യഹോവയുടെ സാക്ഷികൾ ലോകത്തിനു ചുററും—പോളണ്ട്
ആയിരത്തിത്തൊള്ളായിരത്തെൺപത്തൊമ്പതിന്റെ അവസാനത്തോടെ ബാൾട്ടിക് മുതൽ കരിങ്കടൽ വരെയുള്ള രാജ്യങ്ങളിലെ കമ്മ്യുണിസ്ററ് ഗവൺമെൻറുകൾ തകർന്നുവീഴാൻ തുടങ്ങി. ഇരുമ്പുമറ നീങ്ങിയതോടെ പൂർവയൂറോപ്യൻ രാഷ്ട്രങ്ങൾ അവരവരുടെ വഴികൾ തേടാൻ തുടങ്ങി. കുന്നിൻനിരകളും സമതല പ്രദേശങ്ങളും പരുക്കൻ പർവതങ്ങളും നിറഞ്ഞ ഒരു രാജ്യമായ പോളണ്ട് അക്കൂട്ടത്തിൽ ഒന്നുമാത്രം.a
കഠിനപരിശ്രമശാലികളാണ് പോളിഷ് ജനത. ലോകപ്രശസ്തരായ ചില കലാകാരൻമാരും ശാസ്ത്രജ്ഞൻമാരും പോളണ്ടിൽനിന്നുള്ളവരാണ്. അതിലുപരി, ദൈവരാജ്യ സുവാർത്ത പ്രഘോഷിക്കുന്നവരുടെ വർധിച്ചുകൊണ്ടിരിക്കുന്ന ഒരു സൈന്യവും ഇപ്പോൾ അവിടെയുണ്ട്.
വ്യാജം തുറന്നുകാട്ടുന്നതിൽ ധീരർ
പോളണ്ടിൽ ബൈബിളിൽനിന്നുള്ള സത്യം മനസ്സിലാക്കാൻ ഇഷ്ടപ്പെടുന്ന അനേകമാളുകളുണ്ട്. എന്നാൽ ബന്ധുക്കളോ അയൽക്കാരോ ചിലരെയൊക്കെ പിന്തിരിപ്പിക്കുന്നു. ഉദാഹരണത്തിന്, വ്രോററ്സ്ലാഫിന്റെ സമീപപ്രദേശത്ത്, വീട്ടുകാരുടെയും കൂട്ടുകാരുടെയും സമ്മർദമുണ്ടായപ്പോൾ ഒരു താത്പര്യക്കാരി യഹോവയുടെ സാക്ഷികളുമൊത്തുള്ള ബൈബിൾ പഠനം നിർത്തി. എന്നുവരികിലും, അവരുടെ കൗമാര പ്രായത്തിലുള്ള പുത്രി വ്യാജമതങ്ങളെ തുറന്നുകാണിക്കുന്ന ലേഖനങ്ങളുള്ള വീക്ഷാഗോപുര പരമ്പര വായിച്ചു. ഇവ അവളിൽ സത്യത്തിലുള്ള താത്പര്യം ജനിപ്പിച്ചു.
ആറു മാസത്തെ ബൈബിൾ പഠനത്തിനുശേഷം, ഈ ഇളംപ്രായക്കാരി വ്യാജമതവുമായുള്ള തന്റെ സകല ബന്ധങ്ങളും അവസാനിപ്പിക്കാൻ തീരുമാനിച്ചു. അവൾ തന്റെ പള്ളിയിലെ പുരോഹിതനെ സന്ദർശിച്ച് തന്റെ തീരുമാനം അറിയിച്ചു. “K——P—— എന്ന ഞാൻ കത്തോലിക്കാ വിശ്വാസം ഉപേക്ഷിക്കുന്നു” എന്ന് എഴുതിത്തരാൻ അദ്ദേഹം അവളോടു പറഞ്ഞു.
പിറേറ ഞായറാഴ്ച ഈ പ്രസ്താവന പള്ളിയിൽ വായിച്ചുകേൾപ്പിച്ചു. പെൺകുട്ടിയുടെ വല്യപ്പൻ ബോധംകെട്ടു വീണു. വല്യമ്മ പൊട്ടിക്കരഞ്ഞു. എന്നിരുന്നാലും, മററ് ഇടവകക്കാർക്ക് അതിൽ മതിപ്പാണു തോന്നിയത്. അവർ പറഞ്ഞു: “അങ്ങനെ, നമ്മുടെ സഭയിൽ അനേകം തെററുകളുണ്ടെന്നു പറയാൻ അവസാനം ഒരാൾക്കു ധൈര്യമുണ്ടായി.” ഈ ധൈര്യശാലിയായ കൗമാരപ്രായക്കാരി ഇപ്പോൾ സ്നാപനമേററ ഒരു ആത്മീയ സഹോദരിയാണ്. അവൾ ഇപ്പോൾ തന്റെ ഗ്രാമത്തിൽ ഏഴു ബൈബിളധ്യയനങ്ങൾ നടത്തുന്നുണ്ട്.
‘അവരുടെ ഫലങ്ങളാൽ’
കൂയവേ ഈ പൊമൊസ്സെ എന്നൊരു വാരിക “അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ തിരിച്ചറിയും” എന്ന പേരിൽ ഒരു റിപ്പോർട്ടു പ്രസിദ്ധീകരിക്കുകയുണ്ടായി. ക്രൈസ്തവലോകത്തിലെ ആരാധകർ “തങ്ങൾ സ്വീകരിച്ചിരിക്കുന്ന മതതത്ത്വങ്ങൾ വാസ്തവത്തിൽ ഗൗരവമായി എടുക്കുന്നില്ല. പറയുന്നതുപോലെ പ്രവർത്തിക്കുന്ന യഹോവയുടെ സാക്ഷികളുടെ നേർവിപരീതമാണ് അവർ. യഹോവയുടെ സാക്ഷികൾ ബൈബിൾ കൽപ്പിക്കുന്നതു പറയുന്നു” എന്ന് ലേഖനത്തിന്റെ ഒരു ഭാഗത്തു പറയുന്നു.
യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തെ നാമധേയ ക്രിസ്ത്യാനികളുടേതുമായി വിപരീത താരതമ്യം ചെയ്തശേഷം പ്രസ്തുത റിപ്പോർട്ട് ഇങ്ങനെ തുടരുന്നു: “രണ്ടാമത്തെ കൂട്ടർക്കു തങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനസത്യങ്ങളും തത്ത്വങ്ങളും മിക്കവാറും അറിയില്ല, മിക്കപ്പോഴും ബാധകമാക്കുന്നില്ല. . . . യഹോവയുടെ സാക്ഷികൾ, അവരുടെ മനോഭാവത്താൽ, തങ്ങളുടെ വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള പൊരുത്തം പ്രകടമാക്കുന്നു. അങ്ങനെ അവർ തങ്ങൾ ‘കള്ളപ്രവാചകൻമാർ’ അല്ലെന്നു തെളിയിക്കുന്നു. അവരെ അവരുടെ ഫലങ്ങളാൽ തിരിച്ചറിയാൻ സാധിക്കും. ‘ആളുകൾ മുൾച്ചെടിയിൽനിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലിൽനിന്ന് അത്തിപ്പഴമോ ഒരിക്കലും പറിക്കാറില്ല, ഉവ്വോ?’ (മത്തായി 7:15-20).”
തന്റെ മകൻ കത്തോലിക്കാ സഭ വിട്ട് യഹോവയുടെ സാക്ഷിയായിത്തീർന്നിരിക്കുന്നു എന്നു വിലപിച്ചുകൊണ്ട് ഒരു സ്ത്രീ പ്ഷീയാചൂകാ എന്ന വാരികയ്ക്ക് ഒരു കത്ത് എഴുതി. എന്തായിരുന്നു പത്രാധിപരുടെ ഉപദേശം? “നിങ്ങളുടെ മകൻ അവരുടെ വിശ്വാസം പഠിക്കുകയും അതു സ്വീകരിച്ച് യഹോവയുടെ സാക്ഷികളോടു ചേരാനിടയായെങ്കിൽ, അത് അവന്റെ സ്വന്തം തീരുമാനപ്രകാരമാണ്. അതു നാം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതാണ്. . . . അസാധാരണമായ ഐക്യം, ആഴത്തിലുള്ള സമൂഹബന്ധങ്ങൾ, വലിയ സത്യസന്ധത, സമുദായജീവിതത്തിലെ നടപ്പുനിയമങ്ങളുടെ അടുത്ത പിൻപററൽ, പ്രസംഗിക്കുന്ന മൂല്യങ്ങൾ പ്രയോഗത്തിലാക്കിക്കൊണ്ട് തങ്ങൾക്കു ലഭിച്ചിരിക്കുന്ന സത്യത്തിനു ചേർച്ചയിൽ ജീവിക്കാനുള്ള കഴിവ് എന്നിവപോലുള്ള മനോജ്ഞവും സാമൂഹികമായി അഭികാമ്യവുമായ സവിശേഷതകളും ഈ മതസമൂഹത്തിന്റെ പ്രത്യേകതയാണ്. ഇവ വിലതീരാത്ത പുണ്യങ്ങളാണ്.”
[അടിക്കുറിപ്പ്]
a കൂടുതലായ വിവരങ്ങൾക്കു യഹോവയുടെ സാക്ഷികളുടെ 1994-ലെ കലണ്ടർ കാണുക.
[9-ാം പേജിലെ ചതുരം]
രാജ്യത്തെക്കുറിച്ചുള്ള സംക്ഷിപ്തവിവരം
1993 സേവനവർഷം
സാക്ഷീകരിക്കുന്നവരുടെ അത്യുച്ചസംഖ്യ: 1,13,551
അനുപാതം: 339 പേർക്ക് ഒരു സാക്ഷി
സ്മാരക ഹാജർ: 2,35,642
ശരാശരി പയനിയർ പ്രസാധകർ: 7,961
ശരാശരി ബൈബിളധ്യയനങ്ങൾ: 79,131
സ്നാപനമേററവരുടെ എണ്ണം: 8,164
സഭകളുടെ എണ്ണം: 1,397
ബ്രാഞ്ച് ഓഫീസ്: നാഡാർസ്സീൻ
[9-ാം പേജിലെ ചിത്രം]
ലൂജിലുള്ള പോളണ്ട് ബ്രാഞ്ച് ഓഫീസ്, 1948
[9-ാം പേജിലെ ചിത്രം]
മുൻ പൂർവപ്രഷ്യയിൽ പ്ലാക്കാർഡുകളുമേന്തിയുള്ള വേല, 1948 ജൂൺ
[9-ാം പേജിലെ ചിത്രം]
പോളണ്ട് ബെഥേൽ സേവകരായ 72 അംഗങ്ങൾ, 1993 ജനുവരി
[9-ാം പേജിലെ ചിത്രം]
നാഡാർസ്സീനിലുള്ള പുതിയ ബ്രാഞ്ച്