ലോകത്തെ വീക്ഷിക്കൽ
അഗ്നിപർവ്വതം ഗ്രഹത്തെ തണുപ്പിക്കുന്നു
ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറെറാന്നിൽ ഫിലിപ്പീൻസിലെ മൗണ്ട് പിനാററൂബോ അഗ്നിപർവ്വതം പൊട്ടിയപ്പോൾ അതിന്റെ ഫലമായി നമ്മുടെ ഗ്രഹം നേരിയതോതിൽ തണുക്കുമെന്നു ശാസ്ത്രജ്ഞൻമാർ മുൻകൂട്ടിപ്പറഞ്ഞു. സംഭവിച്ചപ്രകാരം അവർ പറഞ്ഞതു ശരിയായിരുന്നു. ആ അഗ്നിപർവ്വതം ഏതാണ്ട് 20 ദശലക്ഷം ടൺ സൾഫർ ഡൈഓക്സൈഡ് വാതകം സമതാപമാനമണ്ഡലത്തിലേക്കു ശക്തിയായി പായിച്ചു. ആ വാതകം സൾഫ്യൂറിക് ആസിഡിന്റെ ചെറുതുള്ളികളാൽ നിർമ്മിതമായ ഒരു വിസ്തൃതമായ മേഘം രൂപീകരിക്കുകയും ഉയർന്ന, വേഗത്തിലുള്ള വായുപ്രവാഹങ്ങളാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ ഗോളമാസകലം വ്യാപിപ്പിക്കുകയും ചെയ്തു. ഈ ചെറുതുള്ളികൾ സൂര്യന്റെ ചില കിരണങ്ങളെ പ്രകീർണ്ണനം ചെയ്യുകയും തടയുകയും ചെയ്തു, താഴെയുള്ള പ്രതലത്തിൽ താഴ്ന്ന ഊഷ്മാവിനു കാരണമാക്കിക്കൊണ്ടു തന്നെ. സയൻസ് ന്യൂസ് പറയുന്നതനുസരിച്ച് ആ പൊട്ടൽമുതൽ ഉത്താരാർദ്ധഗോളത്തിലെ ചില ഭാഗങ്ങളിൽ ശരാശരി ഊഷ്മാവിൽ ഏതാണ്ട് ഒരു ഡിഗ്രി സെൻറിഗ്രേഡ് കുറവു കാണപ്പെടുന്നു. എന്നിരുന്നാലും ഈ ഫലം താത്ക്കാലികം മാത്രമാണ്, ആഗോള താപവർദ്ധനവിനുള്ള ഒരു പരിഹാരമായി വീക്ഷിക്കാൻ സാധിക്കുകയില്ല. അഗ്നിപർവ്വതത്താൽ പ്രേരിതമായ ഈ തണുക്കൽ പ്രവണത 1994 ആകുന്നതോടെ ഇല്ലാതാകുമെന്ന് ഒരു കാലാവസ്ഥ വിദഗ്ദ്ധൻ മുൻകൂട്ടിപ്പറയുന്നു. (g93 1/22)
ഏഷ്യയിലെ അവയവ വ്യാപാരം
“വിതരണവും ലഭ്യതയും നാടിന്റെ നിയമമാണ്” എന്നു മനുഷ്യ അവയവങ്ങളുടെ വ്യാപാരം എന്ന വിഷയത്തെക്കുറിച്ചു ഏഷ്യാവീക്ക് മാസിക പറയുന്നു. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂററിരണ്ടിന്റെ വസന്തത്തിൽ വൃക്ക പറിച്ചുനടീലിനുവേണ്ടി ഹോങ്കോങ്ങിൽ ഏതാണ്ട് 600-ഓളം ജനങ്ങൾ കാത്തിരിക്കുകയായിരുന്നു, എന്നാൽ അതിൽ 50 പേർ മാത്രമെ വർഷത്തിന്റെ അവസാനത്തോടെ ഒരെണ്ണം ലഭിക്കാൻ പ്രതീക്ഷിച്ചിരുന്നുള്ളു. അതിനാൽ അനേകർ, പ്രതിവർഷം 2 കോടി ഡോളറിന്റെ വ്യാപാരത്തിൽ വാർഷികമായി 6,000 വൃക്ക പറിച്ചുനടീൽ നടക്കുന്ന ഇൻഡ്യപോലുള്ള മററു രാജ്യങ്ങളിലേക്കു പോകുന്നു. ഒരു വൃക്ക കൊണ്ടു സാധാരണമായി ജീവിതം സാധ്യമായതിനാൽ മിക്കപ്പോഴും ദരിദ്രരോ ചില സാമ്പത്തിക ദൗർഭാഗ്യങ്ങൾ അനുഭവിച്ചവരോ ഒരു വൃക്ക വിൽക്കാൻ സന്നദ്ധരാണ്. എന്നാൽ അവയവ വ്യാപാരത്തെ അഴിമതി ബാധിച്ചിരിക്കുന്നുവെന്ന് ഏഷ്യാവീക്ക് കുറിക്കൊള്ളുന്നു. അഴിമതിക്കാരായ ഇടനിലക്കാർ ചില ദാതാക്കളുടെ പണം വഞ്ചിച്ചെടുത്തിരിക്കുന്നു. ചെറിയ ഉദരരോഗംനിമിത്തം ഒരു മനുഷ്യൻ ആശുപത്രിയിൽ പോകുകയും അതു ഒരു വൃക്കയുടെ കുറവിൽ കലാശിക്കുകയും ചെയ്തു—അയാളുടെ അനുവാദം കൂടാതെ അതു നീക്കം ചെയ്തിരുന്നു! (g93 1/22)
നിരപരാധികളുടെ സംഹാരം
ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂററിയൊന്നിൽ ഐക്യനാടുകളിൽ കുറഞ്ഞത് 1,383 കുട്ടികൾ ദുഷ്പെരുമാററത്താലോ അവഗണനയാലോ കൊല്ലപ്പെട്ടു എന്ന് ദ വാഷിംങ്ടൺ പോസ്ററ് റിപ്പോർട്ട് ചെയ്യുന്നു. ശിശുദ്രോഹം തടയുന്നതിനുള്ള ദേശീയ കമ്മിററി ലഭ്യമാക്കിയ ഈ മിതമായ കണക്ക് ഓരോ ദിവസവും ദ്രോഹത്തോടു ബന്ധപ്പെട്ടു ഞെട്ടിക്കുംവിധം നാലു കുട്ടികൾ മരിക്കുന്നതിനു തുല്യമാണ്, കഴിഞ്ഞ ആറുവർഷത്തെക്കാൾ 50 ശതമാനം വർദ്ധനവ് ആണിത്. വർദ്ധനവിനുള്ള കാരണങ്ങൾ വ്യത്യസ്തങ്ങളാണ്. ഈ നിസ്സഹായരായ ഇരകളുടെമേൽ തങ്ങളുടെ നിരാശകൾ പ്രകടമാക്കാൻ ആളുകളെ നിർബന്ധിക്കുന്ന സാമ്പത്തിക അവസ്ഥകളെ—ജോലി നഷ്ടങ്ങൾ, കുറഞ്ഞ വരുമാനങ്ങൾ, പ്രത്യാശയില്ലായ്മ എന്നിവയെ—ചില വിദഗ്ദ്ധർ പഴിചാരുന്നു. വളരെ പരസ്യമായ അനേകം കേസുകളിലും തങ്ങൾ നോക്കുന്ന കുട്ടികളെ ആയമാർ ദ്രോഹിച്ചത് ഉൾപ്പെട്ടിരിക്കുന്നുവെങ്കിലും “ഉയർന്ന നിരക്കിലുള്ള മരണത്തിന്റെ യഥാർത്ഥ കാരണം സാധാരണമായി ശിശുക്കളെ ഏററവുമധികം സ്നേഹിക്കേണ്ട മമ്മിയോടും ഡാഡിയോടും ബന്ധപ്പെട്ടു ഭവനത്തോട് ഏറെ അടുത്തു സ്ഥിതിചെയ്യുന്നുവെന്നു വിദഗ്ദ്ധർക്ക് അറിയാ”മെന്ന് പോസ്ററ് കുറിക്കൊള്ളുന്നു. (g93 1/22)
അമിത ജനപ്പെരുപ്പം—എന്തുകൊണ്ട്?
ദരിദ്ര രാജ്യങ്ങളിൽ അമിത ജനപ്പെരുപ്പം വളരെ സാധാരണമായിരിക്കുന്നത് എന്തുകൊണ്ടാണ്? ബ്രസീലിലെ മുൻ പരിസ്ഥിതി സെക്രട്ടറി, പൗളോ നൊഗാരാ നെറേറാ, വിസൗ എന്ന മാസികയിൽ ശക്തമായി ഉത്തരം തരുന്നു: “ബ്രസീലിൽ പറയുന്ന ഒരു കഥയുണ്ട്. അയാൾക്ക് എന്തുകൊണ്ടാണ് ഒൻപതു കുട്ടികളുള്ളത് എന്നുചോദിച്ചപ്പോൾ ഒരു മനുഷ്യൻ പറയുന്നു, ‘മൂന്നുപേർ അവർ ചെറുതായിരിക്കുമ്പോൾ മരിക്കുന്നു; മൂന്നുപേർ സാവോ പോളോയിലേക്കോ റിയോ ഡി ജാനെറൊയിലേക്കോ ബ്രസീലിയായിലേക്കോ കുടിയേററം നടത്തുന്നു, മൂന്നുപേർ ഞങ്ങൾ പ്രായമാകുമ്പോൾ സംരക്ഷിക്കുന്നതിനുവേണ്ടി ഇവിടെ താമസിക്കുന്നു.’ ദരിദ്ര ജനങ്ങൾ വാർദ്ധക്യകാലത്തെ സംരക്ഷണത്തിന് ഒരു കുട്ടിയെ ആശ്രയിക്കുന്നു.” “ലോകം മുഴുവൻ ഇതു നിരീക്ഷിക്കുക സാദ്ധ്യമാണ്: ദാരിദ്ര്യം എവിടെയുണ്ടോ അവിടെ ജനസംഖ്യാ സ്ഫോടനവുമുണ്ട്. ഇതു തുടരുന്നുവെങ്കിൽ, ഗ്രഹം നശിക്കും. പരിമിത വിഭവശേഷികളോടു കൂടിയ ഒരു ലോകത്തിൽ വികസനം ആത്മീയമോ ധാർമ്മികമോ ശാസ്ത്രീയപരമോ അല്ലെങ്കിൽ നമുക്ക് അപരിമിതമായ വികസനം ഉണ്ടായിരിക്കാൻ കഴിയുകയില്ല” എന്ന് നെറേറാ അമംഗളസൂചകമായി കൂട്ടിച്ചേർക്കുന്നു. (g93 1/22)
വർദ്ധിച്ച ആയുർദൈർഘ്യം ഒരു അനുഗ്രഹമോ?
സമീപ വർഷങ്ങളിൽ വൈദ്യശാസ്ത്രം മമനുഷ്യന്റെ ശരാശരി ആയുർദൈർഘ്യം കുറെ വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും, “ലോകത്തിലെ ജനങ്ങളുടെ ആരോഗ്യവും ജീവിതത്തിന്റെ ഗുണനിലവാരവും അശേഷം മെച്ചപ്പെടുകയല്ല” എന്നു WHO-ന്റെ (വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ) ഡയറക്ടർ ജനറലായ ഡോ. ഹിരോഷി നാകാജിമ സമ്മതിക്കുന്നു. പാരീസ് വർത്തമാനപ്പത്രമായ ലീ ഫിഗാരോയുമായുള്ള ഒരു അഭിമുഖ സംഭാഷണത്തിൽ ഡോ. നാകാജിമ പറഞ്ഞു: “ഞങ്ങൾക്കുള്ള വിവരമനുസരിച്ച്, രോഗികളോ ദുർബ്ബലരോ ആയ ആളുകളുടെ എണ്ണം, പ്രത്യേകിച്ചും പ്രായമായവരുടെയിടയിൽ, വർദ്ധിച്ചിട്ടുണ്ട്.” ആഗോളമായി ശരാശരി ആയുർദൈർഘ്യം ഇപ്പോൾ 65 വയസ്സ് ആണ്. വ്യവസായവൽക്കൃത രാഷ്ട്രങ്ങളിൽ അത് 76 വർഷമായിരിക്കുമ്പോൾ വികസ്വര രാജ്യങ്ങളിലെ ശരാശരി 62 വർഷം ആണ്, ഭൂമിയിലെ ഏററവും കുറഞ്ഞ പുരോഗമനമുള്ള പ്രദേശങ്ങളിൽ അതു വെറും 50 വർഷം ആണ്. അടുത്ത അഞ്ചു വർഷത്തിൽ ശരാശരി ആയുർദൈർഘ്യം 4 മാസം വർദ്ധിപ്പിക്കാമെന്നു WHO പ്രത്യാശിക്കുന്നു. എന്നാൽ “ആയുർദൈർഘ്യത്തിലെ വർദ്ധനവു ദൗർബ്ബല്യമോ വിട്ടുമാറാത്ത രോഗമോ കൂടാതെയുള്ള ജീവിതത്തെ അവശ്യം അർത്ഥമാക്കുന്നില്ല” എന്നു ഡോ. നാകാജിമ കുറിക്കൊണ്ടു. (g93 1/22)
ഭാഷകളും തലച്ചോറും
ഇററലിയിലെ ട്രിസ്ററി യൂണിവേഴ്സിററിയിലെ ഒരു ഗവേഷകനായ ഫ്രാൻകോ ഫാബ്രോ പറയുന്നതനുസരിച്ച് നമുക്ക് അറിയാവുന്ന അല്ലെങ്കിൽ ഭാഗികമായി അറിയാവുന്ന ഓരോ ഭാഷയും തലച്ചോറിന്റെ ഒരു പ്രത്യേക സ്ഥലത്തു സ്ഥാപിച്ചിരിക്കുന്നു. അദ്ദേഹം ഈ നിഗമനത്തിൽ എത്തിച്ചേർന്നതെങ്ങനെ? തലച്ചോറിനു ഹാനി സംഭവിച്ചിട്ടുണ്ടായിരുന്ന ബഹുഭാഷാ വിദഗ്ദ്ധരായിരുന്ന ഒരു കൂട്ടം ആളുകൾക്കു മേലാൽ അവരുടെ സ്വന്തം ഭാഷയിൽ കൃത്യമായി ആശയംപ്രകടനം നടത്താൻ സാധിച്ചില്ലെങ്കിലും തങ്ങൾക്ക് അല്പമായി മാത്രം അറിയാമെന്നു വിചാരിച്ചിരുന്ന ഒരു വിദേശ ഭാഷയിൽ അവർ ഒഴുക്കോടെ സംസാരിക്കാൻ തുടങ്ങി. “ആശയപ്രകടനത്തെ പരിമിതപ്പെടുത്തിക്കൊണ്ടു മററു ഭാഷകളെ മാതൃഭാഷ തടസ്സപ്പെടുത്തുന്നു” എന്ന് ഇതു സൂചിപ്പിക്കുന്നതായി ലെസ്പ്രെസോ മാസിക പറയുന്നു. (g93 1/22)
എയ്ഡ്സിനോടുള്ള മനോഭാവങ്ങൾ
“അനേകം ദക്ഷിണാഫ്രിക്കക്കാർ [എയ്ഡ്സിന്റെ] പ്രാധാന്യം കാണുന്നതിൽ പരാജയപ്പെടുകയൊ ഈ രോഗം ആസ്തിക്യത്തിലുണ്ട് എന്നു വിശ്വസിക്കുവാൻപോലും വിസമ്മതിക്കുകയോ ചെയ്യുന്നു” എന്ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിന്റെ സാററർഡേ സ്ററാർ റിപ്പോർട്ടുചെയ്യുന്നു. “വർഗ്ഗീയതയുടെയും ദാരിദ്ര്യത്തിന്റെയും അജ്ഞതയുടെയും ഒരു ശക്തമായ കൂടിക്കലരൽ, ഭേദമാക്കാൻ കഴിയാത്ത ഈ രോഗത്തിന്റെ വ്യാപനത്തെ ത്വരിതപ്പെടുത്തുന്നു.” എയ്ഡ്സിന്റെ ആശയം ആഫ്രിക്കയെ അശക്തമാക്കുന്നതിനുള്ള പാശ്ചാത്യ ഗൂഢതന്ത്രമാണെന്ന് അല്ലെങ്കിൽ ഈ രോഗം ആഫ്രിക്കയിലെ കറുത്തവർഗ്ഗക്കാരുടെ ജനനനിരക്കു നിയന്ത്രിക്കുന്നതിനുള്ള വെള്ളക്കാരുടെ കണ്ടുപിടിത്തമാണെന്നു ചില ആളുകൾ വിചാരിക്കുന്നു. എയ്ഡ്സിനോടുള്ള ആളുകളുടെ മനോഭാവത്തെ ബാധിക്കുന്ന മറെറാരു വസ്തുത അനേകരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി തീർന്നിരിക്കുന്ന അക്രമമാണ്. കലാപകലുഷിതമായ ഒരു പ്രദേശത്തെ ദക്ഷിണാഫ്രിക്കക്കാരനായ ഒരു മനുഷ്യൻ എയ്ഡ്സ് ഉപദേശകരുടെ ഒരു കൂട്ടത്തോടു പറഞ്ഞു: “എയ്ഡ്സിനു പത്തുവർഷംകൊണ്ട് എന്നെ രോഗിയാക്കാൻ കഴിയുമെന്നു നിങ്ങൾ എന്നോടു പറയുന്നു. എന്നാൽ കഴിഞ്ഞ വാരാന്തത്തിൽ (രാഷ്ട്രീയ അക്രമത്താൽ) . . . ഇവിടെ 25 പേർ മരിച്ചു. എയ്ഡ്സിനു യഥാർത്ഥത്തിൽ ജീവിതത്തെ ഇപ്പോഴത്തെക്കാൾ കൂടുതൽ വഷളാക്കാൻ കഴിയുമോ?” വീക്ഷണങ്ങൾ മാറുന്നില്ലെങ്കിൽ, ദക്ഷിണാഫ്രിക്കയിൽ വരുന്ന 10മുതൽ 15വരെ വർഷങ്ങൾക്കുള്ളിൽ ഈ രോഗം ഉഗ്രമായി വർദ്ധിക്കുമെന്നു കണക്കാക്കിയിരിക്കുന്നു. (g93 2/8)
ചന്ദ്ര സ്വാധീനം
ചന്ദ്രൻ ഭൂമിയിലെ സമുദ്ര തിരമാലകളുടെ വേലിയേററത്തിനും വേലിയിറക്കത്തിനും ഇടയാക്കുന്നുവെന്നു ദീർഘകാലമായി അറിയപ്പെട്ടിരുന്നു. എന്നിരുന്നാലും ചന്ദ്രനു ഭൂമിയുടെ കരഭാഗത്തിന്റെ ഉപരിതലത്തിൻമേലും സമാനമായ ഒരു ഫലം ഉണ്ടെന്ന് സിഎൻആർഎസ് (ഫ്രഞ്ച് നാഷനൽ സെൻററർ ഓഫ് സയൻറിഫിക്ക് റിസേർച്ച്)-ൽ നിന്നുള്ള ശാസ്ത്രജ്ഞൻമാർ ഉറപ്പിച്ചുപറയുന്നതായി ഫ്രഞ്ച് മാസികയായ റേറർ സൊവാജ് റിപ്പോർട്ടുചെയ്യുന്നു. ഭൂമിയുടെ ഉപരിതലത്തിൽനിന്ന് 1,000 മീററർ അടിയിൽ ആവരണം ചെയ്യപ്പെട്ട ഒരു ഗുഹയിലെ ഉപ്പുവെള്ളത്തിൽ നിക്ഷേപിച്ച ഒരു ലോഹ ഉപകരണം മുഖേന ഓരോ 12 മണിക്കൂറിലും ഗുഹയുടെ ഉള്ളിലുള്ളവയ്ക്ക് ഒരു ഉയർച്ചയും താഴ്ചയും ഉണ്ടായെന്നു കണ്ടുപിടിക്കാൻ ഗവേഷകർക്കു കഴിഞ്ഞു. ഗുഹയുടെ ഭിത്തികളുടെ ചെറിയ തോതിലുള്ള വികാസത്തിൽനിന്നും സങ്കോചത്തിൽനിന്നും ഉണ്ടായ ഈ ചലനം, ഭൂമിക്കു ചുററുമുള്ള ചന്ദ്രന്റെ കറക്കത്തോടു ഒത്തുവരികയും ചന്ദ്രൻ തീർച്ചയായും “അതിശയകരമായ ഭൂഗർഭ ശ്വാസോച്ഛ്വാസം” എന്നു റെറർ സൊവാജ് വിളിക്കുന്നതിന്റെ ഉറവാണെന്നു തെളിയിക്കുകയും ചെയ്യുന്നു. (g93 2/8)
ചലന രോഗത്തിന്റെ കാരണം
മിക്ക ആളുകളും അവരുടെ ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ ചലന രോഗം അനുഭവിച്ചിട്ടുണ്ട്. ലക്ഷക്കണക്കിനാളുകൾ സഞ്ചരിക്കുമ്പോൾ അതിനെ നിരന്തരം അഭിമുഖീകരിക്കുന്നു. സാധാരണ ഓക്കാനത്തിനു കാരണമാക്കുന്നതെന്തെന്ന് ഇപ്പോൾ ശാസ്ത്രജ്ഞൻമാർക്കു മനസ്സിലാകുന്നുവെന്ന് അവർ വിശ്വസിക്കുന്നു. പ്രശ്നം തലച്ചോറിലാണ് ഉണ്ടാകുന്നത്. അവിടെ നേത്രങ്ങൾ സംപ്രേക്ഷണം ചെയ്യുന്ന വിവരങ്ങൾ ആന്തര കർണ്ണം ഗ്രഹിച്ച വിവരങ്ങളുമായി യോജിക്കാതെ വരുന്നു. ഉദാഹരണത്തിന്, ശരീരം ബോട്ടിനൊപ്പം നീങ്ങുന്ന ഒരു നിശ്ചലമായ രംഗം നേത്രങ്ങൾ കാണുമ്പോൾ ആടിക്കൊണ്ടിരിക്കുന്ന ബോട്ടിനുള്ളിലെ ശരീര ചലനം ആന്തര കർണ്ണം തിരിച്ചറിയുന്നു. തലച്ചോറിനു ലഭിക്കുന്ന വിരുദ്ധ സന്ദേശങ്ങൾ സമ്മർദ്ദത്തോടു ബന്ധപ്പെട്ട ഹോർമോണുകൾ പുറത്തേക്കുവിടുകയും ഉദരപേശികളിലെ വൈദ്യുതസ്പന്ദന നിരക്കുകളെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു, ക്രമേണ അതു ഓക്കാനത്തിനും ഛർദ്ദിക്കും കാരണമാക്കുന്നു. ചലന രോഗം ഒഴിവാക്കുന്നതിനുള്ള മാർഗ്ഗങ്ങളിൽ സഞ്ചാരത്തിനു മുമ്പ് അല്പം നൂറുള്ള, കൊഴുപ്പു കുറഞ്ഞ ആഹാരം കഴിക്കുന്നതും, ആന്തര കർണ്ണം ഗ്രഹിക്കുന്നതു കണ്ണുകൾക്കു കാണാൻ കഴിയുന്നതിനു കാറിലായിരിക്കുമ്പോൾ വളഞ്ഞുതിരിഞ്ഞ വഴികളുടെ വളവുകളിലേക്കു നോക്കുന്നതും ബോട്ടിലായിരിക്കുമ്പോൾ ചക്രവാളത്തിലേക്കു നോക്കുന്നതും, തലയുടെയും ശരീരത്തിന്റെയും ചലനം കുറയ്ക്കുന്നതും മനസ്സിനെ മററു ചിന്തകളിൽ തിരക്കുള്ളതായി നിർത്തുന്നതും ഉൾപ്പെടുന്നു. (g93 2/8)
മദ്ധ്യവയസ്ക്കർക്കു ജോലി നഷ്ടപ്പെടുന്നു
“നിങ്ങൾ 40 വയസ്സിനു മുകളിലാണെങ്കിൽ നിങ്ങളുടെ ജോലി മാറുന്നതിനെക്കുറിച്ചു ചിന്തിക്കുകപോലും ചെയ്യരുത്” എന്ന് ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്ബർഗിലുള്ള ഒരു വർത്തമാനപ്പത്രമായ ദ സ്ററാർ പറയുന്നു. ഒരു സാമ്പത്തിക തകർച്ചയുടെ ഫലമായിട്ടു ദക്ഷിണാഫ്രിക്കയിലെ അനേകം ജോലിക്കാർ പിരിച്ചുവിടപ്പെടുകയാണ്. റിട്ടയർ ചെയ്യുന്ന പ്രായത്തോടടുത്തുകൊണ്ടിരിക്കുന്ന പ്രായമുള്ള ആളുകളാണു മിക്കപ്പോഴും ജോലി നഷ്ടപ്പെടുന്ന ആദ്യത്തവർ. മനുഷ്യശക്തി ഡിപ്പാർട്ടുമെൻറിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കനുസരിച്ച് ദക്ഷിണാഫ്രിക്കയിൽ 50 വയസ്സിൽ കൂടുതലുള്ള 37,500 ആളുകൾക്ക് ഓരോ മാസവും ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. “അൻപത്തഞ്ചിനു മുകളിലുള്ള സ്ത്രീപുരുഷൻമാർ ജോലിസ്ഥലത്തു പെട്ടെന്ന് അപകടത്തിലാകുന്ന ഒരു ഉപഗണം ആയിത്തീരുന്ന വിദേശങ്ങളിലെ പ്രവണതയിൽനിന്നു വ്യത്യസ്തമല്ല ദക്ഷിണാഫ്രിക്കയിലെ സ്ഥിതിവിശേഷം” എന്നു ദ സ്ററാർ പറയുന്നു. “അൻപത്തഞ്ചിനും അതിനു മുകളിലും ഉള്ള സ്ത്രീപുരുഷമാർക്കുള്ള നിയമാനുസൃതമായ ജോലി ജനസമ്മിതിയുള്ള ഒരു പ്രവണതയല്ല എന്നു സാമ്പത്തിക സഹകരണത്തിനും വികസനത്തിനും വേണ്ടിയുള്ള സ്ഥാപനം പറയുന്നു. . . പ്രായമുള്ളവരിൽ അറുപതു ശതമാനവും ജോലി ചെയ്യുന്ന ജപ്പാനിലെ പുരുഷൻമാരാണ് ഇതിന് അപവാദങ്ങൾ.” (g93 2/8)
യഥാർത്ഥ ധർമ്മസ്ഥാപനമോ?
മിത്രങ്ങളിൽനിന്നും അയൽക്കാരിൽനിന്നും സംഭാവനകൾ ശേഖരിച്ച് അയച്ചുകൊടുക്കാൻ ആളുകളോട് ആവശ്യപ്പെട്ടുകൊണ്ടു കത്തുകൾ അയച്ച ഒരു ക്യാൻസർ ധർമ്മസ്ഥാപനത്തെ കൺസ്യൂമർ റിപ്പോർട്ട് മാസിക അടുത്തയിടെ ഒററപ്പെടുത്തി. ആ കത്തിന്റെ പിറകിലെ ചെറിയ അക്ഷരത്തിലുള്ള അച്ചടിയുടെ വായന ചില രസകരമായ വസ്തുതകൾ വെളിപ്പെടുത്തുന്നതായി റിപ്പോർട്ടു കുറിക്കൊള്ളുന്നു. ഉദാഹരണത്തിന്, കഴിഞ്ഞ വർഷം ആ ധർമ്മസ്ഥാപനം ഏതാണ്ട് 25 ലക്ഷം ഡോളറോളം ശേഖരിച്ചപ്പോൾ, ഓരോ ഡോളറിൽനിന്നും ഒരു പെന്നിയിൽ കുറവു മാത്രമെ ക്യാൻസർ ഗവേഷണ ഫണ്ടിലേക്കു പോയുള്ളു. “ശേഷിച്ച തുക, ധനശേഖരണം തൊഴിലാക്കിയ ഒരു വ്യക്തിക്കും ധനശേഖരണത്തിന്റെ ചെലവുകൾക്കുവേണ്ടിയും ധനകാര്യനിർവ്വാഹനത്തിനും കഴിഞ്ഞതവണത്തെ വഴിതെററിക്കുന്ന അഭ്യർത്ഥനകളിൽനിന്ന് ഉളവായ വ്യവഹാരങ്ങൾ തീർക്കുന്നതിനും ‘പൊതു വിദ്യാഭ്യാസ’ത്തിനും വേണ്ടി മുടക്കി” എന്നു മാസിക പ്രസ്താവിക്കുന്നു. ക്യാൻസർ തടയുന്നതിനു “നിങ്ങളുടെ ജോലിസ്ഥലം ക്യാൻസർ അപകടത്തിൽനിന്നു വിമുക്തമായി സൂക്ഷിക്കുക” എന്നതുപോലുള്ള അങ്ങേയററം ലളിതവും സാമാന്യവുമായ ഉപദേശത്തെ പ്രസ്തുത പൊതുജന വിദ്യാഭ്യാസത്തിന്റെ മാതൃകയായി അത് ഉദ്ധരിക്കുന്നു. (g93 2/8)