അന്ധർക്കുവേണ്ടി പണമില്ല
ലോകത്തിലെ അന്ധൻമാരുടെ എൺപതു ശതമാനവും വികസ്വരരാജ്യങ്ങളിലാണ് ജീവിക്കുന്നത്. തെക്കുകിഴക്കൻ ഏഷ്യയിലാണ് ഏററവും കൂടുതൽ. അവിടെ ഓരോ 25 പേരിലും ഒരാൾ വീതം അന്ധനോ ഭാഗികമായി അന്ധനോ ആണ് എന്ന് ലോകാരോഗ്യസംഘടന റിപ്പോർട്ടുചെയ്യുന്നു. മുഖ്യകാരണങ്ങൾ എന്തൊക്കെയാണ്? അല്പപോഷണവും മോശമായ ശുചിത്വം നിമിത്തമുള്ള രോഗാണുപ്രസരവും.
ഡച്ച്മാസികയായ ഇൻറർനാഷനേൽ സോമൻവേർക്കിംഗ പറയുന്നതനുസരിച്ച് പ്രതിവർഷം ഇരുനൂറു കോടി യു. എസ്. ഡോളർകൊണ്ട് ലോകാരോഗ്യസംഘടനക്ക് വികസ്വരരാജ്യങ്ങളിലെ അന്ധതക്കെതിരെ ഫലപ്രദമായ ഒരു ആക്രമണം നടത്താൻ കഴിയുമെന്ന് അത് അവകാശപ്പെടുന്നു. ഈ തുക ലോകഗവൺമെൻറുകൾ സൈനികോദ്ദേശ്യങ്ങൾക്ക് ഒരു ദിവസം ചെലവിടുന്നതിനെക്കാൾ കുറവാണെങ്കിലും ആവശ്യമായ ഫണ്ട് സമ്പാദിക്കാൻ കഴിയുന്നില്ലെന്ന് ലോകാരോഗ്യസംഘടന പ്രഖ്യാപിക്കുന്നു.
അതുകൊണ്ട്, വേണ്ടത്ര പണമില്ലാത്തതിനാൽ കുട്ടികൾക്ക് വൈററമിൻ എ ക്യാപ്സ്യൂൾ വിതരണംചെയ്തുകൊണ്ട് അന്ധതയെ തടയാൻ ശ്രമിക്കുന്നതിനുമാത്രമേ അതിനു കഴിയുകയുള്ളു. ഇൻഡ്യയിലും ബാംഗ്ലാദേശിലും ഇൻഡോനേഷ്യയിലും ഫിലിപ്പീൻസിലും ഏതാണ്ട് 4,00,000 കുട്ടികൾ വൈററമിൻ എ-യുടെ കുറവുകൊണ്ടുള്ള നേത്രരോഗം അനുഭവിക്കുന്നുണ്ട്. എന്നാൽ ഇപ്പോഴത്തെ നിരക്കിൽ 2000-ാമാണ്ടാകുമ്പോഴേക്ക് ലോകത്തിൽ 8 കോടി 40 ലക്ഷം അന്ധരും ഭാഗികമായി അന്ധരുമായവർ ഉണ്ടായിരിക്കുമെന്ന് ലോകാരോഗ്യസംഘടന മനോവേദനയോടെ മുൻകൂട്ടിപ്പറയുന്നു. (g90 2⁄8)