ഒരു അപൂർവ പശ്ചിമാഫ്രിക്കൻ നാണയം
സിയെറാ ലിയോണിലെ ഉണരുക! ലേഖകൻ
ഇത്തരമൊരു നാണയം നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇത് ഒരു കിസ്സി നാണയം ആണ്. ഇവയിൽ ചിലതു ഫ്രീടൗണിലുള്ള സിയെറാ ലിയോൺ ദേശീയ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇൻഫർമേഷൻ കാർഡിൽ ഇപ്രകാരം പറയുന്നു: ‘വിചിത്ര രൂപത്തിലുള്ള ഈ നാണയത്തിന്റെ ഉത്ഭവം സിയെറാ ലിയോണിലും ലൈബീരിയയിലുമാണ്. 1945 വരെ ഈ നാണയം ഇവിടങ്ങളിൽ ഉപയോഗത്തിലുണ്ടായിരുന്നു. അതിന്റെ ഉരുണ്ട അറ്റം തലയെയും കൂർത്ത അറ്റങ്ങൾ പാദങ്ങളെയും പ്രതീകപ്പെടുത്തിയിരുന്നതുകൊണ്ട് പ്രേതമുള്ള നാണയം ആണ് അതെന്നു പറയപ്പെട്ടിരുന്നു. ഒരു മുഖ്യൻ മരിക്കുമ്പോൾ കുറേ കിസ്സി നാണയങ്ങൾ കഷണങ്ങളാക്കി അയാളുടെ കുഴിമാടത്തിൽ കുത്തിനിർത്തുമായിരുന്നു. ഏറ്റവും പുതിയ അറിവനുസരിച്ച് 50 കിസ്സി നാണയങ്ങൾ ഒരു പശ്ചിമാഫ്രിക്കൻ ഷില്ലിങ്ങിനു തുല്യമാണ്.’
ബാസിൽ ഡേവിഡ്സണിന്റെ ആഫ്രിക്കൻ അടിമക്കച്ചവടം എന്ന ഇംഗ്ലീഷ് പുസ്തകം പറയുന്നതനുസരിച്ച് ദീർഘകാലം മുമ്പ് “ഇരുമ്പിൻ കഷണങ്ങൾ” നൽകി അടിമകളെ വാങ്ങിയിരുന്നു. അവ കിസ്സി നാണയങ്ങൾ ആയിരുന്നോ? ആയിരുന്നെന്നാണു ചില വിദഗ്ധരുടെ അഭിപ്രായം. എന്നാൽ മറ്റു ചിലർ ഇതിനോടു യോജിക്കുന്നില്ല. ഈ നാണയങ്ങൾ അടിമകളെ വാങ്ങാൻ ഒരുപക്ഷേ ഉപയോഗിച്ചിട്ടുണ്ടാവില്ല. എന്നാൽ ഭാര്യമാരെ വാങ്ങാൻ ഉപയോഗിച്ചിട്ടുണ്ടെന്നു തീർച്ച.
മുകളിൽ സൂചിപ്പിച്ചതുപോലെ ഈ നാണയങ്ങൾ ചിലപ്പോൾ മതപരമായ കാര്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു, വിശേഷിച്ചും തിരുവെഴുത്തുവിരുദ്ധ വിശ്വാസമായ ആത്മാവിന്റെ അമർത്യതയുമായി ബന്ധപ്പെട്ട്. ഒരു വ്യക്തി മരിക്കുമ്പോൾ സ്വന്തം ഗ്രാമത്തിൽ അടക്കം ചെയ്യുന്നതാണ് ഉചിതം എന്നു കരുതപ്പെട്ടിരുന്നു. ദൂരെ എവിടെയെങ്കിലും വെച്ചാണു മരണം സംഭവിച്ചതെങ്കിൽ ശവശരീരം വീട്ടിൽ കൊണ്ടുവരാൻ എപ്പോഴും എളുപ്പമായിരുന്നില്ല. കിസ്സി നാണയത്തിന്റെ സഹായത്താൽ ആത്മാവിനെ കൊണ്ടുപോകുകയായിരുന്നു പരിഹാരം.
മരിച്ചയാളിന്റെ ഒരു ബന്ധു, ഏതു ഗ്രാമത്തിൽ വെച്ചാണോ മരണം സംഭവിച്ചത് അവിടേക്കു യാത്രയാകുന്നു. അവിടെ ഒരു മന്ത്രവാദിയിൽനിന്ന് അയാൾ പ്രസ്തുത നാണയം കരസ്ഥമാക്കും. മന്ത്രവാദി ചില മന്ത്രപ്രയോഗങ്ങളിലൂടെ പരേതന്റെ ആത്മാവിനെ നാണയത്തിലേക്ക് ആവാഹിക്കും എന്നായിരുന്നു അഭ്യൂഹം. ആത്മാവിനെ (നാണയം) ഗ്രാമത്തിലേക്കു കൊണ്ടുപോയി പിതാക്കന്മാരുടെ കല്ലറയിൽ അടക്കം ചെയ്യുക എന്നതു ബന്ധുവിന്റെ ജോലിയായിരുന്നു.
ബന്ധു ഈ നാണയം വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞുകെട്ടി യാത്രയാകും. യാത്ര അവസാനിക്കുന്നതുവരെ അയാൾ ഒരക്ഷരം മിണ്ടാൻ പാടില്ല. വഴിക്കുവെച്ച് ആരോടെങ്കിലും സംസാരിച്ചുപോയാൽ ആത്മാവ് നാണയം വിട്ടു മരണം സംഭവിച്ച ഗ്രാമത്തിലേക്കു മടങ്ങിപ്പോകുമത്രേ. പിന്നെ ബന്ധു വീണ്ടും തിരിച്ചുപോയി അതിനെ പിടിച്ചുകൊണ്ടു വരണം—മന്ത്രവാദിക്കു വീണ്ടും പണം കിട്ടാനുള്ള വകയായി!
എന്തെങ്കിലും കാരണവശാൽ യാത്രയ്ക്കിടയിൽ സംസാരിക്കേണ്ടി വന്നാൽ, നാണയം ശ്രദ്ധാപൂർവം താഴെ വെച്ചശേഷം—എങ്കിലും നിലത്തു വെക്കാൻ പാടില്ല—സംസാരിക്കാവുന്നതാണ്. നാണയം കൈയിലെടുത്തു കഴിഞ്ഞാൽ പിന്നെ മൗനവ്രതം പാലിച്ചുകൊള്ളണം.
മുപ്പത്തിമൂന്നു മുതൽ മുപ്പത്തിയാറു വരെ സെന്റിമീറ്റർ നീളമുള്ള കിസ്സി നാണയങ്ങൾ പോക്കറ്റിലോ പേഴ്സിലോ കൊണ്ടുനടക്കാൻ സാധിക്കുമായിരുന്നില്ല. എങ്കിലും നാണയത്തിന്റെ ആകൃതി അക്കാലത്തു പ്രായോഗികമായിരുന്നു, കാരണം അവ ഭാണ്ഡത്തിൽവെച്ച് തലയിൽ ചുമന്നു കൊണ്ടുപോകാൻ എളുപ്പമായിരുന്നു. സമ്പന്നരായ ആളുകൾ ഈ നാണയങ്ങൾ തങ്ങളുടെ തട്ടിൻപുറത്തു സൂക്ഷിച്ചിരുന്നു. കാലാവസ്ഥ അനുയോജ്യമാണെങ്കിൽ വായുവിലെ ഈർപ്പം ഘനീഭവിച്ച് നാണയത്തിന്റെ പുറത്തു ജലകണങ്ങളായി രൂപംകൊള്ളുകയും താഴത്തെ മുറിയിലേക്ക് ഇറ്റിറ്റു വീഴുകയും ചെയ്യും. “ഇറ്റുവീഴുന്ന നീർത്തുള്ളി”കളുടെ അളവ് ഗൃഹനാഥന്റെ സമ്പത്തിനെ കുറിക്കുമായിരുന്നു.