ആധുനിക പോളണ്ടിലെ മതം
പോളണ്ടിലെ ഉണരുക! ലേഖകൻ
പോളണ്ടിലെ ആളുകൾ വലിയ മതഭക്തർ ആണെന്നാണ് പരക്കെയുള്ള അറിവ്. വാസ്തവത്തിൽ, അവിടുത്തെ ജനങ്ങളുടെ ഏതാണ്ട് 95 ശതമാനം റോമൻ കത്തോലിക്കരെന്ന് അവകാശപ്പെടുന്നവരാണ്.
പോളണ്ടിലെ ആളുകൾ മതപരമായ ആഘോഷങ്ങളെ വളരെ ഗൗരവമായി എടുക്കുന്നു. മാത്രമല്ല, അവ ദേശീയ പാരമ്പര്യത്തിന്റെ ഒരു അവിഭാജ്യ ഘടകം കൂടിയാണ്. പ്രത്യേകിച്ചും നാട്ടിൻപുറങ്ങളിൽ മത വിശേഷദിനങ്ങൾ വളരെ നിറപ്പകിട്ടാർന്നതും ഉല്ലാസപ്രദവുമാണ്. പരിപാടികളിൽ പങ്കെടുക്കുന്നവർ നാടൻ വേഷവിധാനങ്ങൾ അണിയുന്നു. എല്ലാവരും കളികളിൽ ഏർപ്പെടുന്നു.
അവിടുത്തെ വാർത്താ മാധ്യമങ്ങൾ അത്തരം വിശേഷദിനങ്ങളെക്കുറിച്ചും പ്രസിദ്ധമായ ആരാധനാ സ്ഥലങ്ങളിലേക്കുള്ള തീർഥാടനങ്ങളെക്കുറിച്ചും മത ഘോഷയാത്രകളെക്കുറിച്ചും ഉള്ള വാർത്തകൾ പതിവായി വിശേഷവത്കരിക്കുന്നു. മാമ്മോദീസാകൾ, പള്ളിയിൽ വെച്ചു നടത്തപ്പെടുന്ന വിവാഹങ്ങൾ, തങ്ങൾ പേരു കടം കൊണ്ടിരിക്കുന്ന വിശുദ്ധന്മാരുടെ പെരുന്നാളുകൾ, ആദ്യ കുർബാന കൈക്കൊള്ളപ്പാട് തുടങ്ങിയവയ്ക്കും അവിടുത്തെ ആളുകൾ ഉയർന്ന പ്രാധാന്യം കൽപ്പിക്കുന്നു.
1978-ൽ പോളണ്ടിൽ നിന്നുള്ള കാരൊൾ വൊയ്റ്റിവാ, ജോൺ പോൾ രണ്ടാമൻ പാപ്പാ ആയി സ്ഥാനമേറ്റു. ഇത് പോളണ്ടിലെ കത്തോലിക്കാ മതത്തിന് കൂടുതലായ പ്രചോദനം പകർന്നു. അദ്ദേഹം സ്വദേശത്തേക്കു വരുമ്പോഴൊക്കെ ജനക്കൂട്ടങ്ങൾ അവരുടെ നാട്ടുകാരനെ അഭിമാനപൂർവം സ്വാഗതം ചെയ്യുന്നു.
മതപരമായ ഈ പ്രവർത്തനങ്ങളുടെയെല്ലാം ഫലമായി പോളണ്ടുകാർ വലിയ മതവിശ്വാസികളും തങ്ങളുടെ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കുന്നവരും ആണെന്ന ധാരണ പോളണ്ടിനു വെളിയിൽ ഉള്ളവർക്ക് ഉണ്ടായിരിക്കുന്നു. എങ്കിലും, പോളണ്ടിലെ കത്തോലിക്കാ നേതാക്കന്മാരും മറ്റു നിരീക്ഷകരും കൂടുതൽ കൂടുതൽ സഭാംഗങ്ങൾ തങ്ങളുടെ മനോഭാവങ്ങളിലും പതിവുകളിലും മാറ്റം വരുത്തുന്നതിൽ ഉത്കണ്ഠ പ്രകടിപ്പിക്കുന്നു.
പോളണ്ടുകാരുടെ കാഴ്ചപ്പാട്
പോളണ്ടിലെ കത്തോലിക്കാ പൗരോഹിത്യശ്രേണിയിലെ പ്രമുഖരായ പ്രതിനിധികൾക്കും പത്രപ്രവർത്തകർക്കും സാമൂഹിക ഗവേഷകർക്കും ആധുനിക പോളണ്ടിലെ കത്തോലിക്കാ മതത്തിന്റെ അവസ്ഥയെക്കുറിച്ച് വ്യത്യസ്തമായ ഒരു വീക്ഷണമാണ് ഉള്ളത്. വർധിച്ചുവരുന്ന കുറ്റകൃത്യം, അധഃപതിച്ചുകൊണ്ടിരിക്കുന്ന ധാർമിക നിലവാരങ്ങൾ, സഭയുടെ പഠിപ്പിക്കലിലും ആചാരത്തിലും ഉള്ള കുറഞ്ഞുവരുന്ന താത്പര്യം എന്നിവയോടു പ്രതികരിച്ചുകൊണ്ട് പ്രമുഖ വ്യക്തികൾ കൂടെക്കൂടെ ശക്തമായ പ്രസ്താവനകൾ നടത്തുന്നു. പ്രസിദ്ധ റോമൻ കത്തോലിക്കാ ആരാധനാ രീതി ആളുകളുടെ അനുദിന ജീവിതത്തിൽ എന്ത് സ്വാധീനമാണ് ചെലുത്തുന്നത്? ഈ ചോദ്യമാണ് മുഖ്യ ചർച്ചാവിഷയം.
ഉദാഹരണത്തിന്, പോളണ്ടിലെ ആർച്ചുബിഷപ്പായ യൂസെഫ് ഗ്ലെംപ് ആളുകളുടെ ഇടയിലെ വർധിച്ച ലൗകികത്വം ശ്രദ്ധിക്കുകയും രാജ്യത്തെ നവീന പുറജാതീയതയുടെ തരംഗത്തെ ചെറുക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചു സംസാരിക്കുകയും ചെയ്തു. വാഡ് എന്ന കത്തോലിക്കാ മാസികയിൽ ലേഖകനായ വൊയിച്ചെച്ച് ചൂഡി സ്ഥിതിവിശേഷത്തെ കൂടുതൽ വിശദമായി വിശകലനം ചെയ്തു. അദ്ദേഹം പറഞ്ഞു: ‘പുരോഹിതന്മാരെയും സമുദായ ശാസ്ത്രജ്ഞരെയും മത മനഃശാസ്ത്രജ്ഞരെയും വർഷങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നത്തെക്കുറിച്ച്—ആളുകളുടെ മത ജീവിതവും അനുദിന ജീവിതവും തമ്മിലുള്ള വ്യക്തമായ അന്തരത്തെക്കുറിച്ച്—നാം പരിചിന്തിക്കേണ്ടിയിരിക്കുന്നു. നിങ്ങൾ മതപ്രഭാഷണം കേൾക്കുന്നു, എന്നാൽ പള്ളിയുടെ പടി കടക്കുമ്പോൾത്തന്നെ ദൈവത്തിന്റെ ലോകത്തെക്കുറിച്ചു മറന്നുപോകുന്നു. പിന്നെ നിങ്ങൾ മറ്റൊരു ലോകത്തിലേക്കു പ്രവേശിക്കുന്നു, അനുദിന പോരാട്ടത്തിന്റെ ഒരു ലോകത്തിലേക്ക്. അവിടെ ആയിരിക്കുമ്പോൾ ദൈവം ഇല്ലാത്തതുപോലെ നിങ്ങൾ ജീവിതം നയിക്കുന്നു.’
ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ വൈസ് പ്രസിഡന്റായ ആർച്ചുബിഷപ്പ് ഹെന്റിക് മൂഷിൻസ്കി ഇങ്ങനെ പറഞ്ഞുകൊണ്ട് ഒരു പടികൂടെ മുമ്പോട്ടുപോയി: “സുവിശേഷത്തിന് നമ്മുടെ ഉള്ളിലെ മനുഷ്യന് രൂപാന്തരം വരുത്താൻ കഴിഞ്ഞിട്ടില്ല. പോളണ്ടുകാർ രേഖകളിൽ മാത്രമാണ് ക്രിസ്ത്യാനികൾ ആയിരിക്കുന്നത്. മിക്കയാളുകളും ക്രിസ്ത്യാനിത്വത്തെ ഒരു മതമായി വീക്ഷിക്കുന്നതിനു പകരം ജീവിതത്തിന്റെ ഭാഗമായിത്തീർന്ന ഒരു ശീലമായിട്ടാണ് വീക്ഷിക്കുന്നത് എന്ന വസ്തുതയെ നിഷേധിക്കാൻ ബുദ്ധിമുട്ടാണ്.”
മൂല്യങ്ങളിലും പെരുമാറ്റത്തിലും വന്ന മാറ്റം
പൊതുജനങ്ങളുടെ ജീവിത മൂല്യങ്ങളിലും പെരുമാറ്റത്തിലും സംഭവിച്ച വലിയ മാറ്റങ്ങളെക്കുറിച്ച് പ്രമുഖരായ സഭാ പ്രതിനിധികൾ ആകുലചിത്തരാണെന്ന് അത്തരം പ്രസ്താവനകൾ കാണിക്കുന്നു. മുമ്പു സാധാരണമായിരുന്ന മതഭക്തി മറ്റു താത്പര്യങ്ങൾക്ക് വഴിമാറിക്കൊടുക്കുന്നതായി കാണപ്പെടുന്നു എന്നതാണ് ഒരു കാരണം.
ഉദാഹരണത്തിന്, പോളണ്ടുകാർ ജീവിതത്തിൽ ഒന്നാം സ്ഥാനം കുടുംബത്തിനും പിന്നീടുള്ള സ്ഥാനങ്ങൾ ക്രമത്തിൽ സത്യസന്ധത, ന്യായം, ദയ, ആശ്രയയോഗ്യത എന്നിവയ്ക്കും കൊടുക്കുന്നതായി ഒരു സമുദായശാസ്ത്ര പഠനം സൂചിപ്പിക്കുന്നു. ദൈവിക കാര്യങ്ങൾക്കും മതത്തിനും അവരുടെ ജീവിതത്തിൽ 16-ാമത്തെ സ്ഥാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിശ്വാസികൾ എന്ന് അവകാശപ്പെടുന്നവരുടെ പോലും പള്ളി ഹാജർ കുറഞ്ഞുവരുന്നു എന്നതാണ് ഇതിന്റെ ഒരു ഫലം.
സഭാ പഠിപ്പിക്കലുകളോടുള്ള വ്യാപകമായ അവഗണന സൂചിപ്പിക്കുന്ന സ്ഥിതിവിവരക്കണക്കുകളും പോളണ്ടുകാരായ ബിഷപ്പുമാരെ വ്യാകുലപ്പെടുത്തുന്നു. ഉദാഹരണത്തിന്, യാഗ്യെലൊൻസ്കി സർവകലാശാലയിലെ ഇറേന ബൊറൊവിക് മതകാര്യങ്ങളെക്കുറിച്ച് ഒരു സർവേ നടത്തിയപ്പോൾ അതിൽ പങ്കെടുത്തവരിൽ 50 ശതമാനം മാത്രമേ തങ്ങൾ മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നതായി പറഞ്ഞുള്ളൂ, പുരോഹിതന്മാരെ വിവാഹം ചെയ്യാൻ അനുവദിക്കേണ്ടതാണെന്ന് 47 ശതമാനം പേർ അവകാശപ്പെട്ടു, 64 ശതമാനം വിവാഹമോചനത്തെ അംഗീകരിക്കയും ചെയ്തു.
“പോളണ്ടുകാരുടെ 69 ശതമാനം ഗർഭനിരോധന ഉപാധികളുടെ ഉപയോഗം സംബന്ധിച്ച സഭയുടെ വിലക്കിനെ കുറ്റംവിധിക്കുന്നതായും 56 ശതമാനം ഗർഭച്ഛിദ്രം സംബന്ധിച്ച വിലക്കിനെ എതിർക്കുന്നതായും 54 ശതമാനം വിവാഹത്തിനു മുമ്പുള്ള ലൈംഗികതയെ അംഗീകരിക്കുന്നതായും” വ്പ്രൊസ്റ്റ് മാസികയിൽ വന്ന മറ്റൊരു പഠന റിപ്പോർട്ട് സൂചിപ്പിക്കുകയുണ്ടായി. ഈ സംഖ്യകൾ സഭയിലെ ആളുകളുടെ ചിന്താഗതികൾ തമ്മിൽ ഇപ്പോൾ വ്യത്യാസം ഉണ്ട് എന്നതിന്റെ സൂചനയാണ്.
കമ്മ്യൂണിസത്തെ എതിർക്കുന്നതിൽ പങ്കു വഹിച്ചതു നിമിത്തം സഭ കഴിഞ്ഞ രണ്ടു ദശകങ്ങളായി വളരെയധികം ആദരവു നേടിയിരിക്കുകയായിരുന്നു. എന്നാൽ, ഇപ്പോൾ രാഷ്ട്രീയവും സാമൂഹികവുമായ വിവാദപ്രശ്നങ്ങളിലുള്ള അതിന്റെ തുടർച്ചയായ ഉൾപ്പെടൽ വിദ്വേഷം ഇളക്കിവിടുന്നതായി തോന്നുന്നു. ഇത് സഭാ പുരോഹിതവർഗവും സഭാംഗങ്ങളും തമ്മിലുള്ള വിടവ് വർധിക്കുന്നതിന് ഇടയാക്കിയിരിക്കുന്നു.
യഥാർഥ പരിഹാരം എന്താണ്?
1989-ൽ ചരിത്രപ്രധാനമായ രാഷ്ട്രീയ മാറ്റങ്ങൾ നടക്കുന്നതിനു മുമ്പ് ഗവൺമെന്റ് പ്രത്യേക പെരുമാറ്റ ചട്ടങ്ങൾ നിർബന്ധപൂർവം നടപ്പാക്കിയിരുന്നു. അവയിൽ അധിക പങ്കും ഇപ്പോഴില്ല. പുതിയ രാഷ്ട്രീയ വ്യവസ്ഥിതി ജനാധിപത്യവും വ്യക്തി സ്വാതന്ത്ര്യവും എന്നാൽ അതോടൊപ്പംതന്നെ ഒരു ഉദാരവത്കൃത സ്വതന്ത്രകമ്പോള സമ്പദ്വ്യവസ്ഥയിൽ അതിജീവിക്കാനുള്ള പോരാട്ടവും ആനയിച്ചിരിക്കുന്നു. പോളണ്ടിലെ ജനസമുദായം അത്തരമൊരു സമൂല പരിവർത്തനത്തിനു കേവലം സജ്ജരല്ലായിരുന്നു എന്ന് ഇവിടെയുള്ള പലർക്കും തോന്നുന്നു. അവർക്ക് എന്താണു കുറവുണ്ടായിരുന്നത്?
ഇന്നത്തെ ലോകത്തിൽ ധാർമികമായും ആത്മീയമായും അതിജീവിക്കുന്നതിന് വിശ്വാസം ആവശ്യമാണ്. ഇത് കേവലം മതപരമായ ശീലങ്ങളിലോ ചടങ്ങുകളിലോ വേരൂന്നിയ ഒന്നല്ല, പകരം ദൈവവചനമായ ബൈബിളിനെക്കുറിച്ചുള്ള വ്യക്തിപരമായ പരിജ്ഞാനത്തിലും ഗ്രാഹ്യത്തിലും രൂഢമൂലമായ വിശ്വാസം ഓരോ വ്യക്തിയും വളർത്തിയെടുക്കണം.
ക്രിസ്ത്യാനികൾ വിശുദ്ധ തിരുവെഴുത്തുകൾ പതിവായി വായിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് അടുത്തകാലത്ത് ജോൺ പോൾ രണ്ടാമൻ പാപ്പാതന്നെ സമ്മതിച്ചു പറയുകയുണ്ടായി. “ദൈവവചനവുമായി കൂടുതൽ ഗാഢമായ ഒരു നിരന്തര ബന്ധം നട്ടുവളർത്താൻ” അദ്ദേഹം ക്രിസ്ത്യാനികളെ ആഹ്വാനം ചെയ്തു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “വിശുദ്ധ തിരുവെഴുത്തുകൾ വായിക്കാൻ പഠിക്കുന്നത് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അടിസ്ഥാന സംഗതിയാണ്: അതാണ് ആദ്യ പടി, ധ്യാനവും ഉള്ളു തുറന്നുള്ള പ്രാർഥനയും ആണ് അടുത്ത പടികൾ.” “ജീവന്റെ വചനമാകുന്ന അപ്പംകൊണ്ട് ദിവസവും സ്വയം പോഷിപ്പിക്കാൻ . . . സത്യാന്വേഷിയായ ഏതൊരാളെയും” പാപ്പാ പ്രോത്സാഹിപ്പിച്ചു.
പത്തൊമ്പതു നൂറ്റാണ്ടുകൾക്കു മുമ്പ്, അതായത് ജീവിതം ഇപ്പോഴത്തെപ്പോലെ തിരക്കുപിടിച്ചതും അസ്ഥിരവും ആയിത്തീരുന്നതിന് ദീർഘനാൾ മുമ്പ്, തന്റെ ശിഷ്യന്മാരെ അവർക്കു ചുറ്റുമുള്ള ആത്മീയമായി ദുർബലീകരിക്കുന്ന സ്വാധീനങ്ങളിൽനിന്ന് സംരക്ഷിക്കണമേയെന്ന് യേശുക്രിസ്തു ദൈവത്തോട് അപേക്ഷിക്കുകയുണ്ടായി. അവൻ ഇങ്ങനെ പ്രാർഥിച്ചു: “സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ; നിന്റെ വചനം സത്യം ആകുന്നു.” (യോഹന്നാൻ 17:17) ബൈബിൾ “സത്യം” ആയിരിക്കുന്നത് അത് മനുഷ്യന്റെ വചനം ആയിരിക്കാതെ ദൈവത്തിന്റെ വചനം ആയിരിക്കുന്നതുകൊണ്ടാണ്. അപ്പൊസ്തലനായ പൗലൊസ് ഒരു സഭയ്ക്ക് ഇങ്ങനെയെഴുതി: ‘ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മമനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ കൈക്കൊണ്ടു.’—1 തെസ്സലൊനീക്യർ 2:13.
ബൈബിൾ “ദൈവവചന”വും “സത്യ”വും ആയതിനാൽ ദൈവഭക്തിയില്ലാത്ത ഈ ലോകത്തിൽ സ്വയം കെട്ടുറപ്പുള്ളവരാക്കി നിർത്താൻ നമുക്ക് ആവശ്യമായത് പ്രദാനം ചെയ്യാൻ അതിനു കഴിയും. ബൈബിൾ ഇങ്ങനെ പറയുന്നു: “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.”—2 തിമൊഥെയൊസ് 3:16, 17.
ബൈബിളിന്റെ വ്യക്തിപരമായ പഠനം ദൈവത്തിലും അവന്റെ ഉദ്ദേശ്യത്തിലും വിശ്വാസം അർപ്പിക്കുന്നതിനുള്ള ഉറച്ച അടിസ്ഥാനം പ്രദാനം ചെയ്യുന്നുവെന്ന് പോളണ്ടിലും ഗോളമെമ്പാടും ഉള്ള ആത്മാർഥഹൃദയരും ബുദ്ധിശാലികളുമായ പല ആളുകളും കണ്ടെത്തുന്നു. ഇത്തരം വിശ്വാസമാണ് ദൈവത്തിൽനിന്നു പൂർവാധികം അന്യപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ യഥാർഥ ക്രിസ്തീയ ജീവിതം നയിക്കാനുള്ള ശക്തി അവർക്കു പ്രദാനം ചെയ്യുന്നത്.
[16-ാം പേജിലെ ആകർഷകവാക്യം]
“പോളണ്ടുകാർ രേഖകളിൽ മാത്രമാണ് ക്രിസ്ത്യാനികൾ ആയിരിക്കുന്നത്.”—പോളണ്ടിലെ ഒരു ആർച്ചുബിഷപ്പ്
[17-ാം പേജിലെ ആകർഷകവാക്യം]
ആളുകൾ സഭാ പഠിപ്പിക്കലുകളോട് വ്യാപകമായ അവഗണന പ്രകടമാക്കുന്നു
[15-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
പോളണ്ട്