യഹോവയെ അറിയാൻ അന്ധരെ സഹായിക്കുക
1. യേശു എങ്ങനെയാണ് അന്ധരായവരോട് മനസ്സലിവ് കാണിച്ചത്?
1 യേശു ഒരു ദിവസം യെരീഹോയിൽനിന്ന് പോകുമ്പോൾ അന്ധരായ രണ്ട് യാചകർ അവനോട് ഇങ്ങനെ വിളിച്ചു പറഞ്ഞു: “കർത്താവേ, . . . ഞങ്ങളോടു കനിവു തോന്നേണമേ.” അവന്റെ മരണത്തിന് ഏതാനും ദിവസങ്ങൾ മുമ്പായിരുന്നു ഇത്. താൻ അനുഭവിക്കാനിരുന്ന കഷ്ടതകൾ യേശുവിന്റെ മനസ്സിനെ ഭാരപ്പെടുത്തിയിരുന്നെങ്കിലും അവരെ തന്റെ അടുത്തേക്കു വിളിച്ച് സുഖപ്പെടുത്തി. (മത്താ. 20:29-34) യേശുവിന് അന്ധരായ യാചകരോട് തോന്നിയ മനസ്സലിവ് നമുക്ക് എങ്ങനെ കാണിക്കാനാകും?
2. പൊതുസ്ഥലത്തുവെച്ച് അന്ധനായ ഒരു വ്യക്തിയെ കാണുന്നെങ്കിൽ എങ്ങനെ സാക്ഷീകരിക്കാൻ കഴിയും?
2 സഹായിക്കാൻ സന്നദ്ധരായിരിക്കുക: പൊതുസ്ഥലത്തുവെച്ചോ മറ്റോ അന്ധനായ ഒരു വ്യക്തിയെ നിങ്ങൾ കാണുന്നെങ്കിൽ സ്വയം പരിചയപ്പെടുത്തുക. തുടർന്ന്, ബസ്സിൽ കയറാനോ റോഡ് മുറിച്ചു കടക്കാനോ പോലുള്ള സഹായങ്ങൾ നൽകാമെന്നു പറയാനാകും. ഇങ്ങനെയുള്ളവരെ ആളുകൾ ചൂഷണം ചെയ്യാറുള്ളതുകൊണ്ട് അദ്ദേഹം ആദ്യമൊന്നു സംശയിച്ചേക്കാം. എന്നാൽ നിങ്ങളുടെ ആത്മാർഥമായ സൗഹൃദഭാവവും താത്പര്യവും അദ്ദേഹത്തിന്റെ ആശങ്ക അകറ്റാൻ ഇടയുണ്ട്. കാഴ്ച വൈകല്യം കൂടിയും കുറഞ്ഞും ഇരിക്കും എന്ന് മനസ്സിൽപ്പിടിക്കുന്നെങ്കിൽ ഏതുതരം സഹായമാണ് നൽകേണ്ടതെന്ന് തീരുമാനിക്കാൻ എളുപ്പമായിരിക്കും. സഹായിച്ച ശേഷം നിങ്ങൾ ഒരു ബൈബിൾ വിദ്യാഭ്യാസവേലയിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് സൂചിപ്പിക്കുക. തുടർന്ന്, സങ്കീർത്തനം 146:8; യെശയ്യാവു 35:5, 6 എന്നീ തിരുവെഴുത്തുകൾ വായിച്ചുകേൾപ്പിക്കട്ടേ എന്ന് അദ്ദേഹത്തോടു ചോദിക്കാം. അദ്ദേഹത്തിന് ബ്രെയിൽ ലിപി അറിയാമെങ്കിൽ ബൈബിൾ മനസ്സിലാക്കാൻ സഹായിക്കുന്ന ബ്രെയിൽ ലിപിയിലുള്ള പ്രസിദ്ധീകരണം വേണമോ എന്നും ചോദിക്കാവുന്നതാണ്. jw.org-യിലെ ഓഡിയോ രൂപത്തിലുള്ള വിവരങ്ങൾ കണ്ടെത്താനും അദ്ദേഹത്തെ സഹായിക്കുക. സ്ക്രീനിൽ വരുന്ന വിവരങ്ങൾ വായിച്ചു കേൾക്കാനുള്ള സംവിധാനം (screen reader program) അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിൽ ഉണ്ടെങ്കിൽ jw.org-യിലെ പ്രസിദ്ധീകരണങ്ങൾ ആർടിഎഫ് (Rich Text Format) രൂപത്തിൽ ഡൗൺലോഡ് ചെയ്യുന്നത് അദ്ദേഹത്തിന് കൂടുതൽ ഗുണംചെയ്യും.—“അന്ധനായ ഒരാളെ സഹായിക്കുമ്പോൾ . . . ” എന്ന ചതുരം കാണുക.
3. നമ്മുടെ പ്രദേശത്തുള്ള അന്ധരായ വ്യക്തികളെ എങ്ങനെ അന്വേഷിച്ചു കണ്ടെത്താം?
3 അന്വേഷിച്ചു കണ്ടെത്തുക: വീടുതോറുമുള്ള വേലയിൽ അന്ധരായവരെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. കാരണം, വീട്ടിൽവരുന്ന അപരിചിതരോട് സംസാരിക്കാൻ അവർ വിമുഖരാണ്. ഇങ്ങനെയുള്ളവരെ ‘അന്വേഷിച്ച്’ കണ്ടെത്തി സാക്ഷീകരിക്കുന്നതിന് നല്ല ശ്രമം കൂടിയേതീരൂ. (മത്താ. 10:11) അന്ധനായ ഒരു സഹപ്രവർത്തകനോ സഹപാഠിയോ നിങ്ങൾക്കുണ്ടോ? എങ്കിൽ അദ്ദേഹത്തോടു സംസാരിക്കാൻ മുൻകൈ എടുക്കുക. നിങ്ങളുടെ പ്രദേശത്ത് അന്ധവിദ്യാലയമുണ്ടെങ്കിൽ അവിടത്തെ ലൈബ്രറിയിലേക്ക് ബ്രെയിൽ ലിപിയിലുള്ള നമ്മുടെ പ്രസിദ്ധീകരണങ്ങൾ നൽകാവുന്നതാണ്. ഇനി, നിങ്ങളുടെ പരിചയക്കാരുടെ വീട്ടിൽ അന്ധരായ ആരെങ്കിലുമുണ്ടോ? അന്ധരെ പാർപ്പിക്കുകയോ അവർക്ക് വേണ്ട സേവനങ്ങൾ നൽകുകയോ ചെയ്യുന്ന ഏതെങ്കിലും സംഘടന നിങ്ങളുടെ പ്രദേശത്തുണ്ടോ? യഹോവയുടെ സാക്ഷികൾക്ക് മേൽപ്പറഞ്ഞ പ്രകാരം അന്ധരെ സഹായിക്കാൻ അതീവ താത്പര്യമുണ്ടെന്ന് കുടുംബാംഗങ്ങളോടോ സംഘടനയിലെ റിസപ്ഷനിസ്റ്റിനോടോ അധികാരികളോടോ നിങ്ങൾക്കു പറയാനാകും. തുടർന്ന് ബ്രെയിൽ ലിപിയിലുള്ള ബൈബിൾ പ്രസിദ്ധീകരണങ്ങളോ ഓഡിയോ റെക്കോർഡിങ്ങുകളോ നൽകാവുന്നതാണ്. ദൈവം ഈ ഭൂമിയിൽനിന്ന് അന്ധത എന്നേക്കുമായി ഇല്ലായ്മ ചെയ്യുമെന്ന ബൈബിൾ വാഗ്ദാനം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുക. “അത് ലഭിച്ചില്ലായിരുന്നെങ്കിൽ തീരാനഷ്ടമായേനെ” (ഇംഗ്ലീഷ്) എന്ന jw.org-യിലെ വീഡിയോയും നിങ്ങൾക്ക് കാണിക്കാനാകും. ബ്രെയിൽ ലിപിയിലുള്ള ബൈബിളിൽനിന്ന് പ്രയോജനം ലഭിച്ച അന്ധനായ ഒരു വ്യക്തിയുടെ അനുഭവമാണ് അതിലുള്ളത്. എവിടെയാണെങ്കിലും നിങ്ങളുടെ സന്ദർശനോദ്ദേശ്യം വിശദീകരിക്കുന്നത് അന്ധനായ വ്യക്തിയെ കണ്ടുമുട്ടുന്നതിലേക്കു നയിച്ചേക്കാം.
4. ജാനറ്റിന്റെ അനുഭവം എന്താണ് പഠിപ്പിക്കുന്നത്?
4 കാഴ്ചശക്തിയില്ലാത്ത ജാനറ്റ് എന്ന സഹോദരി അന്ധരായവർ താമസിക്കുന്ന സ്ഥലം സന്ദർശിച്ചു. അവിടെക്കണ്ട അന്ധയായ ഒരു ചെറുപ്പക്കാരിയോട് സഹോദരി ഇങ്ങനെ പറഞ്ഞു: “അന്ധരായ എല്ലാവരെയും താൻ സൗഖ്യമാക്കുമെന്ന് കാണിക്കാനാണ് യേശു ഭൂമിയിലായിരുന്നപ്പോൾ അന്ധരെ സുഖപ്പെടുത്തിയത്.” വെളിപാട് 21:3, 4 വായിച്ചുകൊണ്ട് ദൈവരാജ്യത്തിൽ ഈ വാഗ്ദാനം എങ്ങനെ നിവൃത്തിയേറുമെന്ന് ജാനറ്റ് വിശദീകരിച്ചു. ആ സ്ത്രീ അല്പനേരം നിശ്ശബ്ദയായിപ്പോയി. എന്നിട്ട് ഇങ്ങനെ പറഞ്ഞു: “അന്ധയായ ഒരാൾ ഇങ്ങനെ പറഞ്ഞുകേൾക്കുന്നത് ആദ്യമായിട്ടാണ്. ആളുകളുടെ അന്ധതയ്ക്കു കാരണം അവരോ പൂർവികരോ ചെയ്ത എന്തോ ആണെന്ന് കാഴ്ചയുള്ള മിക്കവരും കരുതുന്നു.” ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം സൈറ്റിൽനിന്ന് എടുക്കാൻ ജാനറ്റ് ആ സ്ത്രീയെ സഹായിച്ചു. ഇപ്പോൾ അവർ ആഴ്ചയിൽ രണ്ടുവട്ടം ബൈബിൾ പഠിക്കുന്നു.
5. യേശുവിനെപ്പോലെ നമുക്ക് അന്ധരെ സൗഖ്യമാക്കാൻ കഴിയില്ലെങ്കിലും അവരോട് അതേ താത്പര്യം പ്രകടമാക്കുന്നത് എന്ത് അനുഗ്രഹങ്ങൾ കൈവരുത്തും?
5 യേശുവിനെപ്പോലെ നമുക്ക് അന്ധരെ അക്ഷരീയമായി സൗഖ്യമാക്കാൻ കഴിയില്ല. എന്നാൽ അക്ഷരീയമായി അന്ധരായിരിക്കുന്നവർ ഉൾപ്പെടെ ഈ ലോകത്തിന്റെ ദൈവം മനസ്സ് അന്ധമാക്കിയിരിക്കുന്ന സകലരെയും ദൈവവചനത്തിലെ സത്യം ഉപയോഗിച്ച് നമുക്ക് സൗഖ്യമാക്കാനാകും. (2 കൊരി. 4:4) ‘യേശുവിന്റെ മനസ്സലിഞ്ഞതുകൊണ്ടാണ്’ യെരീഹോയിലെ ആ രണ്ടു പേരെ അവൻ സൗഖ്യമാക്കിയത്. (മത്താ. 20:34) അന്ധതയ്ക്ക് അറുതിവരുത്തുന്ന യഹോവയെക്കുറിച്ച് മനസ്സിലാക്കാൻ അന്ധരെ സഹായിക്കുന്നത് എത്ര വിശിഷ്ടമായ പദവിയാണ്! അന്ധരായവരോട് യേശുവിനുണ്ടായിരുന്ന അതേ താത്പര്യമുണ്ടെങ്കിൽ നമുക്ക് അതിനു കഴിയും.