മുഖ അടയാളങ്ങൾ—നൈജീരിയയിലെ അപ്രത്യക്ഷമാകുന്ന ‘തിരിച്ചറിയിക്കൽ കാർഡ്’
നൈജീരിയയിലെ ഉണരുക! ലേഖകൻ
ഒരു പ്രഭാതത്തിൽ ആറു വയസ്സുകാരൻ ഡാഞ്ചൂമാ പിതാവിനെ സമീപിച്ച്, ഇഗാല പൗരന്മാർ അഭിമാനത്തോടെ മുഖത്ത് ഉണ്ടാക്കിയിരുന്ന മുറിവുകൾ തനിക്കും വേണമെന്നു വാശിപിടിച്ചു. 1960-കളുടെ അവസാനത്തിലായിരുന്നു അത്. തന്റെ മുഖത്ത് അടയാളങ്ങൾ ഇല്ലാത്തതുകൊണ്ട് സഹപാഠികളിൽനിന്ന് ഏൽക്കേണ്ടിവരുന്ന പരിഹാസം മേലാൽ സഹിക്കാനാകില്ല എന്ന് അവനു തോന്നി. കീറിമുറിക്കലിനെ ഭയപ്പെടുന്ന പ്രായത്തിനു മുമ്പാണ് ഇഗാല ശിശുക്കളെ സാധാരണ ഗതിയിൽ അത്തരം കീറലുകൾക്കു വിധേയരാക്കിയിരിക്കുന്നത് എങ്കിലും പയ്യന്മാർ അതിനെ ധീരതയുടെ ഒരു ചിഹ്നമായിട്ടാണു കണക്കാക്കിയത്. അതില്ലാത്തവരെ കത്തിയെ പേടിയുള്ള ഭീരുക്കൾ ആയിട്ടാണ് അവർ കണ്ടിരുന്നത്.
ഡാഞ്ചൂമായുടെ അച്ഛൻ അതുവരെ മകന്റെ മുഖത്ത് ആ അടയാളങ്ങൾ ഉണ്ടാക്കുന്നതിനുള്ള സമ്മർദത്തെ ചെറുത്തു നിന്നിരുന്നു. പക്ഷേ ആ പ്രഭാതത്തിൽ, ധീരത തെളിയിക്കാനുള്ള തന്റെ മകന്റെ നിശ്ചയദാർഢ്യത്തിനു മുമ്പിൽ അദ്ദേഹത്തിനു വഴങ്ങേണ്ടിവന്നു. അദ്ദേഹം കത്തിയെടുത്ത് അവന്റെ ഇരുകവിളിലും കടവായോടു ചേർത്ത് സമാന്തരമായി ആഴത്തിൽ മൂന്നു മുറിവുകളുണ്ടാക്കി.
ആ മുറിവുകൾക്കു ധീരതയുമായി യാതൊരു ബന്ധവുമില്ലെന്ന് ഡാഞ്ചൂമായുടെ അച്ഛന് അറിയാമായിരുന്നു. പകരം, അവ ഉണങ്ങി തിരിച്ചറിയിക്കൽ കലകൾ ആയിത്തീരുമായിരുന്നു. അവ ഒരിക്കലും കളഞ്ഞുപോകാത്ത, കൃത്രിമത്വം കാണിക്കാനാകാത്ത, നിലനിൽക്കുന്ന ഒരു ‘തിരിച്ചറിയിക്കൽ കാർഡ്’ ആയിത്തീരുമായിരുന്നു. സ്വന്തക്കാർക്ക് ഈ കുട്ടിയെ പെട്ടെന്നു തിരിച്ചറിയാൻ അത് ഉപകരിക്കുമായിരുന്നു. അങ്ങനെ, ഒരു ഇഗാല പൗരനു ലഭിക്കേണ്ട എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കാനുള്ള യോഗ്യത അത് അവനു നേടിക്കൊടുക്കും. എന്നാൽ, അതോടൊപ്പംതന്നെ നൈജീരിയയിലെ 250-ലധികം വരുന്ന മറ്റു വംശീയ കൂട്ടങ്ങളിൽ നിന്ന് അത് അവനെ വേർതിരിച്ചു കാട്ടുകയും ചെയ്യുമായിരുന്നു.
മുറിവുണ്ടാക്കലും കല വരുത്തലും ആഫ്രിക്കയുടെ മാത്രം പ്രത്യേകതയല്ല. എന്നാൽ ഈ ഭൂഖണ്ഡത്തിൽ അതിന് ഒരു നീണ്ട ചരിത്രം തന്നെയുണ്ട്. ഗ്രീക്കു ചരിത്രകാരനായ ഹിറോഡോട്ടസ് ഈജിപ്തിൽ ജീവിച്ചിരുന്ന കാരിയ പ്രദേശത്തുള്ളവരെ കുറിച്ച് പൊ.യു.മു. അഞ്ചാം നൂറ്റാണ്ടിൽ ഇങ്ങനെ എഴുതി: “[അവർ], തങ്ങൾ ഈജിപ്തുകാരല്ല, അന്യനാട്ടുകാരാണ് എന്നു കാണിക്കുന്നതിനു വേണ്ടി നെറ്റിത്തടങ്ങൾ കത്തികൊണ്ടു കീറിമുറിക്കുമായിരുന്നു.” എഴുന്നൂറു വർഷം മുമ്പ് നൈജീരിയയിലെ ഇഫായിൽ രൂപകൽപ്പന ചെയ്യപ്പെട്ട വെങ്കല നാണയങ്ങളിലെ ചിത്രങ്ങളിൽ വംശീയ അടയാളങ്ങൾ എന്നു പലരും കരുതുന്ന മുഖത്തെ വരകൾ കാണാൻ കഴിയും. പുരാതന നൈജീരിയൻ സാമ്രാജ്യമായ ബെനിനിലെ ശിൽപ്പങ്ങളിലും മുഖത്തെ അടയാളങ്ങൾ കാണാവുന്നതാണ്.
എന്നാൽ എല്ലാ മുഖ അടയാളങ്ങളും വംശം തിരിച്ചറിയിക്കുക എന്ന ഉദ്ദേശ്യത്തിൽ ഉള്ളവയല്ല. ചിലതിന് അന്നും ഇന്നും ആത്മവിദ്യാപരവും മതപരവുമായ ആചാരങ്ങളുമായി ബന്ധമുണ്ട്. മറ്റു ചിലത് പരമ്പരാഗത സമുദായങ്ങളിലെ പദവി ചിഹ്നങ്ങളാണ്. വേറെ ചിലതാകട്ടെ, അലങ്കാര അടയാളങ്ങൾ ആണ്.
സമൂഹത്തിലെ, വൈദഗ്ധ്യമുള്ള വ്യക്തികളാണു കീറിമുറിക്കലുകൾ നടത്തുന്നത്. അതുകൊണ്ടുതന്നെ, മുഖ അടയാളങ്ങളിൽ വലിയ വൈവിധ്യം കാണാൻ കഴിയും. ചിലത് ത്വക്കിലുണ്ടാക്കുന്ന ചെറിയ കീറലുകൾ ആയിരിക്കാം. മറ്റു ചിലത് കൈവിരൽ കടത്തി വലുതാക്കിയ ആഴമേറിയ മുറിവുകൾ ആയിരിക്കാം. ചിലപ്പോൾ അടയാളങ്ങൾക്കു നിറം കൊടുക്കുന്നതിനു വേണ്ടി ഒരു പ്രാദേശിക ചായം മുറിവിൽ തേക്കുന്നു. ഓരോ വംശീയ കൂട്ടത്തിനും തനതായ മാതൃകയുണ്ട്. ഉദാഹരണത്തിന്, ഇരുകവിളിലും ലംബമായുള്ള ഓരോ വരകൾ ഒൺഡോ സ്ത്രീപുരുഷന്മാരെ തിരിച്ചറിയിക്കുന്നു. ഇരുകവിളിലും മുമ്മൂന്നു സമാന്തര വരകൾ ഉള്ളത് ഒയോ വംശക്കാർക്കാണ്. അടയാളങ്ങൾ സംബന്ധിച്ച് നല്ല അറിവുള്ളവർക്ക് ഒറ്റ നോട്ടത്തിൽത്തന്നെ ഒരു വ്യക്തി ഏതു വംശീയ കൂട്ടത്തിൽ പെട്ടവനാണെന്നും ഏതു പട്ടണക്കാരനാണെന്നും ചിലപ്പോൾ അയാളുടെ കുടുംബമേതെന്നു പോലും പറയാൻ കഴിഞ്ഞേക്കും.
വ്യത്യസ്ത വീക്ഷണങ്ങൾ
അടയാളങ്ങളും അവയുണ്ടാക്കുന്നതിന്റെ കാരണങ്ങളും എത്രത്തോളം വ്യത്യസ്തമാണോ അത്രതന്നെ വ്യത്യസ്തമാണ് അതു സംബന്ധിച്ചുള്ള ആളുകളുടെ വീക്ഷണങ്ങളും. അനേകർ അവ അഭിമാനപൂർവം വഹിക്കുന്നു. നൈജീരിയയിലെ ഡെയ്ലി ടൈംസിന്റെ പത്രാധിപരിൽ ഒരാൾ ഇങ്ങനെ പ്രസ്താവിച്ചു: “ചിലർ ആ അടയാളങ്ങളെ ദേശഭക്തിയുടെ ചിഹ്നങ്ങൾ ആയാണു വീക്ഷിക്കുന്നത്. അത് പൂർവികന്മാരുടെ യഥാർഥ പുത്രന്മാരാണു തങ്ങളെന്ന തോന്നൽ അവരിൽ ഉളവാക്കുന്നു.”
നൈജീരിയക്കാരനായ ജീമോ തന്റെ വീക്ഷണം ഇപ്രകാരം വെളിപ്പെടുത്തി: “എന്റെ മുഖത്തെ ഒയോ അടയാളങ്ങളെ കുറിച്ച് എനിക്ക് ഒരിക്കലും ലജ്ജ തോന്നിയിട്ടില്ല. കാരണം, അത് ഞാൻ ആലാഫീൻ പട്ടണത്തിൽ നിന്നുള്ള ഒരു യഥാർഥ യോരുബക്കാരനാണെന്നു കാണിക്കുന്നു.” തുടർന്ന് അദ്ദേഹം ആ അടയാളങ്ങൾ 1967-ൽ നൈജീരിയൻ ആഭ്യന്തര യുദ്ധകാലത്തു തന്റെ ജീവൻ രക്ഷിച്ചത് എങ്ങനെയെന്നു വിശദീകരിച്ചു: “ഞാൻ പാർത്തിരുന്ന വീട് ആക്രമിക്കപ്പെടുകയും [ശേഷം] എല്ലാവരും കൊല്ലപ്പെടുകയും ചെയ്തു. എന്നാൽ മുഖത്തെ അടയാളങ്ങൾ നിമിത്തം കൊലയാളികൾ എന്നെ മാത്രം തൊട്ടില്ല.”
മറ്റു ചിലരാകട്ടെ, ആ അടയാളങ്ങളെ വെറുക്കുന്നു. തന്റെ മുഖത്തെ അടയാളങ്ങളെ കുറിച്ച് താജൂദ്ദീൻ പറയുന്നത് ഇങ്ങനെയാണ്: “ഞാൻ അതിനെ വെറുക്കുന്നു, എന്റെ മുഖത്ത് മുറിവുകൾ വരുത്തിയ ദിവസത്തെ ഒരു ശപിക്കപ്പെട്ട ദിവസമായാണു ഞാൻ കരുതുന്നത്.” ഒരു കൗമാരക്കാരി, കുട്ടിയായിരുന്നപ്പോൾ തന്റെ മുഖത്ത് അത്തരം മുറിപ്പാടുകൾ വരുത്താൻ അനുവദിക്കാഞ്ഞതിന് അമ്മയെ പുകഴ്ത്തുന്നു. അവൾ പറയുന്നു: “എന്റെ മുഖത്ത് ആ പാടുകൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ ആത്മഹത്യ ചെയ്തേനേ.”
പരിഹാസത്തെ നേരിടൽ
ലേഖനത്തിന്റെ ആമുഖത്തിൽ പരാമർശിക്കപ്പെട്ട ഡാഞ്ചൂമാ അടയാളങ്ങൾ ഇല്ലാഞ്ഞതുകൊണ്ടായിരുന്നു പരിഹാസപാത്രം ആയിത്തീർന്നത്. എന്നാൽ സാധാരണ ഗതിയിൽ മറിച്ചാണു സംഭവിക്കാറുള്ളത്. 45-ൽപ്പരം വർഷം മുമ്പ് നൈജർ ഐബോസ് എന്ന തന്റെ പുസ്തകത്തിൽ ജി. റ്റി. ബാസ്ഡെൻ ഇങ്ങനെ എഴുതി: “മുറിപ്പാട് ഉണ്ടാക്കലിനും പച്ചകുത്തലിനും പ്രചാരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. [തങ്ങളുടെ അടയാളങ്ങൾ] മാഞ്ഞു കിട്ടിയിരുന്നെങ്കിൽ എന്ന് ആശിക്കുന്ന . . . അനേകം ചെറുപ്പക്കാരുണ്ട്. സ്വവംശജരുടെ ഇടയിൽ ഒരുവന് അഭിമാനത്തിനു വക നൽകുന്ന അത്തരം അടയാളങ്ങൾ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ അപമാനത്തിനാണ് ഇടയാക്കുന്നത്. കാരണം, അവിടങ്ങളിൽ അതിനെ പരിഹാസത്തോടും അവജ്ഞയോടും കൂടെ ആയിരിക്കും ആളുകൾ വീക്ഷിക്കുന്നത്.”
ആ വാക്കുകൾ ഇന്ന് വാസ്തവമായും സത്യമാണ്. ലാഗോസ് സർവകലാശാലയിൽ നിന്ന് മനശ്ശാസ്ത്രത്തിൽ ബിരുദം നേടിയ ആജൈ അടുത്തയിടെ നൈജീരിയയിലെ മുഖ അടയാളങ്ങളെ കുറിച്ച് ഒരു പഠനം നടത്തി. അവർ ഇങ്ങനെ നിരീക്ഷിച്ചു: “ഇന്ന് ചുരുക്കം പേർക്കേ അത്തരം അടയാളങ്ങൾ ഉള്ളൂ, പ്രത്യേകിച്ച് ലാഗോസ് പോലുള്ള നഗരങ്ങളിൽ. അടയാളം ഉള്ളവർക്കാണെങ്കിൽ മറ്റുള്ളവരിൽ നിന്നുള്ള പരിഹാസവും നേരിടേണ്ടി വരുന്നു. ഉദാഹരണത്തിന്, ആളുകൾ ഒരാളെ കേണൽ എന്നു വിളിച്ചു കേൾക്കുന്നതു സർവസാധാരണമാണ്. എന്നാൽ ആളെ കണ്ടു കഴിയുമ്പോഴേ അദ്ദേഹം പട്ടാളത്തിലെ കേണൽ ആയതുകൊണ്ടല്ല മറിച്ച് അദ്ദേഹത്തിന്റെ മുഖത്ത് ഒരു കേണലിന്റെ യൂണിഫാറത്തിലുള്ളത്ര വരകൾ ഉള്ളതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നതെന്നു നമുക്കു മനസ്സിലാകൂ. കവിളത്തെ വരകൾ നിമിത്തം ചിലർ പുലി, തോരാക്കണ്ണീർ തുടങ്ങിയ അപരനാമങ്ങളാൽ അഭിസംബോധന ചെയ്യപ്പെടാറുണ്ട്. . . . വ്യക്തിയുടെ സ്വാഭിമാനത്തെ അത് എത്രമാത്രം ഹനിക്കുമെന്ന് ഒന്നു ചിന്തിച്ചു നോക്കൂ.”
ഒരുപക്ഷേ, ഏറ്റവും ദുഷ്കരമായ പരിശോധനകളെ അഭിമുഖീകരിക്കേണ്ടി വരുന്നത് സ്കൂളിൽ വെച്ചായിരിക്കാം. സാമ്വലിന്റെ ക്ലാസ്സിൽ, മുഖത്ത് അടയാളങ്ങളുള്ളതായി അവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൻ പറയുന്നു: “സ്കൂളിൽ എല്ലാവരും എന്നെ കണ്ടമാനം കളിയാക്കുമായിരുന്നു. എന്റെ ക്ലാസ്സിൽ പഠിക്കുന്നവർ എന്നെ ‘തീവണ്ടിപ്പാളം’ എന്നും ‘തീവണ്ടിപ്പാളമുള്ള കുട്ടി’ എന്നുമൊക്കെ വിളിക്കുമായിരുന്നു. എന്നെ കളിയാക്കാൻ വേണ്ടി അവർ എപ്പോഴും മൂന്നു വിരൽ ഉയർത്തി കാണിക്കും. എനിക്കാകെ അപകർഷതാബോധം തോന്നുമായിരുന്നു.”
അവൻ ആ പ്രശ്നത്തെ എങ്ങനെയാണു തരണം ചെയ്തത്? സാമ്വൽ തുടരുന്നു: “ഒരു ദിവസം കളിയാക്കൽ തീരെ സഹിക്ക വയ്യാതായപ്പോൾ ഞാൻ ഞങ്ങളുടെ ജീവശാസ്ത്ര അധ്യാപകന്റെ അടുത്തു ചെന്ന് ഈ അടയാളങ്ങൾ കളയാൻ എന്തെങ്കിലും മാർഗമുണ്ടോ എന്നു ചോദിച്ചു. പ്ലാസ്റ്റിക് സർജറിയിലൂടെ അതു കളയാൻ കഴിയും എന്നും എന്നാൽ അതേക്കുറിച്ചോർത്ത് വിഷമിക്കാനൊന്നുമില്ല എന്നും അദ്ദേഹം എന്നോടു പറഞ്ഞു. നൈജീരിയക്കാരായ ആയിരക്കണക്കിന് ആളുകൾക്ക് അത്തരം അടയാളങ്ങളുണ്ടത്രേ. എന്റെ സഹപാഠികൾ എന്നെ കളിയാക്കുന്നത് അവർക്കു പക്വത വന്നിട്ടില്ലാത്തതു കൊണ്ടാണെന്നും ഞങ്ങൾ കുറെക്കൂടെ മുതിർന്നു കഴിയുമ്പോൾ കളിയാക്കലൊക്കെ താനേ നിന്നുകൊള്ളുമെന്നും അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു. അത് ഞാൻ ആരാണ് എന്നതിന്റെയോ ആരായിത്തീരും എന്നതിന്റെയോ അടയാളമല്ല എന്നും അദ്ദേഹം പറഞ്ഞു.
അതു കേട്ടപ്പോൾ എനിക്കു വളരെ ആശ്വാസം തോന്നി, ആ അടയാളങ്ങളെ കുറിച്ചുള്ള എന്റെ അപകർഷതാബോധവും അതോടെ മാറി. ഇപ്പോൾ ആരുംതന്നെ എന്റെ അടയാളങ്ങളെ അത്ര ഗൗനിക്കാറില്ല. ഇനി അഥവാ ആരെങ്കിലും അതേക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽത്തന്നെ ഞാനതു ചിരിച്ചുതള്ളും. അതുകൊണ്ടുതന്നെ മറ്റുള്ളവരുമായുള്ള എന്റെ ബന്ധത്തിന് ഉലച്ചിൽ തട്ടുന്നില്ല. ആളുകൾ എന്നെ ബഹുമാനിക്കുന്നത് എന്റെ അടയാളങ്ങളെ പ്രതിയല്ല, മറിച്ച് ഞാൻ എന്തായിരിക്കുന്നുവോ അതിനെപ്രതിയാണ്.
മങ്ങലേൽക്കുന്ന പാരമ്പര്യം
സാധാരണ ഗതിയിൽ അടയാളങ്ങൾ വരുത്തുന്നത് നന്നേ ചെറുപ്പത്തിൽ ആയതിനാൽ മുഖത്ത് അടയാളങ്ങളുള്ള മിക്ക നൈജീരിയക്കാർക്കും ഇക്കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പില്ലായിരുന്നു. എന്നാൽ, അവർ അച്ഛനമ്മമാർ ആയിത്തീരുമ്പോൾ തങ്ങളുടെ മക്കളുടെ മേൽ അത്തരം പാടുകൾ വരുത്തണമോ വേണ്ടയോ എന്നത് അവർതന്നെ തീരുമാനിക്കേണ്ടിയിരിക്കുന്നു.
ചിലർ അതു വേണമെന്നു തീരുമാനിക്കുന്നു. ലാഗോസിലെ ടൈംസ് ഇന്റർനാഷണൽ പറയുന്ന പ്രകാരം ഇത്തരമൊരു തീരുമാനത്തിനു പ്രേരിപ്പിക്കുന്ന പല കാരണങ്ങൾ ഉണ്ടായിരുന്നേക്കാം. ആ മാസിക ഇപ്രകാരം പ്രസ്താവിക്കുന്നു: “ചിലർ ഇപ്പോഴും അതിനെ സൗന്ദര്യം വർധിപ്പിക്കാനുള്ള ഒരു മാർഗമായി കണക്കാക്കുന്നു. വംശം തിരിച്ചറിയാൻ ഗോത്രപരമായ അടയാളങ്ങൾ സഹായകമായതിനാൽ, ലഭിച്ചേക്കാവുന്ന ആനുകൂല്യങ്ങളെപ്രതി മറ്റു ചിലർ അത്തരമൊരു തീരുമാനം എടുക്കുന്നു. മറ്റൊരു കാരണം, പരമ്പരാഗതമായ നിയമാവകാശങ്ങൾ ലഭിക്കാൻ അവ കുട്ടിയെ യോഗ്യനാക്കിത്തീർക്കുന്നു എന്നതാണ്.”
എന്നാൽ, ഇപ്പോഴത്തെ മാതാപിതാക്കളിൽ ഭൂരിഭാഗവും മേൽപ്പറഞ്ഞ കാരണങ്ങൾക്കു വലിയ പ്രസക്തിയൊന്നും കൽപ്പിക്കുന്നില്ല. അടയാളങ്ങളെ കുറിച്ച് അഭിമാനം കൊള്ളുന്നവരുടെ ഇടയിൽപ്പോലും വിരലിലെണ്ണാവുന്നവരേ സ്വന്തം മക്കളുടെ മുഖത്ത് ഗോത്രവിദഗ്ധരുടെ കത്തി പതിയാൻ അനുവദിക്കാറുള്ളൂ. നഗരങ്ങളിൽ ഇതു വിശേഷാൽ സത്യമാണ്. വേദനയ്ക്കും അണുബാധയേൽക്കാനുള്ള സാധ്യതയ്ക്കും പുറമേ കുട്ടി ഭാവി ജീവിതത്തിൽ നേരിടേണ്ടി വന്നേക്കാവുന്ന പരിഹാസവും വിവേചനയുമെല്ലാം മുഖ അടയാളങ്ങൾ വേണ്ടെന്നു വെക്കാൻ മാതാപിതാക്കളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.
വ്യക്തമായും, മുഖ അടയാളങ്ങളുടെ ജനപ്രീതിക്കും സ്വീകാര്യതയ്ക്കും അതിദ്രുതം മങ്ങലേറ്റുകൊണ്ടിരിക്കുകയാണ്. ഭാവിയിലെ നൈജീരിയൻ പൗരന്മാർ തിരിച്ചറിയിക്കൽ കാർഡ് മുഖത്തു സൂക്ഷിക്കുന്നതിനു പകരം ബാഗിൽ സൂക്ഷിക്കുന്ന പ്രവണതയാണു കണ്ടുവരുന്നത്.
[23-ാം പേജിലെ ചിത്രം]
മുഖ അടയാളങ്ങൾ വംശീയ കൂട്ടങ്ങളെ വേർതിരിച്ചു കാണിക്കുന്നു
[24-ാം പേജിലെ ചിത്രം]
മുഖ അടയാളങ്ങൾ, മങ്ങലേറ്റുകൊണ്ടിരിക്കുന്ന ഒരു പാരമ്പര്യം