൺ, സാൻ കാർലോസ് ഗോത്രകൗൺസിലിലെ അംഗമാണ്. ഞങ്ങൾ അദ്ദേഹത്തോടു ചോദിച്ചു: “ഇന്ന് അപ്പാച്ചി നേരിടുന്ന പ്രശ്നങ്ങളിൽ ചിലത് ഏതൊക്കെയാണ്?”
“പരമ്പരാഗത മൂല്യങ്ങൾ ഞങ്ങൾക്ക് അന്യമായിക്കൊണ്ടിരിക്കുന്നു. ടിവി-ക്ക്, പ്രത്യേകിച്ചും ഞങ്ങളുടെ യുവജനങ്ങളുടെമേൽ, മോശമായ സ്വാധീനമാണുള്ളത്. അവർ ഞങ്ങളുടെ ഭാഷ പഠിക്കുന്നില്ലെന്നത് അതിന്റെ ഒരു ഉദാഹരണമാണ്. മറ്റൊരു മുഖ്യ പ്രശ്നം തൊഴിലില്ലായ്മയാണ്. ചില പ്രദേശങ്ങളിൽ 60 ശതമാനം പേർക്കും തൊഴിലില്ല. ഞങ്ങൾക്കു ചൂതാട്ടസ്ഥലങ്ങളുണ്ടെന്നതു ശരിതന്നെ. പക്ഷേ, ഞങ്ങളിൽ പലർക്കും അവിടെ ജോലി കിട്ടാറില്ല. അതിനൊരു മറുവശം കൂടിയുണ്ട്, വാടകയ്ക്കും ഭക്ഷ്യാവശ്യത്തിനുമായി കിട്ടുന്ന പണം ഞങ്ങളുടെ ആൾക്കാർതന്നെ അവിടെപോയി ചൂതുകളിച്ച് കളയുന്നു.”
ഗോത്രത്തിന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചു ചോദിച്ചപ്പോൾ മറുപടി പറയാൻ ഹാരിസൺ മടിച്ചില്ല. അദ്ദേഹം പറഞ്ഞു: “പ്രമേഹം. ഇവിടത്തെ 20 ശതമാനത്തിലധികം പേരും പ്രമേഹരോഗികളാണ്. ചിലയിടങ്ങളിൽ അത് 50 ശതമാനത്തിനു മേലാണ്.” മറ്റൊരു പ്രശ്നവും ഉള്ളതായി അദ്ദേഹം സമ്മതിച്ചു—മദ്യം. നൂറു വർഷം മുമ്പ് വെള്ളക്കാർ കൊണ്ടുവന്നതാണ് അത്. “മയക്കുമരുന്നുകളും ഞങ്ങളുടെ ആൾക്കാരെ ബാധിക്കുന്നു.” സംവരണമേഖലയിലെ പാതയോര ബോർഡുകൾ ഈ പ്രശ്നങ്ങൾക്കു വാചാലമായ സാക്ഷ്യം വഹിക്കുന്നവയായിരുന്നു: “ന്യായബോധം ഭരിക്കട്ടെ—മയക്കുമരുന്നിൽനിന്ന് മുക്തരാകുക,” “നമ്മുടെ ദേശം സംരക്ഷിക്കുക. നമ്മുടെ ആരോഗ്യം സംരക്ഷിക്കുക. നമ്മുടെ സമ്പത്ത് പാഴാക്കാതിരിക്കുക.”
ആ ഗോത്രത്തെ എയ്ഡ്സ് ബാധിച്ചിട്ടുണ്ടോയെന്ന് ഞങ്ങൾ ചോദിച്ചു. പ്രകടമായ വെറുപ്പോടെ അദ്ദേഹം ഉത്തരം നൽകി: “സ്വവർഗരതിയിലാണ് അപകടം പതിയിരിക്കുന്നത്. അതു സംവരണമേഖലയിലേക്കു നുഴഞ്ഞുകയറുകയാണ്. ടിവി-യും വെള്ളക്കാരന്റെ തിന്മകളും അപ്പാച്ചി യുവജനങ്ങളിൽ ചിലരെ ദുർബലരാക്കിക്കൊണ്ടിരിക്കുന്നു.”
സമീപ വർഷങ്ങളിൽ സംവരണമേഖലയിലെ കാര്യങ്ങൾക്ക് എങ്ങനെ മാറ്റം വന്നിരിക്കുന്നുവെന്ന് ഞങ്ങൾ ചോദിച്ചു. ഹാരിസൺ ഉത്തരം നൽകി: “1950-കളിൽ സ്വാധീനം ചെലുത്തിയിരുന്ന മുഖ്യ സംഗതികളുടെ ക്രമം ഇതായിരുന്നു: ഒന്നാമത് മതം; രണ്ടാമത് കുടുംബം; മൂന്നാമത് വിദ്യാഭ്യാസം; നാലാമത് സമപ്രായക്കാരുടെ സമ്മർദം; ഒടുവിൽ ടിവി. ഇന്ന് ആ ക്രമം തിരിഞ്ഞുവന്നിരിക്കുന്നു. സ്വാധീനം കൂടുതലുള്ളത് ടിവി-ക്കാണ്. ഏറ്റവും ശക്തമായ രണ്ടാമത്തെ ഘടകം സമപ്രായക്കാരുടെ സമ്മർദമാണ്—അപ്പാച്ചി വഴികൾ വിട്ട് മുഖ്യധാരാ അമേരിക്കൻ ജീവിതരീതി പിൻപറ്റാനുള്ള സമ്മർദമാണത്. വിദ്യാഭ്യാസത്തിനു മൂന്നാം സ്ഥാനമാണുള്ളത്. പല അപ്പാച്ചിയും കോളെജ് വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്. മാത്രമല്ല, സംവരണമേഖലകളിലെ സ്കൂളുകളുടെയും ഹൈസ്കൂളുകളുടെയും എണ്ണവും വർധിച്ചിരിക്കുന്നു.”
“കുടുംബസ്വാധീനത്തിന്റെ കാര്യമോ?” ഞങ്ങൾ ചോദിച്ചു.
“നിർഭാഗ്യകരമെന്നു പറയട്ടെ, കുടുംബത്തിനു നാലാമത്തെ സ്ഥാനമേയുള്ളൂ. ഏറ്റവും ഒടുവിലത്തേത് മതമാണ്—പരമ്പരാഗത മതമായാലും വെള്ളക്കാരന്റെ മതമായാലും സ്ഥിതി അതുതന്നെ.”
“ക്രൈസ്തവലോകത്തിലെ മതങ്ങളെ നിങ്ങൾ എങ്ങനെയാണു വീക്ഷിക്കുന്നത്?”
“പരമ്പരാഗത വിശ്വാസങ്ങളിൽനിന്ന് ഞങ്ങളെ മതംമാറ്റാൻ സഭകൾ ശ്രമിക്കുന്നത് ഞങ്ങൾക്കിഷ്ടമല്ല.c ലൂഥറന്മാരും കത്തോലിക്കരും കഴിഞ്ഞ 100 വർഷത്തിലധികമായി ഇവിടെ മതപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. വൈകാരിക ആകർഷകത്വമുളവാക്കുന്ന പെന്തക്കോസ്തു വിഭാഗങ്ങളും ഇവിടെയുണ്ട്.
“കുടുംബത്തിലൂടെ ഞങ്ങളുടെ സാംസ്കാരിക പൈതൃകം പുനഃസ്ഥാപിക്കുകയും അപ്പാച്ചി ഭാഷയുടെ ഉപയോഗം മടക്കിക്കൊണ്ടുവരുകയും വേണം. ഇപ്പോൾ, അതു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.”
അപ്പാച്ചിയുടെ സാമ്പത്തിക പുരോഗതി
ഞങ്ങൾ മറ്റൊരു അപ്പാച്ചി മുഖ്യനെയും സന്ദർശിച്ചു. സാൻ കാർലോസ് സംവരണമേഖലയുടെ സാമ്പത്തികാഭിവൃദ്ധിയെക്കുറിച്ചാണ് അദ്ദേഹം ആത്മവിശ്വാസത്തോടെ സംസാരിച്ചത്. എന്നിരുന്നാലും, അവിടുത്തെ പദ്ധതികൾക്കു പണം മുടക്കാൻ സന്നദ്ധരായ നിക്ഷേപകരെ കണ്ടെത്തുക എളുപ്പമല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. സാൻ കാർലോസ് അപ്പാച്ചി ടെലിക്കമ്യൂണിക്കേഷൻ കമ്പനി രൂപീകരിക്കാൻ ഒരു മുഖ്യ ടെലഫോൺ കമ്പനിയുമായുള്ള ഉടമ്പടി ഒരു നല്ല ലക്ഷണമാണ്. അതിനു പണം മുടക്കുന്നത് ഗ്രാമീണ സാമ്പത്തിക സംഘടനയാണ്. അത് അപ്പാച്ചി തൊഴിലാളികൾക്ക് കൂടുതൽ ജോലി പ്രദാനം ചെയ്യുകയും സംരക്ഷണമേഖലയിലുള്ള തുച്ഛമായ ടെലഫോൺ സംവിധാനം മെച്ചപ്പെടുത്തുകയും ചെയ്യും.
സംവരണമേഖലയിലെ ആശുപത്രിയിൽ ഉടൻതന്നെ സ്ഥാപിക്കാൻ പോകുന്ന ഡയാലിസിസ് കേന്ദ്രത്തെക്കുറിച്ചും ആ ഉദ്യോഗസ്ഥൻ അഭിമാനത്തോടെ സംസാരിച്ചു. തന്മൂലം മെച്ചപ്പെട്ട സത്വര ചികിത്സ ലഭ്യമാകും. പിന്നീട്, സാൻ കാർലോസിലെ വാണിജ്യകേന്ദ്രത്തിന്റെ പുനർവികസനത്തിനുള്ള പ്ലാനുകൾ അദ്ദേഹം ഞങ്ങളെ കാണിച്ചു. താമസിയാതെ അതിന്റെ നിർമാണം നടക്കും. ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടമാക്കിയ അദ്ദേഹം വിദ്യാഭ്യാസമായിരിക്കണം അടിസ്ഥാനമെന്ന് ഊന്നിപ്പറഞ്ഞു. ‘വിദ്യാഭ്യാസമുണ്ടെങ്കിൽ മെച്ചപ്പെട്ട വേതനം ലഭിക്കും, അത് ഉയർന്ന ജീവിതനിലവാരത്തിലേക്കും നയിക്കും.’
കൊട്ടനെയ്ത്തിനു പേരുകേട്ടവരാണ് അപ്പാച്ചി സ്ത്രീകൾ. പ്രാദേശിക സമ്പദ്വ്യവസ്ഥയിലെ മുഖ്യ ഘടകങ്ങൾ “വേട്ടയാടൽ, മത്സ്യബന്ധനം, മൃഗങ്ങളെ വളർത്തൽ, തടിവെട്ടൽ, ഖനനം, വീടിനുവെളിയിലെ വിനോദം, വിനോദസഞ്ചാരം” തുടങ്ങിയവയാണെന്ന് വിനോദസഞ്ചാരികൾക്കുള്ള ഒരു ഗൈഡ്ബുക്ക് പറയുന്നു.
കടുത്ത പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടിവരുന്നെങ്കിലും, ബാഹ്യലോകവുമായി കിടപിടിച്ചുപോകാൻ അപ്പാച്ചി ശ്രമിക്കുന്നുണ്ട്. മറ്റനേകരെയും പോലെ, നീതിയും ആദരവും മാന്യമായ ഒരു ജീവിതവുമാണ് അവരാഗ്രഹിക്കുന്നത്.
യഥാർഥ നീതി കുടികൊള്ളുമ്പോൾ
ഭൂമിയിൽ വരുത്തുമെന്ന് യഹോവയാം ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്ന പുതിയ ലോകത്തെക്കുറിച്ച് അപ്പാച്ചിയോടു സംസാരിക്കാൻ യഹോവയുടെ സാക്ഷികൾ അവരെ സന്ദർശിക്കാറുണ്ട്. ദൈവത്തിന്റെ ആ വാഗ്ദത്തം ബൈബിൾപുസ്തകമായ യെശയ്യാവിൽ മനോഹരമായി വർണിച്ചിരിക്കുന്നു: “ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലെത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല. അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവർ വൃഥാ അദ്ധ്വാനിക്കയില്ല.”—യെശയ്യാവു 65:17, 21, 23; 2 പത്രൊസ് 3:13; വെളിപ്പാടു 21:1-5.
ഭൂമിയിൽനിന്നു സകല സ്വാർഥതയും അഴിമതിയും നീക്കം ചെയ്യാനും അതിനോടുള്ള ദ്രോഹം അവസാനിപ്പിക്കാനും യഹോവയാം ദൈവം നടപടിയെടുക്കുന്ന സമയം ആസന്നമായിരിക്കുന്നു. (മത്തായി 24; മർക്കൊസ് 13; ലൂക്കൊസ് 21 എന്നിവ കാണുക.) അമേരിക്കൻ ഇന്ത്യക്കാർ ഉൾപ്പെടെ സകല ജനതകളിലെയും ആളുകൾക്ക് ക്രിസ്തുയേശുവിലൂടെ സത്യദൈവമായ യഹോവയിലേക്കു തിരിഞ്ഞുകൊണ്ട് ഇപ്പോൾ അനുഗ്രഹം നേടാൻ സാധിക്കും. (ഉല്പത്തി 22:17, 18) പുനഃസ്ഥിതീകരിക്കപ്പെട്ട ഭൂമിയെ അവകാശമാക്കുവാൻ ആഗ്രഹിക്കുന്ന, ദൈവത്തെ അനുസരിക്കാൻ മനസ്സൊരുക്കമുള്ള സൗമ്യർക്ക് യഹോവയുടെ സാക്ഷികൾ സൗജന്യ ബൈബിൾ വിദ്യാഭ്യാസം നൽകുന്നു.—സങ്കീർത്തനം 37:11, 19.
[അടിക്കുറിപ്പുകൾ]
a ചില എഴുത്തുകാർ “അപ്പാച്ചികൾ” എന്ന ബഹുവചനരൂപം ഉപയോഗിക്കുന്നെങ്കിലും, ഏകവചനമായും ബഹുവചനമായും “അപ്പാച്ചി” എന്ന് ഉപയോഗിക്കുന്ന രീതി ഞങ്ങൾ പിൻപറ്റുന്നു.
b ഉത്തര-ദക്ഷിണ ടൊൻറ്റോ, മിമ്പ്രെന്യോ, കോയോട്ടെരോ എന്നിവയടങ്ങുന്ന പശ്ചിമ അപ്പാച്ചി പോലുള്ള വ്യത്യസ്ത ഗോത്ര ഉപവിഭാഗങ്ങളായി അപ്പാച്ചിയെ തിരിച്ചിരിക്കുന്നു. ചിരിക്കാവ, മെസ്കലെറോ, ഹിക്കരിയ, ലിപ്പാൻ, കൈയൊവൊ അപ്പാച്ചി എന്നിവ ചേർന്നതാണ് പൂർവ അപ്പാച്ചി. വൈറ്റ് മൗണ്ടൻ അപ്പാച്ചിയും സാൻ കാർലോസ് അപ്പാച്ചിയുമാണ് മറ്റു വിഭാഗങ്ങൾ. ഇന്ന് ഈ ഗോത്രങ്ങൾ പ്രമുഖമായും വസിക്കുന്നത് ദക്ഷിണപൂർവ അരിസോണയിലും ന്യൂ മെക്സിക്കോയിലുമാണ്.—പേജ് 15-ലെ ഭൂപടം കാണുക.
c അമേരിക്കൻ ഇന്ത്യാക്കാരുടെ വിശ്വാസങ്ങളെയും മതത്തെയും കുറിച്ച് ഉണരുക!യുടെ ഒരു ഭാവിലക്കം പ്രതിപാദിക്കുന്നതായിരിക്കും.
[13-ാം പേജിലെ ഭൂപടം/ചിത്രം]
വടക്കേ അമേരിക്ക
വലത്ത് വലുതാക്കിക്കാണിച്ചിരിക്കുന്ന പ്രദേശം
അപ്പാച്ചി സംവരണമേഖലകൾ
അരിസോണ
ന്യൂ മെക്സിക്കോ
ഹിക്കരിയ
ഫോർട്ട് അപ്പാച്ചി (വൈറ്റ് മൗണ്ടൻ)
സാൻ കാർലോസ്
മെസ്കലെറോ
[കടപ്പാട്]
Mountain High Maps® Copyright © 1997 Digital Wisdom, Inc.
[13-ാം പേജിലെ ചിത്രം]
ജെറോനിമോ
[കടപ്പാട്]
Courtesy of the Arizona Historical Society/Tucson, AHS#78167
[16-ാം പേജിലെ ചിത്രം]
ഹാരിസൺ താൽഗോ, ഒരു ഗോത്ര കൗൺസിലംഗം
[17-ാം പേജിലെ ചിത്രം]
ചിരിക്കാവയുടെ ശക്തിദുർഗമായ ഈ സ്ഥലത്താണ് ഗോത്രമുഖ്യനായ കോച്ചിസിനെ അടക്കം ചെയ്തത്
സാറ്റലൈറ്റ് ഡിഷ് ആൻറിനകൾ സംവരണമേഖലയിൽ ടിവി പരിപാടികൾ എത്തിക്കുന്നു
[18-ാം പേജിലെ ചിത്രം]
അപ്പാച്ചിയുടെ ശവസംസ്കാരവേളയിൽ ബന്ധുക്കൾ ശവക്കുഴിക്കു ചുറ്റും കല്ലുകളിടുന്നു. കാറ്റിലാടുന്ന റിബ്ബണുകൾ നാലു ദിശകളെ സൂചിപ്പിക്കുന്നു