അന്ധയെങ്കിലും ഉപകാരപ്രദയും സന്തുഷ്ടയും
പോളിട്ടിമി വെനെറ്റ്സ്യാനോസ് പറഞ്ഞപ്രകാരം
എന്റെ മൂന്നു കൂടപ്പിറപ്പുകളും പിതൃസഹോദരന്റെ മകളും ഞാനുംകൂടെ കളിക്കുക ആയിരുന്നു. പെട്ടെന്ന് വീടിന്റെ ജനാലയിലൂടെ ഒരു ചെറിയ വസ്തു ഉള്ളിലേക്കു വീണു. വലിയൊരു പൊട്ടിത്തെറി, അതൊരു കൈബോംബ് ആയിരുന്നു. എന്റെ മൂന്നു കൂടപ്പിറപ്പുകളും മരണമടഞ്ഞു. എന്റെ കാഴ്ച പൂർണമായി നഷ്ടപ്പെടുകയും ചെയ്തു.
ആ സംഭവം 1942 ജൂലൈ 16-ന് ആയിരുന്നു. അഞ്ചു വയസ്സുണ്ടായിരുന്ന ഒരു കൊച്ചു പെൺകുട്ടിയായിരുന്നു അന്നു ഞാൻ. ദിവസങ്ങളോളം ഞാൻ ബോധമില്ലാതെ കിടന്നു. എന്നാൽ ഇടയ്ക്കൊക്കെ ബോധം തെളിയുമായിരുന്നു. ബോധം വീണപ്പോൾ ഞാൻ എന്റെ ആങ്ങളമാരെയും അനുജത്തിയെയും തിരക്കി. അവർ മരിച്ചെന്ന് അറിഞ്ഞപ്പോൾ മരിച്ചിരുന്നെങ്കിൽ എന്നു ഞാനും ആശിച്ചുപോയി.
ഞാൻ ജനിച്ചപ്പോൾ ഞങ്ങൾ താമസിച്ചിരുന്നത് ഏഥൻസിലെ തുറമുഖ നഗരമായ പിറീഫ്സിനു സമീപത്തുള്ള ഗ്രീക്കു ദ്വീപായ സലമീസിൽ ആയിരുന്നു. ദരിദ്രർ ആയിരുന്നെങ്കിലും ഞങ്ങളുടെ ജീവിതം സമാധാനപൂർണം ആയിരുന്നു. എന്നാൽ 1939-ൽ രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ സ്ഥിതിഗതികൾ ആകെ മാറിമറിഞ്ഞു. അച്ഛൻ മെഡിറ്ററേനിയൻ സമുദ്രത്തിലെ ഒരു നാവികൻ ആയിരുന്നു. അച്ചുതണ്ടുശക്തികളുടെയും സഖ്യകക്ഷികളുടെയും അന്തർവാഹിനികൾ, ചെറുകപ്പലുകൾ, ടോർപിഡോകൾ, ബോംബുകൾ എന്നിവയെ ഒക്കെ ഒഴിവാക്കി വേണമായിരുന്നു അച്ഛനു മിക്കപ്പോഴും യാത്ര ചെയ്യാൻ. ഗ്രീസ് ഫാസിസ്റ്റുകാരുടെയും നാസികളുടെയും സ്വാധീനത്തിൽ ആയിരുന്നു.
ദൈവത്തെ വെറുക്കാൻ പഠിപ്പിക്കപ്പെടുന്നു
യുദ്ധത്തിന്റെ കൊടിയ ഭീകരതകളിൽ അമ്മയ്ക്കു നാലാമതൊരാളെ കൂടി—മകനെ—നഷ്ടമായി. അമ്മയെ വിഷാദം ഉലച്ചുകളഞ്ഞു. ക്ഷയരോഗി ആയിത്തീർന്ന അമ്മ ആറാമത്തെ കുഞ്ഞിനു ജന്മമേകിയശേഷം 1945 ആഗസ്റ്റിൽ മരണമടഞ്ഞു. അതൊക്കെ ദൈവശിക്ഷ ആണെന്നായിരുന്നു മതഭക്തരായ അയൽക്കാരുടെ അഭിപ്രായം. ആശ്വസിപ്പിക്കുന്നതിനു പകരം ചില ഗ്രീക്ക് ഓർത്തഡോക്സ് പുരോഹിതന്മാർ കാര്യാദികൾ കൂടുതൽ വഷളാക്കുകയാണു ചെയ്തത്. കൊച്ചു മാലാഖമാർ ആയിരിക്കാൻ എന്റെ ആങ്ങളമാരെയും സഹോദരിമാരെയും ദൈവം സ്വർഗത്തിലേക്ക് എടുത്തതാണെന്ന് അവർ പറഞ്ഞു.
അച്ഛനു നല്ല അമർഷം തോന്നി. തന്നോടൊപ്പം ദശലക്ഷക്കണക്കിനു മാലാഖമാർ ഉള്ളപ്പോൾ, ഒരു ദരിദ്ര കുടുംബത്തിൽ നിന്നുള്ള നാലു കുട്ടികളെ ദൈവം എന്തിന് എടുക്കണം? ഓർത്തഡോക്സ് സഭയുടെ ഇത്തരം വിശ്വാസങ്ങൾ അദ്ദേഹത്തിൽ ദൈവത്തിനും മതത്തിനും എതിരെയുള്ള രോഷം ആളിക്കത്തിച്ചു. അതിനുശേഷം മതവുമായുള്ള സകല ബന്ധങ്ങളും വിച്ഛേദിക്കാൻ അദ്ദേഹം തീരുമാനിച്ചു. ഞങ്ങളുടെ വേദനയ്ക്കും ദുരിതങ്ങൾക്കും കാരണക്കാരൻ ദൈവം ആണെന്നു പറഞ്ഞുകൊണ്ട്, ദൈവത്തെ വെറുക്കാനും നിന്ദിക്കാനും അച്ഛൻ എന്നെ പഠിപ്പിച്ചു.
കൂട്ടിലടയ്ക്കപ്പെട്ട മൃഗത്തെപ്പോലെ
1945-ൽ അമ്മ മരിച്ച് അധികം താമസിയാതെ, അച്ഛനും ക്ഷയരോഗം പിടിപെട്ടു. അച്ഛനെ ഒരു ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. എന്റെ കൊച്ചനുജത്തിയെ ഒരു പൊതു ശിശുപരിപാലന കേന്ദ്രത്തിൽ ആക്കി. പിന്നീട്, ആരോഗ്യകേന്ദ്രത്തിൽ നിന്നു വന്ന അച്ഛൻ അവളെ കൊണ്ടുവരാനായി അവിടെ ചെന്നപ്പോൾ അവൾ മരിച്ചെന്ന വാർത്തയാണു കിട്ടിയത്. എന്നെ ഒരു അന്ധവിദ്യാലയത്തിൽ ആക്കി, അവിടെ ഞാൻ അടുത്ത എട്ടു വർഷം കഴിഞ്ഞുകൂടി. ആദ്യമൊക്ക എനിക്കു വളരെ സങ്കടം ഉണ്ടായിരുന്നു. സന്ദർശകർ വരുന്ന ദിവസം എനിക്കു കടുത്ത നിരാശ തോന്നുമായിരുന്നു. കാരണം മിക്ക അന്ധ വിദ്യാർഥികൾക്കും സന്ദർശകർ ഉണ്ടായിരുന്നു. എന്നാൽ എന്നെ കാണാൻ മാത്രം ആരും വന്നിരുന്നില്ല.
കൂട്ടിലടയ്ക്കപ്പെട്ട ഒരു മൃഗത്തെപ്പോലെ ഞാൻ പെരുമാറി. സ്കൂളിലെ അപകടകാരി എന്ന് അറിയപ്പെട്ടിരുന്ന എനിക്കു തല്ലുകൊള്ളേണ്ടി വന്നിട്ടുണ്ട്. കൂടാതെ എന്നെ എഴുന്നേൽപ്പിച്ചു നിർത്തുകയും ചെയ്തിട്ടുണ്ട്. ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ചു ഞാൻ പലപ്പോഴും ചിന്തിക്കുമായിരുന്നു. എന്നിരുന്നാലും, ആയിരിക്കുന്ന അവസ്ഥയിൽ സന്തോഷം കണ്ടെത്താൻ പഠിക്കേണ്ടതുണ്ടെന്നു ഞാൻ ക്രമേണ മനസ്സിലാക്കി. എന്റെ അന്ധ സുഹൃത്തുക്കളെ വസ്ത്രം മാറാനോ കിടക്ക ശരിയാക്കാനോ സഹായിക്കുന്നതിൽ ഞാൻ സംതൃപ്തി കണ്ടെത്തിത്തുടങ്ങി.
ഞങ്ങളുടെ മാതാപിതാക്കൾ ചെയ്ത ചില ഘോര പാപങ്ങളുടെ ഫലമായി ദൈവം ഞങ്ങളെ അന്ധരാക്കിയതാണെന്നു പുരോഹിതന്മാർ പറഞ്ഞു. ദുരുദ്ദേശ്യം ഉള്ളവനും ദ്രോഹിയുമായി കണക്കാക്കി ദൈവത്തെ കൂടുതൽ വെറുക്കുന്നതിനു മാത്രമാണ് അത് ഇടയാക്കിയത്. മരിച്ചവരുടെ ആത്മാക്കൾ ജീവിച്ചിരിക്കുന്നവരെ ദ്രോഹിക്കും എന്ന മതാശയം എന്നിൽ ഭീതിയും അമർഷവും ജനിപ്പിച്ചിരുന്നു. അതുകൊണ്ട്, മരിച്ചുപോയ എന്റെ കൂടപ്പിറപ്പുകളെയും അമ്മയെയും ഞാൻ സ്നേഹിച്ചിരുന്നെങ്കിലും അവരുടെ “ആത്മാക്കളെ” ഞാൻ ഭയപ്പെട്ടിരുന്നു.
അച്ഛൻ സഹായിക്കുന്നു
അങ്ങനെയിരിക്കെ അച്ഛൻ യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടാൻ ഇടയായി. ബൈബിളിൽനിന്ന്, വേദനയ്ക്കും മരണത്തിനും കാരണക്കാരൻ യഹോവയല്ല സാത്താനാണ് എന്നു മനസ്സിലാക്കിയപ്പോൾ അദ്ദേഹം അമ്പരന്നുപോയി. (സങ്കീർത്തനം 100:3; യാക്കോബ് 1:13, 17; വെളിപ്പാടു 12:9, 12) ഇത്തരം വിവരങ്ങൾ മനസ്സിലാക്കിയ അച്ഛൻ പെട്ടെന്നുതന്നെ യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. ആത്മീയ പുരോഗതി വരുത്തിയ അദ്ദേഹം 1947-ൽ സ്നാപനമേറ്റു. അതിന് ഏതാനും മാസങ്ങൾക്കു മുമ്പ് അദ്ദേഹം പുനർവിവാഹം കഴിച്ചിരുന്നു. അതിൽ അച്ഛന് ഒരു മകൻ ജനിച്ചു. ക്രമേണ രണ്ടാനമ്മയും യഹോവയുടെ ആരാധനയിൽ അദ്ദേഹത്തോടു ചേർന്നു.
16-ാം വയസ്സിൽ ഞാൻ അന്ധവിദ്യാലയത്തോടു വിടപറഞ്ഞു. ഒരു ഊഷ്മള ക്രിസ്തീയ ഭവനത്തിലേക്കു മടങ്ങുന്നത് എത്ര ആശ്വാസപ്രദം ആയിരുന്നെന്നോ! ബൈബിൾ അധ്യയനം എന്ന് അവർ വിളിച്ചിരുന്ന ഒരു പരിപാടി അവർക്ക് ഉണ്ടായിരുന്നു. അതിൽ സംബന്ധിക്കാൻ അവർ എന്നെയും ക്ഷണിച്ചു. ഞാൻ അതിനു വലിയ ശ്രദ്ധയൊന്നും കൊടുത്തിരുന്നില്ല. എങ്കിലും ആദരവും മര്യാദയും ഓർത്ത് ഞാൻ അതിൽ സംബന്ധിച്ചു. ദൈവത്തോടും മതത്തോടുമുള്ള വെറുപ്പ് എന്റെ ഉള്ളിൽ അപ്പോഴും ശക്തമായിരുന്നു.
ദൈവത്തിന്റെ മാർഗം സ്നേഹമാകുന്നു (ഇംഗ്ലീഷ്) എന്ന ചെറുപുസ്തകം ആയിരുന്നു വീട്ടിൽ പഠിച്ചിരുന്നത്. ആദ്യമൊക്കെ ഞാൻ അത്ര താത്പര്യം കാണിച്ചിരുന്നില്ല. അപ്പോഴാണ് മരിച്ചവരുടെ അവസ്ഥയെ കുറിച്ച് അച്ഛൻ ചർച്ച ചെയ്യുന്നതു ഞാൻ കേട്ടത്. അത് എന്റെ ശ്രദ്ധ പിടിച്ചുപറ്റി. ബൈബിളിൽനിന്നു സഭാപ്രസംഗി 9:5, 10 വായിച്ചു: “മരിച്ചവരോ ഒന്നും അറിയുന്നില്ല; . . . നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.”
അകാരണമായ ഭയമാണ് എന്റേതെന്നു ഞാൻ തിരിച്ചറിഞ്ഞു. കാരണം മരിച്ചുപോയ എന്റെ അമ്മയ്ക്കും ആങ്ങളമാർക്കും അനുജത്തിമാർക്കും എന്നെ ഉപദ്രവിക്കാൻ കഴിയുമായിരുന്നില്ല. പുനരുത്ഥാനം ആയിരുന്നു അടുത്ത ചർച്ചാവിഷയം. ഞാൻ ശരിക്കും ശ്രദ്ധിക്കാൻ തുടങ്ങി. മരിച്ചുപോയവർ ക്രിസ്തുവിന്റെ ഭരണത്തിൻ കീഴിൽ ജീവനിലേക്കു തിരികെവരുമെന്ന ബൈബിൾ വാഗ്ദാനം കേട്ടപ്പോൾ ഞാൻ സന്തോഷാതിരേകത്താൽ തുള്ളിച്ചാടി! (യോഹന്നാൻ 5:28, 29; വെളിപ്പാടു 20:12, 13) അങ്ങനെ അധ്യയനത്തിലുള്ള എന്റെ താത്പര്യം വർധിച്ചു. അന്ധ ആയിരുന്നെങ്കിലും കുടുംബ അധ്യയനത്തിനായി ഞാൻ നന്നായി തയ്യാറായി ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു.
ആത്മീയ കാഴ്ച നേടുന്നു
തിരുവെഴുത്തുപരമായ കാര്യങ്ങളിലുള്ള അറിവു വർധിച്ചതോടെ, ദൈവത്തെയും അവന്റെ ഇടപെടലുകളെയും കുറിച്ചുള്ള എന്റെ തെറ്റിദ്ധാരണകൾ കാറ്റിൽപറന്നു. ആളുകൾ അന്ധരാകുന്നതിന്റെ കാരണക്കാരൻ ദൈവം അല്ലെന്നും സകല ദുഷ്ടതയുടെയും മൂല കാരണക്കാരൻ ദൈവത്തിന്റെ എതിരാളിയായ പിശാചായ സാത്താനാണെന്നും ഞാൻ മനസ്സിലാക്കി. എന്റെ കടുത്ത അജ്ഞത നിമിത്തം ദൈവത്തെ പഴിച്ചതിനു ഞാൻ എത്രമാത്രം പശ്ചാത്തപിച്ചെന്നോ! അത്യുത്സാഹത്തോടെ ബൈബിളിനെ കുറിച്ചുള്ള സൂക്ഷ്മ പരിജ്ഞാനം ഞാൻ വർധിപ്പിച്ചു. ഞങ്ങൾ താമസിച്ചിരുന്നതു രാജ്യഹാളിൽനിന്നു വളരെ അകലെ ആയിരുന്നെങ്കിലും ഞാൻ എല്ലാ ക്രിസ്തീയ യോഗങ്ങൾക്കും ഹാജരാകുകയും അതിൽ പങ്കെടുക്കുകയും ചെയ്തു. അന്ധതയ്ക്കു മുന്നിൽ തോറ്റുകൊടുക്കാതെ ഞാൻ പ്രസംഗ പ്രവർത്തനത്തിൽ തീക്ഷ്ണതയോടെ ഏർപ്പെട്ടു.
1958 ജൂലൈ 27-ന്—എന്റെ കാഴ്ച നഷ്ടപ്പെടാനിടയായ ആ ദുരന്തം നടന്നു 16 വർഷം കഴിഞ്ഞ്—സ്നാപനമേൽക്കാൻ സാധിച്ചതിൽ ഞാൻ എത്ര സന്തുഷ്ട ആയിരുന്നെന്നോ! പ്രത്യാശയും ശുഭാപ്തി വിശ്വാസവും ഇതൾവിരിച്ച ഒരു പുത്തൻ ജീവിതത്തിനു തുടക്കം കുറിക്കുക ആയിരുന്നു ഞാൻ. അങ്ങനെ എന്റെ ജീവിതം ഉദ്ദേശ്യപൂർണമായി, സ്നേഹവാനായ എന്റെ സ്വർഗീയ പിതാവിനെ സേവിക്കുക എന്നതായിരുന്നു ആ ഉദ്ദേശ്യം. അവനെ കുറിച്ചുള്ള പരിജ്ഞാനം വ്യാജ ഉപദേശങ്ങളിൽനിന്ന് എന്നെ സ്വതന്ത്രയാക്കുകയും നിശ്ചയദാർഢ്യത്തോടും പ്രത്യാശയോടും കൂടെ അന്ധതയെയും അതിന്റെ തിക്ത ഫലങ്ങളെയും നേരിടാൻ എനിക്കു ധൈര്യമേകുകയും ചെയ്തിരിക്കുന്നു. മഹത്തായ സുവാർത്തയെ കുറിച്ചു മറ്റുള്ളവരോടു പ്രസംഗിച്ചുകൊണ്ട് ഞാൻ മാസത്തിൽ 75-ഉം അതിൽ അധികവും മണിക്കൂർ ചെലവഴിക്കുമായിരുന്നു.
വിവാഹത്തകർച്ച
ജീവിതത്തിൽ എന്റെ അതേ ലക്ഷ്യങ്ങൾ ഉണ്ടായിരുന്ന ഒരു വ്യക്തിയെ ഞാൻ 1966-ൽ വിവാഹം കഴിച്ചു. പ്രസംഗവേലയിലുള്ള പങ്കു വർധിപ്പിച്ചുകൊണ്ട് ഞങ്ങൾ രണ്ടുപേരും അധ്വാനിക്കവേ, ഒരു സന്തുഷ്ട ദാമ്പത്യ ജീവിതം ആസ്വദിക്കാനുള്ള വഴി തുറന്നതുപോലെ തോന്നി. ജീവരക്ഷാകരമായ ഈ വേലയിൽ, ചില മാസങ്ങളിൽ ഞങ്ങൾ അനേകം മണിക്കൂർ ചെലവഴിച്ചു. മധ്യ ഗ്രീസിലെ ലിവാദിയയുടെ സമീപത്തുള്ള ഒരു ഒറ്റപ്പെട്ട പ്രദേശത്തേക്കു ഞങ്ങൾ മാറിത്താമസിച്ചു. ഞങ്ങൾ അവിടെ ആയിരുന്ന സമയത്ത്, അതായത് 1970-72 കാലയളവിൽ, ഗ്രീസിൽ അധികാരത്തിലിരുന്ന പട്ടാളവിപ്ലവ സംഘത്തിന്റെ അടിച്ചമർത്തലുകൾ ഉണ്ടായിരുന്നിട്ടും ബൈബിൾ സത്യം പഠിച്ച്, സ്നാപനമേറ്റ ക്രിസ്ത്യാനികൾ ആയിത്തീരാൻ അനേകം ആളുകളെ സഹായിക്കുന്നതിനു ഞങ്ങൾക്കു സാധിച്ചു. ആ മേഖലയിൽ ഉണ്ടായിരുന്ന യഹോവയുടെ സാക്ഷികളുടെ ഒരു ചെറിയ സഭയെ സഹായിക്കുന്നതിലും ഞങ്ങൾ സന്തോഷമുള്ളവർ ആയിരുന്നു.
പക്ഷേ, എന്റെ ഭർത്താവ് ബൈബിൾ പഠിക്കുന്നതും ക്രിസ്തീയ യോഗങ്ങളിൽ ഹാജരാകുന്നതും അവഗണിക്കാൻ തുടങ്ങി. ഒടുവിൽ അദ്ദേഹം ബൈബിൾ പഠിപ്പിക്കലുകൾ പൂർണമായും ഉപേക്ഷിച്ചു. അതു ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ വലിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. അത് 1977-ലെ വിവാഹ മോചനത്തിൽ ചെന്നവസാനിച്ചു. ഞാൻ തീർത്തും നിരാശിതയായി.
സന്തുഷ്ടവും ഉത്പാദനക്ഷമവുമായ ജീവിതം
എന്റെ ജീവിതത്തിലെ ഏറ്റവും പരിതാപകരമായ ഈ സമയത്ത്, യഹോവയും അവന്റെ സംഘടനയും വീണ്ടും എന്റെ സഹായത്തിനെത്തി. എന്റെ സന്തോഷം തട്ടിയെടുക്കാൻ മുൻ ഭർത്താവിനോടു ബന്ധപ്പെട്ട സാഹചര്യങ്ങളെ അനുവദിക്കുന്ന പക്ഷം, ഒരർഥത്തിൽ ഞാൻ അയാളുടെ അടിമ ആയിരിക്കുമെന്നു സ്നേഹവാനായ ഒരു ക്രിസ്തീയ സഹോദരൻ വിശദീകരിച്ചു. അതായത് എന്റെ സന്തുഷ്ടിക്കുള്ള താക്കോൽ ഭർത്താവിന്റെ കൈയിൽ ആണെന്ന് അത് അർഥമാക്കുമായിരുന്നു. ഏതാണ്ട് ആ സമയത്തോടെ, പ്രസംഗ പ്രവർത്തനത്തിലുള്ള തന്റെ വൈദഗ്ധ്യം വർധിപ്പിക്കാൻ ക്രിസ്തീയ സഭയിലെ പ്രായംചെന്ന ഒരു സഹോദരി എന്റെ സഹായം അഭ്യർഥിച്ചു. പെട്ടെന്നുതന്നെ, എനിക്ക് ഏറ്റവും സന്തോഷം പ്രദാനം ചെയ്ത പ്രവർത്തനത്തിൽ—ശുശ്രൂഷയിൽ—ഞാൻ പൂർണമായി മുഴുകി!
അപ്പോൾ മറ്റൊരു സഹോദരൻ ഇങ്ങനെയൊരു നിർദേശം മുന്നോട്ടു വെച്ചു: “ആവശ്യം അധികമുള്ളിടത്തു സഹായിക്കുന്നതിൽ സഹോദരിക്കു തുടരാനാകും. സഹോദരിക്ക് യഹോവയാം ദൈവം ഉപയോഗിക്കുന്ന ഒരു പ്രകാശഗോപുരം ആയിത്തീരാൻ കഴിയും.” തികച്ചും കോൾമയിർ കൊള്ളിക്കുന്ന ഒരു ആശയം! അന്ധയായ ഒരു വ്യക്തി “യഹോവയാം ദൈവം ഉപയോഗിക്കുന്ന ഒരു പ്രകാശഗോപുരം” ആയിത്തീരുന്നു! (ഫിലിപ്പിയർ 2:15) പെട്ടെന്നു തന്നെ ഞാൻ ഏഥൻസിൽനിന്നു പുറപ്പെട്ടു, ദക്ഷിണ ഇവ്യായിലെ ആമരിന്തോസ് ഗ്രാമത്തിലേക്ക് ആയിരുന്നു യാത്ര. അവിടെ ബൈബിൾ പഠിപ്പിക്കുന്നവരായി വിരലിൽ എണ്ണാവുന്ന ആളുകളേ ഉണ്ടായിരുന്നുള്ളൂ. അവിടെ ഉണ്ടായിരുന്ന സുഹൃത്തുക്കളുടെ സഹായത്താൽ എനിക്ക് ഒരു വീടു പണിയാനും എന്റെ ആവശ്യങ്ങൾക്കായി വേണ്ടത്ര കരുതാനും സാധിച്ചു.
അങ്ങനെ ഇപ്പോൾ 20-ലേറെ വർഷങ്ങളായി, വർഷംതോറും അനേക മാസങ്ങൾ വർധിച്ച പ്രസംഗ പ്രവർത്തനത്തിന്റെ ഏതെങ്കിലും വശത്തു ചെലവഴിക്കാൻ എനിക്കു സാധിക്കുന്നു. യഹോവയുടെ ശക്തിയാൽ, ആളുകളെ അവരുടെ വീടുകളിൽ സന്ദർശിക്കൽ, താത്പര്യക്കാരുമായി ബൈബിൾ അധ്യയനങ്ങൾ നടത്തൽ, ആളുകളുമായി തെരുവിൽ വെച്ച് സംസാരിക്കൽ എന്നിങ്ങനെ ശുശ്രൂഷയുടെ എല്ലാ മേഖലകളിലും പങ്കുപറ്റാൻ എനിക്കു കഴിയുന്നു. നമ്മുടെ സ്രഷ്ടാവിൽ താത്പര്യമുള്ള നാലു വ്യക്തികളുമായി ബൈബിൾ അധ്യയനം നടത്തുകയെന്ന പദവി ഇപ്പോൾ എനിക്കുണ്ട്. 20 വർഷങ്ങൾക്കു മുമ്പു സാക്ഷികളുടെ എണ്ണം നാമമാത്രമായിരുന്ന ഈ പ്രദേശത്ത് മൂന്നു സഭകൾ വളർന്നുവന്നതു കണ്ടതിൽ ഞാൻ എത്ര സന്തുഷ്ടയാണെന്നോ!
ഒരു യോഗം പോലും നഷ്ടപ്പെടുത്തുകയില്ല എന്ന നിശ്ചയദാർഢ്യത്തോടെ, ഓരോ ആഴ്ചയിലും രണ്ടു പ്രാവശ്യം ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കാനായി ഒരിടത്തേക്കുതന്നെ ഞാൻ 30-ലധികം കിലോമീറ്റർ യാത്ര ചെയ്യുന്നു. പ്രസംഗകനെ കാണാൻ സാധിക്കാത്തതുകൊണ്ട്, യോഗ സമയത്ത് മനസ്സ് അലഞ്ഞുതിരിയുന്നതായി മനസ്സിലാക്കുമ്പോൾ ഹ്രസ്വമായ കുറിപ്പുകൾ എടുക്കാനായി ഞാൻ എന്റെ പ്രത്യേക ബ്രയിൽ നോട്ടുബുക്ക് ഉപയോഗിക്കുന്നു. അങ്ങനെ ശരിക്കും ശ്രദ്ധിക്കാൻ ഞാൻ എന്റെ ചെവികളെയും മനസ്സിനെയും പരിശീലിപ്പിക്കുന്നു. മാത്രമല്ല, ഒരു സഭായോഗം എന്റെ വീട്ടിൽ വെച്ചാണ് നടത്തപ്പെടുന്നത് എന്ന പദവിയും എനിക്കുണ്ട്. സഭാ പുസ്തക അധ്യയനം എന്നു വിളിക്കപ്പെടുന്ന ഈ യോഗത്തിൽ സംബന്ധിക്കാൻ സമീപ ഗ്രാമങ്ങളിൽ നിന്ന് ആളുകൾ എന്റെ വീട്ടിലേക്കു വരുന്നു. എല്ലായ്പോഴും മറ്റുള്ളവർ ഇങ്ങോട്ടുവന്ന് എന്നെ സന്ദർശിക്കുന്നതിനു കാത്തുനിൽക്കാതെ, അവരെ അങ്ങോട്ടുപോയി സന്ദർശിക്കുന്നതിനു ഞാൻ മുൻകൈ എടുക്കുന്നു. അതു പരസ്പര പ്രോത്സാഹനത്തിൽ കലാശിക്കുന്നു.—റോമർ 1:12, NW.
കൗമാരപ്രായത്തിൽ അച്ഛനോടൊപ്പം താമസിച്ചപ്പോൾ, ഒരു അന്ധയോട് ഇടപെടുന്നതുപോലെ അദ്ദേഹം ഒരിക്കലും എന്നോട് ഇടപെട്ടില്ല. സ്വന്തം കൈകൊണ്ടു കാര്യാദികൾ ചെയ്യാൻ എന്നെ പഠിപ്പിക്കുന്നതിനായി അദ്ദേഹം ക്ഷമയോടും സ്ഥിരോത്സാഹത്തോടും കൂടെ വളരെ സമയം ചെലവഴിച്ചു. ഈ പ്രായോഗിക പരിശീലനം ഇപ്പോൾ എന്റെ പൂന്തോട്ടം നന്നായി പരിപാലിക്കുന്നതിനും എനിക്കുള്ള ഏതാനും വളർത്തു മൃഗങ്ങളെ നന്നായി പോറ്റുന്നതിനും എന്നെ പ്രാപ്ത ആക്കിയിരിക്കുന്നു. വീടു വൃത്തിയായി സൂക്ഷിച്ചുകൊണ്ടും ഭക്ഷണം പാകം ചെയ്തുകൊണ്ടുമൊക്കെ ഞാൻ വീട്ടിൽ കഠിനാധ്വാനം ചെയ്യുന്നു. ജീവിതത്തിലെ ലളിത സംഗതികളിൽ, നമുക്ക് ഉള്ള സംഗതികളിൽ ആസ്വാദ്യതയും സന്തോഷവും കണ്ടെത്താൻ സാധിക്കുമെന്നു ഞാൻ പഠിച്ചിരിക്കുന്നു. എന്റെ ഇപ്പോഴുള്ള നാല് ഇന്ദ്രിയങ്ങൾ കൊണ്ട്—കേൾക്കാനും മണക്കാനും രുചിക്കാനും സ്പർശിക്കാനും ഉള്ള പ്രാപ്തികൾ—നിരവധി നേട്ടങ്ങൾ കൊയ്യാനും അങ്ങനെ അളവറ്റ സംതൃപ്തി ആസ്വദിക്കാനും എനിക്കു സാധിക്കുന്നു. പുറത്തുള്ളവർക്ക് ഇത് അത്ഭുതകരമായ ഒരു സാക്ഷ്യവും ആണ്.
എന്റെ ദൈവത്താൽ താങ്ങിനിർത്തപ്പെടുന്നു
പരിമിതികൾ ഉണ്ടായിരുന്നിട്ടും ശുഭാപ്തി വിശ്വാസവും ആത്മ സംതൃപ്തിയും ഉള്ളവൾ ആയിരിക്കാൻ എനിക്കു കഴിയുന്നതിൽ പലരും അത്ഭുതം കൂറുന്നു. സർവപ്രധാനമായി, ബഹുമതികളെല്ലാം “സർവ്വാശ്വാസവും നല്കുന്ന ദൈവ”മായ യഹോവയ്ക്കു നൽകപ്പെടണം. (2 കൊരിന്ത്യർ 1:3) കാഴ്ച നഷ്ടപ്പെട്ട ശേഷം ആത്മഹത്യയെക്കുറിച്ചു പലപ്രാവശ്യം ഞാൻ ചിന്തിക്കുകയുണ്ടായി. അതുകൊണ്ട് യഹോവയുടെയും ബൈബിൾ സത്യത്തിന്റെയും സഹായം ഇല്ലായിരുന്നെങ്കിൽ ഇന്നു ഞാൻ ജീവനോടെ ഉണ്ടാകുമായിരുന്നോ എന്നുപോലും സംശയമാണ്. സ്രഷ്ടാവ് നമുക്കു നിരവധി സമ്മാനങ്ങൾ—കാഴ്ചശക്തി മാത്രമല്ല—തന്നിട്ടുണ്ടെന്നും നാം അവ ഉപയോഗിക്കുന്ന പക്ഷം നമുക്കു സന്തുഷ്ടർ ആയിരിക്കാൻ സാധിക്കുമെന്നും ഞാൻ മനസ്സിലാക്കിയിരിക്കുന്നു. ഒരിക്കൽ സാക്ഷികൾ ഈ ഗ്രാമത്തിൽ പ്രസംഗിക്കവേ, ഒരു സ്ത്രീ എന്നെക്കുറിച്ച് അവരോട് ഇങ്ങനെ പറഞ്ഞു: “അവർ ആരാധിക്കുന്ന ദൈവമാണ് ഇതൊക്കെ ചെയ്യാൻ അവരെ സഹായിക്കുന്നത്!”
അഭിമുഖീകരിക്കേണ്ടിവന്ന കഷ്ടതകൾ ദൈവവുമായി എന്നെ കൂടുതൽ അടുപ്പിച്ചിരിക്കുന്നു. അതു വിശ്വാസത്തെ ബലിഷ്ഠമാക്കുന്നതും ആണ്. “ജഡത്തി[ലെ] ഒരു ശൂലം” എന്ന് അപ്പൊസ്തലനായ പൗലൊസ് വിളിച്ച ഒരു പ്രശ്നം—സാധ്യതയനുസരിച്ച് അവന്റെ കണ്ണിന്റെ തകരാറ്—മൂലം അവൻ ബുദ്ധിമുട്ടിയിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു. (2 കൊരിന്ത്യർ 12:7; ഗലാത്യർ 4:13) എന്നാൽ ശുശ്രൂഷയിൽ “ശുഷ്കാന്തി” ഉള്ളവൻ ആയിരിക്കുന്നതിൽനിന്ന് ഇത് അവനെ തടഞ്ഞില്ല. എനിക്കും അവനെപ്പോലെ പറയാൻ കഴിയും: “ആകയാൽ . . . ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും. . . . ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു.”—പ്രവൃത്തികൾ 18:5; 2 കൊരിന്ത്യർ 12:9, 10.
എല്ലാറ്റിലും ഉപരിയായി, പുനരുത്ഥാനത്തിൽ എന്റെ സ്വന്തം കണ്ണുകൊണ്ട് എന്റെ പ്രിയപ്പെട്ട അമ്മയെയും അനുജത്തിമാരെയും ആങ്ങളമാരെയും കാണാൻ കഴിയുമെന്ന ബൈബിൾ അധിഷ്ഠിത പ്രത്യാശയ്ക്ക് എന്റെ മേൽ ക്രിയാത്മകവും പ്രയോജനപ്രദവുമായ ഒരു ഫലമുണ്ടെന്നുള്ളതിനു തർക്കമില്ല. “കുരുടന്മാരുടെ കണ്ണു തുറന്നുവരും” എന്നും “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും” എന്നും ബൈബിൾ വാഗ്ദാനം ചെയ്യുന്നു. (യെശയ്യാവു 35:5; പ്രവൃത്തികൾ 24:15) അത്തരം പ്രത്യാശകൾ ദൈവരാജ്യത്തിൻ കീഴിലുള്ള മഹത്തായ ഭാവിയെ കുറിച്ച് എന്നിൽ ശുഭാപ്തി വിശ്വാസവും പ്രതീക്ഷയും നിറയ്ക്കുന്നു!
[15-ാം പേജിലെ ചിത്രം]
എന്നോടൊത്തു ബൈബിൾ പഠിച്ച എന്റെ അച്ഛൻ
[15-ാം പേജിലെ ചിത്രം]
ഞാൻ അടുക്കളയിൽ
[15-ാം പേജിലെ ചിത്രം]
സുഹൃത്തുമൊത്തു ശുശ്രൂഷയിൽ