സ്വദേശികളായ അമേരിക്കക്കാരും ബൈബിളും
യൂറോപ്പുകാർ അമേരിക്കകൾ ആക്രമിച്ച കാലം മുതൽ സ്വദേശികളായ അമേരിക്കക്കാരെ ബൈബിൾ പഠിപ്പിക്കാൻ അനേകരും ശ്രമിച്ചിട്ടുണ്ട്.
17-ാം നൂറ്റാണ്ടു മുതൽ, വടക്കേ അമേരിക്കൻ ഇന്ത്യക്കാരുടെ ആറു ഭാഷകളിൽ സമ്പൂർണ ബൈബിൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മസാച്ചുസെറ്റ്സിലെ ബോസ്റ്റൺ, റോക്സ്ബെറി എന്നീ സ്ഥലങ്ങൾക്ക് അടുത്തുള്ള മസാച്ചുസെറ്റ് ഇന്ത്യക്കാർക്കുവേണ്ടി 1663-ൽ അച്ചടിച്ച ജോൺ എലിയട്ടിന്റെ ബൈബിൾ ഭാഷാന്തരമാണ് അതിൽ ആദ്യത്തേത്. എൻസൈക്ലോപീഡിയ ഓഫ് നോർത്ത് അമേരിക്കൻ ഇൻഡ്യൻസിൽ ഹാർവി മാർക്കൊവിറ്റ്സ് ഇങ്ങനെ എഴുതുന്നു: “കുടിയേറ്റക്കാരിൽ മിക്കവരും [ഒരു] ഉടമ്പടിയിൽ [“അമേരിക്കൻ ‘ആദിവാസികളെ’ ‘സംസ്കാരസമ്പന്നരാക്കാൻ’ ഉള്ള ഉടമ്പടിയിൽ”] ഏർപ്പെട്ടതിന്റെ ഉദ്ദേശ്യശുദ്ധിയെ ഇപ്പോൾ നിരവധി ചരിത്രകാരന്മാരും ചോദ്യം ചെയ്യുന്നുണ്ടെങ്കിലും മസാച്ചുസെറ്റ് ഭാഷ പഠിക്കാനും ബൈബിൾ പരിഭാഷപ്പെടുത്തത്തക്കവണ്ണം പ്രസ്തുത ഭാഷയിൽ അക്ഷരവിന്യാസം വികസിപ്പിച്ചെടുക്കാനും ഉള്ള എലിയട്ടിന്റെ നീണ്ട പതിനഞ്ചു വർഷത്തെ കഠിനാധ്വാനം അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്കു സാക്ഷ്യം വഹിക്കുന്നു. ‘ഭീതിയോടും സൂക്ഷ്മതയോടും ഭക്ത്യാദരവോടും കൂടെ നിർവഹിക്കപ്പെടേണ്ട പാവനവും പരിശുദ്ധവുമായ കൃത്യം’ ആയിട്ടാണു ദുഷ്കരമായ ഈ ഉദ്യമത്തെ എലിയട്ട് വീക്ഷിച്ചത്.”
ബൈബിളിന്റെ ചില ഭാഗങ്ങൾ മറ്റു സ്വദേശീയ അമേരിക്കൻ ഭാഷകളിൽ ലഭ്യമായിരുന്നെങ്കിലും, അടുത്ത സമ്പൂർണ ബൈബിൾ പ്രസിദ്ധീകരിക്കാൻ ഇരുന്നൂറു വർഷമെടുത്തു. ബ്രിട്ടീഷ് ആൻഡ് ഫോറിൻ ബൈബിൾ സൊസൈറ്റിയുടെ പ്രവർത്തകർ ചേർന്ന് വെസ്റ്റേൺ ക്രി ഭാഷയിൽ (1862) ആണ് അതു പരിഭാഷപ്പെടുത്തിയത്. തുടർന്ന്, ഈസ്റ്റേൺ ആർട്ടിക് ഇന്യുവിറ്റ് (1871); ഡക്കോട്ട അഥവാ ഈസ്റ്റേൺ സൂ (1880) എന്നീ ഭാഷകളിലും ഗ്വിച്ചിൻ എന്ന ഉപ-ആർട്ടിക് അമേരിക്കൻ ഭാഷയിലും (1898) താമസിയാതെ ബൈബിൾ പരിഭാഷപ്പെടുത്തി.
രണ്ടു ബൈബിൾ സൊസൈറ്റികളുടെ 41 വർഷത്തെ തയ്യാറെടുപ്പിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും ഫലമായി 1985-ൽ പ്രസിദ്ധീകരിച്ച നാവഹോയിലുള്ള പരിഭാഷയാണ് ഏറ്റവും ഒടുവിലത്തെ സമ്പൂർണ ബൈബിൾ. ഇപ്പോൾ 46 ഇന്ത്യൻ ഭാഷകളിലെങ്കിലും എബ്രായ, ഗ്രീക്കു തിരുവെഴുത്തുകളുടെ ചില ഭാഗങ്ങൾ ലഭ്യമാണ്.
നേതൃത്വം വഹിച്ചത് ആർ?
മാർക്കൊവിറ്റ്സ് പറയുന്നു: “ബൈബിൾ പരിഭാഷപ്പെടുത്തുന്ന ജോലി അധികവും പ്രൊട്ടസ്റ്റന്റുകാരുടെ ശ്രമഫലമായിരുന്നു . . . എന്നതു ശ്രദ്ധേയമാണ്.” രണ്ടാം വത്തിക്കാൻ കൗൺസിലിനു മുമ്പ് (1962) കത്തോലിക്കാ സഭ, “അൽമായർക്ക് ബൈബിൾ വാക്യങ്ങൾ കൃത്യമായി വ്യാഖ്യാനിച്ചെടുക്കാൻ ശരിയായ . . . പരിശീലനം ഇല്ലെന്നു കരുതിയിരുന്നതുകൊണ്ട് അവർക്കിടയിൽ ബൈബിൾ വിതരണം ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തി” എന്ന് ആ എഴുത്തുകാരൻ തുടർന്നു പറയുന്നു.
ഷൈയാൻ, ഹാവസൂപ്പൈ, മിക്മാക്, സൂനി എന്നീ ഭാഷകൾ ഉൾപ്പെടെ വടക്കേ അമേരിക്കയിലെ സ്വദേശികളായ അമേരിക്കക്കാരുടെ ഭാഷകളിൽ ബൈബിൾ പരിഭാഷപ്പെടുത്തുന്നതിന് ഉള്ള 20 പദ്ധതികളിലെങ്കിലും ഇപ്പോൾ വിവിധ ബൈബിൾ സൊസൈറ്റികൾ ഉൾപ്പെട്ടിരിക്കുന്നു. നാവഹോ ജനതയ്ക്കുവേണ്ടി ഗ്രീക്കു തിരുവെഴുത്തുകളുടെ പുതിയ ഒരു ഭാഷാന്തരം പണിപ്പുരയിലാണ്. മധ്യ, ദക്ഷിണ അമേരിക്കയിലെ ഇന്ത്യക്കാർക്കുവേണ്ടി വേറെ പരിഭാഷകളും തയ്യാറാക്കപ്പെട്ടുവരുന്നു.
യഹോവയുടെ സാക്ഷികൾ ഏതെങ്കിലും പ്രൊട്ടസ്റ്റന്റ് സംഘടനയുടെ ഭാഗമല്ല. എങ്കിലും സ്വദേശികളായ അമേരിക്കക്കാർക്കിടയിൽ അവർ സജീവമായി പ്രവർത്തിച്ചു വരുന്നു. അതിന്റെ ഫലമായി, നീതി വസിക്കുന്ന ‘പുതിയ ആകാശവും പുതിയ ഭൂമിയും’ സംബന്ധിച്ച ബൈബിൾ സത്യത്തോട് അനേകരും അനുകൂലമായി പ്രതികരിക്കുന്നു. (2 പത്രൊസ് 3:13) അമേരിക്കക്കാരുടെ നാട്ടു ഭാഷകളിൽ ഇപ്പോൾ ലഭ്യമായിരിക്കുന്ന ബൈബിളുകൾ ആണു സാക്ഷികൾ ഉപയോഗിക്കുന്നത്. നാട്ടുഭാഷകളായ ഇനുക്റ്റിറ്റുട്ട്, ഇറൊക്വൊയി, ഐമറാ, കെച്ച്വാ, ക്രി, ഗ്വാറനി, ഡക്കോട്ട, നാവഹോ എന്നിവയ്ക്കു പുറമേ ഒമ്പതു ഭാഷകളിൽ വാച്ച് ടവർ സൊസൈറ്റി പ്രസിദ്ധീകരിച്ചിരിക്കുന്ന ബൈബിൾ സാഹിത്യങ്ങളും അവർ ഉപയോഗിക്കുന്നു.—1996 സെപ്റ്റംബർ 8 ലക്കം ഉണരുക! കാണുക.
[25-ാം പേജിലെ ചിത്രം]
നാവഹോ ബൈബിളിൽ സങ്കീർത്തനം 68:4-ൽ “യഹോവ” എന്ന് ഉപയോഗിച്ചിരിക്കുന്നു