നദിയന്ധത—ഭയാനകമായ ഒരു ബാധയെ കീഴടക്കൽ
നൈജീരിയയിലെ ഉണരുക! ലേഖകൻ
പശ്ചിമാഫ്രിക്കയിലെ മിക്ക നദിക്കരയിലെയും ഗ്രാമങ്ങളിലേതുപോലെയായിരുന്നു അവിടത്തെയും രംഗം. ചുട്ടുപൊള്ളുന്ന വെയിലിൽനിന്നു തങ്ങൾക്ക് ആശ്വാസം പകർന്ന ഒരു വൻമരത്തിന്റെ തണലിൽ ബഞ്ചിലിരിക്കുകയായിരുന്നു ഒരു കൂട്ടമാളുകൾ. അതിലഞ്ചു പേർ—നാലു പുരുഷൻമാരും ഒരു സ്ത്രീയും—എന്നേക്കുമായി പൂർണ അന്ധരായിരുന്നു.
“ആ പഴയ ഗ്രാമത്തിൽ ജീവിക്കുന്ന തങ്ങൾ എന്തുകൊണ്ടാണ് അന്ധരാകുന്നതെന്ന് അവർക്കറിയില്ലായിരുന്നു” എന്നു നീണ്ട വെളുത്ത ഒരു കുപ്പായമണിഞ്ഞ ഗ്രാമത്തലവൻ പറഞ്ഞു. “അവിടത്തെ വാർധക്യം പ്രാപിച്ച അനേകരും അന്ധരായാണു മരിച്ചത്. . . . ഏതോ ഒരു ഭൂതം തങ്ങൾക്കെതിരാണെന്ന് അവർ കരുതി. തങ്ങളെ സംരക്ഷിക്കണേയെന്ന് അവർ തങ്ങളുടെ സകല ആരാധനാമൂർത്തികളോടും കരഞ്ഞപേക്ഷിച്ചു. ആരാധനാമൂർത്തികൾക്കു ഭക്ഷണം കൊടുക്കണമെന്ന് അവരുടെ പൂർവികർ അവരോടു പറഞ്ഞു. അതുകൊണ്ട് അവർ കോഴിയെയും ആടിനെയും ബലിചെയ്തു. എന്നാൽ അന്ധത പിന്നെയും അവരെ ബാധിച്ചുകൊണ്ടിരുന്നു.”
കാലക്രമത്തിൽ, ഡോക്ടർമാർ വന്നുപറഞ്ഞു, അന്ധത വന്നത് ഏതെങ്കിലും മനുഷ്യാതീതമായ ഒരുറവിൽ നിന്നല്ല എന്ന്. അത് ഓൺക്കോസെർസിയാസിസ് അഥവാ നദിയന്ധത എന്ന രോഗത്തിന്റെ ഫലമായിരുന്നു. ഈ പേരു വരാൻ കാരണം ഈ രോഗം പരത്തുന്ന, കടിക്കുന്ന ചെറിയ ഈച്ചകൾ മുട്ടയിടുന്നതു നല്ല ഒഴുക്കുള്ള നദികളിലാണ് എന്നതാണ്.
എന്നാൽ അനുഗ്രഹകരമെന്നു പറയട്ടെ, മറ്റ് ഉഷ്ണമേഖലാ രോഗങ്ങളെപ്പോലെ അത്ര എളുപ്പത്തിൽ പിടിപെടുന്ന ഒരു രോഗമല്ല നദിയന്ധത. നഗരത്തിൽ ജീവിക്കുന്നവർക്കോ രോഗബാധയുള്ള സ്ഥലത്തേക്ക് ഒരു ഹ്രസ്വ സന്ദർശനം നടത്തുന്നവർക്കോ ഇത് ഒരു ഭീഷണിയല്ല. അനേക വർഷങ്ങളായി പലയാവർത്തി രോഗബാധയുണ്ടായാൽ മാത്രമേ അന്ധത ബാധിക്കുകയുള്ളൂ.
എന്നിരുന്നാലും, നദിയന്ധത ഭീതി ജനിപ്പിക്കുന്ന, ലക്ഷങ്ങളുടെ ജീവിതം നശിപ്പിക്കുന്ന, ഒരു ഉഷ്ണമേഖലാ രോഗമാണ്. അതു മധ്യപൂർവദേശം, മധ്യ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലൊക്കെയുള്ള ചില സ്ഥലങ്ങളിൽ ഉഗ്രമായുണ്ടെങ്കിലും ഏറ്റവും കഠിനമായി ബാധിച്ചിരിക്കുന്നത് ആഫ്രിക്കയിൽ ഭൂമധ്യരേഖാപ്രദേശത്തുള്ള, ഈച്ചകൾ ധാരാളമുള്ള നദികൾക്കു സമീപം ജോലി ചെയ്യുകയും അവിടെ ജീവിക്കുകയും ചെയ്യുന്നവരെയാണ്. ചില ഗ്രാമങ്ങളിൽ വാസ്തവത്തിൽ എല്ലാവർക്കുംതന്നെ ഈ രോഗമുണ്ട്. അറ്റ്ലാന്റാ, ജോർജിയാ, യു. എസ്. എ.-യിലെ കാർട്ടർ സെൻറർ തയ്യാറാക്കിയ കണക്കുകളനുസരിച്ച് ഏകദേശം 12 കോടി 60 ലക്ഷം ആളുകൾക്ക് ഈ രോഗം ബാധിക്കാനുള്ള സാധ്യതയുണ്ട്. വേറെ ഒരുകോടി 80 ലക്ഷം പേർ നദിയന്ധതയ്ക്കിടയാക്കുന്ന പരാന്നഭുക്കുകളായ വിരകളെ തങ്ങളുടെ ശരീരത്തു വഹിക്കുന്നുണ്ട്. പൂർണമായോ ഭാഗികമായോ ഇതിനോടകംതന്നെ അന്ധത ബാധിച്ചിരിക്കുന്നവരുടെ എണ്ണം 10 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയ്ക്കാണ്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ബാധയെ ഡബ്ലിയുഎച്ച്ഒ (ലോകാരോഗ്യസംഘടന)-യുടെയും മറ്റ് ഏജൻസികളുടെയും പല രാജ്യങ്ങളിലെ ഗവൺമെന്റുകളുടെയും സംയുക്ത ശ്രമംകൊണ്ടു കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ആഫ്രിക്കയുടെ ഏറിയ ഭാഗങ്ങളിലും യുദ്ധങ്ങളും പ്രത്യാശയില്ലായ്മയും നിഴൽമൂടിയിരിക്കുകയാണെങ്കിലും ഈ രോഗനിയന്ത്രണ പദ്ധതി ഫലപ്രദമായ ഒന്നാണ്. ഈ പദ്ധതി “ഇരുപതാം നൂറ്റാണ്ടിലെ വൻ വൈദ്യശാസ്ത്ര വികസന വിജയങ്ങളിലൊന്നാ”യി പുകഴ്ത്തപ്പെടുകയാണ്.
ഒരു ഭയാനക രോഗം
നദിയന്ധത പരത്തുന്നതു പെൺ കറുത്തീച്ചയുടെ പല വർഗങ്ങളാണ് (ജീനസ് സിമുലിയം). രോഗബാധയുള്ള ഒരീച്ച ഒരു മനുഷ്യനെ കടിക്കുമ്പോൾ അത് ഒരു പരാന്നപ്പുഴുവിന്റെ ലാർവകളെ (ഓൺകോസെർക്കാ വോൾവളസ്) നിക്ഷേപിക്കുന്നു. അതു നിക്ഷേപിക്കപ്പെടുന്നവരുടെ ചർമത്തിനടിയിൽ ലാർവകൾ സാവകാശം വളർച്ച പ്രാപിച്ച് 60 സെന്റീമീറ്റർവരെ നീളമുള്ള വിരകളായി വികാസം പ്രാപിക്കുന്നു.
അവ ബീജസങ്കലനം നടത്തി പെൺവിരകൾ ഓരോന്നും മൈക്രോഫൈലേറിയ എന്നു പറയുന്ന ചെറുവിരകളെ ഉത്പാദിപ്പിക്കുന്നു; അവ ഇത് 8 വർഷംമുതൽ 12 വർഷംവരെ തുടരുന്നു, അപ്പോഴേക്കും അവ കോടിക്കണക്കിനു വിരകളെ ഉത്പാദിപ്പിച്ചിരിക്കും. എന്നാൽ ഒരു കറുത്തീച്ചയുടെ ഉള്ളിൽ പ്രവേശിച്ച് വികാസം പ്രാപിച്ച് തിരികെ അതൊരു മനുഷ്യന്റെ ഉള്ളിൽ പ്രവേശിക്കാതെ മൈക്രോഫൈലേറിയ പൂർണ വളർച്ചയെത്തുകയില്ല. മിക്ക കേസുകളിലും, വളർച്ച പ്രാപിക്കാത്ത ഈ ചെറുവിരകൾ ചർമത്തിൽക്കൂടി കൂട്ടമായി സഞ്ചരിച്ച് അവസാനം മിക്കവാറും കണ്ണുകളെ ആക്രമിക്കുകയാണു ചെയ്യുക. ഈ രോഗത്തിനിരയാകുന്ന ഒരാളിൽത്തന്നെ 20 കോടി വിരകൾവരെ കുന്നുകൂടിയേക്കാം. അവയുടെ ആധിക്യം കാരണം ഇതിന്റെ ഒരു പരിശോധന നടത്താൻ ചർമത്തിന്റെ ചെറു കഷണങ്ങൾ മുറിച്ചെടുക്കുകയാണു ചെയ്യുന്നത്. ചർമത്തിന്റെ ഒരു സാമ്പിളെടുത്തു മൈക്രോസ്കോപ്പിനു കീഴെ പിടിച്ചാൽ നൂറുകണക്കിനു വിരകൾ നുരച്ചുനടക്കുന്നതു കാണാം.
ഈ പരാന്നഭുക്കുകൾ അവയുടെ മനുഷ്യ ഇരകളെ വല്ലാതെ പീഡിപ്പിക്കുന്നു. രോഗം ബാധിച്ചയാളിന്റെ ചർമത്തിനു വർഷങ്ങൾകൊണ്ടു കട്ടി കൂടി അതു ചെതുമ്പൽ പോലെയാകും. മിക്കപ്പോഴും അവിടവിടെയായി നിറംമാറ്റം സംഭവിക്കും. എന്നിട്ട് അതു ചീങ്കണ്ണിയുടേതെന്നും പല്ലിയുടേതെന്നും പുള്ളിപ്പുലിയുടേതെന്നുമൊക്കെ പറയാറുള്ള തരം ചർമമായി മാറുന്നു. ചൊറിച്ചൽ കഠിനമായിത്തീരും, ചിലരെ അത് ആത്മഹത്യ ചെയ്യാൻ വരെ പ്രേരിപ്പിക്കുന്നതായി പറയപ്പെടുന്നു. ചെറു വിരകൾ കണ്ണുകളെ ആക്രമിക്കുന്നെങ്കിൽ, കാലക്രമേണ കാഴ്ച കുറയുന്നു, രോഗി പൂർണമായി അന്ധനാകുന്നു.
കറുത്തീച്ച ധാരാളമുള്ള ദരിദ്രമായ ഗ്രാമപ്രദേശങ്ങളിൽ ഈ അന്ധത സഹിക്കാൻ തീർത്തും ബുദ്ധിമുട്ടുള്ള ഒരു ഭാരംതന്നെയാണ്. അതിന്റെ ഒരു കാരണം അന്ധത ദിവ്യശിക്ഷയുടെ ഫലമാണെന്നും അന്ധർ സമൂഹത്തിൽ ഉപയോഗശൂന്യരാണെന്നുമുള്ള ഗ്രാമീണരുടെ അന്ധവിശ്വാസമാണ്. മറ്റൊരു സംഗതി ഈ രോഗം ബാധിക്കുന്നവർക്കായി സർക്കാർ സാമൂഹ്യ സഹായപദ്ധതികളൊന്നുമില്ലെന്നതാണ്, തൻമൂലം അവർ പൂർണമായും തങ്ങളുടെ കുടുംബങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. നദിയന്ധതയ്ക്കിരയായ, ബുർക്കീനാ ഫാസോയിൽനിന്നുള്ള സാട്ടാ എന്നൊരു സ്ത്രീ പറഞ്ഞതിങ്ങനെയാണ്: “പുരുഷനായാലും സ്ത്രീയായാലും അന്ധത ബാധിച്ചുപോയാൽ പിന്നെ കഷ്ടപ്പാടെല്ലാം ഒരുപോലാണ്. അവിവാഹിതയായ ഒരു സ്ത്രീ അന്ധയാണെങ്കിൽ അവൾക്കൊരു ഭർത്താവിനെ കിട്ടില്ല. ഞാൻ അന്ധയായതു വിവാഹശേഷമാണ്, എന്നാൽ എന്റെ ഭർത്താവു മരിച്ചുപോയി. എന്റെ സഹോദരനാണെങ്കിൽ ചെറുപ്പത്തിൽത്തന്നെ അന്ധനായിപ്പോയതുകൊണ്ട് ഒരു ഭാര്യയെ കിട്ടിയില്ല. ഭക്ഷണത്തിന്റെയും മറ്റെല്ലാറ്റിന്റെയും കാര്യത്തിൽ ഞങ്ങളുടെ കുടുംബങ്ങളാണു ഞങ്ങളിരുവരെയും പിന്തുണയ്ക്കുന്നത്. അതു ഭയങ്കരംതന്നെ.”
നദിയന്ധത സാധാരണമായിരിക്കുന്ന പ്രദേശങ്ങളിൽ ഈച്ചയും രോഗവും മൂലം മിക്കപ്പോഴും ആളുകൾ തങ്ങളുടെ ഗ്രാമങ്ങൾ ഉപേക്ഷിച്ചുപോകാൻ നിർബന്ധിതരാകുന്നു. വെള്ളത്തിനരികെ കിടക്കുന്ന ഫലഭൂയിഷ്ഠമായ നിലങ്ങൾ അവഗണന മൂലം തരിശായിപ്പോകുന്നു. ഇതു ക്രമത്തിൽ ദാരിദ്ര്യത്തിനും ഭക്ഷ്യക്ഷാമത്തിനും കാരണമാകുന്നു.
കറുത്തീച്ചയുമായുള്ള പോരാട്ടം
1970-കളുടെ ആരംഭംമുതൽ ഏഴു പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ നദിയന്ധത നിയന്ത്രിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ തുടങ്ങി. ജീർണിപ്പിക്കുന്ന കീടനാശിനികൾ അഥവാ ലാർവകളെ നശിപ്പിക്കുന്ന നാശിനികൾ സംഭരിച്ചുകൊണ്ട് ഒരു പറ്റം ഹെലിക്കോപ്റ്ററുകളും ചെറുവിമാനങ്ങളും ട്രക്കുകളും രോഗവാഹിയായ ഈ കറുത്തീച്ചക്കെതിരെ ആക്രമണമഴിച്ചുവിട്ടു. ഏറ്റവും അപകടകരമായിരിക്കുന്ന അവസ്ഥയിൽ—മുട്ടയിട്ടിരിക്കുന്ന അവസ്ഥയിൽ—ഈച്ചയെ കൊല്ലുകയെന്നതായിരുന്നു ആക്രമണോദ്ദേശ്യം.
നദികളെല്ലാം വിഷലിപ്തമാക്കേണ്ടതില്ലായിരുന്നു. ഈച്ചകൾ മുട്ടയിടുന്നതു വെള്ളത്തിലാണെന്നും ആ മുട്ടകൾ നദികൾ കുത്തിയൊഴുകുന്നിടത്തെ പാറകളിലും മരച്ചില്ലകളിലും പറ്റിപ്പിടിച്ചിരിക്കുമെന്നും വിദഗ്ധർ അറിഞ്ഞിരുന്നു. കുത്തിയൊഴുകുന്ന വെള്ളത്തിലേ മുട്ടവിരിഞ്ഞുവരുന്ന ലാർവകൾക്ക് അതിജീവിക്കാൻ വേണ്ടത്ര ഓക്സിജൻ കിട്ടൂ. അതിന്റെയർഥം നദികളിൽ ഇവ പെറ്റുപെരുകുന്ന സ്ഥലങ്ങൾ പരിമിതവും തിരിച്ചറിയാവുന്നവയുമായിരുന്നു എന്നാണ്.
ഇവയുടെ വിളനിലങ്ങളിൽ മരുന്നടിച്ചതിന്റെ ഉദ്ദേശ്യം കറുത്തീച്ചയെ പൂർണമായും ഉന്മൂലനം ചെയ്യുകയെന്നതല്ലായിരുന്നു, കാരണം അത് അസാധ്യമായ ഒരു ഉദ്യമമായിരുന്നു. എന്നാൽ ഈച്ചകളുടെ എണ്ണം കുറയ്ക്കുകവഴി പരാദത്തിന്റെ പരിവൃത്തിക്കണ്ണി അറുക്കാൻ കഴിയുമെന്നു വിദഗ്ധർ പ്രതീക്ഷിച്ചു. കുറച്ച് ഈച്ചകൾ എന്നാൽ കുറച്ചു പുതിയ രോഗബാധകൾ എന്നർഥം. തത്ത്വത്തിൽ, അതിനോടകംതന്നെ രോഗബാധയുണ്ടായിരുന്ന ആളുകളിൽ കടന്നുകൂടിയിരുന്ന പരാദങ്ങളത്രയും ക്രമേണ ചത്തൊടുങ്ങുന്നതുവരെ ഈ ഈച്ചകളെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ ഒരു പരാദവും അവശേഷിക്കാത്ത ഒരു സമയം വരുമായിരുന്നു. അതുകൊണ്ട്, ഒരു ഈച്ച ഒരു വ്യക്തിയെ കടിച്ചാൽ അതിനു മറ്റുള്ളവരിലേക്കു വഹിച്ചുകൊണ്ടുപോകാൻ ഒരു പരാദത്തെയും കിട്ടില്ലായിരുന്നു.
ഈ പദ്ധതി വെല്ലുവിളി ഉയർത്തുന്നതായിരുന്നു. ഈ ഈച്ചകൾ എത്തിപ്പെടാൻ വളരെ ബുദ്ധിമുട്ടുള്ള ആയിരക്കണക്കിനു സ്ഥലങ്ങളിലാണു പെറ്റുപെരുകുന്നത്. മാത്രമല്ല, അവയ്ക്കു നൂറുകണക്കിനു കിലോമീറ്ററുകൾ പറക്കാൻ കഴിയുന്നതുകൊണ്ട് കറുത്തീച്ചയോടു വളരെ വിസ്തൃതമായ സ്ഥലങ്ങളിൽ പോരാടേണ്ടിയിരുന്നു. ഇനിയും, ഒരു മാസത്തേക്കുപോലും വിട്ടുവീഴ്ച വരുത്തിയാൽ അത് വർഷങ്ങളോളം ചെയ്ത വേലയെ അവതാളത്തിലാക്കിക്കൊണ്ട് ഈച്ച വീണ്ടും പെരുകുന്നതിൽ കലാശിക്കുമായിരുന്നു.
1970-കളിൽ തുടങ്ങി വിദൂരങ്ങളിൽ കിടന്ന 19,000 കിലോമീറ്റർ നദിപ്രദേശങ്ങൾ തിരഞ്ഞെടുത്ത് അവിടെ വിമാനത്തിൽനിന്നു മരുന്നടിച്ചു. തത്ഫലമായി, പങ്കെടുത്ത രാജ്യങ്ങളിലെ രോഗബാധയുണ്ടായിരുന്ന സ്ഥലങ്ങളിൽ 80 ശതമാനവും രോഗവിമുക്തമായി.
വർഷത്തിൽ ഒന്നോ രണ്ടോ ഗുളിക
പിന്നീട് 1987-ൽ തുടങ്ങി നദിയന്ധതയ്ക്കെതിരെയുള്ള പോരാട്ടത്തിനായി മറ്റൊരു ആയുധം വികസിപ്പിക്കപ്പെട്ടു. ഇത്തവണ, കറുത്തീച്ചയ്ക്കു പകരം മനുഷ്യ ശരീരത്തിനുള്ളിലെ പരാദങ്ങളായിരുന്നു ലക്ഷ്യം. ആ ആയുധം ഒരു അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ലബോറട്ടറികളിൽ വികസിപ്പിച്ചെടുത്ത മെക്റ്റിസാൻ (ഐവർമെക്റ്റിൻ) എന്നു പേരായ സുരക്ഷിതവും ഫലപ്രദവുമായ ഒരു മരുന്നായിരുന്നു.
രോഗത്തിന്റെ പുരോഗതി തടയുന്നതിനു രോഗി വർഷത്തിൽ ഒരു ഡോസ് മരുന്ന്—ഒന്നോ രണ്ടോ ഗുളിക—കഴിക്കണം. മെക്റ്റിസാൻ ശരീരത്തിനുള്ളിലെ വളർച്ച പ്രാപിച്ച വിരകളെ നശിപ്പിക്കുകയില്ല, എന്നാൽ അതു ചെറു വിരകളെ കൊല്ലുകയും വലിയ വിരകൾ കൂടുതൽ മൈക്രോഫൈലേറിയ ഉത്പാദിപ്പിക്കുന്നതു തടയുകയും ചെയ്യും. ഇതു രോഗത്തിന്റെ വളർച്ച തടയുകയും രോഗം മറ്റുള്ളവരിലേക്കു പകരുന്നതിന്റെ വേഗത കുറയ്ക്കുകയും ചെയ്യും. ഈ മരുന്നു കാചപടലത്തിന് ആരംഭകാലത്തുണ്ടാകുന്ന ഹാനി തടയുകയും മറ്റുള്ളവ വഷളാകാതെ നോക്കുകയുംകൂടി ചെയ്യും. എന്നിരുന്നാലും, ഇതിനു പഴകിയ കണ്ണിലസുഖം ഭേദപ്പെടുത്താനോ ഒരിക്കൽ പിടിപെട്ടതിനെ തുടച്ചുനീക്കാനോ കഴിയില്ല.
എന്നാൽ പ്രശ്നം വിതരണത്തിന്റെ കാര്യത്തിലായിരുന്നു—ആവശ്യക്കാർക്കു മരുന്ന് എത്തിക്കുന്ന കാര്യത്തിൽ. വിദൂരങ്ങളിൽ ഒറ്റപ്പെട്ടു ജീവിക്കുന്ന ജനസമൂഹങ്ങളുടെ അടുത്തെത്താൻ കാൽനട മാത്രമാണ് ആശ്രയം. ഒരു വണ്ടി കൊണ്ടുവരണമെന്നുവച്ചാൽ കുറ്റിക്കാടുകൾ വെട്ടിത്തെളിക്കുകയോ പാലങ്ങൾ പണിയുകപോലുമോ വേണം. ചിലപ്പോൾ ആഭ്യന്തര കലഹവും ഫണ്ടില്ലായ്മയും പ്രാദേശിക രാഷ്ട്രീയവുമൊക്കെ വിതരണത്തിന്റെ ബുദ്ധിമുട്ടുകൾ വർധിപ്പിക്കാറുണ്ട്. ഇത്തരത്തിലെല്ലാമുള്ള പ്രതിസന്ധികളുണ്ടായിരുന്നിട്ടും 1995-ന്റെ ആരംഭത്തോടെ 3 കോടി 10 ലക്ഷം മെക്റ്റിസാൻ ഗുളികകൾ വിതരണം ചെയ്യുകയുണ്ടായി, കൂടുതലും ആഫ്രിക്കയിൽത്തന്നെ.
ഭാവി സാധ്യതകൾ
കഴിഞ്ഞ 20 വർഷങ്ങളായി ഈ ഓൺക്കോസെർസിയാസിസ് നിയന്ത്രണ പദ്ധതി 11 പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ നദിയന്ധതക്കെതിരെ പോരാട്ടം നടത്തിക്കഴിഞ്ഞു. അതു ഫ്രാൻസിന്റെ വിസ്തീർണത്തിന്റെ മൂന്നിരട്ടി വരും. അതിന്റെ ഫലമെന്തായിരുന്നു? ഡബ്ലിയുഎച്ച്ഒ-യുടെ കണക്കുകൾ പ്രകാരം ലാർവാനാശിനികളും മെക്റ്റിസാനും ഉപയോഗിച്ചതിന്റെ സംയുക്തഫലമായി മൂന്നു കോടിയിലധികം ആളുകളെ സംരക്ഷിക്കാൻ കഴിഞ്ഞു. ഇവരത്രയും ഒരിക്കൽ ഈ പഴയ ഭയങ്കര ബാധയുടെ ഭീഷണിയിലായിരുന്നെന്നോർക്കണം. ഈ പരാദം ഗുരുതരമായി ബാധിച്ചിരുന്ന 15 ലക്ഷത്തിലധികം പേർ ഇപ്പോൾ പൂർണമായി സുഖം പ്രാപിച്ചിരിക്കുന്നു. കൂടാതെ, നദിയന്ധതയെ കീഴടക്കിയതുമൂലം ആറു കോടി ഏക്കറോളം സ്ഥലം കൃഷിക്കും പുനരധിവാസത്തിനുമായി വീണ്ടെടുത്തുകൊണ്ടിരിക്കുകയുമാണ്. ഇത്രയും സ്ഥലംകൊണ്ട് വർഷത്തിൽ 1 കോടി 70 ലക്ഷം ജനങ്ങളെ തീറ്റിപ്പോറ്റാൻ കഴിയും.
ഈ യുദ്ധം ഇനിയും തീർന്നിട്ടില്ല. ഈ രോഗത്തിന്റെ ഭീഷണിയിലായിരുന്ന ജനങ്ങളിൽ പാതിയിൽ താഴെപ്പേരാണ് നദിയന്ധതയോടു പോരാടിയ ആഫ്രിക്കൻ രാജ്യങ്ങളിലുള്ളത്.
ഇക്കഴിഞ്ഞ വർഷങ്ങളിൽ ഈ രോഗത്തോടു പൊരുതാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂടിയിട്ടുണ്ട്. വെറും രണ്ടു വർഷത്തിനുള്ളിൽ, അതായത്, 1992 മുതൽ 1994 വരെ, മെക്റ്റിസാൻകൊണ്ടു ചികിത്സിച്ചവരുടെ എണ്ണം 54 ലക്ഷത്തിൽനിന്ന് 1 കോടി 10 ലക്ഷമായി, അഥവാ ഇരട്ടിയിലധികമായി. 1994-ന്റെ അവസാനത്തോടെ ആഫ്രിക്ക, ലാറ്റിനമേരിക്ക, മധ്യപൂർവദേശം എന്നിവിടങ്ങളിലെ 32 രാജ്യങ്ങളിൽ മെക്റ്റിസാൻകൊണ്ടുള്ള ചികിത്സാ പദ്ധതി സ്ഥാപിക്കപ്പെട്ടുകഴിഞ്ഞു. ഇതു കാലക്രമത്തിൽ 2 കോടി 40 ലക്ഷം ജനങ്ങളെ അന്ധതയിൽനിന്നു രക്ഷിച്ചേക്കാം.
2002-ാമാണ്ടോടെ അമേരിക്കകളിൽനിന്ന് ഈ രോഗത്തെ പൊതുജനാരോഗ്യത്തിനു ഭീഷണിയായിരിക്കുന്ന നിലയിൽനിന്നു തുടച്ചുമാറ്റാമെന്നാണു പാൻ അമേരിക്കൻ ആരോഗ്യ സംഘടന പ്രതീക്ഷിക്കുന്നത്. എന്നാൽ ആഫ്രിക്കയിൽ ഈ ഉദ്യമം ഏറെ കഠിനമാണെന്നതു സത്യമാണ്. എന്നിരുന്നാലും, ശിശുക്കൾക്കായുള്ള ഐക്യരാഷ്ട്രനിധി ഇങ്ങനെ നിരീക്ഷിക്കുന്നു: “ഇന്നു വളർന്നുവരുന്ന തലമുറയുടെ ഭാവിയെ സംബന്ധിച്ചിടത്തോളം, കാഴ്ചനഷ്ടം ദീർഘകാലം വാർധക്യസഹജമായിരുന്ന ഒരു പ്രദേശത്തു മുമ്പുണ്ടായിരുന്നതുപോലെ അത്ര രൂക്ഷമായ രീതിയിൽ അന്ധത ഒരു ഭീഷണി മുഴക്കുന്നില്ല എന്നത് ഇതിനോടകം വളരെ വ്യക്തമായിരിക്കുന്നു.”
അന്ധതയുടെ ഭീഷണിയിലായിരുന്ന ജനങ്ങളെ സഹായിക്കാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചു മനസ്സിലാക്കുന്നതു പുളകപ്രദമാണ്. തന്റെ ഭൗമിക ശുശ്രൂഷയുടെ കാലത്തു യേശുക്രിസ്തുവും അന്ധരായിരുന്ന അനേകർക്ക് അത്ഭുതകരമായി കാഴ്ച നൽകിക്കൊണ്ട് ആളുകളിൽ സ്നേഹപൂർവകമായ താത്പര്യം പ്രകടമാക്കിയിരുന്നു. (മത്തായി 15:30, 31; 21:14) ഇതു ദൈവരാജ്യത്തിൻകീഴിൽ എന്തു നടക്കുമെന്നതിന്റെ ചെറിയ പ്രതീകമായിരുന്നു. വാസ്തവത്തിൽ യാതൊരുവനെയും ഒരുതരത്തിലുമുള്ള അന്ധത ബാധിക്കുകയില്ലാത്ത ഒരു സമയം വരികയാണ്. ദൈവവചനം മുൻകൂട്ടിപ്പറയുന്നു: “അന്നു കുരുടൻമാരുടെ കണ്ണു തുറന്നുവരും.”—യെശയ്യാവു 35:5.
[25-ാം പേജിലെ ആകർഷകവാക്യം]
“അന്ധതയ്ക്ക് അവർ കുറ്റപ്പെടുത്തിയതു ഭൂതങ്ങളെയായിരുന്നു. ഇപ്പോൾ അവർക്കറിയാം അതു വിരകളാണെന്ന്”
[27-ാം പേജിലെ ആകർഷകവാക്യം]
വർഷത്തിൽ ഒന്നോ രണ്ടോ ഗുളിക കഴിച്ചാൽ നദിയന്ധത ഒഴിവാക്കാം