ദൈവനാമം എന്റെ ജീവിതത്തിനു പരിവർത്തനം വരുത്തി!
സാൻഡി യാസി ഡ്സോസി പറഞ്ഞപ്രകാരം
മോർമൻകാർ വാതിലിൽ മുട്ടിയപ്പോൾ ഞാനും എന്റെ അനുജത്തിമാരും കട്ടിലിനടിയിൽ ഒളിച്ചു.a അവിടിരുന്ന് ഞങ്ങൾ അടക്കിച്ചിരിക്കുകയും പരസ്പരം ഉന്തുകയും തള്ളുകയുമൊക്കെ ചെയ്തു. ഒടുവിൽ ഞാൻ ചെന്ന്, ഞങ്ങൾ പരമ്പരാഗത രീതികൾ പിന്തുടർന്നു പോരുന്ന നാവഹോ വർഗക്കാരാണെന്നും ഞങ്ങൾക്ക് വെള്ളക്കാരുടെ മതത്തെ കുറിച്ചു കേൾക്കാൻ താത്പര്യം ഇല്ലെന്നും അവരോടു വളരെ പരുഷമായി പറഞ്ഞു.
ഞങ്ങളുടെ മാതാപിതാക്കൾ സാധനങ്ങൾ വാങ്ങാൻ പുറത്തു പോയിരിക്കുകയായിരുന്നു. അവർ സന്ധ്യക്ക് മടങ്ങിയെത്തിയപ്പോൾ ഞാൻ മോർമൻകാരോടു പരുഷമായി സംസാരിച്ച വിവരം അറിഞ്ഞു. ഇനിയൊരിക്കലും ആരോടും മര്യാദയില്ലാതെ പെരുമാറരുതെന്നു പറഞ്ഞ് അവർ എന്നെ കണക്കിനു ശകാരിച്ചു. മറ്റുള്ളവരോട് ആദരവോടും ദയയോടും കൂടെ പെരുമാറാനാണ് ഞങ്ങളെ പഠിപ്പിച്ചിരുന്നത്. ഒരിക്കൽ വീട്ടിൽ അപ്രതീക്ഷിതമായി ഒരു അതിഥി വന്നത് ഞാൻ ഓർക്കുന്നു. എന്റെ മാതാപിതാക്കൾ അന്ന് പുറത്ത് ഭക്ഷണം പാകം ചെയ്യുകയും ഉപചാരപൂർവം അതിഥിക്ക് ആദ്യം ഭക്ഷണം വിളമ്പുകയും ചെയ്തു. ഞങ്ങൾ പിന്നീടാണു കഴിച്ചത്.
സംവരണ മേഖലയിലെ ജീവിതം
അരിസോണയിലെ ഹൗവൽ മേസയിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. ഹോപ്പി അമേരിക്കൻ ഇന്ത്യൻ സംവരണ മേഖലയിൽനിന്ന് 15 കിലോമീറ്റർ വടക്കുപടിഞ്ഞാറ് മാറി, ആളുകൾ തിങ്ങിപ്പാർക്കുന്ന നഗരങ്ങളിൽനിന്നും പട്ടണങ്ങളിൽനിന്നും വളരെ അകലെ ആയിരുന്നു ആ സ്ഥലം. ചെമന്ന അസാധാരണമായ മണൽക്കൽ പാറക്കൂട്ടങ്ങൾ അങ്ങിങ്ങായി ഉള്ള ശ്രദ്ധേയമായ മരുപ്രദേശങ്ങളുള്ള തെക്കുപടിഞ്ഞാറൻ ഐക്യനാടുകളിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഇവിടെ ചെങ്കുത്തായ അനേകം പീഠഭൂമികൾ ഉണ്ട്. അവയിൽനിന്നുകൊണ്ട് എട്ടു കിലോമീറ്റർ വരെ അകലെ പുല്ലു തിന്നുകൊണ്ടിരിക്കുന്ന ഞങ്ങളുടെ ആടുകളെ കാണാൻ കഴിയുമായിരുന്നു. ഈ ദേശത്തിന്റെ, എന്റെ ജന്മനാടിന്റെ പ്രശാന്തത എനിക്ക് എത്ര പ്രിയമായിരുന്നെന്നോ!
ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് അമേരിക്കൻ ഇന്ത്യൻ പ്രസ്ഥാനത്തെ (എഐഎം) പിന്തുണച്ച എന്റെ ബന്ധത്തിൽ പെട്ടവരുമായി ഞാൻ വളരെ അടുത്തു.b സ്വദേശികളായ അമേരിക്കക്കാരിൽ ഒരുവളായിരിക്കുന്നതിൽ ഞാൻ അഭിമാനംകൊണ്ടു. ഇന്ത്യൻ കാര്യാദികൾക്കായുള്ള ബ്യൂറോ (ബിഐഎ) വരുത്തിവെച്ചതെന്നു ഞാൻ കരുതിയ പല ദശാബ്ദങ്ങളിലെ മർദനത്തെ കുറിച്ചുള്ള എന്റെ അഭിപ്രായങ്ങൾ ഞാൻ വെള്ളക്കാരോട് തുറന്നു പറഞ്ഞിരുന്നു. എന്നാൽ എന്റെ ബന്ധുക്കളെ പോലെ ഞാൻ എന്റെ വിദ്വേഷം തുറന്നു പ്രകടിപ്പിച്ചിരുന്നില്ല. അത് ഞാൻ ഹൃദയത്തിൽ രഹസ്യമായി കൊണ്ടുനടന്നു. തന്മൂലം ബൈബിൾ കൈവശമുള്ള എല്ലാവരെയും ഞാൻ വെറുത്തു.
ഞങ്ങളുടെ ഭൂസ്വത്തും അവകാശങ്ങളും സ്വന്തം വിശുദ്ധ കർമങ്ങൾ അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യവും എടുത്തു കളയാനുള്ള അധികാരം വെള്ളക്കാർക്ക് കിട്ടിയത് ബൈബിൾ കൈവശമുള്ളതുകൊണ്ടാണെന്ന് ഞാൻ വിചാരിച്ചു! ബോർഡിങ് സ്കൂളിൽ കഴിഞ്ഞ നാളുകളിൽ പള്ളിയിൽ പോകേണ്ടതു നിർബന്ധമായിരുന്നതിനാൽ പ്രൊട്ടസ്റ്റന്റുകാരുടെയും കത്തോലിക്കരുടെയും മതകർമങ്ങളിൽ പങ്കെടുക്കാതെ രക്ഷപ്പെടാൻ ഞാൻ അച്ഛന്റെ ഒപ്പു സ്വന്തമായി ഇടുക പോലും ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ഇന്ത്യൻ പൈതൃകം മറക്കാനും അങ്ങനെ ഞങ്ങൾ അവരുടെ സംസ്കാരവുമായി ഇഴുകിച്ചേരാനും ഇടയാക്കുക എന്നതായിരുന്നു ആ സ്കൂളുകളുടെ ലക്ഷ്യം. സ്വന്തം ഭാഷ സംസാരിക്കാനുള്ള അനുവാദം പോലും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല!
പ്രകൃതിയോടും ചുറ്റുപാടുകളോടും ഞങ്ങൾക്ക് ആഴമായ ആദരവ് ഉണ്ടായിരുന്നു. ദിവസവും രാവിലെ കിഴക്കോട്ടു തിരിഞ്ഞ് ഞങ്ങൾ പ്രാർഥനകൾ ഉരുവിടുകയും പരിശുദ്ധ ചോള പൂമ്പൊടി വിതറിക്കൊണ്ട് നന്ദികർമങ്ങൾ നടത്തുകയും ചെയ്തിരുന്നു.c നാവഹോ രീതിയിൽ എനിക്കു ലഭിച്ച ഔദ്യോഗിക മതപരിശീലനത്തിൽ ഉൾപ്പെട്ടിരുന്നത് ഇതായിരുന്നു. അഭിമാനത്തോടെ മുഴുഹൃദയാ ഞാൻ അതു സ്വീകരിക്കുകയും ചെയ്തു. ആളുകൾ സ്വർഗത്തിൽ പോകുമെന്ന ക്രൈസ്തവലോകത്തിന്റെ പഠിപ്പിക്കൽ എന്നെ ഒട്ടും ആകർഷിച്ചില്ല. അതുപോലെ അഗ്നിനരക ദണ്ഡനത്തിലും എനിക്കു വിശ്വാസമില്ലായിരുന്നു. ഭൂമിയിൽ ജീവിക്കുക എന്നതായിരുന്നു എന്റെ ഹൃദയാഭിലാഷം.
ഞങ്ങളുടെ കുടുംബാംഗങ്ങൾ തമ്മിൽ വളരെ അടുപ്പമുണ്ടായിരുന്നു. സ്കൂൾ അവധിക്കാലത്ത് അവരോടൊത്ത് സമയം ചെലവഴിക്കുന്നത് എനിക്കു വലിയ ഇഷ്ടമായിരുന്നു. ഹോഗാൻ—ഞങ്ങളുടെ നാവഹോ പാർപ്പിടം—വൃത്തിയാക്കൽ, നെയ്ത്ത്, ആടുകളെ പരിപാലിക്കൽ എന്നിവയായിരുന്നു എന്റെ ദൈനംദിന ജോലികൾ. നൂറ്റാണ്ടുകളായി നാവഹോ ജനത ആട്ടിടയരാണ്. ഞാൻ ഞങ്ങളുടെ ഹോഗാൻ (ചുവടെയുള്ള ഫോട്ടോ കാണുക) വൃത്തിയാക്കിയ ഓരോ തവണയും ഒരു ചെറിയ ചെമന്ന പുസ്തകം എന്റെ ശ്രദ്ധയിൽ പെട്ടു. ബൈബിൾ പുസ്തകമായ സങ്കീർത്തനവും “പുതിയനിയമ”ത്തിലെ പല പുസ്തകങ്ങളും അടങ്ങിയതായിരുന്നു അത്. അതിലെ കാര്യങ്ങളെ കുറിച്ചോ അവയുടെ അർഥത്തെ കുറിച്ചോ ചിന്തിക്കാതെ ഞാൻ അത് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ മാറ്റിയിട്ടു. എന്നാൽ ഞാൻ അതു നശിപ്പിച്ചില്ല.
വിവാഹം—സങ്കൽപ്പവും യാഥാർഥ്യവും
ഹൈസ്കൂൾ പാസായ ശേഷം ന്യൂ മെക്സിക്കോയിലെ ആൽബക്കർക്കിലുള്ള ഒരു തൊഴിൽ പരിശീലന കേന്ദ്രത്തിൽ പോയി പഠിക്കാൻ ഞാൻ തീരുമാനിച്ചു. എന്നാൽ അങ്ങോട്ടു പോകുന്നതിനു മുമ്പായി ഞാൻ എന്റെ ഭാവി വരനെ കണ്ടുമുട്ടി. വിവാഹം കഴിക്കുന്നതിനായി ഞാൻ ഞങ്ങൾ റെസ് എന്നു വിളിക്കുന്ന ഞങ്ങളുടെ നാവഹോ സംവരണ മേഖലയിലേക്കു മടങ്ങിപ്പോന്നു. അനേകം വർഷങ്ങളായി സന്തുഷ്ട വിവാഹജീവിതം നയിച്ചിരുന്ന എന്റെ മാതാപിതാക്കളുടെ കാൽച്ചുവടുകൾ പിൻപറ്റാനുള്ള ആഗ്രഹത്തോടെ ഞാൻ വിവാഹജീവിതത്തിലേക്ക് കാലെടുത്തു വെച്ചു. ഒരു വീട്ടമ്മ ആയിരുന്നുകൊണ്ട് ഗൃഹകാര്യങ്ങൾ നോക്കിനടത്താൻ എനിക്കു വളരെ ഇഷ്ടമായിരുന്നു. കുടുംബജീവിതം വളരെ ആസ്വാദ്യമായിരുന്നു പ്രത്യേകിച്ചും മകൻ ലൈയൊണെൽ പിറന്നതോടെ. ഞാനും ഭർത്താവും വളരെ സന്തുഷ്ടരായിരുന്നു—ഹൃദയഭേദകമായ ആ വാർത്ത ഞാൻ അറിയുന്നതു വരെ!
എന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടത്രേ! അദ്ദേഹത്തിന്റെ അവിശ്വസ്തത ഞങ്ങളുടെ വിവാഹ ജീവിതത്തെ താറുമാറാക്കി. ഞാൻ ആകെ തകർന്നുപോയി, അദ്ദേഹത്തോട് എനിക്ക് അങ്ങേയറ്റം വെറുപ്പു തോന്നി. പ്രതികാരം ചെയ്യാൻ ഞാൻ ആഗ്രഹിച്ചു! എന്നാൽ കുഞ്ഞിനെയും സാമ്പത്തിക പിന്തുണയെയും ചൊല്ലി വിവാഹമോചന കേസുകൾ നടക്കുന്നതിനിടയിൽ എന്നെ കടുത്ത ദുഃഖം പിടികൂടി. എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന് എനിക്കു തോന്നി, എനിക്ക് യാതൊരു പ്രത്യാശയും ഇല്ലാതായി. ദുഃഖത്തിനു ശമനം കിട്ടാൻ ചിലപ്പോൾ ഞാൻ കിലോമീറ്ററുകളോളം ഓടുമായിരുന്നു. വളരെ പെട്ടെന്ന് നിയന്ത്രണം വിട്ട് ഞാൻ കരയുമായിരുന്നു. എനിക്ക് വിശപ്പില്ലാതായി. ആകെ ഒറ്റപ്പെട്ടതു പോലെ എനിക്കു തോന്നി.
കുറച്ചു നാൾ കഴിഞ്ഞപ്പോൾ എന്റേതിനു സമാനമായ ദാമ്പത്യ പ്രശ്നങ്ങളുള്ള ഒരു പുരുഷനുമായി ഞാൻ അടുപ്പത്തിലായി. ഞങ്ങൾ ഇരുവരും വൈകാരിക വേദന അനുഭവിക്കുകയായിരുന്നു. അദ്ദേഹം എന്നോടു സഹാനുഭൂതി കാണിക്കുകയും എനിക്കാവശ്യമായ വൈകാരിക പിന്തുണ നൽകുകയും ചെയ്തു. ജീവിതം സംബന്ധിച്ച എന്റെ വികാരവിചാരങ്ങളത്രയും ഞാൻ അദ്ദേഹവുമായി പങ്കുവെച്ചു. അവയെല്ലാം അദ്ദേഹം ശ്രദ്ധിച്ചുകേട്ടു. എനിക്കുവേണ്ടി അദ്ദേഹം കരുതുന്നുണ്ട് എന്നതിന്റെ സൂചനയായി ഞാൻ അതിനെ കണക്കാക്കി. ഞങ്ങൾ വിവാഹം ചെയ്യാൻ തീരുമാനിച്ചു.
അങ്ങനെയിരിക്കെയാണ് അറിയുന്നത് അദ്ദേഹവും വിശ്വസ്തനല്ലെന്ന്! വളരെ വേദനയോടും പ്രയാസത്തോടും കൂടെ ആണെങ്കിലും അദ്ദേഹവുമായുള്ള ബന്ധം ഞാൻ അവസാനിപ്പിച്ചു. എല്ലാവരാലും തഴയപ്പെട്ടതു പോലെ തോന്നി എനിക്ക്. ഞാൻ അങ്ങേയറ്റം വിഷാദചിത്തയായി. കടുത്ത ദേഷ്യവും പ്രതികാരചിന്തയും ആത്മഹത്യ ചെയ്യണമെന്ന തോന്നലും എന്നെ കീഴ്പെടുത്തി. ജീവനൊടുക്കാൻ ഞാൻ രണ്ടു വട്ടം ശ്രമിച്ചു. എങ്ങനെയെങ്കിലും ഒന്നു മരിച്ചാൽ മതിയെന്നായി എനിക്ക്.
സത്യദൈവത്തെ കുറിച്ച് ചെറിയൊരു സൂചന ലഭിക്കുന്നു
ദൈവത്തെ അറിയില്ലായിരുന്നെങ്കിലും കണ്ണുനീരോടെ ഞാൻ അവനോടു പ്രാർഥിച്ചു. അതിവിസ്മയകരമായ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ഒരു പരമോന്നത ശക്തി ഉണ്ടെന്ന് ഞാൻ വിശ്വസിച്ചിരുന്നു. മനോഹരമായ സൂര്യാസ്തമയങ്ങൾ എന്നെ വിസ്മയം കൊള്ളിച്ചു. ഇത്തരം അത്ഭുതങ്ങൾ ആസ്വദിക്കാൻ നമ്മെ അനുവദിക്കുന്നവൻ എത്ര നല്ലവനാണെന്നു ഞാൻ ചിന്തിച്ചു. എനിക്ക് അറിയില്ലാഞ്ഞ ആ വ്യക്തിയെ ഞാൻ മെല്ലെ സ്നേഹിച്ചു തുടങ്ങി. ഞാൻ അവനോടു പറഞ്ഞു: “ദൈവമേ അങ്ങ് യഥാർഥത്തിൽ സ്ഥിതി ചെയ്യുന്നുണ്ടെങ്കിൽ ദയവായി എന്നെ സഹായിക്കണേ. എനിക്ക് മാർഗനിർദേശം തന്ന് എന്നെ വീണ്ടും സന്തുഷ്ടയാക്കേണമേ.”
ഈ സമയത്തെല്ലാം എന്റെ കുടുംബം, വിശേഷിച്ചും എന്റെ അച്ഛൻ എന്നെച്ചൊല്ലി ഏറെ വിഷമിച്ചു. എന്നെ സുഖപ്പെടുത്താൻ മാതാപിതാക്കൾ മാന്ത്രിക വൈദ്യന്മാരെ കൊണ്ടുവന്നു. നല്ല മാന്ത്രിക വൈദ്യന്മാർ ഒരിക്കലും പണം ആവശ്യപ്പെടാറില്ലെന്നും അവർ സ്വന്തം വാക്കുകളോടു വിശ്വസ്തത പുലർത്തുന്നവരാണെന്നും അച്ഛൻ പറഞ്ഞു. മാതാപിതാക്കളെ സന്തോഷിപ്പിക്കുന്നതിന് ഞാൻ പല തവണ അനുഗ്രഹപ്രാപ്തിക്കായുള്ള നാവഹോ മതകർമങ്ങളിൽ പങ്കെടുത്തു.
മറ്റുള്ളവരിൽനിന്ന് ഒറ്റപ്പെട്ട് ഞാൻ എന്റെ ഹോഗാനിൽ തനിച്ചു കഴിഞ്ഞുകൂടി. കട്ടിലിനരികിലുള്ള ഒരു റേഡിയോ ആയിരുന്നു എനിക്ക് ആകെയുള്ള കൂട്ട്. യേശുവിനെ ഹൃദയത്തിൽ കൈക്കൊള്ളാത്തതിനെ ഒരു വൈദികൻ കുറ്റംവിധിക്കുന്നത് ഞാൻ അത്യന്തം വെറുപ്പോടെ കേട്ടു. വെള്ളക്കാരന്റെ മതത്തോടും സ്വന്തം മതത്തോടു പോലും എനിക്ക് അവജ്ഞ തോന്നി! എന്റേതായ രീതിയിൽ ദൈവത്തെ കണ്ടെത്താൻ ഞാൻ തീരുമാനിച്ചു.
എന്റെ ഏകാന്തവാസത്തിനിടയിൽ ആ ചെറിയ ചെമന്ന പുസ്തകം വീണ്ടും എന്റെ ശ്രദ്ധയിൽ പെട്ടു. അത് ബൈബിളിന്റെ ഭാഗമാണെന്ന് എനിക്കു മനസ്സിലായി. ദാവീദു രാജാവിന്റെ കഷ്ടപ്പാടുകളെയും ദുഃഖത്തെയും കുറിച്ചൊക്കെ സങ്കീർത്തനങ്ങളിൽ വായിച്ചപ്പോൾ എനിക്കു വളരെ ആശ്വാസം ലഭിച്ചു. (സങ്കീർത്തനം 38:1-22; 51:1-19) എന്നാൽ ദുരഭിമാനം നിമിത്തം വായിച്ച കാര്യങ്ങളെ കുറിച്ച് കൂടുതലായി ചിന്തിക്കാൻ ഞാൻ കൂട്ടാക്കിയില്ല. ഞാൻ വെള്ളക്കാരന്റെ മതം സ്വീകരിക്കുകയോ, അത് ഒരിക്കലും നടക്കില്ലായിരുന്നു.
എന്നാൽ ഈ വിഷാദാവസ്ഥയിലും മകന്റെ കാര്യങ്ങൾക്ക് ഞാൻ ഒരു വീഴ്ചയും വരുത്തിയില്ല. അവനായിരുന്നു എന്റെ പ്രോത്സാഹനത്തിന്റെ ഉറവ്. മറ്റുള്ളവർക്കു വേണ്ടി പ്രാർഥനകൾ നടത്തുന്ന ടെലിവിഷനിലെ മത പരിപാടികൾ ഞാൻ കാണാൻ തുടങ്ങി. അൽപ്പം ആശ്വാസത്തിനായി വെമ്പുകയായിരുന്ന ഞാൻ ഒരിക്കൽ സഹായത്തിനായി ചാർജില്ലാതെ വിളിക്കാവുന്ന 800 കൂട്ടിയുള്ള ഒരു നമ്പരിലേക്കു ഫോൺ ചെയ്തു. എന്നാൽ 50-ഓ 100-ഓ ഡോളർ കൊടുക്കുമെന്ന് വാഗ്ദാനം ചെയ്യാൻ മറുഭാഗത്തു നിന്നും ആവശ്യപ്പെട്ടപ്പോൾ ഞാൻ ദേഷ്യത്തോടെ ഫോൺ താഴെ വെച്ചു!
വിവാഹമോചന കേസ് സംബന്ധിച്ച കോടതി വിചാരണകൾ, വിശേഷിച്ചും ഗോത്ര ന്യായാധിപന്റെ മുമ്പാകെയുള്ള എന്റെ ഭർത്താവിന്റെ കാപട്യം എന്നെ അങ്ങേയറ്റം വിഷണ്ണയാക്കി. മകന്റെ രക്ഷാകർത്തൃത്വം സംബന്ധിച്ച തർക്കങ്ങൾ നിമിത്തം ഞങ്ങളുടെ കേസിന് തീരുമാനമാകാൻ വളരെക്കാലം എടുത്തു. എന്നാൽ ഒടുവിൽ ഞാൻ ജയിച്ചു. ഈ കാലത്തുടനീളം എന്റെ അച്ഛൻ ഇതേക്കുറിച്ച് ഒന്നുംതന്നെ പറയാതെ സ്നേഹപൂർവം എന്നെ പിന്തുണച്ചു. എന്റെ മനസ്സിന് ആഴമായ മുറിവേറ്റിട്ടുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി.
സാക്ഷികളുമായുള്ള ആദ്യ സമ്പർക്കം
ജീവിതത്തെ ഓരോ ദിവസമായി നേരിടാൻ ഞാൻ തീരുമാനിച്ചു. ഒരിക്കൽ ഒരു നാവഹോ കുടുംബം എന്റെ അയൽക്കാരുമായി സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അവർ എന്താണു ചെയ്യുന്നതെന്ന് ഒളിഞ്ഞുനോക്കാതിരിക്കാൻ എനിക്കായില്ല. അവർ വീടുതോറും പോകുന്നുണ്ടായിരുന്നു. അങ്ങനെ അവർ എന്റെ വീട്ടിലും വന്നു. ഒരു നാവഹോ ഇന്ത്യക്കാരിയായ സാൻഡ്ര താൻ യഹോവയുടെ സാക്ഷികളിൽ പെട്ട ഒരാളാണെന്നു പറഞ്ഞു. മറ്റെല്ലാറ്റിനെക്കാളും യഹോവ എന്ന നാമം എന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഞാൻ പറഞ്ഞു: “യഹോവ ആരാണ്, നിങ്ങൾ ഒരു പുതിയ മതമായിരിക്കും. പള്ളിയിൽ എന്തുകൊണ്ടാണ് എന്നെ ദൈവനാമം പഠിപ്പിക്കാഞ്ഞത്?”
“അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും” എന്നു പറയുന്ന ബൈബിളിലെ സങ്കീർത്തനം 83:18 അവർ ദയാപൂർവം എനിക്കു കാണിച്ചു തന്നു. ദൈവത്തിന് വ്യക്തിപരമായ ഒരു നാമം ഉണ്ടെന്നും അവന്റെ പുത്രനായ യേശുക്രിസ്തു അവന്റെ ഒരു സാക്ഷി ആയിരുന്നെന്നും അവർ വിശദീകരിച്ചു. അവർ യഹോവയെയും യേശുവിനെയും കുറിച്ച് എന്നെ പഠിപ്പിക്കാമെന്നു പറയുകയും നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകം എനിക്കു നൽകുകയും ചെയ്തു.d ഉത്സാഹപൂർവം ഞാൻ പറഞ്ഞു: “ശരി. ഈ പുതിയ മതം ഒന്നു പരീക്ഷിച്ചു നോക്കാം!”
അന്നു രാത്രിതന്നെ ആ പുസ്തകം മുഴുവനും ഞാൻ വായിച്ചുതീർത്തു. അതിലെ വിവരങ്ങൾ പുതുമയുള്ളതും വ്യത്യസ്തവുമായിരുന്നു. ജീവിതത്തിന് ഒരു ഉദ്ദേശ്യമുണ്ടെന്ന് അതു വിശദീകരിച്ചു. ജീവിതത്തിലുള്ള എന്റെ താത്പര്യം വീണ്ടും ഊതിക്കത്തിക്കാൻ അതായിരുന്നു ആവശ്യമായിരുന്നത്. ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങി. എനിക്കുണ്ടായിരുന്ന അനേകം ചോദ്യങ്ങൾക്ക് ബൈബിളിൽനിന്ന് ഉത്തരം ലഭിച്ചപ്പോൾ ഞാൻ വളരെ സന്തോഷിച്ചു. പഠിച്ച കാര്യങ്ങളെല്ലാം ഞാൻ വിശ്വസിച്ചു. അവ യുക്തിക്കു നിരക്കുന്നതായിരുന്നു. അതു സത്യം ആയിരിക്കാതിരിക്കാൻ വഴിയില്ലായിരുന്നു!
ലൈയൊണെലിന് ആറ് വയസ്സുള്ളപ്പോൾ ഞാൻ അവനെ ബൈബിൾ സത്യങ്ങൾ പഠിപ്പിക്കാൻ തുടങ്ങി. ഞങ്ങൾ ഒരുമിച്ചിരുന്ന് പ്രാർഥിക്കുമായിരുന്നു. യഹോവ ഞങ്ങൾക്കായി കരുതുന്നുണ്ടെന്നും ഞങ്ങൾ അവനിൽ ആശ്രയിക്കണമെന്നുമുള്ള വസ്തുത ഓർമിപ്പിച്ചുകൊണ്ട് ഞങ്ങൾ പരസ്പരം പ്രോത്സാഹിപ്പിച്ചു. എനിക്ക് ഇനി മുന്നോട്ടു പോകാൻ കഴിയില്ല എന്നു ചിലപ്പോൾ എനിക്കു തോന്നിയിരുന്നു. എന്നാൽ ആ സമയങ്ങളിൽ തന്റെ കുഞ്ഞിക്കൈകൾകൊണ്ട് എന്നെ കെട്ടിപ്പിടിച്ച് “മമ്മി കരയണ്ട, യഹോവ നമ്മളെ നോക്കിക്കോളും” എന്നു പറയുന്ന ലൈയോണെലിന്റെ ഉറച്ച വാക്കുകൾ എനിക്ക് എത്ര വലിയ ആശ്വാസമായിരുന്നെന്നോ! ബൈബിൾ പഠനം തുടരാൻ ദൃഢനിശ്ചയം ചെയ്യുന്നതിന് അത് എന്നെ സഹായിച്ചു. മാർഗനിർദേശത്തിനായി ഞാൻ നിരന്തരം പ്രാർഥിച്ചു.
ക്രിസ്തീയ യോഗങ്ങൾ ഉളവാക്കിയ ഫലം
റ്റൂബ നഗരത്തിലെ യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു ഹാജരാകാൻ അങ്ങോട്ടും ഇങ്ങോട്ടുമായി 240 കിലോമീറ്റർ യാത്ര ചെയ്യേണ്ടത് ഉണ്ടായിരുന്നെങ്കിലും യഹോവയോടുള്ള വിലമതിപ്പ് അതിനു ഞങ്ങളെ പ്രേരിപ്പിച്ചു. വേനൽക്കാലത്ത് ആഴ്ചയിൽ രണ്ടു പ്രാവശ്യമായിട്ടാണ് യോഗങ്ങൾ നടത്തിയിരുന്നത്. ശൈത്യകാലത്ത് പ്രതികൂല കാലാവസ്ഥ നിമിത്തം എല്ലാ യോഗങ്ങളും ഞായറാഴ്ചയായിരുന്നു. ഒരിക്കൽ ഞങ്ങളുടെ കാർ കേടായപ്പോൾ വണ്ടി മാറിക്കേറിയാണ് ഞങ്ങൾ രാജ്യഹാളിൽ പോയത്. ഈ നീണ്ട യാത്രകൾ ക്ഷീണിപ്പിക്കുന്നവ ആയിരുന്നു. എന്നാൽ മരിക്കാൻ തക്ക ഗുരുതരമായ ഒരു സാഹചര്യത്തിലല്ലാതെ യോഗങ്ങൾ മുടക്കരുതെന്ന് ഒരിക്കൽ ലൈയോണെൽ എന്നോട് പറഞ്ഞത് യഹോവയിൽ നിന്നുള്ള ആത്മീയ പ്രബോധനത്തിന്റെ മൂല്യം കുറച്ചു കാണാതിരിക്കുന്നതിന്റെ പ്രാധാന്യം ഗ്രഹിക്കാൻ എന്നെ സഹായിച്ചു.
യോഗങ്ങളിൽ വെച്ച് ഇപ്പോഴത്തെ കഷ്ടപ്പാടും ദുരിതവുമൊന്നും ഇല്ലാതെ നിത്യമായി ജീവിക്കുന്നതിനെ കുറിച്ചുള്ള രാജ്യഗീതങ്ങൾ പാടുമ്പോഴെല്ലാം എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. യഹോവയുടെ സാക്ഷികൾ എന്നെ വളരെയധികം ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഉച്ചഭക്ഷണത്തിനും ലഘുഭക്ഷണത്തിനും മറ്റും ഞങ്ങളെ വീട്ടിലേക്കു ക്ഷണിച്ചുകൊണ്ട് അവർ അതിഥിപ്രിയം പ്രകടമാക്കി. ഞങ്ങൾ അവരുടെ കുടുംബ ബൈബിൾ അധ്യയനങ്ങളിൽ സംബന്ധിച്ചു. അവർ ഞങ്ങളിൽ താത്പര്യം പ്രകടമാക്കുകയും ഞങ്ങൾക്കു പറയാനുള്ളതു ശ്രദ്ധിക്കുകയും ചെയ്തു. ഞങ്ങളോടു സമാനുഭാവം പ്രകടിപ്പിക്കുന്നതിലും യഹോവയാം ദൈവം ഞങ്ങൾക്കായി കരുതുന്നുണ്ടെന്ന ബോധ്യത്തെ ശക്തീകരിക്കുന്നതിലും മൂപ്പന്മാർ മുഖ്യ പങ്കു വഹിച്ചു. യഥാർഥ സുഹൃത്തുക്കളെ ലഭിച്ചതിൽ ഞാൻ സന്തുഷ്ടയായിരുന്നു. അവർ എന്നെ വളരെയധികം ആശ്വസിപ്പിച്ചു. ഇനി മുന്നോട്ടു പോകാൻ പറ്റില്ലെന്ന് എനിക്കു തോന്നിയ ചില സമയങ്ങളിൽ അവർ എന്നോടൊപ്പം കരയുക പോലും ചെയ്തിട്ടുണ്ട്.—മത്തായി 11:28-30.
രണ്ടു സുപ്രധാന തീരുമാനങ്ങൾ
യഹോവയുടെ കരുതലുകളിൽ സംതൃപ്തി തോന്നി തുടങ്ങിയ സമയത്ത് എന്റെ കാമുകൻ മടങ്ങിവന്നു. ഞാൻ അദ്ദേഹത്തെ അപ്പോഴും സ്നേഹിച്ചിരുന്നതിനാൽ രമ്യതപ്പെടാനുള്ള അദ്ദേഹത്തിന്റെ അപേക്ഷകൾ തള്ളിക്കളയാൻ എനിക്കായില്ല. വിവാഹിതരാകാൻ ഞങ്ങൾ തീരുമാനിച്ചു. സത്യം അദ്ദേഹത്തിനു മാറ്റം വരുത്തുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ എനിക്കു പറ്റിയ ഏറ്റവും വലിയ അബദ്ധമായിരുന്നു അത്! എനിക്കു തീരെ സന്തോഷം തോന്നിയില്ല. എന്റെ മനസ്സാക്ഷി എന്നെ വല്ലാതെ അലട്ടി. അദ്ദേഹത്തിന് സത്യത്തോടു യാതൊരു താത്പര്യവുമില്ലെന്ന് ഒരു ഞടുക്കത്തോടെ ഞാൻ മനസ്സിലാക്കി.
ഒരു മൂപ്പനോടു ഞാൻ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു. അദ്ദേഹം എന്നോട് തിരുവെഴുത്തുകളിൽനിന്നു ന്യായവാദം ചെയ്യുകയും ശരിയായ തീരുമാനം എടുക്കുന്നതിനുള്ള സഹായത്തിനായി എനിക്കു വേണ്ടി പ്രാർഥിക്കുകയും ചെയ്തു. യഹോവ നമ്മെ ഒരിക്കലും മുറിപ്പെടുത്തുകയും വേദനപ്പിക്കുകയും ചെയ്യില്ലെന്ന് എനിക്കു മനസ്സിലായി. എന്നാൽ അപൂർണ മനുഷ്യർ അങ്ങനെയല്ല, നാം അവരോട് എത്രതന്നെ സ്നേഹാദരവ് കാട്ടിയാലും. വിവാഹം കഴിക്കാതെ ഭാര്യാഭർത്താക്കന്മാരെ പോലെ ഒരുമിച്ചു ജീവിക്കുന്നത് യാതൊരുവിധ സുരക്ഷയും പ്രദാനം ചെയ്യുന്നില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. വളരെ വിഷമത്തോടെയും വേദനയോടെയും ആണെങ്കിലും ആ ബന്ധം അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. എനിക്കു സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുമായിരുന്നു. എന്നാൽ ഞാൻ മുഴുഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കേണ്ടിയിരുന്നു.
ഞാൻ യഹോവയെ സ്നേഹിച്ചിരുന്നതിനാൽ അവനെ സേവിക്കാൻ ദൃഢനിശ്ചയം ചെയ്തു. 1984 മേയ് 19-ന് യഹോവയാം ദൈവത്തിനുള്ള എന്റെ സമർപ്പണം ഞാൻ ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി. എന്റെ മകൻ ലൈയൊണെലും യഹോവയുടെ സ്നാപനമേറ്റ ഒരു സാക്ഷിയാണ്. എന്റെ കുടുംബത്തിൽനിന്നും മുൻ ഭർത്താവിൽനിന്നും വളരെയധികം പീഡനം അനുഭവിച്ചെങ്കിലും ഞങ്ങൾ എല്ലായ്പോഴും യഹോവയിൽ ആശ്രയിച്ചു. ഞങ്ങൾ നിരാശരായില്ല. കുടുംബത്തിന്റെ എതിർപ്പ് കുറയുകയും നീണ്ട 11 വർഷത്തിനു ശേഷം അവർ ഞങ്ങളുടെ പുതിയ ജീവിതരീതി അംഗീകരിക്കുകയും ചെയ്തു.
ഞാൻ അവരെ വളരെയധികം സ്നേഹിക്കുന്നു. തങ്ങൾക്ക് യഥാർഥ സന്തുഷ്ടി ആസ്വദിക്കാൻ കഴിയേണ്ടതിന് അവരും യഹോവയെ കുറിച്ചു പഠിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു. ഞാൻ വിഷാദത്തിന് അടിമപ്പെടുമെന്നോ ആത്മഹത്യ ചെയ്യുമെന്നോ വിചാരിച്ചിരുന്ന അച്ഛൻ എന്നെ ധീരമായി പിന്താങ്ങി. ഞാൻ വീണ്ടും സന്തോഷവതി ആയിരിക്കുന്നത് കണ്ടാൽ മതിയായിരുന്നു അദ്ദേഹത്തിന്. യഹോവയോട് പ്രാർഥിക്കുന്നതും യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്ക് ഹാജരാകുന്നതും ദൈവവചനം ബാധകമാക്കുന്നതും വൈകാരിക സുഖപ്പെടലിന് അനിവാര്യമാണെന്നു ഞാൻ കണ്ടെത്തി.
ഭാവി പ്രത്യാശ
കഷ്ടപ്പാടിന്റെയും അപൂർണതയുടെയും വഞ്ചനയുടെയും വിദ്വേഷത്തിന്റെയും ഒരു കണിക പോലും ഉണ്ടായിരിക്കുകയില്ലാത്ത സമയത്തിനായി ഞാൻ നോക്കിപ്പാർത്തിരിക്കുകയാണ്. ഞങ്ങളുടെ നാവഹോ ദേശത്ത് നാനാവിധ സസ്യങ്ങൾ തഴച്ചു വളരുന്നത്, പണ്ട് ഇവിടെയുണ്ടായിരുന്ന പീച്ച് മരങ്ങളും ആപ്രിക്കോട്ട് മരങ്ങളും വീണ്ടും സമൃദ്ധമായി വളരുന്നതു ഞാൻ ഭാവനയിൽ കാണാറുണ്ട്. മഴയുടെയും നദികളുടെയും സഹായത്തോടെ വ്യത്യസ്ത ഗോത്രങ്ങൾ തങ്ങളുടെ വരണ്ടുണങ്ങിയ ഭൂമി ഒരു പറുദീസയായി രൂപാന്തരപ്പെടുത്തുമ്പോഴത്തെ സന്തോഷം എത്ര വലുതായിരിക്കും! സമീപ കാലങ്ങളിലെ പോലെ ഞങ്ങളുടെ ഹോപ്പി അയൽക്കാരും മറ്റു ഗോത്രങ്ങളും ആയി ശത്രുതയിൽ ആയിരിക്കുന്നതിനു പകരം അവരുമായി ഭൂമി പങ്കിട്ടു കൊണ്ടും മറ്റും രമ്യതയിലായിരിക്കുന്നത് ഞാൻ വിഭാവന ചെയ്യാറുണ്ട്. ഇപ്പോൾത്തന്നെ ദൈവവചനം എല്ലാ വംശങ്ങളിൽനിന്നും ഗോത്രങ്ങളിൽനിന്നും കുലങ്ങളിൽനിന്നുമുള്ള ആളുകളെ ഏകീകരിച്ചിരിക്കുന്നത് എനിക്കു കാണാൻ കഴിയുന്നുണ്ട്. ഭാവിയിൽ പുനരുത്ഥാനം നടക്കുമ്പോൾ കുടുംബങ്ങളും സുഹൃത്തുക്കളും തങ്ങളുടെ മരിച്ച പ്രിയപ്പെട്ടവരെ തിരികെ സ്വാഗതം ചെയ്യും. നിത്യജീവൻ മുന്നിൽക്കണ്ടുകൊണ്ടുള്ള അപ്പോഴത്തെ ജീവിതം എത്ര സന്തോഷകരമായ ഒന്നായിരിക്കും. അത്ഭുതകരമായ ഈ പ്രത്യാശയെക്കുറിച്ചു പഠിക്കാൻ ആർക്കെങ്കിലും ആഗ്രഹമില്ലാതെ വരുന്നത് എങ്ങനെയാണെന്ന് എനിക്കു മനസ്സിലാക്കാൻ കഴിയുന്നില്ല.
നാവഹോ ദേശത്തെ ദിവ്യാധിപത്യ വികസനം
റ്റൂബ നഗരത്തിലെ രാജ്യഹാളിന്റെ നിർമാണവും നാവഹോ, ഹോപ്പി സംവരണ മേഖലകളിലെ ചിൻലി, കേയെന്റ, റ്റൂബ സിറ്റി, കിംസ് കാന്യൻ എന്നീ നാലു സഭകളുടെ വളർച്ചയും എന്നെ പുളകം കൊള്ളിച്ചിരിക്കുന്നു.e 1983-ൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ ആദ്യമായി പങ്കെടുത്ത സമയത്ത്, എന്നെങ്കിലുമൊരിക്കൽ അത് നാവഹോ ഭാഷയിൽ നടത്തപ്പെടുന്നതിനെ കുറിച്ച് ഞാൻ സ്വപ്നം കണ്ടിരുന്നു. എന്നാൽ മേലാൽ അതൊരു സ്വപ്നമല്ല. 1998 മുതൽ ഈ സ്കൂൾ നാവഹോ ഭാഷയിലാണ് നടത്തപ്പെടുന്നത്.
ദൈവത്തിന് വ്യക്തിപരമായ ഒരു നാമമുണ്ടെന്ന് മറ്റുള്ളവരോടു പറയുന്നത് അനന്തമായ അനുഗ്രഹങ്ങൾ കൈവരുത്തിയിരിക്കുന്നു. ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? ഏറ്റവും പുതിയ നിങ്ങൾക്കു ദൈവത്തിന്റെ സ്നേഹിതനായിരിക്കാൻ കഴിയും! എന്നീ ലഘുപത്രികകളിലെ വിശ്വാസത്തെ ബലപ്പെടുത്തുന്ന വിവരങ്ങൾ മാതൃഭാഷയായ നാവഹോയിൽ വായിക്കാനും മറ്റുള്ളവരുമായി പങ്കുവെക്കാനും കഴിയുമ്പോൾ ഞങ്ങൾക്ക് എത്രമാത്രം സന്തോഷം കൈവരുന്നുവെന്ന് വർണിക്കാൻ എനിക്കു വാക്കുകളില്ല. ഡിനേ അഥവാ നാവഹോ ആളുകൾ ഉൾപ്പെടെ സകല രാഷ്ട്രങ്ങളും ഗോത്രങ്ങളും ഭാഷക്കാരുമായ ആളുകൾക്ക് പ്രയോജനം ചെയ്യുന്ന ഒരു ബൈബിൾ വിദ്യാഭ്യാസ വേലയ്ക്ക് നേതൃത്വം നൽകുന്നതിന് ഞാൻ വിശ്വസ്തനും വിവേകിയുമായ അടിമ വർഗത്തോട് നന്ദിയുള്ളവളാണ്.—മത്തായി 24:45-47, NW.
സ്വന്തം ചെലവു നടത്തുന്നതിനായി ഞാൻ ഒരു മുഴുസമയ ജോലി ചെയ്യുന്നുണ്ട്. എന്നാൽ അതോടൊപ്പം ക്രമമായി സഹായ പയനിയർ സേവനം ആസ്വദിക്കാനും എനിക്കു കഴിയുന്നു. ഏകാകി എന്ന നിലയിലുള്ള എന്റെ ഈ അവസ്ഥ ഞാൻ വിലമതിക്കുന്നു. ശ്രദ്ധാശൈഥില്യം കൂടാതെ യഹോവയെ സേവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു” എന്ന അറിവ് എന്റെ ബന്ധുക്കളും മറ്റുള്ളവരുമായി പ്രത്യേകിച്ചും നിരാശരായ വ്യക്തികളുമായി പങ്കുവെക്കുന്നത് എനിക്കു സംതൃപ്തിയും സന്തുഷ്ടിയും കൈവരുത്തുന്നു.—സങ്കീർത്തനം 34:18.
ബൈബിൾ വെള്ളക്കാരന്റെ പുസ്തകമാണെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നില്ല. ആഗ്രഹിക്കുന്ന ഏതൊരാൾക്കും ദൈവവചനമായ ബൈബിൾ വായിക്കാനും ബാധകമാക്കാനും കഴിയും. യഹോവയുടെ സാക്ഷികൾ നിങ്ങളെ സന്ദർശിക്കുമ്പോൾ യഥാർഥ സന്തുഷ്ടി എങ്ങനെ നേടാമെന്നു നിങ്ങൾക്ക് കാണിച്ചുതരാൻ അവരെ അനുവദിക്കുക. യഹോവ എന്ന ദൈവനാമത്തെ കുറിച്ചുള്ള സുവാർത്തയുമായാണ് അവർ നിങ്ങളെ സമീപിക്കുന്നത്. എന്റെ ജീവിതത്തിനു പരിവർത്തനം വരുത്തിയത് ആ നാമമാണ്!(g01 7/8)
[അടിക്കുറിപ്പുകൾ]
a മോർമൻ മതത്തെ കുറിച്ചുള്ള വിശദ വിവരങ്ങൾക്ക് 1995 നവംബർ 8 ലക്കം ഉണരുക! കാണുക.
b ഒരു അമേരിക്കൻ ഇന്ത്യക്കാരൻ 1968-ൽ രൂപംനൽകിയ പൗരാവകാശ സംഘടനയാണ് എഐഎം. സ്വദേശികളായ ഇന്ത്യാക്കാരുടെ ക്ഷേമത്തിനെന്ന പേരിൽ 1824-ൽ നിലവിൽ വന്ന ഒരു ഗവൺമെന്റ് ഏജൻസിയായ ബിഐഎ-യുടെ പ്രവർത്തനം സംബന്ധിച്ച് പൊതുവെ ഒരു വിമർശന കാഴ്ചപ്പാടാണ് ഇതിനുള്ളത്. ബിഐഎ സംവരണ മേഖലകളിലെ ധാതുക്കളും വെള്ളവും ഉൾപ്പെടെയുള്ള വിഭവങ്ങൾ ഇന്ത്യക്കാർ അല്ലാത്തവർക്ക് പലപ്പോഴും പാട്ടത്തിനു നൽകിയിരുന്നു.—വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ.
c പൂമ്പൊടിയെ ഒരു പരിശുദ്ധ വസ്തുവായി കണക്കാക്കുകയും ജീവന്റെയും പുനരാരംഭത്തിന്റെയും പ്രതീകമെന്ന നിലയിൽ പ്രാർഥനകളിലും കർമങ്ങളിലും ഉപയോഗിക്കുകയും ചെയ്യുന്നു. പൂമ്പൊടി വിതറിയ പാതയിലൂടെ പോയാൽ ഒരുവന്റെ ശരീരം വിശുദ്ധമായിത്തീരുമെന്ന് നാവഹോ ജനങ്ങൾ വിശ്വസിക്കുന്നു.—സ്വദേശീയ അമേരിക്കൻ മതങ്ങളെ സംബന്ധിച്ച എൻസൈക്ലോപീഡിയ (ഇംഗ്ലീഷ്).
d യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്. ഇപ്പോൾ അച്ചടിക്കുന്നില്ല.
e കൂടുതൽ വിവരങ്ങൾക്ക് 1996 സെപ്റ്റംബർ 8 ലക്കം ഉണരുക!യിൽ വന്ന “അമേരിക്കൻ ഇന്ത്യക്കാർ—അവരുടെ ഭാവിയെന്ത്?” എന്ന ലേഖന പരമ്പര കാണുക.
[17-ാം പേജിലെ ചിത്രം]
ഒരു സാധാരണ നാവഹോ ഹോഗാൻ
[17-ാം പേജിലെ ചിത്രം]
മകൻ ലൈയൊണെലുമൊത്ത്
[19-ാം പേജിലെ ചിത്രം]
1993-ൽ മോസ്കോയിൽവെച്ചു നടന്ന അന്താരാഷ്ട്ര കൺവെൻഷനിൽ ചില റഷ്യൻ സുഹൃത്തുക്കളോടൊപ്പം
[20-ാം പേജിലെ ചിത്രം]
അരിസോണയിലെ കേയെന്റ സഭയിലെ എന്റെ ആത്മീയ കുടുംബത്തോടൊപ്പം