ലോകത്തെ വീക്ഷിക്കൽ
അമൂല്യമായതിന്റെ മൂല്യം
പല രാജ്യങ്ങളിൽ നിന്നുള്ള പതിമൂന്ന് ശാസ്ത്രജ്ഞർ പ്രകൃതി സമ്പത്ത് ഡോളറിൽ കണക്കാക്കാൻ ആവശ്യമായ വിവരങ്ങൾ സമാഹരിച്ചിരിക്കുന്നു. മാനുഷ പ്രവർത്തനം ഹേതുവായി, ഓരോ ഹെക്ടർ ഭൂമിയിൽനിന്നും സ്വാഭാവികമായി ലഭിക്കുന്ന പ്രയോജനങ്ങളുടെ നഷ്ടം കണക്കാക്കാനായി അവർ 100 പ്രസിദ്ധീകൃത പഠന റിപ്പോർട്ടുകൾ വിശകലനം ചെയ്യുകയുണ്ടായി. (ഒരു ഹെക്ടർ ഏതാണ്ട് 2.5 ഏക്കർ ആണ്.) ഉദാഹരണത്തിന്, ഐക്യനാടുകളിൽ വികസനാർഥം ചതുപ്പുനിലം ഉപയോഗിച്ചതിന്റെ ഫലമായി, ഭൂമിക്ക് “മഴവെള്ളം വലിച്ചെടുക്കാനുള്ള പ്രാപ്തി നഷ്ട”പ്പെട്ട് ഓരോ ഹെക്ടർ ഭൂമിക്കും “വാർഷിക പ്രളയ കെടുതി 3,300 ഡോളർ വർധിച്ച് 11,000 ഡോളർ ആയിത്തീർന്നിരിക്കുന്നു,” എന്ന് സയൻസ് മാഗസിൻ പ്രസ്താവിക്കുന്നു. നിരവധി ആളുകൾ ഭൂമിയുടെ സമ്പത്തിനും സേവനങ്ങൾക്കും വില കൽപ്പിക്കുന്നില്ല എങ്കിലും, അതിന്റെ വാർഷിക മൂല്യം 33,30,000,00,00,000 ഡോളർ ആയിരിക്കുമെന്ന് ആ ശാസ്ത്രജ്ഞർ കണക്കാക്കുന്നു. അതു ലോകത്തിലെ മൊത്ത വാർഷിക ദേശീയ ഉത്പാദനത്തിന്റെ ഏതാണ്ട് രണ്ടു മടങ്ങ് ആണ്.
പാപ്പായുടെ ക്യൂബ സന്ദർശനം
കഴിഞ്ഞ ജനുവരിയിൽ ക്യൂബ സന്ദർശിച്ചപ്പോൾ, അവിടുത്തെ സമൂഹത്തിൽ തങ്ങളുടെ പങ്കു വർധിപ്പിക്കാനുള്ള കത്തോലിക്കാ സഭയുടെ ആഗ്രഹം ജോൺ പോൾ രണ്ടാമൻ പാപ്പാ വ്യക്തമാക്കി. ലൊസെർവാറ്റോറെ റൊമാനോ റിപ്പോർട്ടു ചെയ്തതനുസരിച്ച്, “സമഗ്ര വിദ്യാഭ്യാസം ലഭിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന സദാചാരപരവും പൗരധർമപരവും ആയ വിഷയങ്ങളും മത പ്രബോധനവും . . . തങ്ങളുടെ കുട്ടികൾക്കായി തിരഞ്ഞെടുക്കാൻ മാതാപിതാക്കൾ പ്രാപ്തരായിരിക്കണം” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്യൂബയിൽ കത്തോലിക്കാ സ്കൂളുകൾ വീണ്ടും തുറക്കാൻ പാപ്പാ ആഗ്രഹിക്കുന്നെങ്കിലും, പൊതുവിദ്യാഭ്യാസത്തിൽ സർക്കാരിനുള്ള കുത്തക നിലനിർത്താനാണു തങ്ങൾ ആഗ്രഹിക്കുന്നതെന്നു ക്യൂബയിലെ അധികാരികൾ പ്രസ്താവിക്കുന്നു. പാപ്പായുടെ സന്ദർശനത്തോടുള്ള ക്യൂബൻ സർക്കാരിന്റെ വീക്ഷണത്തെ കുറിച്ച് ഫ്രഞ്ച് മാസികയായ ലാ മോൺഡ് ഡീപ്ലോമാറ്റീക് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “തന്റെ ഭരണം സഹിക്കേണ്ടിവന്ന ഭ്രഷ്ടിന്മേലുള്ള വിജയമായിട്ടാണ് ഫിഡൽ കാസ്ട്രോ ഈ സന്ദർശനത്തെ കണക്കാക്കുന്നത്.” ക്യൂബയിൽവെച്ച് പാപ്പാ നടത്തിയ ചില പ്രസ്താവനകൾ വ്യക്തമായും രാഷ്ട്രീയ ചുവ കലർന്നതാണ്. എന്നാൽ തങ്ങളുടെ മത പ്രവർത്തനങ്ങളിൽ യഹോവയുടെ സാക്ഷികൾ നിഷ്പക്ഷരായി നിലകൊള്ളുന്നു.
ലോകത്തിലെ ഏറ്റവും നീളമുള്ള മുടി
വടക്കൻ തായ്ലൻഡിലുള്ള മോങ് വംശജനായ ഹൂ സാറ്റിയോവിന് 85 വയസ്സുണ്ട്. അദ്ദേഹം ഏതാണ്ട് 70 വർഷമായി തന്റെ മുടി മുറിച്ചിട്ടേയില്ല. “18-ാം വയസ്സിൽ ഞാൻ മുടി മുറിച്ചിരുന്നു. അന്നു ഞാൻ രോഗിയാവുകയും ചെയ്തു,” ഹൂ പറഞ്ഞു. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ചേർക്കാനായി ഒരു ജൂറി അടുത്ത കാലത്ത് അദ്ദേഹത്തിന്റെ മുടിയുടെ നീളം അളക്കുകയുണ്ടായി. 520 സെന്റിമീറ്റർ നീളം ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ മുടിയാണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും നീളമുള്ള മുടി എന്നു കരുതപ്പെടുന്നതായി അസ്സോഷിയേറ്റഡ് പ്രസ് റിപ്പോർട്ടു ചെയ്യുന്നു. വർഷത്തിൽ ഒരിക്കലേ അദ്ദേഹം തന്റെ മുടി കഴുകാറുള്ളൂ. അതിനുശേഷം, ഉയർത്തിവെച്ച കമ്പുകളിലിട്ട് അദ്ദേഹം അത് ഉണക്കുന്നു. 1957-നു ശേഷം മുടി മുറിച്ചിട്ടില്ലാത്ത 87 വയസ്സുള്ള അയാളുടെ ജ്യേഷ്ഠൻ യി ആണ് ഹൂവിന്റെ തൊട്ടടുത്ത സ്ഥാനത്തു വരുന്നത്. എന്നാൽ മുൻ റെക്കോർഡിന് ഉടമയായിരുന്ന ഒരു ഇന്ത്യാക്കാരിയുടെ 420 സെന്റിമീറ്റർ നീളമുള്ള മുടിയെക്കാൾ നീളമുള്ളതാണ് യിയുടെ മുടി. ഹൂ, തന്റെ നീളമുള്ള മുടി ഒരു നേട്ടമായാണ് കരുതുന്നത്, വിശേഷിച്ചും തായ്ലൻഡിലെ തണുപ്പൻ പർവത നിരകളിൽ. “അത് എനിക്കു ചൂടു പകരുന്നു” എന്ന് അദ്ദേഹം പറയുന്നു.
മൂന്നുതരം ചരിത്ര വീക്ഷണങ്ങൾ
ബോസ്നിയയിലെ സ്കൂൾ വിദ്യാർഥികളെ മൂന്നു തരത്തിലുള്ള പ്രാദേശിക ചരിത്രവും, ഭാഷയും, കലയുമാണ് പഠിപ്പിക്കുന്നത്. മൂന്ന് മുഖ്യ വംശീയ കൂട്ടങ്ങളിൽ, അവരുടെ പാഠ്യപദ്ധതിയെ നിയന്ത്രിക്കുന്നത് ഏതു കൂട്ടമാണ് എന്നതിനെ ആശ്രയിച്ചിരിക്കും അവർ പഠിക്കുന്നത് എന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ഉദാഹരണത്തിന്, 1914-ൽ ഫെർഡിനാൻഡ് രാജകുമാരനെ വധിക്കുകവഴി ഒന്നാം ലോക മഹായുദ്ധത്തിനു തുടക്കം കുറിച്ച ആൾ “ഒരു വീരനായകനും കവിയും” ആയിരുന്നു എന്നാണ് ഈസ്റ്റേൺ ഓർത്തഡോക്സ് സെർബുകളുടെ നിയന്ത്രണത്തിലുള്ള മേഖലയിലെ കുട്ടികൾ പഠിക്കുന്നത്. എന്നാൽ “ഈ ഭീകര ചെയ്തിക്കായി സെർബുകൾ പരിശീലിപ്പിച്ച് അയച്ച ഒരു കൊലയാളി” ആയിരുന്നു അയാൾ എന്നാണ് റോമൻ കത്തോലിക്കരായ ക്രൊയേഷ്യൻ വിദ്യാർഥികളെ പഠിപ്പിക്കുന്നത്. “സെർബുകൾക്ക് എതിരെയുള്ള ലഹളയ്ക്കു തീകൊളുത്തിയ ഒരു ദേശീയ വാദിയായി”രുന്നു അയാൾ എന്നാണ് മുസ്ലീം ഭാഷ്യം. “മൂന്നു വംശീയ കൂട്ടങ്ങളിൽ നിന്നുമുള്ള പൊലീസിന്റെ സഹായത്താലാണ് ലഹള അടിച്ചമർത്തപ്പെട്ട”തെന്നും അവർ പറയുന്നു. വംശീയ അടിസ്ഥാനത്തിൽ വേർതിരിച്ചിരിക്കുന്ന ക്ലാസ്സ് മുറികളിലേക്കു മാറ്റാനായി കുട്ടികളോടു സെർബുകൾ, മുസ്ലീങ്ങൾ, ക്രൊയേഷ്യക്കാർ ഇവരിൽ ഏതു വിഭാഗത്തിൽ പെടുന്നു എന്നു ചോദിക്കാറുള്ളതായും ആ റിപ്പോർട്ടു പ്രസ്താവിക്കുന്നു.
സ്റ്റേഡിയത്തിലെ പുല്ലിന് കൂടുതൽ പച്ചപ്പ്
ഡച്ച് ഫുട്ബോൾ ക്ലബ്ബായ വീറ്റെസ് ആർണെമിനുവേണ്ടി നിർമിച്ച 28,000 പേർക്ക് ഇരിക്കാവുന്ന ഒരു സ്റ്റേഡിയത്തിൽ, കളിക്കളം ഒരു പുൽത്തകിടിയാണ്. അതിന് ഒരു മേൽക്കൂരയും ഉണ്ട്. ഇതു രണ്ടും ഒത്തുപോകുക വളരെ പ്രയാസമാണ്. കാരണം, നല്ല സൂര്യപ്രകാശവും മഴയും ലഭിക്കുമ്പോഴാണ് പുല്ല് നന്നായി വളരുന്നത്. അല്ലാത്തപക്ഷം പുല്ല് മഞ്ഞച്ച് നിറം മങ്ങും. എന്നാൽ സ്റ്റേഡിയത്തിന്റെ നിർമാണ രീതിയിലൂടെയാണ് ഈ പ്രശ്നം പരിഹരിച്ചിരിക്കുന്നത്, ന്യൂ സയന്റിസ്റ്റ് മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. പ്ലാസ്റ്റിക് പാദങ്ങളിൽ തെന്നിനീങ്ങുന്ന ഒരു കോൺക്രീറ്റ് വാർപ്പിന്റെ മുകളിലാണ് കളിക്കളം. കളി നടക്കാത്തപ്പോൾ നാലു ഹൈഡ്രോളിക് യന്ത്രങ്ങൾ ഉപയോഗിച്ച്, 11,000 ടൺ ഭാരം വരുന്ന ഈ കളിക്കളം സ്റ്റേഡിയത്തിനു പുറത്തുള്ള തുറന്ന അന്തരീക്ഷത്തിലേക്കു നീക്കാനാകും. ഈ ക്രമീകരണത്തിന്റെ കൂടുതലായ മറ്റൊരു നേട്ടം സംഗീത പരിപാടികൾക്കും മറ്റും സ്റ്റേഡിയത്തിന്റെ തറ ഉപയോഗിക്കാം എന്നതാണ്.
ട്രാംപൊളിൻ അപകടങ്ങൾ
സമീപ വർഷങ്ങളിൽ ട്രാംപൊളിൻ വളരെ ജനപ്രീതി ആർജിച്ചെങ്കിലും അതു കുട്ടികൾക്കു കൂടുതൽ അപകടം വരുത്തിവെച്ചിരിക്കുന്നു എന്ന് ദ ന്യൂയോർക്ക് ടൈംസ് പ്രസ്താവിക്കുന്നു. “ട്രാംപൊളിൻ മൃദുലവും സുഖപ്രദവും ആണെന്ന തെറ്റിദ്ധാരണ ആളുകൾക്കുണ്ട്,” യു.എസ്.എ, ഒഹായോയിലുള്ള ചിൽഡ്രൻസ് ഹോസ്പിറ്റൽ ഇൻ കൊളംബസിലെ ഡോ. ഗ്യാരി എ. സ്മിത്ത് പ്രസ്താവിക്കുന്നു. ട്രാംപൊളിനിൽനിന്ന് വീഴുന്നതിനാലും വിരിപ്പിൽ വീഴുന്നതിന്റെ ആഘാതത്താലും അതേ സമയത്തുതന്നെ ചാടുന്ന മറ്റൊരു കുട്ടിയുമായി കൂട്ടിയിടിക്കുന്നതിനാലും വിരിപ്പില്ലാത്ത പ്രതലത്തിൽ ചെന്നിടിക്കുന്നതിനാലും കുട്ടികൾക്ക് അപകടം സംഭവിക്കുന്നു എന്ന് ഡോ. സ്മിത്ത് അഭിപ്രായപ്പെട്ടു. ഗോവണി സൗകര്യമുള്ള ട്രാംപൊളിനിൽ, അപകടസാധ്യത കൂടുതലാണെന്നും കാരണം കൊച്ചു കുട്ടികൾക്കു കയറാൻ സാധിക്കുന്നതിനാൽ അവർ അപകടം വരുത്തിവെച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആറു വയസ്സിൽ താഴെയുള്ള കുട്ടികൾ ട്രാംപൊളിനിൽ ചാടരുതെന്നും ഒരു സമയത്ത് ഒരു കുട്ടി മാത്രമേ ചാടാവൂ എന്നും ഉപഭോക്തൃ ഉത്പന്ന സുരക്ഷിതത്വ സമിതിയുടെ അധ്യക്ഷയായ ആൻ ബ്രൗൺ നിർദേശിക്കുന്നു. അവർ ഇങ്ങനെ അഭിപ്രായപ്പെട്ടു: “നീന്തൽ കുളത്തിലെന്നപോലെ, ട്രാംപൊളിനിൽ ആയിരിക്കുന്ന കുട്ടിയുടെമേലും എപ്പോഴും ശ്രദ്ധ വേണം.”
സ്നേഹം ഒരിക്കലും പരാജയമടയുന്നില്ല
“മാതാപിതാക്കളോടും അധ്യാപകരോടും ശക്തമായ വൈകാരിക ബന്ധമുള്ള കൗമാര വർഷങ്ങളിൽ മയക്കുമരുന്നും മദ്യവും ഉപയോഗിക്കാനോ ആത്മഹത്യാശ്രമമോ അക്രമമോ നടത്താനോ ചെറുപ്പത്തിലേ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനോ ഉള്ള സാധ്യത വളരെ കുറവാണ്” എന്ന് ദ വാഷിംങ്ടൺ പോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. ഒരു കുട്ടി ജീവിക്കുന്നതു മാതാപിതാക്കൾ രണ്ടുപേരും ഉള്ള കുടുംബത്തിൽ ആയിരുന്നാലും അവരിൽ ഒരാൾ മാത്രമുള്ള കുടുംബത്തിൽ ആയിരുന്നാലും ഇതു ശരിയാണെന്ന് മിനെസോട്ട സർവകലാശാലയിലെയും ചാപ്പൽ ഹില്ലിലുള്ള നോർത്ത് കരോളിനാ സർവകലാശാലയിലെയും ഗവേഷകർ കണ്ടെത്തുകയുണ്ടായി. തന്നെ സ്നേഹിക്കുന്നതായും വിലമതിക്കുന്നതായും മനസ്സിലാക്കുന്നതായും കുട്ടിക്കു തോന്നുന്നതാണ് പ്രധാന സംഗതി. “തങ്ങളുടെ പങ്കു കുറഞ്ഞു വരുകയാണെന്ന് തോന്നുമ്പോൾ പോലും, കൗമാരപ്രായ വർഷങ്ങളിൽ കുട്ടികളുടെ ജീവിതത്തിൽ മാതാപിതാക്കൾ ആഴത്തിൽ ഉൾപ്പെടേണ്ടതിന്റെ പ്രാധാന്യമാണ്” പ്രസ്തുത പഠനം ഊന്നിപ്പറഞ്ഞ മറ്റൊരു ഘടകമെന്ന് പോസ്റ്റ് പ്രസ്താവിക്കുന്നു.
ഉത്തമ പരിസ്ഥിതി സംരക്ഷകർ
ചരിത്രപ്രധാനമായ ഒരു തീരദേശ കോട്ടയുടെ ചുവരുകൾ പരിരക്ഷിക്കാൻ സഹായിക്കുന്നതിന്, ബ്രിട്ടനിലെ റോയൽ നേവി കോലാടുകളെ ഉപയോഗിക്കുന്നു എന്ന് ദ സൺഡേ ടെലഗ്രാഫ് റിപ്പോർട്ടു ചെയ്യുന്നു. മുൾച്ചെടികൾ, വൃക്ഷങ്ങൾ, കളകൾ തുടങ്ങിയവയുടെ വേരുകൾ ഇഷ്ടികയ്ക്കും അതിൽ തേച്ചിരിക്കുന്ന കുമ്മായത്തിനും കേടുവരുത്തിയിരുന്നു. വളരെ ചെലവേറിയ ഉപകരണങ്ങളും അപകടകരമായേക്കാവുന്ന സസ്യനാശിനികളും ഉപയോഗിച്ചാണ് അവ സാധാരണമായി നീക്കം ചെയ്തിരുന്നത്. ഈ രീതികൾ മൂലം അപൂർവ ചെടികളും പായലുകളും പ്രാണികളും നശിച്ചു പോകുകയും ചെയ്യുന്നു. എന്നാൽ, കോലാടുകളെ ഉപയോഗിക്കുന്ന സൗകര്യപ്രദമായ പുതിയ രീതി ചെലവു കുറഞ്ഞതാണെന്നു മാത്രമല്ല, വംശനാശ ഭീഷണിയിലായ സസ്യങ്ങൾക്കും ജീവികൾക്കും നേരിടുന്ന നാശനഷ്ടം അതു കുറയ്ക്കുകയും ചെയ്യുന്നു. ഈ പദ്ധതിയുടെ ഉപദേശകനായ മൈക്ക് ബിച്ചം ഇങ്ങനെ അഭിപ്രായപ്പെടുന്നു: “10 വർഷത്തിനുള്ളിൽ, പരിസ്ഥിതി സംരക്ഷകരുടെ മിക്ക കൂട്ടങ്ങളും കുറ്റിച്ചെടി പ്രദേശങ്ങളുടെ പ്രാഥമിക പരിരക്ഷണത്തിന് കോലാടുകളെ ഉപയോഗിക്കുന്നതായിരിക്കും.”
അക്രമാസക്തമായ കംപ്യൂട്ടർ കളികൾ
നിർമിക്കപ്പെട്ടതിൽ ഏറ്റവും അക്രമാസക്തമായ കംപ്യൂട്ടർ കളികളിൽ ഒന്നായ ക്വേക്ക് II കൂടുതൽ അക്രമം ഉൾപ്പെടുത്തിക്കൊണ്ട് പരിഷ്കരിച്ചിരിക്കുന്നു. “കളിക്കാരുടെ കംപ്യൂട്ടർ സ്ക്രീനിലാകെ, രക്തവും ശരീര ഭാഗങ്ങളും ചിതറിക്കുന്ന” ഈ പ്രോഗ്രാം “ഒരു പ്രത്യേക കൂട്ടത്തെ ആകർഷിച്ചിരിക്കുന്നു” എന്ന് ദ വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടു ചെയ്യുന്നു. “വേണ്ടത്ര രക്തച്ചൊരിച്ചിലില്ല എന്നാണ് ഉപഭോക്താക്കളിൽ നിന്ന് ഞങ്ങൾക്കു കിട്ടിയ പരാതി,” പ്രോഗ്രാം എഴുതിയവരുടെ അധ്യക്ഷനായ ജോൺ കാർമക് പറയുന്നു, “അതുകൊണ്ട് ഞങ്ങൾ കുറച്ചു കൂടി രക്തച്ചൊരിച്ചിൽ ഉൾപ്പെടുത്തി.” രണ്ടു പേരടങ്ങുന്ന ടീമുകളായി ഇന്റർനെറ്റിലൂടെ അനേകം കളിക്കാരുമായി പോരാടാൻ സാധിക്കുന്ന “അരുംകൊല കേളിക”ളിൽ ഏർപ്പെടാനുള്ള സൗകര്യം ക്വേക്ക് II-ലുണ്ട്. ഇത് മരണക്കളികൾ എന്ന് അറിയപ്പെടുന്നു. തന്റെ എതിരാളിയുടെ നേരെ അശ്ലീല ആംഗ്യങ്ങൾ കാണിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. ഈ കളി വികസിപ്പിച്ചെടുത്ത പ്രോഗ്രാമെഴുത്തുകാരുടെയും കലാകാരന്മാരുടെയും പണിപ്പുര “ഒരു ഭാരോദ്വഹന മുറിയും ചവറു ഭക്ഷണ ശേഖരമുള്ള ഒരു അടുക്കളയും ഉൾപ്പെടുന്ന കളിക്കാരുടെ പറുദീസ എന്ന ഒരു ഇടമായിരുന്നു. ബൈബിൾ പുസ്തകമായ വെളിപ്പാടിലെ . . . ഒരു പരാമർശമായ 666 ആണ് ഈ മുറികൾക്കുള്ള നമ്പർ.”
ദൈവരഹിത ബൈബിൾ
ദൈവത്തെ കുറിച്ചുള്ള സകല പരാമർശങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള, എബ്രായ തിരുവെഴുത്തുകളുടെ ഒരു പുനർലിഖിത ഭാഷാന്തരം ഡാനിഷുകാരനായ ഒരു ഡോക്ടർ പ്രസിദ്ധീകരിച്ചിരിക്കുന്നു. “നമ്മെ ബന്ധിതരാക്കുന്ന പഴഞ്ചൻ കാര്യങ്ങളാണ്” ദൈവവും വിശ്വാസവുമൊക്കെ എന്ന് ഡോ. സ്വെൻ ലിൻസ് വിശ്വസിക്കുന്നതായി ഡാനിഷ് പത്രമായ ക്രിസ്റ്റെലിറ്റ് ഡാഗ്ബ്ലാദ് റിപ്പോർട്ടു ചെയ്യുന്നു. നിരവധി ആളുകൾ അസന്തുഷ്ടരും വിഷാദമഗ്നരും ആണെന്ന് ലിൻസ് അഭിപ്രായപ്പെടുകയുണ്ടായി. “നാം ജീവിക്കുന്നത് ഒരു യഹൂദ-ക്രിസ്തീയ സംസ്കാരത്തിലാണ്,” അദ്ദേഹം പറയുന്നു. “അതുകൊണ്ട്, സന്തുഷ്ടിയില്ലായ്മയുടെ കാരണം ഈ യഹൂദ-ക്രിസ്തീയ സംസ്കാരം തന്നെ ആയിരിക്കണം.” പത്രം റിപ്പോർട്ടു ചെയ്തതനുസരിച്ച്, ഈ പുതിയ ബൈബിൾ ഭാഷാന്തരംകൊണ്ട് “നമ്മുടെ സംസ്കാരത്തിന്റെ അസ്ഥിവാരം ഇളക്കുകയാണ്” അദ്ദേഹത്തിന്റെ ലക്ഷ്യം. ലിൻസിന്റെ ദൈവരഹിത ബൈബിളിൽ ഉൽപത്തി 3:12 വായിക്കുന്നത് ഇങ്ങനെയാണ്: “ആദാം മനസ്സിൽ ചിന്തിച്ചു: ‘എന്റെ അരികെയുള്ള സ്ത്രീ വൃക്ഷഫലം എനിക്കു തന്നു, അപ്പോൾ ഞാനതു തിന്നു.’” “മഞ്ഞിൽനിന്നു വെള്ളമെടുത്തിട്ട് എന്ത് ശേഷിക്കുന്നുവെന്നു നോക്കുന്നതുപോലെ അല്ലേ അത്?” ക്രിസ്റ്റെലിറ്റ് ഡാഗ്ബ്ലാദ് ചോദിക്കുന്നു.