സുവാർത്തയിലേക്കുള്ള കണ്ണുതുറക്കൽ
“കുരുടൻ കാണുന്നില്ലെന്നുവെച്ച് ആകാശത്തിന്റെ നീലനിറം കുറയുന്നില്ല” എന്ന് ഒരു ഡാനിഷ് പഴഞ്ചൊല്ലുണ്ട്. പക്ഷേ, ഇന്നത്തെ നമ്മുടെ തിരക്കുപിടിച്ച ജീവിതത്തിൽ ആകാശത്തിനു വാസ്തവത്തിലുള്ള നീലനിറം നാം കാണുന്നുണ്ടോ? നാം ഭാവിയെ ആത്മവിശ്വാസത്തോടെ വീക്ഷിക്കുന്നുണ്ടോ? ദൈവവചനമായ ബൈബിൾ അവതരിപ്പിക്കുന്ന സുവാർത്ത നാം വാസ്തവത്തിൽ വിശ്വസിക്കുന്നുണ്ടോ?
മുൻലേഖനത്തിൽ, അക്ഷരീയമായ അന്ധതയെക്കുറിച്ചു നാം പരിചിന്തിക്കുകയുണ്ടായി. എന്നാൽ അതിനെക്കാൾ വളരെയേറെ പ്രാധാന്യമുള്ള മറെറാരുതരം കാഴ്ചയുണ്ട്. നമുക്കിപ്പോൾ അതിനെക്കുറിച്ചു ചിന്തിക്കാം. എന്നെന്നേക്കുമുള്ള നമ്മുടെ സന്തുഷ്ടിയും നമ്മുടെ പ്രിയപ്പെട്ടവരുടെ ഭാവിയും ഇതിനെയാണ് ആശ്രയിച്ചിരിക്കുന്നത്.
നിസ്സംശയമായും, നാം അഭിമുഖീകരിക്കുന്നത് “ദുർഘടസമയങ്ങൾ”തന്നെ. (2 തിമൊഥെയൊസ് 3:1) ആളുകൾ നിത്യവൃത്തിക്കുവേണ്ടി പാടുപെടുമ്പോൾ, ആരോഗ്യപ്രശ്നങ്ങൾ, കുടുംബപ്രശ്നങ്ങൾ എന്നിവയുമായി മല്ലടിക്കുമ്പോൾ, സാമൂഹിക അനീതി, സ്നേഹമില്ലായ്മ എന്നിവയെ നേരിടുമ്പോൾ എന്താണു സംഭവിക്കുന്നത്? സഹമനുഷ്യർ, മതം, ഗവൺമെൻറ് എന്നിവയിലുള്ള അനേകരുടെയും വിശ്വാസം കുറഞ്ഞുകുറഞ്ഞുവരികയാണ് എന്നു പറയേണ്ടിവരുന്നത് സങ്കടകരംതന്നെ. ചിലർ ഇതിന് ഒരു പോംവഴിയും കാണുന്നില്ല. അതുകൊണ്ട്, തങ്ങളുടെ പ്രശ്നങ്ങൾ സാധാരണ വിധങ്ങളിൽ ഒരിക്കലും പരിഹരിക്കപ്പെടാൻ പോകുന്നില്ല എന്ന് അവർ തിരിച്ചറിയുന്നു. “പരുക്കൻ യാഥാർഥ്യങ്ങൾക്കു മുമ്പിൽ, കുഴപ്പങ്ങൾക്കു മുമ്പിൽ ആളുകൾ വളരെയധികം അസ്വസ്ഥരാകുന്നു. അങ്ങനെ യുക്തിസഹമായി ന്യായവാദം ചെയ്യാതെ അവർ ചെന്നുപെടുന്നതോ വിഫലമായ ഗുപ്തവിദ്യയിലും” എന്നാണ് ഒരു ബ്രസീലിയൻ പത്രമായ സ്സോർണൽ ഡാ തർഡയിൽ ജേക്കബ് പിൻഹേയിരോ ഗോൾഡ്ബർഗ് അഭിപ്രായപ്പെടുന്നത്. എങ്കിലും, കാര്യങ്ങൾ കുഴഞ്ഞുമറിയുമ്പോൾപ്പോലും നമ്മുടെ ആഗ്രഹം സുബോധത്തോടെ പ്രവർത്തിക്കാനാണ്, അല്ലേ?
നിങ്ങളുടെ കുടുംബത്തിനുവേണ്ടി നിങ്ങൾക്ക് ഒരു വീടു വേണമെന്നു സങ്കൽപ്പിക്കുക. പണം നിങ്ങൾക്ക് ഒരു പ്രശ്നമേയല്ല. അയൽപ്രദേശങ്ങളിലൊക്കെ നിങ്ങൾ വീടുകൾ നോക്കി പോയെന്നിരിക്കും. സ്ഥാവരവസ്തു ഇടപാടുകാർ നിങ്ങളുടെ ആഗ്രഹങ്ങളനുസരിച്ചു വേണ്ടതെല്ലാം ചെയ്യുന്നു. പക്ഷേ, നിങ്ങളുടെ ഭാവനയിലുള്ള വീട് ഒത്തുവരുന്നില്ല. എന്നാലും നിങ്ങൾ തിരച്ചിൽ നിറുത്തുകയില്ല, ഉവ്വോ? കാരണം കുടുംബത്തിന്റെ സംതൃപ്തിയും ക്ഷേമവുമാണ് നിങ്ങളുടെ മനസ്സിൽ. അവസാനം, നിങ്ങളുടെ മനസ്സിനിണങ്ങുന്ന വീട് കണ്ടെത്തിക്കഴിയുമ്പോഴുള്ള സന്തുഷ്ടി ഒന്നു വിഭാവന ചെയ്യുക.
ഒരു പുതിയ വീട് അന്വേഷിച്ച് നിങ്ങൾ സമയം ചെലവിടുന്നതുപോലെ, നിങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ എന്തുകൊണ്ട് ബൈബിൾ ഒന്നു പരിശോധിച്ചുകൂടാ? ഒരു വീടിനെക്കുറിച്ചു തീരുമാനമെടുക്കുമ്പോൾ നമുക്കു വസ്തുതകൾ അളന്നുതൂക്കി പരിശോധിക്കേണ്ടതുണ്ട്. അതുപോലെ, നാം ദൈവവചനത്തിൽ വായിക്കുന്നതു സംബന്ധിച്ചു സുബോധത്തോടെ ന്യായവാദം ചെയ്യേണ്ടതുണ്ട്. ഒരു വീട് കണ്ടെത്തുന്നതിനെക്കാൾ പ്രയോജനപ്രദമാണ് നാം യഹോവയാം ദൈവത്തെയും യേശുക്രിസ്തുവിനെയും കുറിച്ചുള്ള സത്യം കണ്ടെത്തുന്നതും സ്വീകരിക്കുന്നതും. “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു” എന്ന് യേശു പറഞ്ഞു.—യോഹന്നാൻ 17:3.
എന്നാൽ, ബൈബിൾ സന്ദേശം അത്ര മൂല്യവത്താണെങ്കിൽ, അനേകരും അതിന്റെ സുവാർത്ത സംബന്ധിച്ച് അന്ധരായി നിലകൊള്ളുന്നത് എന്തുകൊണ്ടാണ്? അനേകരെയും അത്ഭുതപ്പെടുത്തുന്നതാണ് ഒരു കാരണം, അതായത് “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്നത്. (1 യോഹന്നാൻ 5:19) തത്ഫലമായി, “ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ” പിശാചായ സാത്താൻ “അവിശ്വാസികളുടെ മനസ്സു കുരുടാക്കി.” (2 കൊരിന്ത്യർ 4:4) നാം നമ്മുടെ കണ്ണുകൊണ്ടു കാണുന്നുവെങ്കിലും, കണ്ണിലേക്കു പ്രവേശിക്കുന്ന പ്രകാശത്തെ അപഗ്രഥിക്കുന്നത് തലച്ചോറാണ്. അതുകൊണ്ട്, കുരുടനായിരിക്കുക എന്നുവെച്ചാൽ, “വിവേചിച്ചറിയാനോ ന്യായനിർണയം നടത്താനോ ഉള്ള പ്രാപ്തിയില്ലായ്മ അല്ലെങ്കിൽ മനസ്സില്ലായ്മ” ആയും നിർവചിക്കപ്പെടുന്നുണ്ട്. അതുകൊണ്ട്, നാം ഈ പ്രശസ്തമായ ചൊല്ല് ഓർത്തുപോകുന്നു: “കാണാൻ കൂട്ടാക്കാത്തവരുടെ അത്രയും അന്ധത മററാർക്കുമില്ല.”
തന്റെ മുന്നിൽ എന്താണെന്നു കാണാൻ കഴിയാത്ത അന്ധനായ ഒരു വ്യക്തിക്കു പരിക്കുപററാനുള്ള സാധ്യതയുണ്ട്. അനേകരുടെയും ശാരീരികമായ അന്ധത ഇപ്പോൾ ഭേദമാക്കാനാവില്ല. എന്നുവെച്ച്, ഒരാളും ആത്മീയമായി അന്ധനായിരിക്കേണ്ട യാതൊരാവശ്യവുമില്ല.
ആത്മീയ അന്ധതയെ മറികടക്കൽ
ശുചിത്വമില്ലാത്ത ചുററുപാടുകൾ കാഴ്ചശക്തിയെ തകരാറിലാക്കുന്നതുപോലെ, മൂല്യത്തകർച്ച ബാധിച്ച സാഹചര്യത്തിനു ധാർമികമായ അന്ധതയ്ക്കു വളംവെക്കാനാവും. മാത്രവുമല്ല, മനുഷ്യനിർമിത തത്ത്വങ്ങൾക്കും പാരമ്പര്യങ്ങൾക്കുമെതിരെ യേശുക്രിസ്തു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അന്നത്തെ മതനേതാക്കൻമാർ തങ്ങളുടെ കീഴിലെ ആട്ടിൻകൂട്ടത്തെ വഴിതെററിക്കുകയായിരുന്നുവെന്ന് അവൻ വ്യക്തമാക്കി: “അവർ കുരുടൻമാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴി നടത്തിയാൽ ഇരുവരും കുഴിയിൽ വീഴും.”—മത്തായി 15:14.
അന്ധരായ നേതാക്കൻമാരാൽ വഞ്ചിക്കപ്പെടാതെ, ദൈവരാജ്യത്തെ സംബന്ധിച്ച സുവാർത്തയിലേക്കു കണ്ണുകൾ തുറക്കുന്നവർ എത്ര സന്തുഷ്ടരാണ്! ‘കാണാത്തവർ കാൺമാൻ ന്യായവിധിക്കായി ഞാൻ ഇഹലോകത്തിൽ വന്നിരിക്കുന്നു’ എന്ന് യേശു പ്രഖ്യാപിച്ചു. (യോഹന്നാൻ 9:39) എന്നാൽ, ആത്മീയ അന്ധർക്കു കാണാനാവുന്ന സ്ഥിതിയിലെത്തിച്ചേരാൻ എങ്ങനെ കഴിയും? അതിനുമുമ്പായി, ശാരീരിക അന്ധതയെക്കുറിച്ച് അൽപ്പംകൂടി ചിന്തിക്കാം.
കാഴ്ചയ്ക്കു തകരാറുള്ളവർക്കുവേണ്ടി ഇന്ന് പല സഹായസാമഗ്രികളും ലഭ്യമാണ്. മുമ്പ് ഇതല്ലായിരുന്നു അവസ്ഥ. 1784-ലായിരുന്നു വലാൻറൻ ഹോയ് അന്ധർക്കുവേണ്ടി ഒരു പ്രത്യേക സ്കൂൾ സ്ഥാപിച്ചത്. അതുവരെ അന്ധരെ സഹായിക്കാൻ കാര്യമായ ശ്രമങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട്, ല്യൂയിസ് ബ്രെയ്ൽ കാഴ്ചയ്ക്കു തകരാറുള്ളവരെ വായിക്കാൻ സഹായിക്കാനായി സ്പർശവേദ്യ ലിപി സമ്പ്രദായം (Braille) ആവിഷ്കരിച്ചു. അതിന് അദ്ദേഹത്തിന്റെ പേർതന്നെ ലഭിക്കുകയും ചെയ്തു.
ആത്മീയ അന്ധരെ സംബന്ധിച്ചോ? ഈ അടുത്ത കാലത്തായി ഭൂമിയിലെ ഏററവും വിദൂര ഭാഗങ്ങളിൽപ്പോലും സുവാർത്ത പ്രഖ്യാപിക്കാൻ കാര്യമായ ശ്രമങ്ങൾ ചെയ്തിട്ടുണ്ട്. (മത്തായി 24:14) ആലങ്കാരികമായും ശാരീരികമായും അന്ധരായിരിക്കുന്ന ആളുകൾക്കു പ്രത്യാശ പകരാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമാണ്.
ബ്രസീലുകാരിയായ ഒരു സ്ത്രീ എഴുതി: “ശാരീരികമായ വൈകല്യമുണ്ടെങ്കിലും എനിക്കിപ്പോൾ കാണാൻ കഴിയുന്നുണ്ട്—ആത്മീയമായി. എന്തൊരു അത്ഭുതവാനായ ദൈവം! ‘യഹോവ തന്റെ കൈകൾ തുറന്ന് സകല ജീവികളുടെയും ആഗ്രഹത്തെ തൃപ്തിപ്പെടുത്തുമെന്ന്’ അറിഞ്ഞതിൽ ഞങ്ങൾ സന്തോഷിക്കുന്നു.” (സങ്കീർത്തനം 145:16, NW) ശാരീരികമായി അന്ധനായ ജോർജ് ഇങ്ങനെ അനുസ്മരിക്കുന്നു: “എന്റെ ജീവിതത്തെ ശരിക്കും രണ്ടായി ഭാഗിക്കാം: സാക്ഷികൾക്കു മുമ്പും പിമ്പും. . . . അവർ നിമിത്തം ഞാൻ ലോകത്തെ വ്യക്തതയോടെയും ശോഭയോടെയും കാണാൻ തുടങ്ങി. സഭയിലുള്ള ഓരോരുത്തരോടും ഞാൻ വളരെ നല്ല ബന്ധത്തിലാണ്.” അതേസമയം, ശാരീരികമായോ ആത്മീയമായോ ഭൂമിയിൽ ആരുംതന്നെ അന്ധരല്ലാത്ത അവസ്ഥ ഉടൻ വരുമെന്ന് ബൈബിൾ ഉറപ്പുനൽകുന്നത് ആഹ്ളാദകരംതന്നെ. അത് എങ്ങനെയായിരിക്കും സംഭവിക്കുക? ഭൂവ്യാപകമായി “യഹോവ കുരുടൻമാർക്കു കാഴ്ച കൊടുക്കുന്നു” എന്ന് എങ്ങനെ തെളിയും?—സങ്കീർത്തനം 146:8.
ശാശ്വതമായ ഏക സൗഖ്യമാക്കൽ—ദൈവരാജ്യം
വൈദ്യശാസ്ത്ര സാങ്കേതികപരിജ്ഞാനം വർധിച്ചിട്ടും എത്രയോ രോഗങ്ങൾ ഇപ്പോഴും അന്ധത, വേദന, മരണം എന്നിവയ്ക്കു കാരണമാകുന്നു. അപ്പോൾ, വികലപോഷണം, മോശമായ ശുചിത്വം, കാഴ്ചയെയും ജീവിതത്തിന്റെ സന്തോഷത്തെയും കവർന്നുകളയുന്ന അരിഷ്ടത എന്നിവയെല്ലാം നിർമാർജനം ചെയ്യാൻ ആവശ്യമായിരിക്കുന്നത് എന്താണ്? യേശു അന്ധരെയും മററു പലരെയും സുഖപ്പെടുത്തിയത് ഭാവിയിൽ സംഭവിക്കാനിരിക്കുന്നതിന്റെ ഒരു ചെറിയ പതിപ്പായിരുന്നു. സന്തോഷകരമെന്നുപറയട്ടെ, അവന്റെ പഠിപ്പിക്കലും സൗഖ്യമാക്കൽവേലയും ദൈവരാജ്യത്തിൻ കീഴിൽ ഭൂമിയിൽ ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങളുടെ മുൻനിഴലായിരുന്നു.
ലോകവ്യാപകമായ തോതിലുള്ള സൗഖ്യമാക്കൽ സമീപിച്ചിരിക്കുകയാണ്.a ഈ ദൈവിക സൗഖ്യമാക്കൽ പരിപാടി അപ്പോസ്തലനായ യോഹന്നാൻ മനോഹരമായി ദൃഷ്ടാന്തീകരിക്കുന്നുണ്ട്: “വീഥിയുടെ നടുവിൽ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽനിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദിയും അവൻ എന്നെ കാണിച്ചു. നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ട്; അതു പന്ത്രണ്ടു വിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.”—വെളിപ്പാടു 22:1, 2.
ഇന്നത്തെ ദുഷ്ടവ്യവസ്ഥിതി അവസാനിച്ചശേഷം ദൈവരാജ്യത്തിന്റെ സൗഖ്യമാക്കൽ വ്യവസ്ഥകൾ മനുഷ്യവർഗത്തെ ക്രമാനുഗതമായി പൂർണതയിലേക്ക് ഉയർത്തുമെന്ന് ‘ജീവജലം, ജീവവൃക്ഷം’ എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. വാസ്തവത്തിൽ, (പാപങ്ങളെ പൂർണമായി മോചിപ്പിക്കുന്നതുൾപ്പെടെ) യേശുവിന്റെ മറുവില യാഗത്തിന്റെ പ്രയോജനങ്ങൾ, യേശുക്രിസ്തുവിനെയും അവന്റെ പിതാവിനെയും കുറിച്ചുള്ള പരിജ്ഞാനം എന്നിവയുടെ ഫലമായി പൂർണതയുള്ള ആരോഗ്യവും നിത്യജീവനും കൈവരും.—യോഹന്നാൻ 3:16.
ദൈവത്തിന്റെ പുതിയ ലോകത്തിൽ സന്തുഷ്ടി
അപ്പോൾ, കുററകൃത്യമോ മലിനീകരണമോ ദാരിദ്ര്യമോ ഇല്ലാത്ത ഭൂമിയെ ഭാവനയിൽ കാണുക. പുനഃസ്ഥിതീകരിക്കപ്പെട്ട പറുദീസയിൽ നിങ്ങളുടെ കുടുംബം ശാന്തപൂർണമായി ജീവിക്കുന്നതും സങ്കൽപ്പിക്കുക. (യെശയ്യാവു 32:17, 18) പൂർണതയുള്ള മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും സഹായത്താൽ വൈവിധ്യമാർന്ന നിറങ്ങൾ നിരീക്ഷിക്കാനാവുന്നത് എന്തൊരാഹ്ലാദമായിരിക്കും!
“പ്രകാശം, നിറം, ആകാരം എന്നിവ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ ജീവിക്കുക എന്നതാണ് ഒരു മനുഷ്യവ്യക്തിയെ സംബന്ധിച്ച സ്വാഭാവിക സ്ഥിതിവിശേഷം. പ്രകൃതിയിൽ അരോചകമായ ഒരു സംഗതിയേ ഇല്ല” എന്ന് ഫെയ്ബർ ബിരൻ പറയുന്നു. “ഈ ലോകത്തിലെ പ്രകൃതിദത്തമായ ആനന്ദങ്ങളിൽ ഒന്നാണ് നിറം. അതു പ്രകൃതിയിൽ സർവസാധാരണമായി കണ്ടുവരുന്ന ഒരു ഗുണമാണ്, അല്ലാതെ അപൂർവമായിട്ടുള്ള ഒന്നല്ല. ജീവിതാസ്വാദനത്തിൽ ഏറിയപങ്കും ആശ്രയിച്ചിരിക്കുന്നത് അതിലാണ്.”
കാഴ്ചയെന്ന ദാനം എത്ര അനർഘമാണ്! ശാരീരികമായോ ആത്മീയമായോ ഒരിക്കൽ അന്ധരായിരുന്നവർക്കു കാണാനാകുമ്പോൾ അത് എന്തൊരു ആഹ്ലാദമായിരിക്കും!
അതേ, വരാനിരിക്കുന്ന പുനഃസ്ഥിതീകരിക്കപ്പെട്ട പറുദീസയിൽ അസന്തുഷ്ടിക്കിടയാക്കാൻ അന്ധതയും മററു വൈകല്യങ്ങളും മേലാൽ ഉണ്ടായിരിക്കില്ല! ആരും മേലാൽ വഴിതെററിക്കപ്പെടില്ല. യഥാർഥ സ്നേഹം ഉണ്ടായിരിക്കുമെന്നതിനാൽ ആത്മീയമായി സകലരും പ്രബുദ്ധരാക്കപ്പെടും. അതും അതിൽക്കൂടുതലും ഇതാ സംഭവിക്കാനിരിക്കുന്നു. “അന്നു കുരുടൻമാരുടെ കണ്ണു തുറന്നുവരും” എന്ന തന്റെ പ്രവചനം നിവർത്തിക്കുന്നവന്റെ അംഗീകാരമുള്ളവരായിത്തീരുന്നതിനുള്ള സമയം ഇപ്പോഴാണ്!—യെശയ്യാവു 35:5.
[അടിക്കുറിപ്പ്]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിന്റെ 18-ാം അധ്യായത്തിൽ അവതരിപ്പിച്ചിരിക്കുന്ന തെളിവു ദയവായി പരിശോധിക്കുക.
[7-ാം പേജിലെ ചിത്രം]
അന്നു കുരുടൻമാരുടെ കണ്ണു തുറന്നുവരും!