അന്ധർക്ക്എന്തുപ്രത്യാശ?
ശരിക്കും അന്ധനായിരുന്നിട്ടും ജോൺ മിൽട്ടൺ രണ്ടു മഹാകാവ്യങ്ങൾ രചിച്ചു—പറുദീസ നഷ്ടപ്പെട്ടു, പറുദീസ വീണ്ടെടുക്കപ്പെട്ടു [ഇംഗ്ലീഷ്]. ഹെലൻ കെല്ലറാകട്ടെ അന്ധയും ബധിരയുമായിരുന്നു. എന്നാൽ ശാരീരിക വൈകല്യമുള്ളവരോടൊപ്പം പ്രവർത്തിക്കാൻ അതൊന്നും അവർക്കൊരു തടസ്സമായില്ല. അതേ, അന്ധരായ അനേകരും അതുമായി നന്നായി പൊരുത്തപ്പെടുന്നു. പക്ഷേ, എല്ലാവർക്കും നല്ല കാഴ്ചശക്തിയുണ്ടായിരുന്നെങ്കിലോ, അത് എത്ര വിസ്മയാവഹമാകുമായിരുന്നേനേ! നിങ്ങൾക്ക് അന്ധനായ അല്ലെങ്കിൽ കാഴ്ചക്കുറവുള്ള ഒരു സുഹൃത്തുണ്ടെങ്കിൽ നിങ്ങൾ ഇതിനോടു തീർച്ചയായും യോജിച്ചേക്കാം.
ചില രാജ്യങ്ങളിൽ, കാഴ്ചയ്ക്കു തകരാറുള്ളവർക്കുവേണ്ടി പുനരധിവാസ പരിപാടികൾ ഉണ്ടെന്നതു ശരിതന്നെ. നിത്യവൃത്തിക്കാവശ്യമായ വൈദഗ്ധ്യം നേടിയെടുക്കാനുള്ള പരിശീലനങ്ങൾ അവർക്ക് അവിടെ ലഭിക്കുന്നു. സ്പർശവേദ്യ ലിപിയും (braille) പരിശീലനം ലഭിച്ച നായ്ക്കളും അന്ധരെ അനേകം കാര്യങ്ങളിൽ സഹായിക്കുന്നു. എന്നിരുന്നാലും, അനേകമാളുകളും ഏററവും കൂടുതൽ ഭയക്കുന്ന വൈകല്യമാണ് അന്ധത. “അന്ധനായിരിക്കുക എന്നാൽ അതിന്റെ അർഥം നമ്മുടെ ആനുഭൂതികമായ ലോകത്തിന്റെ ഏററവും പ്രധാനപ്പെട്ട ഭാഗത്തേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുന്നു എന്നാണ്,” ഒരു എഴുത്തുകാരൻ തറപ്പിച്ചു പറയുന്നു. അതേസമയം, അനേകർക്കും മററുള്ളവരിൽ വളരെക്കൂടുതൽ ആശ്രയിക്കേണ്ടിവരുന്നു.
ഒരുപക്ഷേ നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടാവാം, അന്ധത ഇത്ര വ്യാപകമായിരിക്കുന്നതിന്റെ കാരണമെന്ത് എന്ന്? നിങ്ങൾ ട്രക്കോമയെക്കുറിച്ച് കേട്ടിട്ടുണ്ടോ? 90 ലക്ഷം പേരുടെ അന്ധതയ്ക്കുള്ള കാരണം അതാണ്. “പടർന്നുപിടിക്കുന്ന ഈ രോഗം ആളുകൾ തിങ്ങിപ്പാർക്കുന്ന ശുചിത്വമില്ലാത്ത ചുററുപാടുകളിൽ തഴച്ചുവളരുന്നു. കഴുകാനുള്ള വെള്ളത്തിന്റെ അപര്യാപ്തത, മനുഷ്യമലത്തിലേക്ക് ആകർഷിക്കപ്പെടുന്ന അസംഖ്യം ഈച്ചകൾ എന്നിവ ഇതിനെ വ്യാപിപ്പിക്കുന്ന ഘടകങ്ങളാണ്. ഒരുതരത്തിൽ പറഞ്ഞാൽ, ഒരു വൈദ്യശാസ്ത്ര പ്രശ്നമെന്നതിലും ഉപരിയായി ട്രക്കോമ ഒരു സാമൂഹിക പ്രശ്നമാണ്. ജീവിതനിലവാരം ഉയർത്തുന്നെങ്കിൽ, തിങ്ങിപ്പാർക്കലിനു കുറവു വരുത്തുന്നെങ്കിൽ, ഈച്ചകളെ തടയുന്നെങ്കിൽ, ആവശ്യത്തിനു ജലവിതരണം ഏർപ്പെടുത്തുന്നെങ്കിൽ ട്രക്കോമ പിടിപെടുന്നതിന്റെ എണ്ണം ശീഘ്രം കുറയും” എന്ന് ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. ഒൺകോസെർസിയാസിസ് (onchocerciasis) പിടിപെട്ടിരിക്കുന്നത് പത്തു ലക്ഷത്തോളം പേർക്കാണ്. അരണ്ട വെളിച്ചത്തിൽ കാഴ്ചയില്ലായ്മയുടെ (xerophthalmia) കാര്യമാണെങ്കിലോ? അന്ധതയുടെ സർവസാധാരണമായ കാരണം ഇതാണെന്നത് ഒരു പരമാർഥമാണ്. പ്രമേഹം, ഡിഫ്തീരിയ, അഞ്ചാംപനി, സ്കാർലററ് ഫീവർ, ലൈംഗികമായി പകരുന്ന രോഗങ്ങൾ എന്നിവയൊക്കെ അന്ധതയ്ക്കു കാരണമായേക്കാം.
മാക്കുലർ ഡീജനറേഷൻ, ഗ്ലോകോമ എന്നിവപോലുള്ള തകരാറുകളുടെ ഫലമായി പ്രായംചെല്ലുന്തോറും നമ്മുടെ കാഴ്ച മങ്ങിവരുന്നു. ഇതിനോടുള്ള ബന്ധത്തിൽ തിമിരരോഗത്തെപ്പററി പറയാതെ തരമില്ല. “ശസ്ത്രക്രിയയിലൂടെ എളുപ്പം ഭേദമാക്കാവുന്നതാണ് തിമിരരോഗം. എന്നിട്ടും ലോകമെമ്പാടും പല രാജ്യങ്ങളിലും അന്ധതയ്ക്കിടയാക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നായി അത് ഇപ്പോഴും തുടരുന്നു എന്നതാണ് കൂടുതൽ ദുഃഖകരമായ വസ്തുത” എന്ന് ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പ്രസ്താവിക്കുന്നു.
നേത്രരോഗശാസ്ത്രത്തിൽ കൈവരിച്ചിട്ടുള്ള മുന്നേററമൊക്കെയുണ്ടായിരുന്നിട്ടും അന്ധതാനിവാരണം ഇപ്പോഴും അങ്ങകലെത്തന്നെയാണ്. അതേ എൻസൈക്ലോപീഡിയ പറയുന്നു: “വൈദ്യസഹായം എത്തിപ്പിടിക്കാൻ പ്രാപ്തിയുള്ള ജനങ്ങൾക്കു മാത്രമേ അന്ധതയെ തടയൽ, അതിന്റെ വൈദ്യശാസ്ത്രപരവും ശസ്ത്രക്രിയാപരവുമായ ചികിത്സ എന്നിവയിൽ നേടുന്ന മുന്നേററങ്ങളിൽനിന്ന് പ്രയോജനം നേടാനാവുകയുള്ളൂ. ലോകജനസംഖ്യയുടെ പോഷണപരവും ശുചിത്വപരവുമായ ഗുണനിലവാരം ഉയർത്തുന്നതുവരെ, തടയാവുന്ന അന്ധതയുടെ ഉയർന്ന നിരക്ക് ഇതുപോലെതന്നെ തുടരും.”
ആൻറിബയോട്ടിക്കുകൾ, ശസ്ത്രക്രിയ എന്നിവയെല്ലാം അന്ധതയ്ക്കെതിരായ പോരാട്ടത്തിൽ പ്രയോജനപ്പെട്ടിട്ടുണ്ട്. പക്ഷേ, അന്ധത ശാശ്വതമായി സുഖപ്പെടുമെന്നുള്ള പ്രതീക്ഷ ഏതാണ്ട് രണ്ടായിരം കൊല്ലം മുമ്പു സംഭവിച്ച ഒരു സംഗതിയുമായി ബന്ധപ്പെട്ടാണു കിടക്കുന്നത്.
യേശുവിന്റെ നാളിലെ അന്ധരെ സുഖപ്പെടുത്തൽ
മുപ്പതിനുമേൽ പ്രായമുള്ള ഒരു മനുഷ്യൻ പൊടിപടലം നിറഞ്ഞ റോഡിലൂടെ നടന്നുവരുന്നതായി ഭാവനയിൽ കാണുക. അവൻ തങ്ങളുടെ അടുത്തുകൂടെ കടന്നുപോകുന്നതായി മനസ്സിലാക്കിയ രണ്ടു കുരുടൻമാർ റോഡരികിൽനിന്ന് ഉച്ചത്തിൽ വിളിച്ചുപറയുന്നു: “ഞങ്ങളോടു കരുണതോന്നേണമേ.” അതു കേട്ട് ആളുകൾ അവരോടു മിണ്ടാതിരിക്കാൻ ആജ്ഞാപിക്കുന്നു. പക്ഷേ, അവർ കൂടുതൽക്കൂടുതൽ ഉച്ചത്തിൽ വിളിച്ചുപറയുന്നു: “ഞങ്ങളോടു കരുണതോന്നേണമേ.” ആ മനുഷ്യൻ ദയാപുരസ്സരം ചോദിക്കുന്നു: ‘ഞാൻ നിങ്ങൾക്കു എന്തു ചെയ്യേണമെന്നാണു നിങ്ങൾ ഇച്ഛിക്കുന്നത്?’ ആകാംക്ഷാപൂർവം അവർ ഉത്തരം പറയുന്നു: “ഞങ്ങൾക്കു കണ്ണു തുറന്നുകിട്ടേണം.” ഇപ്പോൾ വിഭാവന ചെയ്യുക: ആ മനുഷ്യൻ അവരുടെ കണ്ണുകളിൽ സ്പർശിക്കുന്നു, ഉടനടി അവർക്കു കാഴ്ച ലഭിക്കുന്നു!—മത്തായി 20:29-34.
ഈ മുൻ അന്ധർക്ക് എന്തൊരു ആഹ്ലാദമായിരിക്കണം! എങ്കിലും, അന്ധത എല്ലായിടത്തുമുണ്ട്. ഇതു കേവലം ഒരു സംഭവം മാത്രമാണ്. ഇതിനു നിങ്ങൾ ശ്രദ്ധ നൽകേണ്ടയാവശ്യമെന്താണ്? കാരണം, കാണാനുള്ള സൗഭാഗ്യം അവർക്കു നൽകിയത് നസ്രത്തിലെ യേശുവായിരുന്നു. വാസ്തവത്തിൽ, ‘ദരിദ്രരോടു സുവിശേഷം അറിയിക്കാൻ’ മാത്രമായിരുന്നില്ല ‘കുരുടൻമാർക്കു കാഴ്ച’ നൽകാൻകൂടിയായിരുന്നു യേശു അയയ്ക്കപ്പെട്ടത്.—ലൂക്കൊസ് 4:18.
ദൈവത്തിന്റെ ശക്തമായ പരിശുദ്ധാത്മാവിനെക്കൊണ്ട് യേശു അത്ഭുതകരമായി സുഖപ്പെടുത്തിയതു കണ്ട ജനം വിസ്മയിച്ചു. “ഊമർ സംസാരിക്കുന്നതും കൂനർ സൌഖ്യമാകുന്നതും മുടന്തർ നടക്കുന്നതും കുരുടർ കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചര്യപ്പെട്ടു, യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി” എന്നു നാം വായിക്കുന്നു. (മത്തായി 15:31) അത്തരം സൗഖ്യമാക്കലുകളിൽ, യേശു തനിക്കായി എന്തെങ്കിലും നേടാൻ ശ്രമിക്കുകയോ മററുള്ളവരുടെ മുമ്പിൽ പത്രാസ്സ് കാണിക്കുകയോ സ്വമഹത്ത്വം അന്വേഷിക്കുകയോ ചെയ്തില്ല. പകരം യഹോവയാം ദൈവത്തിന്റെ സ്നേഹത്തെയും കരുണയെയും ഉയർത്തിപ്പിടിച്ചു. എന്നിരുന്നാലും, ‘ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരും’ ആത്മീയമായി അന്ധരും നിരാലംബരുമായിരുന്ന ആളുകളോടും യേശുവിനു സഹാനുഭൂതിയുണ്ടായിരുന്നു.—മത്തായി 9:36.
അത്തരം ചരിത്രം രസാവഹമായിരിക്കാമെങ്കിലും, നിങ്ങൾ ചിലപ്പോൾ സംശയിച്ചേക്കാം, ഇന്നത്തെ കാര്യമോ? യേശു ചെയ്തതുപോലെ ഇന്ന് ആരുംതന്നെ ആളുകളെ സുഖപ്പെടുത്തുന്നില്ല. അതുകൊണ്ട്, നമ്മെ സംബന്ധിച്ചിടത്തോളം ആ സൗഖ്യമാക്കലുകൾക്ക് എന്ത് അർഥമാണുള്ളത്? അന്ധർക്ക് എന്തെങ്കിലും പ്രത്യാശയുണ്ടോ? ദയവായി പിൻവരുന്ന ലേഖനം വായിക്കുക.
[4-ാം പേജിലെ ആകർഷകവാക്യം]
“ലോകജനസംഖ്യയുടെ പോഷണപരവും ശുചിത്വപരവുമായ ഗുണനിലവാരം ഉയർത്തുന്നതുവരെ, തടയാവുന്ന അന്ധതയുടെ ഉയർന്ന നിരക്ക് ഇതുപോലെതന്നെ തുടരും.”—ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക